എന്‍ അലി മുസ്‌ലിയാര്‍ വിട പറഞ്ഞിരിക്കുന്നു. അറിവന്വേഷണത്തിന്റെ നിലക്കാത്ത യാത്രയായിരുന്നു ആ ജീവിതം. ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളില്‍ സംശയങ്ങള്‍ക്കിടമില്ലാതെ അന്തിമവിധി പറയാന്‍ കഴിയുന്ന അഗാധജ്ഞാനത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ആര്‍ക്കും അടിയറ വെക്കാത്ത ആദര്‍ശ പ്രതിബദ്ധതയും അഭിമാനബോധവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. അബൂദാബിയിലും അല്‍ഐനിലും ദര്‍സ് നടത്തുക വഴി കേരളത്തില്‍ മറ്റൊരു പണ്ഡിതനും സാധിക്കാത്ത അതുല്യമായ ജ്ഞാനസപര്യയാണ് അദ്ദേഹം അടയാളപ്പെടുത്തിയത്. കാല്‍നൂറ്റാണ്ടു നീണ്ട പ്രവാസജീവിതം കാരണം കേരളത്തിലെ പുതിയ തലമുറക്ക് അദ്ദേഹം പരിചിതനായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ യുഎഇയിലും യമനിലുമുള്ള അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതനേതൃത്വം അലി മുസ്‌ലിയാരെ അറിയുമെന്നു മാത്രമല്ല, ഗുരുതുല്യരായാണ് കണ്ടത് എന്നതാണ് വാസ്തവം.
1943-ലാണ് അലി മുസ്‌ലിയാര്‍ ജനിക്കുന്നത്. മണ്ണാര്‍ക്കാടിനടുത്ത് കുമരംപുത്തൂരിലെ പേരുകേട്ട പണ്ഡിതപരമ്പരയില്‍. യമനിലെ ഹളര്‍മൗത്തില്‍ നിന്ന് മതപ്രചാരണാര്‍ത്ഥം കേരളത്തിലെത്തിയ നാലകത്ത് കുടുംബത്തിലാണ് അദ്ദേഹത്തിന്റെ വേരുകള്‍. നെച്ചൂളി എന്ന സ്ഥലത്തെ ഖത്വീബും അറിയപ്പെട്ട പണ്ഡിതനുമായ കോയക്കുട്ടി മുസ്‌ലിയാരായിരുന്നു പിതാവ്. കുമരംപുത്തൂര്‍ ഖാളിയായിരുന്ന അമ്പാടത്ത് ഉണ്ണീന്‍കുട്ടി മുസ്‌ലിയാരുടെ മകള്‍ ഫാത്വിമ മാതാവും.
കോയക്കുട്ടി മുസ്‌ലിയാര്‍-ഫാത്വിമ ദമ്പതികളുടെ പത്തുമക്കളില്‍ അവസാനത്തെ ആളാണ് അലി മുസ്‌ലിയാര്‍. മൂത്ത ജ്യേഷ്ഠന്‍ മുഹമ്മദ് മുസ്‌ലിയാര്‍ മഹാപണ്ഡിതനും സൂഫി ജീവിതം നയിച്ചയാളുമായിരുന്നു. അലി മുസ്‌ലിയാര്‍ക്ക് തൊട്ടുമുകളിലുള്ള അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ‘കുമരംപുത്തൂര്‍’ എന്ന പേരില്‍ പ്രസിദ്ധനായിരുന്നു. നിരവധി ശിഷ്യഗണങ്ങളുള്ള അദ്ദേഹം ജാമിഅ നൂരിയ്യയിലും പൊട്ടച്ചിറ അന്‍വരിയ്യയിലും ദര്‍സ് നടത്തിയിട്ടുണ്ട്. കുടുംബത്തില്‍ മറ്റ് ഏഴുപേരും സഹോദരിമാരാണ്.
