ശഹീദ് എ പി കാവനൂര്‍
തീക്കുനിയില്‍/ മീന്‍പെട്ടി ചോര്‍ന്ന്/ കവിത പരന്നൊഴുകി/ നെരൂദയുടെ കവിതകള്‍/ ലഹരി പുതച്ച് ആടാന്‍ തുടങ്ങി/ മേതിലിന്‍റെ കവിതക്കാട്ടില്‍ നിന്ന്/ ഹിംസ്ര ജന്തുക്കളലറി/ മുള്‍ക്കാട്ടിലെ/ കവിതച്ചുണ്ടുകള്‍/ ചുള്ളിതട്ടി ചോര പൊടിഞ്ഞു/ കാവില്‍ നിന്നും കവിത വിഷപ്പുകയൂതി/ അന്ധമില്ലാത്ത കുറേ ചെങ്കരടികള്‍/ ചുവന്ന കവിത കാട്ടി/ ദൈവത്തെ പേടിപ്പിച്ചു/ സച്ചിദാനന്ദന്‍റെ ഉറപൊട്ടി/ വെളുത്ത കവിതാ മുത്തുകള്‍ നാറിയൊഴുകി/ പുഞ്ചപ്പാടങ്ങളില്‍്/ നെഞ്ചെരിയാന്‍ വന്ന കവിതകള്‍/ ചേറ് പുരളാതെ്/ പട്ടഷാപ്പില്‍ കയറി/ വെയില്‍ കൊണ്ട ധര്‍മ്മം/ കവിതക്കുപ്പായം കിട്ടാതെ പൊള്ളി്/ ആരെങ്കിലുമുണ്ടോ/ കവിതക്കൊരു/ ധര്‍മ്മക്കുപ്പായം തുന്നാന്‍. 2007 ഡിസംബര്‍ പതിനാലിന് രിസാലയുടെ സര്‍ഗവേദിയില്‍ തീര്‍ത്തും വിഭിന്നമായി പ്രസിദ്ധീകരിച്ചൊരു കവിതയാണിത്.
“നമ്മുടെ കവി(ത)കള്‍’ എന്ന ഹെഡിങ്ങില്‍ പ്രിയപ്പെട്ട കവി പേനയുന്തിയപ്പോള്‍ ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും ഈ പാവം കവിയ്ക്കു മുമ്പിൽ കെട്ടഴിഞ്ഞു വീണിരുന്നു. പവിത്രന്‍ തീക്കുനി മുതല്‍ നെരൂദയും മേതിലും ചുള്ളിക്കാടും തുടങ്ങി സച്ചിദാനന്ദന്‍ വരെ ഈ കവിയുടെ പേനക്കു മുന്പില്‍ നഗ്നരായപ്പോള്‍ കള്ളും പെണ്ണുമടങ്ങുന്ന കവികളുടെ പച്ച ജീവിതം മണത്തറിയാന്‍ ഈ കവിത നിദാനമായി. ഇതിന്‍റെ അനുരണനങ്ങള്‍ രിസാലയെയും കവിയെയും കത്തുകളായും കോളുകളായും നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു.
ഇപ്പോഴിതോര്‍ക്കാന്‍ കാരണമുണ്ട്; ഈയടുത്ത് കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് പാഠ പുസ്തകത്തില്‍ നിന്നും തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട് ഇബ്രാഹീം സുലൈമാന്‍ അല്‍ റുബായിഷിന്‍റെ “ഓട് റ്റു ദ സീ’ എന്ന കവിത അങ്ങേയറ്റം വിവേകശൂന്യവും അപലപനീയവുമായ നിലയില്‍ ചില മഹാത്മാക്കള്‍ നിരോധിക്കുകയുണ്ടായി.
