വടക്കന്‍ കേരളത്തിന്റെ മതസഹിഷ്ണുത

വടക്കന്‍ കേരളത്തിന്റെ  മതസഹിഷ്ണുത

ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും ഇടകലര്‍ന്ന് ജീവിക്കുന്ന സംസ്ഥാനമാണ് കേരളം. ഒരു മാലയില്‍ക്കോര്‍ത്ത മുത്തുമണികളെപ്പോലെ പരസ്പരം ഇടകലരാനും കൂടിയാടാനും അവസരം ലഭിക്കുന്നു. ഇതാണ് പുരാതന കാലംമുതല്‍ കേരളത്തിന്റെ മഹത്തായ പൈതൃകവും പാരമ്പര്യവും.

കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന കാസറഗോഡ് ജില്ല ബഹുഭാഷാ സംഗമഭൂമികയാണ്. മലയാളം, കന്നഡ, തുളു, ഉര്‍ദു, കൊരഗ, ഹിന്ദുസ്ഥാനി, കൊങ്കിണി തുടങ്ങിയ ഭാഷകള്‍ ഇവിടെ സംസാരിക്കുന്നതിനാല്‍ സപ്തഭാഷാ സംഗമഭൂമി എന്നും മറ്റൊരു രീതിയില്‍ ദൈവത്തിന്റെ സ്വന്തം ജില്ല എന്നും വിശേഷിപ്പിക്കപ്പെടുന്നു.

കാഞ്ഞിരമരങ്ങളുടെ കൂട്ടം എന്നർഥം വരുന്ന കന്നഡഭാഷയിലെ കുസിരകൂട് എന്ന പദം മലയാളീകരിച്ച് കാഞ്ഞിരോട് ആയിത്തീരുകയും അത് ലോപിച്ച് കാസറഗോഡ് ഉണ്ടായി എന്നുമാണ് നിഗമനം. വിനായക ചതുർഥിയാണ് ഇവിടത്തെ ഏറ്റവും വലിയ ഉത്സവം.

അറബിക്കടലിന്റെയും ചന്ദ്രഗിരി പുഴയുടെ അഴിമുഖത്തിന്റെയും പാര്‍ശ്വങ്ങളിലായി സ്ഥിതിചെയ്യുന്ന ഇവിടത്തെ മാലിക്ബ്‌നുദിനാര്‍ മസ്ജിദ് കേരളത്തിലെ പ്രഥമ ഇസ്‌ലാമിക പ്രബോധകനായ മാലിക്ബ്‌നു ദിനാര്‍ നിർമിച്ച ആദ്യപള്ളികളിൽപെടും.

കാസറഗോഡും ബര്‍ക്കൂരും മംഗളൂരുവിലും അക്കാലത്ത് തന്നെ മാലിക്ദീനാറിന്റെ സംഘത്തിൽപെട്ടവരുടെ ശ്രമഫലമായി പള്ളികള്‍ സ്ഥാപിച്ചു. പെരുമാളുടെ ഭരണപരിധി ഗോകർണംവരെ വ്യാപിച്ചിരുന്നതിനാല്‍ പെരുമാളുടെ അന്ത്യലിഖിതവുമായി വന്ന അറബികള്‍ക്കു മംഗലാപുരത്തും പരിസരപ്രദേശങ്ങളിലും അര്‍ഹമായ അംഗീകാരം ലഭിച്ചിരിക്കാം.
വാസ്തുവിദ്യയുടെ മകുടോദാഹരണമായ ഈ പള്ളി ടിപ്പുവിന്റെ കാലത്തു പരിഷ്‌കരണങ്ങള്‍ക്ക് വിധേയമായിരുന്നു. പുരാതനകാലം മുതല്‍ തന്നെ ഇവിടം പ്രധാന മുസ്‌ലിം കേന്ദ്രമായിരുന്നുവെന്ന് ഇബ്‌നു ബത്തൂത്ത പറയുന്നു. പൈതൃകത്തനിമയോടെ സശ്രദ്ധം സംരക്ഷിക്കുന്ന കേരളത്തിലെ പ്രമുഖ പള്ളികളിലൊന്നാണിത്. മാലിക് ഇബ്‌നു മുഹമ്മദ് കാസറഗോഡ് വെച്ചാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ ഖബറിടത്തില്‍ ഉറൂസ് നടന്നുവരുന്നു.
പള്ളിയും തൊട്ടടുത്ത ചിരുമ്പ ഭഗവതി ക്ഷേത്രവും മതമൈത്രിയുടെ പ്രതീകങ്ങളായി നിലകൊള്ളുന്നു. പള്ളിയിലെ ഉറൂസിനും ക്ഷേത്രത്തിലെ ഉത്സവത്തിനും ജാതിമതഭേദമന്യെ ജനസഞ്ചയം പങ്കെടുക്കുന്നു.