പഠനം, ഗുരുനാഥന്‍മാര്‍
നാട്ടില്‍ ചുങ്കത്ത് മൊയ്തുപ്പമൊല്ലയുടെ ഓത്തുപള്ളിയിലായിരുന്നു അലി മുസ്‌ലിയാര്‍ പഠനം തുടങ്ങിയത്. ഓത്തുപള്ളിയില്‍ തന്നെ സ്‌കൂള്‍ പഠനവും ഉള്ള കാലമായതിനാല്‍ അതിനുള്ള സൗകര്യവും ഉപയോഗപ്പെടുത്തി. ഇക്കാലത്തു തന്നെ നാട്ടില്‍ മുദരിസായിരുന്ന അമ്മാവന്‍ അമ്പാടത്ത് ബീരാന്‍കുട്ടി മുസ്‌ലിയാരുടെ അടുത്തുനിന്ന് ചെറിയ കിതാബുകള്‍ ഓതിത്തുടങ്ങി. പുറംനാട്ടില്‍ ആദ്യമായി ചേര്‍ന്ന ദര്‍സ് മണ്ണാര്‍ക്കാട്ടേതായിരുന്നു. കുടുംബത്തില്‍ എല്ലാവരുടെയും ഉസ്താദായ കുഞ്ഞയമ്മു മുസ്‌ലിയാരായിരുന്നു ഗുരു. മേക്കാടന്‍ മൊയ്തു മുസ്‌ലിയാര്‍, ജ്യേഷ്ഠന്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, താഴക്കോട്ട് കുഞ്ഞലവി മുസ്‌ലിയാര്‍, സൈതലവി മുസ്‌ലിയാര്‍, എം എം അബ്ദുല്ല മുസ്‌ലിയാര്‍, കുട്ടി മുസ്‌ലിയാര്‍ എന്നിവരുടെ ദര്‍സുകളില്‍ പഠനം നടത്തിയ ശേഷം ഉപരിപഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ചേര്‍ന്നു. ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കെ സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങി മഹാരഥന്മാരുടെ നീണ്ട നിര അന്ന് ജാമിഅയിലുണ്ടായിരുന്നു. ഇടക്കാലത്ത് കണ്ണിയത്ത് ഉസ്താദും, കെ കെ അബൂബക്കര്‍ ഹസ്‌റത്തും ജ്യേഷ്ഠന്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാരും ജാമിഅയില്‍ ഉസ്താദുമാരായി വന്നു.1969 ലാണ് ജാമിഅയില്‍ നിന്നും പുറത്തിറങ്ങിയത്. സയ്യിദ് അലി ബാഖഫി തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, പടനിലം ഹുസൈന്‍ മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിതപ്രതിഭകള്‍ ജാമിഅയിലെ സമകാലികരാണ്.
അധ്യാപനം, ആദര്‍ശ പ്രതിരോധം
അന്വേഷണനിരതമായ പഠനകാലത്തിനു ശേഷം മേലാറ്റൂരിനടുത്ത് കൊമ്പങ്കല്ല് ജുമുഅത്ത് പള്ളിയിലാണ് അലി മുസ്‌ലിയര്‍ ആദ്യ ദര്‍സിന് തുടക്കമിട്ടത്. അഞ്ചു വര്‍ഷമാണ് അവിടെ ഉണ്ടായത്. കൊമ്പങ്കല്ലിനടുത്ത് എടത്തനാട്ടുകരയില്‍ ചേകനൂര്‍ പ്രസംഗിച്ചതും അലി മുസ്‌ലിയാരുടെ മറുപടിക്കു മുമ്പില്‍ തോറ്റുപോയതും ഇക്കാലത്താണ്. അഞ്ചുനേരത്തെ നിസ്‌കാരം മൂന്നാക്കിച്ചുരുക്കിയ ചേകനൂരിന്റെ വക്രത അലി മുസ്‌ലിയാര്‍ ചോദ്യം ചെയ്തപ്പോള്‍, സാധാരണഗതിയില്‍ പ്രതിയോഗികളെ വിടാതെ പിന്തുടരുന്നയാള്‍ പിന്നെ ആ വഴിക്കുവന്നില്ല.
കൊമ്പങ്കല്ലിനു ശേഷം വെള്ളുവമ്പുഴയിലേക്ക് പോയി. 1974-77 കാലത്താണിത്. അലി മുസ്‌ലിയാരിലെ പ്രതിഭയെ സുന്നികേരളം തിരിച്ചറിഞ്ഞത് ഇക്കാലയളവിലാണ്. പണ്ഡിതരുടെ അംഗീകാരവും പ്രവര്‍ത്തകരുടെ ആവേശവും അദ്ദേഹം അനുഭവിച്ചു. വെള്ളുവമ്പുഴ സ്വദേശിഹംസ ബാഖവി എന്ന പുത്തനാശയക്കാരനായ മൗലവിയുടെ അബദ്ധം പൊളിച്ചുചീന്തിയതാണ് സംഭവം.
