മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള രാജ്യാന്തര സംഘടനയായ ‘റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രണ്ടിയേഴ്‌സി’ന്റെ പത്രസ്വാതന്ത്ര്യ സൂചികയില്‍ 180 രാജ്യങ്ങളില്‍ 142ാം സ്ഥാനമാണ് നരേന്ദ്ര മോഡിയുടെ ഇന്ത്യക്കുള്ളത്. കൊവിഡിന്റെ പേരില്‍ ലോകമെങ്ങും മാധ്യമങ്ങള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ കടുത്തിരിക്കേയാണ് കഴിഞ്ഞ വര്‍ഷത്തെ 140ാം സ്ഥാനത്തുനിന്ന് ഇന്ത്യ രണ്ടുപടികൂടി താഴേക്കിറങ്ങിയത്. കൊവിഡ് മഹാമാരിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ പേരില്‍ മാത്രം മാര്‍ച്ച് 25നും മെയ് 31നും ഇടയില്‍ 55 മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇന്ത്യയില്‍ നിയമനടപടി നേരിടേണ്ടി വന്നത്. രാജ്യദ്രോഹമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞയാഴ്ച പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. പ്രശസ്തനായ വിനോദ് ദുവ മുതല്‍ മലയാളിയായ സിദ്ദീഖ് കാപ്പന്‍ വരെയുണ്ട് പട്ടികയില്‍.
പത്രങ്ങളും ടെലിവിഷന്‍ ചാലനലുകളുമടങ്ങുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ മേല്‍ ഏറെക്കുറെ സമഗ്രാധിപത്യം സ്ഥാപിച്ച ശേഷമാണ് വേറിട്ടു നില്‍ക്കുന്ന ചുരുക്കം ചില മാധ്യമപ്രവര്‍ത്തകരെയും മാധ്യമങ്ങളെയും കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നത്. ദേശീയ ടെലിവിഷന്‍ വാര്‍ത്താചാനലുകളും പ്രാദേശികചാനലുകളും പ്രധാനപ്പെട്ട പത്രങ്ങളും കേന്ദ്രത്തിന്റെയും സംഘപരിവാറിന്റെയും പ്രചാരവേലയാണ് നിര്‍വഹിക്കുന്നത്. ഇതിനെ ചോദ്യം ചെയ്ത് ബദല്‍ സാധ്യതകള്‍ പരീക്ഷിക്കുന്നത് സമൂഹമാധ്യമങ്ങളും ചില സ്വതന്ത്ര ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലുകളുമാണ്. രാജ്യാതിര്‍ത്തികളെപ്പോലും അപ്രസക്തമാക്കിക്കൊണ്ട് ഡിജിറ്റല്‍ മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനും രാഷ്ട്രീയാവകാശ പ്രഖ്യാപനത്തിനും അവസരമൊരുക്കി. ഇവയെ എങ്ങനെ നേരിടണമെന്നത് കുറേക്കാലമായി ഭരണകൂടത്തെ അലട്ടുന്ന കാര്യമായിരുന്നു.
നിലവില്‍ അച്ചടിമാധ്യമങ്ങളെ നിയന്ത്രിക്കുന്നതും നിരീക്ഷിക്കുന്നതും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ്. ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷനാണ് (എന്‍ബിഎ) ന്യൂസ് ചാനലുകളെ നിരീക്ഷിക്കുന്നത്. പരസ്യചിത്രങ്ങളെ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് നിയന്ത്രിക്കുന്നത്. സിനിമകളുടെ കാര്യത്തില്‍ ഇത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ആണ്. ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് മേഖലയുടെ വിറ്റുവരവ് 2019 മാര്‍ച്ചില്‍ 500 കോടി രൂപയായിരുന്നു. 2025ഓടെ ഇത് 4,000 കോടി രൂപയുടേതാവുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ ആഷിഷ് ആര്യന്‍ എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 അവസാനം 17 കോടി ഉപഭോക്താക്കളുണ്ട്. ഇന്ത്യയില്‍ നിലവില്‍ ഇവയെ നിയന്ത്രിക്കാന്‍ നിയമം ഒന്നുമില്ല. എന്നാല്‍, അമേരിക്കയില്‍ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന്‍ എന്ന സ്വതന്ത്ര ഏജന്‍സിയുടെ നിയന്ത്രണത്തിലാണ് ഡിജിറ്റല്‍ മാധ്യമങ്ങളെല്ലാം. റേഡിയോ, ടെലിവിഷന്‍ പരിപാടികളെയെല്ലാം നിയന്ത്രിക്കുന്നത് ഇതേ ഏജന്‍സിയാണ്. ചൈനയിലും സിംഗപ്പൂരിലും ദക്ഷിണ കൊറിയയിലും ഇന്റര്‍നെറ്റിന് പ്രത്യേകം സെന്‍സര്‍ഷിപ്പ് നിയമമുണ്ട്.
