ദാദ്രിയില്‍ നിന്നും ഹാപ്പറിലേക്കെത്തുമ്പോള്‍, ‘തിരക്കഥ’യില്‍ ഒരു മാറ്റവുമില്ല, നടപ്പിലാക്കുന്നതില്‍ അല്പം വ്യത്യാസമുണ്ടെന്ന് മാത്രം! ഇന്ത്യയുടെ തലസ്ഥാനമായ ‘ഡല്‍ഹി’, മനുഷ്യത്വത്തിന്റെ തല വെട്ടുന്നത് ഒരുള്‍ക്കിടിലത്തോടെ കാണുന്നതിന്നു പകരം, അനല്പമായ പുളകത്തോടെ അതാസ്വദിക്കുന്നുവോ എന്ന് തോന്നിപ്പിക്കുംവിധമാണ്, ഭരണനിര്‍വഹണം മുന്നോട്ടുപോകുന്നത്. രണ്ടായിരത്തി പതിനഞ്ചില്‍ മുഹമ്മദ് അഖ്ലാക്കിനെ ഫ്രിഡ്ജില്‍ ബീഫ് ഉണ്ടെന്നാരോപിച്ചായിരുന്നു അടിച്ചുകൊന്നത്. അന്ന് ഇന്ത്യയാകെ ഇളകിമറിഞ്ഞു. ആവിഷ്കാരസ്വാതന്ത്ര്യമെന്നാല്‍ പാട്ടും ആട്ടവും മാത്രമല്ല, ആത്മാഭിമാനത്തോടെ സ്വന്തം ഭക്ഷണം ആര്‍ക്കും കഴിക്കാനുള്ള അവകാശം കൂടിയാണെന്ന്, നിസ്സംശയം ജനാധിപത്യവാദികളായ പ്രതിഭാശാലികള്‍ പ്രഖ്യാപിച്ചു. ‘അധികാരം’ നല്കിയ പുരസ്കാരങ്ങള്‍ രോഷത്തോടെ അവര്‍ വലിച്ചെറിഞ്ഞു. നിസ്സഹായരായ മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും പേരില്‍ തല്ലിക്കൊല്ലാന്‍ ആരെയും അനുവദിക്കുകയില്ലെന്ന പ്രതിഷേധങ്ങള്‍കൊണ്ട് നാട് നിറഞ്ഞു. ഇന്ത്യയില്‍ നടക്കുന്നത് പശു സംരക്ഷണമല്ല, ‘പശുയുദ്ധവും’ ‘പശുഭീകരത’യുമാണെന്ന് ലോകം സാക്ഷ്യപ്പെടുത്തി. രക്തമൊഴുക്കിയ കൊലനിലങ്ങള്ക്ക് നടുവില്‍നിന്നും പ്രതീക്ഷയുടെ തീപ്പന്തങ്ങള്‍ ആളിക്കത്തി. പ്രതിസന്ധിയിലും ‘പ്രതീക്ഷ’ പൊരുതിനിന്നു. പക്ഷേ ചോരയുടെ രുചിയറിഞ്ഞ ഫാഷിസം, നിസ്സഹായര്ക്കുമേലുള്ള അതിക്രമം, ഭരണകൂടാധികാരത്തിന്റെ, അകമ്പടിയോടെ തുടരുകതന്നെയാണ്. ‘ഗോരക്ഷ’യെന്ന പേരിലുള്ള ഗോഗുണ്ടായിസത്തിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍, ‘ഗോറൗഡിസം’ അവസാനിപ്പിക്കണമെന്ന് ‘മയത്തില്‍’ പറയാന്‍ നമ്മുടെ പ്രധാനമന്ത്രിപോലും നിര്‍ബന്ധിതമായി! പക്ഷേ, ‘ഗോറൗഡികളുടെ’ അലര്‍ച്ചകള്‍ക്കിടയില്‍ അതുപോലുമൊരു പാഴ്വാക്ക്മാത്രമായി ചുരുങ്ങിപ്പോയി!
