പര്‍ദ്ദയിടുന്നതു ഗള്‍ഫുകാരുടെ ഭാര്യമാര്‍ മാത്രമോ?
മുസ്ലിം സ്ത്രീ പര്‍ദ്ദയിടുന്നതും ശിരോവസ്ത്രമണിയുന്നതും മുഖം മറക്കുന്നതും അന്യരില്‍ നിന്നകന്നു നില്‍ക്കുന്നതും അല്ലാഹുവിനോടുള്ള വിധേയത്വം കൊണ്ടാണ്. ആ ഒരു വിധേയത്വം മാത്രമാണവളെ എക്കാല്തും പിന്തുണക്കുന്നതും. ആധുനിക സംസ്കൃതിയുടെയും പണത്തിന്‍റെയും അടിമകള്‍ക്ക് അല്ലാഹുവിന്‍റെ അടിമത്വം അരോചകമായിപ്പോയതിന് മുസ്ലിം സ്ത്രീകളെന്തു പിഴച്ചു? അവാസ്തവ നിരീക്ഷണത്തിലൂടെ മുസ്ലിം പെണ്ണിന്‍റെ പര്‍ദ്ദകീറിയെറിയുന്നതിനു ശ്രമം നടത്തിയ ഇന്ത്യാവിഷന്‍ മുഖംമൂടി വലിച്ചുചീന്തിയിട്ട രിസാലക്കു നന്ദി. വാര്‍ത്താ വിതരണത്തിന് നിയോഗിക്കപ്പെട്ടു എന്നതു കൊണ്ടു മാത്രം എല്ലാം തികഞ്ഞുവെന്നു കരുതുകയും എവിടെയും കയറി ഇടപെട്ടു വിവരക്കേട് വിളന്പുകയും ചെയ്യുന്ന ചില മീഡിയ പ്രവര്‍ത്തകര്‍ എന്നെന്നും ഓര്‍ത്തു വെക്കേണ്ട കാര്യങ്ങളാണ് രിസാല നിര്‍ഭയം കുറിച്ചിട്ടത്.
കല്യാണാനന്തരം വിധവകളായി ജീവിക്കാന്‍ വിധിക്കപ്പെട്ട ഗള്‍ഫുകാരുടെ ഭാര്യമാര്‍ കഴുകണ്ണുകളില്‍ നിന്ന് രക്ഷനേടാനായി പര്‍ദ്ദ എടുത്തണിയുന്നുയെന്ന കണ്ടുപിടുത്തം ഏറെ വിചിത്രമാണ്. ഗള്‍ഫുകാരന്‍റെ ഭാര്യമാര്‍ മാത്രമാണ് കഴുകന്മാരുടെ ഉന്നമെന്നും ഹസ്ബന്‍റ് മറുനാട്ടിലല്ലെങ്കില്‍ ആണിന് പെണ്ണിനോട് ആശയുണ്ടാവില്ലെന്നുമുള്ള വിശ്വാസം പ്രചാരകര്‍ക്കുണ്ടായിരിക്കാം. പക്ഷേ, പ്രബുദ്ധരായ മലയാളികള്‍ക്കങ്ങനെയൊരു വിശ്വാസം ഉണ്ടാവുമെന്നു തോന്നുന്നില്ല. ഏതായാലും ഒരു കാര്യമുറപ്പ്, പര്‍ദ്ദക്ക് കഴുകകണ്ണുകളെ തടഞ്ഞു നിര്‍ത്താനുള്ള ഒരു മാന്ത്രിക ശക്തിയുണ്ട്. എങ്കില്‍ കഴുകണ്ണുകളെ പേടിയുള്ള ഏതൊരു പെണ്ണും സ്വാഭാവികമായും പര്‍ദ്ദയെടുത്തണിയുക സ്വാഭാവികം. ചില പെണ്ണുങ്ങള്‍ക്കു കഴുകക്കണ്ണുകളെ പേടിയില്ല, കഴുകന്മാരുമായി ചങ്ങാത്തം സ്ഥാപിക്കാനും അവര്‍ക്ക് മാനസികമായെങ്കിലും രതി നിര്‍വൃതി നല്‍കാനും ഏജന്‍സി പണിയെടുക്കാനും അപാരമായ കഴിവുള്ള അത്തരക്കാരെ പോലെ എല്ലാവരുമാവണമെന്ന ശാഠ്യം തെളിച്ചു പറഞ്ഞാല്‍ ഒരുതരം രോഗമാണ്. മണ്ടത്തരവുമാണ്.
