1949 മെയ് 31, ചൊവ്വ. ഇപ്പോഴത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജനിക്കാന്‍ പിന്നെയും മൂന്നുകൊല്ലം ബാക്കിയുണ്ട്. ആറു പതിറ്റാണ്ടിലേറെ നീണ്ട ഐതിഹാസികമായ സമരങ്ങള്‍ക്കൊടുവില്‍ ഇന്ത്യ സ്വതന്ത്രമായിക്കഴിഞ്ഞു. സ്വതന്ത്രഇന്ത്യ, മതേതര ജനാധിപത്യ രാജ്യമാകാന്‍ തീരുമാനിച്ചു കഴിഞ്ഞു. ആ രാജ്യത്തിന് അത്തരം ആത്മാന്തസ്സുള്ള റിപ്പബ്ലിക്കാവാന്‍ ഒരു ഭരണഘടന വേണം. അതുണ്ടാക്കാന്‍ സമ്മേളിച്ചിരിക്കുകയാണ് രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നുള്ള ജനനേതാക്കളും ധിഷണാശാലികളും. ഭരണഘടനാ നിര്‍മാണ അസംബ്ലി എന്ന പേരില്‍ ഇന്ത്യയുടെ ആദ്യത്തെ പാര്‍ലമെന്റ്. ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷന്‍ ഡോ. ബി ആര്‍ അംബേദ്കറാണ്.
സംസ്ഥാനങ്ങള്‍ സംബന്ധിച്ച ചര്‍ച്ച കഴിഞ്ഞതാണ്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ പ്രകൃതം സംബന്ധിച്ചും ധാരണയായി. ഗവര്‍ണര്‍ പദവിയെക്കുറിച്ചുള്ള ചര്‍ച്ചയാണ് ആ ദിവസങ്ങളില്‍. ആരായിരിക്കണം ഗവര്‍ണര്‍? എന്തായിരിക്കണം യോഗ്യത? എന്തായിരിക്കണം അധികാരം? തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായി. പിന്നീടാണ് ഗവര്‍ണറെ നിയമിക്കേണ്ടതെങ്ങനെ എന്ന സുദീര്‍ഘ ചര്‍ച്ച നടന്നത്. തിരഞ്ഞെടുപ്പ് വേണോ നാമനിര്‍ദേശം വേണോ എന്ന തര്‍ക്കം ഉയര്‍ന്നു. അംഗങ്ങള്‍ തമ്മില്‍ അന്തസ്സാര്‍ന്ന സജീവ ചര്‍ച്ച. അപ്പോഴാണ് ബി ആര്‍ അംബേദ്കറുടെ ചരിത്രപ്രസിദ്ധമായ ഇടപെടല്‍. അതിങ്ങനെ വായിക്കാം:
”The Drafting Committee felt, as everybody in this House knows, that the Governor is not to have any kind of functions-to use a familiar phraseology, ‘no functions which he is required to discharge either in his discretion or in his individual judgment.’ According to the principles of the new Constitution he is required to follow the advice of his Minitsry in all matters. Having regard to this fact it was felt whether it was desirable to impose upon the electorate the obligation to enter upon an electoral process which would cost a lot of time, a lot o f trouble and I say a lot of money as well. It was also felt, nobody, knowing full well what powers he is likely to have under the Constitution, would come forth to contest an election. We felt that the powers of the Governor were so limited, so nominal, his position so.” ആരിഫ്ഖാന് മനസ്സിലാകാന്‍ ഇടയുള്ള ഭാഷയില്‍ പറഞ്ഞാല്‍ ഒരു പണിയുമില്ല ഗവര്‍ണര്‍ക്കെന്ന്; അഥവാ ഗവര്‍ണര്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ മുന്നില്‍ കയറി ഒന്നും ചെയ്യേണ്ടതില്ല എന്ന്.