ഇന്ത്യയില്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി ലഭ്യമാകുന്ന ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ത്തപ്പെട്ടത് ഈ സാഹചര്യത്തിലാണ്. രാജ്യത്തെ പത്ര, ദൃശ്യമാധ്യമങ്ങള്‍ക്ക് രജിസ്‌ട്രേഷനും സര്‍ക്കാര്‍തലത്തിലുള്ള നിയന്ത്രണ സംവിധാനവുമുള്ളപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് നിലവില്‍ ഇത്തരത്തിലുള്ള നിയന്ത്രണമൊന്നുമില്ല. സിനിമകള്‍ക്ക് സെന്‍സര്‍ബോര്‍ഡുള്ളപ്പോള്‍ ഒരു നിയന്ത്രണവുമില്ലാതെ ഏതുതരം ഉള്ളടക്കവും ഇന്റര്‍നെറ്റ് വഴി ലഭ്യമാകുന്ന സാഹചര്യം നിലവിലുണ്ട്. ഫെയ്‌സ്ബുക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ ആര്‍ക്കും വാര്‍ത്തകള്‍ എഴുതി പ്രചരിപ്പിക്കാം. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള പരിഹാരം എന്ന് അവകാശപ്പെട്ടാണ് ഡിജിറ്റല്‍ മാധ്യമങ്ങളെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. പ്രത്യക്ഷത്തില്‍ വേണ്ടതുതന്നെ എന്ന് തോന്നിക്കുന്ന ഒന്നാണ് ഈ നിയന്ത്രണങ്ങള്‍. ഇതിനാല്‍ എന്നതുകൊണ്ട് അതിന് ഒരു പൊതു സ്വീകാര്യത അതിന് കൈവരും എന്നതാണ് വലിയ അപകടം. രാജ്യത്തെ പൗരസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും മുകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന മോഡി സര്‍ക്കാരിന്റെ നടപടികളുടെ തുടര്‍ച്ചയായാണ് ഇതിനെയും കാണേണ്ടത്.
ഒരേസമയം നിര്‍ലജ്ജവും കുടിലവുമായ തന്ത്രമാണിതെന്ന് ‘ദ ഹിന്ദു’വില്‍ എഴുതിയ ലേഖനത്തില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ അഭിപ്രായപ്പെടുന്നു. അടിയന്തരാവസ്ഥക്കാലത്ത് മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടി പടനയിച്ചു എന്ന് അവകാശപ്പെടുന്ന ഒരു സംഘടനയുടെ പിന്‍മുറക്കാരാണ് ഈ തീരുമാനമെടുത്തത് എന്നതാണ് നാണക്കേട്. നിലവില്‍ ഔപചാരികമായി സെന്‍സര്‍ഷിപ്പിനു വിധേയമാകാത്ത വാര്‍ത്താമാധ്യമങ്ങളെ സെന്‍സര്‍ഷിപ്പ് നിലവിലുള്ള സിനിമകളെപ്പോലുള്ള മാധ്യമങ്ങളുടെ കൂട്ടത്തിലേക്ക് കൗശലപൂര്‍വം തള്ളിവിടുകയാണിതിലൂടെ എന്നതാണ് ഇതിലെ ഗൂഢതന്ത്രം. നിര്‍ഭയം സത്യം വിളിച്ചുപറയുന്ന ഒരുകൂട്ടം നവമാധ്യമങ്ങള്‍ക്കു നേരെയുള്ള ആക്രമണമാണിത്. അഭിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റി സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തെ തന്ത്രപരമായി തട്ടിയെടുക്കുകയാണ്. അച്ചടിമാധ്യമങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ദൃശ്യമാധ്യമങ്ങള്‍ക്ക് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷനും ഉള്ളതുപോലെ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണ അതോറിറ്റി വേണ്ടതുണ്ട് എന്നാണ് വാദം. പക്ഷേ, നിയന്ത്രണ സംവിധാനം വാര്‍ത്താവിതരണ മന്ത്രാലയത്തിനു കീഴിലാണ് എന്നതാണ് പ്രശ്‌നം. സ്വയംഭരണമുണ്ടെന്ന് അവകാശപ്പെടുന്ന പ്രസാര്‍ ഭാരതിക്കു കീഴില്‍ ദൂരദര്‍ശന്റെയും ആകാശവാണിയുടെയും അവസ്ഥ എന്താണെന്ന് ഓര്‍ക്കണമെന്ന് ശശികുമാര്‍ ചൂണ്ടിക്കാണിക്കുന്നു.
