നൂതന സാമൂഹിക കാഴ്ചപ്പാടും മുസ്‌ലിം സ്ത്രീ വസ്ത്രധാരണയും

നൂതന സാമൂഹിക കാഴ്ചപ്പാടും മുസ്‌ലിം സ്ത്രീ വസ്ത്രധാരണയും

പരിഷ്‌കൃത സമൂഹത്തില്‍ പലരും ഇസ്‌ലാമിക മാനദണ്ഡങ്ങളെ തീവ്ര ചിന്താഗതിയും അപരിഷ്‌കൃതവുമെന്ന് മുദ്രകുത്തുകയാണ്. ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ നമുക്കിത് തെളിഞ്ഞു കാണാം. ഇങ്ങനെയുള്ള ആരോപണങ്ങളില്‍ പൊതുവേയുള്ളതാണ് മുസ്‌ലിം സ്ത്രീകളെ ബാധിക്കുന്ന ചര്‍ച്ചകള്‍. ഫെമിനിസ്റ്റുകളും ആധുനിക സ്ത്രീ വിമോചക ചിന്താഗതിക്കാരും ഒരു യഥാര്‍ത്ഥ മുസ്‌ലിം സ്ത്രീയെ “അവസരങ്ങള്‍ നിഷേധിക്കപ്പെട്ടവള്‍’എന്ന രൂപേണയാണ് നോക്കിക്കാണുന്നത്. ഇത് വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ജീവിത മാനദണ്ഡങ്ങളിലും വസ്ത്രധാരണയിലും മറ്റു മേഖലയിലും വ്യത്യാസമില്ല. ഈ വിമര്‍ശകരെല്ലാം മുസ്‌ലിം സ്ത്രീകള്‍ക്ക് നിഷ്‌കര്‍ഷിക്കുന്ന ഇസ്‌ലാമിലെ വസ്ത്രം അവളുടെ അവസരങ്ങള്‍ നിഷേധിക്കുന്നതും അവളെ അടിച്ചമര്‍ത്തലിന് വിധേയമാക്കുന്നതുമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു.

എന്താണ് സ്ത്രീകള്‍ക്ക് ഇസ്‌ലാം നല്‍കുന്ന സംരക്ഷണമെന്നും ആ സംരക്ഷണത്തിലതീതമായ അവളുടെ മൂടുപടം എന്തിനാണ് അവള്‍ക്ക് സമ്മാനിച്ചതെന്നും ഗഹനമായി പഠനം നടത്തുമ്പോള്‍ അതില്‍ നിന്ന് അവര്‍ക്ക് തിരിച്ചറിവ് ലഭിക്കുമെന്ന് നമുക്ക് തീര്‍ച്ചപ്പെടുത്താം. യഥാര്‍ത്ഥത്തില്‍ വിവേചനങ്ങളില്ലാതെ സ്ത്രീ സമൂഹത്തില്‍ സുരക്ഷയും പരിശുദ്ധിയും ഉറപ്പുവരുത്തുന്ന ഇസ്‌ലാം എന്താണ് മുസ്‌ലിം സ്ത്രീകള്‍ക്ക് നിഷ്‌കര്‍ഷിക്കുന്ന വസ്ത്രം? അത് ഏതു രീതിയിലാണ്? അതിലേക്ക് നമുക്ക് ചുരുങ്ങിയ രൂപത്തില്‍ ഇറങ്ങിച്ചെല്ലാം.