ഉത്തര്‍പ്രദേശിലെ ഹാപ്പറില്‍ ഈ കുറിപ്പെഴുതുമ്പോള്‍ കണ്ട കാഴ്ച, കൊലകള്ക്കൊക്കെയുമപ്പുറം, ഇന്ത്യന്‍ മതനിരപേക്ഷതയുടെ പതനത്തെ കൂടിയാണ് കാട്ടിത്തരുന്നത്. ഗോഗുണ്ടകള് അടിച്ചുകൊന്ന കാസിമിന്റെ മൃതദേഹം ഒരു പോലീസുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍, വലിച്ചിഴച്ച് കൊണ്ടുവരുന്ന ആ ഒരൊറ്റ ദൃശ്യം മതിയാവും, ഉത്തര്‍പ്രദേശിലെ മതനിരപേക്ഷതയുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ‘ഉള്ളടക്കം’ മനസിലാക്കാന്‍! മൃതദേഹത്തോടുള്ള അനാദരവിനപ്പുറം ഫാഷിസം ജനാധിപത്യത്തിന് നല്കിയ താക്കീതാണത്. കണ്ടോ, ‘പോലീസും ഞങ്ങള്‍ക്കൊപ്പ’മാണെന്ന, കൊലക്ക് ശേഷവും തുടരുന്ന കൊലവിളിയാണത്. ‘ഇതുവരെ നടന്ന’ ഓരോ ‘ഗോറൗഡിസവും’, ഇതുപോലെതന്നെ വെറും കൊലകളായിരുന്നില്ല. എന്നിട്ടും, ഈ ‘ചോരക്കൊതിയരെ’, ‘ഗോരക്ഷകര്‍’ എന്ന് വിളിക്കുന്നവര്‍, മാനവികതയെയാണ് വെല്ലുവിളിക്കുന്നത്.
‘പശുവിനെ രക്ഷിക്കേണ്ടതുതന്നെ, പക്ഷേ അതു നമ്മുടെ സഹോദരരെ കൊന്നിട്ടുവേണോ’ എന്ന മഹാത്മാഗാന്ധിയുടെ പഴയ ചോദ്യത്തിനു മുകളില്‍, ‘പശുവിന്റെ ചോരയൊഴുക്കുന്ന മുസ്ലിമിന്റെ കഴുത്തരിയണം’ എന്ന അശോക്സിംഗാളിന്റെ അട്ടഹാസമാണ് മുഴങ്ങുന്നത്. യുവകഥാകൃത്ത് യാസര്‍ അറഫാത്തിന്റെ, ‘ഗ്രഹണനിര്മാണ കലയിലെ മണ്ണിരകളും പശുക്കളും’ എന്ന ശ്രദ്ധേയമായ കഥയില്‍ വെറും കളിപ്പാട്ടംപോലും,
കൊലക്കത്തിയായിത്തീരുന്ന കാഴ്ച ആരെയും കിടിലംകൊള്ളിക്കും. പാവകളെ വില്‍ക്കുന്ന കടയില്‍നിന്ന് ഒരു ‘പശുക്കിടാവിന്റെ’ കളിപ്പാട്ടം വാങ്ങുമ്പോള്‍ അതിന് കൊമ്പില്ലായിരുന്നു. എന്നാല്‍ വാങ്ങി കുറച്ച് കഴിയുമ്പോഴേക്ക് അതിന് കൊമ്പ് മുളച്ചു. പിന്നെ പരിഭ്രമം പരത്തി, കൊമ്പ് വളര്‍ന്നു. ഒരു ദിവസം മകന് പറഞ്ഞു: ‘അബ്ബാ പശുവിന്റെ കൊമ്പുകള്‍ പിന്നെയും വലുതായി. ഇതാ ഇപ്പോ. എന്റെ കയ്യോളം അതു വളര്‍ന്നു’ യാസര്‍ അറാഫത്തിന്റെ ‘കഥ’യിലെ ആ കൊമ്പ് ഒരു ‘കഥ’യിലും കൊള്ളാത്ത ഒരവസ്ഥയിലേക്ക് കടന്നിരിക്കുന്നു. ‘പശുക്കൊല’കളെ ഒരു സാധാരണ സംഭവം മാത്രമായി, നിഷ്ക്രിയരായി സ്വീകരിക്കാന്‍ നാം പതുക്കെ പരിശീലിപ്പിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ദാദ്രിയിലെ അഖ്ലാക്ക് കൊല നടന്ന സമയത്തെ, അപ്പോഴത്തെ ആ നടുക്കത്തെ ഒന്ന് അനുസ്മരിക്കാന്പോലുമാവാത്ത വിധത്തില്‍ നാം നിസ്സഹായരായിത്തീര്ന്നുകൊണ്ടിരിക്കുന്നു.