ഭരണഘടനയുടെ പിതാവും മാതാവുമാണ് അക്ഷരാര്‍ഥത്തില്‍ ഭരണഘടനാ നിര്‍മാണ സഭയും അവിടെ നടന്ന സംവാദങ്ങളും. ഭരണഘടനയിലെ ഓരോ വാക്യവും എന്തര്‍ഥത്തില്‍ പ്രയോഗിച്ചതാണ് എന്നും അത് എങ്ങനെ വ്യാഖ്യാനിക്കണം എന്നതിനുമുള്ള ആധാരസൂത്രം ഈ സംവാദമാണ്. ആ സംവാദത്തില്‍ പ്രധാനപ്പെട്ട ഒന്നിനെ ഉപസംഹരിച്ചുകൊണ്ട് സാക്ഷാല്‍ അംബേദ്കര്‍ പറഞ്ഞ വാചകമാണ് നിങ്ങള്‍ വായിച്ചത്. സ്വതന്ത്രഇന്ത്യയുടെ ഭരണസംവിധാനങ്ങള്‍ പിന്തുടരാന്‍ പോകുന്നത് ആത്മാന്തസുള്ള ഒരു ഭരണസംവിധാനമാകുമെന്ന മുന്‍വിധി ഗവര്‍ണര്‍ പദവി സംബന്ധിച്ച ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നിരുന്നു. ചരിത്രത്തിന്റെ ഒരു ഘട്ടത്തിലും ആരിഫ്ഖാനെ പോലെ ഒരാള്‍ ഗവര്‍ണറാകുമെന്നോ തന്നെ ഗവര്‍ണറാക്കിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ചട്ടുകമായി പ്രവര്‍ത്തിച്ച് ഭരണഘടനയുടെ അന്തസ്സ് കെടുത്തുമെന്നോ അന്നത്തെ ധൈഷണികരും ജനാധിപത്യജീവികളുമായ മനുഷ്യര്‍ വിചാരിച്ചിരുന്നില്ല. അതിനാല്‍ ഗവര്‍ണര്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ എല്ലാം നിങ്ങള്‍ കാണുന്നത് ഒരു നാമമാത്ര ഭരണഘടനാ പദവിയാണ് ഗവര്‍ണര്‍ എന്ന വികാരമാണ്. അനുഭവിക്കാനോ പ്രയോഗിക്കാനോ അല്ല, ആദരിക്കാനും വണങ്ങാനും മാത്രമാണ് ഭരണഘടന ഗവര്‍ണര്‍ക്ക് അധികാരങ്ങള്‍ നല്‍കിയിരിക്കുന്നത്.
മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംങ് കോശിയാരിയെപ്പോലെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മകുടങ്ങളിലൊന്നായ, ജനാധിപത്യപരമായ തിരഞ്ഞെടുപ്പിനെ അട്ടിമറിച്ച് കുതിരത്തീറ്റ വിളമ്പുന്ന ഒരാള്‍ ഗവര്‍ണര്‍ എന്ന ഭരണഘടനാ പദവിയില്‍ എത്തുമെന്നും ഭരണഘടനാ അസംബ്ലിയില്‍ ഒന്നിച്ചിരുന്ന ആ മനുഷ്യര്‍ വിചാരപ്പെട്ടില്ല. അതിനാല്‍ അവര്‍ സ്വന്തം സംസ്ഥാനത്ത് ഒരാള്‍ ഗവര്‍ണറാകുന്നത് മാത്രം വിലക്കി. പ്രാദേശിക രാഷ്ട്രീയത്തില്‍ താല്‍പര്യം വരാതിരിക്കാനുള്ള ചെറിയ മുന്‍കരുതല്‍. അത് അതിസാധാരണമായ ഒരു കരുതല്‍ ആയിരുന്നു താനും.
അത്തരം അന്തസ്സാര്‍ന്ന മുന്‍വിധികള്‍ അട്ടിമറിക്കപ്പെടുന്നതാണ് സമീപവര്‍ഷങ്ങളില്‍, കൃത്യമായി പറഞ്ഞാല്‍, 2014 ലെ ബി ജെ പി ആരോഹണത്തിന് ശേഷം രാജ്യമൊട്ടാകെ ദൃശ്യമാവുന്നത്. തങ്ങള്‍ക്ക് അഹിതമുള്ള സംസ്ഥാനങ്ങളുടെ ജനാധിപത്യപരതയെ അട്ടിമറിക്കാന്‍ പലവിധ തന്ത്രങ്ങള്‍ പയറ്റുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക എന്ന പ്രാഥമിക മര്യാദ മറക്കുന്ന ഗവര്‍ണര്‍കൂട്ടങ്ങള്‍ പെരുകുന്നു. അതിലാകട്ടെ തെല്ലും അത്ഭുതമില്ല. ഉന്നത ഭരണഘടനാപദവികളില്‍ ഇരിക്കുന്നവര്‍ പാലിക്കേണ്ട പ്രാഥമിക മര്യാദകള്‍ ഇന്ത്യന്‍ ജനാധിപത്യ പാരമ്പര്യത്തില്‍ നിന്ന് ഉരുവാര്‍ന്നതാണ്. ആ പാരമ്പര്യത്തെ അംഗീകരിക്കാത്തവര്‍ ആ മര്യാദകളും അംഗീകരിക്കില്ലല്ലോ?
