അഫ്ഗാനില്‍ താലിബാന് പിടിമുറുക്കിയതുമുതല്‍ പല രീതിയിലുള്ള ചര്‍ച്ചകളാൽ ചൂടുപിടിച്ചിരിക്കുകയാണ് ലോക മാധ്യമങ്ങൾ. സാമ്രാജ്യത്വത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിയും, ഇസ്ലാമോഫോബിയ ഉല്‍പ്പാദിപ്പിച്ചും, താലിബാനെ തള്ളിയും, വെള്ളപൂശിയും അങ്ങനെ വ്യത്യസ്തങ്ങളായ നിരവധി ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും വന്നുകഴിഞ്ഞു. താലിബാന് വിഷയത്തില്‍ ഇപ്പോഴും വിവിധ തലങ്ങളിലുള്ള വിലയിരുത്തലുകളും, വിശകലനങ്ങളും നടക്കുന്നു, അതേത്തുടർന്നുണ്ടായ തര്‍ക്കങ്ങളും സംവാദങ്ങളും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. മുന്‍വിധികളുടെ അടിസ്ഥാനത്തിലും, ഹിഡന്‍ അജണ്ടകള്‍ വച്ചുമാണ് ഭൂരിഭാഗം പ്രതികരണങ്ങളും സംഭവിക്കുന്നത്. താലിബാന് വിഷയത്തെ വിശാലാർഥത്തില്‍ സത്യസന്ധമായി വിലയിരുത്തുന്ന വിശകലനങ്ങള്‍ ചുരുക്കമാണ്. ചരിത്രവും വര്‍ത്തമാനവും ഒരുപോലെ അറിയുകയും സമഗ്ര വിശകലനത്തിന് വിധേയമാക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ അഫ്ഗാന് വിഷയത്തില്‍ ശരിയായ വീക്ഷണത്തില്‍ എത്താന്‍ കഴിയൂ.
1979 ലെ സോവിയറ്റ് അധിനിവേശം മുതലാണ് അഫ്ഗാനിലെ ആധുനിക ചരിത്രത്തിലെ ഒരു സുപ്രധാന ഘട്ടം ആരംഭിക്കുന്നത്. അതിനു മുന്‍പും കമ്മ്യൂണിസ്റ്റ് ആധിപത്യം അഫ്ഗാനില്‍ ഉണ്ടായിരുന്നു. വിവിധ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ സോവിയറ്റ് യൂണിയനോട് ആഭിമുഖ്യം പുലര്‍ത്തുമ്പോള്‍ ചില വിഭാഗങ്ങള്‍ അതിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. 1970മുതല്‍ അതുമായി ബന്ധപ്പെട്ട രാഷ്ട്രീയസംഘര്‍ഷങ്ങള്‍ അഫ്ഗാനില്‍ നിലനിന്നിരുന്നു. സോവിയറ്റ് അധിനിവേശം സംഭവിച്ചപ്പോള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായി. അഫ്ഗാനിലെ വിവിധ സായുധ ഗ്രൂപ്പുകള്‍ സോവിയറ്റ് യൂണിയനെതിരെ യുദ്ധത്തിനിറങ്ങി. കമ്മ്യൂണിസ്റ്റ് ഭരണം അഫ്ഗാനിനെ മതമുക്തമാക്കാനുള്ള ശ്രമങ്ങള്‍ കൂടി നടത്തിയപ്പോള്‍ സോവിയറ്റ് യൂണിയന് എതിരെയുള്ള അഫ്ഗാന് പോരാളികളുടെ പോരാട്ടം ഒരേസമയം അധിനിവേശ വിരുദ്ധവും ജിഹാദുമായി ചിത്രീകരിക്കപ്പെട്ടു. പോരാളികള്‍ അഫ്ഗാന് മുജാഹിദുകള്‍ എന്നും അറിയപ്പെട്ടു.