ദേവിയുടെ അര്‍ച്ചനയും പള്ളിയിലെ നേര്‍ച്ചയും
നന്മയുടെ ഉറവ വറ്റാത്ത ഇവിടത്തെ തേജസ്വിനി പുഴയുടെ കരയില്‍ നൂറ്റാണ്ടുകളായി ഹിന്ദുക്കളും മുസ്‌ലിംകളും വളരെ സൗഹാർദത്തോടെയാണ് ജീവിക്കുന്നത്. ഒരുമിച്ച് നായാട്ടിനുപോയി ലഭിച്ച മാംസമാണ് ദേവിയ്ക്ക് അര്‍ച്ചനയായും പള്ളിയില്‍ നേര്‍ച്ചക്കും നല്‍കിയിരുന്നത്. പുലര്‍ച്ചെ പള്ളിയിലെത്തി പ്രാർഥിച്ച് ആചാരവെടി മുഴക്കിയാണ് നായാട്ടുസംഘം പുറപ്പെടുക. മടങ്ങിവരുമ്പോള്‍ തെയ്യത്തിനും ആണ്ടുനേര്‍ച്ചക്കുംവേണ്ട മാംസം കരുതിയിരിക്കും.

മാനിറച്ചിയും ആണ്ടുനേര്‍ച്ചയുടെ അരിയും അന്ന് പെരുമ്പട്ട സ്വദേശികളുടെ അവകാശമാണ്. മാടാര്‍കുളങ്ങര കാളിഭഗവതിക്ഷേത്രത്തില്‍നിന്ന് പെരുമ്പട്ട ജുമാഅത്ത് പള്ളിയിലേക്കുള്ള വിഷ്ണുമൂര്‍ത്തിയുടെ യാത്രയുണ്ട്. ദുഷ്ടനിഗ്രഹം കഴിഞ്ഞാണ് വിഷ്ണുമൂര്‍ത്തിയുടെ യാത്ര. മുത്തുക്കുടകളും വെഞ്ചാമരവുമായി ഹൈന്ദവ വിശ്വാസികൾ അനുഗമിക്കും. ജുമുഅത് പള്ളി അങ്കണത്തിൽ അവർക്ക് മധുരപാനീയം നൽകും. മഖാമിനുമുന്നില്‍ എത്തിയ വിഷ്ണുമൂര്‍ത്തി എന്റെ വാങ്കും വെളിച്ചവും മുടക്കരുതെന്ന് അരുളുമത്രെ. വിഷ്ണുമൂര്‍ത്തിക്ക് കാശുകൊണ്ട് തിലകച്ചാര്‍ത്തു നൽകുമ്പോള്‍ സ്‌നേഹത്തിന്റെ ഇളനീര്‍ പകരമായി നല്‍കും. ഉത്സവത്തിനും ഉറൂസിനുമുള്ള ചുമരെഴുത്ത് ഒരുമിച്ചായിരിക്കും. സ്‌നേഹസൗഹൃദങ്ങളുടെ കൊടുക്കല്‍വാങ്ങലുകള്‍ക്ക് കേളികേട്ട പെരുമ്പട്ടയിലെ ജുമാമസ്ജിദും കാളിക്ഷേത്രവും നൂറ്റാണ്ടുകളുടെ മതസാഹോദര്യത്തിന്റെ മായാത്ത അടയാളങ്ങളാണ്.

കാസറഗോഡിന് സമീപം മൊഗ്രാലില്‍ നിന്ന് കർണാടകയിലെ പുത്തൂരിലേക്ക് വര്‍ഷങ്ങൾക്കുമുമ്പ് സർവീസ് നടത്തിയിരുന്ന ഒരു ബസിന്റെ പേര് ഹിന്ദു ഇസ്‌ലാം മോട്ടോര്‍ സർവീസ് എന്നായിരുന്നു.

ബംബ്രാന്ത ജുമാമസ്ജിദിന്റെ നടത്തിപ്പുകാര്‍ ഹിന്ദുസമുദായത്തിൽപെട്ട അഡിഗരായിരുന്നു. അദ്ദേഹത്തിന്റെ തറവാട്ടില്‍ നിന്നാണ് പള്ളി ഖത്തീബിനും മുഅദ്ദിനും തണ്ണീര്‍ മുക്രിക്കും ശമ്പളം നല്‍കിയിരുന്നത്.

