തിരൂരങ്ങാടി താലൂക്കിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള നന്നമ്പ്ര പഞ്ചായത്തിലാണ് കുണ്ടൂര്‍ നമ്പിടിപ്പറമ്പത്ത് കുഞ്ഞി മുഹമ്മദിന്റെയും പത്‌നി ഖദീജയുടെയും മകനായി 13-07-1935ല്‍ കുണ്ടൂരുസ്താദ് എന്ന കുണ്ടൂര്‍ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ജനിക്കുന്നത്. ഉമ്മയുടെ നാടാണ് തിരൂരങ്ങാടി. നാട്ടാചാരപ്രകാരം ഉമ്മയുടെ വീട്ടില്‍ വെച്ചാണ് പ്രസവം.
ഉസ്താദിന്റെ അഞ്ചോ ആറോ തലമുറകള്‍ക്കു മുമ്പ് വളപട്ടണത്തു നിന്ന് മത പ്രബോധനത്തിനും വിജ്ഞാന സേവനത്തിനുമായി തിരൂരങ്ങാടിയിലെത്തി ചേര്‍ന്നവരാണ് നന്നമ്പ്ര കുടുംബം.
പണ്ഡിതന്മാരും അല്ലാത്തവരും ഒരു പോലെയുണ്ടായിരുന്നു കുടുംബത്തില്‍. പിതാവ് കുഞ്ഞഹമ്മദടക്കം പിതാക്കന്മാരെല്ലാം അറിവും ഭക്തിയും വിനയവും ഒന്നിച്ചവരായിരുന്നു. ചിലര്‍ മത പണ്ഡിതരും. മാതാവിന്റെ കുടുംബം തിരൂരങ്ങാടിയിലെ അറിയപ്പെട്ട ചെനക്കല്‍ പണ്ഡിത കുടുംബവും. 1400 വര്‍ഷങ്ങളോളം പഴക്കമുള്ള മാലിക് ബ്‌നു ദീനാറിന്റെ കൂടെയുള്ളവരിലേക്ക് ചെന്നെത്തുന്ന കുടുംബമാണ് പിതാവിന്റേത്. വല്ലിപ്പ അഹ്മദ് മൊല്ല അറിയപ്പെട്ട ഖുര്‍ആന്‍ പണ്ഡിതനും. ഈ പശ്ചാത്തലം ഉസ്താദിന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
പിതാവ് കുഞ്ഞഹമ്മദില്‍നിന്ന് പകര്‍ന്നു കിട്ടിയ പണ്ഡിത പൈതൃകം കാരണം കുറച്ചു കാലം വിജ്ഞാന സേവനവുമായി അദ്ദേഹം കഴിച്ചു കൂട്ടി. രണ്ടര വയസ്സുള്ളപ്പോള്‍ തന്നെ പിതാവ് മരിച്ചു. ഇളം പ്രായത്തില്‍ വലിയ ഭക്തിയും സൂക്ഷ്മതയും നിറഞ്ഞ ജീവിതം നയിച്ചു. കളി തമാശകളില്‍ ഏര്‍പ്പെടാതെയും അനാവശ്യങ്ങളില്‍ തലയിടാതെയും ചിട്ടയോടു കൂടെ അദ്ദേഹം ജീവിച്ചു. പ്രാഥമിക വിദ്യാഭ്യാസം മാതാപിതാക്കളില്‍ നിന്നു തന്നെയായിരുന്നു നേടിയിരുന്നത്. വ്യവസ്ഥാപിതമായ പഠനം ആരംഭിക്കുന്നത് ഈസ്റ്റ് ബസാറില്‍ അഹ്മദ് മൊല്ലയുടെ ഓത്തു പള്ളിയില്‍ നിന്നും ഭൗതിക വിദ്യാഭ്യാസം തിരൂരങ്ങാടി എല്‍. പി സ്‌കൂളില്‍ നിന്നുമായിരുന്നു. സ്‌കൂളിനോടു ചേര്‍ന്നു തന്നെ കുഞ്ഞായ്മന്‍ മൊല്ലയുടെ ഓത്തു പള്ളിയുണ്ടായിരുന്നതിനാല്‍ ഓത്ത് മുടങ്ങിയിരുന്നില്ല.
