അതിരുകളില്ലാത്ത ആകാശത്ത് അപ്പൂപ്പന്താടി കണക്കെ, വേലിക്കെട്ടുകളില്ലാത്ത ലോകത്ത് സ്വതന്ത്രമായി പറന്നു നടക്കാന്‍ കൊതിക്കുന്ന കൌതുകങ്ങളാണ് കുഞ്ഞുങ്ങള്‍. കൂട്ടുകൂടിയും കുളത്തില്‍ ചാടിയും കഴിയാന്‍ കൊതിച്ചുകഴിയുന്നവര്‍. അതവര്‍ക്ക് വീണുകിട്ടുന്നത് മധ്യവേനല്‍ അവധിക്കാലത്തെ ഏതാനും നാളുകളിലാണ്. തുടര്‍ന്നങ്ങോട്ട് പത്തുമാസക്കാലം അവര്‍ ക്ളാസ്മുറികളിലാണ്. അക്കാലം ഒരു തടവുകാലമായാണ് അവര്‍ കാണുന്നത്. മാര്‍ച്ചുമാസത്തിലെ വര്‍ഷാന്തപ്പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന കുട്ടികള്‍ പ്രതീകാത്മകമായി അത് പ്രഖ്യാപിക്കുന്നുണ്ട്. അക്കാദമിക വര്‍ഷം മുഴുവന്‍ മുടിഞ്ഞിരുന്നെഴുതിയ നോട്ടുപുസ്തകത്തിലെ താളുകള്‍ അവര്‍ ആവേശത്തോടെ പിച്ചിച്ചീന്തുന്നു. ആകാശത്തേക്ക് വലിച്ചെറിയുന്നു. ബാധയൊഴിക്കാനെന്ന പോലെ കുരവയിടുന്നു. അതു കണ്ടാലറിയാം എത്ര തീവ്രമായാണ് നമ്മുടെ ഓമനകള്‍ ക്ളാസ് മുറികളെ വെറുക്കുന്നതെന്ന്.
നാല്പതിനുമേല് പ്രായമുള്ള തലമുറ കൈയൊഴിയാന്‍ കൂട്ടാക്കാത്ത സ്വകാര്യ സമ്പാദ്യങ്ങളിലൊന്ന് അക്കാലത്ത് അവര്‍ ക്ളാസുമുറികളിലിരുന്ന് എഴുതിത്തീര്‍ത്ത നോട്ടുപുസ്തകങ്ങളാണ്. ആകാശം കാണാതെ മയില്പീലികള് ഒളിപ്പിച്ചുവെച്ച പാഠപുസ്തകങ്ങളാണ്. കൊല്ലത്തിലൊരിക്കലെങ്കിലും അവരത് പൊടിതട്ടിയെടുക്കുകയും ആറാം ക്ളാസിലെ വിലാസിനി ടീച്ചറുടെ പ്രിയപ്പെട്ട കുട്ടികളാവുകയും ചെയ്യാറുണ്ട്. അത്രത്തോളം ഹൃദയം കാല്പനികമല്ലാത്തവര് പോലും ജീവിതത്തിലൊരിക്കലും തങ്ങളുടെ പാഠപുസ്തകങ്ങള്‍ കീറിയിട്ടേയുണ്ടാവുകയില്ല. ചുരുങ്ങിയത് ഇത്ര വെറുപ്പോടെ പറിച്ചു ചീന്തിയിട്ടുണ്ടാവുകയില്ല. എന്തു പറ്റിപ്പോയി നമ്മുടെ വിദ്യാഭ്യാസത്തിന്ന്. പഠനമുറികളില്‍ നിന്ന് പഠിക്കുന്നവരും പഠിപ്പിക്കുന്നവരും മാറിനില്‍ക്കുന്ന ഈ ഒഴിവുകാലം തീര്‍ച്ചയായും ഇതിനെക്കുറിച്ച് ആലോചിക്കേണ്ട കാലമാണ്.