കനകമലയും അലിയ്യുൽ കൂഫിയും
ഇറാഖിലെ കൂഫയില്‍ നിന്ന് എത്തിയ പ്രമുഖ സൂഫിവര്യനായ അലിയ്യുല്‍കൂഫിയുമായി ബന്ധപ്പെട്ടാണ് കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂരിലെ ഇസ്‌ലാമിക വളര്‍ച്ചയുടെ ചരിത്രം ആരംഭിക്കുന്നത്. അലിയ്യുല്‍ കൂഫി ഒരിക്കല്‍ പെരിങ്ങത്തൂരിനടുത്ത കനകമലയില്‍ ആരാധനയില്‍ മുഴുകിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ കൈതോല ശേഖരിക്കാന്‍ ഒരു അമുസ്‌ലിം യുവതി അവിടെയെത്തി.
മലയില്‍ ഏകനായി ധ്യാനത്തില്‍ മുഴുകിയ അപരിചിതനായ വ്യക്തിയെ കാണാനിടയായ വിവരം യുവതി തദ്ദേശീയരെ അറിയിച്ചു. ഈ അമാനുഷിക സൂഫിയെക്കുറിച്ച് നാടുവാഴിയുടെ ചെവിയിലും എത്തി. പല സിദ്ധന്മാരും ദീര്‍ഘകാലം ചികിത്സിച്ച് മാറാത്ത തന്റെ മകളുടെ ചർമരോഗം ഭേദമാക്കിക്കൊടുക്കുവാന്‍ നാടുവാഴി അഭ്യർഥിച്ചു. അദ്ദേഹം നടത്തിയ അസാധാരണ ചികിത്സയെ തുടര്‍ന്ന് അസുഖം പൂര്‍ണമായും സുഖപ്പെട്ടു. പ്രതിഫലമായി അദ്ദേഹത്തിന് ദാനമായി നല്‍കിയ സ്ഥലത്താണ് പെരിങ്ങത്തൂര്‍ ജമുഅത്ത്പള്ളി സ്ഥിതിചെയ്യുന്നത്. ഏകദേശം 1300 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അലിയ്യുല്‍കൂഫി പെരിങ്ങത്തൂരില്‍ എത്തിയതത്രെ. അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥലമാണ് പെരിങ്ങത്തൂര്‍ മഖാം.

എളുമന്ദം കല്യാണത്ത് മസ്ജിദ്
ഗോത്രസംസ്‌കൃതിയുമായി ബന്ധപ്പെട്ടതാണല്ലോ വയനാടിന്റെ സാംസ്‌കാരിക പശ്ചാത്തലം. ഇതരപ്രദേശങ്ങളില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത ജനങ്ങള്‍ അവരുടെ ഭാഷ, ആചാരം, സംസ്‌കാരം, ജീവിതരീതികള്‍ എന്നിവ ആദിവാസികളുമായി ഇഴുകിച്ചേര്‍ന്നുള്ള സങ്കരസംസ്‌കാരമാണ് ഈ പ്രദേശത്തിന്റേത്.
വയനാട് ജില്ലയില്‍ മാമലകളും മരതക കുന്നുകളും ഇഴചേര്‍ന്ന് നില്‍ക്കുന്ന പ്രകൃതിരമണീയമായ പ്രദേശത്താണ് എളുമന്ദം കല്യാണത്തുംപള്ളി. ആദ്യകാലത്ത് കാടുമൂടിക്കിടന്നിരുന്ന പ്രദേശമായിരുന്നു ഇവിടം. ഏതാണ്ട് മുന്നൂറു വര്‍ഷങ്ങൾക്കുമുമ്പാണ് പള്ളി നിലവില്‍ വന്നത്. അതിനുമുമ്പ് ഈ സ്ഥലം ഒരു നായര്‍ കുടുംബത്തിന്റെ അധീനതയിലായിരുന്നു.

വന്യമൃഗങ്ങൾ അധിവസിക്കുന്ന ഇവിടെ അജ്ഞാതനായ ഒരു സൂഫിവര്യന്‍ വന്ന് ആരാധനയില്‍ മുഴുകി. വിവരമറിഞ്ഞ് നാട്ടുകാരണവരായ നായര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് തന്റെ വീട്ടുകാര്യങ്ങളും സ്വകാര്യ ദുഃഖങ്ങളും തന്റെ മരുമകള്‍ക്ക് പിടിപെട്ട മാറാരോഗവും ബോധിപ്പിച്ചു. നാട്ടിലെയും അയല്‍പ്രദേശത്തെയും വൈദ്യന്മാരും മന്ത്രവാദികളും പലവട്ടം ചികിത്സിച്ചിട്ടും രോഗം ഭേദമായില്ലെന്നും താനും കുടുംബവും അതീവ ദുഃഖത്തിലാണെന്നും ബോധിപ്പിച്ചു. സൂഫിവര്യന്‍ രോഗശാന്തിക്കായി ദൈവത്തോട് പ്രാർഥിച്ചു.

