‘പൃത്ഥിയിലന്നു മനുഷ്യര്‍ നടന്നപ-/ദങ്ങളിലിപ്പോഴധോമുഖവാമനര്‍/ഇത്തിരിവട്ടം മാത്രം കാണ്‍മവര്‍/ഇത്തിരിവട്ടം ചിന്തിക്കുന്നവര്‍..’ (ഓണപ്പാട്ടുകാര്‍: വൈലോപ്പിള്ളി). തങ്ങളുടെ ‘ഇത്തിരിവട്ടങ്ങളില്‍’ ലോകം അവസാനിക്കുന്നില്ലെന്ന് തിരിച്ചറിയേണ്ടവര്‍, അതറിയാതിരിക്കുമ്പോഴാണ്, ‘അധോമുഖവാമനര്‍’ ജീവിതമാകെ അടക്കിഭരിക്കാന്‍ ആരംഭിക്കുന്നത്. കാണേണ്ടതൊന്നും കാണുകയില്ലെന്ന് മാത്രമല്ല, കണ്ടതൊന്നും ശരിക്ക് ഉള്‍ക്കൊള്ളാനുമവര്‍ക്ക് കഴിയുകയില്ല. കണ്ണുകള്‍ തുറന്നു വെച്ചിട്ടുണ്ടെങ്കിലും, അവര്‍ എല്ലാം കാണേണ്ട ‘ഉള്‍ക്കണ്ണ്’ അടച്ചുവെച്ചിരിക്കുകയാണ്. തങ്ങളുടെ കാല്‍ചുവട്ടില്‍ ലോകം ആരംഭിച്ചുവെന്നതിനുമപ്പുറം അതവിടെ എന്നെന്നേക്കുമായി അവസാനിച്ചിരിക്കുന്നു എന്നാണവര്‍ കരുതുന്നത്. പഴയ വാമനന് കഥകളില്‍ പറയുംപോലെ ‘മൂന്നടി’ കൊണ്ട്, മൂന്ന് ലോകവും അളന്നെടുക്കാന്‍ കഴിഞ്ഞത്, അയാളുടെ കാലുകള്‍ ലോകത്തേക്കാള്‍ വലുതായത് കൊണ്ടല്ല, ആ അധിനിവേശത്തെ ചെറുക്കാന്‍ കഴിയാത്തവിധം അക്കാലത്തെ ജനങ്ങള്‍ അടിമകളായിത്തീര്‍ന്നതുകൊണ്ടാണ്. അധിനിവേശത്തെ ഒരത്ഭുതമായി തെറ്റിദ്ധരിക്കുമ്പോഴാണ്, ‘തൊമ്മിത്തരവും’ ഒരാദര്‍ശമാകുന്നത്. സമകാലിക ഇന്ത്യയില്‍ വാമനാവതാരം കൈകൊണ്ട്, ജനാധിപത്യത്തെ കൈയ്യേറ്റം ചെയ്യും വിധം വളര്‍ന്നുകൊണ്ടിരിക്കുന്നത് വ്യാജദേശീയതയാണ്. ദേശപൂജയുടെ ‘മിത്തുകള്‍’ പകരംവെച്ച് യഥാര്‍ത്ഥ ദേശീയതയെ പരിക്കേല്‍പിക്കാനാണവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദേശപൂജയും ദേശീയതയും രണ്ടാണ്. ദേശത്തെ പൂജിക്കുന്നവര്‍ ദേശത്തെപൂജിക്കാത്തവരെ, ‘ദേശീയതയുടെ’ പേരില്‍ ആക്രമിക്കുന്നതും അധിക്ഷേപിക്കുന്നതും ‘രാജ്യദ്രോഹ’മാണ്. വ്യത്യസ്ത വിശ്വാസങ്ങളെ ഉള്‍ക്കൊള്ളുന്ന ജനാധിപത്യ ബഹുസ്വരതയെയാണവര്‍ വ്യാജദേശീയതയുടെ മറവില്‍ നിന്ന് വെല്ലുവിളിക്കുന്നത്. ഇന്നത്തെ ഇന്ത്യയില്‍ ജനങ്ങളെയാകെ ഞങ്ങളൊന്നെന്ന് ചൊല്ലി കോരിത്തരിപ്പിക്കേണ്ട ‘ദേശീയത’; നിങ്ങള്‍ ഞങ്ങളില്‍പെട്ടവരല്ലെന്ന് ചൊല്ലി കുത്തിമലര്‍ത്തുന്ന ഒരു ‘ഭീകരവാക്കാ’യി വളര്‍ന്നിരിക്കുന്നു. ‘വാ’ എന്ന് സ്‌നേഹപൂര്‍വം ചേര്‍ത്തുപിടിക്കുന്നതിന്നു പകരം ‘പോടാ’ എന്നാക്രോശിക്കുന്നതിലാണത് ആവേശം കൊള്ളുന്നത്. ഒരിക്കല്‍ ചിത്രശലഭം കണക്ക് പറന്നുകളിച്ച ആ ‘ചിറകുള്ള വാക്കി’ന്റെ വായില്‍ നിന്ന് തേറ്റകളാണ് ഇപ്പോള്‍ പുറത്തുചാടിക്കൊണ്ടിരിക്കുന്നത്.