അഞ്ചാംതരം പഠനം കഴിഞ്ഞ് വലിയ പണ്ഡിതനായ കെ. എം. എസ്. എ പൂക്കോയ തങ്ങള്‍ക്കു കീഴില്‍ ഇരുമ്പുചോലയില്‍ ദര്‍സുജീവിതം തുടങ്ങി. ആ സമയം അവിടെ നൂറോളം കുട്ടികള്‍ പഠിക്കുന്നുണ്ടായിരുന്നു. ഏതാനും വര്‍ഷത്തെ പഠനത്തിനു ശേഷം കെ. എം. എസ്. എ പൂക്കോയ തങ്ങള്‍ ഹജ്ജിനു പോയപ്പോള്‍ ജന്മനാട്ടിലേക്കു തന്നെ തിരിച്ചു പോന്നു.
പിന്നീട് മക്കയിലും മദീനയിലുമെല്ലാം പഠിച്ച അരിപ്ര മൊയ്തീന്‍ ഹാജി ബാഖവിയുടെ ശിഷ്യനായിരുന്ന വിഖ്യാത പണ്ഡിതന്‍ കരിങ്ങനാട്ട് മുഹമ്മദ് മുസ്ലിയാരുടെ അടുത്ത് ഒരു വര്‍ഷം പഠിച്ചു. ശേഷം പട്ടാമ്പിയിലെ വലിയ ജുമുഅത്ത് പള്ളിയില്‍ പഠനം തുടര്‍ന്നു. ഫത്ഹുല്‍ മുഈന്‍ പൂര്‍ത്തിയാക്കിയത് ഇവിടെ നിന്നായിരുന്നു. തുടര്‍ന്ന് വൈലത്തൂരില്‍. വൈലത്തൂരിലെ പഠനകാലത്തെ ഉസ്താദിന്റെ സഹപാഠിയായിരുന്നു വൈലത്തൂര്‍ ബാവ മുസ്ലിയാര്‍.
പ്രസിദ്ധ പണ്ഡിതനായ ഇരിങ്ങല്ലൂര്‍ അലവി മുസ്ലിയാര്‍ക്കു കീഴില്‍ ക്ലാരി പാലച്ചിറമാടിലാണ് പഠനം തുടര്‍ന്നത്. ക്ലാരിയില്‍ പഠിക്കുന്ന കാലത്താണ് മുതഅല്ലിമില്‍ നിന്ന് മുദരിസ്സിലേക്ക് ചുവട് മാറുന്നത്. 1962 ന്റെ അവസാനത്തില്‍ 24ാം വയസ്സില്‍ ക്ലാരി ചെനക്കലില്‍ മുദരിസ്സായി സേവനമനുഷ്ഠിക്കാന്‍ തുടങ്ങി. അവിടെ അധ്യാപനം നടത്തി ഒന്നര വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് ബാഖിയാത്തില്‍ മുത്ത്വവ്വല്‍ പഠനത്തിന് പോകാന്‍ മോഹമുദിക്കുന്നത്. അന്ന് ബാഖിയാത്തിന് ദക്ഷിണേന്ത്യയില്‍ അതുല്യ സ്ഥാനമുണ്ടായിരുന്നു.
ദര്‍സ് അധ്യാപനം
ക്ലാരി ചെനക്കലില്‍ പുതിയ മസ്ജിദ് നിര്‍മിച്ചപ്പോള്‍ അതിനോടൊപ്പം ദര്‍സും തുടങ്ങണമെന്ന അഭിപ്രായം ജനങ്ങള്‍ മുന്നോട്ടു വെച്ചു. പ്രാപ്തനായ ഒരു മുഅല്ലിമിനെ ആവശ്യപ്പെട്ട് ജനങ്ങള്‍ ഇരിങ്ങല്ലൂര്‍ അലവി മുസ്ലിയാര്‍ക്കു മുമ്പില്‍ ചെന്നു. പ്രശ്‌ന സങ്കീര്‍ണങ്ങളായ മുസ്ലിം മഹല്ലുകള്‍ എപ്പോഴും ശാന്തമാക്കുന്നത് കൃത്യമായി ഇടപെടുന്ന പണ്ഡിതരുടെ സാന്നിധ്യമാണ്. ഇരിങ്ങല്ലൂര്‍ അലവി മുസ്ലിയാരുടെ നിര്‍ദേശ പ്രകാരം അവര്‍ പക്വതയും പാകതയുമുള്ള ക്ഷമാശീലനായ കുണ്ടൂരുസ്താദിനെ മുദരിസ്സായി തിരഞ്ഞെടുത്തു. ഒന്നര വര്‍ഷമാണ് ആദ്യ ഘട്ടം ദര്‍സ് നടത്തിയത്. അതിനുശേഷം ബാഖിയാത്തിലേക്ക് ഉന്നത വിദ്യഭ്യാസത്തിനു പോയ ഉസ്താദ് 1965 ല്‍ തിരിച്ചുവന്ന് വീണ്ടും അധ്യാപനം തുടര്‍ന്നു.