ചരിത്രത്തില്‍ സമാനതകളില്ലാത്ത കിരാതമായ പീഡനമുറകള്‍ക്ക് സാക്ഷ്യംവഹിച്ച ജയിലാണ് ഗ്വാണ്ടനാമോ. ആ ജയിലില്‍ പീഡനങ്ങളേറ്റു വാങ്ങേണ്ടി വന്ന ഒരു പ്രതിഭാശാലി തന്‍റെ പ്രതിഭാത്വം വരച്ചുകാണിക്കുന്പോള്‍ ആ സര്‍ഗാവിഷ-്കാരത്തെ പുറംകാലു കൊണ്ട് തട്ടുന്നത് നീതി കൊതിക്കുന്നവരുടെ യുക്തിക്കങ്ങെനെ ദഹിക്കാനാണ്? അക്ഷരാര്‍ത്ഥത്തില്‍ മനോഹരവും ഹൃദയഹാരിയുമായ ഈ കവിതയിലെ ഏതു ഭാഗമാണ് ജനാധിപത്യത്തിനെതിരെ പല്ലിളിക്കുന്നത്? ഏതു വരിയാണ് മാനവിക മൂല്യങ്ങളെ തച്ചുടച്ച് വര്‍ഗീയതയുടെ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? കാളപെറ്റു എന്നു കേള്‍ക്കുന്പോഴേക്ക് കയറുമായി ഓടിയ യൂണിവേഴ്സിറ്റി മറുപടി പറയേണ്ടതുണ്ട്.
ലോക സാഹിത്യത്തിലോ മലയാള സാഹിത്യത്തിലോ മഹത്തായ രചനകള്‍ സംഭാവന ചെയ്തപലരുടെയും വ്യക്തിജീവിതം അനുകരണീയമോ പൊതുസമൂഹത്തിന് ഉള്‍ക്കൊള്ളാവുന്നതോ ആയിരുന്നില്ല.കവിയെയും കവിതയെയും കൂട്ടിക്കുഴക്കുന്ന അസുഖകരമായ രീതി തീര്‍ത്തും അപരിഷ്കൃതമായിട്ടാണ് ലോകം കാണുന്നത്. അതിനാല്‍ കുറ്റവാസനകളും ഭീകരവാദികളും അമിതമദ്യപരും എഴുത്തുകാരില്‍ ഭൂരിപക്ഷമാണ്. ഇതിനെ ചോദ്യം ചെയ്തതിന്‍റെ ഫലമാണ് മുന്പു സൂചിപ്പിച്ച കവിതയില്‍ കവിക്ക് വിമര്‍ശനങ്ങള്‍ കൂരന്പുകളായി ഏറ്റുവാങ്ങേണ്ടി വന്നത്. ലോകത്ത് വില്യം ഷേക്സ്പിയറുടെയോ ദസ്തയേവ്സ്കിയുടെയോ നെരൂദയുടെയോ നീഷേയുടെയോ ഷെനെയുടെയോ വ്യക്തിജീവിതങ്ങള്‍ അനുകരണത്തിനോ മാതൃകകള്‍ക്കോ അനുയോജ്യമായിരുന്നില്ല. തുഞ്ചത്ത് എഴുത്തച്ഛന്‍ മുതല്‍ എ. അയ്യപ്പന്‍ വരെയുള്ളവരുടെ സ്വകാര്യ ജീവിതം അപകീര്‍ത്തികള്‍ നിറഞ്ഞതായിരുന്നു. എന്നിട്ടും ഒരു വര്‍ഷം പഠിപ്പിച്ചതിനു ശേഷം യൂണിവേഴ്സിറ്റിക്ക് കവി ഭീകരവാദിയെന്ന് വെളിപാടുണ്ടായി കവിത പുറംതള്ളുന്പോള്‍ ജോണ്‍ അബ്രഹാം വേവലാതിപ്പെട്ടതു പോലെ ഇവരെല്ലാം എത്ര പ്രാവശ്യമാണ് കലാകാരന്‍റെ മൂട്ടിലേക്ക് മൂലക്കുരുവുണ്ടോ എന്ന് നോക്കാന്‍ ടോര്‍ച്ചടിക്കുന്നത്?