1987-89 കാലത്ത് സോവിയറ്റ് സൈന്യം സമ്പൂർണമായി തോറ്റു പിന്മാറിയതോടെ 1992 ല്‍ അഫ്ഗാന് മുജാഹിദുകള്‍ എന്നറിയപ്പെട്ട ഗ്രൂപ്പുകള്‍ അധികാരത്തിലെത്തി. വിവിധ ഗോത്രങ്ങളായി നിലകൊണ്ടിരുന്ന അഫ്ഗാന് ജനതയ്ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും സാധാരണമായിരുന്നു. അധികാരത്തിലേറിയ അഫ്ഗാന് മുജാഹിദുകളും ഭിന്നചേരികളായി പരസ്പരം പോരടിച്ചുകൊണ്ടിരുന്നു. അതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടെങ്കിലും രാഷ്ട്രീയസ്ഥിരത കൈവരിക്കാനായില്ല. അഫ്ഗാനിലെ ഗോത്രവര്‍ഗ വ്യവസ്ഥ എപ്പോഴും സങ്കീര്‍ണമായ സാമൂഹിക രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചിരുന്നു. ഗോത്രവിഭാഗീയതയും സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും അഫ്ഗാനിലെ രാഷ്ട്രീയസാഹചര്യം സംഘര്‍ഷഭരിതമാക്കി. ഈ രാഷ്ട്രീയഅനിശ്ചിതത്വമാണ് താലിബാന്റെ ഉദയത്തിലേക്കും അധികാര ആരോഹണത്തിലേക്കും നയിച്ചത്. അഫ്ഗാന് മുജാഹിദുകള്‍ക്കിടയിലെ ഭിന്നത, ഗോത്രവർഗക്കാര്ക്കിടയിലുള്ള പിണക്കങ്ങള്‍, അതുമൂലമുണ്ടായ അരക്ഷിതാവസ്ഥ, ആഭ്യന്തരസംഘര്‍ഷങ്ങള്‍, അമേരിക്കന്‍ വിരുദ്ധത തുടങ്ങിയ കാരണങ്ങളാല്‍ താലിബാന് സ്വീകാര്യത വര്‍ധിച്ചു. 1996ല്‍ അധികാരത്തിലേറിയ താലിബാന് 2001 വരെ ഭരിക്കുകയും ചെയ്തു.
2001 സെപ്തംബര്‍ 11 ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടതോടെ ചിത്രം മാറി. ഇതിന്റെ സൂത്രധാരനെന്ന് അമേരിക്ക കരുതുന്ന ഉസാമ ബിന്‍ ലാദന് അഫ്ഗാനിസ്ഥാനില്‍ അഭയം തേടിയിരുന്നു. ഉസാമയെ തിരിച്ചുകിട്ടണം എന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചില്ലെന്ന കാരണം പറഞ്ഞ് അമേരിക്ക അഫ്ഗാനില്‍ തുറന്നയുദ്ധം ആരംഭിച്ചു. അമേരിക്ക തന്നെ പല ഘട്ടങ്ങളിലും സഹായിക്കുകയും വളര്‍ത്തുകയും ചെയ്ത താലിബാനെ അധികാരഭ്രഷ്ടമാക്കി പുതിയ സര്‍ക്കാരിനെ പ്രതിഷ്ഠിച്ചു.
അമേരിക്കന്‍ സഹായത്തോടെ ഇരുപതുവര്‍ഷം നീണ്ടുനിന്ന ആ ഭരണസംവിധാനമാണ് ഇപ്പോള്‍ താലിബാനിനു മുന്നില്‍ അടിയറവ് പറഞ്ഞിരിക്കുന്നത്. ഇരുപത് വര്‍ഷം അമേരിക്ക ആളും അർഥവും നിര്‍ലോഭം ചെലവഴിച്ചിട്ടും ഒരു ഫലവും ലഭിക്കാതെ തലകുനിച്ച് മടങ്ങുകയാണിപ്പോള്‍. അമേരിക്കയുടെ തന്നെ ഒത്താശയോടെയാണ് താലിബാൻ അഫ്ഗാനിൽ ഇപ്പോൾ അധികാരമേറിയത്.
