ഡിജിറ്റല്‍ അടിയന്തരാവസ്ഥ

ഡിജിറ്റല്‍ അടിയന്തരാവസ്ഥ

ഇന്ത്യയിലെ നരേന്ദ്രമോഡി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന മുഖപ്രസംഗവുമായാണ് കഴിഞ്ഞ ദിവസം ‘വാഷിംഗ്ടണ്‍ പോസ്റ്റ്’ ദിനപത്രം ഇറങ്ങിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യക്ക് ആ വിശേഷണത്തിന് അര്‍ഹതയുണ്ടോയെന്ന സംശയം ബലപ്പെടുകയാണെന്ന് മുഖപ്രസംഗം അഭിപ്രായപ്പെടുന്നു. കര്‍ഷക സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ ജയിലിലടച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖപ്രസംഗം. മോഡി സര്‍ക്കാര്‍ തുടരുന്ന അവകാശ ലംഘനങ്ങളുടെ ഒടുവിലെ ഉദാഹരണമാണ് ഈ അറസ്റ്റെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു. കര്‍ഷക പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത കാര്യവും പ്രക്ഷോഭവുമായി ബന്ധപ്പെട്ട നൂറുകണക്കിന് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ട്വിറ്ററില്‍ സമ്മര്‍ദം ചെലുത്തിയ കാര്യവും മുഖ്യധാരാ മാധ്യമങ്ങളില്‍ ഭൂരിപക്ഷത്തെയും ഭീഷണിപ്പെടുത്തി ‘സ്വയം സെന്‍സര്‍’ ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയ കാര്യവും മുഖപ്രസംഗത്തില്‍ എടുത്തുപറയുന്നുണ്ട്.

ഈ മുഖപ്രസംഗം അച്ചടിച്ച വാഷിംഗ്ടണ്‍ പോസ്റ്റ് ദിനപത്രം പുറത്തിറങ്ങിയ ദിവസം മോഡി സര്‍ക്കാര്‍ മറ്റൊരു സുപ്രധാന വിജ്ഞാപനം പുറത്തിറക്കി. ഡിജിറ്റല്‍ മാധ്യമങ്ങളെയും സാമൂഹിക മാധ്യമങ്ങളെയും ഒ ടി ടി എന്ന് അറിയപ്പെടുന്ന ഇന്റര്‍നെറ്റ് അധിഷ്ഠിത സിനിമാസീരിയല്‍ പ്രദര്‍ശനത്തെയും നിയന്ത്രിക്കാനുള്ള കര്‍ശന മാര്‍ഗനിര്‍ദേശങ്ങളാണ് കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവഡേക്കറും പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. ഇതനുസരിച്ച് സാമൂഹിക മാധ്യമങ്ങളെ ഐടി, ഇലക്ട്രോണിക്സ് മന്ത്രാലയവും ഡിജിറ്റല്‍ മാധ്യങ്ങളെയും ഒ ടി ടി പ്ലാറ്റ്ഫോമുകളെയും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും നിയന്ത്രിക്കും. സേവനദാതാക്കള്‍ സ്വയം നിയന്ത്രണസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഉള്ളടക്കത്തെ കുറിച്ചുള്ള പരാതി പരിഹരിക്കാന്‍ സ്ഥാപനങ്ങളും സേവനദാതാക്കളും ചുമതലക്കാരനെ നിശ്ചയിക്കണം. പരാതി കിട്ടിയാല്‍ 24 മണിക്കൂറിനകം രസീത് നല്‍കണം. 15 ദിവസത്തിനകം പരിഹരിക്കണം. വ്യക്തികളുടെ സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതോ ലൈംഗികാതിക്രമ, അശ്ലീല സ്വഭാവമുള്ളതോ ആയ ഉള്ളടക്കത്തെക്കുറിച്ച് പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം നീക്കം ചെയ്യുകയോ മറ്റുള്ളവര്‍ കാണുന്നത് തടയുകയോ വേണം. നിയമനടപടികളുടെ ഏകോപനത്തിന് 24 മണിക്കൂര്‍ സംവിധാനം വേണം. ഇവയൊക്കെയാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍.
ഒ ടി ടി പരിപാടികളുടെ ഉള്ളടക്കം പ്രായത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചാക്കണമെന്ന് നിര്‍ദേശമുണ്ട്. എല്ലാവര്‍ക്കും കാണാവുന്നത്, ഏഴ് വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കാണാവുന്നത്, 13 മുതല്‍ മുകളില്‍ പ്രായമുള്ളവര്‍ക്ക് കാണാവുന്നത്, 16 മുതല്‍ മുകളില്‍ പ്രായമുള്ളവര്‍ക്ക് കാണാവുന്നത്, പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം കാണാവുന്നത് എന്നിങ്ങനെയാവും തരംതിരിവ്. ഡിജിറ്റല്‍ മാധ്യമങ്ങളിലെ വാര്‍ത്താപരിപാടികളുടെ ഉള്ളടക്കം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് നിയന്ത്രണനിയമം എന്നിവയുടെ പരിധിയില്‍ വരും. പരാതികള്‍ പരിഹരിക്കാന്‍ പ്രസാധകര്‍ ചുമതലക്കാരനെ നിയോഗിക്കണം. പ്രസാധകരുടെ പൊതുവേദിക്ക് സ്വയംനിയന്ത്രണ സമിതി രൂപീകരിക്കാം. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെയോ ഹൈക്കോടതി ജഡ്ജിയുടെയോ മറ്റേതെങ്കിലും പ്രഗത്ഭ വ്യക്തിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ ആറ് പേര്‍ വരെയാകാം. വാര്‍ത്താവിതരണ മന്ത്രാലയത്തില്‍ സമിതി രജിസ്റ്റര്‍ ചെയ്യണം. മേല്‍നോട്ട സംവിധാനം മന്ത്രാലയം ഏര്‍പ്പെടുത്തും. പരാതി പരിഹരിക്കാന്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള സംവിധാനം വരും.

