ഡോ. കഫീല്‍ ഖാന് ജയില്‍ മോചിതനായതിനെക്കുറിച്ചുള്ള മുഖപ്രസംഗത്തിന് ടെലിഗ്രാഫ് ദിനപത്രം നല്കിയ ശീര്‍ഷകം ‘വീണ്ടും പ്രതീക്ഷ’ എന്നാണ്. ഭരണകൂടത്തിന് അഹിതമായതു ചെയ്യുന്നവരെ അറസ്റ്റും ജാമ്യനിഷേധവും വഴി വിചാരണകൂടാതെ കാലങ്ങളോളം തടങ്കലിടുന്ന കാലത്ത് കഫീല്‍ ഖാനെ മോചിപ്പിച്ചുകൊണ്ടുള്ള അലഹാബാദ് ഹൈക്കോടതി വിധി വലിയ ആശ്വാസമാണെന്ന് മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ അഭിസംബോധന ചെയ്ത് പ്രകോപനപരമായി പ്രസംഗിച്ചെന്ന പേരില്‍ ദേശസുരക്ഷാ നിയമം (എന്‍ എസ് എ) ചുമത്തിയാണ് യു പി സര്‍ക്കാര്‍ ഈ ശിശുരോഗവിദഗ്ധനെ ഒടുവില്‍ ജയിലിലടച്ചത്. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ അക്രമമോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന ഒന്നുമില്ലെന്നും ദേശീയ ഐക്യത്തിനു വേണ്ടിയുള്ള ആഹ്വാനമാണുള്ളതെന്നും ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി മോചനത്തിന് ഉത്തരവിട്ടത്.
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രസംഗിച്ചതിനല്ല തന്നെ ജയിലിലിട്ടതെന്ന് കഫീല്‍ ഖാന് പറയുന്നു. ഗോരഖ്പുരിലെ ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ പ്രാണവായു കിട്ടാതെ മരിച്ച സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാറിന്റെ ആരോഗ്യസംവിധാനത്തിലെ അപചയങ്ങള്‍ തുറന്നു കാണിച്ചതാണ് യോഗി ആദിത്യനാഥിനെ പ്രകോപിപ്പിച്ചത്. ‘ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ ഞാന്‍ ഉയര്‍ത്തിക്കാണിക്കാന്‍ തുടങ്ങി. അതു സര്‍ക്കാരിനെ ഭയപ്പെടുത്തി. രാജ്യത്തെ ആരോഗ്യസംവിധാനം എങ്ങനെയാണ് തകര്‍ന്നതെന്ന് ഞാന്‍ ജനങ്ങളോടു പറയാന്‍ തുടങ്ങി. ബി ആര് ഡി മെഡിക്കല്‍ കോളജിലെ 70 കുട്ടികളുടെ മരണത്തിന് വഴിയൊരുക്കിയത് അഴിമതിയാണെന്ന് തുറന്നുപറഞ്ഞു. ഇതൊക്കെയാവാം എന്നെ കള്ളക്കേസില്‍ കുടുക്കി ജയിലിലിടാന്‍ കാരണം’ ജയില്‍ മോചനത്തിനു ശേഷം ‘ദ പ്രിന്റി’നു നല്കിയ അഭിമുഖത്തില്‍ കഫീല്‍ ഖാന് പറഞ്ഞു.