കാരണവര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അസുഖം പൂര്‍ണമായും ഭേദമായി സന്തോഷവതിയായിരിക്കുന്ന മരുമകളെയാണ് കാണുന്നത്. അദ്ദേഹത്തിന് സൂഫിവര്യനില്‍ അളവറ്റ ആദരവും ബഹുമാനവും മനസിലുദിച്ചു. പ്രതിഫലമായി നായര്‍ കുടുംബം അദ്ദേഹത്തിന് ധാരാളം സ്വര്‍ണനാണയങ്ങളും അമൂല്യമായ രത്‌നങ്ങളും സമ്മാനിച്ചു. സൂഫിവര്യന്‍ അതെല്ലാം നിരാകരിച്ചു. പലതവണ നിര്‍ബന്ധിച്ചപ്പോള്‍ തനിക്ക് പ്രാർഥിക്കാന്‍ ഒരിടം പണിയാന്‍ ആവശ്യമായ സ്ഥലം നല്‍കിയാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
പള്ളിപണിയുന്നതിന് ഭൂമി വിട്ടുകൊടുത്ത ദിവസം ആലഞ്ചേരി നമ്പ്യാരുടെ വീട്ടിലൊരു കല്യാണം നടന്നിരുന്നുവെന്നും അതുകൊണ്ടാണ് പള്ളിക്ക് കല്യാണത്ത് പള്ളി എന്ന് പേര് സിദ്ധിച്ചതെന്നും പറയപ്പെടുന്നു.

അദ്ദേഹത്തിന്റെ ആഗ്രഹസഫലീകരണത്തിന് നായര്‍ കുടുംബം നിർമിച്ചുകൊടുത്തതാണ് എളുമന്ദം കല്യാണത്തും ജുമാമസ്ജിദ്. മരുമകളുടെ അസുഖം മാറിയതിനെത്തുടര്‍ന്ന് വിവാഹം ഭംഗിയായി നടക്കാന്‍ ഹേതുവായതിനാല്‍ പള്ളി കല്ല്യാണത്തും പള്ളി എന്ന പേരില്‍ പുകൾപെറ്റു.

ഈ പള്ളിയാണ് വയനാട്ടിലെ ഏറ്റവും പഴക്കമുള്ള പള്ളി. ഏകദേശം 1810- 1825 ഇടയ്ക്കാണ് നിർമാണകാലമെന്ന് അനുമാനിക്കപ്പെടുന്നു.

മാനന്തവാടി കമ്മന സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുണ്ടാലയില്‍ നിർമിച്ച ദേവമാതാവിന്റെ നാമത്തിലുള്ള പുതിയ കുരിശ്ശടി ചര്‍ച്ചിന്റെ കൂദാശകർമം ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് മെത്രോപ്പൊലീത്ത നിർവഹിച്ച ചടങ്ങില്‍ ഇടവക അംഗങ്ങളും ജുമാമസ്ജിദ് അംഗങ്ങളുമടക്കം നാനാജാതി മതസ്ഥരും പങ്കെടുത്തിരുന്നു.
വയനാട്ടിലെ പുത്തന്‍കുന്നു കോടതിപ്പടിയില്‍ മലങ്കര കത്തോലിക്കാ സഭ ദാനമായി നല്‍കിയ സ്ഥലത്താണ് ബത്തേരി സംയുക്ത മുസ്‌ലിം മഹല്ല് ജുമാമസ്ജിദ് നിർമിച്ചത്. ജുമാമസ്ജിദിന്റെ ഉദ്ഘാടന ചടങ്ങില്‍ ബത്തേരി രൂപത അധ്യക്ഷന്‍ ഡോ. ജോസഫ് തോമസ് മെത്രൊപൊലീത്ത മസ്ജിദിന്റെ പ്രമാണം മഹല്ല് ഭാരവാഹികളെ ഏല്‍പ്പിച്ചു.

(തുടരും)

ടി വി അബ്ദുറഹ്മാൻ കുട്ടി

You must be logged in to post a comment Login