പ്ലീസ്, പര്‍ദ്ദധാരികളെ വെറുതെ വിടുക. എനിക്കും സഹപാഠികളായ കൂട്ടികാരികളില്‍ പലര്‍ക്കും പണ്ടുമുതലേ ഏറെ ഇഷ്ടമാണ് പര്‍ദ്ദ. അത് ധരിക്കാനനുവദിക്കുന്ന ഒരിണയെ കിട്ടിയെങ്കിലന്നായിരുന്നു ആശ. (പൂവണിയിച്ചു തന്ന നാഥനു സ്ത്രോത്രങ്ങള്‍). പര്‍ദ്ദകൊതിക്കുന്നവരില്‍ മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഫാഷന്‍ വസ്ത്രങ്ങളെടുക്കുന്ന ചിലരുള്ളതുപോലെ ഫാഷന്‍ ഭ്രമം തലക്കുപിടിച്ച പെണ്‍കുട്ടി സദാചാര കുടുംബത്തിലെത്തുന്പോള്‍ മനമില്ലാ മനസോടെ പര്‍ദ്ദയിടുന്നുണ്ടാവാം. അപൂര്‍വ്വമാണിത്. അതെല്ലാം ഒരു പൊതുവികാരമായി ചിത്രീകരിച്ചു പ്രചാരണം നടത്തേണ്ടതുണ്ടോ?
ഇസ്ലാമിക കുടുംബത്തില്‍ പിറന്നു വളര്‍ന്ന നാലക്ഷരം ഭൗതികം പഠിച്ചപ്പോള്‍ പടച്ചോനെ പേടിക്കുന്ന പദപ്പുകളെ പരിഹസിച്ചു പണം നേടുന്ന മുസ്ലിം വിലാസമുള്ള റിപ്പോര്‍ട്ടന്മാരോചിക്കുക, മതവിരോധികളുടെ കയ്യടിയും കൈകൂലിയും ക്ഷണികം. പരലോകമാണ് അനശ്വരം.
ഉമ്മുസൈലും പൂക്കൊളത്തൂര്‍
ഹൃദയവിലാപം
അക്ഷരത്തെറ്റുകളും വാക്കുകള്‍ വിട്ടുപോവലും സ്വാഭാവികമാണ്. എങ്കിലും രചയിതാവിന്‍റെ പേരില്ലാതെ രചന അച്ചടിക്കുന്നതും കടന്ന കയ്യാണ്. ലക്കം 1048ലെ സര്‍ഗവേദിയിലെ ഹൃദയവിലാപം എന്ന കവിത എന്‍റെതായിരുന്നു. തുടക്ക്ക്കാരനെന്ന നിലയില്‍ എനിക്കേറെ സങ്കടം തോന്നി. മുന്പ് സുഹൃത്തിന്‍റെ മൗനം എന്ന കവിത ചേര്‍ത്തപ്പോഴും രചയിതാവിന്‍റെ പേര് മൗനമായിരുന്നു. ഇത് നോക്കുന്ന ആള്‍ക്കിതെന്തു പറ്റി? ഇതെല്ലാം പെട്ടെന്നു ശ്രദ്ധയില്‍പെടുന്ന കാര്യമല്ലേ?
സ്വലാഹുദ്ദീന്‍ കാവനൂര്‍,
രിസാല തൊട്ടുകൂടാത്ത വിഭവങ്ങള്‍
ഈയിടെ രിസാലയെ ഇതര ആഴ്ചപ്പതിപ്പുകളുമായി തുലനം ചെയ്തു നോക്കി. താളുകള്‍ പെരുപ്പിക്കാന്‍ കാര്‍ട്ടൂണ്‍ നിരകളില്ല; വായനക്കാരെ ഹരം കൊള്ളിക്കുന്ന ടൈം വേയ്സ്റ്റാക്കുന്ന നീണ്ട കഥകളോ നോവലുകളോ ഇല്ല. യാമിനി തങ്കച്ചി ഗണഏഷ് കുടുംബകാര്യങ്ങള്‍, സരതി ശാലു ബിജു കന്പനിയുടെ സൗന്ദര്യപ്പിണക്കങ്ങള്‍, വിഎസിന്‍റെ വിടുവായിത്തങ്ങള്‍, തെറ്റയിലിന്‍റെ തെറ്റലുകള്‍, കാമവെറിയന്മാരുടെ ജീവിതാനുഭവങ്ങള്‍ തുടങ്ങിയവയൊന്നുമില്ല. ഇതൊന്നുമില്ലാതെ തന്നെ ആളുകളെ വായിപ്പിക്കാന്‍ കഴിയുന്നുവെന്നതാണ് രിസാലയുടെ പ്രത്യേകത.
