നിര്‍ജീവമായ ഭൂമി ജനങ്ങള്‍ക്ക് ദൃഷ്ടാന്തമാണ്. നാം അതിനെ ജീവിപ്പിക്കുകയും അവര്‍ ഭക്ഷിക്കുന്ന ധാന്യങ്ങള്‍ ഉല്പാദിപ്പിക്കുകയും ചെയ്തു. ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങള്‍ നാം അതില്‍ സംവിധാനിച്ചു. അവയ്ക്കിടയില്‍ അരുവികളുണ്ടാക്കി. അതിന്റെ ഫലങ്ങളില്‍നിന്നും അവര്‍ വിളയിച്ചുണ്ടാക്കുന്നതില്‍നിന്നും അവര്‍ക്ക് ഭക്ഷിക്കാന്‍ വേണ്ടി. എന്നിട്ടുമവര്‍ നന്ദികാണിക്കാത്തതെന്ത്!(യാസീന്‍ 33, 34).
ഭൂമിയും വിഭവങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ജീവിവര്‍ഗത്തിന്റെ ആവാസവും പ്രപഞ്ച സ്രഷ്ടാവിന്റെ ആസ്തിക്യത്തിനു പ്രമാണമായി ചൂണ്ടിക്കാണിച്ചിരിക്കുകയാണിവിടെ. സ്വയം മുളച്ചുണ്ടാകുന്ന ഫലങ്ങള്‍ക്കു പുറമെ, മനുഷ്യര്‍ കൃഷി ചെയ്തുണ്ടാക്കുന്നവയും ദൈവാസ്തിക്യത്തിന്റെ ദൃഷ്ടാന്തമാണെന്നാണ് ഉപരി സൂക്തത്തിലെ ‘വമാ അമിലത്ഹു’ എന്ന വാക്കിന്റെ പ്രസിദ്ധ വ്യാഖ്യാനം. ഒരാള്‍ കൃഷി ചെയ്യുന്നത് അന്നം നിര്‍മിക്കാന്‍ മാത്രമല്ല- അതിനു കഴിവുനല്കിയ, വിത്ത് മുളപ്പിക്കുന്ന, പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് സംരക്ഷിച്ച് കായ്ഫലം സൃഷ്ടിക്കുന്ന അല്ലാഹുവിനെ അറിഞ്ഞു വണങ്ങാനും വിശ്വാസം ദൃഢീകരിക്കാനുമാണെന്ന് സാരം. വിശ്വാസിയും കൃഷി ചെയ്ത് ഭൂമിയെ ചൈതന്യവത്താക്കുന്നതും തമ്മിലുള്ള ബന്ധം എത്രമാത്രമാണെന്ന് ഇതില്‍നിന്ന് മനസിലാക്കാം.
മനുഷ്യവാസം ഭൂമിയിലാണ് അല്ലാഹു നിശ്ചയിച്ചത്. അവര്‍ക്ക് ജീവിക്കാന്‍ വായുവും ഭക്ഷണവും വെള്ളവും വേണം. ഇവ വേണ്ട വിധം സംരക്ഷിക്കേണ്ടതും ആവശ്യമെങ്കില്‍ പുഷ്ഠിപ്പെടുത്തേണ്ടതും മനുഷ്യരുടെ ബാധ്യതയാണ്. ശ്വസിക്കാനുള്ള ഓക്സിജന്‍ ദൈവം തയാറാക്കിവെച്ചിട്ടുണ്ട്. വെള്ളവും സ്രഷ്ടാവിന്റെ ദാനമായി ഇവിടെയുണ്ട്. ഈ വിഭവങ്ങള്‍ പരകോടി ജനങ്ങള്‍ക്കും മറ്റു ജീവികള്‍ക്കും ഉപയോഗിക്കാനുള്ളത്ര അളവില്‍ നിര്‍മിച്ചെടുക്കാന്‍ മനുഷ്യര്‍ക്കാവില്ല. അല്ലാഹു ചോദിക്കുന്നതിങ്ങനെ: ‘നിങ്ങള്‍ കുടിച്ചുകൊണ്ടിരിക്കുന്ന ജലം നിങ്ങളാണോ അതോ നാമാണോ മേഘത്തില്‍നിന്ന് ഇറക്കിയതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?’ (വാഖിഅ 68, 69). നാം ഉപയോഗിക്കുന്ന വെള്ളം ഭൂമിയില്‍ ആഴ്ന്നിറങ്ങിപ്പോയാല് ആരതിനെ തിരിച്ചു കൊണ്ടുവന്ന് തരുമെന്നും അല്ലാഹു ചോദിക്കുന്നുണ്ട് (മുല്‍ക് 30). നമുക്കേറെയൊന്നും നിയന്ത്രിക്കാനാവാത്ത വായുവും വെള്ളവും നന്നായി പരിരക്ഷിക്കുകയാണ് മനുഷ്യരുടെ ബാധ്യത. അംഗശുദ്ധിയടക്കം ആരാധനകള്‍ക്കു വെള്ളം അനിവാര്യമാകയാല്‍, ജലസംരക്ഷണം മതസംരക്ഷണത്തിന്റെ മൗലികഭാഗം തന്നെയാണ്.
