വിഷം തിന്നുന്ന മലയാളികള്‍

വിഷം തിന്നുന്ന മലയാളികള്‍

വസവും വിഷം കഴിക്കാന്‍ ആര്‍ക്കെങ്കിലും ആഗ്രഹം കാണുമോ? ഇല്ലെന്നാവും ഉത്തരം. എന്നാല്‍, എല്ലാ ദിവസവും ഏതെങ്കിലും ഒരു വിഷം ഭക്ഷണത്തിലൂടെ ശരീരത്തില്‍ എത്തിക്കുന്നവരാണ് നമ്മള്‍. ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിയില്ലെങ്കില്‍ നമ്മെ കാത്തിരിക്കുന്നത് മാരക രോഗങ്ങളാണ്.
ഭക്ഷണത്തിലെ വിഷം
മിക്ക ഭക്ഷ്യ വസ്തുക്കളും ഇന്ന് നമ്മുടെ അടുക്കളയിലെത്തുമ്പോഴേക്കും വിഷമയമായി മാറുകയാണ്. ആരോഗ്യത്തിന് ഹാനികരമായ മാരക കീടനാശിനികള്‍ കലര്‍ന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങളാണ് പലപ്പോഴും നാം ഉപയോഗിക്കുന്നത് എന്നതാണ് സത്യം. കേരളീയരുടെ മുഖ്യ ആഹാരമായ അരിയുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍, 20092010 കാലയളവില്‍ 21.67 ശതമാനത്തിലും 201011ല്‍ 18.33 ശതമാനത്തിലും കീടനാശിനിയുടെ അംശം കണ്ടതായി കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നു. തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ സാമ്പിള്‍ ചെയ്ത ഗോതമ്പില്‍ 8 ശതമാനത്തിനും 15 ശതമാനത്തിനുമിടയില്‍ കീടനാശിനി കണ്ടെത്തുകയുണ്ടായി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഫോറേറ്റ് എന്ന മാരക കീടനാശിനിയുടെ സാന്നിധ്യമാണ് ഗോതമ്പില്‍ കണ്ടെത്തിയത്.
പഠന റിപ്പോര്‍ട്ട് പ്രകാരം വിഷാംശം ഏറ്റവും കൂടുതലുള്ളത് ഏലക്കയിലാണ്. 20092010 കാലയളവില്‍ പരിശോധിച്ച ഏലക്കയുടെ 70.83 ശതമാനത്തിലും വിഷാംശം കലര്‍ന്നിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍, ഡെല്‍റ്റാ മെത്രിന്‍, ക്വിനാല്‍ ഫോസ്, ട്രയാസോ ഫോസ്, ക്ലോര്‍വൈറി ഫോസ്, പ്രൊഫെനോ ഫോസ്, എഡിഫെന്‍ ഫോസ്, സൈപ്പര്‍ മെത്രിന്‍, എത്തയോണ്‍, മാലത്തയോണ്‍, ഫെന്‍പ്രോ പാത്രിന്‍, ലാംഡാ സൈഹാലോത്രിന്‍ തുടങ്ങിയ കീടനാശിനികളുടെ വിഷാംശമാണ് ഏലക്കയില്‍ കണ്ടെത്തിയത്. മലയാളിയുടെ മിക്ക ഭക്ഷണത്തിനും സുഗന്ധവും രുചിയും നല്‍കുന്ന ഈ സുഗന്ധ വ്യജ്ഞനം കഴിക്കുന്നത് വഴി മാരകമായ കീടനാശിനി അംശം കൂടിയാണ് ആമാശയത്തിലെത്തുന്നത്.
പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും വേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനമാണ് കേരളം. നമ്മുടെ സംസ്ഥാനത്തേക്ക് വരുന്ന പച്ചക്കറി ഇനങ്ങളില്‍ 80 ശതമാനവും എത്തുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. കീടനാശിനികളില്‍ ‘മുങ്ങിക്കുളിച്ച’ പച്ചക്കറികളാണ് പലപ്പോഴും നമ്മുടെ പച്ചക്കറി വിപണിയില്‍ എത്തുന്നത്. ക്വിനാല്‍ ഫോസ്, മോണോക്രോട്ടോഫോസ്, ഫോറേറ്റ് തുടങ്ങിയ കീടനാശിനികളുടെ അംശമാണ് സാധാരണയായി പച്ചക്കറികളില്‍ കണ്ടുവരുന്നത്. വെള്ളായണി കാര്‍ഷിക കോളജിലെ പെസ്റ്റിസൈഡ് റസിഡ്യൂ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍, അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തിയ കോളീഫ്ളവറിലും കാബേജിലും കോര്‍പൈറിഫോസ് എന്ന കീടനാശിനിയുടെ അംശം അനുവദനീയമായ, പരിധിയിലും കൂടുതല്‍ കണ്ടെത്തിയിട്ടുണ്ട്.