കേന്ദ്രസര്‍ക്കാരിന് സംസ്ഥാനങ്ങളോട് രാഷ്ട്രീയ വിയോജിപ്പ് ഉണ്ടാവുക സ്വാഭാവികമാണ്. അത് രാഷ്ട്രീയ വിയോജിപ്പായി മാത്രം തുടരുകയും ഫെഡറലിസത്തെ അതിന്റെ സവിശേഷ ഉന്നതിയില്‍ സ്ഥാപിക്കലും നടന്നുവന്നിരുന്നു. സംസ്ഥാനങ്ങളോടുള്ള കടുത്ത വിയോജിപ്പിന് ഗവര്‍ണര്‍മാരെ ഉപകരണമാക്കാന്‍ ചില ശ്രമങ്ങള്‍ കോണ്‍ഗ്രസ് ഭരണകൂടങ്ങളില്‍ നിന്ന് ഉണ്ടായി എങ്കിലും കാര്യമായി ഏശിയില്ല. കാരണം ഈ പദവിയും ആ പദവിയെ നിര്‍ണയിച്ച ഭരണഘടനയും തമ്മിലുള്ള അനുപമമായ ഒരു കെട്ടുപിണയല്‍ ആ പദവിയെ ചില ആത്മാന്തസുകളിലേക്ക് വഴി നടത്തിയിരുന്നു.
1960കളുടെ ഒടുവില്‍ പശ്ചിമ ബംഗാളില്‍ ധര്‍മവീര ഗവര്‍ണറായിരുന്ന കാലം ഓര്‍ക്കുക. നെഹ്റുവിന്റെ വലംകൈ ആയിരുന്ന ടെക്നോക്രാറ്റായിരുന്നു ധര്‍മവീര. അജോയ്കുമാര്‍ മുഖര്‍ജി കോണ്‍ഗ്രസിനെ പിളര്‍ത്തി ബംഗാളില്‍ സര്‍ക്കാരുണ്ടാക്കിയ കാലം. സി പി എം ആണ് ബംഗാളില്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി. അജോയ്കുമാറിനെ സി പി എം പിന്തുണച്ചു. ധര്‍മവീരയുടെ കളിയില്‍ രാഷ്ട്രപതി സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ടു. ഒരു ഫലവുമുണ്ടായില്ല. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലും അജോയ്കുമാര്‍ അധികാരത്തില്‍ വന്നു. നയപ്രഖ്യാപനത്തിലെ ഖണ്ഡിക വിഴുങ്ങി ധര്‍മവീര പകവീട്ടിയത് ചരിത്രം. അതും ഫലം കണ്ടില്ല. വിഴുങ്ങിയ ഭാഗവും നയപ്രഖ്യാപനത്തിന്റെ ഭാഗമാക്കി മാറ്റി പ്രമേയം പാസാക്കി നിയമസഭ. അതിനുള്ള അധികാരം സഭക്കുണ്ട്. അഥവാ ആരിഫ്ഖാന്‍ ബഡായി പറയുന്നതുപോലെ ഗവര്‍ണറുടെ കിടാങ്ങളോ അടിയാളരോ അല്ല ഒരു സംസ്ഥാനത്തെ ജനപ്രതിനിധികളും അവരുടെ സഭയും. ഇന്ത്യാ ചരിത്രത്തില്‍ ഗവര്‍ണര്‍മാരും നിയമസഭകളും യുദ്ധം കുറിച്ചപ്പോഴൊക്കെ നിയമസഭകള്‍ക്ക് മാത്രമായിരുന്നു വിജയം എന്നുകൂടി അറിയുക.