സമൂഹമാധ്യമങ്ങളുടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും രീതികളില്‍ തൃപ്തിയുള്ളവരല്ല ഭൂരിപക്ഷം ജനങ്ങളും. അവയ്ക്കുമേല്‍ ചില നിയന്ത്രണങ്ങള്‍ വേണം എന്ന അഭിപ്രായം ഉയരാന്‍ തുടങ്ങിയിട്ടും കുറേയായി. അതുകൊണ്ടുതന്നെ പ്രത്യക്ഷത്തില്‍ വേണ്ടതുതന്നെ എന്ന് തോന്നിക്കുന്നവയാണ് ഈ നിയന്ത്രണങ്ങള്‍. അതുകൊണ്ട്, അപകടകരമായ പൊതുസ്വീകാര്യതയുടെ തലം കൂടി കൈവരിക്കാനുള്ള സാധ്യത ഇതിലുണ്ട്. അനാശാസ്യമായ ആശയവിനിമയങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള കാവല്‍നായ ആയാണ് ഈ മാര്‍ഗനിര്‍ദേശങ്ങളെ കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍, കാവല്‍നായയുടെ തോലണിഞ്ഞ് നില്‍ക്കുന്നത് ചെന്നായയാണെന്ന് പുതിയ വിജ്ഞാപനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള മുഖപ്രസംഗത്തില്‍ ‘ദ ഹിന്ദു’ ദിനപത്രം ചൂണ്ടിക്കാണിക്കുന്നു. സമൂഹമാധ്യമങ്ങളെ നേരായ വഴിക്കു നടത്തുകയല്ല, രാഷ്ട്രീയ, പ്രത്യയശാസ്ത്ര തലത്തിലുള്ള ഉള്ളടക്ക, നടത്തിപ്പ് നിയന്ത്രണങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ യഥാര്‍ത്ഥ ലക്ഷ്യം. അതിനു വേണ്ടിയാണ് സമൂഹമാധ്യമങ്ങളും ഒ ടി ടി പ്ലാറ്റ്ഫോമുകളും അടങ്ങുന്ന ഡിജിറ്റല്‍ മീഡിയയെ വാര്‍ത്ത, പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിനുകീഴില്‍ കൊണ്ടുവന്നുകൊണ്ട് കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ മാര്‍ഗനിര്‍ദേശങ്ങള്‍.

രാജ്യത്തെ സാമ്പ്രദായിക മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാരിന്റെയും ചൊല്‍പ്പടിയിലായിട്ട് കുറച്ചു കാലമായി. ഭരണപക്ഷത്തെ നേതാക്കളോ വന്‍കിട വ്യവസായ ഗ്രൂപ്പുകളോ ആണ് മിക്ക ടെലിവിഷന്‍ ചാനലുകളുടെയും ഉടമകള്‍. കേന്ദ്ര സര്‍ക്കാരിനും സംഘപരിവാറിനും വേണ്ടി അജണ്ടകള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ ദൗത്യം. കേന്ദ്രനയങ്ങള്‍ക്കോ സംഘപരിപാവറിന്റെ കാര്യപരിപാടികള്‍ക്കോ എതിരേ കാര്യമായ എതിര്‍പ്പൊന്നും മുഖ്യധാരാ മാധ്യമങ്ങളില്‍നിന്ന് ഉയരാറില്ല. വിലകൊടുത്തും ഭീഷണിപ്പെടുത്തിയും മിക്കവരേയും വരുതിയിലാക്കിക്കഴിഞ്ഞു. എന്നാല്‍ വ്യത്യസ്താഭിപ്രായങ്ങള്‍ക്ക് വേദിയൊരുക്കുന്നത് ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകളും സമൂഹമാധ്യമങ്ങളാണ്. ജനങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും രാഷ്ട്രീയാവകാശങ്ങളും ഉപയോഗിക്കുന്നതിനുള്ള പുതിയ സാധ്യതകളാണ് അവ തുറന്നു നല്‍കിയത്. മുഖമില്ലാത്ത പൗന്മാര്‍ക്ക് രാഷ്ട്രീയാഭിപ്രായം പ്രകടിപ്പിക്കാന്‍ അതു വേദി നല്‍കി.