കടകളില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന പഴവര്‍ഗങ്ങളും കീടനാശിനികളില്‍ നിന്ന് വിമുക്തമല്ല. കാല്‍സ്യം കാര്‍ബൈഡ് എന്ന രാസവസ്തു ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചെടുക്കുന്ന മൂപ്പെത്താത്ത മാങ്ങകളാണ് നല്ല മഞ്ഞ നിറമുള്ള ‘മാമ്പഴ’മായി പലപ്പോഴും വിപണിയിലെത്തുന്നത്. മാങ്ങകള്‍ സൂക്ഷിക്കുന്ന പെട്ടിയിലും കുട്ടയിലും വാഹനത്തിലും ഗോഡൗണിലും കാല്‍സ്യം കാര്‍ബൈഡ് ചെറിയ പാക്കറ്റുകളിലാക്കി വെയ്ക്കുകയാണ് ചെയ്യുന്നത്. ഈ രാസവസ്തുവില്‍ അടങ്ങിയ ആര്‍സനിക്, ഫോസ്ഫറസ് എന്നീ പദാര്‍ത്ഥങ്ങള്‍ മാങ്ങയുടെ നീരില്‍ ലയിക്കുമ്പോള്‍ ഉണ്ടാകുന്ന അസറ്റലിന്‍ എന്ന വാതകം ഉണ്ടാക്കുന്ന അമിതമായ ചൂടു മൂലമാണ് മൂപ്പെത്താത്ത മാങ്ങകള്‍ പോലും പഴുക്കുന്നത്. ഇങ്ങനെ കൃത്രിമമായി പഴുപ്പിക്കുന്ന പഴങ്ങള്‍ തലവേദന, തലചുറ്റല്‍, മനംപുരട്ടല്‍, ഛര്‍ദി, ഉദര രോഗങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരം പഴങ്ങള്‍ തുടര്‍ച്ചയായി കഴിക്കുന്നത്. ഓര്‍മശക്തി നശിപ്പിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മാരകമായ കീടനാശിനികളില്‍ ‘കുളിച്ചാ’ണ് മുന്തിരിങ്ങ വിപണിയില്‍ എത്തുന്നതെങ്കില്‍, കീടങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനും പുതുമ നഷ്ടപ്പെടാതിരിക്കാനും സ്റ്റിക്കറൊട്ടിച്ചും ചായം തേച്ചും മെഴുകാവരണം (വാക്സ് കോട്ടിംഗ്) ചെയ്തുമാണ് ആപ്പിളുകള്‍ കടകളില്‍ എത്തുന്നത്. ഷെല്ലാക്ക്, ബീസ്, വാക്സ്, കാര്‍നോബ വാക്സ് തുടങ്ങിയ പ്രകൃതിദത്ത മെഴുകുകള്‍ വാക്സ് കോട്ടിംഗിന് അനുവദനീയമാണെങ്കിലും, ആപ്പിളുകള്‍ക്ക് കൂടുതല്‍ തിളക്കവും നിറവും പുതുമയും നല്‍കുന്നതിന് പാരഫിന്‍ പോലുള്ള പെട്രോളിയം വാക്സുകളാണ് ഇന്ന് പലരും ഉപയോഗിക്കുന്നത്. ഇത്തരം പെട്രോളിയം വാക്സുകളും ആപ്പിളില്‍ ഒട്ടിക്കുന്ന സ്റ്റിക്കറിലെ പശയും വയറിളക്കം, അള്‍സര്‍ പോലുള്ള ഉദര രോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നു. അതുകൊണ്ടുതന്നെ, ഒരു ദിവസം ഒരാപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റാന്‍ സഹായിക്കും(അി മുുഹല മ റമ്യ സലലു െവേല റീരീേൃ മംമ്യ) എന്ന ചൊല്ല്, ‘ആപ്പിള്‍ കഴിക്കൂഡോക്ടറെ കാണൂ’ എന്ന് മാറ്റേണ്ട അവസ്ഥയിലേക്ക് കേരളം മാറിയിരിക്കുന്നു.
പല കാരണങ്ങളാല്‍ മലിനീകരിക്കപ്പെടുന്ന മത്സ്യവും ഇന്ന് വേണ്ടത്ര ഭക്ഷ്യയോഗ്യമല്ലാതായി മാറുകയാണ്. അമിതമായ അളവില്‍ അമോണിയം ചേര്‍ത്ത് സംസ്കരിച്ചെടുക്കുന്ന മത്സ്യങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് സംസ്കരിക്കുന്ന ചെമ്മീന്‍ വിദേശ രാഷ്ട്രങ്ങള്‍ നിരസിച്ചു തുടങ്ങിയത് ഇന്ത്യയില്‍ നിന്നുള്ള മത്സ്യ കയറ്റുമതിയെതന്നെ പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു. ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കാതെയും മറ്റും വേണ്ടത്ര നന്നായി ശീതീകരിക്കാത്ത മത്സ്യങ്ങള്‍ പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുകയാണ്. ശുദ്ധജല മത്സ്യങ്ങള്‍ വളരുന്ന ജലസ്രോതസുകളിലേക്ക്, അഴുക്ക് വെള്ളവും കക്കൂസ് മാലിന്യങ്ങളും കലരുന്നത് ശുദ്ധജല മത്സ്യങ്ങളുടെ മലിനീകരണത്തിന് കാരണമാകുന്നു. കക്കയിറച്ചിയില്‍ ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഹോര്‍മോണുകള്‍ കുത്തിവെച്ച് വളര്‍ത്തുന്ന ബ്രോയിലര്‍ കോഴികളുടെ ഇറച്ചി കഴിക്കുന്നത് പെണ്‍കുട്ടികളിലും സ്ത്രീകളിലും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. പെണ്‍കുട്ടികളില്‍ ആര്‍ത്തവം നേരത്തെയാകുന്നത് ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് അമിതമായ അളവില്‍ ഹോര്‍മോണ്‍ കുത്തിവെച്ച കോഴിയിറച്ചി കഴിക്കുന്നതുമൂലമുണ്ടാകുന്നത്.