അടിസ്ഥാനാവശ്യങ്ങളില്‍ ഏറെ പ്രാധാന്യമുള്ള അന്നം കൃഷിചെയ്യുന്നതിലാണ് മനുഷ്യര്‍ക്ക് കൂടുതല്‍ ഇടപെടലിന് സാധ്യതയുള്ളത്. ജനസംഖ്യാ വര്‍ധനവിനനുസരിച്ച് വിഭവങ്ങളും വളരണം. അതിന് കൃഷി വേണം, കൃഷിയിടങ്ങളും ജലസേചനമടക്കമുള്ള സൗകര്യങ്ങളും ഉണ്ടാവണം. കൃഷി, കൈതൊഴില്, കച്ചവടം, എന്നിവയാണ് അടിസ്ഥാന ജോലികള്‍. ഇവയില്‍ ഏറെ പുണ്യമുള്ളത് കൃഷിക്കു തന്നെയാണ് (ശറഹു മുസ്ലിം 5/480).
കര്ഷകന് തന്റെ അധ്വാനവും സമ്പത്തും മണ്ണിലിറക്കുന്നത് അല്ലാഹുവിനെ ഭരമേല്‍പ്പിച്ചുകൊണ്ടാണ്. രണ്ടും സമ്പൂര്‍ണമായി പാഴാവാം. എല്ലാ പ്രതീക്ഷയോടെയും സംതൃപ്തിയോടെയും വിളവെടുപ്പിനൊരുങ്ങുന്ന അവസരത്തില്‍ പോലും നഷ്ടപ്പെടാം. അതിനാല്‍ കര്ഷകന് സ്രഷ്ടാവിനെ അകമേ ധ്യാനിച്ച് വിത്തിറക്കുന്നു. എല്ലാം സമര്‍പ്പിക്കുന്ന സന്ദര്‍ഭമാണിത്. ഈ സമ്പൂര്‍ണ സമര്‍പ്പണമനസ്സ് സ്രഷ്ടാവിന് ഏറെ ഇഷ്ടമാണ്. ആലു ഇംറാന്‍ അധ്യായം 59ല്‍ ഈ ഇഷ്ടം അല്ലാഹു പ്രകടിപ്പിക്കുന്നു. തൊഴിലുകളില്‍ ഒന്നാം സ്ഥാനം കൃഷിക്കാണെന്നു പറയുന്നതിന്റെ കാരണം ഇതാണ്. കച്ചവടക്കാരുടെ ജീവന് നില നിര്ത്തിക്കൊണ്ടുപാകാനുള്ള അന്നത്തിന് കാര്‍ഷിക വൃത്തി തന്നെ വേണം. കച്ചവട സ്ഥാപനങ്ങളിലേക്ക് ധാന്യങ്ങളും ആഹാര വസ്തുക്കളും എത്തിച്ചേരുന്നത് അര്‍പ്പണ ബോധമുള്ള കര്‍ഷകന്റെ തീവ്ര കഠിനാധ്വാനം കൊണ്ടാണ്. ഇതു മാത്രമല്ല, കൃഷിയിടത്തില്വെച്ചും അല്ലാതെയും നിരവധി ജീവികള്‍ക്ക് വയറ് നിറയുന്നു. അവയുടെ ജീവിതം നിലനിന്നു പോകുന്നതിനു കര്ഷകന് കാരണക്കാരനാവുന്നത് ചെറിയ കാര്യമാണോ? നബി(സ്വ) പറഞ്ഞു: ഒരു ഫലവൃക്ഷം നട്ടുപിടിപ്പിച്ച വിശ്വാസിക്ക്, അതില്‍ നിന്ന് ആരു ഭക്ഷിക്കുന്നതും ദാനമാണ്. കട്ടുകൊണ്ടുപോകുന്നതും മൃഗങ്ങളും പക്ഷികളും തിന്നുന്നതും ധര്‍മമാണ്. ഉപയോഗം കൊണ്ട് കുറഞ്ഞു പോവുന്നതും ദാനമാണ് (മുസ്ലിം).
