മലബാറിനെ സംബന്ധിച്ചിടത്തോളം ഖിലാഫത്ത് സമരം അതുവരെ നടന്ന ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ തുടര്‍ച്ച തന്നെയാണ്. എന്നാല്‍ മാപ്പിള, ജന്മി, ബ്രിട്ടീഷ് എന്ന ത്രിപദങ്ങള്‍ക്കൊപ്പം ഖിലാഫത്, ദേശീയത എന്നീ പദങ്ങള്‍ കൂടി ചേര്‍ന്നു. ആദ്യ കാല സമരങ്ങള്‍ പ്രാദേശികമായിരുന്നെങ്കില്‍ 1921ലേത് ദേശീയവും അന്തര്‍ദേശീയവുമായ തലങ്ങള്‍ ഉള്‍ക്കൊണ്ടു. കേവലം മതപരമായ ആശയങ്ങള്‍ മാത്രമല്ല ഖിലാഫത് സമരത്തെ പ്രചോദിപ്പിച്ചത്. ദേശീയമായ ആവേശത്തെ കൂടി മതത്തോട് കൂട്ടിച്ചേര്‍ത്തിരുന്നു. ഇത് ഗാന്ധിയന്‍ രീതിയായിരുന്നു. അതേ സമയം ഗാന്ധിജിയുടെ സത്യഗ്രഹവും അഹിംസയും ഒന്നും മാപ്പിളമാര്‍ക്ക് വശമായിരുന്നില്ല. സമരം ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കുമെതിരെ ആയതിനാല്‍ പഴയ അലകും പിടിയും തന്നെയാണ് അവരുപയോഗിച്ചത്. ഒന്നാം സ്വാത്രന്ത്ര്യ സമരത്തിന് ശേഷം ലോക ശ്രദ്ധയാകര്‍ഷിച്ച രണ്ടാം സമരമാണ് ഖിലാഫത്. ഗാന്ധിജിയും കോണ്‍ഗ്രസും മുസ്ലിം പണ്ഡിതന്‍മാരുമാണ് ഇതിന് നേതൃത്വം നല്‍കിയത്. ഹിന്ദു മുസ്ലിം ഐക്യത്തിന്റെ പ്രത്യക്ഷപ്രകടനം കൂടിയായിരുന്നു ഈ സമരം. അതിനാല്‍ കോണ്‍ഗ്രസുകാര്‍ വ്യാപകമായി തന്നെ ഖിലാഫത് സമരങ്ങളില്‍ അണിചേര്‍ന്നു. ഖിലാഫത് പ്രസ്ഥാനവും കോണ്‍ഗ്രസ് പ്രസ്ഥാനവും ശക്തിപ്പെട്ടു. കുടിയാന്‍മാരുടെ പരിദേവനങ്ങളും തുര്‍ക്കിയിലെ ഖിലാഫത് സംരക്ഷണവും സമരത്തിന്റെ അവിഭാജ്യഘടകമായിരുന്നു. ഇവയുടെ ആത്യന്തിക ലക്ഷ്യമായിരുന്നു ബ്രിട്ടീഷുകാരുടെ ഭരണത്തിന് അറുതിവരുത്തുക എന്നത്. കോണ്‍ഗ്രസ് മുന്നോട്ടുവെച്ച നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കൂടപ്പിറപ്പായിട്ടാണ് ഖിലാഫത് സമരവും അരങ്ങേറിയത്. രണ്ടും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം ഒന്നായി പരിണമിച്ചു.
ഖിലാഫത് സമരത്തിന്റെ മുന്നോടിയായി ഗാന്ധിജിയും ഷൗക്കത്തലിയും മലബാറില്‍ വന്നെങ്കിലും ജനങ്ങളെ രംഗത്തിറക്കിയത് മതപണ്ഡിതന്‍മാരുടെയും സയ്യിദ് വംശജരുടെയും ഇടപെടല്‍ തന്നെയായിരുന്നു. നേതൃത്വം നല്‍കിയ പലരുടെയും പൂര്‍വികര്‍ കഴിഞ്ഞ സമരങ്ങളില്‍ രക്തസാക്ഷിത്വം വരിച്ചവരായതിനാല്‍ പ്രതികാരത്തിനുള്ള അവസരമായി കൂടി അവര്‍ ഖിലാഫത് സമരത്തെ ഗണിച്ചു. ആലി മുസ്ലിയാരുടെയും ശിഷ്യന്‍മാരുടെയും സാന്നിധ്യം, നിരവധി സയ്യിദ് കുടുംബങ്ങളുടെ പങ്കാളിത്തം, പണ്ഡിതന്‍മാരുടെ ഫത്്വകള്‍ എന്നിവ സമരങ്ങള്‍ക്ക് ആവേശം പകര്‍ന്നു. ഒരു വിഭാഗം മാപ്പിളമാരും പണ്ഡിതന്‍മാരും സമരത്തിനെതിരെ ബ്രിട്ടീഷ് പക്ഷത്ത് ചേര്‍ന്നെങ്കിലും അവരെ അംഗീകരിക്കാന്‍ യാതനകളും പീഡനങ്ങളും നിരന്തരം അനുഭവിച്ച സാധാരണ കര്‍ഷകര്‍ തയാറായില്ല. രക്തസാക്ഷിത്വത്തിലൂടെ അവര്‍ പ്രതിരോധനിര സൃഷ്ടിക്കുകയായിരുന്നു. ചെകുത്താന്മാരായ ബ്രിട്ടീഷുകാര്‍ക്കെതിരെ മരണം വരെ സമരം എന്നതായിരുന്നു ഓരോരുത്തരുടെയും തീരുമാനം. അറസ്റ്റ് ചെയ്തവര്‍ പോലും മരിക്കാന്‍ കഴിയാത്തതിലുള്ള ദുഃഖവും പേറിയാണ് ജയിലില്‍ കഴിഞ്ഞത്.