‘ചരിത്രരേഖകളെക്കാള്‍ ശബ്ദായമാനമായി ഒരു കാലഘട്ടത്തെയാകെ ചിലപ്പോള്‍ വെറും വാക്കുകള്‍ സാക്ഷ്യപ്പെടുത്തു’മെന്ന് പ്രശസ്ത ചരിത്രകാരനായ എറിക്ഹോബ്സ്ബോം. ഇന്ത്യയിലിന്ന് ചരിത്രമായി മാറിക്കൊണ്ടിരിക്കുന്ന ആ വാക്ക് ‘പശുവാണ്’! ‘അങ്ങാടിവാണിഭത്തെക്കുറിച്ച് ഒന്നുമേ അിറയാത്ത ആ പാവം ആടുകളെക്കുറിച്ചല്ല, ‘രാഷ്ട്രീയവാണിഭ’ങ്ങളെക്കുറിച്ച് നന്നായറിയുന്ന പശുക്കളെ കേന്ദ്രീകരിച്ചാവും പുതിയ ചരിത്രവും ചൊല്ലും ഉണ്ടാവാന്‍ പോകുന്നത്. ‘ആടറിയുമോ അങ്ങാടിവാണിഭം’ എന്നതിനു പകരം ‘പശുവിന്നറിയാം രാഷ്ട്രീയവാണിഭം’ എന്ന് ഫാഷിസ്റ്റുകള്‍ തിരുത്തി എഴുതിയിരിക്കുന്നു. പ്രശ്നം സത്യത്തില്‍ ആടും പശുവുമല്ല, സമാനതകളില്ലാത്തവിധം നമുക്കിടയില്‍ വളര്ത്തപ്പെട്ടുകൊണ്ടിരിക്കുന്ന അപരവിദ്വേഷവും വെറുപ്പുമാണ്.
‘സഖാക്കള്‍ എന്നോട് പറഞ്ഞു: ഞങ്ങളുടെ സുഹൃത്തുക്കള്‍ കൊലചെയ്യപ്പെടുകയാണെന്ന്, ഞങ്ങളാദ്യം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഭീതിദമായ നിലവിളികളുയരുകയും ഒട്ടേറെപേര്‍ ഞങ്ങളുടെ സഹായത്തിനെത്തുകയും ചെയ്തു. ഒരു നൂറുപേര് കൊലചെയ്യപ്പെട്ടപ്പോഴായിരുന്നു അത്. പക്ഷേ ആയിരംപേര്‍ കൊലചെയ്യപ്പെടുകയും എന്നിട്ടും കൊലയ്ക്കൊരു ശമനമില്ലാതാവുകയും ചെയ്തപ്പോള്‍ നിശബ്ദത വ്യാപിച്ചു. അപ്പോള്‍ കുറച്ചുപേര്‍ മാത്രമേ സഹായത്തിനെത്തിയുള്ളു. അതാണതിന്റെ രീതി. ‘കുറ്റകൃത്യങ്ങള്‍ കുന്നുകൂടുമ്പോള്‍, അവ അദൃശ്യമാകുന്നു. സഹനം അസഹ്യമായിത്തീരുമ്പോള്, നിലവിളികള്‍ ഒരിക്കലും കേള്‍ക്കാതാകുന്നു; ഒരു മനുഷ്യജീവി തല്ലിച്ചതയ്ക്കപ്പെടുമ്പോള്‍, അത് കാണുന്നവന് തലകറങ്ങുന്നു. അത് സ്വാഭാവികമാണ്. പക്ഷേ പാതകങ്ങള്‍ ആകാശത്തുനിന്നും മഴപോലെ കോരിച്ചൊരിയുമ്പോള്‍, ഒരാളും ഒരിക്കലും വിളിച്ചു പറയുന്നില്ല, ‘നിര്‍ത്തൂ’ എന്ന്! (ബ്രെഹ്ത്)’. ആരും അങ്ങിനെ ‘നിര്‍ത്തൂ’ എന്ന് പറയാതിരിക്കുന്നത് അവര്‍ കൊലകള്‍ക്ക് അനുകൂലമായത്കൊണ്ടല്ല, മറിച്ച് ഒന്നിടവിട്ട് സംഭവിക്കുന്ന, സംഭവിക്കേണ്ട(!) ഒരു സാധാരണകാര്യം മാത്രമായി അത്രമേല്‍ കൊല സംഭവിക്കുന്നത്കൊണ്ടാണ്. അതല്ലെങ്കില്‍ കാശ്മീരിലെ അധികാരപിന്തുണയോടെ നടന്ന കത്വകൊലയും, കേരളത്തിലെ ‘എടപ്പാള്‍ തിയേറ്റര്‍ പീഡനവുമെല്ലാം’ ഒരേപോലുള്ള കാര്യങ്ങള്‍ മാത്രം എന്ന പ്രശസ്ത ‘നിഷ്പക്ഷ’ സമീപനം ചിലര്‍ ‘ധീരമായി’ പുലര്ത്തുന്നത്കൊണ്ടുമാവാം.!
ഒരു പക്ഷേ ആദ്യമായാണ്, കവിതയെക്കുറിച്ചുള്ള ‘അരികെഴുത്ത്’ എന്ന ഈയൊരു ‘രണ്ടാഴ്ചപംക്തി’യില്‍, കവിതയെ അരികിലാക്കി, ഏത് ‘കവിതയെ’യാണ്, ഈയൊരു പംക്തിയില്‍ ഇപ്പോള്‍ പരാമര്‍ശിക്കുന്നത് എന്ന് പോലും സൂചിപ്പിക്കാതെ, ഇത്ര ദീര്‍ഘമായ ഒരാമുഖം നല്‍കുന്നത്. അതിനുള്ള ഏകകാരണം പശുവിന്റെ പേരില്‍ നടക്കുന്ന പതിവ് പേക്കൂത്തുകളല്ല, ‘ഗോറൗഡികള്’ കൊന്ന കാസിമിന്റെ മൃതദേഹം മണ്ണിലിട്ട് വലിച്ചുള്ള ആ അക്രമിസംഘത്തിന്റെ ആഘോഷ എഴുന്നള്ളിപ്പ് പോലുമല്ല, മറിച്ച് ഒരു ഫ്യൂഡല്‍ കാരണവരെപ്പോലെ ആശ്രിതവത്സലനായി ഒരു പോലീസുദ്യോഗസ്ഥന്, ആക്രമി സംഘത്തിന്നൊപ്പം നടക്കുന്ന ആ ഭീകരദൃശ്യമാണ്. ഒരു മൃതദേഹത്തെ ഈ വിധം ‘നിലത്തിട്ട് വലിക്കാതെ’ എന്നൊന്ന് പറയാന്‍പോലും കഴിയാത്ത ആ പോലീസ് ഉദ്യോഗസ്ഥന് നൈതികപാപ്പരത്തത്തിന്റെ മികച്ച പ്രതീകമാണ്. ആയൊരു കാഴ്ചയിലാണ്, പ്രശസ്തകവി മാധവന് പുറച്ചേരിയുടെ ‘മൃദുലഭാഷികള്‍’ എന്ന ശ്രദ്ധേയമായ ‘കവിത’, ഇന്നത്തെ അശുഭപശ്ചാത്തലത്തില് ഏറെ പ്രസക്തമാവുമെന്ന് തോന്നിയത്. അസമമായതിനെ ‘സമ’മാക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ കൊടുമ്പിരികൊള്ളുന്ന ഒരു കാലത്തെയാണ്; അതിനുമുമ്പില്‍ കുമ്പിടുന്ന ധൈഷണികലോകത്തെയാണ്, ‘മൃദുലഭാഷികള്‍’ എന്ന പുറച്ചേരികവിത പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