ഇതിലപ്പുറം മറ്റെന്താണ് ഒരു കര്ഷകന് വേണ്ടത്. പുരുഷന് ഏറ്റവുമധികം ബന്ധപ്പെട്ടു നില്‍ക്കേണ്ട കാരുണ്യവും കരുതലും നല്‍കേണ്ട, ശ്രദ്ധാപൂര്‍വം പരിചരിക്കേണ്ട ഭാര്യയെ ഖുര്‍ആന്‍ സമീകരിക്കുന്നത് കൃഷിയിടത്തോടാണ്(2/223). മനുഷ്യനും കൃഷിയും അവരുടെ ഇണതുണകളും എപ്രകാരം ബന്ധപ്പെട്ടു നില്‍ക്കുന്നുവെന്ന് ഇതിലൂടെ മനസിലാക്കാം. ഇണയെ വേണ്ടവിധം പരിചരിച്ച് സ്നേഹിച്ച് ആവശ്യമായ സൗകര്യങ്ങള്‍ നല്കി കൈകാര്യം ചെയ്താലേ ജീവിതം സുഭഗമായി മുന്നേറുകയുള്ളൂ എന്നതു പോലെ, കൃഷിയെയും കൃഷിയിടത്തെയും യഥാവിധി പരിചരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തെങ്കിലേ ഭൂവാസം മനോഹരമായി മുന്നോട്ടുപോവുകയുള്ളൂ. കൃഷിയിടത്തില്‍ നിന്നു അന്നം മാത്രമല്ല സന്തോഷവും വിളവെടുക്കുന്നു. ഇതുപോലെ സന്താനങ്ങള്‍ മാത്രമല്ല സമാധാനം കൂടി ഭാര്യാ, ഭര്‍തൃജീവിതത്തിന്റെ വിളവാണെന്ന് ഖുര്‍ആന്‍ ഭംഗിയായി പറഞ്ഞുവെക്കുന്നു.
കൃഷി ദാനമാണെന്ന് തിരുനബിയുടെ(സ്വ) വാക്യത്തിന്റെ പൊരുളിനെക്കുറിച്ച് പണ്ഡിതന്മാര് വിശദീകരിച്ചിട്ടുണ്ട്. കൃഷിയും ഫലവൃക്ഷവും നിലനില്‍ക്കുന്ന കാലമത്രയും ദാനമായിരിക്കുമെന്നാണ് ഉംദദതുല്ഖാരി (12/ 155) രേഖപ്പെടുത്തുന്നത്.
ഒരാള്‍ നട്ട മരത്തില്‍ നിന്ന് മുളച്ചുണ്ടാകുന്ന മറ്റു മരങ്ങളിലെ ഫലങ്ങളും അദ്ദേഹത്തിനു ധര്‍മമാണ്(ശറഹു മുസ്ലിം 5/480).
കര്ഷകന് മരണപ്പെട്ടാലും വസ്തു അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ നിന്നു മാറിയാലുമൊന്നും പുണ്യം നഷ്ടപ്പെടില്ല (ഫത്ഹുല്‍ബാരി 5:4). തൊഴിലാളികളെ ഉപയോഗപ്പെടുത്തി കൃഷിയെടുക്കുന്നവര്ക്കും ഇതൊക്കെ ലഭിക്കുമെങ്കിലും, സ്വയം അധ്വാനിക്കുന്നവര്‍ക്ക് രണ്ടു വിധേന ഫലം ലഭിക്കുമെന്നാണ് ശറഹുല്‍മുഹദ്ദബ് (9/59) രേഖപ്പെടുത്തുന്നത്. നിങ്ങള്‍ കൃഷി ചെയ്യുവീന്‍ എന്നു നബി(സ്വ) കല്പ്പിച്ചിട്ടുണ്ട്. നിര്‍ജീവമായി ഭൂമികള്‍ കൃഷിയോഗ്യമാക്കുന്നയാള്ക്ക് അത് ഉടമപ്പെടുത്താന്‍ പോലും മാര്‍ഗങ്ങളുണ്ട്. ഒരാള്‍ നടത്തിയ കൃഷി ഹരിതാഭമായിരിക്കുന്ന കാലമത്രയും മാലാഖമാര്‍ അദ്ദേഹത്തിനു വേണ്ടി കുറ്റവിമുക്തി തേടും. എത്രത്തോളമെന്നാല്‍ അന്ത്യദിനത്തിന്റെ അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ട നിര്‍ണായക സന്ദര്‍ഭത്തിലും ഒരാള്‍ക്ക് ലഭിച്ച ഒരു വിത്ത് അദ്ദേഹം നട്ടുപിടിപ്പിച്ചാല്‍ അതിനു പോലും പ്രതിഫലം കിട്ടുമെന്ന് പ്രവാചകന് ഓര്‍മപ്പെടുത്തി. ആശയ പ്രതിയോഗികള്‍ കാര്യങ്ങള്‍ യുദ്ധാവസ്ഥയിലേക്ക് വലിച്ചിഴച്ച സന്ദര്‍ങ്ങളില്‍ പോലും പ്രവാചകന് സഖാക്കളോട് പറഞ്ഞു: അവിടുത്തെ കൃഷിയിടങ്ങള്‍ അലങ്കോലപ്പെടാനിടയാവരുത്. കൃഷി എത്ര ഉദാത്തമാണെന്ന് പറയാന്‍ ഇനിയും എന്തിനേറെ വാക്കുകള്‍!
ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി
You must be logged in to post a comment Login