പാലിലും മായം
ആകര്‍ഷകമായ പാക്കറ്റുകളില്‍ ലഭിക്കുന്ന പാല്‍ ശുദ്ധമാണെന്ന് കരുതിയവരെ ഞെട്ടിച്ചുകൊണ്ടാണ് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ (എടടഅക) റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന 70 ശതമാനം പാലും മായം കലര്‍ന്നതാണെന്ന് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നു. ഡിറ്റര്‍ജന്‍റ്, കൊഴുപ്പ്, പാല്‍പ്പൊടി, ഗ്ലൂക്കോസ്, യൂറിയ തുടങ്ങിയ മാലിന്യങ്ങളാണ് പാലില്‍ കണ്ടെത്തിയത്. ഗോവയിലും പുതുച്ചേരിയിലും മാത്രമാണ് ഗുണനിലവാരമുള്ള പാല്‍ വിതരണം ചെയ്യുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗുണനിലവാരം ഏറ്റവും കുറഞ്ഞ പാല്‍ വിതരണം ചെയ്യുന്നത് കേരളത്തിലാണ്. സംസ്ഥാനത്ത് നിന്ന് ശേഖരിച്ച പാല്‍ സാമ്പിളില്‍ 28 ശതമാനവും ഗുണനിലവാരമില്ലാത്തതാണ്.
അതോറിറ്റി ശേഖരിച്ച 8.4 ശതമാനം പാല്‍ സാമ്പിളുകളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഡിറ്റര്‍ജന്‍റിന്റെ അംശമാണ് കണ്ടെത്തിയത്. പാല്‍ ടാങ്കുകളും സംഭരണ പാത്രങ്ങളും ശരിയാംവണ്ണം ശുദ്ധമാക്കാത്തതാണ് ഇതിനുള്ള പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. വെള്ളം ചേര്‍ക്കുന്നതാണ് പാല്‍ മലിനീകരിക്കപ്പെടുന്നതിനുള്ള മറ്റൊരു കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. പാല്‍ ഉപഭോക്താക്കള്‍ കൂടുതലുള്ള ഒരു സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ പാല്‍ ഉപഭോക്താക്കളില്‍ വലിയൊരു പങ്കും കുട്ടികളുമാണ്. അതുകൊണ്ടാണ് പാലില്‍ മായം കലര്‍ന്നാല്‍ നമ്മുടെ സംസ്ഥാനത്തു ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ഭവിഷ്യത്തുകളും ഗുരുതരമായിരിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഐസ്ക്രീമിലും രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിക്കഴിഞ്ഞതായി, ഫുഡ് ആന്‍റ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് കൃത്രിമ ഐസ്ക്രീം ഉണ്ടാക്കുന്നതായി ഈയിടെ ബ്യൂറോയുടെ ശ്രദ്ധയില്‍ പെടുകയുണ്ടായി. ഐസ്ക്രീം കട്ടിയാക്കുന്നതിന് പെട്രോളിയം ഉല്‍പന്നങ്ങളായ പെക്ടിന്‍, അഗര്‍, പ്രോപ്പിലീന്‍ തുടങ്ങിയ രാസവസ്തുക്കള്‍ ഉപയോഗിക്കാറുണ്ടെങ്കിലും, അവയുടെ അളവ് 0.5 ശതമാനത്തില്‍ കൂടരുതെന്നാണ് നിയമം. എന്നാല്‍ ഇത്തരം രാസവസ്തുക്കള്‍ അമിതമായി ചേര്‍ത്തുണ്ടാക്കുന്ന കൃത്രിമ ഐസ്ക്രീമുകള്‍, ആകര്‍ഷകമായ നിറങ്ങളിലും രൂപത്തിലും വിപണിയിലെത്തുന്നതിനെതിരെ ജനം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന്, ഫുഡ് ആന്‍റ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
കൗമാരക്കാരുടെ ‘ഫാഷന്‍ ദാഹശമനി’കളായ കോളകളിലും കീടനാശിനി കലര്‍ന്നതായി കണ്ടിട്ടുണ്ട്. പെപ്സി കോളയുടെ സാമ്പിളുകളില്‍ അനുവദനീയമായ അളവിലും കൂടുതല്‍ ‘കാര്‍ബോ ഫുറാന്‍’ എന്ന കീടനാശിനിയുടെ അംശം കണ്ടതിനെത്തുടര്‍ന്ന്, പെപ്സിക്കോ ഇന്ത്യ എന്ന കമ്പനിക്കെതിരെ, മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം കേരളത്തില്‍ കേസെടുത്തത് ഈ പാശ്ചാത്തലത്തിലായിരുന്നു.
