അനിയന്ത്രിതമായി കൊവിഡ് പടരുന്നതിനിടെ മഹാരാഷ്ട്രയുടെ ശിവസേനാ മുഖ്യമന്ത്രി ഒരു ആഹ്വാനം നടത്തി. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് മണ്ണിന്റെ മക്കള്‍ രംഗത്തുവരണമെന്നായിരുന്നു ഉദ്ധവ് താക്കറേയുടെ നിര്‍ദേശം. അടുത്തദിവസം തൊഴില്‍മന്ത്രി സുഭാഷ് ദേശായി കാര്യങ്ങള്‍ കുറച്ചുകൂടി വിശദീകരിച്ചു. മറുനാടന്‍ തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചുപോയതുകാരണം സംസ്ഥാനം നേരിടുന്ന തൊഴിലാളിക്ഷാമം നേരിടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തൊഴില്‍ ബ്യൂറോ തുടങ്ങും. ഇതുവഴിയുള്ള നിയമനങ്ങളില്‍ 80 ശതമാനവും നാട്ടുകാര്‍ക്കായിരിക്കും. സംസ്ഥാനത്തുതന്നെയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കി മണ്ണിന്റെ മക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കും.
മഹാരാഷ്ട്രയിലെ അവസരങ്ങള്‍ മറുനാട്ടുകാര്‍ കൈയടക്കുന്നുവെന്ന് ആരോപിച്ച് മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തിയാണ് 1967ല്‍ ശിവസേന സ്ഥാപിതമായത്. തെക്കേ ഇന്ത്യക്കാര്‍ക്കു നേരെയാണ് ആദ്യമവര്‍ വെറുപ്പിന്റെ കത്തിമുന നീട്ടിയത്. എത്രയോ ഉടുപ്പി ഹോട്ടലുകള്‍ തച്ചുതകര്‍ക്കപ്പെട്ടു. ശിവസേന ഹിന്ദുത്വ വാദത്തിലേക്കു കടന്നപ്പോള്‍ ഇരകള്‍ മുസ്ലിംകളായി. അവരുടെ വിദ്വേഷരാഷ്ട്രീയത്തില്‍ എത്രയോകാലം മുംബൈ നഗരം ഞെട്ടിവിറച്ചു. പക്ഷേ, പില്‍ക്കാലത്ത് ഉദാരീകരണത്തിന്റെയും വികസനക്കുതിപ്പിന്റെയും കാലത്ത് മണ്ണിന്റെ മക്കള്‍വാദം അപ്രസക്തമായി. ഹിന്ദുത്വവികാരമിളക്കിവിട്ട് സഖ്യകക്ഷിയെ മറികടക്കാന്‍ ബി ജെ പി പദ്ധതികളാവിഷ്‌കരിച്ചതോടെ വര്‍ഗീയ വിദ്വേഷവും ശിവസേനയ്ക്കു മാറ്റിവെക്കേണ്ടിവന്നു. തെക്കേ ഇന്ത്യക്കാരുടെ സ്ഥാനത്ത് ഉത്തരേന്ത്യയില്‍നിന്നുള്ള തൊഴിലാളികള്‍ നഗരത്തിന്റെ അവിഭാജ്യ ഭാഗമായി. ഉടുപ്പി ഹോട്ടലുകളില്‍ ജോലിക്കാരായി ഉത്തര്‍പ്രദേശുകാര്‍ വന്നു. ബി ജെ പി ബന്ധം ഉപേക്ഷിച്ച് മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറേ സഹിഷ്ണുതയെപ്പറ്റിയും മതനിരപേക്ഷതയെപ്പറ്റിയും സംസാരിക്കാന്‍ തുടങ്ങി.