മൂന്നു വര്‍ഷം മുമ്പാണ് തുടക്കം. ഗൊരഖ്പുരിലെ മെഡിക്കല്‍ കോളജില്‍ കുട്ടികളെ മരണത്തില്‍ നിന്നു രക്ഷിക്കാന്‍ ഓടിനടന്ന് ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച ഡോക്ടറുടെ വിശേഷങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. അടുത്ത ദിവസം മുഖ്യമന്ത്രി ആദിത്യനാഥ് ആശുപത്രി സന്ദര്‍ശിച്ചു. നിങ്ങളാണല്ലേ സിലിണ്ടറുകള്‍ ഏര്‍പ്പാടു ചെയ്തത് എന്ന് അദ്ദേഹം ചോദിച്ചു. അതേ എന്ന് മറുപടി. അഭിനന്ദനമല്ല മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. ‘നിങ്ങളൊരു ഹീറോ ആയെന്നാണ് കരുതുന്നത് അല്ലേ? നമുക്ക് കാണാം’. അതൊരു ഭീഷണിയായിരുന്നു. ആശുപത്രിയുടെ എന്‍സഫലിറ്റിസ് വാര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന കഫീല്‍ ഖാനെ കൃത്യവിലോപവും സ്വകാര്യ ചികിത്സ നടത്തുന്നുണ്ടെന്ന കുറ്റവും ചുമത്തി 2017 സെപ്തംബര്‍ രണ്ടിന് അറസ്റ്റു ചെയ്തു. ഒമ്പതു മാസത്തിനു ശേഷം ജയില്‍ മോചിതനായ ഖാന് വിശദമായ അന്വേഷണത്തിനൊടുവില്‍ കുറ്റവിമുക്തനാക്കപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചു എന്ന കുറ്റമാണ് പിന്നീട് ചുമത്തിയത്. ഇതില്‍നിന്നും കുറ്റവിമുക്തനാക്കപ്പെട്ടതിനു പിന്നാലെ 2020 ജനുവരി 29ന് ആയിരുന്നു, പ്രകോപനപരമായി പ്രസംഗിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റുചെയ്ത് ജയിലിലിട്ടത്.
‘എന്റെ അറസ്റ്റിനു മൂന്നുകാരണങ്ങളുണ്ടെന്നാണ് ഞാന്‍ കരുതുന്നത്,’ അഭിമുഖത്തില്‍ ഡോ. ഖാന് പറഞ്ഞു. ഗോരഖ്പുരില്‍ കൊച്ചുകുഞ്ഞുങ്ങളുടെ കൂട്ടമരണത്തിന് ഉത്തരവാദികള്‍ ആരെന്ന ചോദ്യമുയര്‍ത്തിയതാണ് ഒന്നാമത്തെ കാരണം. രാജ്യത്തെ ആരോഗ്യസംവിധാനം എത്രമാത്രം ജീര്‍ണിച്ചതാണെന്ന് തുറന്നുകാണിക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സാക്യാമ്പുകള്‍ നടത്തുകയും ചെയ്തു എന്നതാണ് രണ്ടാമത്തെ കാരണം. ആദ്യം ചുമത്തിയ കുറ്റങ്ങളില്‍ നിന്നെല്ലാം വിശദമായ അന്വേഷണത്തിനൊടുവില്‍ വിമുക്തനാക്കപ്പെട്ടപ്പോള് വേറെ വഴിയില്ലാതെയാണ് പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചെന്ന കുറ്റം ചുമത്തി വീണ്ടും ജയിലിലിട്ടത്. ഞാന്‍ തിരിച്ച് ജോലിയില്‍ കയറുന്നതും സര്‍ക്കാറിനെ വിമര്‍ശിക്കുന്നതും തടയുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം.’