ദേശീയത രാഷ്ട്രീയമായി ഒരാവശ്യമാണ്. അതതിന്റെ സ്ഥാനത്ത് ഔചിത്യത്തോടെ നില്‍ക്കുമ്പോള്‍ നല്ലതുമാണ്. എന്നാല്‍ ‘അധിക’മാവുമ്പോഴും, സ്വയമൊരു സമ്പൂര്‍ണ തത്വചിന്തയായി തെറ്റിദ്ധരിക്കുമ്പോഴും അതേറെ അപകടകരമാവും. സാമ്രാജ്യത്വവിരുദ്ധസമരം തുടരുമ്പോള്‍, ദേശീയത സാര്‍വദേശീയതയായി ജ്വലിക്കും. സ്വന്തം രാഷ്ട്രത്തിലെ ജനതക്കെതിരെയുള്ള കൊലവിളിയായി മാറുമ്പോഴത് ദേശീയനിഷേധിയായ വംശീയ ഭീകരതയായി പതുക്കെ രൂപാന്തരപ്പെടും. ‘മനുഷ്യത്വമാണ് എന്റെ മാതൃരാജ്യം’ എന്ന പ്രശസ്തവും പ്രസക്തവുമായ മാര്‍ടിയുടെ വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ട്, കാസ്‌ട്രോ പറഞ്ഞു: ”യഥാര്‍ത്ഥ സാര്‍വദേശീയതയില്‍ കലര്‍ത്തുന്ന വിഷമാണ് സങ്കുചിത ദേശീയത. സാര്‍വദേശീയതയില്ലെങ്കില്‍ മനഷ്യമോചനം സാധ്യമല്ല.”
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘രാജ്യസ്‌നേഹം’ എന്ന കവിത, ഫാഷിസ്റ്റ് ദേശീയതയുടെ ധൈഷണികവും നൈതികവുമായ പാപ്പരത്തത്തെയാണ്, അതിന്റെ സര്‍വപൊങ്ങച്ചങ്ങളെയും കീഴ്‌മേല്‍മറിച്ചിട്ടു കൊണ്ട് ആവിഷ്‌കരിക്കുന്നത്. മൂന്ന്‌നാല് സാധാരണ പ്രസ്താവനകള്‍ക്കിടയില്‍ മുനകൂര്‍ത്ത എട്ടൊമ്പത് ചോദ്യങ്ങള്‍ കൂടിചേര്‍ന്നാല്‍ ‘രാജ്യസ്‌നേഹം’ എന്ന കവിതയായി എന്നു പറയുന്നത്, നിലവിലുള്ള വ്യാജരാജ്യസ്‌നേഹത്തെ പ്രീതിപ്പെടുത്താനല്ല, അനിവാര്യമായും ഉയര്‍ന്നുവരേണ്ട ശരിയായ രാജ്യസ്‌നേഹത്തിന്റെ പൊരുള്‍ കണ്ടെത്താനാണ്. ”ഞാന്‍ തേടുന്നത് രാജ്യസ്‌നേഹമല്ല/ സ്‌നേഹത്തിന്റെ രാജ്യമാണ്/ ജീവന്‍ അസ്തമിക്കാത്ത സാമ്രാജ്യം” എന്ന കവിതയിലെ അവസാനവരി, ഏതൊരു ദേശീയതയുടെയും ആമുഖമാവേണ്ട ‘താക്കോല്‍ വാക്യ’മാണ്. ദേശീയത സംബന്ധിച്ച സര്‍വകാര്യങ്ങളുടെയും ‘പൂട്ട്’തുറക്കാന്‍ ‘സ്‌നേഹരാജ്യം’ എന്നതിനോളം പറ്റിയ വേറൊരു ‘താക്കോല്‍’ വാക്ക്, കണ്ടെത്താന്‍ പ്രയാസമാണ്. അത്രമേല്‍, ആ വാക്ക് നമ്മുടെ കാലത്തെ വിഴുങ്ങുന്ന വംശീയതക്കെതിരായൊരു വെല്ലുവിളിയാണ്.
