മമ്പുറം സയ്യിദ് അലവി തങ്ങള്‍ തന്‍റെ കര്‍മവും കരുതലും സമുദായത്തിന്‍റെ സാമൂഹിക സാംസ്കാരിക ആത്മീയ രാഷ്ട്രീയ പുനരുജ്ജീവനത്തിന് വേണ്ടി നീക്കിവെച്ച ആ ബഹുമുഖ ജീവിതത്തിന്‍റെ ഓരം പറ്റിയും അടയാളങ്ങള്‍ തേടിയുമാണ് ഇന്നും കേരളീയ മാപ്പിള ജീവിതത്തിന്‍റെ ഗതി നീങ്ങുന്നത്. ദേഹവിയോഗം കഴിഞ്ഞ് വര്‍ഷങ്ങള്‍ ഇരുനൂറോളം കടന്നിട്ടും കേരളീയ മുസ്ലിം ചലനത്തിന്‍റെ ഗതി നിര്‍ണയിക്കുന്നത് അവിടത്തെ ഓര്‍മകളും പാഠങ്ങളുമാണ്. വ്യക്തി പൂജയെന്നും പൗരോഹിത്യമെന്നും പറഞ്ഞ് ഒരു കാലത്ത് അകന്നു നിന്നവര്‍ പോലും ഇന്ന് ഈ പാരന്പര്യത്തനിമയിലേക്കുള്ള മടക്കയാത്രയിലാണ് എന്നതാണ് കൗതുകകരം.
മമ്പുറം തങ്ങളുടെയും ആലി മുസ്ലിയാരുടെയും പൂര്‍ണകായ ചിത്രങ്ങളടങ്ങിയ ബഹുവര്‍ണ ഫ്ളക്സുകള്‍, മാലിക് ബിന്‍ ദീനാറിന്‍റെയും അനുയായികളുടെയും കേരളാഗമന ഓര്‍മകള്‍ വിളിച്ചോതുന്ന പത്തേമാരികള്‍, അരയിലൊതുക്കിയ വാക്കത്തിയും മുട്ടോടടുത്ത കള്ളിമുണ്ടും ബനിയനുമിട്ട് നെഞ്ചുവിരിച്ച് നില്‍ക്കുന്ന മാപ്പിള കട്ടൗട്ടുകള്‍, പടപ്പാട്ടുകളുടെയും ശുഹദാ ഇശലുകളുടെയും ശബ്ദ മിശ്രിതങ്ങള്‍ ഇവയൊക്കെയായിരുന്നു കഴിഞ്ഞ മാസങ്ങളില്‍ മലപ്പുറത്തെ പാതയോരങ്ങളില്‍ പൊടി പിടിച്ച് കിടന്നിരുന്നത്.
പൈതൃകത്തിലും പാരന്പര്യത്തിലും ഒരു കാലത്ത് പുഴുക്കുത്തുകള്‍ കണ്ടെത്തിയവര്‍ ഇന്നതിനെ പിടിവള്ളിയാക്കുന്ന കാഴ്ചകള്‍. പണ്ഡിതന്മാരെ ഭര്‍ത്സിക്കുവാനും സൂഫീ ജീവിതത്തെ തേജോവധം ചെയ്യുവാനും തിടുക്കപ്പെട്ടവര്‍ക്ക് പണ്ഡിതന്മാര്‍ നയിച്ച സമരവും ഭക്ത്യാദരത്തിന്‍റെ പടപ്പാട്ടുകളും പ്രിയപ്പെട്ടതായി തോന്നുന്നു. ആദ്യം മുസ്ലിം വിക്ഷുബ്ധത കത്തിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട്, കക്ഷി രാഷ്ട്രീയ ശൈലിയിലേക്ക് വഴി മാറിയവര്‍ ഇന്നിപ്പോള്‍ വീണ്ടും വികാരത്തിന്‍റെ അഗ്നിപര്‍വതങ്ങള്‍ തേടിയിറങ്ങിയിരിക്കുകയാണ്.