‘ഈ സംഭവങ്ങളെത്തുടര്‍ന്ന് യോഗിയുടെ അനുയായികള്‍ തന്നെ എതിരാളിയായി കാണാന്‍ തുടങ്ങിയപ്പോള്‍ മുസ്ലിംകള് എന്നെ നായകനായി കണ്ടു. ആറേഴ് വര്‍ഷമായി മതത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മള് ചിന്തിക്കുന്നത്. ഡോക്ടര്‍ എന്ന നിലയിലാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. കഫീല്‍ ഖാന് എന്നല്ല, കഫീല്‍ മിശ്ര എന്നോ കഫീല്‍ കുമാര്‍ എന്നോ ആയിരുന്നു എന്റെ പേര് എങ്കിലും ഞാന്‍ ഇതുതന്നെ ചെയ്യുമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 103 ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഞാന്‍ 50,000 കുട്ടികളെ ചികിത്സിച്ചു. അതില്‍ ഏതൊക്കെയാണ് ഹിന്ദുക്കളുടെ കുട്ടികള്‍, ഏതൊക്കെയാണ് മുസ്ലിംകളുടെ കുട്ടികള്‍ എന്നു ഞാന്‍ നോക്കിയിട്ടില്ല. ഇന്ത്യക്കാരനായതുകൊണ്ടാണ് ഞാന്‍ ഇതു ചെയ്തത്. ദേശീയത എന്നത് മതം പോലെ തന്നെ ജന്മനാ ലഭിക്കുന്നതാണ്. ഇന്ത്യയില്‍ ജനിച്ച ഞാന്‍ സ്വാഭാവികമായും ഇന്ത്യയെ സ്നേഹിക്കുന്നു. അത് പ്രത്യേകം തെളിയിക്കേണ്ട കാര്യമില്ല.’
‘രാജ്യം സമസ്ത മേഖലകളിലും തകര്‍ച്ച നേരിടുകയാണ്. കൊവിഡ് മാത്രമല്ല, കാരണം. കൊവിഡ് കാരണം മരിച്ചത് 70,000 പേരാണ്. മറ്റുരോഗങ്ങള്‍ കാരണം 28,000 പേരാണ് ദിവസവും മരിക്കുന്നത്. ലോക് ഡൗണ്‍ കാരണം എത്രയോ മറുനാടന്‍ തൊഴിലാളികള്‍ മരിച്ചു. ചൈന ഇന്ത്യയുടെ അതിര്‍ത്തി ഭേദിച്ചു. പാക് അതിര്‍ത്തിയില്‍ ദിവസവും ഒരു സൈനികന് കൊല്ലപ്പെടുന്നു. തൊഴിലില്ലായ്മ 40-50 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. സമ്പദ് മേഖല തകര്‍ന്നു. പക്ഷേ അയോധ്യയെയും മുത്തലാക്കിനെയും പൗരത്വ നിയമത്തെയും കുറിച്ചാണ് നമ്മള് ഇപ്പോഴും സംസാരിക്കുന്നത്.’
പൊലീസ് കസ്റ്റഡിയില്‍ താന്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി ഖാന് വെളിപ്പെടുത്തി. നഗ്നനാക്കി നിര്‍ത്തി. മര്‍ദ്ദിച്ചു. ദിവസങ്ങളോളം ഇരിക്കാന്‍ പറ്റിയില്ല. ദൈവാനുഗ്രഹം കൊണ്ടുമാത്രമാണ് ജീവനോടെ ഇരിക്കുന്നത്. ‘ഗൊരഖ്പുരില് മുഖ്യമന്ത്രിയുടെ വീടിനു സമീപം എന്റെ സഹോദരന് വെടിയേറ്റു. അവരുടെ ലക്ഷ്യം ഞാനായിരുന്നു. ആളുമാറിയാണ് സഹോദരനെ ആക്രമിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ കരിമ്പട്ടികയില്‍ ഞാനും എന്റെ കുടുംബാംഗങ്ങളുമുണ്ടെന്ന് അറിയാം. എന്നെയും കുടുംബത്തെയും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകും.’ ഉത്തര്‍പ്രദേശില്‍ തുടര്‍ന്നാല്‍ കള്ളക്കേസുണ്ടാക്കി ഇനിയും ജയിലില്‍ അടയ്ക്കും. ഈ പേടിയിലാണ് കുടുംബം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കണ്ടത്. ‘പ്രിയങ്ക ഗാന്ധി എന്നെ വിളിച്ച് സംസാരിച്ചു. രാജസ്ഥാനില്‍ കഴിയാന്‍ നിര്‍ദേശിച്ചു. അവിടെ ഞങ്ങള്‍ക്ക് സുരക്ഷിതമായ സ്ഥലം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു.’ അതുകൊണ്ട് കഫീല്‍ ഖാനും കുടുംബവും രാജസ്ഥാനിലേക്ക് താമസം മാറ്റിയിരിക്കുകയാണ്.
