Things Fall Apart ചൂടുപിടിച്ച ചര്‍ച്ച നേടിയെടുത്ത നോവലായി. ഇതിന്റെ കയ്യെഴുത്തു പ്രതി വാങ്ങിനോക്കാന്‍ പോലും വെള്ളക്കാരായ പ്രസാധകന്മാര്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. ആഫ്രിക്കക്കാരന്റേതായതിനാല്‍ വിറ്റുപോവില്ല എന്നായിരുന്നു ന്യായം. എല്ലാ കടമ്പകളും കടന്ന് വെളിച്ചം കണ്ട നോവലിന്റെ കോടിയിലധികം കോപ്പികള്‍ വിറ്റു. അമ്പതിലധികം ഭാഷകളിലേക്ക് പോയി. പൊതുബോധത്തിന്റെ തീക്കടലുകള്‍ മുറിച്ചു കടന്ന ആഫ്രിക്കന്‍
എഴുത്തിന്റെ കുലപതിയെപ്പറ്റി.
ഓര്‍മ/ലുഖ്മാന്‍ കരുവാരക്കുണ്ട്
എഴുത്തിലും ജീവിതത്തിലും ആഫ്രിക്കന്‍ തനിമ ആഘോഷിച്ച നൈജീരിയന്‍ നോവലിസ്റ് ചിനു അച്ചെബേ വിടപറഞ്ഞത് ഒരാഴ്ച മുമ്പാണ്. ഒരു പോരാളിയുടെ തന്റേടത്തോടെ ആഫ്രിക്കന്‍ സംസ്കാരത്തെയും സ്വത്തത്തേയും വാക്കിലും പ്രവൃത്തിയിലും ആവിഷ്കരിച്ച മൌലിക പ്രതീകമായിരുന്നു അച്ചെബെ. “സിംഹങ്ങള്‍ക്കിടയില്‍ നിന്ന് സ്വന്തം ചരിത്രകാരന്മാര്‍ ഉണ്ടാകുന്നത് വരെ അവര്‍ വേട്ടക്കാരായി മുദ്രകുത്തപ്പെടും.” എന്ന് ഒരഭിമുഖത്തില്‍ പറഞ്ഞ അച്ചെബേ അപരിഷ്കൃതരും കാട്ടാളരുമായി യൂറോപ്പ്യന്‍ എഴുത്തുകളില്‍ ചിത്രീകരിക്കപ്പെട്ട ആഫ്രിക്കന്‍ ജനതക്ക് ജനതക്ക് സൌന്ദര്യവും കരുത്തുമുള്ള പ്രതിരൂപം നല്‍കിയ എഴുത്തുകാരനായിരുന്നു.
1930 നവംബര്‍ 16ന് തെക്കുകിഴക്കന്‍ നെജീരിയയിലെ ഒജിഡി ഗ്രാമത്തിലാണ് ചിനു അച്ചെബയുടെ ജനനം. പ്രാദേശിക ഭാഷയായ ഇഗ്ബോ സംസാരിക്കുകയും, സംസ്കാരത്തിലും സ്വഭാവത്തിലും ആഫ്രിക്കന്‍ തനിമ പിന്തുടരുകയും ചെയ്യുന്നവരായിരുന്നു ഒജിഡി നിവാസികള്‍. ബ്രിട്ടീഷ് കോളവനിവത്കരണത്തോടൊപ്പം സംഭവിച്ച വ്യാപകമായ മിഷിനറി പ്രവര്‍ത്തനത്തെ തുടര്‍ന്ന് ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരായിരുന്നു അച്ചെബേയുടെ മാതാപിതാക്കള്‍. എങ്കിലും ആഫ്രിക്കന്‍ സ്വത്വവും തനിമയും മക്കള്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ അവര്‍ ഉല്‍സാഹിച്ചു.
കഥപറച്ചില്‍ ഒരു കലപോലെ ജീവിതത്തില്‍ കൊണ്ടു നടന്നവരായിരുന്നു ഇഗ്ബോ വംശജര്‍. ഭ്രമാക്തമകവും സാങ്കല്‍പികവുമായ കഥകള്‍ പറയാന്‍ പ്രത്യേക പ്രാവീണ്യമുണ്ടായിരുന്നു അച്ചെബേയുടെ അമ്മ ജാനറ്റിന്. ശൈശവ ഭാവനകളെ ഉണര്‍ത്തുന്ന ഈ കഥകള്‍ കേട്ടുകൊണ്ടായിരുന്നു അച്ചെബെയുടെ ബാല്യം.