ഖുതുബയുടെ ഭാഷയില്‍ പിടിച്ചായിരുന്നു മൗലവിയുടെ തുടക്കം. ഒരു ദിവസം മഹല്ല് ഭാരവാഹികളെ പറഞ്ഞുവശത്താക്കി അയാള്‍ അലി മുസ്‌ലിയാരുടെ റൂമിലെത്തി. നാട്ടുകാരുടെ താത്പര്യം പരിഗണിച്ച് ഖുതുബ മലയാളത്തിലാക്കണമെന്ന് മൗലവി ആവശ്യപ്പെട്ടു. അതിന്റെ ലക്ഷ്യവും പാരമ്പര്യവും തെളിയിച്ചാല്‍ മലയാളത്തിലാക്കാമെന്ന് അലി മുസ്‌ലിയാര്‍ മറുപടി നല്‍കി. സ്‌കൂളില്‍ അറബി അധ്യാപകനായ മൗലവി ലീവെടുത്ത് ഒരുങ്ങി. അടുത്ത വെള്ളിയാഴ്ച ജുമുഅക്കു ശേഷം പ്രസംഗിച്ചു. പക്ഷേ, അലി മുസ്‌ലിയാര്‍ ഇടപെടേണ്ട ആവശ്യം വന്നില്ല. ആയത്തിന്റെ അര്‍ത്ഥം തെറ്റിച്ചതിന് നാട്ടുകാര്‍ തന്നെ അയാളെ ചോദ്യം ചെയ്യുകയും രണ്ടു പക്ഷത്തും ആളുകള്‍ കൂടുകയും പള്ളിയില്‍ കയ്യാങ്കളി നടക്കുകയും ചെയ്തു.
കൈകാര്യം ചെയ്തത് നാട്ടുകാരാണെങ്കിലും മൗലവി ദര്‍സിനും മുതഅല്ലിംകള്‍ക്കുമെതിരെ കുപ്രചാരണങ്ങള്‍ നടത്തി. വഖ്ഫ് സ്വത്തിന്റെ ആനുകൂല്യം കൊണ്ട് നല്ലനിലയില്‍ ദര്‍സ് നടക്കുമ്പോള്‍ മദ്‌റസക്ക് വേണ്ടത്ര വരുമാനമില്ലാത്ത അവസ്ഥ മുതലെടുക്കാനും അയാള്‍ ശ്രമം നടത്തി. മദ്‌റസാ അധ്യാപകര്‍ക്ക് ശമ്പള വര്‍ധന നടപ്പാക്കിയില്ലെങ്കില്‍ കൂട്ടരാജി നടക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ അതിന്റെ പേരില്‍ ഒരു ദിവസവും മദ്രസ മുടങ്ങില്ലെന്ന് അലി മുസ്‌ലിയാര്‍ തിരിച്ചടിച്ചു.
പുതിയൊരു വിശേഷവുമായി ഒരു ദിവസം കമ്മിറ്റിക്കാര്‍ അലി മുസ്‌ലിയാരെ സമീപിച്ചു. മദ്‌റസയിലെ സാമ്പത്തികപ്രശ്‌നം തീര്‍ക്കാന്‍ പള്ളിയുടെ വഖ്ഫ്ഭൂമിയിലെ നെല്ലില്‍നിന്ന് അല്‍പം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചെന്ന് അറിയിച്ചു. അത് മതനിയമവിരുദ്ധമാണെന്നും നടത്താന്‍ പാടില്ലെന്നും അലി മുസ്‌ലിയാര്‍ തീര്‍ത്തുപറഞ്ഞു. ‘മുസ്‌ലിയാര് മുസ്‌ലിയാരുടെ കാര്യം നോക്കിയാല്‍ മതിയെന്നും മറ്റുള്ളവയില്‍ ഇടപെടേണ്ടതില്ലെന്നും’ ഒരു വൈസ്പ്രസിഡന്റ് പറഞ്ഞു. ഇത് അലി മുസ്‌ലിയാരെ വല്ലാതെ ക്ഷോഭിപ്പിച്ചു.
മതനിയമത്തിനെതിരു നില്‍ക്കാനാണ് ഭാവമെങ്കില്‍ അനുവദിക്കില്ലെന്നും, ഇതിന്റെ പേരില്‍ പിരിച്ചുവിട്ടാല്‍ അലി പോവില്ലെന്നും അടുത്ത വെള്ളിയാഴ്ച ഈ താന്തോന്നിത്തത്തിനെതിരെ പ്രതികരിക്കുമെന്നും അലി മുസ്‌ലിയാര്‍ ശബ്ദമുയര്‍ത്തി. രംഗം ഇത്ര വഷളാകുമെന്ന് കമ്മിറ്റിക്കാര്‍ കരുതിയിരുന്നില്ല. ജുമുഅക്കു ശേഷമുള്ള പ്രസംഗം രംഗം കൂടുതല്‍ വഷളാക്കുമെന്നു കരുതി അതിനുമുമ്പ് ജനറല്‍ബോഡി യോഗം വിളിച്ചുചേര്‍ത്ത് മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താമെന്നു തീരുമാനമായി. യോഗത്തില്‍ അലി മുസ്‌ലിയാര്‍ തന്റെ വാദം പ്രാമാണികമായി അവതരിപ്പിച്ചു.
