നിര്‍ഭാഗ്യകരമാം വിധം ശാന്തമാണ് ഇപ്പോള്‍ കേരളം. നിര്‍ഭാഗ്യകരമായ ശാന്തത എന്നത് ഒരു ക്രൂര റെട്ടറിക്കാണ്. മനുഷ്യാവസ്ഥകളിലെ അഥവാ ദേശാവസ്ഥകളിലെ ഏറ്റവും ഉന്നതവും അഭിലഷണീയവുമായ അവസ്ഥയായാണ് ശാന്തതയെ മനസ്സിലാക്കിപ്പോരുന്നത്. എല്ലാ മനുഷ്യ-ദേശാവസ്ഥകളും ബാഹ്യബലങ്ങളുടെ നിര്‍മിതിയാണെന്ന് നാം ഇപ്പോള്‍ വാദിച്ചുറപ്പിച്ചിട്ടുണ്ട്. ആ ബലങ്ങള്‍, അതായത് ഈ ശാന്തതയെ സൃഷ്ടിച്ച ബലങ്ങള്‍ വിനാശകരമായ ഒന്നാണെങ്കില്‍ ശാന്തതയും വിനാശകരമായിത്തീരും. അങ്ങനെയാണ് നാമിപ്പോള്‍ കേരളത്തെ നിര്‍ഭാഗ്യകരമായി ശാന്തതയെ സ്വീകരിച്ച തെരുവുകളുള്ള ഇടമായി മനസ്സിലാക്കുന്നത്.
ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യസമരമെന്ന് ഇപ്പോള്‍ ലോകം ഒട്ടാകെ മനസ്സിലാക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെക്കുറിച്ചാണ് കഴിഞ്ഞ നാളുകളില്‍ എന്നപോലെ ഇപ്പോഴും നാം സംസാരിക്കുന്നത്. ക്രൂരമായി സൃഷ്ടിക്കപ്പെട്ട ആ ശാന്തതയെ, സമരസപ്പെടലിനെ നമുക്കെങ്കിലും റദ്ദാക്കേണ്ടതുണ്ട്. അതിനാല്‍ നമുക്ക് അതേക്കുറിച്ച് മാത്രം സംസാരിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. അത്തരം സംസാരങ്ങള്‍ പൊതുമണ്ഡലത്തില്‍ ഭയാനകമായി കുറഞ്ഞുവരുന്നു എന്നതിനെക്കൂടിയാണ് നമ്മള്‍ തുടക്കത്തില്‍ നിര്‍ഭാഗ്യകരമായ ശാന്തത എന്ന് വിളിച്ചത്.
എന്താവാം അത്തരമൊരു കുറഞ്ഞുപോക്കിന്റെ രാസത്വരകം? പലനിലകളില്‍ വിശദീകരിക്കപ്പെടേണ്ട രാഷ്ട്രീയ മനോനിലയാണത്. ഇന്ത്യയുടെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമാം വിധം രാഷ്ട്രീയ സാക്ഷരത പലരൂപങ്ങളില്‍ ശക്തമായ ഒരിടമായാണല്ലോ കേരളം മനസ്സിലാക്കപ്പെടുന്നത്. അതിനാല്‍ ആ മനോനില രൂപപ്പെട്ടതിനെക്കുറിച്ച് നമ്മള്‍ ആലോചിക്കേണ്ടതുണ്ട്. കേരളീയ പൊതുമണ്ഡലത്തില്‍ അത്യാഴത്തില്‍ പ്രവര്‍ത്തിക്കുന്ന കക്ഷിരാഷ്ട്രീയം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തോട്, ആ നിയമം ഗുരുതരമായി ബാധിക്കാന്‍ പോകുന്ന ജനതയോട് ചെയ്ത ചതി എന്ത് എന്ന ഉത്തരത്തിനായാണ് നമ്മുടെ അന്വേഷണം പ്രവര്‍ത്തിക്കുന്നത്; പ്രവര്‍ത്തിക്കേണ്ടത്. കാരണം, രാജ്യവ്യാപകമായി പൗരത്വ പ്രക്ഷോഭം അതിശക്തമാണ്. ഈ കുറിപ്പെഴുതുമ്പോള്‍ അത്യസാധാരണമായ ഒരു സാഹചര്യം കൂടി ഈ വിഷയത്തില്‍ ഉരുത്തിരിഞ്ഞിരിക്കുന്നു. ലോക രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ അപൂര്‍വമായി മാത്രം നാം കണ്ടുമുട്ടിയിട്ടുള്ള ഐക്യരാഷ്ട്ര സഭയുടെ ഇടപെടലാണത്. ഒരു പരമാധികാര രാഷ്ട്രത്തിന്റെ ആഭ്യന്തര നിയമനിര്‍മാണത്തിനെതിരില്‍ അതേ രാഷ്ട്രത്തിന്റെ പരമോന്നത കോടതിയെ സമീപിക്കുക എന്ന അസാധാരണ നീക്കമാണ് ഐക്യരാഷ്ട്ര സഭ നടത്തിയിട്ടുള്ളത്. അത് സംബന്ധിച്ച സാങ്കേതിക വിശദാംശങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. പക്ഷേ, ലോകം ഇടപെടുന്നുണ്ട് എന്ന സൂചന ശക്തമാണ്.
പലായനം ചെയ്തുവരുന്ന മനുഷ്യരോട്, പീഡിതരോട് മതവിവേചനം കാട്ടുക എന്നത് അന്താരാഷ്ട്ര മനുഷ്യവകാശ ബോധ്യങ്ങളോടുള്ള വഞ്ചനയാണെന്ന നിഗമനമാണ് ഐക്യരാഷ്ട്ര സഭ നടത്തിയത്. നിങ്ങള്‍ക്ക് അറിയുന്നതുപോലെ ആധുനിക ലോകക്രമത്തില്‍ അത്ര ബലവത്തായ ഒരു സാന്നിധ്യമല്ല ഐക്യരാഷ്ട്ര സഭയുടേത്. നമ്മുടെ മനുഷ്യാവകാശ കമ്മീഷന്‍ എന്നൊക്കെ പറയുന്നപോലെ ഒരു ഏട്ടിലെ പശു. പക്ഷേ അവര്‍ ഇടപെട്ടു എന്നത് ഈ വിവേചനത്തിനെതിരില്‍ തെരുവില്‍ നില്‍ക്കുന്ന മനുഷ്യര്‍ക്ക്, ഈ വിവേചനത്തിനെതിരില്‍ ഇന്ത്യ എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യര്‍ക്ക്, ഇന്ത്യന്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യര്‍ക്ക് നല്‍കുന്ന ധാര്‍മികമായ പിന്തുണ ചെറുതല്ല. നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ നടക്കാനിരിക്കുന്ന പരിശോധനയില്‍, വിശാലമായ അര്‍ഥത്തില്‍ നിയമ വ്യവഹാരങ്ങളില്‍ കക്ഷിചേര്‍ക്കണമെന്ന യു.എന്‍. മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാഷ്ലേയുടെ ഹരജി അതിനാല്‍ തന്നെ ചരിത്രപരമാണ്. ഇന്ത്യാ ചരിത്രത്തിലെ ആദ്യ സംഭവമാണ്. അന്താരാഷ്ട്ര പൗര രാഷ്ട്രീയ അവകാശ ഉടമ്പടിയുടെ 26-ാം അനുഛേദം പൗരത്വ നിയമങ്ങളില്‍ ഒരുതര വിവേചനവും പാടില്ല എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ, ഇന്ന് ഇന്ത്യയില്‍ നിലവിലുള്ള പൗരത്വ നിയമം അതിനാല്‍ത്തന്നെ പ്രഥമ ദൃഷ്ടിയാല്‍ നിയമവിരുദ്ധമാണ്, അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിക്കാനുള്ള ഇന്ത്യയുടെ ധാര്‍മിക ബാധ്യതയില്‍ ആണ് ബാഷ്ലേയുടെ ഹരജിയുടെ ഊന്നല്‍. അത്തരം ഇടപെടല്‍ സാങ്കേതികമായി എന്ത് ഫലം ചെയ്യും എന്നതിനേക്കാള്‍ ഈ സമരത്തിന്റെ ആഗോളസാധുതയെ അതെങ്ങനെ സ്വാധീനിക്കും എന്നതാണ് നമുക്കിപ്പോള്‍ മുഖ്യം.
കഴിഞ്ഞില്ല, പൗരത്വ ഭേദഗതിക്കെതിരില്‍ രാജ്യത്ത് നടക്കുന്ന സമരത്തെ അക്ഷരാര്‍ഥത്തില്‍ ചോരയില്‍ മുക്കി അവസാനിപ്പിക്കാനുള്ള പ്രചണ്ഡമായ പദ്ധതികള്‍ സംഘപരിവാര്‍ തുടങ്ങിയത് നാം കാണുന്നുന്നുണ്ട്. ഡല്‍ഹി അതിന്റെ ആദ്യ അരങ്ങായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രണ്ടാം മുസ്ലിം വംശഹത്യക്ക് സംഘപരിവാര്‍ ഡല്‍ഹിയില്‍ ശ്രമിച്ചു. ഒന്നാം വംശഹത്യ നാം മറന്നിട്ടില്ല. അത് ഗുജറാത്തിലായിരുന്നു. ആ വംശഹത്യയുടെ കൃത്യമായ ആസൂത്രണങ്ങളെ നാം ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേ, പദ്ധതികള്‍, അതേ മോഡസ് ഓപറാന്റി ഡല്‍ഹിയിലും നടന്നു. തുടര്‍ച്ചയായ സമരങ്ങളും നിലനില്‍പിനുമേലുള്ള ഭരണകൂട കയ്യേറ്റങ്ങളും നല്‍കിയ ഊര്‍ജത്താല്‍ ഇരകളായ മനുഷ്യര്‍ പിടിച്ചുനിന്നു, പ്രതിരോധിച്ചു. അതിനാല്‍ മാത്രമാണ് ഗുജറാത്തിനോളം വലിയ കുരുതികള്‍, കൊടും ക്രൂരതകള്‍ സംഭവിക്കാതിരുന്നത്. അത് മാത്രമല്ല, നമ്മള്‍ തൊട്ടുമുന്‍പ് കണ്ടതുപോലെ ലോകം ഇതെല്ലാം കാണുന്നുണ്ട് എന്ന നേര്‍ത്തതെങ്കിലും ബലമുള്ള തോന്നല്‍ ആസൂത്രകര്‍ക്കും അവരെ പിന്തുണച്ച ഭരണാധികാരികള്‍ക്കും ഉണ്ടായി. രായ്ക്ക് രാമാനം തെറിപ്പിച്ചുകളഞ്ഞെങ്കിലും ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജി മുരളീധറിന്റെ ഇടപെടലും ഫലം കണ്ടു എന്ന് കണക്കുകൂട്ടാം. പക്ഷേ, അതിനിടയിലും അവര്‍ നാശം വിതച്ചു. പള്ളികള്‍ക്കും പള്ളിക്കൂടങ്ങള്‍ക്കും തീയിട്ടു. വൃദ്ധകളെ പോലും പച്ചക്ക് കത്തിച്ചു. മനുഷ്യമാംസം കത്തുന്ന കൊടും മണത്താല്‍ ദേശത്തെ അപമാനിച്ചു.