കേരളത്തിലെ കൊപ്രയുടെയും വെളിച്ചെണ്ണയുടെയും ക്ഷാമത്തെ തുടര്‍ന്ന്, തമിഴ്നാട്ടില്‍ നിന്ന് മായം ചേര്‍ത്ത വെളിച്ചെണ്ണയും ഗന്ധകമിട്ട് ഉണക്കിയ കൊപ്രയും കേരളത്തിലെത്തുന്നതായി പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. പ്രതിദിനം 350400 ടണ്‍ വെളിച്ചെണ്ണയും 200 മുതല്‍ 300 വരെ ടണ്‍ കൊപ്രയും തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ എത്തുന്നതായാണ് കണക്ക്. ഇതില്‍, പാംകര്‍ണല്‍ ഓയില്‍, പാരഫീന്‍ മെഴുക് എന്നിവ കലര്‍ത്തിയ വെളിച്ചെണ്ണ വ്യാപകമാകുന്നതായാണ് റിപ്പോര്‍ട്ട്. എളുപ്പത്തില്‍ ഉണങ്ങുന്നതിനും നല്ല തിളക്കം കിട്ടുന്നതിനും പൂപ്പല്‍ ബാധ തടയുന്നതിനും ഗന്ധകം പൂശി ഉണക്കുന്ന കൊപ്രയില്‍ നിന്ന് ഉണ്ടാകുന്ന വെളിച്ചെണ്ണയും വ്യാപകമാകുന്നതായാണ് റിപ്പോര്‍ട്ട്. കൊളസ്ട്രോളിനും മാരകമായ ഉദര രോഗങ്ങള്‍ക്കും കാരണമാകുന്ന ഇത്തരം മായം കലര്‍ന്ന വെളിച്ചെണ്ണ വ്യാപകമാകുന്നതിന് കാരണം, ചെക്പോസ്റ്റുകളിലും ലാബുകളിലുമുള്ള പരിശോധന വേണ്ടത്ര ഫലപ്രദമായി നടപ്പിലാകാത്തതാണ്.
കീടനാശിനി ജീവനാശിനി
കീടങ്ങളെ നശിപ്പിക്കാന്‍ മനുഷ്യന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍, തിരിച്ച് മനുഷ്യനെത്തന്നെ ഇഞ്ചിഞ്ചായി കൊല്ലുന്ന ജീവനാശിനിയായി മാറുകയാണ്. കളകീടകുമിള്‍ നാശിനികള്‍ നിര്‍ദേശ പ്രകാരമുള്ള മുന്‍കരുതലുകള്‍ എടുക്കാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നതാണ് ഭക്ഷ്യവസ്തുക്കളില്‍ വിഷം കലരുന്നതിനുള്ള പ്രധാന കാരണം. ധാന്യസംഭരണ കേന്ദ്രങ്ങളിലും ചെറുകിട ഗോഡൗണുകളിലും കീടനിയന്ത്രണത്തിന് തളിക്കുന്ന കീടനാശിനികള്‍ ധാന്യങ്ങളില്‍ കലരുന്നതിന് കാരണമാകുന്നു. എലി ശല്യം ഒഴിവാക്കാന്‍ പച്ചക്കറികള്‍ നിറച്ച ചാക്കുകള്‍ക്ക് മുകളില്‍ എലിവിഷം തളിക്കുന്നതുമൂലമാണ് കാരറ്റ്, ബീന്‍സ് തുടങ്ങിയ പച്ചക്കറികളില്‍ വിഷം കലരുന്നത്. വീടിനകത്തെ ഉപദ്രവകാരികളായ കീടങ്ങള്‍, എലികള്‍, കൂറകള്‍ തുടങ്ങിയവയെ കൊല്ലാന്‍ ഉപയോഗിക്കുന്ന ബ്രോമോഡയലോണ്‍, ഫെന്‍വാലറേറ്റ് പൊടി, ലക്ഷണരേഖ തുടങ്ങിയ ഗാര്‍ഹിക കീടനാശിനികള്‍ അശ്രദ്ധമായി ഉപയോഗിക്കുന്നത് അവ ഭക്ഷണത്തില്‍ കലരുന്നതിന് കാരണമാകും.
സ്റ്റോക്ക് ഹോം കണ്‍വന്‍ഷന്റെ ജനീവ സമ്മേളനത്തില്‍ ലോക രാഷ്ട്രങ്ങള്‍ കൈക്കൊണ്ട തീരുമാനപ്രകാരം എന്‍ഡോ സള്‍ഫാന്‍ എന്ന മാരക കീടനാശിനി ഇന്ത്യയില്‍ നിരോധിച്ചുകഴിഞ്ഞിട്ടുണ്ട്. എങ്കിലും രാജ്യത്ത് വ്യാപകമായി കൃഷി ചെയ്യുന്ന നെല്ല്, ഗോതമ്പ്, തേയില, കാപ്പി, തക്കാളി, വെണ്ട, ഉള്ളി, ഉരുളക്കിഴങ്ങ്, തുവര തുടങ്ങി ഇരുപതിലധികം ഭക്ഷ്യവിളകളില്‍ ഈ കീടനാശിനിയുടെ ഉപയോഗം ബദല്‍ കണ്ടെത്തുന്നതുവരെ അനുവദനീയമാണ്. മാത്രമല്ല, എന്‍ഡോസള്‍ഫാന് പുറമെ ലോകത്ത് അമേരിക്കയടക്കം പല രാജ്യങ്ങളും നിരോധിച്ച ഫ്യൂറഡാന്‍, കരയാട്ടെ തുടങ്ങിയ മാരക കീടനാശിനികളുടെ ഉപയോഗം ഇപ്പോഴും തുടരുന്നുണ്ട്. ഈ സാഹചര്യത്തില്‍, നിരോധിക്കപ്പെട്ട കീടനാശിനികളുടെ ഉപയോഗം തടയാനും അനുവദനീയമായവ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്താനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്.