പ്രാഥമിക തലം മുതലേ സ്കൂളിലെ മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു അച്ചെബേ. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും അസാധാരണമായ മികവ് പുലര്‍ത്തിയതിനാല്‍ പെട്ടെന്ന് തന്നെ ക്ളാസ് കയറ്റം ലഭിച്ചു. ബ്രിട്ടീഷ് ഗവണ്‍മെന്റിന് കീഴിലുള്ള ഡെന്നിസ് മെമ്മോറിയല്‍ സ്കൂളില്‍ അച്ചെബേയുടെ സെക്കണ്ടറി പഠനം 1944ല്‍ ആരംഭിച്ചു. നൈജീരിയയിലെ മിടുക്കനായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിച്ചിരുന്ന ആ സ്കൂളില്‍ ഇംഗ്ളീഷ് മാത്രമേ വിനിമയം പറ്റുമായിരുന്നുള്ളൂ. ആഫ്രിക്കയിലെ വ്യത്യസ്ത സംസ്കാരങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളെ ഇംഗ്ളീഷ് ഭാഷക്ക് കീഴില്‍ ഏകീകരിക്കുക എന്നതായിരുന്നു സ്കൂള്‍ നടത്തിപ്പിലൂടെ ബ്രിട്ടീഷുകാരുടെ ലക്ഷ്യം. അതിനാല്‍ പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്നവര്‍ അവിടെ ശിക്ഷിക്കപ്പെട്ടിരുന്നു. സഹപാഠികളോട് ഇഗ്ബോ ഭാഷയില്‍ സംസാരിച്ചതിനായിരുന്നു ആ സ്കൂളില്‍ വച്ച് അച്ചെബേ ആദ്യമായി ശിക്ഷിക്കപ്പെട്ടത്.
ഡെന്നിസ് മെമ്മോറിയല്‍ സ്കൂളിലെ വലിയ ലൈബ്രറിയായിരുന്നു നാല് വര്‍ഷം നീണ്ട പഠനകാലത്തിനിടയില്‍ അച്ചെബേയെ ഏറെ ആകര്‍ഷിച്ചത്. ഇംഗ്ളീഷ് ഭാഷയിലെ ക്ളാസിക്ക് നോവലുകളും ഏകാങ്കങ്ങളുമെല്ലാം ലഭ്യമായിരുന്നു അവിടെ. ഓരോ പുസ്തകങ്ങളും അഗാധമായ താല്‍പര്യത്തോടെ അച്ചെബേ വായിച്ചു. പലരും ആവര്‍ത്തിച്ച് പാരായണം ചെയ്തു. സമ്പന്നമായ ആ പഠനകാലം അച്ചെബേയുടെ ഭാവനകള്‍ക്ക് ചിറകുകള്‍ നല്‍കുകയും രാഷ്ട്രീയ ബോധത്തെ സജീവമാക്കുകയും ചെയ്തു. എന്നാല്‍, വിപുലമായ ആ വായനയിലൂടെ നേടിയ പ്രാഥമിക രാഷ്ട്രീയ ബോധം നിഷേധാത്മകമായിരുന്നുവെന്ന് ക്രമേണ അദ്ദേഹം മനസ്സിലാക്കി. അതേ കുറിച്ച് പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ അച്ചെബേ പറഞ്ഞതിങ്ങനെ: “വിപുലമായ ആ പുസ്തകപാരായണം എന്റെ മനസ്സ് വെള്ളക്കാര്‍ക്ക് അനുകൂലമാക്കിത്തീര്‍ത്തു. വര്‍ണ്ണത്തിലും സ്വഭാവത്തിലും കറുത്ത വര്‍ഗക്കാരനായിട്ടും ആഫ്രിക്കക്കാരനോട് ഒരു തരം അനിഷ്ടം എന്റെ അകത്ത് രൂപപ്പെട്ടു. അതിന് കാരണം ലൈബ്രറി പുസ്തകങ്ങളിലെ കഥാപാത്രങ്ങളില്‍ വെളുത്തവര്‍ ന•യുള്ളവരും ബുദ്ധിശാലികളും ധീരരുമായിരുന്നു. വഞ്ചകന്‍, വിഢി, അപരിഷ്കൃതര്‍ തുടങ്ങിയ പ്രതിഛായയുള്ള കഥാപാത്രങ്ങളായിരുന്നു ആഫ്രിക്കക്കാര്‍.”
