ഖുർആൻ ക്രൈസ്തവ സമൂഹത്തെക്കുറിച്ച് ഒരിടത്ത് ഇങ്ങനെയാണ് പ്രതിപാദിക്കുന്നത്: “”അവർ അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിനു പുറമെയുള്ള റബ്ബുകളാക്കി പ്രതിഷ്ഠിച്ചു”(1) ക്രൈസ്തവ സമൂഹത്തിൽ അന്നും ഇന്നും നിലനിൽക്കുന്ന പൗരോഹിത്യസ്വഭാവത്തെയാണ് ഖുർആൻ ഇവിടെ വിമർശനവിധേയമാക്കുന്നത്. അല്ലാഹുവിനു മാത്രമാണ് നിയമനിർമാണാധികാരമെന്ന അടിസ്ഥാന സിദ്ധാന്തം മാറ്റിമറിച്ച്, വേദഗ്രന്ഥങ്ങളിലുള്ള കാര്യങ്ങൾ മാറ്റിയെഴുതി പുതിയ നിയമങ്ങൾ പുരോഹിതന്മാർ പടച്ചുണ്ടാക്കി. അതുവരെ അനുവദനീയമായത് പലതും നിഷിദ്ധമാക്കുകയും നിഷിദ്ധമായത് അനുവദനീയമാക്കുകയും ചെയ്തു. (2) ഇത് പുരോഹിതന്മാർ ചെയ്യുന്നത് അവരവരുടെ കേവല ബുദ്ധികൊണ്ടാണെന്നും അതുകൊണ്ടുതന്നെ ആത്യന്തികമായി മനുഷ്യകുലത്തിനാപത്താണെന്നും ഇസ്‌ലാം തീർത്തുപറഞ്ഞു. ഖുർആനിലെ ഈ വചനത്തിന്റെ വിവക്ഷ അക്കാലഘട്ടത്തിൽ ക്രിസ്ത്യാനിയായിരുന്ന- പിന്നീട് ഇസ്‌ലാം സ്വീകരിച്ച-അദിയ്യ്(റ) ചോദിക്കുന്നത് ഖുർആൻ പണ്ഡിതന്മാർ ഉദ്ധരിക്കുന്നുണ്ട്. നബി (സ്വ) മറുപടി നൽകുന്നത് ഇങ്ങനെയാണ്: “”അവർ പുരോഹിതന്മാരെ ആരാധിക്കുന്നില്ല. പക്ഷേ, അതുവരെ ഹലാലായിരുന്ന കാര്യം പുരോഹിതന്മാർ ഹറാമാക്കുകയും നേരെതിരിച്ചാക്കുകയും ചെയ്യുന്നു. അതെല്ലാം പ്രസ്തുത വിശ്വാസിസമൂഹം അംഗീകരിക്കുകയും ചെയ്യുന്നു”(3) ഇസ്‌ലാം പ്രകാരം ഇത് റഹ്‌ബാനിയ്യത് അഥവാ പൗരോഹിത്യമാണ്. ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതുമാണ്.
എന്നാൽ ഇസ്‌ലാമിന്റെ ഈ അടിസ്ഥാന സിദ്ധാന്തത്തിന്റെ മറവിൽ ഇസ്‌ലാമിക ലോകത്തുതന്നെ ഛിദ്രത സൃഷ്ടിക്കാൻ ചിലർ ശ്രമിച്ചത് ഇവിടെ വിസ്മരിക്കാവതല്ല. മുജ്തഹിദുകളായ പണ്ഡിതന്മാരെ പൗരോഹിത്യത്തിലേക്ക് തള്ളിവിടലായിരുന്നു പ്രധാന ശ്രമങ്ങളിലൊന്ന്. അല്ലാഹുവിന്റെ വിധിവിലക്കുകൾ പ്രതിപാദിക്കുന്ന ഖുർആനും ഹദീസും വേണ്ടത്ര അഗാധജ്ഞാനമില്ലാത്തവർ അതുള്ളവരെ പിൻപറ്റുന്നത് പൗരോഹിത്യമാണെന്ന് ഇവർ പ്രധാനമായും വാദിച്ചു. അറിവില്ലാത്തവർ അറിവുള്ളവരെ പിൻപറ്റുന്ന ലോകമംഗീകരിച്ച വസ്തുത മാത്രമാണ് ഇതെന്ന് ഇത്തരക്കാർ ചിന്തിച്ചില്ല. നാലു മദ്ഹബുകളുടെ ഇമാമുമാരെ പിൻപറ്റുന്നതിനു പകരം തങ്ങളുടെ അനുയായികളോട് ഇത്തരക്കാർ തങ്ങളെത്തന്നെ പിൻപറ്റാൻ ആഹ്വാനം നൽകി. ഇത് പൗരോഹിത്യമായി കണ്ടതുമില്ല എന്നത് വിരോധാഭാസമായി നിലനിൽക്കുന്നു. അതേസമയം, ഇസ്‌ലാമിലെ ഒരു അംഗീകൃത പണ്ഡിതനും നിയമം നിർമിക്കുകയോ, മാറ്റിമറിക്കുകയോ ചെയ്തിട്ടില്ലെന്നും, മറിച്ച് അല്ലാഹു പറഞ്ഞ നിയമങ്ങളെ കണ്ടെത്തുകയും വിശദീകരിക്കുകയും മാത്രമാണ് ചെയ്തതെന്നും, ഇത് പൗരോഹിത്യമല്ല പണ്ഡിതധർമമാണെന്നും പ്രത്യേകം പറയേണ്ടതില്ല. (4)
നിയമനിർമാണാധികാരം അഥവാ ഹാകിമിയ്യത്ത് അല്ലാഹുവിനു മാത്രമാണെന്ന അടിസ്ഥാന നിയമത്തെ വക്രീകരിച്ച് ഇസ്‌ലാമിക ലോകത്ത് തീവ്രവാദം വളർത്താൻ ശ്രമിച്ചവരായിരുന്നു മറ്റൊരു വിഭാഗം. ഈ തലതിരിഞ്ഞ ആശയഗതിക്ക് 1400 വർഷത്തെ പഴക്കമുണ്ട്; ഉസ്മാന്റെ(റ) ഭരണ കാലത്തുതന്നെ ഇത്തരക്കാർ ഉദയം ചെയ്തിരുന്നു. അലിയുടെ(റ) കാലഘട്ടത്തിൽ ഇവർ ശക്തി പ്രാപിക്കുകയും ചെയ്തു. ചരിത്രം ഇവരെ ഖവാരിജുകൾ എന്നാണ് വിളിച്ചത്. മുസ്‌ലിം സമൂഹത്തിൽ നിന്നും പുറത്തുപോയവർ എന്നാണ് ഇതിനർഥം. (5) ഖവാരിജുകളോട് സ്വഹാബികൾ തന്നെ ധാരാളം സംവാദങ്ങൾ നടത്തിയിട്ടുണ്ട്. ഇബ്നു അബ്ബാസിന്റെ(റ) സംവാദം അതിലേറ്റവും പ്രശസ്തമാണ്. സംവാദങ്ങൾ കൊണ്ട് ധാരാളം പേർ പിഴച്ച ആശയങ്ങളിൽനിന്നും മാറിയെങ്കിലും ഭരണാധികാരിക്കെതിരെയും മുസ്‌ലിം സമൂഹത്തിനെതിരായും ഇവർ പ്രവർത്തിച്ചുകൊണ്ടിരുന്നു. വിധിവിലക്കുകൾക്കുള്ള അധികാരം അല്ലാഹുവിനു മാത്രമാണെന്ന വാദം ഉയർത്തിപ്പിടിച്ചായിരുന്നു ഇതെല്ലാം. ഈ ആശയം ശരിയാണെങ്കിലും അവർ ഇതുകൊണ്ട് ഉദ്ദേശിച്ചതും സമൂഹത്തിൽ പ്രചരിപ്പിക്കുന്നതും തീർത്തും തെറ്റാണെന്ന് അലിയടക്കം(റ) എല്ലാ സ്വഹാബികളും ഉണർത്തിക്കൊണ്ടിരുന്നു. അവസാനം എല്ലാ അതിർവരമ്പുകളും ലംഘിച്ചപ്പോൾ അലിക്ക്(റ) അവർക്കെതിരിൽ സൈനിക നടപടിയെടുക്കേണ്ടി വരികയാണ് ചെയ്തത്.