ഒരു ജനപഥത്തെ തട്ടിയുണര്‍ത്തി ആകാശത്തോളം ഉയരാന്‍ പഠിപ്പിച്ച മന്പുറം തങ്ങളുടെയും ആലി മുസ്ലിയാരുടെയും പിന്മുറക്കാരെ ഇന്ന് ചിലര്‍ ഉണര്‍ത്താന്‍ വന്നിരിക്കുന്നു. ബദല്‍ തേടുന്നു…
മമ്പുറം തങ്ങളും മാപ്പിള പടയാളികളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ ബാലറ്റ് പെട്ടി നിറക്കുമെന്ന വൃഥാ വിശ്വാസമൊന്നും മൗദൂദി വഹാബികളേക്കാള്‍ സുന്നി ഫോബിയയില്‍ ഒരടി മുന്നില്‍ നില്‍ക്കുന്ന ഇവര്‍ക്കുണ്ടാവുമെന്ന് തോന്നുന്നില്ല. ആണ്ടും ആണ്ടറുതിയും ഹഖീഖയും കുടിയിരിപ്പും ഉദരസേവക്കുള്ള മുസ്ലിയാര്‍ കണ്ടുപിടിത്തങ്ങളാണെന്ന് കണ്ടെത്തിയവര്‍ പണ്ഡിതന്മാരുടെ പേരില്‍ പോസ്റ്ററടിക്കുന്നതിനു പിന്നിലെ രസതന്ത്രമറിയാന്‍ ഉപരിപഠന യോഗ്യതയൊന്നും വേണ്ട.
മമ്പുറം തങ്ങളും ആലി മുസ്ലിയാരും ഉമര്‍ ഖാളിയും വിശ്വാസികളെ സംബന്ധിച്ചിടത്തോളം വെറും രാഷ്ട്രീയ ബിംബങ്ങളല്ല. അവര്‍ രാഷ്ട്രീയ ഇസ്ലാമിന്‍റെ വാക്താക്കളാണെന്ന് തെറ്റുധരിച്ചല്ല മുസ്ലിം സമൂഹം അവരെ ആÇേഷിക്കുന്നത്. മന്പുറം തങ്ങളെ മുന്നില്‍ വെച്ച് അതിജീവനത്തിന്‍റെ പുതു വഴി തേടുന്നവര്‍ മലബാറിലെ മുസ്ലിംകളുടെ രാഷ്ടീയ സാംസ്കാരിക അവബോധത്തില്‍ നിന്നും ഏറെ അകലെയാണ്. ചേറൂര്‍പ്പടയും മാപ്പിളയടയാളങ്ങളും പൊലിപ്പിച്ച് അവതരിപ്പിച്ചാല്‍ മാപ്പിളമാര്‍ സ്വതവേ കൂട് വിട്ട് മാര്‍ഗം കൂടാന്‍ ഇറങ്ങി വരുമെന്ന അല്‍പത്തരത്തെ വര്‍ഷങ്ങള്‍ക്ക് മുന്പേ അരിഞ്ഞെറിഞ്ഞതാണ് കേരളത്തിലെ മുസ്ലിംകള്‍. ഒരു കാലത്ത് സി.പി.ഐ.എമ്മിന്‍റെ സമ്മേളന നഗരികള്‍ മന്പുറം തങ്ങളുടെയും ഉമര്‍ ഖാളിയുടെയും നാമധേയത്തിലായിരുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അരിവാള്‍ ചുറ്റികക്കൊപ്പം അടുക്കിവെച്ചിരുന്നത് ഒരു കാലത്ത് ലോക മുസ്ലിം വികാരമായിരുന്ന സദ്ദാം ഹൂസൈന്‍റെ ബഅസ് പാര്‍ട്ടിയുടെ കൊടി മുദ്രകളായിരുന്നു. യാസര്‍ അറഫാത്തിന്‍റെയും പൊന്നാനി പള്ളിയുടെയും വര്‍ണ ചിത്രങ്ങളായിരുന്നു സമ്മേളന നഗരികളില്‍ എതിരേറ്റിരുന്നത്. ഇത്തരംതാല്‍ക്കാലിക ചമയങ്ങളാണ് മുസ്ലിം പൊതു ബോധം രൂപീകരിക്കുന്നതെങ്കില്‍ മലബാര്‍ ചുവപ്പ് തുടുത്തേനെ.
