എഴുത്തോ നിന്റെ കഴുത്തോ എന്ന അടിയന്തരാവസ്ഥക്കാലത്തെ പഴയ ചോദ്യമാണ് സ്വതന്ത്രചിന്തകര്‍ക്കുമേല്‍ ഇപ്പോള്‍ തൂങ്ങിക്കിടക്കുന്നത്. കഴുത്തിനെക്കാള്‍ പ്രധാനം സ്വതന്ത്രചിന്തയാണെന്നു തന്നെയായിരുന്നു പ്രൊഫസര്‍ പ്രതാപ്ഭാനു മേത്തയുടെ നിലപാട്. ജോലി ഉപേക്ഷിച്ച് എഴുത്തു തുടരാന്‍ അദ്ദേഹം തീരുമാനിച്ചു. ‘ഇന്നത്തെ ഇന്ത്യയില്‍ സംസാരിക്കുന്നത് അപകടമാണ്’ എന്നാണ് അശോക സര്‍വകലാശാലയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ രാജിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് പ്രശസ്തമായ ‘ടൈം വാരിക’ നല്കിയ തലക്കെട്ട്. സ്വതന്ത്ര ചിന്തയ്ക്കു മേലുള്ള അപകടകരമായ ആക്രമണം എന്നാണ് ലോകത്തെ പ്രമുഖരായ 150 അക്കാദമിക പണ്ഡിതന്മാര് സംയുക്ത പ്രസ്താവനയില്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
സ്വതന്ത്രചിന്ത എന്ന വിശേഷണത്തിന് പ്രൊഫസര്‍ പ്രതാപ്ഭാനു മേത്തയുടെ കാര്യത്തില്‍ പ്രത്യേക പ്രസക്തിയുണ്ട്. അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനോ കോണ്‍ഗ്രസുകാരനോ അല്ല. ഏതെങ്കിലും രാഷ്ട്രീയകക്ഷിയോടോ പ്രത്യയശാസ്ത്രത്തോടോ പ്രത്യേകിച്ച് ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടുമില്ല. ഇന്ത്യയില്‍ പൊതുബുദ്ധിജീവി എന്ന അപൂര്‍വ ജനുസ്സില്പ്പെടുന്നയാളാണ് മേത്തയെന്ന് അദ്ദേഹത്തിന്റെ രാജിയെക്കുറിച്ച് എഴുതിയ കുറിപ്പില്‍ എന്‍ എസ് മാധവന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തികഞ്ഞ ആര്‍ജവത്തോടെ തന്റെ ചിന്തകള്‍ എവിടെയും പറയാന്‍ മടിക്കാത്തയാള്‍. മാറിമാറി വരുന്ന സര്‍ക്കാരുകളെ നിശിതമായി വിമര്ശിച്ചുപോന്നയാള്. സ്വാഭാവികമായും കുറച്ചുകാലമായി വിമര്‍ശനത്തിന്റെ കുന്തമുന ചെന്നു തറയ്ക്കുന്നത് നരേന്ദ്രമോഡി ഭരണകൂടത്തിനു മേലെയാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്വകാര്യ സര്‍വകലാശാലകളിലൊന്നായ അശോക യൂണിവേഴ്സിറ്റിയില്‍ നിന്ന് അദ്ദേഹത്തിന് രാജിവെക്കേണ്ടിവന്നതിന് കാരണവും അതുതന്നെ.
ലോകമറിയുന്ന പണ്ഡിതനാണ്. രാജസ്ഥാനിലെ ജോധ്പൂരില്‍ ജനിച്ച് വിദേശ സര്‍വകലാശാലകളില്‍ ഉപരിപഠനം നടത്തി ഇന്ത്യയിലും വിദേശത്തുമുള്ള പല സര്‍വകലാശാലകളിലും അധ്യാപനം നിര്‍വഹിച്ച മേത്ത. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് എന്ന ബൗദ്ധിക സംഘത്തിന്റെ പ്രസിഡന്റ്. അശോക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായും പ്രൊഫസറായും പ്രവര്‍ത്തിച്ച മേത്ത സമകാലിക വിഷയങ്ങളെപ്പറ്റി ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തില്‍ എഴുതുന്ന പംക്തിയ്ക്ക് വായനക്കാര്‍ ഏറെയാണ്. സഹിഷ്ണുതയും ഉദാരനിലപാടുകളും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു മോഡി ഭരണകാലത്ത് പ്രധാനമായും അദ്ദേഹത്തിന്റെ എഴുത്ത്. വര്‍ത്തമാനകാല ഇന്ത്യയില്‍ ലിബറല്‍ കാഴ്ചപ്പാടുകളുടെ മരണമണി മുഴങ്ങുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. ഭരണഘടനാ മൂല്യങ്ങളും പൗരസ്വാതന്ത്ര്യവും നിലര്‍ത്തണമെന്ന് നിരന്തരം ആഹ്വാനം ചെയ്തു. ദിശാബോധമില്ലാത്ത നേതൃത്വത്തിന്റെ അഭാവത്തില്‍, ഭൂപടത്തിലില്ലാത്ത ഏതോ സമുദ്രത്തിലേക്ക് കൂപ്പുകുത്തുകയാണ് ഇന്ത്യ എന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എക്സ്പ്രസില്‍ അദ്ദേഹം എഴുതി. സ്വാഭാവികമായും അദ്ദേഹം മോഡി ഭരണകൂടത്തിന്റെ കണ്ണിലെ കരടായി. മേത്തയെയല്ല, അദ്ദേഹം ജോലി ചെയ്യുന്ന സര്‍വകലാശാലയെയാണ് അവര്‍ ലക്ഷ്യംവെച്ചത്.
