അനീതി നിര്‍വഹണം

അനീതി നിര്‍വഹണം

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയുടെ ഡല്‍ഹിയിലെ വീട്ടില്‍ ജൂണ്‍ 12ന് ഹിമാചല്‍ പ്രദേശ് പൊലീസ് എത്തി. അടുത്ത ദിവസം രാവിലെ 10 മണിക്ക് കുമാര്‍സൈന്‍ പൊലീസ് സ്റ്റേഷനില്‍ എത്തണമെന്ന സമന്‍സുമായാണ് അവര്‍ വന്നത്. സമകാലീന സംഭവങ്ങള്‍ വിശകലനം ചെയ്ത് ദുവ നടത്തുന്ന യൂട്യൂബ് ചാനലില്‍ ഡല്‍ഹിയിലെ അക്രമസംഭവങ്ങളെപ്പറ്റി അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യദ്രോഹമാണന്ന് ആരോപിച്ച് ഒരു ബി ജെ പി പ്രവര്‍ത്തകന്‍ ഹിമാചല്‍ പൊലീസിന് നല്‍കിയ പരാതിയാണ് കേസിനു കാരണം. കെട്ടിച്ചമച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദുവ സുപ്രീം കോടതിയെ സമീപിച്ചു. അറസ്റ്റ് തല്‍ക്കാലത്തേക്ക് തടഞ്ഞെങ്കിലും രണ്ടു മാസമായിട്ടും കേസില്‍ കോടതി വിധി പറഞ്ഞിട്ടില്ല. കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഇപ്പോഴും കോടതിയില്‍ കയറിയിറങ്ങി നടക്കുകയാണദ്ദേഹം.

മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ രണ്ടു സന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവത്തിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വലിച്ചിഴച്ച് ടെലിവിഷനില്‍ ചര്‍ച്ച സംഘടിപ്പിച്ച റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ നാടിന്റെ പല ഭാഗങ്ങളിലെ പോലീസ് സ്റ്റേഷനുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേസു കൊടുത്തു. അര്‍ണബ് നേരെ സുപ്രീം കോടതിയിലെത്തി. ഒരു വിഷയത്തില്‍ ഒന്നിലധികം കേസുകളെടുക്കുന്നത് നിയമസംവിധാനത്തിന്റെ ദുരുപയോഗമാണെന്നായിരുന്നു സുപ്രീം കോടതി വിധി. ഒന്നൊഴികെ മറ്റെല്ലാ എഫ് ഐ ആറുകളും റദ്ദാക്കിയതായി സുപ്രീംകോടതി പ്രഖ്യാപിക്കുകയും ചെയ്തു. അവശേഷിക്കുന്ന എഫ് ഐ ആറിലെ തുടര്‍നടപടികള്‍ ബോംബെ ഹൈക്കോടതി തടഞ്ഞു. അര്‍ണബ് നടത്തിയ പരാമര്‍ശങ്ങള്‍ മനപ്പൂര്‍വം സാമൂഹിക വിദ്വേഷം ഇളക്കിവിടുകയെന്ന ലക്ഷ്യത്തോടെയാണെന്ന് തോന്നുന്നില്ലെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു.

അഭിപ്രായസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതികളുടെ സമീപനത്തിലെ വൈരുധ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ സംഭവങ്ങള്‍. അര്‍ണബിന്റെ ഹര്‍ജി കോടതിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന് അനുകൂലമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. അര്‍ണബിനെതിരായ എഫ് ഐ ആര്‍ റദ്ദാക്കുന്നതിനെ പിന്തുണയ്ക്കുകയാണ് കേന്ദ്രസര്‍ക്കാറിനെ പ്രതിനിധാനം ചെയ്ത സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചെയ്തത്. മഹാരാഷ്ട്ര പൊലീസ് കേസ് കൈകാര്യം ചെയ്ത രീതിയെ അദ്ദേഹം വിമര്‍ശിച്ചു. കേസ് സി ബി ഐക്ക് കൈമാറണമെന്ന അര്‍ണബിന്റെ ആവശ്യത്തെ പിന്തുണച്ചു. അന്വേഷണം സി ബി ഐക്ക് കൈമാറിയില്ലെങ്കിലും സുപ്രീം കോടതിയും ഹൈക്കോടതിയും അര്‍ണബിനോട് അനുഭാവം കാണിച്ചു. കേസിന്റെ തുടര്‍നടപടികള്‍ മരവിപ്പിച്ചു.
പ്രശാന്ത് ഭൂഷന്റെ കാര്യത്തില്‍ മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യം വിഷയമായി വരുന്ന കേസുകളില്‍ പൊതുവേ, കേന്ദ്രസര്‍ക്കാറിന്റെ നിലപാടുകള്‍ ശരിവെക്കുകയാണ് കുറച്ചുകാലമായി പരമോന്നത നീതിപീഠം ചെയ്യുന്നത്. ഈ വര്‍ഷം സുപ്രീംകോടതിയുടെ പരിഗണനയ്ക്കുവന്ന 10 കേസുകളില്‍ ആറിലും ഹര്‍ജിക്കാര്‍ക്ക് ആശ്വാസം ലഭിച്ചില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ അപുര്‍വ വിശ്വനാഥ് എഴുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇവയിലെല്ലാം ഹര്‍ജിക്കാര്‍ക്ക് എതിരായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് അനുകൂലമായ സമീപനം കോടതിയില്‍ നിന്നുണ്ടായ കേസുകളില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാടും അതിന് അനുകൂലമായിരുന്നു. സര്‍ക്കാറിന്റെ വാദം കോടതി ശരിവെക്കുന്നതാണ് ഇവിടെ കാണുന്നത്. അതായത് സര്‍ക്കാര്‍ തന്നെയാണ് കോടതി എന്നുവരുന്ന അപകടകരമായ അവസ്ഥ.