പഠിക്കലും പഠിപ്പിക്കലും ഏറെ പ്രസക്തമാണ്. എന്നാല്‍ ‘ഒഴിഞ്ഞുമാറ്റം’ ഒന്നിനുമുള്ള ഒഴിവുകഴിവല്ല! സൗമ്യമായി, സമചിത്തതയോടെ ഏതുകാര്യവും അവതരിപ്പിക്കുന്നവരെയാണ് പൊതുവില്‍ ‘മൃദുലഭാഷികള്‍’ എന്ന് ആദരപൂര്‍വം നാം പറയാറുള്ളത്. എന്നാല്‍ ചുളിയാത്ത നെറ്റിയും, ഇടറാത്ത തൊണ്ടയും, ചുരുട്ടാത്ത മുഷ്ടിയും ചോദ്യംചെയ്യപ്പെടാവുന്ന ഒരു കാലത്ത്, ഞാനൊന്നുമറിഞ്ഞില്ലെന്നമട്ടിലുള്ള ‘മാഞ്ഞാലമൃദുഭാഷണം’ വിചാരണ ചെയ്യപ്പെടുകതന്നെ വേണം. മാധവന് പുറച്ചേരി, ‘മൃദുലഭാഷികള്‍’ എന്ന കവിതയില്‍ ദൃശ്യപ്പെടുത്തുന്നത് അത്തരം അധോമുഖ മാനസികാവസ്ഥയെയാണ്. ഫാഷിസം മാരകമാവുന്നത്, ഫാഷിസ്റ്റല്ലാത്തവരെ ‘മൃദുലഭാഷി’കളാക്കികൊണ്ടുകൂടിയാണ്! ഫാഷിസ്റ്റ് കാലത്ത് സജീവമാകുന്ന ‘സമവാക്യ’ നിര്മിതിയോളം, ഫാഷിസത്തെ ഫാഷിസ്റ്റനുകൂല ആശയങ്ങള്‍ക്ക് പോലും സഹായിക്കാനാവില്ല. സ്വയം ന്യായീകരിക്കാനാവാതെ ഫാഷിസ്റ്റുകള്‍ വിയര്‍ക്കുമ്പോള്‍, കൊന്ന നിങ്ങള്‍ മാത്രമല്ല, പശുവിനെ തുറിച്ചുനോക്കിയവരും കുറ്റക്കാര്‍ തന്നെയാണെന്ന മട്ടിലുള്ള ആ ‘ഒതളങ്ങവര്ത്തമാന’ത്തോളം ഫാഷിസത്തിന് കുളിരേകാന്‍ മറ്റെന്തിന് കഴിയും? മുഖ്യശത്രുവിനെ, മുഖ്യശത്രുതന്നെയായി തുറന്നുപറഞ്ഞാല്‍, ഔദ്യോഗിക ആശയകമ്പോളത്തില് വിലയിടിവ് സംഭവിക്കുമോ എന്ന ധൈഷണികരില്‍ ചിലരുടെ പേടിയുടെ ‘സാമൂഹ്യശാസ്ത്രമാണ്’ ‘മൃദുലഭാഷികള്‍’ മൃദുലമായി എന്നാല്‍ സൂക്ഷ്മവും ഹൃദ്യവും ധീരവുമായി ആവിഷ്കരിക്കുന്നത്. പുറച്ചേനിയുടെ പതിനാലുവരിയില്‍ കീഴ്മേല്മറിയുന്നൊരു സംഭ്രമകാലത്തിന്റെ പിടച്ചിലാണ് നമ്മെ കടിച്ചു കുടയുന്നത്. പ്രത്യക്ഷത്തില്‍ ‘മൃദുലഭാഷികള്‍’ എന്ന കവിത ‘മൃദുലഭാഷ’യുടെ മികച്ച മാതൃകയായിരുന്നതുകൊണ്ട് തന്നെയാണ്; വ്യവസ്ഥാനുകൂല വാചാലതകളുടെ മര്‍മം പൊളിക്കുന്നത്. ‘മൃദുലഭാഷികള്‍’ എന്ന കവിതയിലൊരിടത്തും ആഹ്വാനമോ ആക്രോശമോ ഇല്ല, എന്നാല്‍ കൊലവിളിക്കുന്ന അധികാരത്തിനുമുമ്പില്‍ കീഴടങ്ങുന്നതിനോളം അശ്ലീലത മറ്റൊന്നുമില്ലെന്നനുഭവിപ്പിക്കാന് അതിനാവോളം കഴിയുന്നുണ്ട്.