എന്നിട്ടും സമരം തീര്‍ന്നില്ല. സര്‍വകലാശാലകള്‍ അണുവിട മാറാതെ ഉറച്ചുനില്‍ക്കുന്നു. പുതുകാലത്തിന്റെ പ്രജാപതി അമിത് ഷാ കൊല്‍ക്കത്തയിലേക്ക് പറന്നത് ഈ സമരത്തിന്റെ ശക്തി തിരിച്ചറിഞ്ഞിട്ടാണ്. ഒറ്റപൗരനെയും ഭേദഗതി നിയമം ബാധിക്കില്ല, ഒരാളും പുറത്താകില്ല എന്ന് അമിത്ഷാ കൊല്‍ക്കത്തയില്‍ ആണയിട്ടു. അപ്പോഴും ഹിന്ദു, ജൈനന്‍, ബുദ്ധ, പാഴ്സി എന്ന് അയാള്‍ എടുത്തുപറഞ്ഞു. മുസ്ലിം എന്ന് മിണ്ടിയില്ല. ആ പ്രസംഗം ദ ഹിന്ദുവിന് ഒന്നാം ലീഡ് ആയിരുന്നു. മലയാളം പത്രങ്ങളും ചാനലുകളും ആ പ്രസംഗത്തെ കണ്ടില്ലെന്ന് നടിച്ചു. അതിലേക്ക് പിന്നീട് വരാം.
ഭരണകൂടം കാഴ്ചക്കാരും പങ്കാളികളുമായ വംശഹത്യ നടന്നിട്ടും രാജ്യത്തെ പ്രതിപക്ഷമെന്ന് വിളിപ്പേരുള്ള കോണ്‍ഗ്രസ് മൗനത്തിന്റെ വാല്‍മീകം പുതച്ച് ഇതികര്‍ത്തവ്യതാമൂഡരായി നിന്നിട്ടും അവരുടെ ഇളമുറത്തമ്പുരാന്‍ റിപ്വാന്‍ വിംഗിള്‍ മോഡല്‍ ഉറക്കത്തിലാണ് എന്ന് അറിഞ്ഞിട്ടും, ഡല്‍ഹിയില്‍ സംഘപരിവാറിനെ തിരഞ്ഞെടുപ്പില്‍ തൂത്തുമാറ്റിയ ആം ആദ്മി പൗരത്വ ഭേദഗതി നിയമത്തിന് എതിരല്ല എന്ന് മനസ്സിലാക്കിയിട്ടും ഡല്‍ഹിയില്‍ നടക്കുന്ന പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരം ഒരിഞ്ച് പോലും പിന്നോട്ടടിച്ചില്ല. അതിനിടയിലാണ് പാര്‍ലമെന്റ് ചേര്‍ന്നതെന്ന് നമ്മള്‍ കണ്ടു. ഇന്ത്യന്‍ ജനതയുടെ ആശങ്കകളാണ് ഒന്നാം ദിനത്തില്‍ പാര്‍ലമെന്റില്‍ നാം കണ്ടത്. പൗരത്വ സമരത്തിന്റെ പലതരം അലകള്‍ പാര്‍ലമെന്റിലേക്ക് പ്രവഹിച്ചു. കൊടും ഭൂരിപക്ഷത്തിന്റെ കന്മതിലുകളില്‍ തട്ടി അത് ചിന്നിച്ചിതറിയെങ്കിലും മനുഷ്യരുടെ ആശങ്കകള്‍ അവിടേക്ക് ചെറുകണങ്ങളായെങ്കിലും പതിച്ചു.