എംടിയുടെ എട്ടാം ജന്മശബാദിയാഘോഷങ്ങളോടെ യുഎഖാദറിന്‍റെ ആറാം ജന്മശതാബ്ദി അനുഭവങ്ങളോ എഡ്വേര്‍ഡ് സ്നോഡന്‍റെ ലോക സ്നോഹമോ രിസാല തൊട്ടിട്ടില്ല. ഒരു ഇംഗ്ലീഷ് പംക്തിയുടെ അഭാവം നിഴലിക്കുന്നുമുണ്ട്. ശാഹിദും തളിരിലയും നൂര്‍സീ ചിന്തകളും ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു. പുതുപ്രവണതകളെ ആത്മീയാധിഷ്ഠിതമായി സ്വാംശീകരിച്ചുള്ള എഴുത്തിടപെടലുകള്‍ രിസാലയില്‍ വരാന്‍ കാത്തിരിക്കുന്നു.
അബ്ദുല്‍ ബാസിത്ത് കെ പി
സമയം കൊല്ലികള്‍
സ്വാഗതസംഘം മീറ്റിംഗ് തകൃതിയായി നടക്കുകയാണ്. വരും വരാത്തില്‍ പ്രമുഖ പ്രഭാഷകന്‍റെ പ്രഭാഷണ പരന്പര നടക്കാനിരിക്കുന്നു. കൃത്യം ഏഴിന് പരിപാടി തുടങ്ങിയിരിക്കണം. ഒരു വിദ്വാന്‍റെ ശാഠ്യം. ഏയ്… അതൊന്നും പറ്റില്ല… മഗ്രിബ് നിസ്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് ആളുകള്‍ കയറുന്പോഴേക്ക് എന്തായാലും ഏഴേ കാലാകും. അതോടെ മറ്റവന്‍ വായ പൂട്ടി. പരിപാടി എപ്പോ തുടങ്ങിയാലും ഏഴ് മണി എന്ന് നോട്ടീസിലും പോസ്റ്ററിലും അച്ചടിക്കണം. ചെയര്‍മാന്‍ തീരുമാനം.
ഏതായാലും കാര്യങ്ങള്‍ക്കൊക്കെ ഒരു തീരുമാനമായി കമ്മിറ്റി മീറ്റിംഗ് പിരിഞ്ഞു. മീറ്റിംഗില്‍ കൂടിയ എല്ലാവര്‍ക്കും നന്നായി അറിയാം ഏഴ് മണി എന്നച്ചടിച്ച പരിപാടി തുടങ്ങാന്‍ എട്ടുമണിയാകുമെന്ന്. കാരണം മറ്റൊന്നുമല്ല. സുന്നി ടൈം!
1995ല്‍ കയ്റോവില്‍ ഒരു സമ്മേളനം നടക്കുകയുണ്ടായി. മികച്ച ഇസ്ലാമിക സേവനങ്ങള്‍ക്കുള്ള ഫൈസല്‍ അവാര്‍ഡ് വിതരണമാണ് മുഖ്യ പരിപാടി. അവാര്‍ഡ് ജേതാക്കള്‍ക്ക് പ്രഭാഷണം നടത്താനുള്ള അവസരമുണ്ടായിരുന്നു. മുന്‍ ബോസ്നിയന്‍ പ്രസിഡന്‍റ് അലിജാ അലി ഇസ്സത്ത് ബെഗോവിച്ച് തന്‍റെ പ്രഭാഷണത്തിലിങ്ങനെ പറഞ്ഞു: എന്‍റെ മനസ്സില്‍ നാലു ചോദ്യങ്ങളുണ്ട്. അവര്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കുന്നവര്‍ക്ക് ഇസ്ലാമിക സേവനത്തിനുള്ള ഫൈസല്‍ അവാര്‍ഡ് നല്‍കപ്പെടേണ്ടതാണഅ. ആ നാലു ചോദ്യങ്ങളില്‍ ഏറ്റവും മുഖ്യവും ഒന്നാമത്തേതും ഇതാണ്. ഇസ്ലാമിക സമയ നിഷ്ഠക്ക് വന്പിച്ച പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഓരോ കാര്യത്തിനും അതത് സമയങ്ങള്‍ നിശ്ചയിട്ടുമുണ്ട്. എന്നാല്‍ ലോകത്ത് തീരെ സമയനിഷ്ഠ പുലര്‍ത്താത്ത മതവിഭാഗം ഇന്ന് മുസ്ലിംകളത്രെ. മുസ്ലിംകളുടെ ഏതെങ്കിലും സമ്മേളനം കൃത്യസമയത്ത് തുടങ്ങിയതായി എനിക്കോര്‍മ്മയില്ല.