20072008ലെ കണക്ക് പ്രകാരം കേരളത്തിലെ കീടനാശിനിയുടെ ഉപയോഗം 880 മെട്രിക് ടണ്‍ ആണ്. കേന്ദ്ര കീടനാശിനി ബോര്‍ഡ് റജിസ്ട്രേഷന്‍ കമ്മിറ്റി അംഗീകരിച്ച കളകീടകുമിള്‍ നാശിനികള്‍ മാത്രം 229 എണ്ണം വരും. ഇതില്‍ 100ഓളം രാസകീടനാശിനികള്‍ കേരളത്തില്‍ പ്രയോഗത്തിലുണ്ട്. പുതിയ ജൈവവൃഷിനയരേഖ പ്രകാരം കേരളം സമ്പൂര്‍ണ രാസകീടനാശിനി വിമുക്ത മേഖലയാക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി വിഷവീര്യം കൂടിയ ‘ചുവന്ന ലേബല്‍’ കളകീടകുമിള്‍ നാശിനികള്‍ കേരളത്തില്‍ നിരോധിച്ചിട്ടുണ്ട്. എങ്കിലും അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഇത്തരം കീടനാശിനികള്‍ തളിച്ച പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും ഒഴുക്ക് തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് തടയാന്‍ തുടങ്ങിവെച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഏകോപന നീക്കം ശക്തമാക്കണം.
മുളക് പൊടിയില്‍ ഓട്ടിന്‍കഷ്ണപ്പൊടിയും മഞ്ഞള്‍പൊടിയില്‍ ഈര്‍ച്ചപ്പൊടിയും ആട്ടയിലും ചില ധാന്യപ്പൊടികളിലും സമാനമായ ചായങ്ങളും ചേര്‍ക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍, ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. 1954ലെ മായം ചേര്‍ക്കല്‍ നിരോധന നിയമം അസാധുവാക്കി 2010 ജൂലൈ മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയ സാഹചര്യത്തില്‍, പ്രാബല്യത്തില്‍ വന്ന പുതിയ ‘ഭക്ഷ്യസുരക്ഷാനിലവാര നിയമം’ (എീീറ മെളല്യേ മിറ െേമിറമൃറ മരേ2006) ഫലപ്രദമായി സംസ്ഥാനത്ത് നടപ്പിലാക്കേണ്ടതുണ്ട്. ഇറച്ചിക്കോഴികളിലെ ഹോര്‍മോണിന്റെ സാന്നിധ്യം, കവര്‍ പാലുകളിലെ ആന്‍റിബയോട്ടിക്കുകളുടെ സാന്നിധ്യം, കുപ്പിവെള്ളത്തിന്റെ നിലവാരം, മത്സ്യത്തിലെ അമോണിയയുടെ സാന്നിധ്യം എന്നിവ സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തുന്നതിന് സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണര്‍ നല്‍കിയ നിര്‍ദേശം നടപ്പിലാക്കപ്പെടണം. ഭക്ഷ്യ സാമ്പിളുകള്‍ ശാസ്ത്രീയമായി പരിശോധിക്കുന്നതിന് അനലറ്റിക് ലാബുകള്‍ കുറ്റമറ്റതാക്കണം. പാചകത്തിന് ഉപയോഗിച്ച എണ്ണ പലതവണ ഉപയോഗിക്കുന്നത് തടയാന്‍ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം ശക്തമാക്കണം. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മാവേലിക്കര ഗോഡൗണില്‍ പഞ്ചാബില്‍ നിന്നെത്തിയ 10 വാഗണ്‍ ഗോതമ്പില്‍ ചെളിക്കട്ടയും മണ്ണും കണ്ടെത്തിയ സംഭവം ഈയിടെ സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തുകയുണ്ടായി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭക്ഷ്യ ഗോഡൗണുകളിലെ ധാന്യ സംഭരണത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്.
ജീവിതം ‘ഫാസ്റ്റാ’കുന്നു
മലയാളിയുടെ ജീവിത ശൈലിയില്‍ വന്ന മാറ്റം ഭക്ഷണ ശീലത്തിലും പ്രതിഫലിക്കുകയാണ്. കഞ്ഞിയും പുഴുക്കും ചേനയും ചേന്പും ചെറുകിഴങ്ങും പോലുള്ള നാടന്‍ ഭക്ഷ്യവിഭവങ്ങള്‍ കഴിക്കുന്നവരെ ഇന്ന് കാണാനില്ല. അഥവാ അങ്ങനെ ചിലരുണ്ടെങ്കില്‍ തന്നെ സമൂഹത്തിന്റെ ദൃഷ്ടിയില്‍ അവര്‍ ‘പഴഞ്ചന്മാരാ’ണ്. ആകര്‍ഷകമായ ടിന്നുകളിലും പാക്കറ്റുകളിലും കിട്ടുന്ന റെഡിമെയ്ഡ് ഭക്ഷണത്തോടാണ് പലര്‍ക്കും പ്രിയം.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മടുത്ത് കുടുംബസമേതം ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കൂടുകയാണ്. വീടുകള്‍ക്ക് അടുക്കള തന്നെ വേണ്ടെന്നായിട്ടുണ്ട്. കാരണം ഹോട്ടലുകളുടെ കാറ്ററിംഗ് സര്‍വീസ് വിഭാഗം നഗരങ്ങളിലും നാട്ടിമ്പുറങ്ങളിലും ഒരുപോലെ സജീവമാകുകയാണ്. ഒരു ഫോണ്‍കോള്‍ മതി, നഗരത്തിലെ മുന്തിയ റസ്ററോറന്റുകളില്‍ നിന്ന് ഇഷ്ടമുള്ള ഭക്ഷണം വീട്ടിലെത്തും! വിവാഹം, ഗൃഹപ്രവേശനം തുടങ്ങിയ ആഘോഷവേളകള്‍ മുതല്‍ വീട്ടിലെ ചെറിയ സല്‍ക്കാരങ്ങള്‍ക്കുവരെ റസ്റ്റോറന്‍റ് ഭക്ഷണം തന്നെ വേണമെന്നായിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരന്‍ യു.എ. ഖാദര്‍ പറഞ്ഞതുപോലെ, പണ്ട് വീട്ടില്‍ വരുന്നവരെ സല്‍കരിക്കാന്‍ ഹോട്ടലില്‍ കൊണ്ടുപോകുന്നത് പീറത്തരമായിരുന്നെങ്കില്‍ ഇന്നത് വമ്പത്തരമായിരിക്കുന്നു.