കമ്മിറ്റിക്കാര്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ എല്ലാം ഹംസ മൗലവിയുടെ കുബുദ്ധിയില്‍ പിറന്നതായിരുന്നു. പള്ളിയുടെ വഖ്ഫ് സ്വത്ത് മദ്‌റസക്ക് നല്‍കാം എന്ന വാദം കിതാബിന്റെ ഇബാറത്ത് സഹിതം മൗലവി സമര്‍ത്ഥിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവയെല്ലാം അരികുമുറിച്ചവയാണെന്ന് അലി മുസ്‌ലിയാര്‍ പറഞ്ഞു. അതംഗീകരിക്കാതിരുന്ന മൗലവിയുടെ കൈയില്‍ കുറെ കുറിപ്പുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്; കിതാബ് ഉണ്ടായിരുന്നില്ല.
മധ്യസ്ഥന്മാരുടെ സാന്നിധ്യത്തിലുള്ള ഒരു ചര്‍ച്ച സംഘടിപ്പിക്കാന്‍ തീരുമാനമെടുത്താണ് സദസ്സ് പിരിഞ്ഞത്. കെ കെ സദഖത്തുല്ലാഹ് മുസ്‌ലിയാര്‍, അമാനത്ത് കോയണ്ണി മുസ്‌ലിയാര്‍ എന്നിവരടക്കം നാലുപേരെ മധ്യസ്ഥസ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടു. എന്നാല്‍ യോഗം പിരിഞ്ഞതോടെ നാട്ടില്‍ തൊണ്ണൂറ്റിയെട്ട് ശതമാനം ജനങ്ങളും മൗലവിയുടെ പക്ഷം ചേര്‍ന്നു. പതിനഞ്ചംഗ കമ്മിറ്റിയില്‍ പതിമൂന്ന് പേരുടെ പിന്തുണയും അയാള്‍ക്കു ലഭിച്ചു. ജനങ്ങള്‍ പക്ഷം തിരിഞ്ഞു വാഗ്വാദങ്ങള്‍ നടത്തി. നാട്ടിലാകെ പ്രശ്‌നമായി. എതിര്‍പക്ഷം സമസ്തയുടെ പണ്ഡിതന്മാരെത്തേടി നാടുചുറ്റിത്തുടങ്ങി. മൗലവി സ്‌കൂളില്‍നിന്ന് ലീവെടുത്ത് കാര്യമായ ഒരുക്കം തുടങ്ങി. പലയിടങ്ങളില്‍ നിന്നും അയാള്‍ക്ക് കിതാബുകള്‍ ലഭിച്ചു. വാര്‍ത്ത നാടെങ്ങും പരന്നു. പണ്ഡിതര്‍ക്കിടയിലും വിഷയം ചര്‍ച്ചയായി. കണ്ണിയത്ത് ഉസ്താദ്, ഇ കെ ഉസ്താദ്, കോട്ടുമല ഉസ്താദ്, കുട്ടി മുസ്‌ലിയാര്‍, സ്വദഖത്തുല്ല മുസ്‌ലിയാര്‍ അടക്കം അക്കാലത്തെ പ്രമുഖരുടെ അടുത്തെല്ലാം മൗലവിയും സംഘവും ചെന്നു. ആരും അനുകൂലമായി പറഞ്ഞില്ല. പണ്ഡിതന്മാരുടെ പിന്തുണയില്ലാതിരുന്നപ്പോള്‍ മൗലവിക്കും സംഘത്തിനും അങ്കലാപ്പായി. സംവാദം നടത്താതെ പിന്മാറുന്നതിനെക്കുറിച്ചു ചിന്തിച്ചു. വാഗ്വാദങ്ങളാല്‍ ചൂടുപിടിച്ചു നില്‍ക്കുന്ന വള്ളുവമ്പുഴയില്‍ രണ്ടാലൊരു തീരുമാനമെടുക്കാതെ പറ്റില്ലെന്നവര്‍ക്കു മനസ്സിലായി. പിന്നീട് അലി മുസ്‌ലിയാരെ പിരിച്ചുവിടാന്‍ അണിയറയില്‍ പദ്ധതികള്‍ തയാറാക്കി. വിവരമറിഞ്ഞ അലി മുസ്‌ലിയാര്‍ പ്രശ്‌നം പരിഹരിക്കാതെ പിരിച്ചുവിട്ടാല്‍ പോവില്ലെന്നു തീര്‍ത്തുപറഞ്ഞു. അപ്പോള്‍ അവര്‍, നാട്ടില്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്നും ഒതുക്കാന്‍ സഹകരിക്കണമെന്നുമുള്ള അനുനയത്തിന്റെ ഭാഷ പുറത്തെടുത്തു.