ഖേദകരമെന്ന് പറയട്ടെ, ആധുനിക ലോകത്ത് ഈ ആശയങ്ങൾക്ക് കൂടുതൽ വേരോട്ടം നൽകുകയും പരിചയപ്പെടുത്തുകയും ചെയ്തത് അബുൽ അഅ്ലാ മൗദൂദിയും സയ്യിദ് ഖുതുബും മുഹമ്മദ് ഖുതുബുമായിരുന്നു. ഇവർ വാദിച്ച അതേ വാദങ്ങൾ തന്നെയാണ് ഇറാഖിലും സിറിയയിലും ഐഎസും വാദിച്ചത്. പതിനായിരക്കണക്കിന് മുസ്‌ലിംകളെ കൊന്നൊടുക്കിയതും ഈ ആശയധാരയുടെ ഫലമായിരുന്നു. രാഷ്ടം സ്ഥാപിക്കലും തദ്വാരാ അല്ലാഹുവിന്റെ ഹുക്മ് (വിധിവിലക്കുകൾ) നടപ്പാക്കലുമാണ് ഒരു മുസ്‌ലിമിന്റെ പരമമായ ലക്ഷ്യമെന്നും, ഇസ്‌ലാമിന്റെ പരമമായ ലക്ഷ്യം ഭരണവും രാഷ്ട്രവുമാണെന്നും മുസ്‌ലിം യുവാക്കൾക്കിടയിൽ പ്രചരിപ്പിക്കുകയും അവരെ ആവേശിതരാക്കുക വഴി, ഓരോ നാട്ടിലും ആയിരങ്ങളെ അറുകൊല ചെയ്ത് രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണ് ഇവരെല്ലാം മുഴുകിയത്.
സൂറത്തുൽ മാഇദയിലെ 44,45,47 എന്നീ ആയതുകളാണ് പ്രധാനമായും ഇവർ ദുർവ്യാഖ്യാനം ചെയ്തത്. “ആരെങ്കിലും അല്ലാഹു ഇറക്കിയതുകൊണ്ട് ഹുക്മ് ചെയ്തില്ലെങ്കിൽ അത്തരമാളുകൾ കാഫിറുകളാണ്.” എന്ന് 44ാം വചനത്തിലും 45ാം വചനത്തിൽ അത്തരമാളുകൾ അക്രമകാരികളാണെന്നും 47 ാം വചനത്തിൽ ദോഷികളാണെന്നും പറയുന്നു. ഇതിലെ 44 ാമത്തെ വചനം മാത്രമെടുത്ത് ഭൂരിപക്ഷം മുസ്‌ലിംകളെയും ഇവർ കാഫിറുകളാക്കി. കാരണം മഹാഭൂരിപക്ഷം മുസ്‌ലിംകളും ഭരണാധികാരികളെ അനുസരിച്ചു ജീവിക്കുന്നവരാണല്ലോ. ലോകത്തുള്ള മുഴുവൻ ഭരണാധികാരികളും ജാഹിലിയ്യാ ഭരണമാണ് നടത്തുന്നതെന്നും അവരെ അനുസരിച്ചാൽ കാഫിറായിപ്പോകുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. അല്ലാഹുവിന്റെ ഹുക്മിനെ കുറിച്ചുള്ള അജ്ഞതയാണ് ഈ വാദത്തിന്റെ നിദാനം. തീർത്തും അമുസ്‌ലിം രാഷ്ട്രങ്ങളിൽ, അല്ലെങ്കിൽ മതേതരരാഷ്ട്രങ്ങളിൽ താമസിക്കുന്നവർ അതതു ഭരണകൂടത്തെ നന്മയിലും നീതിയിലും അനുസരിക്കലും പരമാവധി ഛിദ്രതയും നാശവും അരക്ഷിതാവസ്ഥയുമില്ലാതെ നോക്കലുമാണ് അല്ലാഹുവിന്റെ വിധി അനുസരിക്കൽ. ഏതു നാട്ടിലും പ്രശ്നങ്ങളുണ്ടാക്കാതെ നോക്കലാണ് ഒരു മുസ്‌ലിം അല്ലാഹുവിന്റെ വിധിക്ക് വഴിപ്പെടുന്നതിന്റെ ഭാഗമായിട്ടുള്ളത്. ദീനിന് വിരുദ്ധമല്ലാത്ത മുഴുവൻ കാര്യങ്ങളിലും ഭരണകൂടത്തെ അംഗീകരിക്കുകയും വേണം. ഹലാലായ വിഷയം പോലും ഭരണാധികാരി നിഷിദ്ധമാക്കിയാൽ ചെയ്യരുതെന്നും ഭരണാധികാരി നിർബന്ധമാക്കിയാൽ ചെയ്യൽ നിർബന്ധമാണെന്നും ഇസ്‌ലാം അനുശാസിക്കുന്നു. ഇതൊന്നും പൗരോഹിത്യമോ അനിസ്‌ലാമികമോ അല്ല. ഭരണാധികാരിക്ക് വഴിപ്പെടുന്നത് അല്ലാഹുവിന് വഴിപ്പെടുന്നത് തന്നെയാണ്. അഥവാ ഈ വഴിപ്പെടലാണ് യഥർത്ഥത്തിൽ അല്ലാഹുവിന്റെ ഹുക്മ്.
