തോപ്പില്‍ മുഹമ്മദ് മീരാന്‍
ജനനം : 1944 സപ്തംബര്‍ 26
പിതാവ് : മുഹമ്മദ് അബ്ദുല്‍ഖാദര്‍
മാതാവ് : പാത്തകണ്ണ്
ജന്മദേശം : തേങ്ങാപട്ടണം, തിരുനെല്‍വേലി
ഭാര്യ : ജലീല മീരാന്‍
മക്കള്‍ : ശമീം അഹമ്മദ്, മിര്‍സാദ് അഹമ്മദ്
കൃതികള്‍: നോവലുകള്‍
ഒരു കടലോരഗ്രാമത്തില്‍ കഥൈ,
തുറൈമുഖം, കൂനന്‍തോപ്പ്,
ചായ്വു നാര്‍ക്കാലി, അഞ്ചുവണ്ണം തെരു,
എരിഞ്ഞു തീരുന്നവര്‍, കുടിയേറ്റം
കഥാസമാഹാരങ്ങള്‍
അന്‍പുക്കു മുതുമൈ ഇല്ലൈ, തങ്കരാശു,
അനന്തശയനം കോളനി,
തോപ്പില്‍ മുഹമ്മദ് മീരാന്‍ കതൈകള്‍,
ഒരു മാമരമും കൊഞ്ചം പറവൈകളും,
മരണത്തിന്‍ മീതെ ഉരുളും സക്കാരം
വിവര്‍ത്തനങ്ങള്‍ – തമിഴിലേക്ക്
ഹുസ്‌നു ജമാല്‍, ദൈവത്തിന്റെ കണ്ണ്,
വൈക്കം മുഹമ്മദ് ബഷീറിന്‍ വാഴ്‌കൈ വരലാറ്
(എം.എന്‍. കാരശ്ശേരി),
തൃക്കൊട്ടിയൂര്‍ കുരുണവേല്‍(യു.എ. ഖാദര്‍),
മീസാന്‍ കര്‍ക്കളിന്‍ കാവല്‍ (പി.കെ. പാറക്കടവ്)
പ്രധാന ബഹുമതികള്‍
1. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
2. തമിഴ്‌നാട് സര്‍ക്കാര്‍ അവാര്‍ഡ്
3. എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ്
4. അമുദന്‍ അസിഗള്‍ സാഹിത്യ അവാര്‍ഡ്
5. തമിഴ്‌നാട് കലൈ ഇളക്കിയ പെരുമന്‍ട്രം അവാര്‍ഡ്
6. തമിഴ്‌നാട് മുര്‍പോക്ക് എഴുത്താളര്‍ സംഘം അവാര്‍ഡ്
————————————————————————————————-
തകഴിയും ബഷീറും നടന്ന വഴി
പെരുമ്പടവം ശ്രീധരന്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന നോവലിന്റെ തമിഴ് വിവര്‍ത്തനം പ്രകാശനം ചെയ്യുന്ന സന്ദര്‍ഭം. തിരുവനന്തപുരത്ത് ഡോ.അയ്യപ്പപ്പണിക്കര്‍, സുന്ദരരാമസ്വാമി, ഡോ. സിര്‍പ്പി ബാലസുബ്രഹ്മണ്യം എന്നിവരെല്ലാം ഉണ്ട്. ഞാന്‍ നോക്കുമ്പോള്‍ പൊക്കം കുറഞ്ഞ സാമാന്യം തടിച്ച ഒരാള്‍ ഡോ. അയ്യപ്പപ്പണിക്കരോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. എനിക്ക് തീരെ പരിചയമില്ല. കാഴ്ചയില്‍ കുലീനതയുള്ള ഒരാള്‍. എന്റെ അപരിചിതത്വം കണ്ടപ്പോള്‍ ഡോ. അയ്യപ്പപ്പണിക്കര്‍ എന്നോട് ചോദിച്ചു: ‘ശ്രീധരന് അറിയില്ലേ ഇദ്ദേഹത്തെ?, ഇതാണ് മലയാളിയായി ജനിച്ച്, മലയാളം പഠിച്ച്, തമിഴ് സാഹിത്യത്തില്‍ പ്രമുഖനായിത്തീര്‍ന്ന തോപ്പില്‍ മുഹമ്മദ് മീരാന്‍’. ആദരവോട് കൂടെ ഞാനപ്പോള്‍ അദ്ദേഹത്തെ തൊഴുതു. മുമ്പ് കണ്ടിട്ടില്ലെങ്കിലും തോപ്പില്‍ മുഹമ്മദ് മീരാനെ കുറിച്ച് ഞാന്‍ ധാരാളം കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സാഹിത്യ കൃതികളെ കുറിച്ചും കേട്ടിട്ടുണ്ട്. തമിഴിലെ സുന്ദരരാമസ്വാമി, പൊന്നീലന്‍, ജയകാന്തന്‍ എന്നിവരോടൊപ്പം പരിഗണിക്കപ്പെടുന്ന ഒരു എഴുത്തുകാരന്‍. തേങ്ങാപ്പട്ടണത്തെ സാഹിത്യമാക്കിയും വറ്റല്‍ മുളക് വിറ്റും ജീവിതം നയിക്കുന്ന ഒരാള്‍. ഇടത്തരക്കാരുടെ കഥയെഴുതി കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പ്രതിഭാശാലി. യാദൃച്ഛികമായി അദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ജീവിതത്തിന്റെ സങ്കീര്‍ണതകളും സംഘര്‍ഷങ്ങളും കലാപരമായി ആവിഷ്‌കരിച്ച് തമിഴ് ആസ്വാദകരുടെ ആദരവിന് അര്‍ഹനായിത്തീര്‍ന്ന വലിയ എഴുത്തുകാരന്‍. കണ്ടാല്‍ അങ്ങനെയൊന്നും തോന്നുകയില്ല. ഒരു സാധാരണക്കാരന്‍ മാത്രം. കടലോര ഗ്രാമത്തിന്റെ കഥയെഴുതി നമ്മുടെ തകഴിയെപ്പോലെ തമിഴില്‍ പ്രതിഷ്ഠ നേടിയ വലിയ എഴുത്തുകാരന്‍.
അയ്യപ്പപ്പണിക്കരുടെ അധ്യക്ഷതയിലായിരുന്നു അന്ന് ആ ചടങ്ങ്. എന്റെ നോവലിന്റെ തമിഴ് പരിഭാഷ പ്രകാശനം ചെയ്തത് തമിഴ് സാഹിത്യത്തിലെ ആധുനികതയുടെ ആചാര്യനായ സുന്ദരരാമസ്വാമിയാണ്. ‘ഒരു സങ്കീര്‍ത്തനം പോലെ’യുടെ തമിഴ് പരിഭാഷ നിര്‍വഹിച്ച ഡോ.സിര്‍പ്പി ബാലസുബ്രമണ്യത്തെ അവര്‍ രണ്ടുപേരും നിര്‍ലോഭം പ്രശംസിച്ചു. ചടങ്ങ് കഴിഞ്ഞ് ഒരു ചായസത്കാരത്തിനിടയില്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ എന്നെ അരികെവിളിച്ച് പറഞ്ഞു: ‘ഡോ. സുന്ദര രാമസ്വാമി പറഞ്ഞത് സത്യമാണ്. ഡോ. സിര്‍പ്പി ബാലസുബ്രമണ്യത്തെ പോലെ തമിഴിലെ അനുഗൃഹീതനായ ഒരു കവിയെ പരിഭാഷകനായി കിട്ടിയത് നിങ്ങളുടെ ഭാഗ്യം’. തോപ്പില്‍ മുഹമ്മദ് മീരാന്‍ പിന്നീട് എന്റെ മനസില്‍ നിന്നിറങ്ങിപ്പോവാതെ ഓര്‍മകളില്‍ ഉയര്‍ന്ന് നിന്നു. തമിഴ് സാഹിത്യത്തിലെ ആധുനിക എഴുത്തുകാരില്‍ ഏറ്റവും പ്രതിഭാശാലിയായ ഒരാള്‍ എന്ന് അയ്യപ്പപ്പണിക്കരും സുന്ദരരാമസ്വാമിയും അദ്ദേഹത്തെ പുകഴ്ത്തി പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ ഉള്ളാലെ സന്തോഷിച്ചു. അദ്ദേഹം മലയാളിയാണ്. മലയാളത്തില്‍ കഥയെഴുതി തമിഴിലേക്ക് തര്‍ജ്ജമ ചെയ്യുകയാണ് അദ്ദേഹത്തിന്റെ രീതിയെന്ന് കേട്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത കൗതുകം തോന്നി.
ഒന്നോ രണ്ടോ വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടന്ന ഒരു സാഹിത്യ ക്യാമ്പില്‍ ഞങ്ങള്‍ രണ്ടുദിവസം ഒന്നിച്ചുണ്ടായിരുന്നു. രാത്രി വളരെ വൈകും വരെ സംസാരിച്ചിരിക്കും. ജീവിതത്തിന്റെ സങ്കടങ്ങള്‍ തന്റെ കൃതികളില്‍ ആവിഷ്‌കരിക്കുമ്പോള്‍ പ്രകടിപ്പിക്കുന്ന ആത്മാര്‍ത്ഥതയും സത്യസന്ധതയും തന്നെയാണ് തന്റെ എഴുത്തിന്റെ കരുത്തെന്ന് അദ്ദേഹം ഊന്നിയൂന്നിപ്പറഞ്ഞു. സാധാരണക്കാരുടെ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രമേയം. യാതനാപൂര്‍ണമായ ജീവിതം നയിക്കുമ്പോഴും ദുരന്തത്തിന്റെ കൈപ്പ് കടിച്ച് ചവക്കുമ്പോഴും ജീവിതത്തെ സ്‌നേഹിക്കുന്ന ആര്‍ദ്രമായ ഒരു മനസ്സ് അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്രോതസ്സായി നിലനിന്നു. സാധാരണ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അസാധാരണമായ അനുഭവങ്ങളുടെ ദുരന്തഭംഗി തോപ്പില്‍ മുഹമ്മദ് മീരാന്റെ കൃതികളില്‍ സമൃദ്ധമായുണ്ട്. മനുഷ്യനും ജീവിതവും കാലവും അദ്ദേഹത്തിന്റെ അന്തര്‍ദൃഷ്ടിയില്‍ എന്നും നിറഞ്ഞുനിന്നു. സങ്കടങ്ങളും ദുരന്തങ്ങളും അതിജീവിക്കുന്ന മനുഷ്യന്റെ ആഴമേറിയ സ്‌നേഹവായ്പ് അദ്ദേഹത്തിന്റെ ഒരു ആത്മീയ കരുത്തായിരുന്നു. തകഴിയും ബഷീറും നടന്ന വഴിയേ മറ്റൊരാള്‍ സ്വന്തം വഴിതെളിച്ചു; തോപ്പില്‍ മുഹമ്മദ് മീരാനെ കുറിച്ചോര്‍ക്കുമ്പോള്‍ അങ്ങനെ ഒരു ചിത്രം എന്റെ മനസില്‍ തെളിഞ്ഞു വരും. ഇനി തിരുവനന്തപുരത്ത് വരുമ്പോള്‍ എന്റെ വീട്ടില്‍ വരാമെന്ന് എനിക്ക് വാക്കുതന്നിരുന്നു. പിന്നീട് ഞാന്‍ കേള്‍ക്കുന്നത് അദ്ദേഹത്തിന്റെ വിയോഗവാര്‍ത്തയാണ്. തന്റെ ഒടുങ്ങാത്ത കഥകളുമായി അദ്ദേഹം ജീവിതത്തിന്റെ മറുകരയിലേക്ക് പോയി. ആ വലിയ എഴുത്തുകാരന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഞാന്‍ എളിമയോടെ ശിരസ്സുകുനിക്കുന്നു.
———————————————————————————————————————-
എം എസ് പി ക്യാമ്പിലെ ഒരു പകല്‍
ഒ വി ഉഷ
തോപ്പില്‍ മുഹമ്മദ് മീരാന്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സാന്നിധ്യമായാണ് എന്റെ ഉള്ളില്‍ നിലനില്‍ക്കുന്നത്. ഒരു ജാഡയുമില്ലാത്ത, വളരെ ലളിതമായ രീതിയില്‍ ഇടപെടുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഒരു തവണ മാത്രമേ, ഒരു ദിവസം മാത്രമേ ഞങ്ങള്‍ നേരിട്ട് കണ്ടിട്ടുള്ളൂ. ‘ചാരുകസേര’യൊക്കെ വായിച്ചാണ് പിന്നെ പരിചയമുള്ളത്.
അരീക്കോടിനടുത്ത് എം എസ് പി ക്യാമ്പില്‍ കേരള പൊലീസ് ഡിപ്പാര്‍ട്‌മെന്റ് കുറച്ചുകാലം ഒ വി വിജയന്‍ സ്മൃതി നടത്തിയിരുന്നു. ഞങ്ങളുടെ അച്ഛന്‍ പൊലീസിലായിരുന്നല്ലോ. ക്യാമ്പില്‍ അച്ഛന്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സില്‍ ഇപ്പോള്‍ എ ഡി ജി പിയായ ബി സന്ധ്യ മാഡം ആണ് ആ പ്രോഗ്രാം ആരംഭിച്ചത്. അന്നവര്‍ക്കാണ് എം എസ് പി യുടെ ചുമതലയുണ്ടായിരുന്നത്. അവര്‍ ഒരു സാഹിത്യകാരിയും എഴുത്തിനെയൊക്കെ സ്‌നേഹിക്കുന്ന ആളുമാണല്ലോ. അങ്ങനെ പഴയ റെക്കോര്‍ഡുകള്‍ പരിശോധിച്ച് അവരാണ് അച്ഛന്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സ് കണ്ടുപിടിക്കുകയും അവിടെ ഏതാനും വര്‍ഷം ഒരു പൈതൃക സദസ്സെന്നോണം സാഹിത്യ ചര്‍ച്ചകളും സംഗമങ്ങളും സംഘടിപ്പിക്കുകയും ചെയ്തത്. തണ്ടര്‍ബോള്‍ട്ട് സേന അവിടെ ക്യാമ്പ് ചെയ്യുന്നത് വരെ അവിടെ ഇങ്ങനെ പ്രോഗ്രാമുകള്‍ നടന്നിരുന്നു.