അര്‍ണബ് ഗോസ്വാമിയുടെ കേസിനു സമാനമായിരുന്നു ന്യൂസ് 18 ഹിന്ദി ചാനലിലെ അവതാരകന്‍ അമീഷ് ദേവ്ഗണിന് എതിരായ കേസും. ജൂണ്‍ 15 നടന്ന ടെലിവിഷന്‍ ചര്‍ച്ചയില്‍ സൂഫിവര്യന്‍ മുഈനുദ്ദീന്‍ ചിശ്തിക്കെതിരെയാണ് അദ്ദേഹം അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. പ്രതിഷേധമുയര്‍ന്നന്നപ്പോള്‍ താന്‍ ഉദ്ദേശിച്ചത് അലാവുദ്ദീന്‍ ഖില്‍ജിയെയാണെന്ന് അദ്ദേഹം തിരുത്തി. അപ്പോഴേക്ക് പല പൊലീസ് സ്റ്റേഷനുകളിലും ദേവ്ഗണിനെതിരെ കേസുകള്‍ വന്നിരുന്നു. ദേവ്ഗണ്‍ സുപ്രീം കോടതിയെ സമീപിച്ചു. അര്‍ണബ് ഗോസ്വാമിയുടെ കാര്യത്തിലെന്ന പോലെ എഫ് ഐ ആറുകള്‍ റദ്ദാക്കുന്നതിനെ അനുകൂലിക്കുകയാണ് ഈ കേസിലും കേന്ദ്രസര്‍ക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചെയ്തത്. സംഘപരിവാര്‍ അനുകൂല നിലപാടുകളെടുക്കുന്ന അമീഷ് ദേവ്ഗണിനെതിരായ നിയമനടപടികളെല്ലാം സുപ്രീം കോടതി തടയുകയും ചെയ്തു.

അമീഷ് ദേവ്ഗണിന്റെ അറസ്റ്റ് തടഞ്ഞ അതേ ദിവസമാണ് ഒ പി ഇന്ത്യ വെബ്സൈറ്റിന്റെ എഡിറ്റര്‍ നൂപുര്‍ ശര്‍മ്മയും സി ഇ ഒ രാഹുല്‍ റോഷനും നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധി വന്നത്. സംഘപരിവാറിന്റെ നുണഫാക്ടറി എന്നു വിളിപ്പേരുള്ള ഒ പി ഇന്ത്യക്കെതിരെ പശ്ചിമ ബംഗാള്‍ പൊലീസാണ് കേസെടുത്തത്. മമതാ ബാനര്‍ജി സര്‍ക്കാറിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കി എന്നതായിരുന്നൂ കേസ്. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതിന് സര്‍ക്കാര്‍ കള്ളക്കേസുകളെടുക്കുകയാണെന്ന് കാണിച്ച് ശര്‍മ്മയും റോഷനും സുപ്രീംകോടതിയെ സമീപിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഹര്‍ജി പരിഗണിച്ച കോടതി വിശദമായ വാദം കേള്‍ക്കലിലേക്കുപോലും കടക്കാതെ അനുകൂല വിധി പുറപ്പെടുവിച്ചു.