പ്രശ്‌നം വഷളാക്കാതെ മധ്യസ്ഥന്റെ മുമ്പില്‍ കാര്യം പറഞ്ഞ് ചര്‍ച്ചചെയ്തവസാനിപ്പിക്കാം എന്നായി അലി മുസ്‌ലിയാര്‍. അപ്പോള്‍ മദ്‌റസയുടെ സാമ്പത്തികബാധ്യത തടസ്സവാദമായി. ഏകദേശം ചെലവ് വരുന്ന സംഖ്യയായി അവര്‍ പറഞ്ഞ മുന്നൂറു രൂപയും എടുത്തുനല്‍കി. അങ്ങനെ തടിയെടുക്കാനുള്ള ആ ശ്രമവും വിഫലമായി. അവസാനം പരിപാടി നടത്താന്‍ തന്നെ തീരുമാനിച്ചു. പരിപാടിയുടെ തൊട്ടടുത്ത ദിവസം അലി മുസ്‌ലിയാര്‍ ഉസ്താദുമാരുടെ അനുഗ്രഹം വാങ്ങി. പട്ടിക്കാട് നിന്ന് ഇ കെ ഉസ്താദും കോട്ടുമല ഉസ്താദും എം ടി ഉസ്താദുമെല്ലാം ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി.
സ്വദഖത്തുല്ല മുസ്‌ലിയാരുടെ മധ്യസ്ഥതയില്‍ വന്‍ പോലീസ് സന്നാഹത്തോടെ സംവാദം നടന്നു. സംവാദത്തിന്റെ വിധിയറിയാന്‍ വലിയ ജനക്കൂട്ടം പള്ളിക്കു പുറത്ത് കാത്തിരുന്നു. ഒരു തിരഞ്ഞെടുപ്പിന്റെ വീറും വാശിയും എങ്ങും പ്രകടമായി. അലി മുസ്‌ലിയാര്‍ പൊലീസ് വലയത്തില്‍ പുറത്തുവന്നു. രാത്രി ഒന്‍പത് മണിയോടെ സ്വദഖത്തുല്ല മുസ്‌ലിയാരുടെ തീരുമാനം എഴുതിത്തയ്യാറാക്കി വായിച്ചു. ഹംസ മൗലവിയുടെ വാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു. വള്ളുവമ്പുഴ സംവാദത്തോടെ ആ പണ്ഡിതപ്രതിഭയുടെ അകക്കാമ്പ് പണ്ഡിതരും സുന്നീസമൂഹവും തിരിച്ചറിഞ്ഞു.
പിന്നീട് ഏപ്പിക്കാട്ടാണ് ജോലി നോക്കിയത്. വള്ളുവമ്പുഴയിലെ നായകന്‍ എന്ന ഇമേജ് ഇതിനകം ഖണ്ഡനപ്രസംഗത്തിന്റെ വേദികളിലേക്ക് അലി മുസ്‌ലിയാരെ എത്തിച്ചിരുന്നു. ഇക്കാലത്ത് കോളപ്പാറയില്‍ ഹംസ മൗലവി പ്രസംഗിച്ചു. അയാള്‍ ഇതിനകം വഹാബി നേതാവായിക്കഴിഞ്ഞിരുന്നു. മറുപടി പറയാന്‍ അലി മുസ്‌ലിയാര്‍ വന്നാല്‍ സ്റ്റേജില്‍ കയറി ചോദ്യം ചെയ്യുമെന്ന് മൗലവി വാചകമടിച്ചു. അലി മുസ്‌ലിയാര്‍ ചെന്നു പ്രസംഗിച്ചു. മൗലിദായിരുന്നു തര്‍ക്കവിഷയം. ഏഴു സംശയങ്ങള്‍ ഉന്നയിച്ചായിരുന്നു മൗലവി പ്രസംഗിച്ചത്. ഏഴിനും ഖുര്‍ആന്‍കൊണ്ട് മറുപടിപറഞ്ഞു.
മൗലവി സദസ്സിലുണ്ടായിരുന്നു. ചില വഹാബി നേതാക്കള്‍ക്കൊപ്പം ഒരുങ്ങിത്തന്നെയായിരുന്നു വരവ്. പറയാനുള്ളത് പറഞ്ഞ് അലി മുസ്‌ലിയാര്‍ സ്റ്റേജില്‍ തന്നെ ഇരുന്നു. സംശയമുള്ളവര്‍ക്ക് കടന്നുവരാനുള്ള സമയം. അലി മുസ്‌ലിയാര്‍, ഹംസ മൗലവി അങ്കത്തിനായി എത്തിയ വന്‍ ജനക്കൂട്ടം ശ്വാസംപിടിച്ചുനിന്നു. ഒന്നാം വെല്ലുവിളി, ആരും വന്നില്ല. രണ്ടാം തവണയും ആരും വന്നില്ല. മൂന്നാം തവണ ശക്തമായ ഭാഷയിലുള്ള വെല്ലുവിളി, ആരും മുന്നോട്ടു വന്നില്ല.