ഏകദേശം പത്തുവര്‍ഷം മുന്‍പ് അവിടെ നടന്ന ഒ വി വിജയന്‍ അനുസ്മരണ സദസിലേക്ക് തോപ്പില്‍ മുഹമ്മദ് മീരാനെ മുഖ്യാതിഥിയായി വിളിക്കാന്‍ തീരുമാനിച്ചു. പത്രപ്രവര്‍ത്തകനും നോവലിസ്റ്റുമായ പി റഹീമാണ് എനിക്കുവേണ്ടി തോപ്പില്‍ മുഹമ്മദ് മീരാനെ ആദ്യം ക്ഷണിച്ചത്. പിന്നീട് ഞാനും വിളിച്ചിരുന്നു. വളരെ സന്തോഷത്തോടെ അത്രയും ദൂരെനിന്നു വരാനുള്ള സന്മനസ്സ് കാണിക്കുകയും പി റഹീമിനോട് കൂടെത്തന്നെ അരീക്കോട്ടെ സ്മൃതി സദസിലേക്ക് അദ്ദേഹം വരികയും ചെയ്തു. രാവിലെ നേരത്തെ തന്നെ അദ്ദേഹം അവിടെ വന്നിരുന്നു. അന്നത്തെ പകല്‍ വളരെ സന്തോഷകരമായിരുന്നു. വളരെ ഒരടുത്ത ബന്ധുവിനെ കണ്ടപോലെയായിരുന്നു അന്നത്തെ എന്റെ അനുഭവം. അത്രയും ലാളിത്യത്തോടെയും കരുതലോടെയുമാണ് അന്ന് അദ്ദേഹത്തെ അനുഭവിക്കാനായത്.
ഒ വി വിജയനുമായി അടുത്ത ആത്മബന്ധം ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഖസാക്കിന്റെ ഇതിഹാസം പുറത്തിറങ്ങിയ ഉടനെ തന്നെ ബുക്സ്റ്റാളുകളില്‍ അന്വേഷിച്ച് കിട്ടാതെ വളരെ ദൂരം സൈക്കിള്‍ ചവിട്ടിപ്പോയാണ് അത് സംഘടിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു. ആദ്യമൊക്കെ ഭാഷയുടെ കാര്യത്തില്‍ അല്പം ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്നും പിന്നീട് അതിനോട് വലിയ ആത്മബന്ധം തോന്നിയെന്നും പറഞ്ഞിരുന്നു. ഒ വി വിജയനെ കുറിച്ചുള്ള വളരെ നല്ലൊരു സംസാരമായിരുന്നു അന്ന് അദ്ദേഹത്തിന്റേത്. ഖസാക്കിന്റെ ഇതിഹാസത്തില്‍ മഞ്ഞക്കുളം മാലയില്‍ നിന്ന് എന്തോ മിത്തുകളൊക്കെ ഉപയോഗിച്ചിട്ടുണ്ടെന്ന് അന്ന് അദ്ദേഹം പറഞ്ഞതോര്‍ക്കുന്നു. പിന്നീടും ഞങ്ങള്‍ ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം എന്റെ മനസില്‍ വലിയൊരു മനുഷ്യനായി നിലനില്‍ക്കാന്‍ ആ ഒരുദിവസത്തെ അനുഭവം തന്നെ ധാരാളമായിരുന്നു. അത്രയും മനുഷ്യപ്പറ്റുള്ള, സ്‌നേഹമുള്ള ഒരു വ്യക്തിത്വമായിരുന്നു തോപ്പില്‍ മുഹമ്മദ് മീരാന്‍.
————————————————————————————————————————-
എളിമയുടെ സര്‍ഗപ്രയാണങ്ങള്‍
വീരാന്‍കുട്ടി
എഴുത്തുകാരനായിട്ടാണോ നല്ല മനുഷ്യന്‍ എന്ന നിലയ്ക്കാണോ മഹാനെന്നു വിശേഷിപ്പിക്കേണ്ടത് എന്ന് നമ്മെ രണ്ടുവട്ടം ആലോചിക്കാന്‍ പ്രേരിപ്പിക്കുന്ന ചില വ്യക്തിത്വങ്ങളുണ്ട്. രണ്ടു നിലക്കും വായനക്കാരുടെ ആദരവും അടുപ്പവും സമ്പാദിക്കാന്‍ ശേഷിയുള്ള അപൂര്‍വം പേരെ മാത്രമേ കണ്ടിട്ടുള്ളൂ. ആ അപൂര്‍വ ജനുസില്‍പെട്ട എഴുത്തുകാരനായിരുന്നു തോപ്പില്‍ മുഹമ്മദ് മീരാന്‍. എഴുത്തുകാരന്റെ എല്ലാ പരിവേഷങ്ങളും അഴിച്ചുവെച്ച് ഒരു സാധാരണ മനുഷ്യനായി നമുക്കിടയില്‍ ജീവിച്ചു കടന്നുപോയ അതുല്യപ്രതിഭ. ശരീരഭാഷയില്‍നിന്നുപോലും എഴുത്തുകാരന്റെ അടയാളങ്ങളെ മായ്ച്ചുകളഞ്ഞായിരുന്നു പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന അദ്ദേഹത്തിന്റെ സര്‍ഗജീവിതം.
തമിഴ്‌നാട്ടിലെ കുറ്റാലം, ഹൊഗനക്കല്‍ എന്നിവിടങ്ങളില്‍ നടന്ന തമിഴ്- മലയാളം കവികൂട്ടായ്മയില്‍ വെച്ചാണ് ആ പേര് എനിക്ക് പരിചിതമാകുന്നത്. മലയാളത്തില്‍ വേരുള്ള തമിഴ് എഴുത്തുകാരന്‍ ജയമോഹന്‍ ആയിരുന്നു ആ സാഹിത്യസംവാദങ്ങളുടെ ശില്‍പി. സ്വാഭാവികമായും ചര്‍ച്ചകള്‍ക്കിടയില്‍ മലയാളിയായി ജീവിക്കുന്ന തമിഴ് എഴുത്തുകാരുടെ പേരുകള്‍ പൊന്തിവരുമായിരുന്നു. അക്കൂട്ടത്തിലാണ് നഞ്ചില്‍ നാടന്‍, തോപ്പില്‍ മുഹമ്മദ് മീരാന്‍ എന്നീ പേരുകള്‍ ഞാന്‍ കേള്‍ക്കുന്നത്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു ആ ചര്‍ച്ചകള്‍. മീരാന്‍ എന്ന പേരിന് എന്റെ പേരുമായുള്ള നേരിയ സാമ്യം അദ്ദേഹത്തോട് പ്രത്യേകമായ ഒരടുപ്പം എന്നിലുളവാക്കി. എങ്കിലും നേരില്‍ കാണാന്‍ അപ്പോഴൊന്നും അവസരമുണ്ടായില്ല.
ഒന്നര പതിറ്റാണ്ട് മുമ്പ് ചെമ്മാട് ദാറുല്‍ഹുദയുടെ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ചാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. നേരില്‍ കണ്ടപ്പോള്‍ വിസ്മയം തോന്നി. ഒരെഴുത്തുകാരനെന്ന നിലയില്‍ ഞാന്‍ മനസില്‍ സങ്കല്‍പിച്ച രൂപമായിരുന്നില്ല മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ക്ലീന്‍ ഷേവ് ചെയ്ത ചതുരവടിവുള്ള മുഖം. ഒത്ത ഉയരവും അതിനൊത്ത തടിയുമുള്ള ദേഹ പ്രകൃതി. മുടി നന്നായി പിറകോട്ട് കോതിവച്ചിരിക്കുന്നു. കട്ടിക്കണ്ണടക്കുള്ളിലെ തിളങ്ങുന്ന കണ്ണുകള്‍ ചിരപരിചിതനായ ഒരാളെ എന്ന പോലെ എന്നെ നോക്കുന്നു. സ്‌നേഹം നിറഞ്ഞ ചിരിയില്‍ എല്ലാ അകല്‍ച്ചയും പെട്ടെന്ന് ഉരുകി ഒന്നായപോലെ. എന്റെ കവിതകള്‍ വായിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ സങ്കോചം കൊണ്ട് ഞാനൊന്ന് വിളറി. അദ്ദേഹത്തിന്റെ രചനകള്‍ അധികമൊന്നും വായിക്കാന്‍ അന്നെനിക്ക് കഴിഞ്ഞിരുന്നില്ല. ആ ജാള്യം എന്റെ മുഖത്ത് പടര്‍ന്നു.
വൈക്കം മുഹമ്മദ് ബഷീര്‍ എന്ന വിശ്വസാഹിത്യപ്രതിഭയെപ്പറ്റിയായി പിന്നെ സംസാരം. ബഷീറിന്റെ കൃതികള്‍ തമിഴിലേക്ക് മൊഴിമാറ്റം നടത്തിയതിനെപ്പറ്റിയും തന്റെ രചനകളിലെ ബഷീര്‍ സ്വാധീനത്തെപ്പറ്റിയും തമിഴ് വായനക്കാര്‍ക്കിടയില്‍ ബഷീറിനു ലഭിക്കുന്ന സ്വീകാര്യതയെ കുറിച്ചും അദ്ദേഹം ഏറെ സംസാരിച്ചു. മാപ്പിളപ്പാട്ടിന്റെ തമിഴ് വേരുകളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിക്കുകയുണ്ടായി. അതെനിക്കൊരു പുതിയ അറിവായിരുന്നു.
പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും നിരുപാധികം അവരെ ഉയര്‍ത്തിക്കാട്ടാനും ഒട്ടും മടിയുണ്ടായിരുന്നില്ല അദ്ദേഹത്തിന്. എന്നുമാത്രമല്ല അക്കാര്യത്തില്‍ ഒരു പ്രത്യേക സായൂജ്യം അദ്ദേഹം അനുഭവിക്കുന്നതായും തോന്നിയിട്ടുണ്ട്. ഒരുദാഹരണം മാത്രം പറയാം. സംസാരത്തിനിടയില്‍ ടി ഡി രാമകൃഷ്ണന്റെ ചെറു നോവലായ ‘ആല്‍ഫ’ കടന്നുവന്നു. മലയാളത്തിലുണ്ടായ വേറിട്ട ഒരു കൃതിയാണ് അതെന്നും ടി ഡി രാമകൃഷ്ണന്‍ എന്ന എഴുത്തുകാരനെ ശ്രദ്ധിക്കണമെന്നും അദ്ദേഹം അങ്ങേയറ്റം ആത്മവിശ്വാസത്തോടെയും തെല്ല് ആരാധനയോടെയും പറയുന്നത് കേട്ടപ്പോള്‍ കൗതുകം തോന്നി. ടി ഡി രാമകൃഷ്ണന്‍ അന്ന് അറിയപ്പെടുന്ന എഴുത്തുകാരനായിത്തീര്‍ന്നിട്ടില്ല. ആകെ പുറത്തുവന്ന നോവല്‍ ആല്‍ഫ മാത്രമാണ്. ചില കഥകളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ യുവാവിനെക്കുറിച്ചാണ് ലബ്ധപ്രതിഷ്ഠനായ ഒരു നോവലിസ്റ്റ് ഇങ്ങനെ ആവേശം കൊള്ളുന്നത്!
എഴുത്തുകാര്‍ക്ക് സ്വതസിദ്ധമായ ‘ഈഗോ’ അദ്ദേഹത്തിനന്യമായിരുന്നു. നാട്യങ്ങളും അദ്ദേഹത്തെ തീണ്ടിയില്ല. മുളകുകച്ചവടം പോലെ ഒരു സാധാരണ ജോലിയായി അദ്ദേഹം എഴുത്തിനെയും കണ്ടു. വിനയത്തോടെ ചിരിച്ചുകൊണ്ട് എല്ലാറ്റിനെയും ചേര്‍ത്തുപിടിച്ചു.
തന്റെ നോവലുകളിലെ സാമുദായിക ജീവിത വിമര്‍ശനങ്ങളെയും മറ്റും വായനക്കാര്‍ എങ്ങനെ കണ്ടു എന്നതിനെപ്പറ്റി അദ്ദേഹത്തിന് പരാതികളൊന്നുമുണ്ടായിരുന്നില്ല. എതിര്‍പ്പുകളും വിമര്‍ശനങ്ങളും അദ്ദേഹം പ്രസിദ്ധിക്കായി ഉപയോഗിച്ചുമില്ല. കലാസാഹിത്യ രംഗങ്ങളില്‍ സമുദായത്തിനുണ്ടാകുന്ന വളര്‍ച്ചയെ അഭിമാനത്തോടെ അദ്ദേഹം നോക്കിക്കണ്ടു. മരണം വരെയും ആ മമത തുടര്‍ന്നു.
മലയാളത്തിന്റെ ഇരട്ടപെറ്റ സഹോദരിയാണ് തമിഴ്. ഒരുമിച്ചുജീവിക്കേണ്ട ഈ ഭാഷകള്‍ എന്തുകൊണ്ടോ വളരെ അകന്നുപോയി. പരസ്പരം തിരിച്ചറിയാത്തവിധം വേറിട്ടു. എന്നാല്‍ അവയെ വീണ്ടും ഒന്നായിക്കാണാനുള്ള കണ്ണാടി നമുക്കു ചിലര്‍ സമ്മാനിക്കുകയുണ്ടായി. അതില്‍ പ്രമുഖനാണ് തോപ്പില്‍ മുഹമ്മദ് മീരാന്‍ എന്ന പ്രതിഭാശാലി.