ഒടിടി പ്ലാറ്റ്‌ഫോമുകളെ ഒരു പ്രത്യേക സമിതിയുടെ കീഴില്‍ നിയന്ത്രിക്കുന്നതിനുള്ള അപേക്ഷയില്‍ കഴിഞ്ഞ മാസമായിരുന്നു സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയത്. ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കേയാണ് വിജ്ഞാപനം വരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ 1961-ലെ അലോക്കേഷന്‍ ഓഫ് ബിസിനസ് റൂള്‍സ് ഭേദഗതിചെയ്തു പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് രാഷ്ട്രപതി ഒപ്പുവെച്ചത്. ഇതനുസരിച്ച്, ഓണ്‍ലൈന്‍ ഉള്ളടക്ക ദാതാക്കള്‍ പുറത്തുവിടുന്ന സിനിമകളും ഓഡിയോ, വിഷ്വല്‍ ഉള്ളടക്കങ്ങളും വാര്‍ത്താ, ആനുകാലിക ഉള്ളടക്കങ്ങളും നിയന്ത്രണത്തിന്റെ പരിധിയില്‍ വരും. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, ഹോട്ട് സ്റ്റാര്‍ തുടങ്ങിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ അഥവാ ഓവര്‍ ദ ടോപ്പ് (ഒ ടി ടി) പ്ലാറ്റ്‌ഫോമുകള്‍ക്കും ഇതനുസരിച്ച് നിയന്ത്രണം വരും. എന്നാല്‍, ഏതൊക്കെ മാധ്യമങ്ങള്‍ക്കുമേല്‍ ഏതു തരത്തിലുള്ള നിയന്ത്രണമാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതുകൊണ്ടുതന്നെ എല്ലാവരും കടുത്ത ആശങ്കയിലാണ്.
ഡിജിറ്റല്‍ മാധ്യമങ്ങളിലെ വിദേശ നിക്ഷേപം 26 ശതമാനമായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് മറ്റൊരുത്തരവ് ഇതിനു പിന്നാലെ വന്നു. നിലവില്‍ 26 ശതമാനത്തില്‍ കൂടുതല്‍ വിദേശനിക്ഷേപമുളളവര്‍ 2021 ഒക്ടോബര്‍ 15നുള്ളില്‍ അത് 26 ശതമാനത്തില്‍ താഴെയാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ വിദേശ ഇടപെടല്‍ തടയുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്നാണ് വിശദീകരണം. ഏതാണ്ട് എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും വാര്‍ത്താഏജന്‍സികള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉണ്ടെന്നിരിക്കേ എങ്ങനെയാണിത് നടപ്പാക്കുക എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്ന് ”ദ വയറി’ല്‍ എം കെ വേണുവും അനുജ് ശ്രീവാസും എഴുതുന്നു. ഗൂഗിളും ഫെയ്‌സ്ബുക്കും പോലുള്ള അന്താരാഷ്ട്ര ഭീമന്‍മാരും വാര്‍ത്തകള്‍ സമാഹരിച്ച് വിതരണം ചെയ്യുന്നുണ്ട്. അവയുടെ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുമെന്നറിയില്ല. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വാര്‍ത്ത അയക്കുന്നവര്‍ നിയന്ത്രണത്തില്‍ നിന്ന് രക്ഷപ്പെടുകയും ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ മാത്രം നിയന്ത്രിക്കപ്പെടുകയും ചെയ്താല്‍ ഇതിന്റെ പ്രഖ്യാപിതലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടും.
സമൂഹമാധ്യമങ്ങള്‍ക്കും ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലുകള്‍ക്കും മേല്‍ നിയന്ത്രണം വേണം എന്ന് മുറവിളി ഉയര്‍ത്തിയവരുടെ കൂട്ടത്തില്‍ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളുമുണ്ടായിരുന്നു. ഇപ്പറഞ്ഞ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കുമെല്ലാം അനുബന്ധ ഡിജിറ്റല്‍ മാധ്യമങ്ങളുമുണ്ട്. മുഖ്യധാരാ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ വിഭാഗത്തിനും സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒരേ നിയന്ത്രണങ്ങള്‍ തന്നെയാണോ ബാധകമാവുക എന്ന് വിജ്ഞാപനത്തില്‍ വ്യക്തമല്ല. ഏതുതരം മാധ്യമങ്ങളാണ് നിയന്ത്രണങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുക എന്നതും ഏതുതരത്തിലാണ് നിയന്ത്രണം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത് എന്ന കാര്യത്തിലും വ്യക്തതയില്ല. ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക് രാജ്യത്തെ എല്ലാ നിയമങ്ങളും ബാധകമാണ്. അതിനുപുറമേ ഐ ടി നിയമത്തിന്റെ പരിധിയിലും ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമങ്ങള്‍ ഉള്‍പ്പെടും. ഈ സാഹചര്യത്തില്‍ പുതിയ നിയന്ത്രണം എന്തിനാണെന്ന ചോദ്യത്തിനും ഉത്തരമില്ല. അവ്യക്തമായ നിയമങ്ങളാണ് ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുക എന്നതുകൊണ്ട് പുതിയ ഉത്തരവിനെക്കുറിച്ചുള്ള ആശങ്കകളുടെ ആഴം വര്‍ധിക്കുന്നു.
എസ് കുമാര്‍
You must be logged in to post a comment Login