2001 ഒക്ടോബര്‍ മുതല്‍ 2019 സെപ്തംബര്‍വരെ യു എസ് പ്രതിരോധവകുപ്പിന്റെ കണക്കനുസരിച്ച് അഫ്ഗാനിസ്ഥാനിലെ മൊത്തം സൈനികചെലവ് മാത്രം 778 ബ്രില്യന് ഡോളറാണ്. ബൈഡന് പറഞ്ഞത് അഫ്ഗാനിസ്ഥാനില്‍ ഇതിനകം അമേരിക്ക ഒരു ലക്ഷം കോടി ഡോളര്‍ ചെലവഴിച്ചുവെന്നാണ്. അഫ്ഗാനിലെ സൈനികനടപടികളുടെ ഭാഗമായി ഇതുവരെ 2300 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും, 20660 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരുപതുവര്‍ഷം ഇങ്ങനെയൊക്കെ അമേരിക്ക അഫ്ഗാനില്‍ അധ്വാനിച്ചിട്ടും താലിബാനെ ദുര്‍ബലമാക്കാനോ ഒരു സുസ്ഥിരഭരണം കൊണ്ടുവരാനോ കഴിഞ്ഞില്ലെന്നത് അമേരിക്കയുടെ തികഞ്ഞ പരാജയമാണ്.
ചരിത്രവുംവര്ത്തമാനവും സൂക്ഷ്മമായി പരിശോധിക്കുമ്പോൾ അഫ്ഗാനിന്റെ പതിതാവസ്ഥയുടെ പ്രധാന കാരണം അധിനിവേശ ശക്തികളാണെന്ന് കാണാം. മധ്യേഷ്യയിലെ തന്ത്രപ്രധാനമായ ഭൂഭാഗത്ത് നിലകൊള്ളുന്ന രാജ്യമായതുകൊണ്ടുതന്നെ അഫ്ഗാനിൽ വിദേശ ശക്തികള്‍ക്ക് എന്നും താല്പര്യങ്ങളുണ്ടായിരുന്നു. അമേരിക്കയും പാകിസ്ഥാനും ആയിരുന്നു അതിലെ പ്രധാനികള്‍. അവരുടെ ഇംഗിതങ്ങള്‍ നടക്കുന്നതിനുവേണ്ടി അവസരം കിട്ടുമ്പോഴെല്ലാം അവര്‍ ഇടപെട്ടു കൊണ്ടിരുന്നു. അത്തരം ഇടപെടലുകള്‍ അഫ്ഗാനിലെ അവസ്ഥ കൂടുതല്‍ ദുഷ്കരമാക്കി. കര്‍ട്ടനു പിന്നിലും മുന്നിലുമായി വിദഗ്ധമായി തന്നെ കളിച്ചും നിയന്ത്രിച്ചും അവർ സജീവമായി ഉണ്ടായിരുന്നു. ഒരു രാജ്യത്തെ പുറത്തുള്ളവർക്ക് അവരുടെ താല്പര്യങ്ങള്ക്കനുസരിച്ച് എങ്ങനെ രൂപപ്പെടുത്താം എന്നതിന്റെ “മികച്ച’ ഉദാഹരണമായി അഫ്ഗാനിസ്ഥാന് മാറി. താലിബാനെ ഒരുകാലത്ത് താലോലിച്ചിരുന്നത് അമേരിക്ക തന്നെയായിരുന്നു എന്നത് ഇതിനോട് ചേര്‍ത്തുവായിക്കാം. ആയുധക്കച്ചവടവും ഭൗമരാഷ്ട്രീയവും വാണിജ്യ, വ്യവസായ താല്പര്യങ്ങളുമെല്ലാം ചേര്‍ന്ന പ്രത്യേകമായൊരു ഇഷ്ടമാണ് അമേരിക്കയെ അഫ്ഗാനില്‍ എത്തിച്ചത്. അതില്‍ നിന്നുതന്നെ വ്യക്തമാണ് അമേരിക്കക്ക് നിലപാടുകള്‍ ഇല്ല, താല്പര്യങ്ങള് മാത്രമാണുള്ളത് എന്ന്. ചുരുക്കത്തില്‍ സാമ്രാജ്യത്വ, രാഷ്ട്രീയ, മുതലാളിത്തതാല്പര്യങ്ങളുടെ ഇരയായിരുന്നു അഫ്ഗാന്.