———————————————————————————————————————-
എന്റെ രചനകള്‍ തമിഴ് സംസാരിച്ചത് മീരാനിലൂടെ
പി.കെ പാറക്കടവ്
തോപ്പില്‍ മുഹമ്മദ് മീരാന്റെ തിരുനെല്‍വേലിയിലുള്ള വീട്ടില്‍ രിസാലയിലുള്ള ജലീല്‍ പോയി അവസാനമായി എഴുതിയതെന്തൊക്കെയാണെന്ന് വീട്ടുകാരോട് ചോദിച്ചപ്പോള്‍ പി.കെ പാറക്കടവ് എന്ന് മേലെ മലയാളത്തില്‍ എഴുതി അതിനു താഴെ തമിഴില്‍ നിറയെ എഴുതിയ ഒരു കടലാസ് കൊണ്ടുവന്നിട്ടുണ്ട് എന്നായിരുന്നു അവര്‍ തന്ന വിവരം. ശറഫുദ്ദീനും കിനാലൂരും ഇക്കാര്യം വിളിച്ചുപറയുകയും എനിക്കത് അയച്ചു തരികയും ചെയ്തു. തമിഴ് വായിക്കാനറിയാത്തതിനാല്‍ ഞാനത് കെ.എസ് വെങ്കിടാചലത്തിനെക്കൊണ്ട് വായിപ്പിച്ചു. എന്റെ ‘ഇടിമിന്നലുകളുടെ പ്രണയം’ എന്ന ഫലസ്തീന്‍ പശ്ചാതലത്തിലുള്ള നോവലിനെ കുറിച്ചുള്ള അതിമനോഹരമായ കുറിപ്പ്. എന്റെ കണ്ണുനിറഞ്ഞു. ഒടുവില്‍ ആ കൃതിയുടെ തമിഴ് പരിഭാഷയിലായിരുന്നു തോപ്പില്‍ മുഹമ്മദ് മീരാന്‍.
എന്റെ സാഹിത്യ ജീവിതത്തില്‍ ഈ തമിഴ് എഴുത്തുകാരന്റെ പേര് മറക്കാനാവില്ല. ഒരുപാട് കടപ്പാടുണ്ട് ഈ വലിയ എഴുത്തുകാരനോട്. എന്റെ ഒട്ടേറെ കഥകള്‍ ചിന്തനൈചരം, സമനിലൈ സമുദായം എന്നീ മാസികകളില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചത് കൂടാതെ ‘മീസാന്‍ കല്ലുകളുടെ കാവല്‍’ എന്ന എന്റെ ചെറിയ നോവല്‍ തമിഴില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിപ്പിക്കുകയും ചെയ്തു അദ്ദേഹം. ശ്രീലങ്കയില്‍ നിന്നുള്ള മലയാളമറിയുന്ന അസീസ് അല്‍ അസൂമതിനെക്കൊണ്ട് എന്റെ ‘അവള്‍ പെയ്യുന്നു’ എന്ന കഥാസമാഹാരം വിവര്‍ത്തനം ചെയ്യിപ്പിച്ചതും അതിന് നല്ലൊരു അവതാരിക എഴുതിത്തന്നതും മീരാനായിരുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ കോഴിക്കോട്ടെ കഥയെഴുത്തുകാര്‍ ഓരോരുത്തരുടെയും വീട്ടില്‍ ഊഴമിട്ട് മാസത്തിലൊരിക്കല്‍ കുടുംബസമേതം ഭക്ഷണവും സംസാരവുമൊക്കെയായി കൂടിയ ഒരു കാലമുണ്ടായിരുന്നു. ഞങ്ങളുടെ കൊളത്തറയിലെ ‘മാഴ്‌സി’ല്‍ കോഴിക്കോട്ടെ കഥയെഴുത്തുകാര്‍ ഒന്നിച്ചു കൂടിയപ്പോള്‍ അന്ന് വിശിഷ്ടാതിഥിയായി അവിടെയെത്തിയത് തിരുനെല്‍വേലിയില്‍ നിന്ന് തോപ്പില്‍ മുഹമ്മദ് മീരാനായിരുന്നു.
സ്വന്തം തട്ടകമായ തേങ്ങാപട്ടണവും പരിസരങ്ങളും മീരാന്റെ രചനകളില്‍ നിറഞ്ഞുനിന്നു. സമൂഹത്തിന്റെ താഴെ തട്ടില്‍ ജീവിക്കുന്ന മുസ്‌ലിംകളുടെ അക്കാലത്തെ ജീവിതം ചിത്രീകരിച്ച മീരാന് തമിഴില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. പഴയചരിത്രം ഈ തമിഴ് – മലയാളം എഴുത്തുകാരന് ഏറെ പ്രിയപ്പെട്ടതായിരുന്നു. ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന രചനകളായിരുന്നു മീരാന്റേത്. മുഹ്‌യുദ്ദീന്‍ മാലയുടെ കര്‍ത്താവായ ഖാളി മുഹമ്മദ് തേങ്ങാ പട്ടണത്തെ ദര്‍സില്‍ ഓതിയ കഥയും അറബനമുട്ട് കേട്ടു വളര്‍ന്ന കൗമാരവും തേങ്ങാപട്ടണത്തെ മാപ്പിളപ്പാട്ടുകളും ഈ എഴുത്തുകാരന്റെ സംഭാഷണത്തില്‍ കടന്നുവരും. കടംവാങ്ങിയ ദര്‍ശനങ്ങളില്‍ മുഖം മിനുക്കി നടക്കാത്ത ഈ എഴുത്തുകാരന്‍ മണ്ണില്‍ ആഴത്തില്‍ വേരുകള്‍ പടര്‍ത്തിയിരുന്നു. ചുറ്റുപാടുകളില്‍ നിന്നായിരുന്നു മീരാന്‍ ഇതിവൃത്തങ്ങള്‍ തിരഞ്ഞെടുത്തത്. സ്വന്തം കഥയും ബാപ്പയുടെ ജീവിതവും ഉള്‍ച്ചേര്‍ന്ന ‘തുറൈമുഖം’ എന്ന നോവലാണ് തനിക്കേറെ പ്രിയപ്പെട്ടതെന്ന് മീരാന്‍ പറയാറുണ്ട്.
വിശുദ്ധ ഖുര്‍ആനിന്റെ കാവ്യാത്മതകതയെ കുറിച്ച് തോപ്പില്‍ മുഹമ്മദ് മീരാന്‍ ഏറെ സംസാരിക്കാറുണ്ട്. ”ഖുര്‍ആന്റെ തലോടല്‍’ എന്ന ലേഖനത്തില്‍ അദ്ദേഹം എഴുതുന്നു: ‘മഹാനായ വൈക്കം മുഹമ്മദ് ബഷീര്‍ അദ്ദേഹത്തിന്റെ ‘ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്’ എന്ന നോവലില്‍ ഉപയോഗിച്ച ഒരു പ്രയോഗം പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ പ്രതിഭക്കും മുഹബ്ബതിനും ഉദാഹരണമായി പലരും എടുത്തുകാട്ടുന്നത് ആ പ്രയോഗത്തെയാണ്. നോവലിലെ നായിക കുഞ്ഞുപാത്തുമ്മ സുഖമില്ലാതെ കിടക്കുന്ന വെളിച്ചമില്ലാത്ത ആ മുറിയുടെ ജനാല തുറന്നിടാന്‍ നായകന്‍ നിസാര്‍ അഹമ്മദിന്റെ ബാപ്പ ആവശ്യപ്പെടുന്നു. ജനാല തുറന്നരംഗം ബഷീര്‍ എഴുതുന്നു. ‘അദ്ദേഹം ജനാല തുറന്നു. കാറ്റും വെളിച്ചവും അകത്തുകടക്കുകയാണ്. ‘വെളിച്ചത്തിനെന്തു വെളിച്ചം’. ബഷീറിനെ കുറിച്ചെഴുതുന്നവരും മേന്മ പറയുന്നവരും ബഷീറിന്റെ ഈ പ്രയോഗം ഉദ്ധരിക്കാന്‍ മറക്കാറില്ല. ഖുര്‍ആനിലെ 24 ാം സൂറത്തില്‍ 35 ാം ആയത്തില്‍ വരുന്ന ‘നൂറുന്‍ അലാ നൂര്‍’ (വെളിച്ചത്തിനു മേല്‍ വെളിച്ചം) എന്ന പ്രയോഗത്തെയാണ് ബഷീര്‍ അനുകരിച്ചത്. ഇത്തരം അത്ഭുതകരമായ പ്രയോഗങ്ങള്‍ എത്രയോ നിറഞ്ഞതാണ് പരിശുദ്ധ ഖുര്‍ആന്‍.”
ഒ.വി വിജയനോട് ‘മഞ്ഞക്കുളം മാല’യെ കുറിച്ച് മീരാന്‍ സംസാരിച്ചിരുന്നതായി കേട്ടിട്ടുണ്ട്. അള്ളാപ്പിച്ച എന്ന കഥാപാത്രത്തിലും അദ്ദേഹം പറയുന്ന കഥകളിലും മീരാന്റെ സ്വാധീനം കാണുന്നവരുണ്ട്.
തമിഴിലെയും മലയാളത്തിലെയും എഴുത്തുകാരില്‍ നിന്ന് ഏറെ വ്യത്യസ്തനായിരുന്നു തോപ്പില്‍ മുഹമ്മദ് മീരാന്‍. വലിപ്പ ചെറുപ്പമില്ലാതെ എഴുത്തുകാരുമായി അദ്ദേഹം ചങ്ങാത്തം കൂടി. മുഖ്യധാരയില്‍ നിന്ന് അകന്നുപോകുമോ എന്ന് ലവലേശം ഭയമില്ലാതെ മുസ്‌ലിം പ്രസിദ്ധീകരണങ്ങളില്‍ നിരന്തരമെഴുതി. ഇസ്‌ലാമിക് പബ്ലിഷിംഗ് ബ്യൂറോ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘ആരോടും ചൊല്ലാതെ’ എന്ന കൃതിയാണ് ഒടുവില്‍ കണ്ടപ്പോള്‍ ഒപ്പിട്ട് മലയാളത്തില്‍ പേരെഴുതി സ്‌നേഹപൂര്‍വം സമ്മാനിച്ചത്. തമിഴിലെ ബഷീറിനെക്കുറിച്ചും ചുവന്ന ലങ്കയിലെ പച്ചപ്പരമാര്‍ത്ഥങ്ങളെ കുറിച്ചും ഊരുവിലക്കുകളെ കുറിച്ചും അദ്ദേഹം എഴുതി.
വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളോട് ഏറെ പ്രിയമായിരുന്നു മീരാന്. തമിഴിലെ ബഷീറാണ് മീരാനെന്ന് നിരീക്ഷിക്കുന്നവരുണ്ട്. തഞ്ചാവൂരില്‍ ലോക തമിഴ് സാഹിത്യത്തോടനുബന്ധിച്ച് നടന്ന സെമിനാറില്‍ പങ്കെടുത്ത ബനാറസ് യൂനിവേഴ്‌സിറ്റി തമിഴ് പ്രഫസറായിരുന്ന ഡോ. രബിസിംഗ്, ‘തോപ്പില്‍ മുഹമ്മദ് മീരാന്‍- വൈക്കം മുഹമ്മദ് ബഷീര്‍ : ഒരു താരതമ്യ പഠനം’ എന്ന പേരില്‍ ഒരു പ്രബന്ധം അവതരിപ്പിച്ചതിനെ കുറിച്ച് മീരാന്‍ തന്നെ വിവരിച്ചിട്ടുണ്ട്.
തമിഴ് എഴുത്തുകാരായ സെല്‍മ, ബാമ, ബാവ ചെല്ലാദുരൈ എന്നിവരൊക്കെയുമായി പല മീറ്റിംഗുകളിലും ഒന്നിച്ച് സംബന്ധിക്കാന്‍ അവസരമുണ്ടായപ്പോള്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ വിവര്‍ത്തനം ചെയ്തതും മീരാന്റെ പ്രേരണയാല്‍ വിവര്‍ത്തനം ചെയ്തതുമായ എന്റെ രചനകളാണ് ഞാനവര്‍ക്ക് നല്‍കിയിരുന്നത്. എന്റെ രചനകള്‍ തമിഴ് സംസാരിച്ചത് പ്രിയപ്പെട്ട തോപ്പില്‍ മുഹമ്മദ് മീരാനിലൂടെയായിരുന്നു.
ഇടയ്ക്കിടെ തിരുനെല്‍വേലിയില്‍ നിന്നുള്ള സ്‌നേഹവിളികള്‍ ഇനി ഉണ്ടാവില്ല. കഥ വിവര്‍ത്തനം ചെയ്ത തമിഴ് ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ പേജ് അടയാളപ്പെടുത്തി മലയാളത്തില്‍ കഥയുടെ പേരെഴുതി അയച്ചു തരുമായിരുന്നു.
തോപ്പില്‍ മുഹമ്മദ് മീരാന്‍ എന്ന എഴുത്തുകാരന്‍ മുളക് കച്ചവടക്കാരന്‍ കൂടിയായിരുന്നു. ജീവിതത്തിന്റെ എരിവ് ആവോളം അറിഞ്ഞ എഴുത്തുകാരന്‍. അതേസമയം സാഹിത്യം കച്ചവടമാക്കാത്ത, അടിമുടി നല്ല മനുഷ്യനായ എഴുത്തുകാരന്‍.