വിവാദങ്ങളും പ്രവാസവും
വള്ളുവമ്പുഴ വിവാദം ഒന്നരവര്‍ഷത്തോളം കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കാര്യമായിരുന്നു. അലി മുസ്‌ലിയാരുടെ വിജയത്തിലൂടെ വിവാദങ്ങള്‍ കെട്ടടങ്ങി. അതോടൊപ്പം അദ്ദേഹവും പതുക്കെ വിസ്മൃതിയിലായി. കാരണം അനിവാര്യമായ ഒരു കുടിയേറ്റമായിരുന്നു. ദാരിദ്ര്യത്തിന്റെ അവശതകള്‍ പണ്ഡിതന്മാരെ നിരായുധരാക്കുന്നു എന്ന തിരിച്ചറിവ് അലി മുസ്‌ലിയാര്‍ക്കുണ്ടായി. ജീവിതത്തിന്റെ കോണുകള്‍ ഒപ്പിക്കാനുള്ള സാഹസത്തിനിടയിലെ പരസഹായങ്ങള്‍ ഒരുതരം അടിമത്തമാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ആ മനോഭാവമാണ് 1977ല്‍ അലി മുസ്‌ലിയാരെ യു എ ഇയിലെത്തിച്ചത്.
എത്ര വലിയ മുദരിസായിരുന്നാലും ഗള്‍ഫില്‍ പലരെയും കാത്തിരിക്കുന്നത് തന്റെ സാഹചര്യങ്ങളോട് നിരക്കാത്ത ജോലികളായിരുന്നു. എന്നാല്‍ യു എ ഇയിലെ മലയാളികളുടെ ആദരണീയനായ ഗുരുവായി തന്റെ ദര്‍സ് ജീവിതം തുടരാനായിരുന്നു അലി മുസ്‌ലിയാരുടെ നിയോഗം. അറബികള്‍ക്കും അനറബികള്‍ക്കും മതവിഷയങ്ങളില്‍ ഒരത്താണിയായി, പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഗ്രന്ഥങ്ങള്‍ക്കു നടുവില്‍ ഒരു ജീവിതം, ആരും കൊതിക്കുന്ന ആ സൗഭാഗ്യം അദ്ദേഹം അനുഭവിച്ചു; അദ്ദേഹത്തിലൂടെ യുഎഇയിലെ പ്രവാസികളും.
അബൂദാബിയിലാണ് ഔഖാഫിന്റെ നിയമനപ്രകാരം അലി മുസ്‌ലിയാര്‍ സേവനം ആരംഭിക്കുന്നത്. അബൂദാബിയിലെ ഇസ്‌ലാമിക് സെന്ററിന്റെ സംരംഭങ്ങളില്‍ സജീവമാകാനും സാഹചര്യമുണ്ടായി. പ്രവര്‍ത്തനത്തിലൂടെ വലിയ മുന്നേറ്റങ്ങളും സാധ്യമാക്കി. എന്നാല്‍ നല്ല നിലയില്‍ മുന്നോട്ട് പോകുന്നതിനിടക്ക് കേരളത്തില്‍ ലീഗിലുണ്ടായ പിളര്‍പ്പ് അബൂദാബിയിലും നിഴലിച്ചു. ഇസ്‌ലാമിക് സെന്ററിന്റെ ഭരണത്തിനു വേണ്ടി യൂണിയന്‍ ലീഗും അഖിലേന്ത്യാ ലീഗും കൊമ്പുകോര്‍ത്തു. യൂണിയന്‍ ലീഗ് വിജയിച്ചു. അവരുടെ മറവില്‍ പുത്തനാശയക്കാര്‍ പിടിമുറുക്കി. വികല വിശ്വാസവും അതിന്റെ പ്രചാരണവും ആരോപിച്ച് അലി മുസ്‌ലിയാരടക്കം എല്ലാ പാരമ്പര്യ വിശ്വാസികളെയും സെന്ററില്‍ നിന്നു പുറത്താക്കി. അക്കാലത്ത് വികസനത്തിന്റെ ഒരു തരിമ്പും എത്തിയിട്ടില്ലാത്ത ലിവ എന്ന സ്ഥലത്തേക്ക് പോയി ജോലി ഏറ്റെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ലിവയില്‍ പോകാനും പരിമിതികള്‍ക്കിടയില്‍ നിന്ന് ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ നടത്താനും അലി മുസ്‌ലിയാര്‍ തയാറായിരുന്നു. പക്ഷേ, തന്റെ വിശ്വാസാചാരങ്ങള്‍ക്കുള്ള ഒരു ശിക്ഷയായി ‘നാടുകടത്ത’ലിനു വിധേയനാവാന്‍ ആ ആദര്‍ശശാലി തയാറായില്ല. ആര്‍ക്കും കീഴടങ്ങാതെ നില്‍ക്കുന്നതിനിടയ്ക്കാണ് അല്‍ഐനിലേക്ക് ഒരു മുതവ്വയെ ലഭിക്കണമെന്നാവശ്യപ്പെട്ട് ശൈഖ് സായിദിന്റെ സഹോദരി മറിയം അധികൃതരുമായി ബന്ധപ്പെടുന്നത്. അലി മുസ്‌ലിയാര്‍ പുത്തന്‍ വാദികള്‍ക്ക് അനഭിമതനായിരുന്നെങ്കിലും ഉദ്യോഗസ്ഥരെല്ലാം ചുരുങ്ങിയ കാലംകൊണ്ട് ആ മഹത്വം ഉള്‍ക്കൊണ്ടവരായിരുന്നു. അവര്‍ മറിയത്തിന്റെ ആവശ്യപ്രകാരം അദ്ദേഹത്തെ അല്‍ഐനിലേക്ക് നിയോഗിച്ചു. അങ്ങനെയാണ് കാല്‍നൂറ്റാണ്ട് നീണ്ട ആ മുന്നേറ്റത്തിനു സാഹചര്യമൊരുങ്ങിയത്.