തിരക്കുപിടിച്ച ജീവിതത്തില്‍ ഇന്ന് ഭക്ഷണവും ‘ഫാസ്റ്റാ’യിരിക്കുന്നു. ന്യൂഡില്‍സ്, ബര്‍ഗര്‍, പിസ്സ, സാന്‍റ്വിച്ച്, ഫ്രൈഡ് റൈസ്, ഫിംഗര്‍ ചിപ്സ്, ബട്ടര്‍ ചിക്കണ്‍ തുടങ്ങിയ ഫാസ്റ്റ്ഫുഡ് വിഭവങ്ങളിലും സിന്തറ്റിക് ഡ്രിങ്കുകളിലുമാണ് പുതു തലമുറയ്ക്ക് താല്‍പര്യം. സാധാരണക്കാര്‍ പോലും ഇത്തരം ഭക്ഷണത്തിലും ബേക്കറി ഉല്‍പന്നങ്ങളിലും ആകൃഷ്ടരായിരിക്കുന്നു. എന്നാല്‍ ‘ഫാസ്റ്റ് ഫുഡു’കള്‍ ‘ഫാസ്റ്റ് ഡെത്തുകള്‍’ (ഉടന്‍ മരണം) ക്ഷണിച്ചുവരുത്തുകയാണെന്ന സത്യം പലരും ഓര്‍ക്കുന്നില്ല. ആരോഗ്യത്തിന് ഹാനികരമായ കൊഴുപ്പും, മസാലയും കാര്‍ബോ ഹൈഡ്രേറ്റും കലോറിയും പഞ്ചസാരയും അമിതമായ അളവില്‍ ചേര്‍ന്ന ഫാസ്റ്റ് ഫുഡുകള്‍ പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗം, ഹൈപ്പര്‍ ടെന്‍ഷന്‍, ദുര്‍മേദസ്, പൊണ്ണത്തടി, അര്‍ബുദം തുടങ്ങിയ മാരക രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നവയാണ്. ഒരു കിലോഗ്രാം ഗ്രില്‍സ് ഇറച്ചി നൂറ് സിഗരറ്റുകള്‍ക്ക് തുല്യമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നത്.
നാരടങ്ങിയ ആഹാരമാണ് ഉദര രോഗങ്ങളില്‍ നിന്ന് മനുഷ്യനെ രക്ഷിക്കുന്നത്. എന്നാല്‍ നാരിന്റെ അംശം അല്‍പം പോലുമില്ലാത്ത ജങ്ക്ഫുഡുകളിലാണ് കുട്ടികളും കൗമാരക്കാരും ഇന്ന് ആകൃഷ്ടരായിക്കൊണ്ടിരിക്കുന്നത്. യാത്രക്കിടയിലും, ടെലിവിഷനും സിനിമയും കാണുന്നതിനിടയിലും മറ്റും കുട്ടികള്‍ കഴിക്കുന്ന ഈ പാക്കറ്റ് ഭക്ഷണങ്ങള്‍ വളര്‍ച്ചാ മുരടിപ്പ്, പല്ലിന്റെ നാശം, ഉദര രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന അപകടകാരികളാണ്.
ബേക്കറി പലഹാരങ്ങളോട് അമിതമായ താല്‍പര്യം കാണിക്കുന്നവര്‍ രോഗം വിലകൊടുത്ത് വാങ്ങുകയാണ്. ബേക്കറി ഉല്‍പന്നങ്ങള്‍ക്ക് നിറവും രുചിയും നല്‍കാന്‍ മെറ്റാലിന്‍യെല്ലോ, സാക്കറിന്‍, അജിനോ മോട്ടോ തുടങ്ങിയ രാസപദാര്‍ത്ഥങ്ങളാണ് ഉപയോഗിക്കുന്നത്. ആഹാര പദാര്‍ത്ഥങ്ങള്‍ ദീര്‍ഘനാള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന സോഡിയം ബെന്‍ സോയേറ്റും പൊരിച്ചെടുക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ക്ക് വലുപ്പവും ഭംഗിയും നല്‍കുന്ന സോഡിയം ബൈ കാര്‍ബണേറ്റും അമിതമായ അളവില്‍ ശരീരത്തില്‍ എത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണുണ്ടാക്കുന്നത്.