തീര്‍ന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയ യൗവനങ്ങള്‍, കനയ്യകുമാര്‍ ഉള്‍പ്പടെയുള്ള ഉറച്ച ശബ്ദങ്ങള്‍ ഈ നിയമത്തിനെതിരില്‍ ഇപ്പോഴും തെരുവുകളിലുണ്ട്. അവര്‍ ഭരണകൂടങ്ങളെ ചെറുതായെങ്കിലും പ്രതിരോധത്തില്‍ ആഴ്ത്തുന്നുണ്ട്. അതിനാല്‍ത്തന്നെ അവര്‍ക്കെതിരില്‍ പണ്ട് കെട്ടിച്ചമച്ച കേസുകള്‍, രാജ്യദ്രോഹമുള്‍പ്പടെ പൊടിതട്ടി പുറത്ത് വരുന്നുണ്ട്. ചന്ദ്രശേഖര്‍ ആസാദിനെപ്പോലുള്ളവര്‍ നിയമപോരാട്ടങ്ങളുടെ വഴിയില്‍ സജീവമാണ്. അതിനിടെ സമകാല ബുദ്ധിജീവിതങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ മറ്റൊരു വശത്ത് സജീവമാകുന്നതും നാം കാണുന്നുണ്ട്. ആനന്ദ് തെല്‍തുംബ്ദേയെ ഓര്‍ക്കാം. അംബേദ്കറിസ്റ്റാണ്. ജീനിയസാണ്. ബി.ആര്‍ അംബേദ്കറുടെ കൊച്ചുമകളുടെ ഭര്‍ത്താവാണ്. ഇന്ത്യന്‍ ഫാഷിസത്തിനെതിരെ ഭരണഘടനയുടെ ബലത്താല്‍ സാമൂഹിക നീതി എന്ന ആശയത്തെ മുന്‍നിര്‍ത്തി സമരരംഗത്തുള്ള ആനന്ദ് തെല്‍തുംബ്ദേ എന്ന ജൈവബുദ്ധിജീവി യു.എ.പി.എ എന്ന കരിനിയത്തിന്റെ നിഴലിലേക്ക് വലിച്ചെറിയപ്പെടാന്‍ പോവുകയാണ്. സാമൂഹിക മാധ്യങ്ങളിലൂടെ അദ്ദേഹം തന്റെ ജനതയോട് പിന്തുണ അഭ്യര്‍ഥിച്ചത് നമ്മള്‍ വായിച്ചു. അതിങ്ങനെയാണ്:
”ഐ.ഐ.എം അലഹബാദിലെ പൂര്‍വവിദ്യാര്‍ഥിയും ഐ.ഐ.ടി പ്രഫസറും BPCL ന്റെ എക്സിക്യൂട്ടീവ് ഡയറക്റ്ററും പെട്രോനെറ്റ് ഇന്ത്യയുടെ മുന്‍ എം.ഡി& സി.ഇ.ഒ യും 26 ഓളം പുസ്തകങ്ങളുടെ കര്‍ത്താവും, ജാതി, വര്‍ഗ പോളിസി വിഷയങ്ങളില്‍ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുകയും ജനാധിപത്യ, വിദ്യാഭ്യാസ അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളിയാവുകയും ചെയ്യുന്ന ഞാന്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സ്റ്റേറ്റ് നടത്തിയ ഏറ്റവും നീചമായ ഗൂഡാലോചനക്കിരയായി ‘അര്‍ബന്‍ മാവോയിസ്റ്റ്’ എന്ന വ്യാജ കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിന്റെ വക്കത്ത് നില്‍ക്കുകയാണിപ്പോള്‍. എനിക്കെതിരായി പൂനെ പൊലീസ് കെട്ടിച്ചമച്ച വ്യാജ എഫ്. ഐ. ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഞാന്‍ നല്‍കിയ അപ്പീല്‍ ജനുവരി 14-ാം തീയതി സുപ്രീം കോടതി തള്ളിക്കളഞ്ഞ വിവരം നിങ്ങളെല്ലാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരിക്കുമല്ലോ. ഭാഗ്യവശാല്‍ കേസ് നടന്നുകൊണ്ടിരിക്കുന്ന കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ മൂന്നാഴ്ചത്തെ സാവകാശം സുപ്രീം കോടതി എനിക്ക് നല്‍കിയിരിക്കുകയാണ്. പൊലീസ് എനിക്കെതിരെ ചാര്‍ത്തിയ എല്ലാ കുറ്റങ്ങളും എന്നെ കുറ്റവാളിയാക്കി മുദ്രകുത്താനാണെന്ന് കോടതിക്ക് ബോധ്യപ്പെടുമെന്ന ആത്മവിശ്വാസം എന്റെ അപ്പീല്‍ കോടതി തള്ളിക്കളയുന്നത് വരെ എനിക്കുണ്ടായിരുന്നു. അതിനാല്‍ തന്നെ നിങ്ങളെ ഇതറിയിക്കേണ്ട ആവശ്യമുണ്ടാവില്ലെന്ന് ഞാന്‍ കരുതി. എന്നാല്‍ എന്റെ പ്രതീക്ഷകളെല്ലാം തന്നെ തകര്‍ന്നുപോവുകയും പൂനെ സെഷന്‍ കോടതിയില്‍ നിന്നും സുപ്രീം കോടതിയിലേക്ക് ജാമ്യത്തിനപേക്ഷിക്കാം എന്ന ഏക പ്രതീക്ഷയുമായി മടങ്ങുകയുമാണുണ്ടായത്. അതിനാല്‍തന്നെ സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള ആളുകള്‍ എന്നെ പിന്തുണക്കണമെന്നും അതുമൂലം ആസന്നമായ അറസ്റ്റില്‍ നിന്നും എന്നെ രക്ഷിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുകയാണ്.
യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്യപ്പെടുക എന്നതിന് വര്‍ഷങ്ങളോളം ജയിലില്‍ കിടക്കുക എന്നാണ് അര്‍ഥമെന്ന് നമ്മളില്‍ പലര്‍ക്കുമറിയില്ല. കൊടും കുറ്റവാളിയായ ഒരാള്‍ക്ക് പോലും ഒന്നോ രണ്ടോ വര്‍ഷത്തെ നിശ്ചിത ശിക്ഷ കഴിഞ്ഞ് പുറത്തുവരാന്‍ കഴിയും. എന്നാല്‍ രാഷ്ട്രീയ യജമാനന്മാരുടെ ആജ്ഞകളനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊലീസിന് നിരപരാധിയായ ഒരാളെ, അദ്ദേഹത്തിനെതിരെ തെളിവുകളുണ്ടെന്ന് പറഞ്ഞ് വര്‍ഷങ്ങളോളം ജയിലിലടക്കാന്‍ കഴിയും. അറസ്റ്റ് എന്നത് എന്നെ സംബന്ധിച്ചിടത്തോളം ജയില്‍ ജീവിതത്തിന്റെ കാഠിന്യം മാത്രമല്ല, അത് എന്റെ ശരീരത്തിന് ഒഴിച്ചുകൂടാനാവത്ത എന്റെ ലാപ്ടോപ്പില്‍ നിന്നും എന്നെ മുറിച്ചുമാറ്റുന്ന ഒരു പ്രവൃത്തിയാണ്, അത് എന്റെ ജീവിതത്തിന്റെ ഭാഗമായ എന്റെ ലൈബ്രറിയില്‍ നിന്നും എന്നെ അകറ്റുന്നു, വ്യത്യസ്തരായ പ്രസാധകരോട് കരാര്‍ ചെയ്ത പകുതിയായ പുസ്തകങ്ങള്‍ എനിക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോകും, എന്റെ ഗവേഷണത്തിലെ പല ഭാഗങ്ങളും പൂര്‍ത്തീകരിച്ചിട്ടില്ല. എന്നെ ആശ്രയിച്ച് മാത്രം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ ഇവിടെയുണ്ട്. എന്റെ സ്ഥാപനം എന്റെ പേരില്‍ വൈജ്ഞാനികമായി ഒരുപാട് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ഈയടുത്ത് എന്നെ അവരുടെ ബോര്‍ഡ് ഓഫ് ഗവേര്‍ണന്‍സില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്റെ ധാരാളക്കണക്കിന് സുഹൃത്തുക്കള്‍, ഈ വിധിക്കെതിരെ ശക്തമായി വാദിച്ച ബാബാ സാഹിബ് അംബേദ്കറിന്റെ കൊച്ചുമകളായ എന്റെ ഭാര്യയും എനിക്കെന്താണ് സംഭവിക്കുന്നത് എന്ന് കഴിഞ്ഞ ആഗസ്ത് മുതല്‍ അറിയാതെ വിഷമിക്കുന്ന എന്റെ പെണ്‍മക്കളും അടങ്ങിയ എന്റെ കുടുംബം, എല്ലാം എനിക്ക് നഷ്ടപ്പെട്ടേക്കാം.
ഇന്ത്യയിലെ പ്രതികാരദാഹിയായ സ്റ്റേറ്റ് സംവിധാനങ്ങള്‍ കള്ളന്‍മാരും കൊള്ളക്കാരുമായ ആളുകളെ സംരക്ഷിക്കാന്‍ വേണ്ടി നിരപരാധികളായ ആളുകളെ വേട്ടയാടിക്കൊണ്ടിരിക്കുകയും അതുമൂലം ഈ രാജ്യം ലോകത്തെ ഏറ്റവും അസമത്വമുള്ള രാജ്യമായി മാറിയിരിക്കുന്നു എന്നല്ല, മറിച്ച് ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെയും, ചിന്തകരെയും സാമൂഹിക പ്രവര്‍ത്തകരെയും ജയിലിലടക്കാനായി ‘എല്‍ഗാര്‍ പരിഷത്ത്’ എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട ഒരു പരിപാടി അധികാര ദുര്‍വിനിയോഗത്തിന്റെയും അന്ധതയുടെയും മുമ്പില്ലാത്ത വിധമുള്ള തെളിവാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലുണ്ടായിട്ടുള്ള ഏറ്റവും നീചമായ ഗൂഢാലോചനയായിരിക്കാമിത്. സ്റ്റേറ്റിനെ വിമര്‍ശന വിധേയമാക്കുന്ന പൗരന്മാരെ അവരുടെ ജനാധിപത്യ അവകാശങ്ങളെ പോലും വകവെച്ചു നല്‍കാതെ പകയോടുകൂടി അവരെ വേട്ടയാടുകയാണിവിടെ.