1946ല്‍ നൈജീരിയയില്‍ ആരംഭിച്ച ഇബാദന്‍ യൂണിവേഴ്സിറ്റിയിലായിരുന്നു പിന്നീട് അച്ചെബെയുടെ ഉന്നത പഠനം. ചരിത്രവും ഇംഗ്ളീഷുമായിരുന്നു വിഷയം. ആ കാലത്താണ് അദ്ദേഹത്തിന്റെ രചനകള്‍ വെളിച്ചം കണ്ട് തുടങ്ങിയത്. കാമ്പസില്‍ പുറത്തിറങ്ങിയിരുന്ന ഹരാള്‍ഡ്, ദി ബഗ് മാഗസിനുകളില്‍ അച്ചെബേ സ്ഥിരമായി എഴുതിത്തുടങ്ങി. ഭാഷയുടെ അനിതര സാധാരണമായ പ്രയോഗവും ശൈലിയും കണ്ട സഹപാഠികളും അധ്യാപകരും അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. തുടര്‍ന്ന് 1950-52 കാലങ്ങളില്‍ കാമ്പസ് മാസിക ദി ഹരാള്‍ഡിന്റെ എഡിറ്റര്‍ ആയിരുന്നു അച്ചെബേ.
യൂണിവേഴ്സിറ്റിയില്‍ നിന്ന് ലഭിച്ച ആഴത്തിലുള്ള അറിവും വിവേകപൂര്‍വ്വമുള്ള വായനയും അച്ചെബെയുടെ ധൈഷണിക ബോധത്തെ സക്രിയമാക്കി. ആഫ്രിക്കന്‍ സ്വത്വത്തിന്റെ മഹത്വവും ഗരിമയും അദ്ദേഹം തിരിച്ചറിഞ്ഞു. യൂറോപ്പില്‍ രചിക്കപ്പെട്ട പുസ്തകങ്ങളില്‍ കറുത്തവന്‍ ‘കൊള്ളരുതാത്തവന്‍’ ആകുന്നതിന്റെ രാഷ്ട്രീയം ബോധ്യപ്പെട്ട അച്ചെബെ തന്റെ രചനാ ശേഷി വ്യവസ്ഥാപിത എഴുത്തുകളിലെ അന്ധമായ ആഫ്രിക്കന്‍ വിരോധത്തെ പ്രതിരോധിക്കുന്നതാവണം എന്ന നിശ്ചയ ദാര്‍ഢ്യത്തോടെ ഉപയോഗപ്പെടുത്തി തുടങ്ങി. In a Village Church എന്ന ആദ്യ കഥയില്‍ തന്നെ പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ആശയത്തെയാണ് പ്രശ്നവത്കരിക്കുന്നത്.
1958ല്‍ എഴുതിയ Things Fall Apart (സര്‍വ്വവും ശിഥിലമാക്കുന്നു) എന്ന നോവലാണ് അച്ചെബെയെ ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാവ് എന്ന വിശേഷണത്തിനര്‍ഹനാക്കിയത്. ഇംഗ്ളീഷ് ഭാഷയില്‍ രചിച്ച നോവലിന്റെ കൈയ്യെഴുത്ത് പ്രതി ബ്രിട്ടണിലെ ഒരു പ്രസിദ്ധീകരണ ശാലയും പുറത്തിറക്കാന്‍ തയ്യാറായില്ല. ആഫ്രിക്കന്‍ എഴുത്തുകാരുടെ രചനകള്‍ വായിക്കപ്പെടില്ല എന്ന ന്യായം പറഞ്ഞാണ് അച്ചബെയെ അവര്‍ തിരസ്കരിച്ചത്. അവസാനം ഡൊണാള്‍ഡ് മാക്രി എന്ന നിരൂപകന്റെ അടുത്ത് നോവലെത്തി. അതീവഹൃദ്യമായ നോവല്‍ ഉടനെ വിപണിയിലെത്തിക്കണമെന്ന് ഹനിമാന്‍ പബ്ളിക്കേഷനോട് അദ്ദേഹം ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് Things Fall Apart വെളിച്ചം കണ്ടത്.