പലഹാരങ്ങളും ഫാസ്റ്റ് ഫുഡുകളും പാചകം ചെയ്യാനെടുക്കുന്ന ഡാല്‍ഡയിലെ നിക്കല്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുവാണ്. ബേക്കറിഫാസ്റ്റ്ഫുഡ് വിഭവങ്ങളിലെ ട്രാന്‍സ്ഫാറ്റി ആസിഡുകള്‍ ചീത്ത കൊളസ്ട്രോളിനും ഹൃദ്രോഗത്തിനും കാരണമാകുമ്പോള്‍ അവയ്ക്ക് സ്വാദ് കൂട്ടാനെടുക്കുന്ന ചീസ് അമിത വണ്ണം ഉണ്ടാക്കുന്നതാണ്. ബേക്കറിയിലും ഫാസ്റ്റ് ഫുഡ് കടകളിലും പാചകത്തിനായി പലതവണ ഉപയോഗിക്കുന്ന എണ്ണ കാന്‍സറിന് കാരണമാകുന്ന ഘടകമാണ്.
ഇന്ന് ലോകത്താകമാനമുള്ള മരണത്തില്‍ 60 ശതമാനവും സംഭവിക്കുന്നത് മാറിയ ജീവിത ശൈലിയും ഭക്ഷണ രീതിയും മൂലമുള്ള രോഗങ്ങള്‍ കാരണമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ‘ഫാസ്റ്റ് ഫുഡ് സംസ്കാരം’ ലോകത്താകെ വ്യാപിക്കുന്നതിനിടയില്‍ പൊണ്ണത്തടിയന്മാരായ കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. 5 വയസിന് താഴെ പ്രായമുള്ള 45 ദശലക്ഷം കുട്ടികള്‍ ലോകത്ത് അമിത വണ്ണമുള്ളവരാണെന്ന് സംഘടന പറയുന്നു. അമേരിക്കക്കാരുടെ പൊണ്ണത്തടി കുറയ്ക്കാനായി 2000ല്‍ യു.എസ്. ഹെല്‍ത്ത് കെയര്‍ സിസ്റ്റം ചെലവിട്ടത് 61 ബില്ല്യന്‍ ഡോളറാണെന്നറിയുമ്പോള്‍ മാറുന്ന ഭക്ഷണ ശീലത്തിന്റെ പ്രത്യാഘാതം എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടും. കുട്ടികളെ ഫാസ്റ്റ് ഫുഡിലേക്കും ജങ്ക് ഫുഡിലേക്കും ആകര്‍ഷിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ലോക രാഷ്ട്രങ്ങളോട് ഡബ്ല്യൂ.എച്ച്.ഒ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പല രാജ്യങ്ങളും ഇതിനായി മുന്നോട്ട് വന്നിട്ടില്ല.
ദൈവത്തിന്റെ നാട്ടില്‍
മലയാളിയുടെ മാറിയ ജീവിത ശൈലിയും ഭക്ഷണ ശീലവും ഭക്ഷ്യവസ്തുക്കളിലെ കീടനാശിനി സാന്നിധ്യവും ‘ദൈവത്തിന്റെ സ്വന്തം നാടാ’യ കേരളത്തെ ‘രോഗത്തിന്റെ സ്വന്തം നാടാ’ക്കി മാറ്റുകയാണ്. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ 65,000ഓളം പേര്‍ അര്‍ബുദ രോഗചികിത്സക്കെത്തിയതായാണ് കണക്ക്. കേരളത്തില്‍ അര്‍ബുദ രോഗികളുടെ എണ്ണം അനുദിനം കൂടുകയുമാണ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ മാത്രം 2011 ജനുവരിക്കും മാര്‍ച്ചിനുമിടയിലുള്ള 3 മാസക്കാലയളവില്‍ ചികിത്സ തേടിയെത്തിയത് 1608 ക്യാന്‍സര്‍ രോഗികളാണ്. പൂര്‍ണ സസ്യാഹാരികളില്‍ പോലും വന്‍കുടല്‍ അര്‍ബുദം കൂടുന്നതായാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പഠനം പറയുന്നത്.