അര്‍ണബിനും അമീഷിനും നൂപുറിനും കിട്ടിയ ആശ്വാസം പക്ഷേ, ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് പങ്കജ് പുനിയയ്ക്ക് സുപ്രീംകോടതിയില്‍നിന്ന് ലഭിച്ചില്ല. കൊവിഡ് തടയുന്നതിനുള്ള ലോക്ഡൗണ്‍ വേളയില്‍ മറുനാടന്‍ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ട്വിറ്ററില്‍ പങ്കജ് നടത്തിയ പരാമര്‍ശങ്ങള്‍ മത വിദ്വേഷത്തിന് കാരണമാകുന്നുവെന്നായിരുന്നു പരാതി. കര്‍ണാല്‍ സ്വദേശിയായ ഒരാളുടെ പരാതിയില്‍ ഹരിയാന പൊലീസ് പങ്കജിനെ അറസ്റ്റു ചെയ്തു. സംഭവത്തില്‍ ഹരിയാനയിലും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമെടുത്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മെയ് 30ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാന്‍ വിസമ്മതിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെതിരെ അസം, അരുണാചല്‍ പ്രദേശ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഒരേസമയം കേസെടുത്തത്. പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിനിടെ ഷര്‍ജീല്‍ നടത്തിയ പ്രസംഗം രാജ്യദ്രോഹമാണെന്നായിരുന്നു പരാതി. കേസുകളെല്ലാം ഡല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മെയ് 26ന് ഷര്‍ജീല്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇതുവരെ കേസില്‍ വിധി പറഞ്ഞിട്ടില്ല. പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിനിടെ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഡോ. കഫീല്‍ഖാനെതിരെ ദേശരക്ഷാനിയമം ചുമത്തി കേസെടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഖാന്റെ അമ്മ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദേശം. ഹൈക്കോടതിയാകട്ടെ ഇതുവരെ കേസില്‍ തീര്‍പ്പുകല്‍പിച്ചിട്ടില്ല. പൗരത്വനിയമത്തിനെതിരെ നടന്ന ഷഹീന്‍ബാഗ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ മാര്‍ച്ച് മാസത്തില്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി ഇതുവരെ പരിഗണിച്ചിട്ടില്ല. സമരപ്പന്തല്‍ പൊളിച്ചുകളഞ്ഞതിനെയും സമരക്കാരെ നീക്കിയതിനെയും ചോദ്യം ചെയ്താണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കൂറേക്കൂടി കടുത്ത സമീപനമാണ് മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിനോട് കോടതി സ്വീകരിച്ചത്. വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ഡല്‍ഹി പൊലീസെടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിലെത്തിയ മന്ദറിന് പറയാനുള്ളത് കേള്‍ക്കാന്‍ പോലും കോടതി തയാറായില്ല. പൗരത്വനിയമ ഭേദഗതിക്കെതിരെ ജാമിഅ മില്ലിയ സര്‍വകലാശാലയ്ക്കു മുന്നില്‍ മന്ദര്‍ നടത്തിയ പ്രസംഗം വിദ്വേഷജനകമാണെന്നാണ് ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍. പ്രസംഗത്തില്‍ വിദ്വേഷ പരാമര്‍ശമൊന്നുമില്ലെന്ന് സ്ഥാപിക്കാന്‍ പ്രസംഗം വായിച്ചുകേള്‍പ്പിക്കാന്‍ ഹര്‍ഷ് മന്ദറിന്റെ അഭിഭാഷകന്‍ ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. മറ്റുള്ളവര്‍ക്ക് പറയാനുള്ളത് കേട്ടിട്ടേ മന്ദറിന്റെ വാദം കേള്‍ക്കൂ എന്നാണ് കോടതി പറഞ്ഞത്. ഹര്‍ഷ് മന്ദറിന്റേത് വിദ്വേഷ പ്രസംഗം തന്നെയായിരുന്നെന്ന് ഡല്‍ഹി പൊലീസിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞപ്പോള്‍ കോടതി അത് മുഖവിലക്കെടുക്കുകയും ചെയ്തു.
വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിച്ച് ജമ്മുകശ്മീരിനെ ഇരുട്ടിലാഴ്ത്തിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ അന്തിമ തീര്‍പ്പു കല്‍പിക്കാന്‍ ഇതുവരെ കോടതി തയാറായിട്ടില്ല. ഈ കേസ് പരിഗണിക്കുന്നതിനിടെ അഭിപ്രായസ്വാതന്ത്ര്യം പരമ പ്രധാനമാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, കോടതിക്കു മുന്നില്‍ വന്ന വസ്തുതകള്‍ പരിശോധിച്ച് വിധി പറയുന്നത് ദേശരക്ഷയുടെ വിഷയം ഉയര്‍ത്തിക്കാണിച്ച് മാറ്റിവെക്കുകയായിരുന്നു. കശ്മീരിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിഷയത്തില്‍ വിധിപറയുന്നത് ഭീകരവാദത്തിന്റെ പശ്ചാത്തലംകൂടി പരിഗണിച്ചാകണമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് തീര്‍പ്പുകല്‍പിക്കുന്നതില്‍ ഈ കാലതാമസമൊന്നുമുണ്ടായില്ല.

എസ് കുമാര്‍

You must be logged in to post a comment Login