ലക്ഷ്യം കണ്ട സമരം
കല്ലേറിലോ ലാത്തിച്ചാര്‍ജിലോ ചെന്നു തീരാത്ത ഒരു സമരവും കേരളം കണ്ടിരിക്കാനിടയില്ല. അതില്‍ നിന്നൊക്കെ വ്യത്യസ്തമായി കഴിഞ്ഞ ഡിസംബര്‍ 31ന് എസ്എസ്എഫ് നടത്തിയ മദ്യവിരുദ്ധ സമരം. കുന്ദമംഗലം ബാറിനുമുന്നില്‍ അണിനിരന്ന ആയിരങ്ങള്‍ മണിക്കൂറുകളോളം മുദ്രാവാക്യം മുഴക്കിയും ബാര്‍ അടച്ചുപൂട്ടിയിട്ടല്ലാതെ പിരിഞ്ഞു പോവില്ലെന്ന് പ്രഖ്യാപിച്ചും സമരം തുടര്‍ന്നപ്പോള്‍ സമരം ലക്ഷ്യം കാണുക തന്നെ ചെയ്തു. ബാര്‍ അടച്ചുപൂട്ടി.
പുതുവത്സരാഘോഷത്തിലെ മദ്യവില്‍പന ഓരോ കൊല്ലവും റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് കോടികളുടെ കണക്കുകളിലേക്ക് കുതിക്കലായിരുന്നു സാധാരണ. ഇത്തവണ അതട്ടി മറിഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടം രേഖപ്പെടുത്തി. സമരം ലക്ഷ്യം കണ്ടു എന്നര്‍ത്ഥം.
മദ്യവിരുദ്ധ ബോധവത്കരണം നടത്തിയവര്‍ക്കൊന്നും ഈ വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ അര്‍ഹതയില്ല. പലപ്പോഴും ബോധവത്കരണം വിപരീത ഫലമാണുണ്ടാക്കുന്നത്. തൊടരുത് എന്നു പറഞ്ഞവര്‍ ഒളിഞ്ഞും മറഞ്ഞും കുടിക്കാന്‍ കൊണ്ടുപോകുന്നത് അങ്ങാടിപ്പാട്ടാണ്. അത്തരക്കാരുടെ ഉപദേശങ്ങള്‍ ഫലം കാണില്ല. പിന്നെ കേള്‍ക്കാനുള്ളവര്‍ ഫുള്‍ മൂഡിലായാല്‍ അതും ഉപകാരപ്പെടില്ല. അതും പോരാഞ്ഞ് മദ്യലോബി തന്നെ മദ്യവിരുദ്ധ സമരത്തിന് ഫണ്ടിറക്കി. സംഘടനകളെ വെട്ടിപ്പൊളിച്ചും സമരം തണുപ്പിച്ചും മദ്യമൊഴുക്കിന്റെ മുന്നിലുള്ള തടസ്സം നീക്കുന്ന കാലമാണിത്. പണം നടത്തുന്ന ഇന്ദ്രജാലങ്ങളെ തടയിടാന്‍ മിക്ക സംഘടനകള്‍ക്കും എല്ലുറപ്പില്ലാത്ത ഘട്ടവുമാണിത്. ഇവിടെയാണ് ‘ജീവിതം സമരമാണ്’ എന്നു വിളിക്കുന്ന സംഘടന വ്യത്യസ്തമാവുന്നത്. മാധ്യമങ്ങള്‍ പോലും ആ സമരം കണ്ടില്ലെന്ന് വച്ചു. പക്ഷേ, മദ്യപാനികള്‍ ആ സമരം കണ്ടു. അതു വിജയിച്ചു. പഴകിപ്പുളിച്ച വാര്‍ത്തകള്‍ പോലും വെട്ടിവിഴുങ്ങുന്ന ചാനലുകള്‍ പോലും തിരിഞ്ഞു നോക്കിയില്ല. എന്നിട്ടും മദ്യക്കച്ചവടം പൂട്ടി. സമരത്തിന് ധാര്‍മിക പിന്തുണ നല്‍കിയ ചില മാധ്യമങ്ങളെയെങ്കിലും മറന്നല്ല ഇതു പറയുന്നത്.
ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. ഈ വിജയം ആരുമറിഞ്ഞിട്ടില്ല. രിസാല കാര്യമായി ഒന്ന് ഇടപെടണം. ഇയ്യച്ചേരിയുടെ ഇടപെടല്‍ കൊണ്ടായില്ല. മര്‍മസ്ഥാനത്ത് തൊട്ടുകൊണ്ടുള്ള രിസാലയുടെ പ്രത്യേക ലക്കം വേണം. അതിനിയും വൈകരുത്. കള്ളു മാഫിയയെ കുരിശിലേറ്റണം. മുഖം മൂടി വലിച്ചിടണം. ചൊടി കാണിക്കുമെന്ന പ്രതീക്ഷയോടെ.
ജാബിര്‍ പൂനൂര്‍.
തടവറയുടെ ഇരുട്ടിലേക്ക് ചൂണ്ടാന്‍
സര്‍ക്കാര്‍ സേവനങ്ങളിലും പാര്‍ലമെന്റുകളിലും നിയമസഭകളിലും പ്രാതിനിധ്യം പരിമിതമെങ്കിലും ജയിലില്‍ മുസ്ലിംകള്‍ ധാരാളം. സര്‍ക്കാറുകള്‍ മതേതരമായാലും വര്‍ഗീയമായാലും മുസ്ലിംകളെ അഴിക്കുള്ളിലാക്കുന്നതില്‍ ആരും വ്യത്യസ്തരല്ല. (ഇന്ത്യാടുഡേ, ഡിസംബര്‍ 26, 2012)
ഡല്‍ഹിയിലെ അമീര്‍ഖാന്‍ എന്ന മുസ്ലിം ചെറുപ്പക്കാരനെ ബോംബ് സ്ഫോടനത്തിന്റെ പേരില്‍ ജയലിലടക്കപ്പെട്ട് പതിനാലു വര്‍ഷത്തിന് ശേഷം കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു. ഇത്തരത്തില്‍ ഇന്ത്യയിലെ കാരാഗൃഹങ്ങളില്‍ വെളിച്ചം പോലും നിഷേധിക്കപ്പെട്ട് കഴിയുന്ന ആയിരക്കണക്കിന് മുസ്ലിം ചെറുപ്പക്കാരുടെ മോചനത്തിന് എന്തു ചെയ്യാനാവും?
മുസ്ലിം സംഘടനകള്‍ ആത്മപരിശോധന നടത്തേണ്ട സമയം കഴിഞ്ഞു. കേരളത്തിന്റെ അതിര്‍ വരമ്പുകള്‍ക്കപ്പുറത്തേക്ക് മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന എസ്എസ്എഫ് ഈ വിഷയത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്. സമരമാണ് ജീവിതമെന്ന മുദ്രാവാക്യവുമായി സമരഗോധയിലേക്കിറങ്ങുമ്പോള്‍ തീക്ഷ്ണമായ ഇത്തരം യാഥാര്‍ത്ഥ്യങ്ങളോട് സംവദിക്കാന്‍ പ്രസ്ഥാനത്തിന് കഴിയേണ്ടതുണ്ട്. അവിടെയാണ് ജീവിതം സമരമാക്കേണ്ടത്.
കാരന്തൂര്‍ മുഹമ്മദ് ശാഫി, അബ്ദുല്‍ ബാസിത് ടി സി, ഒളവട്ടൂര്‍
മൃതശരീരങ്ങള്‍ പോലും പേടിച്ചലറുന്നത്
ജീവിതം അത്യന്തം സാഹസികമായ ഒരു ഞാണിന്മേല്‍കളിയായിരിക്കുന്നു. എവിടെ നോക്കിയാലും അനീതിയും അക്രമവും അരാജകത്വവും. പുതുതലമുറ വളര്‍ന്നു വരുന്നത് എല്ലാവിധ സൌകര്യങ്ങളും ദുരുപയോഗപ്പെടുത്തിക്കൊണ്ടാണ്. ഇരുകാലിയില്‍നിന്നു നാല്‍ക്കാലിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന മനുഷ്യനെയാണ് ദിനേന വന്നുവീഴുന്ന പത്രമാധ്യമങ്ങള്‍ നമുക്കു കാണിച്ചു തരുന്നത്. ആത്മീയ ജ്ഞാനം വേണ്ടെന്ന് വെക്കുകയും ഭൌതികത അളവില്‍ കൂടുതല്‍ ആസ്വദിക്കപ്പെടുകയും പടിഞ്ഞാറന്‍ താന്തോന്നികളെ അനുകരിക്കുകയും ചെയ്തതാണ് ദോഷം.