————————————————————————————————————————-
മാറ്റിനിര്‍ത്തപ്പെട്ടവരുടെ എഴുത്തുകാരന്‍
പൊന്നീലന്‍
കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടക്ക് തമിഴ് സാഹിത്യലോകത്ത് ചെറുകഥകളിലൂടെയും നോവലുകളിലൂടെയും അനുപമമായ ഒരിടം നേടിയെടുത്ത സാഹിത്യകാരനായിരുന്നു തോപ്പില്‍ മുഹമ്മദ് മീരാന്‍. തന്റെ ചുറ്റിലുമുള്ള ജീവിതങ്ങളെ പകര്‍ത്തി ജീവനോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് തോപ്പില്‍ മുഹമ്മദ് മീരാന്റെ സാഹിത്യ മേന്മ. കടലോര ഗ്രാമത്തെ പറ്റി എഴുതിയ നോവല്‍ അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി. അവിടുത്തെ ജീവിതശൈലിയും ജീവിത ചിത്രങ്ങളുമെല്ലാം അദ്ദേഹത്തിന് ഏറെ പരിചിതമായതിനാല്‍ മാത്രമല്ല ആ നോവല്‍ അത്രമേല്‍ മനോഹരമായത്. അത് അദ്ദേഹത്തിന്റെ എഴുത്തിലുള്ള ആത്മാര്‍ത്ഥതയായിരുന്നു. മനസ്സ് കൊണ്ടുള്ള എഴുത്തുകളാണ് അനുഗൃഹീത സൃഷ്ടികളായി വായനക്കാരെ മഥിക്കുക.
താന്‍ പുലരുന്ന സമൂഹത്തെയും തന്റെ ജനതയെയും കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന ജാഗ്രത രചനകളില്‍ കാണാമായിരുന്നു. പ്രത്യേകിച്ചും ഈ നോവലില്‍. ഒരു ജനതയ്ക്ക് പലവിധങ്ങളായ അനേകം വിലക്കുകള്‍ അതിജീവിച്ച് വളരാനുള്ള വഴിയൊരുക്കുകയാണ് തോപ്പില്‍ ചെയ്യുന്നത്. അതദ്ദേഹത്തിന്റെ സാഹിത്യ രചനകളുടെ അടിസ്ഥാന ലക്ഷ്യമായിരുന്നു എന്ന് വേണം കരുതാന്‍.
തേങ്ങാപട്ടണം എന്ന കടലോര ഗ്രാമത്തിലെ മുസ്‌ലിംകളുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ മനോഹരമായ ആഖ്യാനങ്ങളിലൂടെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച തോപ്പില്‍ തമിഴ് ന്യൂനപക്ഷ സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയനായ സാഹിത്യകാരനാണ്. ന്യൂനപക്ഷങ്ങളെ പറ്റിയുള്ള തമിഴ് സാഹിത്യത്തിന്റെ ആധിയും പരിഗണനയും തോപ്പില്‍ മുഹമ്മദ് മീരാന്റെ രചനകളിലൂടെ ഉണ്ടായതാണ്. അത്രകണ്ട് ഒറ്റപ്പെട്ടുപോകുന്നവരുടെ, അരികുവത്കരിക്കപ്പെടുന്നവരുടെ ജീവിതങ്ങളെ ഉണര്‍ത്തി ഉയര്‍ത്തി മുഖ്യധാരയിലേക്ക് പരിചയപ്പെടുത്തുകയാണ് തോപ്പില്‍ മുഹമ്മദ് മീരാന്‍ ചെയ്തത്.
1950കള്‍ക്ക് ശേഷം ആധുനിക തമിഴ് സാഹിത്യം ശോഭിച്ചു തുടങ്ങിയപ്പോഴും മുഖ്യധാരാ ജീവിതങ്ങളെ മാത്രം അഭിമുഖീകരിക്കാനോ പ്രമേയങ്ങളാക്കാനോ ആണ് ശ്രമമുണ്ടായത്. ദളിത്, മുസ്‌ലിം, സ്ത്രീപക്ഷ എഴുത്തുകള്‍ക്ക് കുറേയധികം സമയം പിന്നെയും വേണ്ടി വന്നു. ഇത്തരം പ്രമേയങ്ങള്‍ തമിഴ് സാഹിത്യത്തിന് അപ്രാപ്യമാണ് എന്നൊക്കെ നിരീക്ഷിക്കാന്‍ മാത്രം കടുത്ത അവഗണന പ്രകടമായിരുന്നു. എന്നാല്‍, പിന്നീട് ആ കുറവുകളൊക്കെ പരിഹരിക്കപ്പെട്ടു. ശക്തമായ പ്രമേയങ്ങള്‍ ഈ അവഗണിക്കപ്പെട്ട മേഖലകളില്‍ നിന്നുണ്ടായി. അത്തരം സാഹിത്യശ്രമങ്ങളില്‍ മുന്‍നിരയില്‍ നിര്‍ത്തിക്കൊണ്ട് വേണം തോപ്പില്‍ മുഹമ്മദ് മീരാന്റെ സാഹിത്യ ജീവിതത്തെ ഓര്‍മ്മിക്കാന്‍. സാഹിത്യ കൃതികള്‍ക്ക് സമൂഹത്തിലുണ്ടാക്കാനാവുന്ന സ്വാധീനത്തെ പറ്റി ഉത്തമ ബോധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്.
വാക്കുകളുടെ വ്യാപ്തിയും ആശയങ്ങളുടെ വിശാലതയും അത് വ്യക്തമാക്കുന്നുണ്ട്. തേങ്ങാപട്ടണം അദ്ദേഹത്തിന്റെ ഇഷ്ട പശ്ചാത്തലമായിരുന്നു. മികച്ച മിക്ക രചനകളും അവിടെയാണ് അരങ്ങുവാണത്. ഒരു കടലോര ഗ്രാമത്തിന്‍ കഥ, തുറമുഖം, കൂനന്‍തോപ്പ്, കായ് വീണ എന്നിങ്ങനെയുള്ള കൃതികളെല്ലാം ആത്മാവ് കൊണ്ടാണ് എഴുതുന്നത്. തോപ്പിലിന്റെ ഒരു കടലോര ഗ്രാമം തന്നെയാണ് എനിക്ക് വായിക്കാന്‍ കിട്ടിയ അദ്ദേഹത്തിന്റെ ആദ്യത്തെ കൃതി. അത് വായിച്ചുകൊണ്ടിരിക്കെയാണ് ഞാന്‍ അക്ഷരങ്ങളുടെ അനുഗ്രഹത്തെ പറ്റി ഓര്‍ത്തുപോകുന്നത്. അത്രമേല്‍ അതെന്നെ അതിശയിപ്പിക്കുന്നുണ്ടായിരുന്നു. മുസ്‌ലിം ജീവിതങ്ങളെ പറ്റിയുള്ള ചിത്രങ്ങള്‍ എന്നിലുണ്ടാകുന്നത് അതിലൂടെയാണ്. അവരുടെ ജീവിതങ്ങളും ആചാരാനുഷ്ഠാനങ്ങളും എത്ര മനോഹരമായാണ് മീരാന്‍ സാഹിബ് ആവിഷ്‌കരിക്കുന്നത്. സി എം മുത്തുവിന്റെയൊക്കെ കൃതികളിലേതു പോലെ മനസില്‍ നിന്നിറങ്ങി പോകാത്ത വാങ്മയ ചിത്രങ്ങളാണ് തോപ്പില്‍ കൃതികള്‍ ഉണ്ടാക്കുന്നത്.
തോപ്പില്‍ ഭാഷയെ ആവിഷ്‌കരിച്ചത് എങ്ങനെയാണെന്നത് ശ്രദ്ധേയമാണ്. ഓരോ സമൂഹങ്ങളുടെയും സമുദായങ്ങളുടെയും ഭാഷാ വൈവിധ്യങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ മീരാന് കഴിഞ്ഞിട്ടുണ്ട്. മുസ്‌ലിം സമുദായത്തിന്റെയും നാടാര്‍ സമുദായത്തിന്റെയും എന്ന് തുടങ്ങി ഓരോ സമൂഹങ്ങളിലെയും ലിംഗ വ്യത്യാസങ്ങളെ പോലും അദ്ദേഹം കൃത്യമായി ആവിഷ്‌കരിക്കുന്നത് നമുക്ക് കാണാം. സൂക്ഷ്മമായ നിരീക്ഷണ പാടവമുള്ള ഒരാള്‍ക്ക് മാത്രമേ അതിന് സാധിക്കൂ. ഇത് തന്നെയാണ് തോപ്പിലിന്റെ പ്രത്യേകതയും.
തന്റെ ജീവിതാവസാനം വരെ തോപ്പില്‍ എഴുത്ത് തുടര്‍ന്നു. സ്വസമുദായത്തെ ആത്മ വിമര്‍ശനത്തിന് വിധേയമാക്കാനും തിരുത്ത് നിര്‍ദ്ദേശിക്കാനും അദ്ദേഹം നിരന്തരം ശ്രമിച്ചു. മുസ്‌ലിം എഴുത്തുകാര്‍ക്കിടയില്‍ നിന്ന് തോപ്പിലിനെ കൂടാതെ സല്‍മ മാത്രമാണ് സാഹിത്യരംഗത്ത് സജീവമായുള്ളത്. സാഹിത്യ ലോകത്തെ തന്റെ ദൗത്യം തിരിച്ചറിഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്നു മീരാന്‍ സാഹിബ്.
വിനയമായിരുന്നു മുഖമുദ്ര. എല്ലാവരെയും പരിഗണിക്കുന്ന പ്രകൃതം. സൗമ്യമായി സംസാരിക്കുന്ന ശീലം. വെള്ളത്തുണിയും ഹാഫ് കൈ ഷര്‍ട്ടും ധരിച്ച് വിടര്‍ന്ന നെറ്റിയും പ്രസന്നമായ മുഖവും പിന്നോട്ട് ചീകി വെച്ച മുടിയുമുള്ള മീരാന്‍ സാഹിബ് ഇപ്പോഴും എന്റെ കണ്ണിലുണ്ട്; മനസ്സിലും.
———————————————————————————————————————–
മീരാന്‍ ദ മാന്‍
എം എ റഹ്മാന്‍
അറബിത്തമിഴിനെ കുറിച്ച് ചന്ദ്രിക ആഴ്ചപ്പതിപ്പിലോ മറ്റോ എഴുതിയ ലേഖനം വായിച്ചാണെന്ന് തോന്നുന്നു തോപ്പില്‍ മുഹമ്മദ് മീരാനെ ആദ്യമായി ഞാന്‍ അറിയുന്നതും ശ്രദ്ധിക്കുന്നതും. തമിഴില്‍ നിന്നാണ് മലയാളം ഉണ്ടായത് എന്ന് പറയുന്നത് പോലെ അറബിമലയാളത്തിന്റെ ഒരു പൂര്‍വരൂപമാണ് അറബിത്തമിഴ് എന്ന ചര്‍ച്ചയൊക്കെ ആ സമയത്ത് നടന്നിരുന്നു. അറബിമലയാളത്തെയും അറബിത്തമിഴിനെയും അതില്‍ വന്ന മുഹ്‌യിദ്ദീന്‍ ആണ്ടവര്‍ മാല പോലുള്ള രചനകളെയും കുറിച്ചെല്ലാം വളരെ അന്വേഷണാത്മകമായി, ആധികാരികമായി അദ്ദേഹം പറയുമ്പോള്‍ സമൂഹത്തിന് അതെല്ലാം വലിയ അറിവുകള്‍ നല്‍കുന്നുണ്ട്. അറബിമലയാളം പോലെ അറബിത്തമിഴ് വലിയൊരു സാഹിത്യ മാതൃകയാണെന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണങ്ങള്‍. മാപ്പിളപ്പാട്ട് എന്നൊക്കെ നമ്മള്‍ പറയുമെന്നല്ലാതെ ഇവിടെ അതിന്റെ പഴമയിലേക്കും ആഗമനത്തിലേക്കും ഉള്ള സൂക്ഷ്മാന്വേഷണങ്ങള്‍ നടന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. അവിടെയാണ് അതിനെയെല്ലാം ആഴത്തില്‍ അന്വേഷിച്ച ഒരാളെന്ന നിലയില്‍ തോപ്പില്‍ മുഹമ്മദ് മീരാനോട് ബഹുമാനം തോന്നുന്നത്. ‘ഒരു കടലോര ഗ്രാമത്തിന്റെ കഥ’ വായിച്ചപ്പോള്‍ നമ്മോട് ചേര്‍ന്ന് നില്‍ക്കുന്ന, നമ്മുടെ സംസ്‌കൃതിയും, ദേശങ്ങളും വരഞ്ഞിട്ട ആ നോവലിസ്റ്റിനോട് മതിപ്പ് തോന്നി.
ഒരു മുളക് കച്ചവടക്കാരനായിരുന്നല്ലോ അദ്ദേഹം. പ്രവാചകന്റെ തൊഴിലായിരുന്നു കച്ചവടം. അറബികള്‍ നല്ല കച്ചവട സമൂഹമായിരുന്നു. കേരളത്തിന്റെ കടലോര ഗ്രാമങ്ങളിലൊക്കെ അറബ് കച്ചവടക്കാര്‍ മുഖേനയാണല്ലോ ഇസ്ലാമെത്തുന്നത്. അങ്ങനെ തന്റെ പൂര്‍വപിതാക്കള്‍ ചെയ്ത ഒരു തൊഴില്‍ ചെയ്യുന്നതില്‍ സന്തോഷം കണ്ടെണ്ടത്തുന്നതിനൊപ്പം സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി മുഴുകാനും അദ്ദേഹത്തിന് സാധിച്ചു.