മമ്പുറം മഖാമില്‍ ഒന്ന് കയറിയിരുന്നുവെങ്കില്‍ ഇവരുടെ ഉദ്ദേശ്യശുദ്ധിയില്‍ നമുക്ക് കയ്യിടേണ്ടതായിരുന്നു. രക്ത സാക്ഷികളുടെ ധീരോധാത്തമായ പ്രവര്‍ത്തനങ്ങളെ പാടിയും പുകഴ്ത്തിയും ആത്മീയ ദാഹം തീര്‍ത്ത മഹാകവി മോയീന്‍കുട്ടി വൈദ്യരുടെ ശുഹദാ പാട്ടുകള്‍ക്കും പട പാട്ടുകള്‍ക്കും വേദിയൊരുക്കിയ പാരന്പര്യ മുസ്ലിം സമൂഹത്തിന്‍റെ മാലമൗലിദ് പടപ്പാട്ട് ശീലുകള്‍ ഇസ്ലാമിനകമാണെന്ന് കണ്ടെത്താന്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത്രത്തോളം സമ്മതിച്ചുകൊടുക്കാം.
മന്ത്രവും മന്ത്രച്ചരടും ബൈത്തും ഖുത്ബിയത്തും പൗരോഹിത്യ സൃഷ്ടിയെന്ന് വിശ്വസിക്കുന്നവര്‍ക്ക് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്‍റെ മാപ്പിള വീര്യം നുരയുന്ന ചേറൂര്‍ പടയില്‍ പിടഞ്ഞു വീണ മാപ്പിള പോരാളികളുടെ അരയില്‍ തങ്ങളുപ്പാപ്പ മന്ത്രിച്ച് നല്‍കിയ എലസ്സുകളുണ്ടായിരുന്നുവെന്നത് ഓര്‍ക്കാനിഷ്ടമാണോ എന്തോ!
മമ്പുറം തങ്ങള്‍ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് മുസ്ലിം ജനതതിയെ സജ്ജമാക്കിയത് തീവ്രതയുടെ തീക്കനലുകളില്‍ ഉലയൂതിയായിരുന്നില്ല. പ്രത്യുത ആത്മീയതയുടെയും ആത്മത്യാഗത്തിന്‍റെയും നിനവുകള്‍ പകര്‍ന്നു കൊണ്ടായിരുന്നു. ബ്രിട്ടീഷ് സാമ്രജ്യത്വത്തിന്‍റെ അത്യാധുനിക ആയുധ പടക്കോപ്പുകള്‍ക്ക് മുന്പില്‍ നെഞ്ചു വിരിച്ച് നില്‍ക്കാന്‍ മാപ്പിളമാര്‍ക്ക് ഉള്‍പ്രേരകമാവുന്നതെന്താണ് എന്ന് അന്വേഷിച്ച മേലുദ്യേഗസ്ഥന് മലബാര്‍ കലക്ടര്‍ കനോലി കന്പിയടിച്ചത്, മാപ്പിളമാര്‍ക്ക് ഊര്‍ജം പകരുന്നത് തിരൂരങ്ങാടിക്കടുത്തെ മന്പുറത്തുള്ള ഒരു പണ്ഡിതന്‍റെ ആശീര്‍വാദങ്ങളും അദ്ദേഹം മന്ത്രിച്ച് നല്‍കുന്ന ഒരു പ്രത്യേക തരം തകിടുമായിരുന്നുവെന്നായിരുന്നു. ശാഫിഈ കര്‍മസരണിക്കനുസൃതമായി ജീവിതം ക്രമപ്പെടുത്തിയ ഖാദിരി, രീഫാഈ തുടങ്ങി ഏഴോളം ത്വരീഖത്തുകളുടെ ആത്മീയ ഗുരുവായിരുന്ന മന്പുറം തങ്ങളുടെ ജീവിതവഴി ഒന്നു വേറെയാണ്. മദ്ഹബില്ലെങ്കിലും മതമുണ്ടായാല്‍ മതിയെന്ന യുക്തിവാദത്തിന് ആ വഴിയില്‍ വന്ന് പാട്ടപ്പിരിവെടുക്കാന്‍ അര്‍ഹതയില്ല.