നൈജീരിയയിലെ ഇഗ്ബോ വംശജരുടെ പാരമ്പര്യവും പാശ്ചാത്യ മിഷിനറി ക്രിസ്തുമതവും തമ്മില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലും ഇരുപതാം നൂറ്റാണ്ടില്‍ ആദ്യ പാദത്തിലുമായി ഉണ്ടായ വിയോജിപ്പിന്റെയും സംഘര്‍ഷത്തിന്റെയും കഥയാണ് ഈ നോവലിന്റെ പ്രമേയം. 1886 ബ്രിട്ടീഷുകാര്‍ കോളനി സ്ഥാപിച്ചതിനെ തുടര്‍ന്ന് ആഫ്രിക്കന്‍ ഗോത്രങ്ങളെ അവരുടെ വംശീയവും മതപരവുമായ സ്വത്വത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു തുടങ്ങി. പ്രാദേശിക സംസ്കാരത്തോട് ശത്രുതാപരമായ സമീപനമായിരുന്നു ബ്രിട്ടീഷുകാര്‍ക്ക്. ഇത് സ്വാഭാവികമായും ഇഗ്ബോ വംശജര്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമിടയില്‍ പ്രശ്നങ്ങളുണ്ടാക്കി. സ്വന്തം ദൈവങ്ങളെയും വിശ്വാസങ്ങളെയും തിരസ്കരിച്ച് ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന മതത്തിന്റെ പുതുമകളെ സ്വീകരിക്കാന്‍ ഗോത്രവര്‍ഗ്ഗക്കാരില്‍ പലരും തയ്യാറായില്ല. മിഷനറിമാരും കോളനി ഭരണാധികാരികളും തങ്ങള്‍ ഉന്നതമായ ഒരു മതത്തിന്റെയും സംസ്കാരത്തിന്റെയും പ്രതിനിധികളാണെന്ന് കരുതി. അതിനാല്‍ ഇഗ്ബോകള്‍ അവരുടെ വിശ്വാസ പൈതൃകങ്ങളോട് കാണിച്ച പ്രതിബദ്ധതയെ ബ്രിട്ടീഷുകാര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇഗ്ബോ നേതാവായ ‘ഒകെന്‍കോയാണ് നോവലിലെ മുഖ്യകഥാപാത്രം. ഒരു കോടിയിലധികം കോപ്പികള്‍ വിറ്റഴിക്കപ്പെട്ട ഈ നോവല്‍ മലയാളമുള്‍പ്പെടെ അമ്പതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പില്‍കാലത്ത് എഴുതപ്പെട്ട അര ഡസനോളം വരുന്ന നോവലുകളില്‍ മിക്കവയും പ്രശ്നവത്കരിക്കപ്പെട്ടിരിക്കുന്നത് അധിനിവേശത്തിന്റെ ആരംഭത്തോടെ ഉണ്ടായ ആധുനികവത്കരണത്തിന് മുമ്പില്‍ വിഭ്രമിച്ച് നില്‍ക്കുന്ന ഇഗ്ബോ ജനതയുടെ സങ്കടങ്ങളും സംഘര്‍ഷങ്ങളുമാണ്.
1975ല്‍ ചിനു അച്ചെബേ നടത്തിയ പ്രഭാഷണം, അദ്ദേഹത്തിന്റെ നോവലുകളെപ്പോലെ തന്നെ പരിചിതമാണ് സാഹിത്യകാര്‍ക്കിടയില്‍. ‘ആഫ്രിക്കന്‍ പ്രതിനിധാനം ജോസഫ് കോണ്‍റാഡിന്റെ ‘ഇരുട്ടിന്റെ ഹൃദയം’ എന്ന നോവലില്‍’ എന്ന ശീര്‍ഷകത്തില്‍ നടത്തിയ ആ പ്രസംഗത്തില്‍ യൂറോപ്പിലെ മുതിര്‍ന്ന എഴുത്തുകാര്‍ക്ക് ആഫ്രിക്കയെ വിരൂപമായി ചിത്രീകരിക്കുന്നതില്‍ ഉള്ള പങ്കിനെകുറിച്ച് കൃത്യമായി വരച്ചിടുന്നു. 1899ല്‍ ജോസഫ് കോണ്‍റാഡ് ആഫ്രിക്കന്‍ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് എഴുതിയ ‘ഇരുട്ടിന്റെ ഹൃദയം’ എന്ന നോവലിനെ കേന്ദ്രീകരിച്ചാണ് പ്രസംഗത്തിലെ വിമര്‍ശനങ്ങളിലേറെയും. യൂറോപ്പിനാണ് ബൌദ്ധികവും സംസ്കാരികവുമായ മേല്‍ക്കോയ്മ എന്നും ആഫ്രിക്ക മറ്റൊരു ലോകം എന്ന തരത്തില്‍ മാറ്റി നിര്‍ത്തപ്പെടുകയായിരുന്നു എന്നും അദ്ദേഹം എഴുതി. നിരന്തമായി നിഗ്ഗര്‍ എന്ന പദം ഉപയോഗിച്ച് ആഫ്രിക്കക്കാരെ അപമാനിച്ച കോണ്‍റാഡിനെ Bloody Rascist എന്നാണ് അച്ചെബെ അഭിസംബോധന ചെയ്തത്.
യൂറോ കേന്ദ്രീകൃത എഴുത്തുകാരെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നതു കൊണ്ടാവും ആഫ്രിക്ക കണ്ട എക്കാലത്തെയും മികച്ച ഈ എഴുത്തുകാരന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിട്ടില്ല. അതേകുറിച്ച് ഒരഭിമുഖത്തില്‍ അച്ചെബേ പറഞ്ഞതിങ്ങനെ : ‘നോബല്‍ സമ്മാനം പ്രധാനമാണ്. പക്ഷേ, അത് യൂറോപ്യരുടെ സമ്മാനമാണ്. ആഫ്രിക്കക്കാരുടേതല്ല.
You must be logged in to post a comment Login