ഇപ്പോള്‍ എനിക്കു മേല്‍ കെട്ടിച്ചമക്കപ്പെട്ട കേസ് അതിന്റെ ഏറ്റവും ഗൗരവപ്പെട്ട ഒരു ഘട്ടത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. എന്റെ നിഷ്‌കളങ്കമായ എല്ലാ പ്രതീക്ഷകളും തകര്‍ന്നുപോയിരിക്കുന്നു. ആസന്നമായ അറസ്റ്റിനാല്‍ തന്നെ മാനസികമായി വളരെ തകര്‍ന്ന അവസ്ഥയിലാണ് ഞാന്‍. എന്നെക്കൂടാതെ കുറ്റാരോപിക്കപ്പെട്ട ഒന്‍പതുപേര്‍ ഇപ്പോള്‍ ജയിലില്‍ കിടക്കുകയാണ്. അവര്‍ നിയമക്കുരുക്കുകളില്‍ പെട്ട് വളരെയധികം ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്നു. എന്നെപ്പോലെ നിങ്ങളുടെ സഹായം ആവശ്യപ്പെടാനുള്ള അവസരം അവര്‍ക്കില്ല. എന്നോട് ഐക്യപ്പെട്ടുകൊണ്ട് നിങ്ങള്‍ നില്‍ക്കുമ്പോള്‍ അത് ഈ വേട്ടയാടലിനെ പ്രതിരോധിക്കാന്‍ എനിക്കും എന്റെ കുടുംബത്തിനും കരുത്ത് നല്‍കുന്നു എന്ന് മാത്രമല്ല, മറിച്ച് ഇന്ത്യയില്‍ ഭരണകൂടത്തോട് ‘നോ’ പറയാന്‍ കെല്‍പ്പുള്ള ജനങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് ഫാഷിസ്റ്റ് ഭരണകൂടത്തോടുള്ള സന്ദേശം കൂടിയാകുമത്. ഭരണകൂടത്തിന്റെ ഇത്തരമൊരു നീചമായ കൂത്താട്ടത്തെ എതിര്‍ത്തില്ലാതാക്കാന്‍ ശക്തമായ പൊതുപ്രക്ഷോഭങ്ങളിലേക്ക് ആവശ്യമായ ഒപ്പുശേഖണം, പത്രക്കുറിപ്പ്, ലേഖനം തുടങ്ങി നിങ്ങളുടെ കഴിവിനനുസരിച്ചുള്ള പദ്ധതികള്‍ രൂപപ്പെടുത്താന്‍ ഈ കുറിപ്പ് നിങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.”
പൗരത്വ നിയമവും ആനന്ദ് തെല്‍തുംബ്ദേയുടെ ഈ അഭ്യര്‍ഥനയും തമ്മിലെന്ത് എന്ന് സംശയിച്ചേക്കാം. ഉണ്ട്. ഈ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ ആനന്ദ് അറസ്റ്റ് ചെയ്യപ്പെട്ടാല്‍, അഥവാ ആനന്ദിന്റെ ഈ അഭ്യര്‍ഥന അവഗണിക്കപ്പെട്ടാല്‍ അത് സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം മാരകമായിരിക്കും. എല്ലാ സമഗ്രാധിപത്യ റജിമെന്റുകളും എല്ലാക്കാലത്തും ബുദ്ധിജീവികളെ തടവിലാക്കിയാണ് ഭരണമുറപ്പിക്കുകയെന്ന കാര്യം നമുക്കറിയാം. കനയ്യ മുതല്‍ തെല്‍തുംബ്ദേ വരെ നേരിടാന്‍ പോകുന്ന കുരുക്കുകള്‍ ഭരണകൂടത്തിനെതിരായ പ്രക്ഷോഭങ്ങളെ വരിഞ്ഞുമുറുക്കാനുള്ള കുരുക്കുകളാണ്. ജനാധിപത്യവും ഭരണകൂടവും നേര്‍ക്കുനേര്‍ നില്‍ക്കുന്ന ഉജ്വലമായ ഒരു സമരഭൂമികയായി ഇന്ത്യ മാറിത്തീര്‍ന്നു. സമരത്തെ ഭരണകൂടം ഭയക്കുന്നു എന്നത് ജനാധിപത്യത്തിന്റെ ശക്തിപ്പെടലായി പ്രത്യക്ഷപ്പെട്ടും തുടങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശക്തിപ്പെടുകയും നാല് പതിറ്റാണ്ട് കാലം പ്രോജ്വലിക്കുകയും ചെയ്ത ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഓര്‍മകള്‍ രാജ്യത്തിന്റെ തെരുവുകളിലേക്ക് പുനരാനയിക്കപ്പെട്ടു. ജനത വിജയിച്ചുതുടങ്ങുന്നു എന്ന് തന്നെയാണ് ആ തെരുവുകള്‍ വിളിച്ചുപറയുന്നത്.