ഭരണകൂടത്തിന്റെയും സംഘപരിവാറിന്റെയും ചൊല്‍പ്പടിക്കു നില്‍ക്കുന്നില്ല എന്നതുകൊണ്ടുതന്നെ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് മേല്‍ കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ അത്ഭുതമില്ല. അതിനായി പലവട്ടം മോഡി സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും വേണ്ടത്ര വിജയിച്ചിട്ടില്ല. അതുകൊണ്ടാണ് പുതിയ ചട്ടം ഇറക്കിയിരിക്കുന്നത്. പുതിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ദുരുദ്ദേശ്യപരമായ സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്താന്‍ സമൂഹമാധ്യമങ്ങളുടെ നടത്തിപ്പുകാര്‍ ബാധ്യസ്ഥരാണ്. ഇത്തരം ഉള്ളടക്കം പ്രചരിപ്പിച്ചാല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ഇതു നല്ലതല്ലേ എന്നു തോന്നാം. എന്നാല്‍, സന്ദേശം ദുരുദ്ദേശ്യപരമാണോ എന്ന് ആര് തീരുമാനിക്കും എന്നതാണ് പ്രശ്നം. ഭരണകൂടത്തിന് ഇഷ്ടപ്പെടാത്തത് എന്തും ദുരുദ്ദേശ്യപരമെന്ന ഗണത്തില്‍പ്പെടുത്തി നടപടിയെടുക്കാം. പുതിയ നിയന്ത്രണങ്ങള്‍ ലക്ഷ്യംവെക്കുന്നത് ഡിജിറ്റല്‍ മാധ്യമ ലോകത്തെ സ്വകാര്യ സ്ഥാപനങ്ങളെയും അനാശാസ്യരീതികളെയുമല്ല, ആ സാങ്കേതിക വിദ്യ മുന്നോട്ടുവെക്കുന്ന ജനങ്ങളുടെ രാഷ്ട്രീയ ഇടപെടലുകളെത്തന്നെയാണ് എന്നര്‍ഥം.

സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അപകടകരമായ ആശയപ്രചാരണം തടയാന്‍ നിലവിലുള്ള വിവരസാങ്കേതിക വിദ്യാ നിയമം തന്നെ മതി. അതുതന്നെ ദുരുപയോഗം ചെയ്യുന്നുണ്ട്. ഐ ടി ആക്ടിലെ 69-ാം വകുപ്പ് പ്രകാരമാണ് ദിശ രവിയെ ജയിലിട്ടത്. ഈ നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും വരുംമുമ്പാണ് കശ്മീരില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയത്. അത് രാജ്യത്തെങ്ങും എപ്പോള്‍ വേണമെങ്കിലും നടപ്പാക്കാന്‍ കഴിയുന്ന അധികാരം കേന്ദ്രത്തിനുണ്ട്. അതൊന്നും പോരെന്നു തോന്നിയിട്ടാണ് പുതിയ ഉത്തരവുകളിറങ്ങുന്നത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ജനാധിപത്യ സാധ്യതകള്‍ മനുഷ്യരാശിക്ക് അവകാശപ്പെട്ടതാണ്. വിവരങ്ങളറിയാന്‍ സാമ്പ്രദായിക മാധ്യമങ്ങളെക്കാള്‍ ജനങ്ങള്‍ ഡിജിറ്റല്‍ മാധ്യമങ്ങളെ ആശ്രയിക്കുന്ന കാലമാണിത്. അതുകൊണ്ടുതന്നെ ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുക എന്നു പറഞ്ഞാല്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്യത്തെയാണ് നിയന്ത്രിക്കുന്നത്. ഭാവിയെത്തന്നെ നിര്‍ണയിക്കാന്‍ പോരുന്ന സാങ്കേതികവിദ്യയെ പൂര്‍ണമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ചുരുക്കിപ്പറഞ്ഞാല്‍ ഡിജിറ്റല്‍ അടിയന്തരാവസ്ഥയിലേക്കാണ് ഇന്ത്യ നീങ്ങുന്നത്.

എസ് കുമാര്‍

You must be logged in to post a comment Login