ഒരിക്കലും എത്ര ശ്രമിച്ചാലും തിരിച്ച് കിട്ടാത്ത അമൂല്യ നിധിയാണ് സമയം. മറ്റുള്ളവരുടെ സന്പത്ത് അപഹരിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നതിനേക്കള്‍ ഗുരുതരമായ തെറ്റും കുറ്റവുമാണ് അവരുടെ സമയം കവര്‍ന്നെടുക്കലും നഷ്ടപ്പെടുത്തലും. എന്നാല്‍ കിട്ടാക്കനിയായ സമയത്തെയാണ് നിഷ്ഠ പുലര്‍ത്താതെ മറ്റുള്ളവരില്‍ നിന്ന് തട്ടിയെടുക്കുകയും നശിപ്പിക്കുകയും ചെയ്യുന്നതെന്ന് ഏറെപേരും ഓര്‍ക്കാറില്ല.
പത്തുപേര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ട ഒരു കമ്മിറ്റി മീറ്റിംഗില്‍ മൂന്ന് പേര്‍ അരമണിക്കൂര്‍ വൈകുന്നതിന്‍റെ കാരണത്താല്‍ ഏഴ്പേര്‍ക്ക് നഷ്ടപ്പെടുന്ന മൂന്നര മണിക്കൂര്‍ വിലപ്പെട്ടതാണ്. ഒരുപാട് നല്ലകാര്യങ്ങള്‍ക്കുതകുന്ന സമയമാണിത്. ആ സമയം വൈകിവരുന്ന മൂന്നുപേരുടെ കാരണത്താല്‍ വെറുതെ നഷ്ടപ്പെടുന്നു.
നിശ്ചിത സമയത്ത് ആരംഭിക്കുന്ന പൊതുയോഗങ്ങള്‍ നാട്ടില്‍ അത്യപൂര്‍വ്വമായിരിക്കും. ഫലമോ, യോഗത്തില്‍ പങ്കെടുക്കാനെത്തിയ നൂറുകണക്കിന് ആളുകളുടെ വിലപ്പെട്ട മണിക്കൂറുകള്‍ നഷ്ടപ്പെടുന്നു.
മറ്റുള്ളവരുടെ സന്പത്ത് കട്ടോ, വഞ്ചിച്ചോ കവര്‍ന്നെടുത്താല്‍ തിരിച്ചു കൊടുക്കാം. പശ്ചാത്താപത്തിലൂടെ പാപ മുക്തനാവാം. സമയവും അതുവഴി ആയുസ്സും നഷ്ടപ്പെടുത്തിയാല്‍ അതെങ്ങനെ വീണ്ടെടുക്കും?
പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ഹസന്‍ ബസ്വരി(റ) പറയുന്നു: ഒരോ പ്രഭാതവും പിറന്ന് വീഴുന്നത് ഇങ്ങനെ വിളിച്ച് പറഞ്ഞു കൊണ്ടാണ്. അല്ലയോ മനുഷ്യാ… ഞാനൊരു പുതിയ സൃഷ്ടി. നിന്‍റെ കര്‍മ്മത്തിനു സാക്ഷി. അതിനാല്‍ നീയെന്നെ ഉപയോഗപ്പെടുത്തുക. ഞാന്‍ പോയിക്കഴിഞ്ഞാല്‍ അന്ത്യനാള്‍ വരെ തിരിച്ച് വരില്ല.