സാമൂഹിക സേവന രംഗത്തെ ഇടപെടലുകള്‍
മുദരിസ് ജീവിതത്തിനിടയിലാണ് സേവന ലോകത്തേക്ക് ഉസ്താദിറങ്ങുന്നത്. സാമൂഹിക പ്രവര്‍ത്തനവും സേവനങ്ങളുമാണ് സൂഫിസത്തിന്റെ മുഖ്യധാരയെന്ന ജീവിത ശൈലിയിലേക്ക് ഉസ്താദ് വരുന്നത് ക്ലാരിയില്‍ നിന്നാണ്. അധ്യാപന കാലത്തു തന്നെ പരിസര പ്രദേശങ്ങളിലായി പത്തോളം പള്ളികള്‍ നിര്‍മിക്കാന്‍ ഉസ്താദ് നേതൃത്വം നല്‍കി. പ്രകൃതിപരമായ സേവനതല്‍പരത കൊണ്ടും പെരുമണ്ണ ക്ലാരിയിലും പരിസരങ്ങളിലുമായി ധാരാളം പള്ളികള്‍, മദ്രസകള്‍, സ്‌കൂളുകള്‍, റോഡുകള്‍ തുടങ്ങിയവ കുണ്ടൂരുസ്താദ് സ്വന്തം പരിശ്രമത്താല്‍ നിര്‍മിച്ചു. ജലക്ഷാമമുള്ളയിടങ്ങളില്‍ കുളങ്ങളും കിണറുകളും നിര്‍മിച്ചു.
വ്യക്തിതാല്‍പര്യങ്ങളോ സാമ്പത്തിക താല്‍പര്യങ്ങളോ ഉസ്താദിന്റെ സേവനങ്ങള്‍ക്ക് മാനദണ്ഡമായിരുന്നില്ല. വൈജ്ഞാനിക സാമൂഹിക പുരോഗതി ദേശത്തിനുണ്ടായിത്തീരുന്നതിലായിരുന്നു ഉസ്താദ് ശ്രദ്ധ വെച്ചത്.
ദര്‍സ് ആരംഭിച്ച് 1987 ല്‍ ക്ലാരി വിട്ട് കുണ്ടൂരിലേക്ക് വരുന്നതുവരെ ആ ഗ്രാമത്തിന്റെ എല്ലാമെല്ലാമായിരുന്നു ഉസ്താദ്. പള്ളികളുടെയും മദ്രസ്സകളുടെയും പ്രസിഡന്റ് എന്ന നിലയില്‍ ഒരു ദേശക്കാരനായ മുദരിസ്സിനേക്കാള്‍ എന്തുകൊണ്ടും നാട്ടുകാരുമായി അടുപ്പം പാലിക്കാന്‍ ഉസ്താദിന് കഴിഞ്ഞിരുന്നു. മരണം വരെ ക്ലാരി പ്രദേശത്തെ പ്രവര്‍ത്തനങ്ങളെല്ലാം ഉസ്താദിനോടന്വേഷിച്ചായിരുന്നു നടത്തിയിരുന്നത്.