നിയമനത്തിന്റെ അടുത്തദിവസം അവിടെ നടന്നുവരുന്ന ദര്‍സ് ശ്രദ്ധിക്കാനായി ചെന്നു. അവിടെ ഉണ്ടായിരുന്ന മുദരിസ് അലി മുസ്‌ലിയാരുടെ സാന്നിധ്യത്തില്‍ ദര്‍സ് എടുക്കില്ലെന്നും അദ്ദേഹം കിതാബ് ഓതിക്കൊടുക്കണമെന്നും നിര്‍ബന്ധം പിടിച്ചു. അങ്ങനെ തഫ്‌സീര്‍ ഓതിത്തുടങ്ങി. വളരെ പെട്ടെന്ന് ദര്‍സ് വളര്‍ന്നു. പരിസര പ്രദേശത്തെ പള്ളികളിലെ ഇമാമുമാരും മുഅദ്ദിനുകളുമടക്കം നാല്‍പതിലേറെ ശിഷ്യന്‍മാരുണ്ടായി. ക്രമേണ അറബികളും വന്നുതുടങ്ങി. അലി മുസ്‌ലിയാര്‍ ‘ശൈഖ് അലി’ ആയി. തദ്ദേശീയര്‍ക്കിടയില്‍ ആ പേര് പ്രസിദ്ധമായി. ആദരവോടെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിനു വേണ്ടി അറബികള്‍ കാത്തിരുന്നു.
ഒരിക്കല്‍ അല്‍ഐനിലെ ഒരു പ്രാദേശിക കോടതിയിലെ ജഡ്ജി യാദൃച്ഛികമായി അലി മുസ്‌ലിയാരുടെ ദര്‍സ് ശ്രദ്ധിക്കാനിടയായി. അടുത്തദിവസം മുതല്‍ അദ്ദേഹം ക്ലാസില്‍ വരാന്‍ തുടങ്ങി. പിന്നീട് കോടതിയില്‍ വരുന്ന നൂലാമാലകള്‍ നിറഞ്ഞ കേസുകളുടെ കെട്ടഴിക്കാന്‍ അലി മുസ്‌ലിയാരെ സമീപിക്കുന്നതു പതിവായി. അവസാനം അദ്ദേഹത്തെ കോടതിയിലേക്ക് ജഡ്ജിയായി ക്ഷണിക്കുന്നതു വരെയെത്തി. ശമ്പളവും സ്ഥാനമാനങ്ങളും ഉയരുമെങ്കിലും ദര്‍സിന്റെ സൗഭാഗ്യം നഷ്ടപ്പെടുന്നത് അദ്ദേഹത്തിന് സങ്കല്‍പിക്കാന്‍ പോലുമാവുമായിരുന്നില്ല. അധ്യാപനത്തിനു വേണ്ടി ഉന്നതമായ ജോലി ഉപേക്ഷിച്ച സംഭവം അറബികള്‍ക്കിടയില്‍ ശൈഖ് അലിയെ ഒന്നുകൂടി പ്രസിദ്ധനാക്കുകയും ശിഷ്യന്മാരുടെ എണ്ണം പെരുകുകയും ചെയ്തു. ശൈഖ് സായിദിന്റെ രാഷ്ട്രീയനിലപാടുകള്‍ രൂപപ്പെടുത്തിയിരുന്ന പ്രൈവറ്റ് സെക്രട്ടറി സയ്യിദ് അഹ്മദ് ഖലീഫ അസ്സുവൈദി അലി മുസ്‌ലിയാരുടെ ശിഷ്യനാണ്. മുസ്‌ലിം ലോകത്തെ പ്രസിദ്ധനും യമനിലെ ‘ദാറുല്‍ മുസ്തഫ’ സ്ഥാപനങ്ങളുടെ അധിപനുമായ ശൈഖ് ഹബീബ് ഉമര്‍ അല്‍ഹഫീള് ഒരിക്കല്‍ അലി മുസ്‌ലിയാരെ സമീപിച്ചു. അറുപതോളം യമനീ സയ്യിദന്‍മാര്‍ അപ്പോള്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ശാഫിഈ മദ്ഹബിന്റെ ‘ഇജാസത്ത്’ നല്‍കണം എന്നാവശ്യപ്പെട്ടാണ് അവര്‍ വന്നതെന്ന് മനസ്സിലായപ്പോള്‍ അലി മുസ്‌ലിയാര്‍ വിനയാന്വിതനായി പിന്തിരിഞ്ഞു. പക്ഷേ, അവസാനം അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഇജാസത്ത് കൊടുത്ത അദ്ദേഹം പിന്നീടാണ് ഉമര്‍ ഹഫീളിന്റെ സ്ഥാനവും പദവിയും