ആസന്ന മരണ ചിന്തകള്‍ക്ക് കിടന്നു മരിക്കാനുള്ള ഒന്നാന്തരം ആശുപത്രികളാണ് സര്‍വ്വകലാശാലകള്‍ എന്നു പറയാറുണ്ട്. അത് തീര്‍ത്തും ശരിയാണെന്ന് ആയിരം തവണ വിളിച്ചു പറയുകയാണ് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍. കാരണം, റുബായിഷിന്‍റെ കവിതയെ ഭീകരവാദത്തിന്‍റെ അക്ഷരത്തോക്കുകളാക്കിയ യൂണിവേഴ്സിറ്റി ഇതിനു മുന്പ് ഡിഗ്രി രണ്ടാം സെമസ്റ്റര്‍ പാഠ പുസ്തകത്തില്‍ ഇറാന്‍ എഴുത്തുകാരി മിന അസദിയുടെ മതസ്പര്‍ധയുണ്ടാക്കുന്ന “എ റിങ് റ്റു മീ ഈസ് ബോണ്‍ഡിജ്’ എന്ന കവിത മൂലം നോക്കാതെ ഉള്‍പ്പെടുത്തി പഠിപ്പിച്ചിരുന്നു. ഒരു മതത്തിന്‍റെ പഞ്ചസ്തംഭങ്ങളെ മുഴുവന്‍ നിഷേധിച്ച് നിസ്കാരവും വിവാഹവും അടിമത്വത്തിന്‍റെ സിംബലുകളാക്കിയ ഈ കവയത്രി മതനിന്ദക്ക് നാടുകടത്തപ്പെട്ടയാളാണ്. ഈ കവിത എന്നല്ല ഇവരുടെ മുഴുവന്‍ പ്രസിദ്ധീകരണങ്ങളും ഇറാന്‍ നിഷേധിച്ചതാണ്. പക്ഷേ, കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ഈ കവിതയോട് ഒട്ടും വിരോധമില്ല. അതെല്ലാം ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ ഉത്തമ ഉദാഹരണങ്ങള്‍! ആ “സൗജന്യ’മെന്തേ റുബായിഷിന് നിഷേധിക്കപ്പെട്ടത്?
ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യത്വ ഭീകരതക്കെതിരെ പ്രതിഷേധിക്കേണ്ടതിനു പകരം പ്രതിഷേധിക്കുന്നവരെ ഭീകരവാദികളാക്കുന്ന സര്‍വ്വകലാശാല നാം നടന്ന വഴികളെ മുഴുവന്‍ കറുപ്പിക്കുകകയാണെന്ന് പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്.
പ്രകാശം പരത്തുന്ന പ്രധാനമന്ത്രി
എം.പി.എ ബാസിത്
കൊട്ടപ്പുറം,വാദീ നുസ്റത്
ലോക്സഭയില്‍ ഒരംഗം പറഞ്ഞ കഥ: “”ഒരു അഛന്‍ തന്‍റെ മൂന്ന് മക്കള്‍ക്ക് നൂറു രൂപ വീതം വീതിച്ചു കൊടുത്തു. എന്നിട്ടു പറഞ്ഞു : ഈ നൂറ് രൂപക്ക് എന്തെങ്കിലും വാങ്ങി ഈ മുറി നിറക്കണം. മൂത്ത മകന്‍ നൂറു രൂപക്ക് വൈക്കോല്‍ വാങ്ങി. പക്ഷെ അത് മുറി നിറക്കാന്‍ തികഞ്ഞില്ല. രണ്ടാമത്തെ മകന്‍ നൂറുരൂപക്ക് പഞ്ഞി വാങ്ങി. അതുകൊണ്ടും മുറി നിറഞ്ഞില്ല. ഇളയ മകന്‍ കേവലം ഒരു രൂപക്ക് ഒരു മെഴുകുതിരി വാങ്ങി കത്തിച്ചു. അതിന്‍റെ വെളിച്ചം ആ മുറിയാകെ നിറഞ്ഞു. അദ്ദേഹം തുടര്‍ന്നു ഈ ഇളയ മകനെ പോലെയാണ് നമ്മുടെ പ്രധാനമന്ത്രി. അദ്ദേഹം അധികാരമേറ്റത് മുതല്‍ പ്രതീക്ഷയുടെ ഒളി രാജ്യമൊട്ടാകെ പ്രകാശം പരത്തുകയാണ്.” ഇത് പറഞ്ഞു തീര്‍ന്നതും പ്രതിപക്ഷ നിരയില്‍ നിന്നൊരു ചോദ്യം. എവിടെ ബാക്കി 99 രൂപ?