ഇസ്ലാം സമയനിഷ്ഠക്ക് പ്രാധാന്യം നല്‍കുന്നതും. വ്യക്തമായി പഠിക്കുന്നതുമായ ഏക മതമാണ്. അഞ്ചുനേരത്തെ നിസ്കാരവും, വെള്ളിയാഴ്ചകളിലെ ജുമുഅയും റമളാനിലെ വ്രതവുമെല്ലാം ഉദാഹരണങ്ങളാണ്.
സമയത്തിന്‍റെ വില മനസ്സിലാക്കി അത് പ്രയോജനപ്പെടുത്തുവാനും ലാഭിക്കാനും വിശ്വാസികള്‍ ബാധ്യസ്ഥരാണ്. സമയനിഷ്ഠ പാലിക്കാതെ മറ്റുള്ളവരുടെ സമയം കവരുന്നതും നഷ്ടപ്പെടുത്തുന്നതും കൊടിയ കുറ്റമാണ്. സമയനിഷ്ഠയും അച്ചടക്കവും വിശ്വാസത്തിന്‍റെ അഭിവാജ്യ ഘടകവുമാണെന്ന് മറക്കാതിരിക്കുക.
മുഹമ്മദ് സവാദ് കെ പി, മുണ്ടമ്പ്ര
കത്തോ കുത്തോ?
തളിരിലയും സര്‍ഗവേദിയും എന്ന തലക്കെട്ടില്‍ (ലക്കം 1042) വന്ന കത്തുവായിച്ചു. മുഹമ്മദ് ഒ വി വിജയന്‍റെയും കാക്കനാടന്‍റെയും കാലത്താണ് ജീവിക്കുന്നതെന്ന് തോന്നുന്നു. അന്നത്തെ വായനാനുഭവമല്ല ഇന്നത്തെ അനുവാചകര്‍ ആവശ്യപ്പെടുന്നത്. ഏതാണ് എഴുപതുകളായപ്പോഴേക്ക് അതിന്‍റെ അനുഭവങ്ങള്‍ നിലച്ചു പോയിട്ടുണ്ട്. അതുവച്ച് പുതുകാലത്തെ എഴുത്തുകളെ അളന്നു മുറിക്കാവതല്ല.
നവ വധൂവരന്മാരെപ്പറ്റി നാട്ടിന്‍പുറത്തെ പെണ്ണുങ്ങള്‍ കിണറ്റിന്‍ കരയിലും കുളക്കരയിലും നിന്നു പറയുന്നമാതിരിയുള്ള കൊച്ചു വര്‍ത്തമാനങ്ങള്‍ക്ക് ഇത്തരം ക(കു)ത്തുകളേക്കള്‍ ആര്‍ജവമുണ്ടായിരുന്നു.
ഉമര്‍ വിളയില്‍
സഞ്ചാരപ്പതിപ്പ് അത്യാകര്‍ഷകം
രിസാല 1045 ലക്കം കണ്ടപ്പോള്‍ കപ്പല്‍ യാത്രപ്പതിപ്പായിട്ടാണ് തോന്നിയത്. അതിന്‍റെ കവര്‍ ചിത്രവും ലേഖനത്തിന്‍റെ പേരും കണ്ടപ്പോ വായിക്കാന്‍ ഒരു ആവേശം. ഇസ്ലാമിന്‍റെ ചരിത്രം പറയുന്പോള്‍ കപ്പല്‍ സഞ്ചാരത്തെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. നൂഹ് നബിയുടെ കപ്പലിലെ മനുഷ്യരും ഇതര ജീവികളുമാണ് മിച്ചം വന്നത് പണ്ടുമുതലെ യാത്രയ്ക്ക് ഉപയോഗിച്ചതു കപ്പലായിരുന്നു. ഇന്ത്യയിലേക്ക് മാലിക് ദീനാര്‍(റ) സംഘവും ഇസ്ലാം പ്രബോധനത്തിന് വന്നതും കപ്പലിലാണ് 50 വര്‍ഷ മുന്പ് നമ്മുടെ ഉപ്പാപ്പമാര്‍ ഹജ്ജിനും വിദേശത്തേക്കും പോയതും കപ്പല്‍ മാര്‍ഗം തന്നെ. ഈ ചരിത്രം ഒന്നുകൂടി അയവിറക്കാനായി രിസാലയുടെ യാത്രാപതിപ്പിലൂടെ.