വലിയൊരു ഇടവേളയ്ക്കു ശേഷം മണ്ണിന്റെ മക്കള്‍വാദം പൊടിതട്ടിയെടുക്കാന്‍ ശിവസേന സര്‍ക്കാര്‍ ശ്രമിക്കുന്നത് വാസ്തവത്തില്‍ നിവൃത്തികേടുകൊണ്ടാണ്. കൊവിഡ് തടയാനുള്ള ലോക്ഡൗണ്‍ കാരണം ജോലി നഷ്ടമായ മറുനാടന്‍ തൊഴിലാളികള്‍ ജന്മനാട്ടിലേക്ക് പലായനം ചെയ്തതോടെ സംസ്ഥാനം കടുത്ത തൊഴിലാളിക്ഷാമത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. അതു മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗം മാത്രമാണ് മണ്ണിന്റെ മക്കള്‍ വാദം. എന്നാല്‍ ഒട്ടും എളുപ്പമാവില്ല അതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലെ രജിസ്റ്റര്‍ ചെയ്യപ്പെട്ട 14 ലക്ഷം ചെറുകിട ഇടത്തരം സംരഭങ്ങളില്‍ 78 ലക്ഷം തൊഴിലാളികളുണ്ട്. ഇതില്‍ 40 ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നെന്ന് ഇന്ത്യന്‍ എക്‌സ് പ്രസില്‍ പാര്‍ഥസാരഥി ബിശ്വാസ് എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഹാര്‍, യു പി, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്നുള്ള 90,000 പേര്‍ മുംബൈയില്‍ മാത്രം വിവിധ കമ്പനികളില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്തിരുന്നു. ഇവരില്‍ മിക്കവരും തിരിച്ചുപോയിക്കഴിഞ്ഞു. സംസ്ഥാനത്തെ തൊഴിലാളികളില്‍ 30-40 ശതമാനം കരാര്‍ തൊഴിലാളികളാണെന്നാണ് കണക്കാക്കുന്നത്. ഇവരില്‍ 90 ശതമാനവും മറുനാട്ടുകാരാണ്. നാട്ടുകാര്‍ക്കു കൊടുക്കുന്നതിലും കുറഞ്ഞ കൂലിക്കാണ് ഇവരെ നിയമിക്കുന്നത്. കുടുംബമില്ലാതെ തനിച്ചു വരുന്ന ഇവര്‍ കുടുസ്സുമുറി പങ്കിടാന്‍ തയാറാവും എന്നതുകൊണ്ട് മറ്റു ചെലവുകളും കുറവാണ്. ഇവരാണ് സംസ്ഥാനത്തിന്റെ സമ്പദ്മേഖലയെ ചലിപ്പിച്ചിരുന്നത്.
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍നിന്നും വന്‍തോതില്‍ മനുഷ്യര്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് തൊഴിലന്വേഷിച്ച് നീങ്ങിത്തുടങ്ങിയത് 1980കളിലും 1990കളിലുമാണ്. ഉദാരീകരണത്തിന്റെ ദശകങ്ങളില്‍ കാര്‍ഷിക സമ്പദ് വ്യവസ്ഥ തകരുകയും നഗരകേന്ദ്രീകൃതമായി ചെറുകിട വ്യവസായങ്ങളും കെട്ടിടനിര്‍മാണം പോലുള്ള തൊഴിലുകളും രൂപപ്പെടുകയും ചെയ്തു. വളര്‍ന്നുപൊങ്ങിയ നഗരങ്ങള്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഞെരുങ്ങിക്കഴിയാന്‍ ഇടംനല്‍കി. ഇവരുടെ ചോരയും വിയര്‍പ്പുമാണ് പുതിയ ഇന്ത്യയിലെ അംബരചുംബികള്‍ക്കു പിന്നില്‍. 2016-17 ലെ സാമ്പത്തിക സര്‍വേ പ്രകാരം 2016ല്‍ ഇന്ത്യയിലെ തൊഴില്‍സേന 48 കോടിയായിരുന്നു. അതില്‍ 10 കോടിയും കുടിയേറ്റത്തൊഴിലാളികളാണ്. 2001-2011 കാലയളവില്‍ ആറുകോടിയാളുകളാണ് ഇതര സംസ്ഥാനങ്ങളിലേക്ക് തൊഴിലന്വേഷകരായി പോയത്. അസംഘടിതരായ ഈ തൊഴിലാളികളുടെ ജീവിതം ഒരുകാലത്തും ഭദ്രമായിരുന്നില്ല. തൊഴില്‍നിയമങ്ങളും സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളും അവര്‍ക്കു സംരക്ഷണമേകിയില്ല. അസംഘടിതരായ ഇവര്‍ തിരഞ്ഞെടുപ്പു ഫലങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് തീര്‍ച്ചയില്ലാത്തതുകൊണ്ടാവണം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ബിജെപിയുടെയും രാഷ്ട്രീയ അജണ്ടയില്‍ ഇവര്‍ കയറിപ്പറ്റാത്തത്. കൊവിഡ് ഭീതിയില്‍ സമ്പദ് വ്യവസ്ഥയുടെ താളംതെറ്റിയപ്പോള്‍ അധികാരികള്‍ അവരെ ഓര്‍ത്തില്ല. അതിന്റെ ഫലമാണ് സ്വതന്ത്രഇന്ത്യ കണ്ട ഏറ്റവും വലിയ മാനുഷിക ദുരന്തമായ ഈ പലായനം.
വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യ നിര്‍മിത ദുരന്തം അതിന്നിരയായ പൗരന്മാരില്‍ സൃഷ്ടിക്കുന്ന മാനസികാഘാതം കടുത്തതായിരിക്കുമെന്ന് ടെലിഗ്രാഫ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ചൂണ്ടിക്കാണിക്കുന്നു. ജോലി നഷ്ടമായി, എല്ലാം ഇട്ടെറിഞ്ഞ് നാട്ടിലേക്ക് കാല്‍നടയായി പോകാന്‍ നിര്‍ബന്ധിതരായ തൊഴിലാളികള്‍ക്ക് തങ്ങള്‍ ഇട്ടെറിഞ്ഞുപോയ നഗരത്തിലേക്ക് തിരിച്ചുപോകാനുള്ള ധൈര്യം ഉണ്ടാവില്ല. ഇന്ത്യയെ നേരത്തേതന്നെ വേട്ടയാടുന്ന ജാതി, മത വര്‍ഗ വിഭജനത്തിന്റെ ആഴം ഒന്നുകൂടി വര്‍ധിക്കും. രോഗം പകരുന്നതിന്റെ പഴി ഏല്‍ക്കേണ്ടിവരുന്നതും പ്രതിസന്ധിയുടെ ഭാരം താങ്ങേണ്ടിവരുന്നതും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളാണ്. തൊഴില്‍ പ്രദാനം ചെയ്യുന്ന വ്യവസായങ്ങളെയെല്ലാം കൊവിഡും ലോക്ഡൗണും ബാധിച്ചുകഴിഞ്ഞു. അസംഘടിത മേഖലയെ തകര്‍ത്തെറിഞ്ഞു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ കണക്കനുസരിച്ച് മാര്‍ച്ച് മാസത്തില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ ഏഴു ശതമാനമായിരുന്നു. ഇപ്പോഴത് 27 ശതമാനത്തിനു മുകളിലാണ്. സമ്പത്തും ക്ഷേമപദ്ധതികളുമുള്ള രാജ്യങ്ങള്‍ തൊഴില്‍രഹിതര്‍ക്ക് മതിയായ വേതനം നല്‍കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിയിലത് നാമമാത്രമമാണ്. ലോക്ഡൗണ്‍ ആരംഭിക്കുന്നതിനുമുമ്പ് നാട്ടിലേക്ക് മടങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരാഴ്ചത്തെ സമയം നല്‍കിയിരുന്നെങ്കില്‍ കുടിയേറ്റ ദുരന്തം ഒഴിവാക്കാനോ അതിന്റെ ആഘാതം കുറയ്ക്കാനോ കഴിയുമായിരുന്നു. ലോക്ഡൗണിന്റെ അനന്തരഫലങ്ങളെക്കുറിച്ച് മോഡിയോ അദ്ദേഹത്തിന്റെ ഉപദേശകരോ ചിന്തിച്ചിട്ടില്ല എന്നത് ദുരൂഹമാണെന്ന് ഗുഹ പറയുന്നു.