‘ഞാനും എന്റെ ഭാര്യയും കുട്ടിയും കൂടെ പട്ടിയു’മെന്ന അവസ്ഥയില്‍ വന്‍ ഭിത്തികള്‍ക്കുള്ളില്‍ ജീവിതം സുരക്ഷിതമാണെന്ന് ധരിക്കുന്ന സ്വാര്‍ത്ഥ ചിന്താഗതിക്കാരെയാണ് ഇന്ന് അധികം കാണാന്‍ കഴിയുന്നത്. മനുഷ്യമനസ്സുകളില്‍നിന്ന് സ്നേഹവും മനുഷ്യത്വവും വരണ്ടുണങ്ങിപ്പോയിരിക്കുന്നു. ഇതിലേക്കു നമ്മെ എത്തിച്ചത് സാമ്രാജ്യത്വ മുതലാളിമാരാണ്. മതത്തെയും പണ്ഡിതന്മാ രെയും ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യേണ്ടിടത്ത് സ്റാറുകളെ പിന്തുടരുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ സംജാതമായിരിക്കുന്നു. പിറന്നുവീണ കുട്ടി മുതല്‍ ചുടലക്കാട്ടിലേക്ക് നീങ്ങുന്ന മൃതശരീരം വരെ പേടിച്ചലറുന്ന കാലമാണിത്.
എല്ലാ പരീക്ഷണങ്ങളിലേക്കും വഴുതുന്ന മക്കള്‍ നടത്തിയ ഏറ്റവും ഹീനമായ വിനോദമാണ് ഡല്‍ഹിയില്‍ കണ്ടത്. ഇന്ത്യയില്‍ ഓരോ ഇരുപത് മിനിട്ടിലും ഓരോ ബലാല്‍സംഗം നടക്കുന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യം തടയാന്‍ നിയമം വേണമെന്ന് തോന്നാന്‍ ഡല്‍ഹിയില്‍ നടന്നതുപോലുള്ള നിഷ്ഠൂരത തന്നെ വേണ്ടിവന്നു. എത്ര ലജ്ജാകരമാണ് നമ്മുടെ അധികാരി വര്‍ഗത്തിന്റെ അവസ്ഥ. ദേശീയ തിരഞ്ഞെടുപ്പു കമ്മീഷന്റെയും നാഷണല്‍ ഇലക്ഷന്‍ വാച്ചിന്റെയും ആധികാരിക റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കിയ ഇരുപത്തിയേഴ് പേര്‍ ബലാല്‍സംഗക്കേസില്‍ പ്രതികളായിരുന്നു. 260 പേര്‍ സ്ത്രീകള്‍ക്കെതിരായ മറ്റു ആക്രമങ്ങളില്‍ പങ്കാളികളായതിന്റെ പേരില്‍ കോടതി കയറിയിറങ്ങുന്നവരാണ്. നിലവില്‍ രണ്ട് പാര്‍ലമന്റ് അംഗങ്ങളും വിവിധ സംസ്ഥാന നിയമസഭകളിലെ ആറ് എം എല്‍ എമാരും ബലാല്‍സംഗക്കേസുകളില്‍ പ്രതികളാണ്; മുപ്പത്തിയാറ് പേര്‍ മറ്റുതരത്തിലുള്ള സ്ത്രീ പീഡനകേസുകളിലും. ഇതില്‍ നിന്നൊക്കെ ഊഹിച്ചെടുക്കാം വരും കാലത്തെ പെണ്ണിന്റെ വിധി.
ജംഷീര്‍ കൊടുവള്ളി