എല്ലായ്പ്പോഴും ദൈവത്തില്‍ വിശ്വസിക്കുക. കാരണം ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഗൂഗിളിനു പോലും കഴിയില്ല. എന്ന് ആരോ തമാശ പറഞ്ഞതാകണം. മിക്കപ്പോഴും സേര്‍ച്ച് എഞ്ചിനോട് ചോദിക്കുന്ന ചോദ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ജോലി പോലും ഗൂഗിള്‍ തന്നെ ഏറ്റെടുക്കുന്നു. ഉദാഹരണത്തിന്, “Why Hindu Girls are ”എന്ന് ഗൂഗിളില്‍ ടൈപ്പ് ചെയ്തുനോക്കൂ; മുഴുവന്‍ ചോദ്യമായി സേര്‍ച്ച് എഞ്ചിനില്‍ ആദ്യം തെളിഞ്ഞുവരുന്നത് “Why Hindu Girls are Love Muslim Boys?” എന്നാണ്. ലവ് ജിഹാദ് എന്ന പേരില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന മാധ്യമനുണയെന്ന മാധ്യമവത്കരിക്കാന്‍ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമായി ഗൂഗിളിന്‍റെ ഈ എടുത്തു ചാട്ടത്തെ കാണണം. കെട്ടുകഥയാണെന്ന് വിധി എഴുതിയെങ്കിലും സമൂഹത്തിന്‍റെ ഏതൊക്കെയോ മണ്ഡലങ്ങളില്‍ ഈ നുണ നില്‍ത്താനുള്ള ശ്രമമുണ്ട്.
ഒറ്റപ്പെട്ട സംഭവങ്ങള്‍ ഈ നുണയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്പോലെ തന്നെയാണ് രാഷ്ട്രീയ, സംസ്കാരിക രംഗത്തു നടക്കുന്ന മിശ്രവിവാഹങ്ങളെയും ഇതേ നുണയോട് ചേര്‍ത്തു പറയുന്നതും. സിനിമാ, സംഗീത രംഗത്ത് ഇത്തരം വിവാഹങ്ങള്‍ കൂടുതലാണ്. അതവരുടെ വിശ്വാസപരമായ സങ്കുചിതത്വത്തിന്‍റെ ഭാഗമായിട്ടുള്ളതല്ല എന്ന് നുണപരുത്തുന്നവര്‍ ശ്രദ്ധിക്കുന്നില്ല. മറിച്ച് ഇത്തരം വിവാഹങ്ങള്‍ ഇവരുടെ വിശ്വാസ പ്രതിബദ്ധത ഇല്ലായ്മയുടെ ഭാഗമാണെന്നതാണ് ഇസ്ലാമിന്‍റെ പക്ഷം. പക്ഷേ ഇത്തരം മിശ്രവിവാഹ പട്ടികകള്‍ കാണുന്പോള്‍ വളരെ മുന്പേ ലൗജിഹാദിനു തുടക്കം കുറിച്ചിട്ടുണ്ടെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് നുണ നീളുന്നത്.
ഹിന്ദി സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ നടന്മാരായ ഷാറൂഖ്ഖാനും അമീര്‍ ഖാനും നസ്രുദ്ധീന്‍ ഷായും സല്‍മാന്‍ ഖാന്‍റെ പിതാവും പ്രമുഖ തിരക്കഥാകൃത്തുമായ സലീംഖാനും സംവിധായകരായ ഇംതിയാസ് അലി (ജബ് വി മെറ്റ്) ഫര്‍ഹാന്‍ അഖ്തര്‍ എന്നിവരും സംഗീത സംവിധായകരായ അനു മാലിക്, ഇസ്മായില്‍ ദര്‍ബാര്‍, സലീം മെര്‍ച്ചന്‍റ് എന്നിവരും പ്രശസ്തരായ വാദ്യോപകരണ വിദഗ്ധരായ അംജദ് അലിഖാനും വിലായത് അലിഖാനും തലത് അസീസുമെല്ലാം ഈ പട്ടികയില്‍ ഇടം പിടിക്കുന്നുണ്ട്.
പട്ടിക എവിടെ ചെന്നു മുട്ടുന്നുവെന്ന് ചോദിച്ചാല്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസും മുന്‍ ഉപ രാഷ്ട്രപതിയുമായിരുന്ന ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുളള്ളയും സാന്പത്തിക, നയതന്ത്ര രംഗങ്ങളില്‍ വിദഗ്ധനായിരുന്ന ആബിദ് ഹുസൈന്‍ എന്നിവരെയും ചേര്‍ത്താണ് തീരുന്നത്.
എന്നാല്‍ നുണയുടെ സ്രഷ്ടാക്കള്‍ ഇവര്‍ മറച്ചു വെക്കുന്ന മറ്റൊരു വശമുണ്ട്; സിനിമാലോകത്ത് മിശ്ര വിവാഹമെന്നത് ഒരിക്കലുമൊരു അപൂര്‍വ്വ സംഭവമല്ല. സുനില്‍ ദത്തും മകന്‍ സഞ്ജയ് ദത്തും സുനില്‍ ഷെട്ടിയും മനോജ് ബാജ്പെയിയും രാജ് ബബ്ബാറും സംവിധായകന്‍ സുഭാഷ് ഘായിയുമെല്ലാം മുസ്ലിം വനിതകളെത്തന്നെയാണ് വിവാഹം കഴിച്ചിട്ടുളള്ളത്. സല്‍മാന്‍ഖാന്‍റെ സഹോദരി ആല്‍ വിറാഖാനെ വിവാഹം കഴിച്ചത് നടന്‍ അതുല്‍ അഗ്നിഹോത്രിയും സംവിധായകന്‍ സഞ്ജയ് ഖാന്‍റെ (ടിപ്പു സുല്‍ത്താന്‍ സീരിയല്‍ സംവിധായകന്‍) മകളെ കല്ല്യാണം കഴിച്ചതു ഹൃത്വിക് റോഷനുമാണ്. മറ്റൊരു മകളായ സിമോണ്‍ ഖാനെ കല്ല്യാണം കഴിച്ചതും ഒരു ഹൈന്ദവ വിശ്വാസിയാണ്. ആമിര്‍ ഖാന്‍റെ സഹോദരി നിഖാത്, സംവിധായിക ഫറാഖാന്‍, സൗന്ദര്യ വര്‍ദ്ധക രംഗത്ത് പ്രശസ്തയായ ഷഹനാസ് ഹുസ്സൈന്‍, സഫ്ദാര്‍ ഹാഷ്മിയുടെ സഹോദരി ഷഹ്ല ഹാഷ്മി എന്നിവരും മതത്തിന്‍റെ ചട്ടക്കൂടിനു പുറത്തു കടന്നിട്ടാണ് മംഗല്ല്യം കഴിച്ചത്.
നുണ ആവര്‍ത്തിക്കപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുന്പോള്‍ അത് സത്യത്തെപ്പോലെ ഗണിക്കപ്പെടുന്നുവെന്ന തിയറി അടിസ്ഥാനമാക്കി ഇത്തരം വിദ്വേഷം പരക്കുന്പോള്‍ പുതിയ മുസഫര്‍ നഗറുകള്‍ സൃഷ്ടിക്കപ്പെടാനിടയാകുന്നു. എന്തിനു വേണ്ടി തങ്ങള്‍ വധിക്കപ്പെടുന്നുവെന്നറിയാത്ത ഇരകള്‍ ഉണ്ടാകുന്നു.
യാസിര്‍ മര്‍ജാന്‍
You must be logged in to post a comment Login