സ്വന്തം വിദ്യാര്‍ഥികളുടെ പഠനാന്തരീക്ഷം എങ്ങനെയെന്ന് മനസിലാക്കുന്ന ഉസ്താദ്, സഹായം ആവശ്യമുള്ളവരെ വേണ്ട വിധം പരിഗണിച്ചിരുന്നു. കുണ്ടൂര്‍ ദേശത്തെ വിദ്യാര്‍ഥികളുടെ പഠന കാര്യങ്ങളിലും സജീവ ശ്രദ്ധപുലര്‍ത്തിയിരുന്നു. ഉപരിപഠനത്തിനാവശ്യമായ സംവിധാനങ്ങള്‍ ചോദിച്ചറിഞ്ഞ് ചെയ്യുമായിരുന്നു.
ഗരീബ് നവാസ് ഖാജാ മുഈനുദ്ധീന്‍ ചിശ്തിയെ അനുസ്മരിപ്പിക്കും വിധം സാമൂഹ്യ സേവനങ്ങളിലും കാരുണ്യ പ്രവര്‍ത്തനങ്ങളിലും ഉസ്താദ് നിരന്തരമായ ഇടപെട്ടു. മിക്കവയും ഒരു മുഅല്ലിമിന്റെ ഉത്തരവാദിത്തങ്ങള്‍ക്കപ്പുറത്തായിരുന്നു.
വേണ്ടത്ര സാമ്പത്തിക ഭദ്രത ഉണ്ടാകാതിരുന്ന കാലത്താണ് ഉസ്താദിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭൂരിപക്ഷവും നടന്നത്. ഇന്ന് കാണുന്ന സാമ്പത്തിക സുസ്ഥിരത കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഉണ്ടായതാണ്. അതിനുമുമ്പുള്ള കാലം പട്ടിണിയുടെയും ക്ഷാമത്തിന്റെയും ഇല്ലായ്മയുടെയും കാലമായിരുന്നു. സാക്ഷരതയും ഭക്ഷ്യസുരക്ഷയും അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലായിരുന്നു. എഴുപതുകളില്‍ ഗള്‍ഫിലുണ്ടായ ‘ഓയില്‍ ബൂമാ’ണ് കേരളത്തിനെ റല്‌ലഹലുലറ േെമലേ ആക്കി മാറ്റുന്നത്. ഗവണ്‍മെന്റ് സഹായത്തിനു കാത്തു നില്‍ക്കാറില്ല. തകര്‍ന്നു കിടക്കുന്ന റോഡുകള്‍ നന്നാക്കാന്‍ രണ്ടോ മൂന്നോ മണ്‍വെട്ടികളും കുട്ടകളുമായി അങ്ങാടിയിലേക്കിറങ്ങും. ഉസ്താദിന്റെ കൂടെ ദര്‍സ് വിദ്യാര്‍ഥികളും സ്‌നേഹജനങ്ങളും കൂടും. ഉസ്താദിനെ കാണാനായി ദൂരദേശങ്ങളില്‍ നിന്ന് വന്നവര്‍ പോലും വസ്ത്രം മാറ്റി പണിക്കിറങ്ങും. പലപ്പോഴും റോഡ് നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി തിരഞ്ഞെടുക്കുക ആളുകള്‍ ഉപേക്ഷിച്ചു തുടങ്ങിയ സഞ്ചാര യോഗ്യമല്ലാത്ത പൊടിയും ചേറും കുണ്ടും കുഴിയും നിറഞ്ഞ റോഡുകളായിരിക്കും.
പണിക്കിറങ്ങിയവരില്‍ ഭൂരിഭാഗവും ഉസ്താദില്‍ നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിച്ചു വന്നവരായിരിക്കും. അവര്‍ക്ക് കൊടുക്കാന്‍ കൈയ്യില്‍ ഒന്നും ഉണ്ടാവാറില്ല. പക്ഷേ, പണി കഴിയുമ്പോഴേക്കും തന്നെ കാണാന്‍ വരുന്ന സമ്പന്നരില്‍ നിന്നും പണം ലഭിച്ചിട്ടുണ്ടാകും. ഉള്ളവനില്‍ നിന്നെടുത്ത് ഇല്ലാത്തവരിലേക്ക് കൈമാറുന്നു.