അറബിമലയാളത്തിലും അറബിത്തമിഴിലും താത്പര്യമുള്ള പത്രപ്രവര്‍ത്തകരും എഴുത്തുകാരും ഒരിക്കല്‍ കെ. അബൂബക്കര്‍ മാഷിന്റെ നേതൃത്വത്തില്‍ ഇസ്‌ലാമിക സംസ്‌കൃതി തഴച്ചുവളര്‍ന്ന തമിഴ്നാട്ടിലെയും കേരളത്തിലെയും കേന്ദ്രങ്ങളിലേക്ക് ഒരു മൂന്നുദിവസത്തെ അന്വേഷണാത്മക പഠനയാത്ര സംഘടിപ്പിച്ചിരുന്നു. രാമേശ്വരം, കീളക്കര, കായല്‍പട്ടണം തുടങ്ങിയ സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ച കൂട്ടത്തില്‍ തോപ്പിലിനെയും കാണണമെന്ന് ഞങ്ങള്‍ കരുതിയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അന്നത്തെ പ്ലാനിങ്ങില്‍ അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല. പിന്നീട് എനിക്ക് എസ് എസ് എഫിന്റെ സാഹിത്യോത്സവ് അവാര്‍ഡ് ലഭിച്ച വേദിയില്‍ വെച്ചാണ് അദ്ദേഹത്തെ നേരില്‍ കാണുന്നത്. അന്ന് ഞങ്ങള്‍ കുറേ സംസാരിച്ചിരുന്നു. വളരെ ബഹുമാനത്തോടെയാണ് ഞാനദ്ദേഹത്തെ കേട്ടിരുന്നത്. വളരെ ലളിതമായി, പച്ചയായി സംസാരിക്കുന്ന ഒരു മനുഷ്യന്‍. വീണ്ടും നമുക്ക് ബന്ധപ്പെടാം എന്ന് പറഞ്ഞാണ് അദ്ദേഹമന്ന് പിരിഞ്ഞത്. പിന്നീടൊരിക്കല്‍ അദ്ദേഹമെന്നെ വിളിച്ചു. ബഷീറിനെ കുറിച്ച് ഞാന്‍ ചെയ്ത ‘ബഷീര്‍ ദ മാന്‍’ എന്ന ഡോക്യുമെന്ററിയുടെ സി ഡി അയച്ച് തരാമോ എന്ന് ചോദിച്ചു. ഞാന്‍ ബഷീര്‍ ദ മാനും കോവിലനെ കുറിച്ച് ചെയ്ത ‘കോവിലന്‍ എന്റെ അച്ഛാച്ച’നും എം ടി വാസുദേവന്‍ നായരെ കുറിച്ചുള്ള ‘കുമാരനെല്ലൂരിലെ കുളങ്ങളും’ മറ്റ് ചില ഡോക്യുമെന്ററികളും അദ്ദേഹത്തിന് അയച്ചുകൊടുത്തു. അവ ലഭിച്ചെന്നും കണ്ടതിനു ശേഷം വിളിക്കാമെന്നും അറിയിച്ചു. പിന്നീടദ്ദേഹം പല ദിവസങ്ങളിലായി കൊച്ചുകുട്ടികളെ ഒക്കെ കൂടെയിരുത്തി അവ കണ്ടത്രേ. ‘വലിയൊരു ത്യാഗമാണ് മൂന്നു എഴുത്തുകാരെയും കുറിച്ച് നിങ്ങള്‍ ചെയ്തത് എന്നും ബഷീറിനെ ഇങ്ങനെ കണ്ടപ്പോള്‍ വലിയ സന്തോഷമായെന്നും’ പറഞ്ഞ് അദ്ദേഹം വിളിച്ചു. കുമാരനെല്ലൂരിലെ കുളങ്ങളില്‍ ഭാരതപ്പുഴയിലെ മണലൂറ്റിനെയും അതുണ്ടാക്കുന്ന പരിസ്ഥിതി പ്രത്യാഘാതത്തെയും കുറിച്ച് പറഞ്ഞിരുന്നു. അതുകണ്ടപ്പോള്‍ അദ്ദേഹത്തിന്റെ നാട്ടില്‍ താമ്രപര്‍ണി നദിയിലെ മണലൂറ്റിനെ പറ്റി സംസാരിച്ചു. ബഷീര്‍ ദ മാന്റെ തിരക്കഥ പ്രസിദ്ധീകരിച്ചപ്പോള്‍ അതിന്റെ ആമുഖത്തില്‍ ഞാന്‍ അതിനു പിന്നിലുള്ള അനുഭവങ്ങള്‍ ചേര്‍ത്ത് ഒരു ലേഖനമെഴുതിയിരുന്നു. അതെല്ലാം വായിച്ചെന്നും നിങ്ങളുടെ ത്യാഗം അറിഞ്ഞെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ആളുകളെ ഇങ്ങനെ പൊക്കിപ്പറയുന്ന ശീലമൊന്നും ഇല്ലാത്ത ആളാണ് അദ്ദേഹമെന്ന് അറിയാവുന്നതിനാല്‍ അതെല്ലാം വലിയ അംഗീകാരമായാണ് എനിക്കനുഭവപ്പെട്ടത്. യശസ്സിന് വേണ്ടി സൂത്രപ്പണി ഒന്നും എടുക്കാത്ത ആളാണ് അദ്ദേഹം. അവസാനം സംസാരിക്കുമ്പോഴും അറബിമലയാളത്തിന്റെയും അറബിത്തമിഴിന്റെയും മാപ്പിളസംസ്‌കൃതിയുടെയും ആഴത്തിലുള്ള അന്വേഷണങ്ങള്‍ ഇനിയും നടക്കണമെന്ന ആത്മാര്‍ഥമായ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. വളരെ സ്വാതികനായ, കച്ചവടക്കാരനായ ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ എപ്പോഴും വലിയ ബഹുമാനം തോന്നിയിരുന്നു. എന്നിട്ടും മയ്യിത്ത് പോയി കാണാനായില്ല. വേണ്ടരൂപത്തില്‍ നമ്മള്‍ യാത്രയയച്ചില്ല എന്ന് മാധ്യമങ്ങളില്‍ കണ്ടപ്പോള്‍ വലിയ നിരാശ തോന്നി. ഒരനാഥത്വം തോന്നിപ്പോയി അപ്പോള്‍.
——————————————————————————
തമിഴ്, മലയാളം ഭാഷകള്‍ക്കിടയിലെ അംബാസഡര്‍
ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്
തോപ്പില്‍ എന്ന് ഞങ്ങളെല്ലാം ബഹുമാനപൂര്‍വവും സ്‌നേഹപൂര്‍വവും വിളിക്കുന്ന മീരാന്‍ സാഹിബുമായി പത്ത് പതിനെട്ട് വര്‍ഷത്തെ ബന്ധമാണുള്ളത്. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി താമസിക്കുകയും വീട്ടുകാരുമൊക്കെയായി നല്ല ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. നിരന്തരമായ ബന്ധമൊന്നും പുലര്‍ത്തിയിരുന്നില്ലെങ്കിലും തോപ്പില്‍ എന്റെ ഹൃദയത്തിലുള്ള എഴുത്തുകാരനാണ്. അതിന് രണ്ടുമൂന്ന് കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനമായത് വളരെ ലളിത പ്രകൃതക്കാരനായിരുന്നു അദ്ദേഹമെന്നതാണ്. വലിയ സ്‌നേഹവും ലാളിത്യവും എപ്പോഴും പ്രകടിപ്പിക്കുന്ന മനുഷ്യനാണ്. അതോടൊപ്പം മറ്റ് എഴുത്തുകാരില്‍ നിന്ന് വിഭിന്നമായി ഏറ്റവും പുതിയ തലമുറയെപ്പോലും വായിക്കുകയും വിലയിരുത്തുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു മനസ്സ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ഏറ്റവും പുതിയ തലമുറയെ പോലും നന്നായി വായിക്കുന്ന ഇത്ര മുതിര്‍ന്ന ഒരെഴുത്തുകാരന്‍ എന്നത് വളരെ അപൂര്‍വമായ ഒരു സംഗതിയാണ്. അതിനാല്‍ തന്നെ ജനറേഷന്‍ ഗ്യാപ്പ് എന്നത് ഒരിക്കലും അദ്ദേഹത്തിനനുഭവപ്പെട്ടിരുന്നില്ല. വളരെ സീനിയറായ ഒരു എഴുത്തുകാരനാണല്ലോ അദ്ദേഹം. സുന്ദര രാമസ്വാമിയെ ഒക്കെ പോലെ തമിഴകത്തെ വലിയൊരു എഴുത്തുകാരനാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ കൃതികള്‍ക്ക് ഭയങ്കരമായ പ്രത്യേകതകളുണ്ട്. അത് പലപ്പോഴും ഒരു ദേശത്തിന്റെ സംസ്‌കാരവും ചരിത്രവും ചിത്രവും എല്ലാം വരഞ്ഞിടുന്നവയാണ്. ‘ഒരു കടലോര ഗ്രാമത്തിന്‍ കഥൈ’ , ‘ചാരുകസേര’ എന്നിവയെല്ലാം നാടന്‍ ജീവിതങ്ങള്‍ ചിത്രീകരിക്കുന്ന ദീര്‍ഘമായ ആഖ്യായികയുള്ള രചനകളാണല്ലോ. നോവലുകളെ പോലെത്തന്നെ അദ്ദേഹത്തിന്റെ ചെറുകഥകളും പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. വലിയ പരീക്ഷണം അദ്ദേഹത്തിന്റെ കൃതികളില്‍ കാണാന്‍ കഴിയും. ‘അനന്തശയനം കോളനി’ എന്ന അദ്ദേഹത്തിന്റെ ചെറുകഥ മാജിക്കല്‍ റിയലിസം എന്നൊക്കെ നമുക്ക് പറയാന്‍ കഴിയുന്ന, ഫാന്റസിയുടെയൊക്കെ വലിയ ഘടകങ്ങള്‍ അടങ്ങിയ ഒരു കഥയാണ്. അത് വായിക്കുമ്പോഴാണ് ഈ മനുഷ്യന് റിയലിസ്റ്റിക്കായിട്ടുള്ള എഴുത്ത് മാത്രമല്ല വഴങ്ങുകയെന്നും ഇത്രയും മനോഹരമായി പല സങ്കേതങ്ങളും ഉപയോഗിച്ച് കഥ പറയാനാവുമെന്നും നമുക്ക് ബോധ്യപ്പെടുക.
മിത്തുകളൊക്കെ വളരെയധികം അദ്ദേഹത്തിന്റെ കഥകളില്‍ കടന്നുവരാറുണ്ട്. എന്റെ അറിവില്‍ ഇത്രയൊക്കെ ഇസ്ലാമിക മിത്തുകളെ പഠിച്ച മറ്റൊരാളുണ്ടാവില്ല. ഒ വി വിജയന്‍ ഖസാക്കിന്റെ ഇതിഹാസം എഴുതുന്ന സമയത്ത് മുസ്‌ലിം സംസ്‌കാരവുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി പല കാര്യങ്ങളും ചോദിച്ചറിഞ്ഞിരുന്നു. അപ്പോള്‍ മഞ്ഞക്കുളം മാല വായിക്കാനാണ് അദ്ദേഹം ഒ വി വിജയനോട് പറഞ്ഞത്. ഒ വി വിജയന്‍ മഞ്ഞക്കുളം മാല വായിക്കുകയോ വായിച്ച് കേള്‍ക്കുകയോ ഒക്കെ ചെയ്തിട്ടുണ്ട്. അതിന്റെ സ്വാധീനം ഖസാക്കിന്റെ ഇതിഹാസത്തില്‍ നമുക്ക് കാണാന്‍ കഴിയും. മുഹ്‌യിദ്ദീന്‍ മാലയൊക്കെ അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു. അറബിത്തമിഴിലുള്ള ഇതുപോലുള്ള ചരിത്ര അപദാന കൃതികളെല്ലാം വളരെ ഹൃദ്യസ്ഥമായ ഒരാളായിരുന്നു അദ്ദേഹം.
ധാരാളമാളുകള്‍ അദ്ദേഹത്തിന്റെ കഥകളെയും നോവലുകളെയും ആധാരമാക്കി പി എച്ച് ഡി എടുത്തിട്ടുണ്ട്. തമിഴ്നാട്ടിലെ പ്രധാന രാഷ്ട്രീയ നേതാക്കളിലൊരാളും കരുണാനിധിയുടെ മകളും കവിയുമായ കനിമൊഴി എന്റെ ഫേസ്ബുക്ക് സുഹൃത്താണ്. തോപ്പില്‍ മരണപ്പെട്ട സമയത്ത് അദ്ദേഹത്തെ കുറിച്ച് അവരെഴുതിയ ദീര്‍ഘമായ എഴുത്ത് കണ്ടാലറിയാം തമിഴ് ജനതക്കിടയില്‍ അദ്ദേഹത്തിന് എത്രത്തോളം സ്ഥാനമുണ്ടെന്ന്.
തമിഴ് സാഹിത്യത്തിന് വലിയ സംഭാവനകള്‍ നല്കിയതിനോടൊപ്പം തന്നെ വലിയൊരളവില്‍ അദ്ദേഹത്തിന് മലയാളത്തിലും വായനക്കാരുണ്ടായിരുന്നു. മിക്ക കൃതികളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും അത് വലിയ തോതില്‍ സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും നമുക്കിടയില്‍ ജീവിച്ച വലിയൊരാളാണ് കഴിഞ്ഞുപോയത്. വലിയ ഒരാളാണെന്ന് ഒരിക്കലും കൊട്ടിഘോഷിക്കുകയോ വാദിക്കുകയോ ചെയ്യാത്ത ഒരു സാധാരണക്കാരന്‍. വലിയ അകക്കാഴ്ച ഉള്ളതോടൊപ്പം വളരെ ലളിതമായി ജീവിച്ച ഒരു മനുഷ്യന്‍. സാഹിത്യത്തില്‍ എത്ര സ്ഥാനങ്ങള്‍ ലഭിച്ചിട്ടും നിത്യവൃത്തിയായി തന്റെ വറ്റല്‍മുളക് കച്ചവടം തന്നെ തുടര്‍ന്ന മനുഷ്യന്‍… കുറേകൂടി അദ്ദേഹത്തില്‍ നിന്നും പലതും നമുക്ക് പഠിക്കാമായിരുന്നു എന്ന് ഈ വൈകിയ വേളയില്‍ ഓര്‍ത്തുപോവുകയാണ്.