വികസനത്തിന്‍റെയും സാന്പത്തിക പരിഷ്കാരത്തിന്‍റെയും പേര് പറഞ്ഞ് ഇന്ത്യയെ അല്ലെങ്കില്‍ സാധാരണ മനുഷ്യരെ ഇഞ്ചിഞ്ചായി ഒറ്റിക്കൊടുത്തു കൊണ്ടിരിക്കുകയാണ് ഭരണകൂടം. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ വികസ്വര നിരയില്‍ നിന്ന് വികസിത നിരയിലേക്ക് മുന്നേറുമെന്ന് തലവന്മാര്‍ വായിട്ടടിക്കുന്നുണ്ട്. പറയാന്‍ വായയുണ്ടല്ലോ…
ഇവരീ പറയുന്ന വികസനം ഇന്ത്യയിലെവിടെയാണുള്ളത്. വികസനം കൊണ്ട് ദാരിദ്ര്യം ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ ഇക്കാലമത്രയും..? ഇന്ത്യയില്‍ ആരുടെ കയ്യിലാണ് പണമുള്ളത് ….? അന്പാനിമാരുടെയും കുറച്ച് കോര്‍പരേറ്റ് കുത്തകകളുടെയും അടുത്തല്ലാതെ……? ദാരിദ്ര്യം കൊണ്ട് വീര്‍പ്പ് മുട്ടുന്ന സമകാലിക ഇന്ത്യയിലാണ് ലോകത്തെ മുന്നിലൊന്ന് ജനങ്ങളും. ദാരിദ്ര്യ രേഖയുടെ അളവുകോല്‍ ഉദാരമാക്കിയിട്ടും ഇന്ന് ജീവിക്കുന്ന 29.8% ജനങ്ങളും ദാരിദ്ര്യരേഖക്ക് താഴെയാണ്. പട്ടണത്തില്‍ ജീവിക്കുന്ന ദരിദ്ര്യവര്‍ഗ്ഗത്തിന് 28.65 രൂപയും ഗ്രാമീണര്‍ക്ക് 22.42 രൂപയുമാണ് ഒരു ദിവസത്തെ വരുമാനം. ജീവിതം നിലനിര്‍ത്താന്‍ ഈ വരുമാനം പര്യാപ്തമാണോ…? .ഇതില്‍ നിന്ന് തന്നെ ഇന്ത്യയുടെ സാന്പത്തിക മാന്ദ്യം എവിടെയെത്തിയെന്ന് ഗ്രഹിക്കാം.പണപ്പെരുപ്പം നിയന്ത്രിക്കാത്തതു മൂലം രൂപയുടെ മൂല്യമിടിവ് പിടിച്ചു നിര്‍ത്താന്‍ കഴിയുന്നില്ല. അമേരിക്കയുടെ സാന്പത്തിക മാന്ദ്യം പരിഹരിക്കപ്പെടുന്നുവെന്ന ശുഭ വാര്‍ത്തകളാണ് കേള്‍ക്കുന്നത്. അപ്പോള്‍ രൂപയുടെ ഭാവി പറയുകയും വേണ്ട. ഈ അടുത്ത് ഭക്ഷ്യ സുരക്ഷാ ഓര്‍ഡിനന്‍സിറക്കി പ്രതീക്ഷയുടെ പ്രകാശം പരത്തിയിരുന്നു. അത് കേവലം വോട്ട് സുരക്ഷക്കായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. മെഴുകുതിരി കത്തിത്തീരുകയാണ്. തീര്‍ന്നാല്‍ കത്തിക്കാന്‍ നനഞ്ഞ തീപെട്ടിക്കൊള്ളികളാണ് രാജ്യത്തുള്ളത്.