മറ്റൊരു കാര്യം, സൂറത്തുൽ മാഇദയിലെ 44,45,47 വചനങ്ങളിൽ കാഫിർ, ളാലിം അഥവാ അക്രമി, ദോഷി അഥവാ ഫാസിഖ് എന്നിങ്ങനെ മൂന്നായിട്ടാണ് അല്ലാഹുവിന്റെ വിധി നടപ്പാക്കാത്തവരെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ മേൽപറഞ്ഞ പ്രസ്ഥാനങ്ങളൊക്കെ ഇതിൽ ആദ്യവചനം മാത്രം മുറുകെപ്പിടിച്ചു. രണ്ടും മൂന്നും പൂർണമായും ഒഴിവാക്കി. അല്ലാഹുവിന്റെ ഹുക്മിനെ മനസുകൊണ്ട് നിഷേധിച്ചവൻ കാഫിറും ഹുക്മ് നടപ്പാക്കാൻ കഴിഞ്ഞിട്ടും നടപ്പാക്കാത്തവരും അനുസരിക്കാൻ സാധിച്ചിട്ടും അനുസരിക്കാത്തവരും -അവർ ഹുക്മിനെ മനസു കൊണ്ട് നിഷേധിക്കുന്നില്ലെങ്കിൽ -അക്രമിയും ദോഷിയുമാണെന്നുമാണ് ഈ വചനങ്ങൾ അർഥമാക്കുന്നത്. ആയിരക്കണക്കിന് ഹുക്മുകളുണ്ട് ഇസ്‌ലാമിൽ. ഇവയിൽ ഏത് നിഷേധിച്ചാലും കാഫിറാകുമെന്ന വാദവും ശരിയല്ല. എല്ലാ പണ്ഡിതന്മാരും ഇത് വ്യക്തമാക്കിയിട്ടുണ്ട്. മതത്തിൽ അനിവാര്യമായും അനിഷേധ്യമായും അറിയപ്പെട്ട ഹുക്മിനെ നിഷേധിക്കുമ്പോൾ മാത്രമാണ് ഒരാൾ കാഫിറാവുക. ഉദാഹരണം നിസ്കാരം വുജൂബാണെന്നത് നിഷേധിച്ചു. കള്ള് കുടി ഹറാമാണെന്നത് നിഷേധിച്ചു. ഇതൊക്കെ ഇസ്‌ലാമിൽ അല്പജ്ഞാനമുള്ളവർക്കു പോലും അറിയുന്ന വസ്തുതകളാണ്. (6)
ഇത്തരം ആയതുകൾക്ക് മുഫസ്സിറുകൾ (ഖുർആൻ വ്യാഖ്യാതാക്കൾ) നൽകിയ അർഥമാണ് ആധികാരികം. ഇമാം റാസി (റ) പറയുന്നു: “”ഈ ആയത്തിൽ പറഞ്ഞത് ഹൃദയം കൊണ്ട് ഹുക്മിനെ നിഷേധിക്കുകയും നാവു കൊണ്ട് നിരാകരിക്കുകയും ചെയ്തവനെകുറിച്ചാണ്. എന്നാൽ ഹൃദയം കൊണ്ടും നാവുകൊണ്ടും ഒരു കാര്യം അല്ലാഹുവിന്റെ ഹുക്മാണെന്ന് അംഗീകരിക്കുകയും, അവൻ ഹുക്മിനെതിരെ ചെയ്യുകയും പ്രവർത്തിക്കുന്നുവെങ്കിൽ പോലും അല്ലാഹു ഇറക്കിയ കാര്യം കൊണ്ടുള്ള ഹാകിമാണ്. അതേസമയം ഹുക്മിനെ ഉപേക്ഷിച്ചവനാണ്” (തഫ്സീറുൽ കബീർ 6/35). ഇമാം ഗസ്സാലി (റ) പറയുന്നു: “”ഈ ആയത്തു