‘ചാരുകസേര’യാണ് അദ്ദേഹത്തിന്റെ കൃതികളില്‍ ഞാന്‍ ആദ്യം വായിക്കുന്നത്. കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ സാഹിത്യ ലോകത്തിന്റെ തമിഴ് പതിപ്പില്‍ നിന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ രചനകളെകുറിച്ച് ഞാന്‍ ആദ്യമായി അറിയുന്നത്. എം എന്‍ കാരശ്ശേരി മാഷ് അദ്ദേഹവുമായുള്ള ബന്ധത്തെക്കുറിച്ച് അന്നതില്‍ എഴുതിയിരുന്നു. അദ്ദേഹത്തിന്റെ രചനകളുടെ വിവര്‍ത്തനവും ആ പതിപ്പിലുണ്ടായിരുന്നു. അത് വായിച്ചപ്പോഴാണ് എഴുത്തില്‍ വളരെ പരീക്ഷണങ്ങള്‍ നടത്തുന്ന, എന്നാല്‍ ജൈവികവും ഭാവനാ സമ്പന്നവുമായ രചനകള്‍ നിര്‍വഹിക്കുന്ന ഒരാളാണ് അദ്ദേഹമെന്ന് മനസിലാവുന്നത്. മനുഷ്യപുത്രന്‍ എന്ന തമിഴ് കവിയുടെ കവിതകളും ‘സാഹിത്യ ലോക’ത്തിന്റെ ആ പതിപ്പില്‍ നിന്നാണ് വായിക്കുന്നത്. മനുഷ്യപുത്രനും തോപ്പിലും എല്ലാം വളരെ അടുത്ത ബന്ധമായിരുന്നു. മനുഷ്യപുത്രനെ കുറിച്ച് ഞാന്‍ കൂടുതല്‍ അറിയുന്നതും തോപ്പിലില്‍ നിന്ന് തന്നെയാണ്. തമിഴ് സാഹിത്യത്തെ കുറിച്ച് എന്ത് സംശയം വന്നാലും ഏത് നിമിഷവും നമുക്ക് വിളിച്ച് ചോദിക്കാന്‍ പറ്റുന്ന, അതിനു വിശദമായി മറുപടി പറയാന്‍ കഴിയുന്ന ഒരാളായിരുന്നു അദ്ദേഹം. ശരിക്കും തമിഴ്- മലയാള ഭാഷകള്‍ക്കിടയിലെ ഒരു അംബാസഡറായിരുന്നു അദ്ദേഹം.
മലബാര്‍ അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ട ഒരു സ്ഥലമായിരുന്നു. ഒരുപാട് തവണ അദ്ദേഹമിവിടെ വന്നുപോയിട്ടുണ്ടല്ലോ. അതിനു പ്രധാന കാരണം ഇവിടെ നിലനിന്നിരുന്ന ഇസ്‌ലാമിക സംസ്‌കാരം തന്നെയാണ്. നമ്മുടെ സംസ്‌കാരത്തെ കുറിച്ച് നമ്മെക്കാള്‍ അറിയുന്ന ഒരാള്‍ എന്ന നിലയില്‍ പലപ്പോഴും അദ്ദേഹത്തിന്റെ സംസാരം കേട്ട് ഞാന്‍ തന്നെ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്.
മത പാരമ്പര്യങ്ങളെയും സംസ്‌കാരത്തെയും കുറിച്ചുള്ള അന്വേഷണങ്ങള്‍ നടത്താന്‍ വലിയ ആവേശവും ഉത്സാഹവും കാണിച്ചിരുന്നു. മതത്തിന്റെ സര്‍ഗാത്മക പാരമ്പര്യത്തെയും ജൈവികതയെയും കുറിച്ച് കിട്ടാവുന്നിടത്തുനിന്നെല്ലാം അദ്ദേഹം അറിവുകള്‍ തേടിപ്പിടിച്ചു. ഒരിക്കലും അദ്ദേഹം പഠനം പൂര്‍ത്തിയാക്കിയ ഒരാളായിരുന്നില്ല. എപ്പോഴും പഠിച്ചുകൊണ്ടിരുന്ന ഒരാളായിരുന്നു. എഴുപതുകളുടെ അവശതയിലും അദ്ദേഹം അന്വേഷണങ്ങളില്‍ മുഴുകി. അത് അദ്ദേഹത്തിന്റെ എക്‌സ്ട്രാ ഓര്‍ഡിനറി ആയിട്ടുള്ള ഒരു കഴിവായാണ് ഞാന്‍ മനസിലാക്കുന്നത്.
സുന്നി സമൂഹമാണ് സര്‍ഗാത്മക സമൂഹമെന്ന് തോപ്പില്‍ പലതവണ പറഞ്ഞിട്ടുണ്ട്. അതിന്റെ പാരമ്പര്യങ്ങളെ നമ്മള്‍ അന്വേഷിക്കുകയും കണ്ടെത്തുകയും മാനിക്കുകയും വേണമെന്നും അദ്ദേഹം പറയാറുണ്ട്. മാല മൗലിദുകളെ കുറിച്ചെല്ലാം അദ്ദേഹം പലപ്പോഴും ഏറെപ്പറയാറുണ്ട്. മാല മൗലിദുകള്‍ അദ്ദേഹത്തിന്റെ ഭാവനകളെ പറത്തിവിട്ടിട്ടുണ്ട്. എഴുത്തുകളെ സ്വാധീനിച്ചിട്ടുണ്ട്. എന്റെയും ഭാവനകളെയും എഴുത്തിനെയും മുഹ്‌യിദ്ദീന്‍ മാലയൊക്കെ വലിയ തോതില്‍ സ്വാധീനിച്ചു. മുഹ്‌യിദ്ദീന്‍ മാല വായിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ എഴുത്തുകാരനാവുമായിരുന്നില്ല. മൗലിദ്, മാല പോലുള്ള മതത്തിലെ സര്‍ഗാത്മക ഇടങ്ങളെ കുറിച്ച് ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ഞാന്‍ എഡിറ്ററായിരുന്ന സമയത്ത് അദ്ദേഹത്തെകൊണ്ട് ലേഖനം എഴുതിപ്പിച്ചിരുന്നു.
കുടുംബ സമേതം എന്റെ വീട്ടില്‍ വന്നപ്പോഴുള്ള നിമിഷങ്ങളും സംസാരങ്ങളും എല്ലാം എനിക്ക് ഇപ്പോഴും വലിയൊരു ഓര്‍മ്മയാണ്. നമ്മുടെ രചനകള്‍ വായിച്ച് അഭിപ്രായം അറിയിക്കുകയും നമ്മെ പോലും ഞെട്ടിച്ച് അവ തമിഴിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തതൊക്കെ വലിയ അനുഭവമായിരുന്നു. എന്റെ എന്നല്ല; ഏത് പുതുമുഖ എഴുത്തുകാരനായാലും അദ്ദേഹത്തിന് ഇഷ്ടപെട്ട രചനകള്‍ വായിച്ചാല്‍ അതിന്റെ അഭിപ്രായം അറിയിക്കാനും മിക്കതും തമിഴിലേക്ക് വിവര്‍ത്തനം ചെയ്യാനും അദ്ദേഹം മറക്കില്ല. നിലപാടുകളോടൊപ്പം തന്നെ പഴയ തലമുറയുടെ വിശുദ്ധിയും ലാളിത്യവും സ്‌നേഹവും കാത്തു സൂക്ഷിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹം.
സുന്ദര്‍ ചിറക്കല്‍ എന്ന കണ്ണൂരുള്ള ഒരു യുവ എഴുത്തുകാരന്റെ കഥാസമാഹാരം പ്രകാശനം ചെയ്യാന്‍ വേണ്ടി അദേഹത്തെ വിളിക്കുകയും അദ്ദേഹം വരികയും ചെയ്തിരുന്നു. കണ്ണൂരൊക്കെ കാണാനുള്ള ഒരാഗ്രഹം കൊണ്ടുകൂടെയാണ് ആ വരവ്. അന്നാണ് അവസാനമായി ഞങ്ങള്‍ കാണുന്നത്. വളരെ അവശനായിരുന്നു അന്നുതന്നെ. എന്നിട്ടും രണ്ടുമൂന്നു ദിവസം കണ്ണൂരില്‍ താമസിച്ചു. അസീസ് തരുവണയാണ് മലയാളത്തില്‍ അദ്ദേഹവുമായി കൂടുതല്‍ സംസാരിച്ച് അഭിമുഖങ്ങള്‍ തയാറാക്കിയിട്ടുള്ളത്. സാഹിത്യോത്സവ് അവാര്‍ഡ് ലഭിച്ച സമയത്ത് പുറത്തിറങ്ങിയ രിസാലയില്‍ വന്ന എഴുത്തുകള്‍ അദ്ദേഹത്തെകുറിച്ച് അറിയാന്‍ ഉപകരിക്കും.
എല്ലാ തലമുറയിലും പെട്ട തമിഴ് എഴുത്തുകാര്‍ക്കും തമിഴ് വായനക്കാര്‍ക്കും മലയാളി എഴുത്തുകാര്‍ക്കും മലയാളി വായനക്കാര്‍ക്കും അദ്ദേഹത്തിന്റെ വിയോഗം വലിയൊരു തരത്തിലുള്ള നഷ്ടം തന്നെയാണ്. അദ്ദേഹം എഴുതിയ ഒരുപാട് രചനകള്‍ ഇനിയും മലയാളത്തില്‍ വരാനുണ്ട്. അവ പുതുതലമുറക്ക് ലഭ്യമാക്കുക എന്നതാണ് അദ്ദേഹത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇനിയുള്ള വഴി.
————————————————————————————————————————–
കഥപോലെ വിസ്മയിപ്പിക്കുന്നു ആ ജീവിതവും
അഷ്‌റഫ് കടയ്ക്കൽ
സ്വന്തം ചുറ്റുപാടുകളില്‍ നിന്നുള്ള കാഴ്ചകളും അനുഭവങ്ങളും ഭാവനയുടെ ചേരുവ ചേര്‍ത്ത് കഥകളാക്കി പറഞ്ഞുകൊണ്ടിരുന്ന എഴുത്തുകാരന്‍ വേര്‍പിരിയുമ്പോള്‍ ദേശത്തിന്റെ കഥാകാരന്‍ വിടവാങ്ങി എന്ന് വാര്‍ത്തയിലും അനുസ്മരണക്കുറിപ്പിലും ഒതുക്കേണ്ട ആളല്ല തോപ്പില്‍ മുഹമ്മദ് മീരാന്‍. തിരുവനന്തപുരത്ത് നിന്ന് തീരദേശത്ത് കൂടെ തെക്കോട്ട് സഞ്ചരിച്ചാല്‍ കോവളവും പൂവ്വാറും പിന്നിട്ട് എത്തുന്ന ഒരു ദേശമുണ്ട്. തേങ്ങാപ്പട്ടണം. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള അവിടെ ജനിച്ച് വളര്‍ന്ന് മലയാളം സ്‌കൂളില്‍ പഠിച്ചയാളാണ് മീരാന്‍. സംസ്ഥാന രൂപീകരണത്തോടെ തമിഴിന്റെ ഭാഗമായി മാറിയ തമിഴനായ മലയാളിയാണദ്ദേഹം. ഈയൊരു സ്വത്വപ്രതിസന്ധി അദ്ദേഹത്തിന്റെ എഴുത്തിലും ഭാഷണത്തിലും അവസാനം വരെ നിഴലിച്ചുനിന്നിരുന്നു. 1997ല്‍ ചായ്‌വ് നാര്‍ക്കാലി(ചാരുകസേര) എന്ന നോവലിന് ലഭിച്ച കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് പ്രസംഗിച്ചപ്പോഴും ഡല്‍ഹിയിലെ തമിഴ് മന്‍ട്രം നല്‍കിയ സ്വീകരണത്തിന് നന്ദി പറയുമ്പോഴും അദ്ദേഹം സംസാരിച്ചത് ഭാഷയെക്കുറിച്ചായിരുന്നു. തന്റെ എഴുത്തുഭാഷയെ മീരാന്‍ ‘സൃഷ്ടിഭാഷ’ എന്നാണ് വിശേഷിപ്പിച്ചത്. ശില്‍പി തന്റെ ശില്‍പങ്ങളുണ്ടാക്കാന്‍ തരപ്പെടുത്തുന്ന മണ്ണ് ശില്‍പത്തിനും ശില്‍പിക്കുമനുസരിച്ച് ഭിന്ന സ്വഭാവമുള്ളതായിരിക്കും. അതുപോലെയാണ് എഴുത്തുകാരന് തന്റെ ഭാഷയും എന്നതാണ് അദ്ദേഹത്തിന്റെ പക്ഷം. ബഷീറിന്റെ ഭാഷ അദ്ദേഹത്തിന്റെ മൗലികതയുടെ അടയാളമെന്നപോലെ മീരാന്റെ ഭാഷ തന്റെ മാത്രം ‘സൃഷ്ടിഭാഷ’യെന്നതാണ് നിലപാട്.
തമിഴും മലയാളവും ഇഴചേര്‍ന്ന ഭാഷ സംസാരിക്കുന്ന പ്രദേശത്ത് ജനിച്ചുവളര്‍ന്ന മീരാന്‍ മലയാളം മീഡിയത്തിലാണ് പഠിച്ചതെങ്കിലും ഈ സങ്കര ഭാഷയുമായുള്ള സംസര്‍ഗം പുതിയൊരു എഴുത്തുഭാഷ രൂപപ്പെടുത്തുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചു എന്ന് പറയുന്നതാവും ശരി. തോപ്പില്‍ മീരാന്റെ സാഹിത്യ സംഭാവനകളെ വിശകലനം ചെയ്തുകൊണ്ട് തമിഴ്‌നാട്ടിലെ വിവിധ സര്‍വകലാശാലകളില്‍ സമര്‍പ്പിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങളിലും ഈ ഭാഷ ഒരു പ്രധാന ചര്‍ച്ചാവിഷയമാണെന്നറിയുന്നു.
കേരള സര്‍വകലാശാലയില്‍ പ്രൊഫ. പത്മറാവുവിന്റെ മാര്‍ഗനിര്‍ദേശകത്വത്തില്‍ പൂര്‍ത്തിയായി വരുന്ന പി എച്ച് ഡി പ്രബന്ധത്തിന്റെ പ്രമേയം മീരാന്റെ കൃതികളിലെ മുസ്‌ലിം ജീവിത ചിത്രണത്തെ ബഷീറിന്റേതുമായി താരതമ്യം ചെയ്യുന്നതാണ്.