രക്തബന്ധത്തില്‍ പെടാത്തവരുടെ മുന്നില്‍ സ്ത്രീകള്‍ അവരുടെ ശരീരം മുഴുവന്‍ മറക്കണം എന്നാണ് ഇസ്‌ലാമിന്റെ നിയമം. അതിനുവേണ്ടി വിഭാവനം ചെയ്ത വസ്ത്രരീതിയാണ് “നിഖാബ്’. “നിഖാബ്’ എന്നാല്‍ ദ്വാരമിട്ടത് എന്നാണതിനർഥം. മുഖപടത്തില്‍ അവളുടെ കണ്ണിനു നേരെ വരുന്ന ഭാഗത്ത് പുറത്തേക്ക് കാണാനാകും വിധം ചെറിയ ദ്വാരമിട്ടത് എന്നാണതു കൊണ്ടുദ്ദേശിക്കുന്നത്. ഇത് സ്വഹാബി വനിതകളുടെ കാലം മുതലേ തുടര്‍ന്നുവരുന്ന വസ്ത്രമാണ്. എന്നാല്‍ അക്കാലത്ത് ഇതിനെ “ഖിമാര്‍ ‘ എന്നാണറിയപ്പെട്ടിരുന്നത്. പുറത്തേക്കിറങ്ങുമ്പോള്‍ അവരത് അണിഞ്ഞിരുന്നു. കാരണം നിഖാബണിയുക എന്നത് അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യമാണല്ലോ. ഇതിന് വിശേഷകമായ ഒരു ഖുര്‍ആനിക ആയത് നമുക്ക് പരിശോധിക്കാം. സൂറതുല്‍ അഹ്‌സാബില്‍ അല്ലാഹു പറയുന്നു: ഓ നബിയെ, നിങ്ങളുടെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും മൂടുപടങ്ങള്‍ താഴ്ത്തിയിടാന്‍ പറയുക, അവര്‍ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറ്റവും പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. ഈ ഒരു ആശയത്തില്‍ തന്നെ എന്തിനാണ് ഇസ്‌ലാം സ്ത്രീകളോട് മൂടുപടം ധരിക്കാന്‍ ആവശ്യപ്പെടുന്നതെന്ന് വ്യക്തമാകുന്നതാണ്. തീര്‍ച്ചയായും അത് അവര്‍ക്ക് നല്‍കുന്ന സംരക്ഷണം അത്യത്ഭുതമാണ്. മറ്റുള്ളവരില്‍ നിന്നും നി ഖാബ് ഒരു സ്ത്രീക്ക് ഉത്തമ സുരക്ഷയാണ്.
എന്നാല്‍ ഇസ്‌ലാം സ്ത്രീയെ എല്ലാ ഇടങ്ങളില്‍ നിന്നും മൂടുപടമണിഞ്ഞ് പൂട്ടി വെക്കുകയല്ല. ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടിലെ പരിഷ്‌കര്‍ത്താവും ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ വിവിധ ശാഖകളിൽ അഞ്ഞൂറിലധികം ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഇമാം സുയൂത്വി (റ) പറയുന്നു: മുസ്‌ലിം സ്ത്രീയുടെ ശരീരഭാഗങ്ങള്‍ മറക്കേണ്ടത് സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുന്നതാണ്. ഒന്നാമത്തേത്, അവളുടെ ഭര്‍ത്താവിനോടൊപ്പമുള്ള സമയമാണ്. അവിടെ അവള്‍ക്ക് ഒന്നും മറക്കേണ്ടതില്ല എന്നും, ഗുഹ്യഭാഗം മറക്കണമെന്നും പറഞ്ഞവരുണ്ട്. രണ്ടാമത്തെ സാഹചര്യം അന്യ പുരുഷന്മാരോടൊപ്പമുള്ള സമയമാണ്. അവിടെ അവള്‍ അവളുടെ ശരീരം മുഴുവനും മറക്കണം. ഇതില്‍ മുഖവും കൈയും ഉള്‍പ്പെടുന്നതാണ് പ്രബലാഭിപ്രായം. ആ അഭിപ്രായം മാനിക്കുമ്പോള്‍ അവള്‍ അന്യ പുരുഷന്മാര്‍ക്കു മുന്നില്‍ മുഖം തുറന്നിട്ടു നടക്കരുത്. അതേ സമയം അനിവാര്യ ഘട്ടങ്ങളില്‍ തിരിച്ചറിയാന്‍ വേണ്ടി അവള്‍ക്ക് നിഖാബ് നീക്കാം. ആ ആനുകൂല്യം ഏതു സാഹചര്യത്തിലുമുള്ളതാണ്. അവളുടെ സ്വപ്നം സ്വര്‍ഗമാണ്. അവളുടെ സ്വര്‍ഗം അല്ലാഹുവിന്റെ സ്‌നേഹത്തിലാണ്. അല്ലാഹുവിന്റെ സ്‌നേഹമോ മനസ് അല്ലാഹുവിനു മാത്രം നല്‍കുമ്പോഴാണ്.