യാഥാര്‍ത്ഥ്യം ഇതായിരിക്കേ അഫ്ഗാനിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം താലിബാനും, ഇസ്്ലാമുമാണെന്ന നരേഷന് കണ്ണടച്ച് ഇരുട്ടാക്കലാണ്. തീര്‍ച്ചയായും താലിബാന്റെ പ്രവര്‍ത്തനങ്ങളെ പ്രശ്നവത്കരിക്കേണ്ടതുണ്ട്. പക്ഷേ വിഷയത്തെ അതിന്റെ സമഗ്രതയോടുകൂടി സമീപിച്ചാകണം വിലയിരുത്തല്‍ നടത്തേണ്ടത്. അല്ലെങ്കില്‍ ഏകപക്ഷീയവും, ചരിത്ര വിരുദ്ധവുമായ നിലപാടുകളായിരിക്കും പുറത്തേക്കുവരിക. താലിബാന്റെ ധാര്‍മിക ഉത്തരവാദിത്തം മുസ്ലിംകള് ഏറ്റെടുക്കണം എന്ന വാദഗതി മുതല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ധാരാളമായി അഫ്ഗാന് വിഷയത്തെ മുന്‍നിര്‍ത്തി സ്ഥാപിത താത്പര്യക്കാര്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്.
ഇസ്ലാമികഭരണം സ്ഥാപിക്കപ്പെട്ടിടത്തെല്ലാം മനുഷ്യാവകാശലംഘനങ്ങള്‍ നിര്‍ലോഭം നടക്കുന്നുവെന്നും മുസ്ലിം ഭരണാധികാരികൾക്കു കീഴില്‍ അന്യമതസ്ഥര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലെന്നും താലിബാനും ഐ എസുമെല്ലാം ഇസ്്ലാമിന്റെ പ്രായോഗിക രൂപമാണെന്നുമെല്ലാം ഇതിനിടയില്‍ അവസരം മുതലെടുത്ത് വിശദീകരിക്കുന്നവരുണ്ട്.
ഈ ഇസ്്ലാമോഫോബിക് അജണ്ടകളെ അറിഞ്ഞും, അറിയാതെയും മതനിരപേക്ഷ മുഖമുള്ളവര്‍ പിന്താങ്ങുന്നുവെന്നതാണ് ദൗര്‍ഭാഗ്യകരം.
ശരിയായ ഇസ്്ലാമിക ഭരണം നടന്നിരുന്ന നാല് ഖലീഫമാരുടെ കാലത്തെ ചരിത്രം പഠിക്കുന്നവര്‍ക്ക് ഇസ്ലാമിക ഖിലാഫത്തിന്റെ സൗന്ദര്യം ബോധ്യപ്പെടും. അവിടെയൊരിക്കലും മനുഷ്യാവകാശ ലംഘനങ്ങള്‍ സംഭവിച്ചിരുന്നില്ല എന്നത് ചരിത്ര യാഥാര്‍ത്ഥ്യമാണ്.