ചിലപ്പോള്‍ ബില്‍ഡിങ്ങുകളുടെ നിര്‍മാണ പ്രവര്‍ത്തനമായിരിക്കും കൂടെയുള്ളവരെക്കൂട്ടിക്കൊണ്ട് തുടങ്ങുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തൊഴിലാളിയായി ഉസ്താദും കൂടെ നില്‍ക്കും. ഗൗസിയ്യ യതീം ഖാന, അഗതിമന്ദിരം, മുസാഫര്‍ ഖാന തുടങ്ങിയവയെല്ലാം നിര്‍മിക്കാന്‍ ഉസ്താദും തൊഴിലാളിയായി ഉണ്ടായിരുന്നു. സുസ്ഥിരമായ ഒരു സാമ്പത്തികാടിത്തറ ഇല്ലാതെയാണ് ഇത്തരം ബൃഹത്തായ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നത്. ദാരിദ്ര്യം ഉച്ചിയിലെത്തി നില്‍ക്കുന്ന സമയത്തെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ‘തവക്കുല്‍’ ബോധം ഉണര്‍ത്തുന്നതിനും തങ്ങളുടെ കഴിവുകള്‍ തിരിച്ചറിയുന്നതിനും കാരണമായിട്ടുണ്ട്.
ജലക്ഷാമം രൂക്ഷമായ സന്ദര്‍ഭങ്ങളില്‍ തന്നെ കാണാന്‍ വരുന്നവരുടെ ആവശ്യം നിറവേറാന്‍ ഒരു കുടിവെള്ള സ്രോതസ്സ് ഒരുക്കി കൊടുക്കാനായിരിക്കും ആവശ്യപ്പെടുക. ഉസ്താദ് മുന്നിട്ടിറങ്ങി കുളങ്ങളും തോടുകളും വൃത്തിയാക്കുകയും എല്ലാവര്‍ക്കും ഉപകരിക്കുന്ന കിണറുകള്‍ കുഴിക്കുകയും ചെയ്യും. ജലക്ഷാമത്താല്‍ പാവപ്പെട്ടവര്‍ പ്രയാസത്തിലാകരുത് എന്ന ദീര്‍ഘവീക്ഷണത്താലായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍. ഇന്നും കുണ്ടൂരിനു പുറമേ മറ്റനേകം സ്ഥലങ്ങളില്‍ തീര്‍ത്തും സൗജന്യമായിട്ടു തന്നെ കുടിവെള്ളം നല്‍കി വരുന്നുണ്ട്.
ഉസ്താദ് പത്തിലേറെ മസ്ജിദുകള്‍ നിര്‍മിച്ചിട്ടുണ്ട്. മസ്ജിദ് യതീംഖാന, മസ്ജിദുത്തഖ്‌വ, മസ്ജിദ് മറിയം, മസ്ജിദ് ഹബീബ്, മസ്ജിദ് ബദ്‌രിയ്യ, അത്താണി മസ്ജിദ് ഗൗസിയ്യ, ചുള്ളിപ്പാറ മസ്ജിദ് ആസിയ, റാസല്‍ഖൈമ ദഅ്‌വ കാമ്പസ് മസ്ജിദ് അവയില്‍ ചിലതാണ്. ഇത്രയധികം മസ്ജിദുകള്‍ നിര്‍മിച്ചത് ഉസ്താദ് സ്വയം താല്പര്യമെടുത്തായിരുന്നു. പലപ്പോഴും അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഉസ്താദ് പങ്കാളിയായി. ഇസ്ലാമില്‍ മസ്ജിദുകള്‍ കേവലം ആരാധനയ്ക്കായുള്ള ഇടങ്ങള്‍ മാത്രമായിരുന്നില്ല. ഒരു സാംസ്‌കാരിക കേന്ദ്രവും സോഷ്യല്‍ ഹബ്ബുമായിരുന്നു.
മസ്ജിദുകള്‍ കേന്ദ്രീകരിച്ച് ഭക്ഷണ വിതരണം, നേര്‍ച്ച, വഅ്‌ള്, റബീഉല്‍ അവ്വലിനോടനുബന്ധിച്ചുള്ള 40 ദിവസം നീണ്ടു നില്‍ക്കുന്ന മൗലിദ് പാരായണം എന്നിവ നടപ്പാക്കുന്നതിലൂടെ സമൂഹത്തിലെ ഓരോ വീടുകളിലേക്കുമുള്ള ലിങ്കായിരുന്നു ഉസ്താദ് ശരിപ്പെടുത്തിയിരുന്നത്. അതുവഴി ജനങ്ങള്‍ക്കിടയിലെ ദാരിദ്ര്യത്തിന്റെ തോത് കുറക്കാന്‍ സാധിച്ചിട്ടുണ്ട്.