വെറും നാല് മണിക്കൂറിന്റെ ഇടവേളയില്‍ നടപ്പിലാവുന്ന ഒരു അടച്ചുപൂട്ടല്‍ മൂലം അന്തര്‍സംസ്ഥാന തൊഴിലിനും തൊഴില്‍സേനയ്ക്കും സംഭവിച്ചേക്കാവുന്ന ആഘാതങ്ങള്‍ മുന്നില്‍കാണാന്‍ ഇത്രയും വിശാലമായ ഒരു ഭരണനിര്‍വഹണ സംവിധാനത്തിലെ ആര്‍ക്കും സാധിച്ചില്ലെങ്കില്‍ അതിന്നര്‍ഥം അവര്‍ ജനങ്ങളില്‍ നിന്ന് അത്രയും അകലെയാണെന്നു മാത്രമാണെന്ന് ‘ദ പ്രിന്റി’ല്‍ എഴുതിയ ലേഖനത്തില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്ത അഭിപ്രായപ്പെടുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ തൊഴില്‍ ഇറക്കുമതി ചെയ്യുന്ന സംസ്ഥാനങ്ങളും ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ് തുടങ്ങിയ തൊഴില്‍ കയറ്റുമതി ചെയ്യുന്ന സംസ്ഥാനങ്ങളും ഇത് മുന്‍കൂട്ടി കാണുന്നതില്‍ ഒരേപോലെ പരാജയപ്പെട്ടു. കുടിയേറ്റത്തൊഴിലാളികളുടെ ഈ ദുരന്തത്തിന് അവരുടെ തൊഴിലുടമകളെയും കേന്ദ്ര സര്‍ക്കാരിനെയും പോലെ ജന്മനാട്ടിലെ സര്‍ക്കാരിനും ഉത്തരവാദിത്വം ഉണ്ടെന്ന് ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയിലെ പത്രാധിപക്കുറിപ്പില്‍ ഗോപാല്‍ ഗുരു വ്യക്തമാക്കുന്നു. പ്രവാസത്തെ അവര്‍ സ്വയം തിരഞ്ഞെടുത്തതല്ല. സാഹചര്യങ്ങള്‍ അതിനവരെ നിര്‍ബന്ധിതരാക്കിയതാണ്. അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ നാട്ടില്‍ത്തന്നെ ലഭിച്ചിരുന്നെങ്കില്‍ ഇവര്‍ ജോലി തേടി മറുനാടുകളിലേക്കു പോവുകയില്ലായിരുന്നു. തിരിച്ചുപോവുന്ന തൊഴിലാളികള്‍ക്ക് വണ്ടിക്കൂലിയും ഭക്ഷണവും നല്‍കി പരിഹരിക്കാവുന്ന പ്രശ്നമല്ല അത്.
കുടിയേറ്റത്തൊഴിലാളികള്‍ ജന്മനാട്ടിലെത്തിയതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെന്ന് നാഷണല്‍ ഹെറാള്‍ഡില്‍ എഴുതി റിപ്പോര്‍ട്ടില്‍ സുജാത ആനന്ദന്‍ വ്യക്തമാക്കുന്നു. സ്വന്തം നാട്ടിലെ സര്‍ക്കാരിന് അവരുടെ ക്ഷേമം ഉറപ്പാക്കാനായാലേ പ്രശ്നം തീരൂ. എന്നാല്‍, തൊഴിലാളികള്‍ക്ക് ദോഷം ചെയ്യുന്ന രീതിയില്‍ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തില്‍ തൊഴിലുടമയും ജോലിയെടുക്കുന്ന നഗരവും നീതി കാണിച്ചില്ലെന്ന സങ്കടം അവരുടെ മനസ്സില്‍ നിലനില്‍ക്കും. അതുകൊണ്ടുതന്നെ അവര്‍ തിരിച്ചുപോകാതിരിക്കാനാണ് സാധ്യതയെന്നും സുജാതാ ആനന്ദന്‍ പറയുന്നു. തീവണ്ടികളിലും ബസിലുമെല്ലാമായി രണ്ടു ലക്ഷത്തോളം മറുനാടന്‍ തൊഴിലാളികള്‍ മുംബൈ വിട്ടുകഴിഞ്ഞു. മറുനാടന്‍ തൊഴിലാളികളില്‍ മൂന്നിലൊന്നുപേര്‍ മാത്രമാണ് ഇപ്പോള്‍ ജോലിസ്ഥലങ്ങളിലുള്ളത്. നാട്ടിലെത്തിയവര്‍ ഉടനൊന്നും തിരിച്ചുവരാന്‍ സാധ്യതയില്ലെന്നുതന്നെയാണ് വ്യവസായവൃത്തങ്ങള്‍ കരുതുന്നതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ടു ചെയ്യുന്നു. തിരിച്ചുചെന്നാല്‍ വീണ്ടുമൊരു ലോക്ഡൗണില്‍ പെട്ടുപോകുമോ എന്ന ഭയം അവര്‍ക്കുണ്ട്. ഇവര്‍ക്കു പകരം മഹാരാഷ്ട്രയില്‍ നിന്നുള്ളവരെ നിയമിച്ച് സമ്പദ് മേഖലയെ ചലിപ്പിക്കാം എന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രതീക്ഷ അസ്ഥാനത്താണെന്ന് ‘ദ വയര്‍’ ചൂണ്ടിക്കാണിക്കുന്നു. വിട്ടുപോയ വിദഗ്ധ തൊഴിലാളികള്‍ക്കു പകരം നിയമിക്കുന്ന നാട്ടുകാര്‍ക്ക് ചുരുങ്ങിയ സമയംകൊണ്ട് തൊഴില്‍ പരിശീലനം നല്‍കാനാവില്ല. കുടിയേറ്റത്തൊഴിലാളികളെപ്പോലെ ചുരുങ്ങിയ ചെലവില്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ ജോലി ചെയ്യാനും അവര്‍ തയാറാവില്ല.
ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലെ കൊവിഡ് വ്യാപനവും മരണവും കുറവാണെന്നു പറയേണ്ടിവരും. എന്നാല്‍, ഇതിലുമെത്രയോ രൂക്ഷമായി കൊവിഡ് ബാധിച്ച രാജ്യങ്ങളെക്കാളും കഠിനമാണ് ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്കേറ്റ ആഘാതമെന്ന് ‘ഇക്കണോമിസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. 14 കോടിയാളുകള്‍ക്കെങ്കിലും ജോലി പോയി. ഒരു കോടിമുതല്‍ എട്ടു കോടിവരെയാളുകള്‍ നാട്ടിലേക്ക് തിരിച്ചുപോയെന്നാണ് കരുതുന്നത്. പത്തു ശതമാനം വരുന്ന സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വലിയ പ്രശ്നങ്ങളില്ലെന്നു തോന്നുന്നത് അവര്‍ക്ക് ഇപ്പോഴും ജോലി നഷ്ടമായിട്ടില്ല എന്നതുകൊണ്ടാണ്. ആവശ്യവും ഉത്പാദനവും ഒരുപോലെ ചുരുങ്ങുന്ന ആഗോള സാമ്പത്തിക മാന്ദ്യത്തിനാണ് കൊവിഡ് വഴിയൊരുക്കുന്നതെന്ന് ‘അസ് വേഴ്സസ് ദെം’ എന്ന പുസ്തകത്തിലൂടെ ശ്രദ്ധേയനായ ഇയാന്‍ ബ്രമര്‍ ടൈം വാരികയിലെഴുതിയ ലേഖനത്തില്‍ പറയുന്നു. ജോലിപോയ തൊഴിലാളികള്‍ക്ക് കുറച്ചുകഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാമെന്ന പ്രതീക്ഷയുണ്ട്. ഉത്പാദനം പുനരാരംഭിക്കാന്‍ തൊഴിലാളികളെ തിരിച്ചുവിളിക്കണമെന്ന് തൊഴിലുടമക്കുമുണ്ട്. എന്നാല്‍ പൊതുവേ പറയുന്നപോലെ കൊവിഡ്ബാധ നിശ്ചിതസമയത്ത് കൊടുമുടിയിലെത്തി പിന്നീട് കുറഞ്ഞ് ഇല്ലാതാവുകയല്ല ചെയ്യുക. തരംഗങ്ങളായി അത് തുടര്‍ന്നുകൊണ്ടേയിരിക്കും. ജനത്തിന് വാങ്ങല്‍ ശേഷിയില്ലാത്തതുകൊണ്ട് ഉത്പന്നങ്ങള്‍ക്ക് ആവശ്യകത കുറയും. ആവശ്യം ഉയര്‍ന്നാല്‍ത്തന്നെ അതിനനുസരിച്ച് ഉത്പാദനം കൂട്ടാന്‍ നിര്‍മാതാവിന് കഴിയുകയുമില്ല. എല്ലാവരും പറയുന്നതുപോലെ രണ്ടോ മൂന്നോ മാസമല്ല, രണ്ടോ മൂന്നോ വര്‍ഷം നീളും ഈ പ്രതിസന്ധി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ നഷ്ടപ്പെട്ട തൊഴിലുകള്‍ ഇനിയൊരിക്കലും തിരിച്ചു കിട്ടിയില്ലെന്നുവരാമെന്ന് ബ്രെമര്‍ മുന്നറിയിപ്പു നല്‍കുന്നു. രാഷ്ട്രീയ മുദ്രാവാക്യങ്ങളോ മണ്ണിന്റെ മക്കള്‍ വാദംപോലുള്ള കുറുക്കുവഴികളോ അതിന് പരിഹാരമാവില്ലെന്ന് അര്‍ഥം.
എസ് കുമാര്‍
You must be logged in to post a comment Login