ഡല്‍ഹിയില്‍ പിന്നെയും പീഡനം. വയസ്സ് നോക്കിയല്ല ഇപ്പോള്‍ കടിച്ചു തുപ്പുന്നത്. അതൊക്കെ പിന്നെ ജയിലില്‍ പോകുമ്പോള്‍ ആലോചിക്കാനുള്ള വിഷയങ്ങള്‍ മാത്രമാണവര്‍ക്ക്. മനുഷ്യനെ മൃഗമാക്കുന്ന രീതിയില്‍ അരക്കെട്ടഴിഞ്ഞു നില്ക്കുന്ന നമ്മുടെ ഔദ്യോഗികവും അനൌദ്യോഗികവുമായ ജീവിതത്തിന് അറുതി വരുത്താതെ മനുഷ്യന് മൃഗീയതയില്‍ നിന്ന് നിവരാനാവില്ല.
കുഞ്ഞു മക്കളെ ഡ്രസ്സിടുവിക്കുന്നത് അവരെ വലിയ സ്ത്രീകളെപ്പോലെ കാണും വിധത്തിലാണ്. ഹോര്‍മോണ്‍ വൈകല്യങ്ങളുള്ള മൃഗ/പക്ഷികളുടെ മാംസമൊക്കെ കഴിച്ച് നമ്മുടെ മക്കള്‍ തടിച്ചു കൊഴുത്ത് വളരുകയാണ്. കുട്ടികളെ നന്നായി ഉടുപ്പിടുവിക്കണം. വസ്ത്രധാരണയെപ്പറ്റി വീക്ഷണമുണ്ടാക്കണം.
മനുഷ്യനെ മൃഗമാക്കുന്ന സിനിമാ പോസ്ററുകള്‍, ഹോര്‍ഡിംഗ്സുകള്‍, മാഗസിനുകള്‍, വെബ് പോര്‍ട്ടലുകള്‍, ലൈംഗികാസക്തിയുണര്ത്തുന്നതെന്തും നിയന്ത്രിച്ചാല്‍ മാത്രമേ നാടിന് കരകയറാനാവൂ.
അതൊടൊപ്പം മതധാര്‍മിക പ്രസ്ഥാനങ്ങള്‍ സ്വന്തം തട്ടകങ്ങളില്‍ ഒതുങ്ങാതെ ജനങ്ങള്ക്കിടയിലിറങ്ങുക കൂടി ചെയ്താല്‍ നാടിനെ നാശത്തില്‍ നിന്ന് രക്ഷിക്കാം.
ഇബ്റാഹീം കെ കെ, വേങ്ങര
കുട്ടികളെ വായിച്ചു പഠിപ്പിക്കാന്‍
ചെറുപ്പത്തിലെ കുട്ടികളെ വായിക്കാന്‍ പഠിപ്പിക്കുക എന്നത് വലിയൊരു കാര്യമാണ്. കഥകളും ചരിത്രങ്ങളും മാത്രമല്ല, ലേഖനങ്ങളും വായിക്കാന്‍ കൊടുക്കണം. വര്‍ത്തമാന പത്രങ്ങളുടെ വാര്‍ത്തകള്‍ തന്നെയാണ് ആദ്യം വായിപ്പിക്കേണ്ടത്. ഒരു വാര്‍ത്ത വായിച്ച് അതിനെക്കുറിച്ച് കുട്ടികളോട് അഭിപ്രായം ചോദിക്കുന്നതും അവരുടെ അഭിപ്രായങ്ങള്‍ അറിയുന്നതും തന്നെയാണ് ആദ്യഘട്ടം. അതിനിടയില്‍ കഥയാവാം. കവിതയാവാം. കളിയാവാം, ഫലിതങ്ങളാവാം.
പക്ഷെ ഒരു കാര്യം; ഇതിനിടയില്‍ മൊബൈല്‍ കൈയില്‍ കൊടുത്ത് ഗെയിമും കോമഡിയും തീറ്റിച്ചാല് പിന്നെ നിങ്ങളുടെ പത്രമോ കഥയോ കവിതയോ ഒന്നും അവര്‍ക്ക് വേണ്ടി വരില്ല.
ഇതാണ് പല കുട്ടികള്‍ക്കും വായന എന്നു പറയുമ്പോള്‍ പല്ല് പുളിക്കുന്നത്. ഇപ്പോഴത്തെ മത്സര ലോകത്താണെങ്കില്‍ വായനയില്ലാതെ പറ്റില്ല. നാല് വാചകം നന്നാക്കി ആറ്റിക്കുറുക്കി എഴുതാന്‍ പഠിക്കുന്നത് പരസ്യ നിര്‍മാണത്തിനും കൊള്ളും. അതൊക്കെ ഭൌതിക താത്പര്യങ്ങള്‍. അതിലുപരി മതപരമായ കാര്യങ്ങള്‍ പുതുതലമുറയുടെ ശ്രദ്ധയിലെത്തിക്കാന്‍ ആറ്റിക്കുറുക്കിയ വാക്കുകളും ഭാവനകളും തന്നെ വേണം. വലിയൊരു കാര്യം പറയാന്‍ ചെറിയൊരു വാക്ക് മതിയാവും. അതിനാല്‍ വായന ഒരു വീട്ടുപരിപാടിയാക്കി മാറ്റാന്‍ രക്ഷിതാക്കള്‍ ഉത്സാഹിക്കണം.
അബ്ദുല്‍ നാഫിഅ് ടി പി, ചെമ്മാട്
You must be logged in to post a comment Login