കടപ്പുറം ഭാഗത്ത് ജീവിക്കുന്നവരുടെ പ്രധാന വരുമാന മാര്‍ഗം കടലാണ്. പക്ഷേ, വര്‍ഷത്തിന്റെ പാതിയും അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കാനോ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനോ കഴിയാത്ത വറുതിയിലായിരിക്കും. ആ ഘട്ടത്തിലാണ് ഉസ്താദിന്റെ കീഴില്‍ അരി വിതരണവും മറ്റും നടക്കുക. താന്‍ ഇടപെടുന്ന സാമൂഹിക പരിസരത്തുള്ള കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ പ്രത്യേകം ഉസ്താദ് താല്പര്യമെടുക്കും. ഉന്നത പഠനം ആവശ്യമായവര്‍ക്ക് സഹായങ്ങള്‍ നല്‍കും. സംരക്ഷിക്കാനാളില്ലാത്ത അനാഥരും അഗതികളുമായ കുട്ടികള്‍ അവഗണിക്കപ്പെട്ടാല്‍ അവരായിരിക്കും സമൂഹത്തിലെ അപകടകാരികളായ അരാജകവാദികള്‍ എന്നു തിരിച്ചറിഞ്ഞ ഉസ്താദ് ഗൗസിയ്യ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ അവരെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു.
സാമൂഹിക പ്രവര്‍ത്തനം അങ്ങേയറ്റം പ്രശ്‌ന സങ്കീര്‍ണമാണ്. വിവിധ തുറകളിലുള്ള മനുഷ്യര്‍ ഒരുമിച്ചു വരിക എന്നത് തന്നെ വിവിധ പ്രശ്‌നങ്ങളുടെ തുടക്കമാണല്ലോ. മനുഷ്യോല്പത്തിയുടെ പ്രഥമ ചരിത്രം പറഞ്ഞ് (ഹാബീലും ഖാബീലും) ഖുര്‍ആന്‍ മനുഷ്യരെ ഈ വസ്തുത പഠിപ്പിച്ചിട്ടുണ്ട്. ഖുര്‍ആനിക ഭാഷ്യമനുസരിച്ച് മനുഷ്യരെല്ലാം പരസ്പരം പരീക്ഷണങ്ങള്‍ നേരിടുന്നവരാണ്. ഇത് മനസ്സിലാക്കാന്‍ ചുറ്റുപാടിലേക്കൊന്ന് കണ്ണോടിച്ചാല്‍ മതി. എന്നാല്‍ മനുഷ്യരെല്ലാം പരീക്ഷണങ്ങളാണെന്നു കരുതി അവരെ അകറ്റി നിറുത്തി ജീവിക്കാനുമല്ല ഇസ്ലാം പഠിപ്പിക്കുന്നത്. സ്‌നേഹിക്കാനും സഹായിക്കാനും അവര്‍ക്ക് കഴിയും വിധം സേവനം ചെയ്യാനും അതിനും കഴിയില്ലെങ്കില്‍ അറിവ് പഠിച്ച് അവര്‍ക്കത് പകര്‍ന്നു നല്‍കാനുമാണ്.
ജനസേവനം, അറിവാര്‍ജനം, അറിവ് പകര്‍ന്നു കൊടുക്കല്‍, ദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങിയ ഇസ്ലാമിന്റെ അന്തസ്സത്തകളെ, സമകാലിക ലോകത്ത് ജീവത്താക്കാന്‍ സാധിച്ച അപൂര്‍വ പ്രതിഭയാവാന്‍ കുണ്ടൂര്‍ ഉസ്താദിന്ന് സാധിച്ചുവെന്ന് എടുത്തുപറയേണ്ട വസ്തുതയാണ്.
മശ്ഹൂദ് മുഹമ്മദ് ഹുസൈനുല്‍ ഖാളിമി
You must be logged in to post a comment Login