അറിയുന്നത്. മുസ്‌ലിം പണ്ഡിതലോകത്തെ പ്രമുഖനായ ഹബീബ് അലി ജിഫ്‌രിയും അലി മുസ്‌ലിയാരില്‍ നിന്ന് ഇജാസത്ത് സ്വീകരിച്ചിട്ടുണ്ട്. അലി മുസ്‌ലിയാര്‍ക്ക് ‘ഖിദ്മത്ത്’ ചെയ്യാന്‍ അവസരം കിട്ടാനായി പലതവണ അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെരിപ്പ് എടുത്തുവയ്ക്കലടക്കമുള്ള സേവനങ്ങള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
അലി മുസ്‌ലിയാര്‍ ഇരുപത്തഞ്ച് വര്‍ഷക്കാലം അല്‍ഐനില്‍ സേവനം ചെയ്തിട്ടുണ്ട്. ഇക്കാലയളവില്‍ ദര്‍സ് മുടങ്ങിയിട്ടില്ല എന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം. അറേബ്യന്‍ലോകത്ത് കേരള മുസ്‌ലിംകളോടുള്ള മനോഭാവത്തില്‍ വലിയ മാറ്റം വരുത്താനും അതുവഴി കേരളത്തിലെ വൈജ്ഞാനിക സംരംഭങ്ങള്‍ക്ക് വലിയ സഹായങ്ങള്‍ ലഭിക്കാനും ശൈഖ്അലിയുടെ സാന്നിധ്യം കാരണമായിട്ടുണ്ട്.
നാട്ടില്‍
ഒടുവില്‍ അലി മുസ്‌ലിയാര്‍ നാട്ടില്‍ തിരിച്ചെത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്രമുശാവറയില്‍ അംഗമായും പാലക്കാട് ജില്ലാ സംയുക്ത മഹല്ല് ഖാളിയുമായി കേരളത്തിലെ പ്രാസ്ഥാനിക രംഗത്ത് അദ്ദേഹം സജീവമായി. അദ്ദേഹത്തിന്റെ ജ്ഞാനവും അധ്യാപനത്തിലുള്ള മിടുക്കും തിരിച്ചറിഞ്ഞ ശൈഖുനാ കാന്തപുരം ഉസ്താദ് മര്‍കസിലേക്കും കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍ ജാമിഅ ഹസനിയ്യയിലേക്കും സയ്യിദ് ഖലീല്‍ തങ്ങള്‍ മഅ്ദിനിലേക്കും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കാന്‍ ക്ഷണിച്ചിരുന്നെങ്കിലും ആരോഗ്യസ്ഥിതി ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ തടസ്സമാവും എന്നു കരുതി മനസ്സില്ലാ മനസ്സോടെ തിരസ്‌കരിക്കുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തുന്ന അനേകം പണ്ഡിതര്‍ ആ പ്രതിഭാത്വം ഉപയോഗപ്പെടുത്താറുണ്ടായിരുന്നു. 2017 ഒക്ടോബര്‍ 11 ബുധനാഴ്ച രാത്രി മണ്ണാര്‍ക്കാടിനടുത്ത് ചങ്ങലീരിയില്‍ ഒരു മതപ്രഭാഷണ സദസില്‍ പങ്കെടുക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അലി മുസ്‌ലിയാര്‍ വീട്ടിലേക്ക് മടങ്ങുകയും വീട്ടിലെത്തിയ ഉടനെ മരണപ്പെടുകയുമായിരുന്നു. കുമരംപുത്തൂര്‍ പള്ളിക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
എം ടി ശിഹാബുദ്ദീന്‍ സഖാഫി
You must be logged in to post a comment Login