പറഞ്ഞ് പറഞ്ഞ് ഒടുവില്‍ നബി(സ) സാധാരണക്കാരനില്‍ സാധാരണക്കാരനാവുന്ന അവസ്ഥയിലേക്കാണ്പോവുന്നത്. മുസ്ലിം വിചാര ജീവികളും ബഹുവേദജ്ഞാനികളായ പ്രബോധകരും കൂടി കഥ പറഞ്ഞു തീരുമ്പോള്‍ ‘അനാഥനായ അറബി പയ്യന്’ ഒറ്റക്കിരിക്കുമ്പോള്‍ കിട്ടിയ വെളിപാടായി ഇസ്ലാം.
കാലങ്ങളായി ഇസ്ലാമിലെ ആദരവും അതിന്റെ ആത്മാവും കഴുകി വെളിപ്പിക്കുകയായിരുന്നു പരിഷ്കാരികള്‍. അനുഷ്ഠാനഹ്ങള്‍ തോന്നിയതുപോലെ വെട്ടിക്കളയുകയും മനസ്സിലാവാത്തതൊക്കെ യോഗം ചേര്‍ന്നു തിരസ്കരിക്കുകയും ചെയ്താണ് അവര്‍ മതത്തെ ലളിതമാക്കിയത്. അവസാനം ഒരു നിയമപുസ്തകം പോലെ അജൈവമായിപ്പോയ മതമായിരുന്നു അവര്‍ക്കു വേണ്ടത്.
വിവരംകെട്ട അമേരിക്കക്കാരന്‍ പുറത്തിറക്കിയ സിനിമയെച്ചൊല്ലിയുള്ള വിവാദം നടക്കുന്ന സമയം. ഒരു പ്രമുഖമലയാളം ചാനലില്‍ ഒരു മുസ്ലിം വിചാര ജീവി നടത്തിയ പ്രതികരണം കേട്ടപ്പോള്‍ തൊലിയുരിഞ്ഞു പോയി. ചാനലുകാരന്‍ ചോദിച്ചു: വിമര്‍ശിക്കപ്പെടുന്നതിന് എന്തിനാണ് ഇത്ര ഒച്ചപ്പാടുകള്‍? മുഹമ്മദ് നബി(സ) വിമര്‍ശനങ്ങള്‍ക്ക് അതീതനാണോ?
വിചാരജീവി ഏറെ ആലോചിക്കാതെ തന്നെ മറുപടി പറഞ്ഞു: ‘അതിനെന്താ, ജീവിതകാലത്ത് തന്നെ നബി കല്ലെറിയപ്പെട്ടിട്ടില്ലേ? ആളുകള്‍ കൂക്കിവിളിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടില്ലേ? ആളുകള്‍ കല്ലെറിയുകയും കൂക്കിവിളിക്കുകയും ചെയ്യുന്ന ഒരു വൃത്തികെട്ട ചിത്രം പ്രേക്ഷകന് നല്‍കി അയാള്‍ പടിഞ്ഞാറന്‍ ശക്തികള്‍ മുസ്ലിം ലോകത്തെ പ്രകോപിപ്പിക്കാന്‍ നടത്തുന്ന ഗൂഢശ്രമങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കാന്‍ തുടങ്ങി.
ഇത്തരം ‘ബോഡിവേസ്റു’കാരുടെ അബദ്ധങ്ങള്‍ മുസ്ലിം സമുദായത്തിന്റെ നിലപാടായി മാറുന്ന കാഴ്ച ഏറെ ഗുരുതരമാണ്. ചാനല്‍ ചര്‍ച്ച ഒരു ബ്രേക്കിന് പിരിയുമ്പോള്‍ രണ്ട് കാര്യങ്ങളാണ് കാഴ്ചക്കാരന് ബോധ്യമാവുക. ഒന്ന്, മുഹമ്മദ് നബി(സ) എല്ലാ കാലത്തും കല്ലെറിയപ്പെട്ടിട്ടുണ്ട്. മറ്റൊന്ന്, പ്രവാചകനെതിരെ നടന്ന വിമര്‍ശനമല്ല, സാമ്രാജ്യത്വ ശക്തികള്‍ മുസ്ലിം ലോകത്തെ പ്രകോപിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് വലിയ പ്രശ്നം.
നബി(സ)യെ ജീവിതകാലത്ത് കല്ലെറിഞ്ഞത് അവിടുത്തെ ജീവിതം അവിശുദ്ധമായതു കൊണ്ടല്ല, മക്കാ മുശ്രിക്കുകള്‍ പോലും ഹബീബിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ആരോപണങ്ങളുന്നയിച്ചിട്ടില്ല. അവിടുത്തെ പതിനായിരത്തിലധികം വരുന്ന അനുചരര്‍ക്കോ അവര്‍ക്കിടയില്‍ നുഴഞ്ഞുകയറിയ കപടര്‍ക്കോ അത്തരം ഒരു വിമര്‍ശനമുണ്ടായിട്ടില്ല. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും.
എന്നിട്ട് ഒരു നാലാംകിട ബുദ്ധിജീവി ഒരു പ്രൈംടൈം സ്കൂപ്പ് കൊഴുപ്പിക്കാനായി വളരെ ഉദാസീനനായി അംഗീകാരവും അനുവാദവും നല്‍കുകയാണ്, പലരും പലകാലത്തും കല്ലെറിഞ്ഞിട്ടുണ്ട് ഇനിയും കല്ലെറിയാം.
ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ ജനതയെ സംസ്കരിച്ച കേവലം സാമൂഹിക സമുദ്ധാരകരനല്ല മഹാനായ മുഹമ്മദ് നബി(സ). കഴിഞ്ഞ പതിനാല് നൂറ്റാണ്ടായി, ലോകമാകെ പരന്നുകിടക്കുന്ന വിശ്വാസി സമൂഹത്തെ നയിക്കുകയും തിരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന നേതാവാണ്. ലോകാവസാനം വരെ നമ്മുടെയൊക്കെ ഓരോ സലാമിനും ചുണ്ടനക്കി പ്രതിവചിച്ച് പരിശുദ്ധമായ ഹുജ്റത്തു ശരീഫയിലുണ്ട് നബി(സ). അല്ലാതെ ‘മദീനയുടെ പൂങ്കാറ്റേറ്റ് അന്ത്യവിശ്രമം’ കൊള്ളുകയല്ല. നമ്മള്‍ ന• ചെയ്തുകണ്ടാല്‍ സന്തോഷിക്കുകയും തി•കണ്ടാല്‍ വേദനിക്കുകയും ചെയ്ത് കൂടെയുണ്ട് ഹബീബുല്ലാഹി(സ).
ഇതൊക്കെ പറഞ്ഞാല്‍ അംഗീകരിക്കപ്പെടുമോ എന്ന് പേടിയാണ്. ഇതൊന്നും പറയാനായില്ലെങ്കില്‍ പിന്നെ നിങ്ങളെന്തിനാണ് നബി(സ)യെക്കുറിച്ച് സംസാരിക്കുന്നത്? നബി(സ)യുടെ അമാനുഷികത പറഞ്ഞാല്‍ അന്ധവിശ്വാസിയായി മുദ്രകുത്തപ്പെടുമെന്ന് ഭയന്ന് എന്തൊക്കെ നിങ്ങള്‍ മൂടിവയ്ക്കും?
നബി(സ)യെ ബുദ്ധനോടോ ഓഷോയോടോ താരതമ്യം ചെയ്യാനാവില്ല. കാരണം നബി(സ) കാല-സ്ഥല പരിതിമിതികള്‍ക്കതീതനാണ്. ആദിമ മനുഷ്യന്‍ ആദംനബി(അ) കണ്ണ് തുറന്നപ്പോള്‍ അര്‍ശില്‍ കണ്ടത് ആ പേരാണ്. അഥവാ മനുഷ്യകുലം ഉണ്ടാവുന്നതിന് മുമ്പേയുള്ള നിയോഗമാണത്. അല്ലാതെ നാല്പതു വര്‍ഷത്തെ വിരസ ജീവിതത്തിനൊടുവില്‍ കിട്ടിയ തിരിച്ചറിവോ ഇരുപത്തിമൂന്ന് കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കിയ മിഷനോ അല്ല.
ദരിദ്രനായി വളര്‍ന്ന് രാജ്യനായകനായ ലിങ്കണല്ല മഹാനായ പ്രവാചകന്‍. തന്റെ ആദര്‍ശം സമൂഹത്തോട് സംവദിക്കാനാവാതെ അപഹാസ്യനായി മരിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ജനം നെഞ്ചേറ്റിയ നേതാവിന്റെ കഥയും നബിയുടേതല്ല. ഏതിന്റെ പേരിലായാലും നബി(സ)യെ മറ്റൊരു മനുഷ്യനോട് സമീകരിക്കുന്നത് പോലും സത്യത്തില്‍ ഏറ്റവും നീചമായ കുരുതിയായിരിക്കും.
അനുയായികള്‍ക്ക് വിസ്മയമായിരുന്നു ഹബീബ്(സ). മദീനാ പള്ളിയില്‍ പ്രവാചകരെ ശ്രവിച്ച് ലയിച്ചിരിക്കുമ്പോള്‍ അവരുടെ തോളുകളില്‍ കിളികള്‍ വന്നിരിക്കാറുണ്ടായിരുന്നെന്ന് ചരിത്രം. കറകലരാത്ത ആ ജീവിതത്തിന്റെ അപാകതയില്‍ അതിശയിച്ചുനിന്ന അവരോട് അവിടുന്ന് പറഞ്ഞു: ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ തന്നെയാണെന്ന്.
നബി(സ)യുടെ അസാധരണത്ത്വം അംഗീകരിക്കാത്ത കാലത്തോളം ഒരു മതാചാര്യനോ അല്ലെങ്കില്‍ പുരോഹിതനോ ആയി മാത്രമേ പൊതു സമൂഹത്തില്‍ പരിചയപ്പെടുത്താനാവൂ. അങ്ങനെ പരിചയപ്പെടുത്തി കയ്യടി വാങ്ങാനും ഹബീബിനെ കല്ലെറിയാനിടം കൊടുക്കാനും വിചാര ജീവികള്‍ കുപ്പായമിട്ടാല്‍ അല്ലാഹുവാണെ, മുസ്ലിംകള്‍ക്കവരുടെ പ്രവാചകനെ നന്നായിപ്പറയാന്‍ നല്ല വഴി കാണേണ്ടിവരും. ശിഷ്യന്‍ സിദ്ദീഖ് (റ) പാമ്പിന്റെ കുത്തേറ്റ വേദനയില്‍ കാല് കുത്തിപ്പറിച്ചിട്ടും കാലിളക്കിയിട്ടില്ല; ഹബീബിന്റെ ഉറക്കം പോയാല്‍….
നൌഫല്‍ ഫാറൂഖ് പി.
You must be logged in to post a comment Login