തോപ്പില്‍ ഒരു കാല്‍പനിക കഥാകാരന്‍, പ്രതിഭാധനനായ നോവലിസ്റ്റ് എന്നെല്ലാമാണ് പൊതുവെയുള്ള വിലയിരുത്തല്‍, പക്ഷേ അദ്ദേഹം അതുക്കും മേലെയാണ്. ചരിത്രം എന്നും അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിരുന്നു. കൂനന്‍തോപ്പു മുതല്‍ ചാരുകസേര വരെയുള്ള എല്ലാ നോവലുകളിലും മുഖ്യപ്രമേയം ചരിത്രം തന്നെയാണ്. ഒരു പക്ഷേ ചരിത്രം കഥപോലെ പറയുകയായിരുന്നു. ആധുനിക തിരുവിതാംകൂറിന്റെ ശില്‍പിയെന്ന് പറയപ്പെടുന്ന മാര്‍ത്താണ്ഡവര്‍മയുടെയും എട്ടുവീട്ടില്‍ പിള്ളമാരുടെയും ചരിത്രം ഒരു പുനര്‍വായനക്ക് വിധേയമാക്കുന്ന ‘ചാരുകസേര’യാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ചരിത്രം എട്ടുവീട്ടില്‍ പിള്ളമാരുടെ വീക്ഷണത്തില്‍ വായിക്കാനുള്ള ശ്രമങ്ങള്‍ ചരിത്രഗവേഷകര്‍ പലപ്പോഴായി നടത്തിയിട്ടുണ്ട്. അതിനെ ഇത്ര മനോഹരമായി ഒരു നോവലില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുമോ എന്ന വിസ്മയമാണ് ചാരൂകസേര.
കേരളത്തിലെ ഇസ്‌ലാമിന്റെ ആഗമനവുമായി ബന്ധപ്പെട്ട് മീരാന് തന്റേതായ വീക്ഷണങ്ങളുണ്ട്. ഇന്ത്യയിലെ ആദ്യ മസ്ജിദ് കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിയാണ് എന്ന പൊതുധാരണയെ അദ്ദേഹം അംഗീകരിക്കുന്നില്ല. തന്റെ സ്വകാര്യ ശേഖരത്തില്‍ അതിനെ ചോദ്യം ചെയ്യുന്ന നിരവധി ചരിത്രരേഖകള്‍ അദ്ദേഹം സൂക്ഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസമാദ്യം കുടുംബസമേതം തിരുനല്‍വേലിയിലെ വീരബാഹു നഗറിലുള്ള വീട്ടിലെത്തിയത് ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ ചരിത്രവീക്ഷണം വിശദമായി ചര്‍ച്ച ചെയ്യാനും കൂടിയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് നിരവധി. കാലുകളിലെ നീര്‍വീഴ്ച കാരണം നടക്കാന്‍ നന്നേ പ്രയാസപ്പെടുന്നുണ്ടായിരുന്നു. എങ്കിലും തന്റെ കാലന്‍ കുട ഊന്നുവടിയാക്കി അദ്ദേഹം ഞങ്ങളോടൊപ്പം കായല്‍പട്ടണത്തിലേക്ക് യാത്രചെയ്തു. മലബാറിലേക്കുള്ള ഇസ്‌ലാമിന്റെ കടന്നുവരവ് കായല്‍പട്ടണം, കീളക്കര തുടങ്ങിയ തമിഴ്‌നാട്ടിലെ തീരദേശങ്ങളിലൂടെയായിരുന്നു എന്നാണ് മീരാന്റെ അഭിപ്രായം. കായല്‍പട്ടണത്തെ ‘കടല്‍ക്കരൈപ്പള്ളി’ ഹിജ്‌റയുടെ പന്ത്രണ്ടാം വര്‍ഷമാണ് സ്ഥാപിച്ചത്. പില്‍ക്കാലത്ത് കടലെടുത്തുപോയ പള്ളിയുടെ ശേഷിപ്പുകളൊന്നും അവിടെ കാണാനായില്ലെങ്കിലും ഹാജി അബ്ദുല്‍ലത്തീഫിനെപ്പോലെയുള്ള ചില ചരിത്രകുതുകികള്‍ ഈ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. കുതുബാ പെരിയ പള്ളി, കറുപ്പ് ഉടയാര്‍പള്ളി, കാത്തുമഖ്ദൂം പള്ളി തുടങ്ങിയ പുരാതന മസ്ജിദുകളെല്ലാം മീരാന്റെയും പര്യവേഷണ സ്ഥലങ്ങളാണ്. അസഹ്യമായ സൂര്യതാപവും കടല്‍കാറ്റുമൊക്കെ അവഗണിച്ചുകൊണ്ട് അദ്ദേഹം ഞങ്ങളെ ഓരോ സ്ഥലത്തും കൊണ്ടുപോയി. ഓരോ പള്ളിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും ചരിത്രവുമെല്ലാം റഫറന്‍സില്ലാതെ വിശദീകരിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു.
സാമൂഹ്യ അനാചാരങ്ങള്‍ക്കും ജീര്‍ണതകള്‍ക്കുമെതിരെ തന്റെ രചനകളിലൂടെ ശക്തമായി പ്രതികരിച്ച മീരാന്‍, തസവ്വുഫിന്റെ വഴികളെ ഏറെ മതിപ്പോടെയാണ് നോക്കിക്കണ്ടത്. സൂഫിസത്തിന് ആഴത്തില്‍ വേരുകളുള്ള ദേശങ്ങളാണ് കായല്‍പട്ടണവും കീളക്കരയുമെല്ലാം. അതിന്റെ ചില മിന്നലാട്ടങ്ങള്‍ അദ്ദേഹത്തിന്റെ നോവലുകളിലും കഥകളിലും നമുക്ക് കാണാം. സൂഫിസത്തിന്റെ പാരമ്പര്യ സരണികളിലുള്ള കൗതുകം കൊണ്ടാകാം മീരാന്‍ ലക്ഷദ്വീപിന്റെ ചരിത്രത്തിലും തല്‍പരനായത്. ദീപിലെ ഇസ്‌ലാമിക പാരമ്പര്യത്തിലേക്ക് വെളിച്ചം വീശുന്ന തമിഴിലെ ചില ചരിത്ര രേഖകള്‍ അദ്ദേഹം സൂക്ഷിച്ചിരുന്നു. അതില്‍ തുടരന്വേഷണം നടത്താനുള്ള തന്റെ ആഗ്രഹം ഈ യാത്രയിലും അദ്ദേഹം പങ്കുവെച്ചു. കഥകളുടെ കാല്‍പനിക ലോകത്തിനപ്പുറത്ത് ചരിത്രവും പാരമ്പര്യവും ഒരു ഗവേഷകനെപ്പോലെ അന്വേഷിച്ച് നടന്ന മീരാനെ അധികം പേര്‍ക്കും അറിയില്ല.
2013ലെ ചന്ദ്രിക ഓണപ്പതിപ്പില്‍ അദ്ദേഹമെഴുതിയ ‘അറബിത്തമിഴ് എങ്കള്‍ അന്‍പു തമിഴ്’ എന്ന ലേഖനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കേരളത്തിന്റെ സാഹിതീ പാരമ്പര്യത്തില്‍ അറബി മലയാളത്തിനുള്ള പങ്ക് ഈ അടുത്ത് മാത്രമാണ് ചരിത്ര പണ്ഡിതന്മാര്‍ ഗൗരവമായിക്കണ്ട് തുടങ്ങിയത്. ഈ കഥ തന്നെയാണ് അറബിത്തമിഴിന് പറയാനുള്ളത്. ഗവേഷണ സ്വഭാവമുള്ള ഈ ലേഖനം പൊതുസമൂഹത്തിലെ പല തെറ്റായ ധാരണകളും തിരുത്തുന്നതായിരുന്നു.
തമിഴില്‍ എഴുതുമ്പോഴും മലയാളത്തെ ഏറെ പ്രണയിച്ച എഴുത്തുകാരനാണദ്ദേഹം. ‘എന്റെ മലയാളത്തില്‍ തട്ടും തടയും കാണുമായിരിക്കാം. ജന്മനാ തമിഴനായ ഞാന്‍ മലയാളം പഠിച്ചതല്ലാതെ ഒഴുക്കായി എഴുതാനുള്ള കഴിവ് കൈവന്നിട്ടില്ല.’ എന്ന ക്ഷമാപണത്തോടെയാണ് അദ്ദേഹം മലയാളത്തില്‍ പ്രസംഗിക്കുകയും എഴുതുകയും ചെയ്യാറുള്ളത്. എങ്കിലും തന്റെ രചനകളെല്ലാം തന്നെ മലയാളത്തില്‍ വരണമെന്നും അത് മലയാളി വായിക്കണമെന്നുമുള്ള അതിയായ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. മീരാന്റെ പ്രധാന രചനകളെല്ലാം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ ഗുണനിലവാരത്തില്‍ അദ്ദേഹം തൃപ്തനല്ലായിരുന്നു. ഇതെല്ലാം ഇനി സ്വന്തമായി ടിപ്പണി നടത്തി പുനപ്രസിദ്ധീകരിക്കണമെന്ന മോഹം അദ്ദേഹം പലപ്പോഴായി പങ്കുവെച്ചിരുന്നു. മലയാളത്തിലെ പല കൃതികളും അദ്ദേഹം തമിഴിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ നടക്കുന്ന ബഹുതല സ്പര്‍ശിയായ വിഷയങ്ങളിലെ ചര്‍ച്ചകളിലും സംവാദങ്ങളിലും കൗതുകം നിലനിര്‍ത്തുന്നത് കാരണം ഒട്ടുമിക്ക മലയാള പ്രസിദ്ധീകരണങ്ങളും തപാലില്‍ വരുത്തി വായിക്കുന്ന ശീലം അവസാനം വരെ ഭംഗം വരാതെ തുടര്‍ന്നു.
പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ വലിയ ആവേശമില്ലായിരുന്നെങ്കിലും കോളജുകളിലും സര്‍വകലാശാലകളിലും നടക്കുന്ന അക്കാദമിക പരിപാടികളില്‍ ആവേശത്തോടെ അദ്ദേഹം സംബന്ധിച്ചിരുന്നു. തുടക്കക്കാരായ വിദ്യാര്‍ഥികളുടെ പ്രബന്ധാവതരണം പോലും സാകൂതം വീക്ഷിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുമായിരുന്നു. അത്തരം സദസ്സുകളിലെ സജീവത കണ്ടാല്‍ കാല്‍പനികതയുടെ കഥാകാരനായ ഒരു എഴുത്തുകാരനെയല്ല, മറിച്ച് കണിശക്കാരനായ ഒരു ഗവേഷണ പണ്ഡിതനെയാണ് ഓര്‍മപ്പെടുത്തുന്നത്.
1997ല്‍ ചാരുകസേരക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതോടെയാണ് തോപ്പില്‍ മുഹമ്മദ് മീരാന്‍ എന്ന എഴുത്തുകാരനെ തമിഴ്‌നാട്ടിന് പുറത്ത് അറിയാന്‍ തുടങ്ങിയത്. ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട, ദേശീയ തലത്തില്‍ ശ്രദ്ധേയനായി മാറിയ മീരാന്റെ സ്വകാര്യജീവിതം ഇന്നും പൂര്‍ണമായും അനാവരണം ചെയ്യപ്പെട്ടിട്ടില്ല.
എഴുത്തിന്റെ ലോകത്ത് താന്‍ വരച്ചുകാട്ടിയ അവിശ്വസനീയ കഥകള്‍ പോലെ വിസ്മയിപ്പിക്കുന്നതാണ് ആ ജീവിതവും. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നന്നേ പണിപ്പെട്ടിരുന്ന വ്യക്തിയാണദ്ദേഹം. തിരുനെല്‍വേലിയില്‍നിന്നും തിരുവനന്തപുരത്തേക്കും പരിസരദേശങ്ങളിലേക്കും വറ്റല്‍മുളക് എത്തിച്ച് ആഴ്ചയില്‍ റണ്ട് ദിവസം നേരിട്ട് വന്ന് കച്ചവടക്കാരില്‍ നിന്നും പൈസ വാങ്ങിപ്പോകുന്ന രീതിയായിരുന്നു. തിരുനെല്‍വേലിയിലെ ഉഷ്ണക്കാറ്റില്‍ തന്റെ മോപ്പാടിലും ബസിലുമായി നിരന്തരമായുള്ള യാത്രകളാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ആദ്യ വെല്ലുവിളികളുയര്‍ത്തിയത്. ഇതിനിടയില്‍ വീണുകിടക്കുന്നസമയത്ത് കൂടെ കരുതിയിട്ടുള്ള പേപ്പറില്‍ കുത്തിക്കുറിക്കുന്ന വരികളും കച്ചവടത്തിന്റെ കണക്കെഴുത്തുമെല്ലാം പരസ്പരം കൂടിക്കലരാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൂനന്‍തോപ്പ്, തുറമുഖം, ഒരു കടലോര ഗ്രാമത്തിന്റെ കഥ തുടങ്ങിയ നോവലുകള്‍ എഴുതിപ്പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കാനാവാതെ വര്‍ഷങ്ങളോളും കൂടെക്കൊണ്ടുനടന്നു. അവസാനം ഇതെല്ലാം സ്വന്തമായിത്തന്നെ പുറത്തിറക്കി. ഇല്ലാത്ത കാശിന് അഞ്ഞൂറും ആയിരവും കോപ്പികളടിച്ച് പുസ്തകങ്ങള്‍ ആരും വാങ്ങാതെ സ്വന്തം വീട്ടിലും മുളക് ചാക്കുകള്‍ക്കൊപ്പം ഗോഡൗണിലും കെട്ടിക്കിടന്നു. ഈ അവസ്ഥയിലും ഹെമ്മിംഗ് വേയുടെ സാന്തിയാഗോയെപ്പോലെ പിടിച്ചുനില്‍ക്കാന്‍ മീരാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷേ ഒരു നാള്‍ സര്‍വ നിയന്ത്രണങ്ങളും വിട്ട് പുസ്തകക്കെട്ടുകള്‍ കൂട്ടിയിട്ട് കത്തിക്കാനൊരുങ്ങി. ഇളയമകന്‍ മീര്‍സാദിനോട് അതിനുള്ള തയാറെടുപ്പ് നടത്താന്‍ പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ഥിയായ മകനെ ഇത് വല്ലാതെ ഉലച്ചു. ആ കൊച്ചുമകന്‍ വാപ്പായുടെ കൈക്ക് പിടിച്ചുകൊണ്ട് അതില്‍നിന്നും പിന്തിരിപ്പിച്ചു. അങ്ങനെയാണ് ഈ മഹത്തായ സൃഷ്ടികള്‍ ഇന്ന് കാലത്തെ അതിജീവിച്ച് കൊണ്ട് നിലനില്‍ക്കുന്നത് എന്ന കഥ പുറംലോകത്ത് അധികം ചര്‍ച്ചയായിട്ടില്ല.