അവധിക്കാലം വരുന്നുവെന്ന് കേള്‍ക്കുമ്പോഴേ രക്ഷിതാക്കളുടെ കരളു പിടയ്ക്കാന്‍ തുടങ്ങും. സ്കൂളടക്കും വരെ, നന്നേ രാവിലെ ഒരല്പം കഠിനാധ്വാനം ചെയ്യേണമെന്നേയുള്ളൂ. കുട്ടികളെ ഒരുക്കിയയച്ചാല് പിന്നെ വൈകുന്നേരം വരെ ഒരു സൊല്ലയുമുണ്ടാകുമായിരുന്നില്ല. അവധിക്കാലത്തെ കാര്യമങ്ങനെയല്ല. നേരാനേരങ്ങളില്‍ വെച്ചുവിളമ്പണം. വികൃതി അപകടകരമാകുന്നുവോയെന്ന് ശ്രദ്ധിക്കണം. അങ്ങാടിയിലേക്കിറങ്ങുമ്പോള്‍ കൂടെക്കൂട്ടണം. അങ്ങനെയങ്ങനെ എന്തെല്ലാം സൊല്ലകള്‍! സത്യത്തില്‍ ഈ ബാധയൊഴിവാക്കാനായിരുന്നല്ലോ കുട്ടിക്ക് മൂന്നു വയസ്സായപ്പോള്‍ തന്നെ നാം നഴ്സറിയില്‍ ചേര്‍ത്തത്. ആയമാരുടെയും മിസ്സുമാരുടെയും കരുണയ്ക്ക് വിട്ടുകൊടുത്തത്. സ്കൂള്‍ പൂട്ടിയ ആവേശത്തില്‍ ആര്ത്തുവിളിച്ചെത്തുന്ന കുട്ടികള്‍ മാതാപിതാക്കളോട്് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: “മനസ്സുണ്ടോ രണ്ടുമാസമെങ്കിലും ഞങ്ങളെ നോക്കാന്‍” എന്ന്. വാക്കുകൊണ്ടല്ലെങ്കിലും കര്മങ്ങളിലൂടെ, വികാരപ്രകടനങ്ങളിലൂടെ നാമതിന്ന് മറുപടി നല്‍കുന്നുണ്ട്: “ആവില്ല നിങ്ങളെ ഈ രണ്ടുമാസക്കാലം പൊറുപ്പിക്കാന്‍” എന്ന്. കുഞ്ഞുമനസ്സില്‍ അങ്ങനെ വിതയ്ക്കപ്പെടുന്ന തിരസ്കാരത്തിന്റെ വിത്ത് മുളച്ച്, മുതിര്‍ന്ന് വരുമ്പോഴാണ് ഒരു കൈയറപ്പുമില്ലാതെ വയ്യാത്ത കാലത്ത് മാതാപിതാക്കളെ വൃദ്ധസദനത്തിലയച്ച് അവര്‍ സ്വസ്ഥരാകുന്നത്.
അവധിക്കാലത്തെ ചൊല്ലി രക്ഷിതാക്കള്‍ക്കുള്ള ഈ വേവലാതിയില്‍ മുതലിറക്കി വിളവെടുക്കുന്നവരാണ് വെക്കേഷന് ക്ളാസുകളുമായി രംഗത്തെത്തുന്നത്. കുട്ടികളെ ഞങ്ങള്‍ കളിപ്പിച്ചോളാം, അതുമിതുമൊക്കെ പഠിപ്പിച്ചോളാം, നിങ്ങള്‍ക്കൊരു ബുദ്ധിമുട്ടുമുണ്ടാക്കാതെ നോക്കിക്കോളാം, ഞങ്ങള്‍ക്കിത്തിരി കാശ്. നിങ്ങള്‍ക്കോ സ്വസ്ഥതയും. കേട്ടപാതി കേള്‍ക്കാത്ത പാതി നാം കുട്ടികളെ ഒഴിവുകാല ക്ളാസുകളിലേക്ക് തള്ളിവിടുന്നു. ആരാണ് നടത്തുന്നതെന്ന് നോക്കാറില്ല. പാഠപുസ്തകത്തോട് കുട്ടികള്‍ കാണിച്ച വെറുപ്പ് പരിഗണിക്കാറില്ല. ഇളംമനസ്സിലേക്ക് പകര്‍ന്നു കൊടുക്കുന്ന ആശയങ്ങളുടെ അപകടങ്ങളെ കുറിച്ച് ആലോചിക്കാറില്ല. കുഞ്ഞുനാളില്‍ പ്ളേ സ്കൂളിലേക്കും പിന്നീട് നഴ്സറികളിലേക്കും തള്ളി നാം സ്വസ്ഥരായതുപോലെ ഇപ്പോള്‍ അവരെ വെക്കേഷന് ക്ളാസിലേക്ക് തള്ളിയും നാം സ്വസ്ഥരാകുന്നു.