കൊണ്ടുള്ള ഉദ്ദേശ്യം അല്ലാഹുവിന്റെ ഹുക്മിനെ കളവാക്കുകയും നിഷേധിക്കുകയും ചെയ്തവരാണ്’’. (അൽ മുസ്തസ്വ് ഫാ 168). ഇമാം ഖുർത്വുബി (റ) പറയുന്നു : “”ഈ ആയത്തുകൾ ഇറങ്ങിയത് കാഫിറുകളിലാണ്. ഒരു മുസ്‌ലിം വൻദോഷം ചെയ്‌താൽ പോലും കാഫിറാകില്ല. ഖുർആനെ എതിർത്തും നബിയുടെ(സ) വാക്കുകളെ കളവാക്കിയും അല്ലാഹുവിന്റെ ഹുക്മിനെതിരെ സംസാരിക്കുന്നവനാണ് ഇവിടെപ്പറഞ്ഞ കാഫിർ”(അൽ ജാമിഉ ലി അഹ്കാമിൽ ഖുർആൻ 6/190). ചുരുക്കത്തിൽ അല്ലാഹുവിന്റെ ഹുക്മിനെ കളവാക്കുകയും നിഷേധിക്കുകയും ചെയ്യാതെ ഒരാൾ ഹുക്മല്ലാത്ത മറ്റൊരു കാര്യം ചെയ്യുകയോ വിധിക്കുകയോ ചെയ്‌താൽ അയാൾ കാഫിറാകില്ല. ഇത് എല്ലാ പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്.
നാം മനസിലാക്കേണ്ടത്, ഹാകിം അല്ലാഹു മാത്രമാണ്, ഹുക്മിനുള്ള അധികാരം അല്ലാഹുവിനു മാത്രമേയുള്ളൂ എന്ന് തുടങ്ങിയ വചനങ്ങളൊന്നും ജനാധിപത്യ രാഷ്ട്രത്തിലോ, അമുസ്‌ലിം രാഷ്ട്രത്തിലോ മറ്റു രാഷ്ട്രങ്ങളിലോ അതാതു ഭരണവർഗം കൊണ്ടുവരുന്ന നിയമങ്ങളൊന്നും അനുസരിക്കരുത് എന്ന് വിവക്ഷിക്കുന്നില്ല. അനുസരിക്കണം എന്നാണ് വിവക്ഷിക്കുന്നത്. നന്മയിലും ഗുണത്തിലും ഭരണകൂടത്തോട് സഹകരിക്കുകയാണ് വേണ്ടത്. അതെല്ലാം ഉൾകൊള്ളാൻ അല്ലാഹുവിന്റെ ഹുക്മുകൾ വിശാലമാണ്. അതല്ലാതെ നാട്ടിൽ ഛിദ്രതയും അനൈക്യവും സൃഷ്ടിക്കുകയല്ല ഒരു മുസ്‌ലിം ചെയ്യേണ്ടത്. അങ്ങനെ സൃഷ്ടിക്കുന്നവൻ അല്ലാഹുവിന്റെ വിധിവിലക്കുകൾ അംഗീകരിച്ചവനല്ല. അവനാണ് പൗരോഹിത്യം പിൻപറ്റുന്നത്. കാരണം മതത്തിലില്ലാത്ത ആശയം ചിലർ പറഞ്ഞുവെന്നതിന്റെ പേരിൽ മാത്രം ആ ചിലരെ അംഗീകരിക്കുകയാണ് ഇവർ. അതാണല്ലോ പൗരോഹിത്യം. ഇന്ത്യ പോലുള്ള ജനാധിപത്യ രാഷ്ട്രങ്ങളിലുള്ള മുസ്‌ലിംകൾ പ്രത്യേകിച്ചും മനസിലാക്കേണ്ട അടിസ്ഥാന ഇസ്‌ലാമിക ആദർശവും വിശ്വാസവും നിയമവുമാണിത്.