ഡോ. ഡയണീഷ്യസ് എ ആഗ്വിസിന്‍റെ അനുഭവങ്ങള്‍ ആകര്‍ഷകമായി. ശാദുലി ത്വരീഖത്തിലെ സൂഫികളെക്കുറിച്ചും യാത്രവേളയിലെ അവരുടെ മൗലിദുകളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്‍റെ തിരിച്ചറിവുകള്‍ അത്ഭുതകരം തന്നെ. സഊദിയിലെ ഐദാസ് തീരത്തെയും മുംബൈ ഹാനിമലയിലെയും ഡോ. ജോണ്‍ കൂപ്പറിന്‍റെ അനുഭവങ്ങളും അത്യാകര്‍ഷകമായി.
അതുപോലെ മഖ്ദൂമുമാരുടെ അറിവന്വേഷിച്ചുള്ള കപ്പല്‍ സഞ്ചാരവും ആര്‍ജവമുള്ള പാഠങ്ങള്‍ നല്‍കി. ആനി കെ സാംഗിന്‍റെ അലവി സൂഫികളെപ്പറ്റിയുള്ള നിരീക്ഷണങ്ങളും അത്ഭുതപ്പെടുത്തി. നിഷ്കളങ്കരായ മനുഷ്യര്‍ കാപട്യമേതുമില്ലാതെ ജീവിച്ച അക്കാലത്തെത്തന്നെ പാശ്ചാത്യ പൗരസ്ത്യ ഭേദമില്ലാതെ ഇന്നും ലോകം ഉറ്റുനോക്കുന്നതെന്ന് രിസാലയുടെ ഈ ലക്കം പറയാതെ പറയുന്നു.
മുഹമ്മദ് ഫൈസല്‍ വെളിമണ്ണ
മരുന്നുകമ്പനികളുടെ രോഗം
കൊതുകു പരത്തുന്ന രോഗം, എലിപ്പനി, പന്നിപ്പനി, ഇങ്ങനെ പലതും പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നതില്‍ ശതകോടികളുടെ വിറ്റുവരവുള്ള മരുന്നു കന്പനികള്‍ക്ക് വലിയ പങ്കുണ്ട്. നവജാത ശിശുക്കളെ മുതല്‍ മരിച്ചു മണ്ണടിയാനായവരെ വരെ മരുന്നു തീറ്റിച്ച് കച്ചവടം പൊടിപൊടിക്കാനുള്ള ഇത്തരം തിടുക്കങ്ങളെ പ്രബുദ്ധ തലമുറ തിരിച്ചറിയണം.
വിഷയങ്ങളെപ്പറ്റി വായനക്കാര്‍ക്ക് പൂര്‍ണവിവരം നല്‍കുന്നതിന് പകരം അല്പ വിവരം നല്‍കുന്ന ആരോഗ്യ മാസികകളും നിരപരാധികളല്ല.
പി പി ജഅ്ഫര്‍ അബ്ദുറഹീം.
ഇസ്ലാമിലേക്ക് വരുന്ന സ്ത്രീകള്‍
ഇസ്ലാമിന്‍റെ സ്ത്രീ സമീപനങ്ങളെപ്പറ്റി കല്ലുവച്ച പരദൂഷണങ്ങള്‍ പറഞ്ഞു പരത്തുന്പോഴും പാശ്ചാത്യദേശത്ത് വിദ്യാസന്പന്നരായ സ്ത്രീകള്‍ തന്നെ കൂട്ടത്തോടെ ഇസ്ലാമിലേക്ക്. എന്തുകൊണ്ട് ഇസ്ലാം എന്നു ലോകത്തിന് മുന്നില്‍ തുറന്നു പറയാന്‍ അവര്‍ ധീരത കാണിച്ചു എന്നതാണ് അതിനേക്കാള്‍ ഈടുറ്റ വാര്‍ത്ത. ഫെമിനിസ്റ്റുകള്‍ പറഞ്ഞു പരത്തിയതെല്ലാം നനഞ്ഞ പടക്കങ്ങളായ. ഇസ്ലാം കുത്തും കുത്തൊഴുക്കും എന്ന ശാഹിദിന്‍റെ ലേഖനം എന്തു കൊണ്ടും സന്ദര്‍ഭോചിതമായി.
മുഹമ്മദ് അമീന്‍ കെ ടി.
You must be logged in to post a comment Login