എന്നാല്‍ കേരളത്തിലോ? 2019 ഡിസംബറില്‍ ഇന്ത്യന്‍ ഭരണഘടനയുടെ മൗലികസത്ത അട്ടിമറിക്കപ്പെട്ടപ്പോള്‍, പൗരത്വം എന്ന ജനാധിപത്യപരതയിലേക്ക് മതവിവേചനത്തിന്റെ വൈതാളികത പ്രതിഷ്ഠിക്കപ്പെട്ടപ്പോള്‍ രാജ്യത്ത് ആദ്യം ഉണര്‍ന്ന ദേശത്തിന്റെ പേര് കേരളം എന്നായിരുന്നു. നമ്മുടെ തെരുവുകള്‍ ഒറ്റക്കെട്ടായി ജ്വലിച്ചു. നമ്മുടെ നിയമസഭ ഒന്നാകെ, സാങ്കേതികമായി ഒരു ദുര്‍ബല വൃദ്ധശബ്ദം ഒഴികെ എല്ലാവരും ഈ കിരാത നിയമത്തിനെതിരെ പ്രമേയം പാസാക്കി. ഈ നടപടിയെ ചോദ്യം ചെയ്ത് സംഘപരിവാര്‍ ഏജന്റെന്ന അധഃപതനത്തെ സ്വയം വരിച്ച ഗവര്‍ണറെ വരച്ച വരയില്‍ നിര്‍ത്തി. കേരളം മനുഷ്യമതിലായി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുള്‍പ്പടെയുള്ള രാഷ്ട്രീയ കേരളം ഒറ്റവേദിയില്‍ അണിനിരന്നു. വീട് വീടാന്തരം ഭരണഘടനയെത്തി. ഒട്ടേറെത്തവണ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് വിറളിപിടിക്കും വിധത്തില്‍ അതിശക്തമായി കേരളത്തിന്റെ മഹാപ്രതിഷേധം. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ കേരളം തെളിച്ച വഴിയില്‍ സമരപൂര്‍ണരായി. അക്കാലത്തൊരു രിസാലയില്‍ ഇതേ പേജില്‍ നമ്മള്‍ പങ്കുവെച്ചത് ഒറ്റ ആശങ്ക മാത്രമായിരുന്നു; മൗദൂദിയന്‍ പിളര്‍പ്പുകളെ കരുതിയിരിക്കുക. ഒരു പൊതുപരിപാടിയ്ക്കിടെ സി.പി.എം നേതാവ് എളമരം കരീം ആ തലക്കെട്ട് ഓര്‍മിച്ചതോര്‍ക്കുന്നു.
ഈ കുറിപ്പെഴുതുമ്പോള്‍ നമുക്ക് മുന്നിലുള്ളത് മറ്റൊരു കേരളമാണ്. നമ്മള്‍ തുടക്കത്തില്‍ പറഞ്ഞ ആ നിര്‍ഭാഗ്യകരമായ ശാന്തത നമ്മുടെ തെരുവുകളെ വിഴുങ്ങുന്നതിന്റെ മൂടിക്കെട്ടല്‍ വ്യാപകമായിക്കഴിഞ്ഞു. പൗരത്വ സമരം ഒരു വഴിപാട് സമരത്തിന്റെ ആലസ്യത്തിലേക്ക് നിലംപൊത്തിക്കഴിഞ്ഞു. എന്തുകൊണ്ടാണത്?
ഒന്നാമതായി സംഭവിച്ചത് നാം ഇതേ താളുകളില്‍ ഭയപ്പെട്ട ആ പിളര്‍പ്പുതന്നെയാണ്. സമരത്തിന്റെ മതേതര ബഹുസ്വര സ്വഭാവത്തെ അല്പമെങ്കിലും തകര്‍ക്കാന്‍ വിരലിലെണ്ണാവുന്നവരെങ്കിലും മൗദൂദിസ്റ്റുകള്‍ക്ക് കഴിഞ്ഞു. ജമാഅത്തെ ഇസ്ലാമി നടത്തിയ ബൗദ്ധിക വാചാടോപങ്ങള്‍ സെക്യുലര്‍ സമൂഹത്തില്‍ അലോസരവും അകല്‍ച്ചയുമുണ്ടാക്കി. പൊതുസമൂഹത്തില്‍ ഒരു വിശ്വാസ്യതയുമില്ലാത്ത കൂട്ടങ്ങള്‍ നേതൃത്വം കൊടുക്കുന്ന സമരങ്ങളെ സ്വാഭാവികമായും ഇടതുപക്ഷം അവഗണിച്ചു. ജമാഅത്തെ ഇസ്ലാമിയോട് സ്വതവേ അകല്ച്ചയിലുള്ള വിശ്വാസി മുസ്ലിംകള്‍ ജമാഅത്തെ ഇസ്ലാമിയുടെ സമരങ്ങളോട് മുഖം തിരിച്ചു. നക്സല്‍ നേതാവ് വര്‍ഗീസിനെ അനുസ്മരിച്ച് വരെ പൗരത്വസമരത്തിന് ആളെക്കൂട്ടാനുള്ള എസ്.ഡി.പി.ഐ നീക്കം പൊതുസമൂഹത്തില്‍ അവരെ അപഹാസ്യരും അവരുടെ സമരത്തെ പരിഹാസ്യവുമാക്കി. പൗരത്വസമരത്തിന്റെ മറവില്‍ കൊടുംവര്‍ഗീയതയുടെ വിത്തിറക്കാനുള്ള മൗദൂദിസ്റ്റ് നീക്കം അക്ഷരാര്‍ഥത്തില്‍ കേരളത്തിന്റെ മഹാസമരത്തെ ഒറ്റുകൊടുത്തു. പൗരത്വസമരത്തെ സി.പി.എം വിമര്‍ശനമാക്കാന്‍ അവര്‍ മത്സരിച്ചു. സമരത്തോട് മതേതരസമുഹം മുഖം തിരിച്ചു. ഫലമോ, കേരളത്തിന്റെ സമരവീര്യത്തില്‍ തണല്‍ കാണാന്‍ ശ്രമിച്ച മുസ്ലിം ന്യൂനപക്ഷം മൗദൂദിസ്റ്റുകളുടെ അത്യാവേശത്താലും പ്രച്ഛന്നതയാലും വഞ്ചിക്കപ്പെട്ടു. മുമ്പെല്ലാ സന്ദര്‍ഭങ്ങളിലും എന്നപോലെ മുസ്ലിം സമൂഹം മൗദൂദിസ്റ്റുകളാല്‍ ഒറ്റുകൊടുക്കപ്പെട്ടു. സമരം ഒരറ്റത്ത് അപകടകരമായി തളര്‍ന്നു.