ഡല്‍ഹി ഐ ഐ ടിയില്‍ നിന്നു പഠിച്ചിറങ്ങിയ ഒരുസംഘമാളുകളുടെ ആശയമായിരുന്നു അശോക സര്‍വകലാശാല. ആര്‍ട്സ്, സയന്‍സ് വിഷയങ്ങളില്‍ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനം എന്നതായിരുന്നു അവരുടെ സ്വപ്നം. പണംമുടക്കാന്‍ തയാറായി വന്‍കിട വ്യവസായികള്‍ എത്തിയതോടെ ഹരിയാനയിലെ സോണിപത്ത് കേന്ദ്രമായി അശോക ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും മികച്ചയാളുകള് അവിടെ അധ്യാപകരായി എത്തി. സ്വകാര്യ സംരംഭകരുടെ ധനസഹായം കൊണ്ടു പ്രവര്‍ത്തിക്കുന്ന അശോകയ്ക്കുമേല് മോഡി ഭരണകൂടത്തിന് നേരിട്ട് ഇടപെടാന്‍ കഴിയില്ല. ധനസഹായത്തിന്റെ വഴിയടയ്ക്കുകയെന്ന കുടിലതന്ത്രമാണ് ഇവിടെയും പ്രയോഗിക്കപ്പെട്ടത്. സര്‍വകലാശാലയ്ക്കു പണം നല്കുന്ന സംരംഭകര്‍ക്കുമേല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. സര്‍ക്കാരിനെതിരെ മേത്ത നടത്തുന്ന വിമര്‍ശനങ്ങള്‍ സര്‍വകലാശാലയുടെ വികസനപദ്ധതികള്‍ക്ക് തടസ്സം നില്ക്കുന്നതായി ഒരു യോഗത്തില്‍ മേലാളന്മാര് വെളിപ്പെടുത്തി. ബൗദ്ധികതലത്തില്‍ മേത്ത നടത്തുന്ന ഇടപെടലുകള്‍ ഇനിയും സഹിക്കാന്‍ പറ്റില്ലെന്ന് സര്‍വകലാശാലകയുടെ ട്രസ്റ്റികളായ പ്രമഥ് രാജ് സിന്‍ഹയും ആഷിഷ് ധവാനും തുറന്നടിച്ചു. തന്റെ ബന്ധം സര്‍വകലാശാലയ്ക്ക് ഒരു രാഷ്ട്രീയ ബാധ്യതയായി മാറുമെന്നു മനസിലാക്കിയപ്പോള്‍ സ്ഥാനമൊഴിയാന്‍ മേത്ത തയാറായി.
അശോക സര്‍വകലാശാലയില്‍ നിന്ന് മേത്തയുടെ ആദ്യത്തെ രാജിയല്ല ഇത്. 2014ല്‍ നിലവില്‍ വന്ന സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി 2017ല്‍ നിയമിക്കപ്പെട്ടയാളാണ് മേത്ത. രണ്ടുവര്‍ഷം ആ സ്ഥാനത്തിരുന്ന ശേഷം 2019 ജൂലൈയില്‍ അദ്ദേഹം രാജിവെച്ചു. വ്യക്തിപരമായ പ്രശ്നങ്ങളും അക്കാദമിക വിഷയങ്ങളും മുന്‍നിര്‍ത്തിയാണ് രാജി എന്നാണ് അന്നദ്ദേഹം പറഞ്ഞിരുന്നത്. വി സി സ്ഥാനം ഒഴിഞ്ഞെങ്കിലും പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറായി തുടര്‍ന്ന മേത്ത ഈ മാര്‍ച്ച് 16ന് പ്രൊഫസര്‍ ജോലിയും രാജിവെക്കുകയായിരുന്നു. മോഡിസര്‍ക്കാരിന്റെ കാവിവത്കരണ പദ്ധതികളില്‍ പ്രതിഷേധിച്ച് നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ നിര്‍വാഹക സമിതിയില്‍ നിന്ന് 2016ല്‍ രാജി വെച്ചയാളാണ് മേത്ത. ആര് എസ് എസ് സഹയാത്രികനായ ശക്തി സിന്‍ഹയെ സ്ഥാപനത്തിന്റെ ഡയറക്ടറായി നിയമിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു അന്നത്തെ രാജി. യു പി എ ഭരണകാലത്ത് സര്‍ക്കാരിനു കീഴിലുള്ള നാഷണല്‍ നോളജ് കമ്മീഷന്റെ ഭാരവാഹികളില്‍ ഒരാളായിരുന്നു അദ്ദേഹം. അവിടെയിരുന്നുതന്നെ അദ്ദേഹം മന്മോഹന് സര്‍ക്കാരിന്റെ വീഴ്ചകളെ വിമര്‍ശിച്ചു. യു പി എ സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ച് 2006ല്‍ നോളജ് കമ്മീഷനില്‍ നിന്നു രാജിവെച്ചു.