‘ജീവന്‍ അസ്തമിക്കാത്ത’ ഒരു കാലത്തെയും ലോകത്തേയുമാണ് ‘രാജ്യസ്‌നേഹം’ എന്ന കവിത കിനാവുകാണുന്നത്. കേരളീയ നവോത്ഥാനത്തിന് തുടക്കം കുറിച്ച വൈകുണ്ഠം സ്വാമിയാണ്, നമ്മുടെ മണ്ണില്‍ ആദ്യമായി ‘സ്‌നേഹത്തിന്റെ കൊടി’ ഉയര്‍ത്തിയത്. മലയാളികളെ ആദ്യമായി ‘സ്‌നേഹത്തിന്റെ മക്കള്‍’ എന്നര്‍ത്ഥത്തില്‍ ‘അന്‍പുകൊടിമക്കള്‍’ എന്നു വിളിച്ചതും അദ്ദേഹമാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയില്‍ പറക്കുന്ന അദൃശ്യപതാക, പതിറ്റാണ്ടുകള്‍ക്കുമുമ്പ് വൈകുണ്ഠം സ്വാമി ഉയര്‍ത്തിയ, ആ ‘അന്‍പുകൊടി’യാണ്. ആ കൊടി അഴിച്ചുമാറ്റിയാല്‍ പിന്നെയൊരു നാട്ടിലും, ആ നാട്ടിലെ ‘ദേശീയപതാകക്ക്’ സ്വതന്ത്രമായി പാറിപറക്കാന്‍ കഴിയില്ല.
‘രാജ്യസ്‌നേഹം’ ഉയര്‍ത്തുന്ന ആദ്യചോദ്യം ലോകത്തിലെ ഏത് ദേശരാഷ്ട്രത്തെക്കുറിച്ചും, ഏതൊരു ജനാധിപത്യ കാഴ്ചപ്പാട് പുലര്‍ത്തുന്നവരും ആദ്യമേ ചോദിക്കേണ്ട ചോദ്യമാണ്. കൃത്രിമ ഉത്തരങ്ങള്‍ ഉടലെ ടുക്കുന്ന, ചോദ്യശരങ്ങളിലാണ് ‘രാജ്യസ്‌നേഹം’ എന്ന കവിത ശ്രദ്ധേയമാകുന്നത്. ”പണ്ടു ചില രാജ്യങ്ങള്‍ ഉണ്ടായിരുന്നു/ വഞ്ചിരാജ്യം/ കൊച്ചിരാജ്യം/ ആ രാജ്യങ്ങള്‍ എവിടെപ്പോയി?/ എവിടെ സോവിയറ്റ് യൂണിയന്‍/ യൂഗോസ്ലാവ്യ ഒന്നായ ജര്‍മനിയെ/ രണ്ടെന്ന് കണ്ടളവില്‍/ ഉണ്ടായൊരിണ്ടല്‍ മാറി/ അവ പണ്ടേകണക്കായി/ പണ്ടു പാക്കിസ്ഥാന്‍ ഉണ്ടായിരുന്നില്ല/ പണ്ടു ബംഗ്ലാദേശ് ഉണ്ടായിരുന്നില്ല/ ആദിയില്‍ രാജ്യങ്ങള്‍ ഉണ്ടായിരുന്നില്ല.” ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയുടെ ആദ്യഭാഗം, ആവശ്യപ്പെടുന്നത്, ദേശീയതയെക്കുറിച്ച് ആവേശം കൊള്ളുന്നതിന് മുമ്പ്; അതിന്റെ പേരും പറഞ്ഞ് ആക്രോശിക്കുന്നതിന് മുമ്പ് ‘ചിത്രത്തിലേക്ക്’ കണ്ണുതുറക്കാനാണ്. സ്മരണകളെയും സ്വപ്‌നങ്ങളെയും കുരുതി നല്‍കി ഒരു സത്യത്തിനും നിവര്‍ന്നു നില്‍ക്കാനാവില്ലെന്ന നിലവിളിയാണ് ചുള്ളിക്കാടിന്റെ കവിതയിലൊരു ചിരിയായി