ബിപിന്‍ ചന്ദ്രയുടെ “ഗ്രോത്ത് ഓഫ് കമ്യൂണലിസം ഇന്‍ ഇന്ത്യ’ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നൊരു കാര്യമുണ്ട്. മധ്യകാല ഇന്ത്യയുടെ ആയിരം കൊല്ലം ഭരിച്ചത് മുസ്്ലിം രാജാക്കന്മാരാണ്. എഡി 622 ലെ സിന്ധ് ആക്രമണം മുതല്‍ ഔറംഗസീബിന്റെ കാലഘട്ടം വരെയുള്ള കാലത്ത് മതസംഘര്‍ഷങ്ങളോ, വര്ഗീയസംഘട്ടനങ്ങളോ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം അടിവരയിടുന്നു. ജൂതവേട്ട ലോകമാകെ വ്യാപകമായി നടന്നിരുന്ന കാലത്തും അവര്‍ക്ക് സ്വസ്ഥത ലഭിച്ചിരുന്നത് മുസ്ലിം ഭരണാധികാരികള്‍ക്ക് കീഴിലായിരുന്നുവെന്ന ചരിത്ര സാക്ഷ്യവുമുണ്ട്. പൊതുബോധമെന്ന പേരില്‍ നുണകള്‍ പ്രചരിപ്പിക്കുന്നവര്‍ ഈ വസ്തുതകളൊന്ന് പരിശോധിക്കാന്‍ തയാറാകണം.
ഏതെങ്കിലും മതനാമധാരികള്‍ ചെയ്തു കൂട്ടുന്ന അക്രമങ്ങള്‍ക്ക് ആ മതം ഉത്തരവാദിയല്ലെന്ന സാമാന്യബോധം എല്ലാവര്‍ക്കുമുണ്ടാകണം. ഭീകരതക്ക് മതമില്ലെന്ന് ആര്‍ക്കാണറിയാത്തത്. മ്യാന്മറിലെ ബുദ്ധഭിക്ഷുക്കള്‍ ചെയ്തുകൂട്ടുന്ന ക്രൂരതകള്‍ക്ക് ബുദ്ധമതത്തെ പഴിക്കാന്‍ ആരും തയാറാകില്ലല്ലോ. ഇന്ത്യയിലെ ഹിന്ദുത്വഭീകരരുടെ ചെയ്തികള്‍ക്ക് ഹിന്ദുമതത്തെ വിമര്‍ശിക്കാനും ആരും മുതിരാറില്ല. ന്യൂസിലാന്റിലെ മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിലെ പ്രതിയുടെ മതമന്വേഷിച്ച് ആരും പോയിട്ടുമില്ല. കിട്ടിയ തക്കത്തിന് ഇസ്്ലാമോഫോബിയ ഉദ്പാദിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഇവ കൂടി വിലയിരുത്തണം.
സാമ്രാജ്യത്വ മുതലാളിത്ത താത്പര്യങ്ങളുടെ പരിണിതി അഫ്ഗാനിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണമായിട്ടുണ്ടെങ്കിലും, അതിന്റെ ഉപോത്പന്നമായ താലിബാന്റെ ചെയ്തികളെ അപ്പേരിൽ ന്യായീകരിക്കുന്നത് നീതീകരിക്കാനാകില്ല. ചെറിയൊരു ന്യൂനപക്ഷം താലിബാന്റെ വാഴ്ചയില്‍ നിഗൂഢമായി ആനന്ദിക്കുന്നുണ്ടാകാം, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പതനമായിരിക്കാം ഒരുപക്ഷേ അവരെ സന്തോഷിപ്പിക്കുന്നത്. വളരെ കുറഞ്ഞ ഒരു സംഘം താലിബാന് ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നുവെന്നോ, അല്ലെങ്കില്‍ ഇത് നിയോതാലിബാനാണെന്നോ വിശ്വസിക്കുന്നുണ്ടാകാം. എന്നാല്‍ നാളിതുവരെയുള്ള താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നത് അവര്‍ ഇസ്്ലാമിന്റെ തെറ്റായ പ്രതിനിധാനമാണെന്നാണ്. അതുകൊണ്ട് ആരെങ്കിലും അവരെ ന്യായീകരിക്കാനോ, മഹത്വവത്കരിക്കാനോ തുനിയുന്നുവെങ്കില്‍ അത് ശരിയല്ല. രാഷ്ട്രീയധികാരം പിടിക്കാന്‍ മതത്തെ ഉപയോഗിക്കുന്ന പല സംഘങ്ങളില്‍ ഒന്നുമാത്രമാണ് താലിബാന്. മതത്തെ അധികാരത്തിലേക്കുളള വഴിയായി സ്വീകരിക്കുന്നവര്‍ പ്രതിനിധാനം ചെയ്യുന്നത് പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളെയാണ്. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പ്രാകൃതവേര്ഷനാണ് പലപ്പോഴും അവരില്‍ നിന്ന് ദൃശ്യമാകുന്നത്. താലിബാനില്‍ നിന്ന് സംഭവിക്കുന്ന ഏതൊരക്രമവും സന്തോഷിപ്പിക്കുന്നത് മുസ്ലിം വേട്ടക്കാരെയാണെന്നതു ഓര്‍ക്കണം. മുസ്ലിംകള് ഇരകളാക്കപ്പെടേണ്ടവര്‍ തന്നെയാണെന്ന പൊതുബോധം നിര്‍മിക്കാന്‍ താലിബാന്റെ അതിക്രമങ്ങള്‍ ഇസ്്ലാം വിരുദ്ധരെ സഹായിക്കുന്നുണ്ട്.