അശോകയിലെ പ്രതിസന്ധി മേത്തയുടെ രാജിയില്‍ ഒതുങ്ങിയില്ല. മേത്ത രാജിവെച്ച് രണ്ടുദിവസം കഴിഞ്ഞപ്പോള്‍, സാമ്പത്തികവിദഗ്ധനായ അരവിന്ദ് സുബ്രഹ്മണ്യനും അവിടത്തെ അധ്യാപകജോലി ഉപേക്ഷിച്ചു. സ്വകാര്യ സര്‍വകലാശാലയാണെങ്കിലും അക്കാദമിക് സ്വാതന്ത്ര്യമില്ലെന്ന് അരവിന്ദ് സുബ്രഹ്മണ്യന് വൈസ് ചാന്‍സലര്‍ മാളവിക സര്‍ക്കാരിനയച്ച കത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ച് 2018ല്‍ ആ പദവി ഉപേക്ഷിച്ചയാളാണ്. ഇന്ത്യയില്‍ അക്കാദമിക് സ്വാതന്ത്ര്യത്തിനുമേല്‍ നടക്കുന്ന കടന്നാക്രമണങ്ങളുടെ ഫലമാണ് മേത്തയുടെയും അരവിന്ദ് സുബ്രഹ്മണ്യത്തിന്റെയും രാജി എന്നാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് അഭിപ്രായപ്പെട്ടത്. സര്‍വകലാശാലയുടെ ആത്മാവ് അഭിപ്രായസ്വാതന്ത്ര്യത്തിലാണ് നിലകൊള്ളുന്നതെന്നും അത് നിഷേധിക്കുകയെന്നാല്‍ ആത്മാവ് വില്‍ക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊളംബിയ, യേല്‍, ഹാര്‍വാഡ്, പ്രിന്‍സ്റ്റണ്‍, ഓക്സ്ഫഡ്, കേംബ്രിഡ്ജ് തുടങ്ങി ലോകത്തെ ഏറ്റവും പ്രശസ്തമായ സര്‍വകലാശാലകളിലെ 150 പണ്ഡിതര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. അമേരിക്കയിലെ സന്നദ്ധ സംഘടനയായ ഫ്രീഡം ഹൗസ് ഇന്ത്യയിലെ അക്കാദമി സ്വാതന്ത്ര്യ സ്കോര്‍ ഈ വര്‍ഷം മൂന്നില്‍ നിന്ന് രണ്ടായി കുറച്ച കാര്യം ഇതുസംബന്ധിച്ച ടൈം വാരികയുടെ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രമല്ല, സ്വകാര്യസ്ഥാപനങ്ങളും തങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കണമെന്ന സന്ദേശമാണ് അശോക സര്വകലാശാലയ്ക്കുമേലുള്ള സമ്മര്‍ദത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അംഗന ചാറ്റര്‍ജി ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുന്നതിന് തടസ്സം നില്ക്കുന്ന ഏകപ്രതിപക്ഷം ഇവിടത്തെ അക്കാദമിക സമൂഹവും പൗരസമൂഹവുമാണെന്ന് ബി ജെ പി മനസിലാക്കിയിട്ടുണ്ടെന്നും അതിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സാമൂഹികപ്രവര്ത്തകന് ഹര്‍ഷ് മന്ദര്‍ പറയുന്നു. പതിറ്റാണ്ടുകളായി യു എസ് സര്‍ക്കാരിനെയും അവിടത്തെ മുതലാളിത്ത വ്യവസ്ഥയെയും അതിരൂക്ഷമായി വിമര്ശിച്ചുകൊണ്ടിരിക്കുന്ന നോം ചോംസ്കിയെപ്പോലൊരു സ്വതന്ത്ര ചിന്തകനെ സംരക്ഷിച്ചുനിര്‍ത്തുന്നത് അവിടത്തെ അക്കാദമിക ലോകമാണെന്ന് എന്‍ എസ് മാധവന് ചൂണ്ടിക്കാണിക്കുന്നു. പരിരക്ഷയുടെ അത്തരം തുരുത്തുകള്‍ പോലും ഇന്ത്യയില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.
എസ് കുമാര്‍
You must be logged in to post a comment Login