ഇനി മറ്റൊരു കാര്യം ഇതോടു ചേര്‍ത്തു കാണണം. മലബാര്‍ സമരവും സമരത്തിലെ പണ്ഡിത സാന്നിധ്യവും ഏകപക്ഷീയമായി അവതരിപ്പിക്കുന്നത് മുസ്ലിംകള്‍ക്ക് രാഷ്ട്രീയമായി വിനയാവും എന്ന് പറായാതിരിക്കാന്‍ വയ്യ. മലബാര്‍സമരം മാപ്പിളമാരുടെ കൂട്ട വിളയാട്ടമായിരുന്നുവെന്ന രീതിയിലുള്ള ഹിന്ദുത്വ പ്രചരണങ്ങള്‍ സജീവമായ സ്ഥിതിക്ക് വിശേഷിച്ചും. നിര്‍മാണാത്മകമായി സമുദായത്തെ സേവിക്കാനാവില്ലെങ്കില്‍ മുസ്ലിംകളെ കരിവാരിത്തേക്കുംവിധമുള്ള ഈ നിറം കൊടുപ്പുകളെങ്കിലും അവസാനിപ്പിക്കണം. കൈവെട്ടു നവോത്ഥാനത്തിന്‍റെ പാപഭാരത്തില്‍ നിന്ന് മുസ്ലിം സമുദായത്തിന് ഇപ്പോഴും മോചനം കിട്ടിയിട്ടില്ലെന്നിരിക്കെ പ്രതേകിച്ചും. മതേതര കേരളത്തിന്‍റെ ഉരുക്കു പോലെയുറച്ച ഐക്യവും ഭദ്രതയും ഊര്‍ന്ന് വീഴാനെ ഈ പൊറാട്ടു പ്രകടനങ്ങള്‍ ഉപകരിക്കൂവെന്ന് പറയാതിരിക്കാന്‍ വയ്യ.
മമ്പുറം തങ്ങള്‍ അഭിമുഖീകരിച്ച രാഷ്ട്രീയ സാഹചര്യവും സ്വതന്ത്ര ലബ്ധിക്കു ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയ പരിതസ്ഥിതിയും തമ്മില്‍ വളരെയേറെ വ്യത്യാസമുണ്ടെന്ന് പറയാതെ വയ്യ. മുസ്ലിംകള്‍ക്ക് തങ്ങളുടെ മതാനുസാരം സ്വസ്തമായി ജീവിക്കാന്‍ അവകാശം അനുവദിക്കുന്ന ഒരു ജനാധിപത്യ രാജ്യത്ത് മന്പുറം തങ്ങളുടെ പേരില്‍ സായുധജിഹാദ് ഉത്പാദിപ്പിക്കുന്നത് എല്ലാ നിലയിലും ദോഷം ചെയ്യും.
കേരള മുസ്ലിംകള്‍ തങ്ങളുടെ പാരന്പര്യ വഴിയിലുടെ സാധിച്ചെടുത്ത അഭിമാനകരമായ അസ്ഥിത്വത്തിന്‍റെ തണലുള്ളത് കൊണ്ടാണ് ചുവരുണ്ടായത് എന്നോര്‍ക്കുക. മലപ്പുറമോ മലയാളമോ അന്വേഷിക്കുന്നത് ഗതകാല ചരിത്രത്തിന്‍റെ ക്ഷുബ്ധവികാരങ്ങളെയല്ല, വര്‍ത്തമാനത്തിന്‍റെയും ഭാവിയുടെയും ഇരുള്‍വഴിയില്‍ വെളിച്ചമേകാനുള്ള ഗതകാലത്തിന്‍റെ വെണ്‍ചെരാതുകളെയാണ്. അതാണ് മാപ്പിളമാര്‍ മന്പുറം തങ്ങളില്‍ കണ്ടിട്ടുള്ളത്. അതുപോലെയുള്ള ഔലിയാക്കന്മാരിലും. അതിനാല്‍ രാഷ്ട്രീയ പ്രതിയോഗികളെ മറികടക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ മറ്റുവഴികള്‍ നോക്കുന്നതാവും നല്ലത്.
അഷ്റഫ്. കെ.സി. കുറ്റൂര്‍
You must be logged in to post a comment Login