അവകാശങ്ങള്‍, ബാധ്യതകള്‍
അനസ് അബ്ദുല്‍ഹകീം, രണ്ടത്താണി
തൊട്ടിലില്‍ കിടക്കുന്ന പിഞ്ചുകുഞ്ഞ് മുതല്‍ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന വയോധികന്‍വരെ അവകാശങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും. എന്നാല്‍ ബാധ്യതകളെക്കുറിച്ച് ഇവരാരും ബോധവാന്മാരല്ല. ഇതാണ് നാടിന്‍റെ വലിയ പരാജയം.
വഴിയില്‍ വേസ്റ്റുകള്‍ വലിച്ചെറിഞ്ഞും മൂത്രമൊഴിച്ചും നാറ്റിക്കുന്നവര്‍ തന്നെയായിരിക്കും ഭരണാധികാരകള്‍ക്ക് ശുചിത്വബോധമില്ല എന്ന ബാനറും പിടിച്ച് പ്രകടനത്തിനിറങ്ങുന്നത്. ഭരണാധികാരികളുടെ അവസ്ഥയും വ്യത്യസ്തമല്ല. പോക്കറ്റുകള്‍ വീര്‍പ്പിക്കുന്നതിനിടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചില കര്‍മങ്ങളാണ് അവര്‍ക്ക് ജനസേവനം.
സൈനുദ്ദീന്‍ മഖ്ദൂം(റ) രചിച്ച അദ്കിയാഇലുള്ള ഒരു വരി ഇവിടെ ഉദ്ധരിക്കാം: വതകൂന മിന്‍ സൈബില്‍ ഉനാസീ ആയിസാ/ വലിസൈബി നഫ്സിക ലില്‍ ഉനാസീ ബാദിലാ. നിനക്ക് ജനങ്ങള്‍ ചെയ്തു തരേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവാനാവുന്നതിനു പകരം, ജനങ്ങള്‍ക്ക് നീ ചെയ്തു കൊടുക്കേണ്ട ബാധ്യതകള്‍ നിറവേറ്റുന്നതിനെക്കുറിച്ചാണ് ബോധം വേണ്ടതെന്നാണ് മഹാഗുരു പഠിപ്പിക്കുന്നത്. നാട് നശിക്കാതെ നോക്കാന്‍ നാം പാരന്പര്യത്തിന്‍റെ ഈടുവയ്പുകളിലേക്ക് തന്നെ ശ്രദ്ധിക്കണം.
മുല്ലപ്പെരിയാറിനെ മറന്നോ?
കമറുദ്ദീന്‍ എളങ്കൂര്‍,
എംഇഎസ് കോളജ്, മമ്പാട്
മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയമുണ്ടായതിനാല്‍ പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ചപ്പാത്തിലെ സമരപ്പന്തല്‍ ഇപ്പോള്‍ സജീവമാണ്. മീഡിയകളും ഭരണാധികാരികളും വിഷയം വിട്ട മട്ടാണ്. ഒരിക്കല്‍ ആഘോഷിച്ച സമരം എല്ലാവരും കൈവിട്ടിരിക്കുന്നു. പെരുമഴയില്‍ മുല്ലപ്പെരിയാര്‍ നിറഞ്ഞ് കവിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷക്കാലത്ത് ചാനലുകളില്‍ ഇരുപത്തിനാല് മണിക്കൂര്‍ മുല്ലപ്പെരിയാര്‍ ചര്‍ച്ച. ഡാം പൊട്ടുന്ന ആനിമേഷന്‍ വീഡിയോകള്‍ ഇടക്കിടെ കാണിച്ച് അവര്‍ കേരളത്തെ ഭീതിയിലാഴ്ത്തി. ഇന്ന് പൊട്ടും, നാളെ പൊട്ടും എന്നവര്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. എല്ലാം വൈകാതെ കെട്ടടങ്ങി. ലക്ഷക്കണക്കിന് ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായ മുല്ലപ്പെരിയാര്‍ ഡാം പുനര്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേരളം തയ്യാറാകണം. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും പുതിയ ഡാം നിര്‍മിക്കുന്നതിന് ശബ്ദമുയര്‍ത്തണം.
You must be logged in to post a comment Login