‘മൃദുലഭാഷികള്ക്കെവിടെയുമിടമുണ്ട്’ എന്ന കവിതയിലെ അനാര്‍ഭാടമായ ആദ്യവരി, അനീതികള്‍ ആടിത്തിമര്‍ക്കുമ്പോഴും ഉയരാതെപോവുന്ന പ്രതിഷേധങ്ങളുടെ അഭാവത്തില്വെച്ചാണ്, ഒരിടിവെട്ടനുഭവമാകുന്നത്. സര്‍വസ്ഥലത്തും ‘പകര്‍ച്ചവ്യാധി’പോലെ പെരുകുന്ന ‘മൃദുലഭാഷികള്‍’ സാംസ്കാരിക മലിനീകരണത്തിന്റെ ഒന്നാംതരം പ്രതിനിധികളാണ്. എന്നാല്‍ മാലിന്യങ്ങളെ അധികാരം സമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കുന്നത് എത്രയോ ആകര്‍ഷകമായാണ്: ‘മൃദുലഭാഷികള്ക്കെവിടെയുമിടമുണ്ട്/ മുഖം കറുപ്പിച്ചൊന്നു മിണ്ടുകയില്ലവര്/ വേദിനോക്കിയൊരുക്കുന്നു വാക്കുകള്‍/ തുന്നിവെയ്ക്കുന്നു പലതരമുടുപ്പുകള്/ ഏതുവേഷവുമിവര്ക്കിഷ്ടവേഷം/ ഏതു ഭാഷയുമേറെ പരിചിതം/ എന്തുചമല്ക്കാരഭംഗിയിവരുടെ/ മൊഴികളൊക്കെ മധുരമാകര്ഷകം’. ജീര്‍ണതയെ കസവുടുപ്പിക്കുകയും, ചെന്നായക്കും ആട്ടിന്‍കുട്ടിക്കും തുല്യനീതി ആവശ്യപ്പെടുകയും, പറയേണ്ടത് പറയാതിരിക്കാന്‍, സന്ദര്‍ഭത്തില്‍ അപ്രസക്തമായ നിരവധി ‘ശരികളെ’കൊണ്ട്തന്നെ സമകാലിക സത്യത്തെ ശിഥിലമാക്കുകയും ചെയ്യുന്നവരുടെ ‘മൊഴികളെ’ മധുരമാകര്ഷകം എന്നൊരൊറ്റ പ്രയോഗംകൊണ്ട്, തുറന്നു കാട്ടുകയാണ് കവി ചെയ്യുന്നത്. ‘ദു:ഖമില്ല, പശ്ചാത്താപവുമില്ല/ കൗശലത്തിന്റെ രസായനവിദ്യയില്‍/ ഹിതമറിഞ്ഞു/ വിതയ്ക്കുന്നു കൊയ്യുന്നൂ/ സ്വന്ത ജീവനുതകി സമസ്തവും/ സരളമാണ്- കാര്യങ്ങളറിയുകില്/ തൊലിയിലാണു രഹസ്യങ്ങളൊക്കെയും.’ ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍’ എന്നും, ‘അവനവനാത്മസുഖത്തിന്നാചരിക്കുന്നവ, അപരന്റെ സുഖത്തിനായ് വരേണ’മെന്നുമുള്ള, പ്രബുദ്ധതയുടെ പാഠങ്ങളെയാണ്, മൃദുലഭാഷികളായി നടിക്കുന്നവര്‍ പൊളിക്കുന്നത്. പുറച്ചേനി കവിത പറയുന്നത് അവര്‍ ‘മൃദുലഭാഷികള്‍’ ആണെന്നല്ല, പൂര്‍ണ ‘കപടഭാഷകര്’ആണെന്നാണ്!
കെ ഇ എന്‍
You must be logged in to post a comment Login