നിറയുന്നത്. രാജാവിന്റെ കാലത്തെ പഴയ ‘നാട്ടുരാജ്യങ്ങളും’ ജനാധിപത്യകാലത്തെ ‘ദേശരാഷ്ട്ര’ങ്ങളുമെല്ലാം പലവിധം മാറ്റങ്ങളിലൂടെ കടന്നു പോവുകയാണെന്ന, അടിസ്ഥാന യാഥാര്‍ത്ഥ്യമാണ് നിരവധി ചോദ്യങ്ങളിലൂടെ കവിതയുടെ ആദ്യഭാഗത്ത് ആവര്‍ത്തിക്കപ്പെടുന്നത്. പഴയ രാജ്യങ്ങള്‍ ഇല്ലാതാവുന്നതും പുതിയ ദേശരാഷ്ട്രങ്ങള്‍ ഉണ്ടാവുന്നതും സാമൂഹ്യ പരിവര്‍ത്തനത്തിന്റെ അനിവാര്യഭാഗമായി തിരിച്ചറിയണമെന്നാണ്, ‘രാജ്യസ്‌നേഹം’ സ്‌നേഹം നഷ്ടപ്പെട്ടിട്ടില്ലാത്തവരെ ഓര്‍മിപ്പിക്കുന്നത്. മനുഷ്യര്‍ ആദ്യം സ്വയം കണ്ടെത്തിയത് പ്രാകൃതിക സാഹചര്യങ്ങളിലാണ്. ദേശീയതയെല്ലാം പിറകെ വന്നതാണ്. ദേശീയതയെക്കുറിച്ച് നമുക്കുറപ്പിച്ച് പറയാവുന്ന ഓരേയൊരു കാര്യം അത് ‘അനാദിയല്ലെന്നും’ പരിവര്‍ത്തനവിധേയമാണെന്നും മാത്രമാണ്. സാമ്രാജ്യത്വവിരുദ്ധതയാണ് അതിനിന്നും ജ്വലിക്കുന്ന മൂല്യം നല്‍കുന്നത്. എന്നാലിപ്പോള്‍, ഇന്ത്യയടക്കമുള്ള ദേശരാഷ്ട്രങ്ങള്‍ പലതും സാമ്രാജ്യത്വ മൂലധന താല്‍പര്യങ്ങളെ സേവിക്കുന്നതിലാണ് വ്യാപൃതമായിരിക്കുന്നത്. ഐജാസ് എഴുതിയത് പോലെ, ‘ഇതുവരെ രാഷ്ട്രം ദേശത്തിന്റെ താല്പര്യങ്ങളെ സാര്‍വദേശീയരംഗത്ത് പ്രദാനം ചെയ്തു. ഇപ്പോള്‍ രാഷ്ട്രം ആഗോള സാമ്പത്തിക താല്‍പര്യങ്ങളെ ദേശത്തിനുള്ളില്‍ പ്രതിനിധാനം ചെയ്യുന്നു.’ എന്നിട്ടും വ്യാജദേശാഭിമാന വീറിനു മാത്രം ഒരു കുറവുമില്ല.
സ്വന്തം സാമ്രാജ്യത്വസേവയെ പത്ത് ‘ഭാരത് മാതാ’ മുദ്രാവാക്യം കൊണ്ട് മറച്ചുപിടിക്കാനാവുമെന്നാണ് ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ കരുതുന്നത്. എന്നാല്‍ അത് പ്രത്യക്ഷത്തില്‍ പരാമര്‍ശിക്കാതെ തന്നെ അതിന്റെ അസംബന്ധമാണ് ചുള്ളിക്കാടിന്റെ ‘രാജ്യസ്‌നേഹം’ ഹൃദ്യമായി ആവിഷ്‌കരിക്കുന്നത്.
”ആദിയില്‍ രാജ്യങ്ങള്‍ ഉണ്ടായിരുന്നില്ല
ആദിയില്‍ വചനം/ പിന്നെ ജലം/ ജീവന്‍
രാജ്യങ്ങള്‍ ഉണ്ടാകുന്നു/ രാജ്യങ്ങള്‍ ഇല്ലാതാകുന്നു
സ്‌നേഹമോ, എന്നേയ്ക്കും.”