രാം ദുലാരി സിന്‍ഹയെ ഓര്‍ക്കുക. കോണ്‍ഗ്രസ് നേതാവായിരുന്നു. സ്വാതന്ത്ര്യസമര പോരാളിയാണ്. കേന്ദ്രമന്ത്രി ആയിരുന്നു. പരിണതപ്രജ്ഞ. കേരളം സാക്ഷ്യം വഹിച്ച ഗവര്‍ണര്‍-സഭാ പോരാട്ടത്തിന്റെ ഏറ്റവും സംഭവബഹുലമായ ദിനങ്ങളായിരുന്നു അത്. ഇ കെ നായനാരായിരുന്നു മുഖ്യമന്ത്രി. രാം ദുലാരിയെ പരസ്യമായി പോരിനുവിളിച്ചു പലപ്പോഴും നായനാര്‍. ദുലാരി ഇടഞ്ഞു. എന്തിനാണ് ഈ ഗവര്‍ണര്‍ പദവി എന്ന് ചോദിച്ച് നാണം കെടുത്തി നായനാര്‍. നിയമസഭ ശാസനാപ്രമേയം വരെ കൊണ്ടുവന്നു. കെ കരുണാകരനു വേണ്ടി നടത്തിയ വഴിവിട്ട കളികളാണ് നായനാര്‍ സര്‍ക്കാരിനെ ചൊടിപ്പിച്ചത്. ദുലാരിയുടെ കോണ്‍ഗ്രസ് കൂറ് വെളിപ്പെട്ടു. എസ് എഫ് ഐയും ഡി വൈ എഫ് ഐയും ഗവര്‍ണര്‍ക്കെതിരെ തെരുവിലിറങ്ങി. നയപ്രഖ്യാപനം നടത്താന്‍ പോലും സഭയില്‍ ദുലാരിയെ കയറ്റില്ല എന്ന് തീരുമാനിച്ചു സി പി എം. അങ്ങനെ തന്നെ സംഭവിച്ചു. പുതുവര്‍ഷത്തിന്റെ ആദ്യ സമ്മേളനത്തിലാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം വേണ്ടത്. പുതുവര്‍ഷത്തില്‍ സഭ തുടങ്ങിയില്ല. പകരം ഡിസംബറില്‍ ചേര്‍ന്ന് ജനുവരി വരെ നീട്ടി. ഒടുവില്‍ 1990 ഫെബ്രുവരി 12-ന് കാലാവധി കഴിയും വരെ രാം ദുലാരി സിന്‍ഹയെ നിലം തൊടാെത പറപ്പിച്ചു അന്നത്തെ സി പി എം സര്‍ക്കാര്‍.
സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഒരാളെ ഇങ്ങനെ ചെയ്യാമോ? ഇപ്പോള്‍ ആരിഫ്ഖാനും അയാളുടെ കളികള്‍ കണ്ട് വലകുലുക്കം സ്വപ്നം കാണുന്ന സംഘപരിവാറും ചോദിക്കുന്ന ചോദ്യമാണ്. അതിനുള്ള ഉത്തരമാണ് നാം തുടക്കത്തില്‍ വായിച്ച അംബേദ്കറുടെ വാക്കുകള്‍. തിരഞ്ഞെടുക്കണോ നാമനിര്‍ദേശം ചെയ്യണോ എന്ന അതിദീര്‍ഘ ചര്‍ച്ചക്ക് ഒറ്റവാക്കില്‍ അംബേദ്കര്‍ പറഞ്ഞ മറുപടി കുറിച്ചു വെക്കുക: ”എങ്ങനെ ആയാലെന്ത് വെറും നോമിനല്‍ അല്ലേ” എന്ന ഇനിയുള്ള കാലത്ത് എന്നും മുഴങ്ങേണ്ട ഒന്ന്.