പ്രിയങ്കയുടെ ക്ഷണം സ്വീകരിച്ചതോടെ കഫീല്‍ ഖാന് കോണ്‍ഗ്രസില്‍ ചേരാന്‍ പോവുകയാണെന്ന് വാര്‍ത്ത പരന്നു. എന്നാല്‍ തത്ക്കാലം രാഷ്ട്രീയപ്രവേശം ആലോചിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. പ്രിയങ്കയുടെ നിര്‍ദേശത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമൊന്നുമില്ല. എന്നാല്‍, സംവിധാനത്തികത്തു പ്രവര്‍ത്തിച്ചാലേ അതിനെ നന്നാക്കിയെടുക്കാനാകൂ എന്ന് ബോധ്യപ്പെട്ടാല്‍ ഭാവിയില്‍ രാഷ്ട്രീയത്തിലിറങ്ങിക്കൂടെന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഭരണകൂടത്തിന്റെ വേട്ടയാടല്‍ ഭയന്ന് ഒളിച്ചോടില്ലെന്ന് കഴിഞ്ഞ ദിവസം കേരളീയരെ അഭിസംബോധന ചെയ്ത് നടത്തിയ ഓണ്‍ലൈന്‍ പ്രഭാഷണത്തില്‍ കഫീല്ഖാന് വ്യക്തമാക്കി. ‘പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ഇടയില്‍ ഡോക്ടറായി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്. കീഴ്പ്പെടുത്താനും നിശബ്ദമാക്കാനുമുള്ള ശ്രമങ്ങളാണ് ഭരണകൂടങ്ങളുടെ തണലില്‍ അരങ്ങേറുന്നത്. ഇതിനെതിരെ സമൂഹം ശക്തമായി ചെറുത്തുനില്ക്കണം’ അദ്ദേഹം പറഞ്ഞു.
ദേശരക്ഷാ നിയമം ചുമത്തി മഥുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന കഫീല്‍ ഖാന്റെ മോചനത്തിനായി മാതാവ് നുസ്രത് പര്‍വീണ്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് അലഹാബാദ് ഹൈക്കോടതി കേസ് പരിഗണിച്ചത്. കഫീല്‍ ഖാന് അലിഗഢില്‍ നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കം പൂര്‍ണമായി വായിച്ചപ്പോള്‍ അതില്‍ വെറുപ്പോ വിദ്വേഷമോ വളര്‍ത്താനുള്ള ഒന്നും കണ്ടെത്താനായില്ലെന്ന് ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥുറും ജസ്റ്റിസ് സൗമിത്ര ദയാലുമടങ്ങുന്ന ബഞ്ച് വ്യക്തമാക്കി. ജനങ്ങളോട് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനാണ് ഡോ. ഖാന് ആവശ്യപ്പെട്ടതെന്ന് കോടതി ചൂണ്ടിക്കാണിച്ചു. തനിക്കെതിരെയെടുത്തത് കള്ളക്കേസാണെന്ന് അലഹാബാദ് കോടതി വിധിയോടെ വ്യക്തമായെന്ന് കഫീല്‍ ഖാന് പറയുന്നു. ‘എന്റെ വാക്കുകള്‍ കലാപത്തിന് വഴിവെക്കുന്നതല്ലെന്ന് കണ്ടെത്തിയ നീതിന്യായ വ്യവസ്ഥയോട് നന്ദിയുണ്ട്. മുംബൈയില്‍ നിന്ന് അറസ്റ്റു ചെയ്ത് ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുവരുന്നതിനിടെ എന്നെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലാതിരുന്നതിന് പ്രത്യേകാന്വേഷണ സംഘത്തോടും നന്ദിയുണ്ട്’ കഫീല്‍ ഖാന് പറയുന്നു.
എസ് കുമാര്‍
You must be logged in to post a comment Login