ന്യൂനോര്‍മല്‍ കാലത്തെ താലിബാന് നോര്‍മലായി കാര്യങ്ങളെ കാണുന്ന കാലം വരുമോ എന്നത് കാത്തിരുന്ന് കാണാം. താലിബാനുമായി കൂട്ടുകൂടുന്ന ലോകരാജ്യങ്ങള്‍ക്ക് അതിനായി ചിലതൊക്കെ ചെയ്യാന്‍ കഴിയും.അവരുമായി സഖ്യം ചേര്‍ന്ന് സ്വന്തം താത്പര്യങ്ങൾക്ക് ഉപയോഗിച്ച് ഉപേക്ഷിക്കുകയല്ല വേണ്ടത്. അവരെ ജനാധിപത്യവത്കരിക്കാനും മാനവികമാക്കാനും പരിശ്രമിക്കണം.
ഗോത്രവർഗ പശ്ചാതലവും അവരിലേക്ക് എത്തിയ ഇസ്ലാമിക ആദര്‍ശവും കൂടി മിശ്രിതമായ സാമൂഹിക രാഷ്ട്രീയ സാഹചര്യമാണ് അഫ്ഗാന്റെ പാരമ്പര്യം. അനേകം ഗോത്രവര്‍ഗങ്ങളുടെയും, വിവിധ ഗ്രൂപ്പുകളുടെയും സങ്കലനമായ താലിബാനില്‍ അതിനനുസരിച്ച സംസ്കാരവും സ്വഭാവവുമുണ്ടാകും. അതെല്ലാം പരിഗണിച്ചാകണം അവരെ വിലയിരുത്തേണ്ടത്.
താലിബാനും ഐ എസുമടക്കമുള്ള തീവ്രപ്രതിഭാസങ്ങളെ വിശകലനം ചെയ്യുമ്പോള്‍ സാമ്രാജ്യത്വ, രാഷ്ട്രീയ, തീവ്ര മതവ്യാഖ്യാനങ്ങളില്‍ മാത്രമായി അതിനെ ഒതുക്കാനാകില്ല. അതില്‍ മുതലാളിത്തത്തിന്റെയും, ആയുധ കച്ചവടത്തിന്റെയും, ഭൗതികതാത്പര്യങ്ങളുടെയും അംശങ്ങള്‍ ധാരാളമുണ്ട്. താലിബാന് വിഷയത്തെ വിശാലാർഥത്തില്‍, സത്യസന്ധമായി തന്നെ വിലയിരുത്തിയെങ്കിലേ ഒരു നിലപാട് രൂപപ്പെടുത്താൻ കഴിയൂ.
മുഹമ്മദ് റാഫി എ തിരുവനന്തപുരം
(സെക്രട്ടറി, എസ് എസ് എഫ് കേരള)
You must be logged in to post a comment Login