ഇതിനെക്കാള്‍ ദുരിത പൂര്‍ണമായിരുന്നു ചാരുകസേരയുടെ രചനാസന്ദര്‍ഭം. തന്റെ രചനകളില്‍ ഏറെ അന്തസംഘര്‍ഷം അനുഭവിച്ചത് ‘ചായ്‌വ് നാര്‍ക്കാലി’ എന്ന ചാരുകസേരയുടെ എഴുത്തിലായിരുന്നു. നോവലിന്റെ അവസാന അധ്യായങ്ങള്‍ എഴുതുമ്പോള്‍ അതിന്റെ പിരിമുറുക്കത്തില്‍ രക്തസമ്മര്‍ദം താളം തെറ്റുന്ന അവസ്ഥയുണ്ടായി. എഴുത്ത് മുഴുമിപ്പിച്ചെങ്കിലും പൊടുന്നനെയുണ്ടായ പക്ഷാഘാതം അദ്ദേഹത്തെ മാത്രമല്ല കുടുംബത്തെയും തളര്‍ത്തി. തന്റെ ഏക ജീവിതോപാധിയായിരുന്ന മുളക് കച്ചവടം മുന്നോട്ടുകൊണ്ടുപോകാനായില്ല. വരുമാനമാര്‍ഗങ്ങളെല്ലാം അടഞ്ഞു. വീട്ടില്‍ മുഴുപ്പട്ടിണി. രണ്ട് മക്കളുടെ വിദ്യാഭ്യാസം പാതിവഴിയില്‍. കുടുംബക്കാരെയോ അടുത്ത സുഹൃത്തുക്കളെയോ അറിയിക്കാന്‍ ആത്മാഭിമാനം അനുവദിച്ചില്ല. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നിറഞ്ഞ കാലമായിരുന്നു ആ രണ്ട് വര്‍ഷങ്ങളെന്ന് അദ്ദേഹം വേദനയോടെ ഓര്‍ക്കാറുണ്ടായിരുന്നു. ഈ ഘട്ടത്തില്‍ ദൈവത്തിന്റെ കരങ്ങള്‍ പോലെ ചില അജ്ഞാതര്‍ അയച്ചുകൊടുത്ത മണിയോര്‍ഡറുകളായിരുന്നു ചെറിയ തോതിലെങ്കിലും ആശ്വാസമേകിയത്. എഴുത്തുകാരന്‍ തന്റെ ദേശത്തെയും ജനതയെയും അടയാളപ്പെടുത്തി പേരും പെരുമയും സമ്പാദിച്ചുവെങ്കിലും ജീവിത പ്രാരാബ്ധങ്ങള്‍ ഒരു പ്രതിസന്ധിയായി മുന്നില്‍ തെളിഞ്ഞുനിന്നു. അപ്പോഴും ആത്മവിശ്വാസത്തോടെ, പതറാത്ത കാല്‍വെപ്പുകളോടെ ഉറച്ച ശബ്ദവുമായി തോപ്പില്‍ മുഹമ്മദ് മീരാന്‍ മുന്നോട്ടുതന്നെ സഞ്ചരിച്ചു. അംഗീകാരങ്ങള്‍ക്കും ആദരവുകള്‍ക്കുമായി ചരടുവലിക്കാന്‍ മെനക്കെടാതെ ഒഴുകിയ ആ യാത്രക്ക് തിരശ്ശീല വീഴുമ്പോള്‍ സമൂഹം പറഞ്ഞുതുടങ്ങി. ആ വലിയ മനുഷ്യന്‍ ഇതിലും വലിയ അംഗീകാരവും ആദരവും അര്‍ഹിക്കുന്നുണ്ട് എന്ന്.
———————————————————————————
തമിഴില്‍ മുളകരച്ചെഴുതിയ മലയാളത്താന്‍
ജി ആര്‍ ഇന്ദുഗോപന്‍
തമിഴ് വായിക്കാനറിഞ്ഞുകൂടാത്ത ഞാന്‍ ആദ്യമായി തമിഴ് വായിച്ചത് തോപ്പില്‍ മുഹമ്മദ് മീരാന്റെ കൈപ്പടയിലൂടെയാണ്. കാരണം മീരാന്‍ സാഹിബ് തമിഴ് എഴുതിയിരുന്നത് മലയാളം ലിപിയിലായിരുന്നു. അതായിരുന്നു വഴക്കമെന്നു പറഞ്ഞു. കാരണം തിരുവിതാംകൂറിലായിരുന്നു ജനനം. പഠിച്ചത് മലയാളം ലിപി.
ശൂരനാട് രവി സര്‍ അദ്ദേഹത്തിന്റെ കടലോരക്കതൈ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു. 1999ല്‍ സൈന്ധവ ബുക്‌സിന്റെ സാരഥിയും എന്റെ സുഹൃത്തുമായ കെ. ജി. അജിത്കുമാറാണ് തോപ്പില്‍ മുഹമ്മദ് മീരാനെ കുറിച്ച് പറഞ്ഞത്. ഞാന്‍ തിരുവനന്തപുരത്ത് ജോലി ചെയ്യുകയായിരുന്നു. പിറ്റേന്ന് ഫോട്ടോഗ്രഫറുമായി തിരുനല്‍വേലിക്കു പോകാനൊരുങ്ങി. അതിനായി അവധി പറഞ്ഞെങ്കിലും ആള്‍ക്ഷാമം കാരണം റദ്ദാക്കേണ്ടി വന്നു. എങ്കിലും മീരാന്‍ സാഹിബിനോടു വിളിച്ചുപറഞ്ഞത് മാറ്റിപ്പറയാന്‍ മടിയായിരുന്നു. മറ്റൊന്ന് അദ്ദേഹത്തെ കാണാനുള്ള ആഗ്രഹം. രാത്രി ഷിഫ്റ്റ് വാങ്ങി വെളുപ്പിനു തന്നെ തിരുനല്‍വേലിയില്‍ പോയി. കണ്ടു. സത്യത്തില്‍ മുളകുകച്ചവടത്തിനായി തിരുവനന്തപുരത്തേയ്ക്ക് അദ്ദേഹം എല്ലാ ആഴ്ചയും വരുന്നുണ്ടായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു. മലയാളത്തില്‍ അദ്ദേഹത്തെക്കുറിച്ച് ആദ്യത്തെ ലേഖനമല്ല എന്റേത്. ഒന്നോ രണ്ടോ വേറെ വന്നിരിക്കണം. എങ്കിലും കേരളമൊട്ടുക്കും ശ്രദ്ധിക്കപ്പെടുന്ന ലേഖനമായി മലയാളമനോരമയുടെ ഞായറാഴ്ചപ്പതിപ്പില്‍ ഒന്നാം പേജില്‍ തുടങ്ങി രണ്ടാം പേജില്‍ അവസാനിക്കുന്ന വിപുലമായ ലേഖനം. ‘തമിഴില്‍ മുളകരച്ചെഴുതുന്ന മലയാളം’ എന്നായിരുന്നു തലക്കെട്ട്.
തുടര്‍ന്ന് 20 വര്‍ഷക്കാലത്തെ ബന്ധം, അടുപ്പം. പത്രക്കാരനെന്ന മട്ടിലല്ല, എഴുത്തുകാരനെന്ന മട്ടില്‍ ഐഡന്റിഫൈ ചെയ്തു. ഞാന്‍ ഒരിക്കലും മീരാന്‍ സാഹിബ് എടുത്ത താല്‍പര്യത്തോട് നീതിപുലര്‍ത്തിയില്ല എന്നത് കുറ്റബോധത്തോടെ സമ്മതിക്കുന്നു. എന്റെ വ്യക്തിത്വത്തിന്റെ അപാകങ്ങളിലൊന്നായി അതിനെ കാണുന്നു. മീരാന്‍ സാഹിബിനോടുള്ള മാപ്പപേക്ഷയായി ഞാനതിനെ വയ്ക്കുന്നു. തിരുവനന്തപുരത്ത് പിന്നീട് മനോരമ നടത്തിയ ശില്‍പശാലയില്‍ ഞങ്ങളൊരുമിച്ചുണ്ടായിരുന്നു. തിരുവനന്തപുരത്തെത്തിയാല്‍ വിളിക്കും. അദ്ദേഹം ചാലയില്‍ വിശ്രമിക്കുന്ന വീട്ടില്‍ പല തവണ ചെന്നു. മുളകുചാക്കുകള്‍ക്കു പുറത്ത് വിശ്രമിക്കുന്ന മീരാന്‍ സാഹിബിന്റെ ചിത്രം മനസ്സിലുണ്ട്. മനോരമയുടെ മുതിര്‍ന്ന ഫോട്ടോഗ്രഫര്‍ ബി. ജയചന്ദ്രനെ കേന്ദ്രസാഹിത്യഅവാര്‍ഡുജേതാക്കളുടെ ചിത്രമെടുക്കുന്ന ഒരു സംരംഭത്തിനു വേണ്ടി മീരാന്‍ സാഹിബുമായി പരിചയപ്പെടുത്തി നല്‍കി. ജയേട്ടന്‍ തെക്കന്‍ തമിഴ്‌നാട്ടിലൂടനീളം മീരാന്‍ സാഹിബുമായി സഞ്ചരിച്ചു. പടങ്ങളെടുത്തു. അവര്‍ തമ്മില്‍ വലിയ അടുപ്പമുണ്ടായി.
എന്റെ പുസ്തകങ്ങളെല്ലാം സ്വന്തമായി വാങ്ങി വായിച്ചു. ‘ഭൂമിശ്മശാനം’ എന്ന കൃതി തമിഴിലേക്ക് തര്‍ജമ ചെയ്തു. ചില പദപ്രയോഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു. പോകാനായില്ല. കുറേഭാഗങ്ങള്‍ അയച്ചു തന്നു. സ്വന്തമായി പുസ്തകപ്രസാധകനെ കണ്ടെത്താന്‍ ശ്രമിച്ചു. ഞാന്‍ കൂടി താല്‍പര്യമെടുത്തിരുന്നെങ്കില്‍ നടക്കുമായിരുന്നു. എന്തോ അന്ന് അങ്ങനെ തോന്നിയില്ല. എന്തായി എന്ന് ഒരിക്കല്‍ പോലും അന്വേഷിച്ചില്ല. 2000ന്റെ തുടക്കത്തില്‍ വന്ന പല ഇന്റര്‍വ്യൂകളില്‍ ഈ നോവലിന്റെ തര്‍ജമയെകുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. തുടയെല്ല് എന്ന എന്റെ കഥ തമിഴിലാക്കി. മറ്റു ചില കഥകള്‍ക്കൊപ്പം പുസ്തകമാക്കി അയച്ചു തന്നു. കിട്ടിയെന്നു പോലും ഞാന്‍ വിളിച്ചുപറഞ്ഞില്ല. പല മാതിരി പ്രശ്‌നങ്ങളില്‍ പെട്ടു കിടന്നിരിക്കുകയായിരിക്കണം ഞാന്‍.
രണ്ടു വര്‍ഷം മുന്‍പ് ഞാന്‍ കോട്ടയത്തേയ്ക്ക് സ്ഥലംമാറുന്നതു വരെ ആ ബന്ധം തുടര്‍ന്നു. ആര്‍സിസിയില്‍ ചികില്‍സയിലായിരുന്നത് അറിഞ്ഞില്ല. ചാലയില്‍ അദ്ദേഹത്തിന്റെ സുഹൃത്തുമായുണ്ടായിരുന്ന കണക്ഷനും പൊയ്‌പ്പോയിരുന്നു.
മലയാളം അദ്ദേഹത്തെ ശ്രദ്ധിച്ചു. ഏറ്റെടുത്തില്ല. എഴുതിയതെല്ലാം മലയാളികളുടെ കഥയായിരുന്നു. പൂവാര്‍ കലാപത്തെ കുറിച്ച് നോവലെഴുതി. പഴയ തിരുവിതാംകൂറിനെ കുറിച്ചെഴുതി. സാധാരണക്കാരുടെ ഭാഷ പ്രയോഗിച്ചു. നിരുപകരെ വിശ്വസിച്ചില്ല. പോരാടി. സ്വന്തം പുസ്തകങ്ങളെല്ലാം ആദ്യപതിപ്പുകള്‍ സ്വയം അച്ചടിച്ചു. ബുദ്ധിജീവികളും യാഥാസ്ഥിതികരും എതിര്‍ത്തു. കണക്കാക്കിയില്ല. എഴുത്തുകാരന്‍ വിപ്ലവകാരിയായിരിക്കണമെന്ന് വിശ്വസിച്ചു. പച്ചമനുഷ്യനായിരുന്നു. ഒരു നാട്യവും ഇക്കാലത്തിനിടയില്‍ കണ്ടില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന് നല്ലതു വരട്ടെ.
You must be logged in to post a comment Login