രാഷ്ട്രീയ കേരളം മറുവശത്ത് ക്രൂരമായ അനാസ്ഥകളിലേക്ക് കൂപ്പുകുത്തി. അതിജാഗ്രതയോടെ തുടരേണ്ടിയിരുന്ന മഹാസമരത്തെ കോണ്‍ഗ്രസ് കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിത മനസ്സോടെ സമീപിച്ചു. രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ളവര്‍ തുടക്കത്തിലെടുത്ത സമീപനത്തെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അട്ടിമറിച്ചു. സ്വന്തം നിലയില്‍ സമരം ചെയ്യുക എന്ന ഒരു മഹാസമരത്തെ തകര്‍ക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയെ കോണ്‍ഗ്രസ് സ്വീകരിച്ചു. ഭരണപക്ഷത്തോടുള്ള വിരോധരാഷ്ട്രീയത്തിന്റെ കൂത്തരങ്ങായി അധഃപ്പതിച്ചു നാമമാത്രമായെങ്കിലും നടന്ന അത്തരം സമരങ്ങള്‍. ചരിത്രപരമായി തങ്ങള്‍ക്കൊപ്പം നിന്നിട്ടുള്ള ന്യൂനപക്ഷ സമുദായത്തിന്റെ കൂടി അതിജീവനസമരത്തെ കോണ്‍ഗ്രസ് കുത്തിവീഴ്ത്തി.
ഇടതുപക്ഷമോ? തുടക്കത്തില്‍ മാതൃകാപരമായി ജ്വലിച്ചുയര്‍ന്ന അവര്‍ ജമാഅത്തെ ഇസ്ലാമി ഒരുക്കിയ വിഭാഗീയ കെണിയില്‍ ഇരകളായി. സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് ജമാഅത്തിനെതിരെ പരസ്യനിലപാട് സ്വീകരിക്കേണ്ടി വന്നു. ആ പിളര്‍പ്പാണ് മൗദൂദിസ്റ്റുകള്‍ ലക്ഷ്യം വെക്കുന്നത് എന്ന് സി.പി.എം തിരിച്ചറിഞ്ഞില്ല.
ഏറ്റവും വലിയ പതനം മുസ്ലിം ലീഗിന്റേതാണ്. ഒറ്റക്ക് സമരം ചെയ്യുമെന്ന പ്രഖ്യാപനം തുടക്കത്തിലേ പാളി. നാളിതുവരെ ദീര്‍ഘകാല പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതോ നയിച്ചതോ ആയ പാരമ്പര്യം മുസ്ലിം ലീഗിനില്ല. അവരുടെ രാഷ്ട്രീയ സംഘടനാ സംവിധാനം അതിന് ഒരു തലത്തിലും പ്രാപ്തവുമല്ല. എന്നിട്ടും സമരം ചെയ്യാന്‍ തീരുമാനിച്ച അവര്‍ക്ക് നിന്നിടത്ത് നിന്ന് അനങ്ങാന്‍ പോലുമായില്ല. യൂത്ത് ലീഗാകട്ടെ രാഹുല്‍ ഈശ്വറിനെപ്പോലുള്ള ഹിന്ദുത്വ മൗലികവാദികളുടെ പൊയ്മുഖത്തില്‍ ഭ്രമിച്ച് അപഹാസ്യരായി.
അങ്ങനെ ഏകമുഖമായിത്തുടങ്ങിയ സമരം ചിന്നിച്ചിതറി നാമവശേഷമായതിന്റെ ശാന്തതയെയാണ് നാം നിര്‍ഭാഗ്യകരമായ ശാന്തത എന്ന് തുടക്കത്തില്‍ പറഞ്ഞത്.
കെ കെ ജോഷി
You must be logged in to post a comment Login