പക്ഷേ, മറ്റൊന്നുണ്ട്. ധര്‍മവീര മുതല്‍ രാം ദുലാരി വരെ സംസ്ഥാനങ്ങളോട് ഇടഞ്ഞ ഗവര്‍ണര്‍മാരില്‍ നിന്ന് ആരിഫ് മുഹമ്മദ് ഖാന് ചില കടുത്ത വ്യത്യസ്തതകള്‍ ഉണ്ട്. മഹാരാഷ്ട്രയിലെ കോശിയാരിക്ക് ഉള്ളതിനേക്കാള്‍ വ്യത്യസ്തയുണ്ട് കേരളത്തിലെ ആരിഫ് മുഹമ്മദ് ഖാന്. ഒന്നാമതായി ഉന്നത ജനാധിപത്യത്തിന്റെ വര്‍ണാഭ ഭൂതകാലമുണ്ട് രാം ദുലാരിക്കും ധര്‍മവീരക്കും. അവര്‍ കാലാള്‍ രാഷ്ട്രീയം കളിച്ചത് കോണ്‍ഗ്രസിന് വേണ്ടിയാണ്. മറ്റെന്തു കുഴപ്പങ്ങള്‍ ഉണ്ടായിരുന്നപ്പോഴും ഇന്ത്യ എന്ന ആശയത്തോട് വലിയ കടപ്പാടുണ്ടായിരുന്നു കോണ്‍ഗ്രസിന് എക്കാലവും. ആരിഫ്ഖാനിലെത്തുമ്പോള്‍ അത് അങ്ങനെ അല്ല. മറിച്ച് രാഷ്ട്രീയത്തില്‍ സത്യസന്ധമായ ഒരു ഭൂതകാലം ഒരിക്കലും ഇല്ല ആരിഫ്ഖാന്. ജയിന്‍ ഡയറിക്കുറിപ്പുകള്‍ ഓര്‍ക്കുക. അടിവസ്ത്രം മാറുന്ന ലാഘവത്തോടെ രാഷ്ട്രീയ താവളങ്ങള്‍ കണ്ടെത്തിയ വെറും ഭാഗ്യാന്വേഷിയാണ് ആരിഫ്ഖാന്‍. നിനച്ചിരിക്കാതെ ലഭിച്ച എല്ലിന്‍ കഷ്ണം നായ്ക്കളെ കൂടുതല്‍ വാലാട്ടിക്കുമെന്നത് ജന്തുനിയമമാണ്. നിനച്ചിരിക്കാതെ വന്നുകിട്ടിയ ഗവര്‍ണര്‍ പദവിയും വരാനിരിക്കുന്ന എന്തും അദ്ദേഹത്തെ പ്രലോഭിപ്പിക്കുന്നുണ്ട്. രാം നാഥ് കോവിന്ദ് രാഷ്ട്രപതി ആയ വഴി ആരിഫ്ഖാനെ പ്രലോഭിപ്പിച്ചാല്‍ അത്ഭുതമെന്ത്?
മറ്റൊന്നുകൂടിയുണ്ട്. അജോയ് കുമാര്‍ മുഖര്‍ജി മുതല്‍ ഇ കെ നായനാര്‍ വരെയുള്ള മുഖ്യമന്ത്രിമാരോടും ബംഗാള്‍ മുതല്‍ കേരളം വരെയുള്ള സംസ്ഥാനങ്ങളോടും രാഷ്ട്രീയ യുദ്ധം നടത്താന്‍ ഗവര്‍ണര്‍മാരെ ഇറക്കിയത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായിരുന്നു. തോറ്റുപോകുമ്പോള്‍ ഇരുന്നിടം നശിപ്പിച്ച് ഇറങ്ങിപ്പോകുന്ന, ഈ രാജ്യത്തോടോ, ഈ രാജ്യത്തെ സൃഷ്ടിച്ച ഭരണഘടനയോടോ, ഈ രാജ്യത്തിന്റെ ആധുനിക ചരിത്രത്തില്‍ പങ്കില്ലാത്ത, രാഷ്ട്ര നിര്‍മാണത്തില്‍ ഒരിഷ്ടികയുടെ ഭാരം പോലും ചുമക്കാത്ത സംഘപരിവാറും കോണ്‍ഗ്രസും തമ്മില്‍ താരതമ്യങ്ങള്‍ ഇല്ല. അതിനാല്‍ ആരിഫ്ഖാന്‍ ഇനി തുടര്‍ന്നേക്കാവുന്ന കളികള്‍ക്ക് ഇപ്പോള്‍ നടത്തിയതിനേക്കാള്‍ അധമത്വം കൂടും എന്ന് ഉറപ്പിക്കാം. അംബേദ്കര്‍ പറഞ്ഞ ആ വാചകം; ചര്‍ച്ചയെന്തിന്? നോമിനല്‍ അല്ലേ എന്ന വാചകം ഉറക്കെ പറഞ്ഞാല്‍ പ്രതിരോധിക്കാവുന്നതേയുള്ളൂ.
കെ കെ ജോഷി
You must be logged in to post a comment Login