ലോകത്തിന്റെ പ്രമേഹ തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യയില്‍ ആ രോഗം കൂടുതലുള്ള സംസ്ഥാനം കേരളമാണ്. 2005ല്‍ നടത്തിയ ഒരു പഠനം കാണിക്കുന്നത്, കേരളത്തിലെ പ്രായപൂര്‍ത്തിയായവരില്‍ 19.5% പേര്‍ പ്രമേഹ രോഗികളാണെന്നാണ്. 10 ശതമാനം പേര്‍ പ്രമേഹ രോഗം വരാനുള്ള സാധ്യതയുള്ളവരാണെന്നും പഠനം പറയുന്നു. കേരളത്തിലെ വീട്ടമ്മമാരില്‍ 33% പൊണ്ണത്തടിയുള്ളവരാണെന്നാണ് കണക്ക്. പൊണ്ണത്തടിയും ദുര്‍മേദസ്സും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രത്യുല്‍പാദന ശേഷി നഷ്ടപ്പെടല്‍ തുടങ്ങി അര്‍ബുദത്തിന് വരെ കാരണമാകുന്ന ഘടകങ്ങളാണ്.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കരള്‍ രോഗികളുടെ എണ്ണം പത്തിരട്ടി വര്‍ധിച്ചതായും, ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യപിച്ചിട്ടില്ലാത്തവരില്‍ പോലും ലിവര്‍ സീറോസിസ് വ്യാപകമാകുന്നതായും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പഠനം കാണിക്കുന്നു. കഴിഞ്ഞ 25 വര്‍ഷംകൊണ്ട് വൃക്കരോഗികള്‍ അഞ്ചിരട്ടി വരെ വര്‍ധിച്ചതായും, 10ല്‍ ഒരാള്‍ വീതം വൃക്ക രോഗിയായി മാറിക്കൊണ്ടിരിക്കുന്നുവെന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ മറ്റൊരു പഠനം പറയുന്നു. കേരളത്തില്‍ രോഗങ്ങള്‍ വ്യാപിക്കുന്നതിന് പിന്നിലെ പ്രധാന കാരണം, വിഷാംശം കലര്‍ന്ന ഭക്ഷ്യ വസ്തുക്കള്‍ കഴിക്കുന്നതും, ഫാസ്റ്റ് ഫുഡ്ജങ്ക് ഫുഡ് വിഭവങ്ങളുടെയും ബേക്കറി ഉല്‍പന്നങ്ങളുടെയും അമിതമായ ഉപയോഗവുമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വേണം ഒരു തിരിച്ചുപോക്ക്
വിഷലിപ്തമായ ഭക്ഷണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ നമ്മുടെ പഴയ കാര്‍ഷിക സംസ്കാരത്തിലേക്ക് ഒരു തിരിച്ചുപോക്ക് അനിവാര്യമായിരിക്കുന്നു. സ്വന്തം പറമ്പില്‍ ജൈവവളവും ജൈവ കീടനാശിനിയുമുപയോഗിച്ച് പച്ചക്കറികളും ഭക്ഷ്യ വിളകളും കൃഷി ചെയ്തുണ്ടാക്കാന്‍ നാം തയ്യാറാകണം. സ്വന്തമായി കൃഷിസ്ഥലമില്ലാത്തവര്‍ക്ക് ചെടിച്ചട്ടിയിലും വീടിന്റെ ടെറസ്സിലും വരെ പച്ചക്കറികള്‍ കൃഷി ചെയ്യാമെന്നിരിക്കെ, വിപണിയില്‍ നിന്ന് രോഗം വിലയ്ക്ക് വാങ്ങുന്നതെന്തിനെന്ന് ചിന്തിക്കാന്‍ നാം വൈകിയിരിക്കുന്നു.
വലിയ വിലകൊടുത്ത് കടകളില്‍ നിന്ന് വാങ്ങുന്നവ മാത്രമാണ് പോഷക സമൃദ്ധം എന്ന തെറ്റിദ്ധാരണ മാറ്റേണ്ടതുണ്ട്. വീട്ടു പറമ്പില്‍ കൃഷി ചെയ്തുണ്ടാക്കുന്ന ചേന്പും ചേനയും ചക്കയും ചക്കക്കുരുവും മരച്ചീനിയും മുരിങ്ങയും വാഴക്കുലയുമൊക്കെ പോഷണഗുണവും കലോറിയും ഊര്‍ജവും പ്രദാനം ചെയ്യുന്നവയാണ്. രോഗങ്ങള്‍ക്കെതിരെ ശരീരത്തിനും മനസ്സിനും പ്രതിരോധം നല്‍കാന്‍ കഴിയുന്ന ഇത്തരം നാടന്‍ ഭക്ഷ്യ ഇനങ്ങള്‍ നിത്യാഹാരത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്. വീട്ടില്‍ നാടന്‍ കോഴികളെ വളര്‍ത്തിയാല്‍ ഹോര്‍മോണ്‍ കുത്തിവെച്ച കോഴിയുടെ ഇറച്ചിയും മുട്ടയും കഴിക്കുന്നതു മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാം. കന്നുകാലികളെ വളര്‍ത്തിയാല്‍ മായം കലരാത്ത പാലും ശുദ്ധജല മത്സ്യ കൃഷി നടത്തിയാല്‍ പഴക്കമില്ലാത്ത മീനും കഴിക്കാം.
ആഹാരത്തിന്റെ ഔഷധപോഷണ ഗുണത്തിലല്ല, മറിച്ച് രുചിക്കൂട്ടുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന വികലമായ ഭക്ഷണ സംസ്കാരം സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. നാവിലെ രസമുകുളങ്ങളെ തൃപ്തിപ്പെടുത്തുന്നവയാണ് ഉദാത്ത ഭക്ഷണമെന്ന തെറ്റായ ധാരണ നമുക്കിടയില്‍ വളര്‍ത്തുന്നതില്‍ പരസ്യങ്ങള്‍ക്ക് നല്ല പങ്കുണ്ട്. ഇത്തരം പരസ്യങ്ങളുടെ അടിമകളായി, കുട്ടികളുടെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളും തെറ്റുകാരാണ്.
മനുഷ്യന്റെ ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും പോഷക ഗുണവും ഔഷധ വീര്യവുമുള്ള ആഹാരം അത്യന്താപേക്ഷിതമാണ്. ശുദ്ധമായ ഭക്ഷണവും ആരോഗ്യവും നമ്മുടെ മൗലികാവകാശവുമാണ്. അതുകൊണ്ടുതന്നെ ഭക്ഷ്യവസ്തുക്കളില്‍ കീടനാശിനിയും മായവും ചേര്‍ക്കുന്ന ദുഷ്പ്രവണതയ്ക്കും അനാരോഗ്യകരമായ ഭക്ഷണ സംസ്കാരത്തിനുമെതിരെ നമ്മള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

അഷ്റഫ് കാവില്‍

You must be logged in to post a comment Login