കവിത അനുഭവിപ്പിക്കുന്നത്, രാജ്യം ഒരു രാഷ്ട്രീയ സൗകര്യമാണെന്നും, ആ അര്‍ത്ഥത്തില്‍ അതൊരനിവാര്യതയായിരിക്കുമ്പോഴും അതിന്റെ ഉള്ളടക്കമായി രാജ്യാതിര്‍ത്തികളെ അതിവര്‍ത്തിക്കുന്ന ‘മനുഷ്യത്വം’ ഉണ്ടാവുന്നില്ലെങ്കില്‍, പിന്നെ ആ രാജ്യം എന്തിനു കൊള്ളുമെന്നുമാണ്. ‘കുടിയിറക്കപ്പെടും കൂട്ടരേ, പറയുവിന്‍ പറയുവിന്‍ ഏത് രാഷ്ട്രക്കാര്‍ നിങ്ങള്‍..’ എന്ന ഇടശ്ശേരിയുടെ പ്രശസ്തമായ ചോദ്യമാണ്, ചുള്ളിക്കാടിന്റെ ‘രാജ്യസ്‌നേഹം’ എന്ന കവിതയും പുതിയ പശ്ചാതലത്തില്‍ വേറിട്ട രീതിയില്‍ അടയാളപ്പെടുത്തുന്നത്. ”വിശപ്പിന്റെ രാജ്യം ഏതാണ്/ കാമത്തിന്റെ രാജ്യം ഏതാണ്/ ഏതാണ് മരണത്തിന്റെയും വിരഹത്തിന്റെയും രാജ്യം/ എവിടെ ഏകാന്തതയുടെ അതിര്‍ത്തികള്‍/ എവിടെ ആത്മാവിന്റെ നിയന്ത്രണരേഖകള്‍…” ചോദ്യങ്ങളോരോന്നും ലളിതവും സുതാര്യവുമാണ്. പക്ഷേ, ഇന്നത്തെ ഇന്ത്യനവസ്ഥയില്‍, അതേറെ സങ്കീര്‍ണവും അതാര്യവുമായിത്തീര്‍ന്നുകഴിഞ്ഞിരിക്കുന്നു.
രാഷ്ട്രങ്ങള്‍ തമ്മിലുള്ള അസഹിഷ്ണുതയല്ല, ജനങ്ങള്‍ തമ്മിലുള്ള സൗഹൃദമാണ് സാമ്രാജ്യത്വവിരുദ്ധ സമരങ്ങള്‍ ആവശ്യപ്പെടുന്നത്. സ്വന്തം ദേശത്തിന്റെ പതാകക്കൊപ്പം മനുഷ്യാവകാശങ്ങളുടെ പതാകയും ഉയര്‍ത്തിപ്പറക്കാന്‍ ഓരോ രാഷ്ട്രവും സ്വയം സന്നദ്ധമാകണം. ‘നല്ലത് നാറിയാല്‍ നല്ലോണം നാറും’ എന്നൊരു ചൊല്ലുണ്ട്. എല്ലാ ദേശീയതകള്‍ക്കും അത് ബാധകമാണ്. മനുഷ്യാവകാശങ്ങള്‍ക്ക് കീഴ്‌പെട്ട് നില്‍ക്കുമ്പോഴാണ്, മറ്റെന്തുമെന്ന പോലെ ദേശീയതയും നന്നാവുന്നത്. മനുഷ്യാവകാശങ്ങള്‍ മുറിവേല്‍ക്കും വിധം അത് മാറുമ്പോള്‍ ഐന്‍സ്റ്റീന്‍ പറഞ്ഞതു പോലെ അതൊരു രോഗമാവും. ‘Nationalism is infantile disease; It is the measles of mankind.’ നയതന്ത്രവേദികള്‍ മുതല്‍ തടവറകളില്‍ വരെ അത് കിടന്ന് നാറും. ഏറ്റവും ചുരുങ്ങിയത് തങ്ങളില്‍ നിന്ന് വ്യത്യസ്തരായവരോട് സഹിഷ്ണുത പുലര്‍ത്താനെങ്കിലും ദേശീയത സ്വയം പരിശീലിക്കണം. ഇന്ന് ദേശീയതയുടെ പേരില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും നീണ്ടു വരുന്നത് അസഹിഷ്ണുതയുടെ കൊമ്പുകളാണ്. നമ്മളായിട്ട് അതിന് ‘പെയിന്റടിക്ക’ണ്ട!
You must be logged in to post a comment Login