(1) വിശുദ്ധ ഖുർആൻ/തൗബ: 31. റബ്ബ് എന്ന അറബി പദത്തിനർഥം നാഥൻ, ഉടമ എന്നെല്ലാമാണ്. സാങ്കേതികമായി റബ്ബിനെ നിർവചിച്ചിരിക്കുന്നത് ഇല്ലായ്മയിൽ നിന്നും ഉണ്ടാക്കി, ആവശ്യമായതെല്ലാം നൽകി പരിപാലിക്കുന്നവൻ എന്നുമാണ്. ഈയർഥത്തിൽ റബ്ബ് അല്ലാഹു മാത്രമാണ്. സാങ്കേതികമല്ലാതെ റബ്ബ് എന്ന പ്രയോഗം മറ്റു പലതിനും പറയും. ഉദാഹരണത്തിന് അടിമയുടെ ഉടമക്ക് റബ്ബ് എന്ന് പ്രയോഗിക്കും. കൂറുകച്ചവടത്തിൽ (ഖിറാളിൽ) പണമിറക്കിയ വ്യക്തിക്ക് റബ്ബബുൽ മാൽ എന്ന് വിളിക്കും. പൗരോഹിത്യത്തിന് റബ്ബാനിയ്യത്ത് എന്നും പ്രയോഗമുണ്ട്.
(2) ഇമാം ഖുർതുബിയുടെ അൽ ജാമിഉ ലി അഹ്കാമിൽ ഖുർആൻ നോക്കുക.
(3) തഫ്സീറുൽ ഖുർആൻ/ഇബ്നു കസീർ
(4) ഇജ്തിഹാദ്, മുജ്തഹിദ് എന്നീ വിഷയങ്ങൾ പരാമർശിക്കുന്നിടത്ത് ഇവ്വിഷയത്തിൽ കൂടുതൽ ചർച്ചകൾ വരുന്നുണ്ട്.
(5) അന്നവർ ഖുർറാഅ് എന്നപേരിലറിയപ്പെട്ടു. ഖുർആൻ പാരായണത്തിലും മറ്റും അവർ കൂടുതൽ മുഴുകിയിരിക്കുക പതിവായിരുന്നു. ഇവരെക്കുറിച്ച് ഇങ്ങനെത്തന്നെ ഹദീസുകളിൽ പ്രവചനവും വന്നിട്ടുണ്ട്. നീട്ടി നിസ്കരിക്കുന്നവരും ഖുർആൻ പാരായണം ചെയ്യുന്നവരുമായിരിക്കുമെന്നും പക്ഷേ അവരുടെ കൂടെക്കൂടരുതെന്നും നബി(സ്വ) നേരത്തെ മുന്നറിയിപ്പ് നൽകി. സ്വിഫീൻ യുദ്ധത്തിൽ അലിയുടെ(റ) പക്ഷത്ത് ചേർന്നുവെങ്കിലും സ്വഹബികളെ മൊത്തത്തിൽ വഞ്ചിക്കുകയാണ് ചെയ്തത്. അവസാനം അലി(റ) അടക്കമുള്ള ഒട്ടുമിക്ക സ്വഹാബികളെയും ഇവർ കാഫിറുകളാക്കി. ഇതിനു ന്യായമായി ഓതിയ ഖുർആൻ വചനമാണ് നാം നേരത്തെ ഉദ്ധരിച്ചത്. കൂടാതെ ഖുർആനിൽ തന്നെയുള്ള “ലാ ഹുക്‌മ ഇല്ലാ ലില്ലാഹ്’, “ഇനിൽ ഹുക്മു ഇല്ലാ ലില്ലാഹ്’ എന്നീ വാചകങ്ങളുമെടുത്തു. അല്ലാഹുവിനു മാത്രമേ ഹുക്മിന് അധികാരമുള്ളൂ എന്ന് വാദിക്കുകയും മധ്യസ്ഥത അംഗീകരിച്ച മുഴുവൻ സ്വഹാബാക്കളെയും കാഫിറുകളാക്കുകയും ചെയ്തു.
(6) ഇത് നേരത്തെ (കഴിഞ്ഞ ലക്കങ്ങളിൽ) വിശദീകരിച്ചിട്ടുണ്ട്.
(തുടരും)
ഡോ. ഉമറുൽഫാറൂഖ് സഖാഫി കോട്ടുമല
You must be logged in to post a comment Login