പണ്ടത്തെ പ്രമാണപ്രകാരം കുട്ടി കലശലായി വായിച്ചു പഠിയ്ക്കേണ്ട പുസ്തകം മാതാവു തന്നെയാണ്. പിന്നെ പിതാവുള്പ്പെടെയുള്ള കുടുംബം. “മക്കളേ, നിങ്ങള്‍ ഞങ്ങള്‍ക്കു പഠിയ്ക്കുക; നിങ്ങള്‍ക്കുവേണ്ടി, നമുക്കുവേണ്ടി, നമ്മുടെ നാടിനു വേണ്ടി, ഈ ലോകത്തേക്കും അത് കഴിഞ്ഞുള്ള ലോകത്തേക്കും വേണ്ടി” എന്ന് പാഠപുസ്തകമാകാന്‍ മാതാപിതാക്കള്ക്കാവുമോ? സീരിയലുകളിലെ ഭാവനാലോകത്തെ ഇല്ലാത്ത കുട്ടികളെ ചൊല്ലിയുള്ള അലിവും വേവലാതിയും സ്വന്തം ചോരയില്‍ പിറന്ന പൊന്നോമനകള്‍ക്കായി നീക്കിവെക്കുമോ? പാലാറും കള്ളാറും തേനാറുമൊഴുകുന്ന സ്വര്‍ഗം കാലടിയ്ക്കു കീഴെ അലങ്കരിച്ചൊരുക്കി അരുമക്കിടാങ്ങളുടെ ഇളങ്കൈകള് അലിവോടെ കൂട്ടിപ്പിടിച്ച് അങ്ങോട്ടാനയിക്കാന് നമുക്കാവുമോ? ഇല്ലെങ്കില്‍ സ്വന്തം കാലടിക്കീഴില്‍ കത്തുന്ന നരകം തീര്‍ത്ത് നമ്മുടെ മക്കള്‍ നമ്മെ ഊക്കോടെ അതിലേക്ക് വലിച്ചെറിയും; ഇവിടെയും പിന്നെ അവിടെയും.
ഈ അവധിക്കാലത്തെങ്കിലും നമ്മുടെ കുട്ടികള്‍ നമ്മോടൊപ്പം കഴിയട്ടെ. സ്്നേഹത്തോടെ വിളമ്പുന്ന ഒജീനം ഒന്നിച്ചിരുന്ന് കഴിയ്ക്കട്ടെ. ആറ്റിലിറങ്ങി മുങ്ങട്ടെ. അതിന്റെ കുളിരും ആത്മീയതയും അനുഭവിയ്ക്കട്ടെ. കാടും മലയും കേറട്ടെ. തമ്പുരാന്റെ ഖുദ്റത് കണ്ട്് കണ്ണുനിറയട്ടെ. കൂട്ടുകുടുംബാദികളെ ചെന്നുകാണട്ടെ. രക്തബന്ധത്തിന്റെ ചൂടും ചൂരുമറിയട്ടെ. അപ്പോഴൊക്കെയും കരുണാമയനായ അല്ലാഹുവിന്റെ പ്രതിനിധിയായി, താങ്ങായി, തണലായി, സ്വര്‍ഗകവാടം വരെ വഴികാട്ടും വെളിച്ചമായി നമുക്ക് നമ്മുടെ മക്കളോടൊപ്പം കഴിയാം. കരുണാമയനായ അല്ലാഹുവിന്റെ കരുണ മാത്രം ശരണം.
വളരെ നന്നായിട്ടുണ്ട്