അനിവാര്യമായ വ്യവഹാരങ്ങളിലും, കച്ചവട വസ്തുക്കള്‍ കൈമാറ്റം ചെയ്യുമ്പോഴും, കോടതി മുമ്പാകെ ഹാജരാകുമ്പോഴും, വിദ്യാഭ്യാസം നേടുമ്പോഴും, വിവാഹ ആലോചനയില്‍ പെണ്ണു കാണുമ്പോഴും, ചികിത്സ സാഹചര്യങ്ങളിലുമെല്ലാം അവള്‍ക്ക് ആവശ്യമായ ശരീരഭാഗം വെളിപ്പെടുത്താവുന്നതാണ്. സൂറത്തുന്നൂറിന്റെ മുപ്പത്തിയൊന്നാം സൂക്തത്തില്‍ അല്ലാഹു പറയുന്നത് കാണാം. “സ്ത്രീകള്‍ അവരുടെ മുഖമറകള്‍ മാറുകള്‍ക്ക് മേല്‍ താഴ്ത്തിയിടട്ടെ. അവരുടെ ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍തൃപിതാക്കള്‍, പുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരി പുത്രന്മാര്‍, മുസ്‌ലിം സ്ത്രീകള്‍, അടിമകള്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷന്മാര്‍, സ്ത്രീ രഹസ്യങ്ങള്‍ മനസിലാക്കാറായിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴികെ മറ്റൊരാള്‍ക്കും അവര്‍ ഭംഗി വെളിപ്പെടുത്തരുത് ‘ (സൂറതുന്നൂര്‍:31).
ഇതില്‍ എവിടെയാണ് തെറ്റ്? ഇതൊക്കെ അനുസരിക്കുന്നവരല്ലേ ഇസ് ലാമില്‍ നിലനില്‍ക്കൂ. ഈ കാര്യങ്ങളെല്ലാം വിമര്‍ശിക്കുന്നവര്‍ക്കും കണ്ടെത്താന്‍ കഴിയുന്നതാണ്. മാത്രമല്ല മദ്യപാനികളും ലഹരി അഡിക്റ്റുകളും അതുപോലെ അശ്ലീലസൈറ്റുകള്‍ ശീലമാക്കിയവരുമെല്ലാം വര്‍ധിച്ചുവരുന്ന ഇക്കാലത്ത് സ്ത്രീകള്‍ പൊതുരംഗത്തേക്കെത്തുമ്പോള്‍ നിഖാബിനേക്കാള്‍ ഉത്തമമായി ഏതു വേഷം വേണമെന്നാണ് നമുക്ക് പറയാനാവുക? കഴിയുന്നത്രയും മറച്ച് അവളുടെ മാനം കാക്കുക എന്നത് അവളുടെ സ്വാതന്ത്ര്യമാണ്.

ഇതിനെ തുടര്‍ന്നുള്ള മറ്റൊരു പ്രശ്‌നം എന്നത് മോഡേണ്‍ ചിന്താഗതിയും കൂടെ അറിവില്ലായ്മയുമുള്ള നാമമാത്ര മുസ് ലിംകള്‍ ചെയ്യുന്ന തെറ്റുകളെ ഇസ്‌ലാമിക നിയമങ്ങളിലെ തെറ്റായി ചിത്രീകരിക്കുന്നു എന്നതാണ്. അതായത് പുരുഷന്മാരെ ആകര്‍ഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫാഷന്‍ വസ്ത്രം ധരിക്കുന്ന ഏതൊരു സ്ത്രീയ്ക്കും ഇസ്‌ലാമിലെ വസ്ത്രധാരണ ഇഷ്ടപ്പെടില്ല. അവരത് ധരിക്കാതിരിക്കാന്‍ ദുര്‍ന്യായങ്ങള്‍ പറയുകയാണ്. ഇത്തരത്തിലുള്ള സ്ത്രീകളുടെ വസ്ത്രം കാണുമ്പോള്‍ അവ കൂടെക്കൂടെ പ്രാചീന യുഗത്തിലേക്ക് മാറി പോകുമോ എന്നു ഭയപ്പെടുന്നു. അതായത്, നാണം മറക്കുന്നതിനു വേണ്ടി ധരിക്കുന്ന വസ്ത്രം അത് കാണുന്നവരെ നാണിപ്പിക്കുന്ന രീതിയിലായിരിക്കുന്നു. പ്രാചീനകാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ പോലും അവകാശമില്ലാതെ നടന്ന സമൂഹം. പ്രതിഷേധങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും നേടിയെടുത്തതാണ് വസ്ത്രമെന്ന സ്വാതന്ത്ര്യം. അതുപോലെ മുസ്‌ലിം വനിതകള്‍ തന്നെ നിഖാബിനെ ലാഘവത്തോടെ കാണുന്നു. അത് തനിക്ക് കൂടിയുള്ള നിയമമാണെന്ന് തിരിച്ചറിയാതെ സംസാരിക്കുന്നു. ഏറ്റവും സങ്കടകരമെന്ന് പറയട്ടെ, പർദയും ഹിജാബും ഇന്ന് വെറുമൊരു ഫാഷൻ മാത്രമായി ഒതുക്കി അത് ധരിച്ചു നടക്കുകയും, അത്തരം ഫോട്ടോകൾ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു മടിയും കൂടാതെ പോസ്റ്റുകയും ചെയ്യുന്നു. ഇതെല്ലാം ഇസ്‌ലാമിക മൂല്യങ്ങളെ കുറിച്ച് സമൂഹം തെറ്റിദ്ധരിക്കാന്‍ കാരണമാകുന്നു.
ഹിജാബിനെയും നിഖാബിനെയും കുറിച്ച് ഗൗരവമായി പഠിക്കാനും മനസിലാക്കാനും സ്ത്രീകള്‍തയാറാവണം അല്ലെങ്കില്‍ ജീർണിച്ച് കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തിലെ നൂതന സംസ്‌കാരങ്ങളില്‍ ലയിച്ച് ശാശ്വതമായ പരലോകജീവിതം നഷ്ടപ്പെട്ടേക്കും.

നാജിയ അല്‍ഫിഹ്്രിയ്യ

You must be logged in to post a comment Login