ഖിലാഫത്, കര്‍ഷക ബന്ധം
ഖിലാഫത് പ്രസ്ഥാനവുമായി കര്‍ഷകസമരങ്ങള്‍ കൂടിച്ചേര്‍ന്നതോടെ അതിന്റെ രൂപ ഭാവങ്ങളിലും മാറ്റമുണ്ടാവുന്നുണ്ട്. നിരന്തരമായുണ്ടായ കര്‍ഷകസമരങ്ങള്‍ക്ക് അറുതിവരുത്താന്‍ സര്‍ക്കാര്‍ പല കമ്മീഷനുകളും നിശ്ചയിച്ചിരുന്നെങ്കിലും അവ പൊതുവായ കാരണങ്ങള്‍ കണ്ടെത്തുന്നതിന് പകരം കുറ്റം മാപ്പിളമാരുടെ മതഭ്രാന്തില്‍ ചാര്‍ത്തുകയായിരുന്നു. അതോടൊപ്പം തന്നെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ ചില നിയമങ്ങള്‍ കൊണ്ടുവന്നെങ്കിലും അതൊന്നും ഫലപ്രദമായി നടപ്പാക്കാന്‍ ജന്മിമാര്‍ സമ്മതിച്ചില്ല. 1857ലെ കുടിയാന്‍ നിയമം കര്‍ഷകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കിയിരുന്നെങ്കിലും ചൂഷണങ്ങള്‍ക്ക് കുറവുണ്ടായില്ല. കോടതികളില്‍ കുടിയാന്മാര്‍ക്ക് വേണ്ടി വാദിക്കാനും ആരുമുണ്ടായില്ല. അതിനാല്‍ പുറത്താക്കലും പള്ളിക്കും ശ്മശാനത്തിനും അനുമതിനിഷേധിക്കലും നിര്‍ബാധം തുടര്‍ന്നു. പട്ടിണിയും അരക്ഷിതാവസ്ഥയും കൂടുതലായി. ഈ സമയത്താണ് ഖിലാഫത്തിന്റെ വിളി വരുന്നത്. ഖിലാഫത്തിനെ മതസൗഹൃദത്തിന്റെ വേദിയാക്കാനും ഗാന്ധിജി ശ്രമിച്ചു. ഇന്ത്യയിലെ മുസ്ലിംകളുടെ ആവശ്യത്തിന് വേണ്ടി ഹിന്ദുക്കളും അണിചേരുന്നത് ഒരേ രാജ്യത്തിന്റെ മക്കളാണെന്ന നിലക്ക് അനിവാര്യമാണെന്ന് ഗാന്ധിജി പറഞ്ഞു. ഇതേ തുടര്‍ന്ന് ഹിന്ദു കോണ്‍ഗ്രസുകാര്‍ സജീവമായി തന്നെ ഖിലാഫത്തിന് നേതൃത്വംനല്‍കി. ഗാന്ധിജിയുടെ സന്ദര്‍ശന ശേഷം പലയിടത്തും ഖിലാഫത് കമ്മിറ്റികള്‍ വന്നു. പണ്ഡിതന്മാരും സയ്യിദ് വംശജരുമാണ് പൊതുവേ നേതൃത്വംനല്‍കിയിരുന്നത്. അതിനാല്‍ മതകീയ സ്വഭാവം ഖിലാഫത്തിലും തുടര്‍ന്നുവെങ്കിലും ആശ്ചര്യകരമാം വിധം മതസൗഹൃദം ഖിലാഫത് സമരങ്ങളില്‍ ദൃശ്യമായി. ഖിലാഫത് യോഗങ്ങില്‍ എം പി നാരയണ മേനോന്‍, കേശവ മേനോന്‍, ഗോപാല മേനോന്‍, മാധവന്‍ നായര്‍, കേളപ്പന്‍ തുടങ്ങിവര്‍ സജീവമായി. സാധാരണക്കാരും മതംമാറാത്തവരുമായ കുടിയാന്‍മാരും സമരങ്ങളില്‍ പങ്കെടുത്തു തുടങ്ങി. ഹിന്ദുക്കളുടെ പൊതുവായ സാന്നിധ്യം മൂലമായിരുന്നു ഇത്.
മമ്പുറത്തെ സ്ഥിതി
ഫസല്‍ പൂക്കോയ തങ്ങളെ നാടുകടത്തുന്നതിന് ബ്രിട്ടീഷുകാരെ സഹായിച്ചത് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ തന്നെയായിരുന്നു. പല തങ്ങന്മാരും ബ്രിട്ടീഷ് പക്ഷത്ത് നിന്ന് ആനുകൂല്യം നേടുകയും ഖാന്‍ ബഹാദൂര്‍ പട്ടം സ്വീകരിക്കുകയും ചെയ്തിരുന്നു. മാപ്പിള സമരത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ ഈ തങ്ങന്‍മാരെയും അവരുടെ അനുയായികളെയും നിരന്തരം ഉപയോഗിച്ചു. ഇവരെ പിന്തുണക്കുന്ന ഒരു വിഭാഗം പണ്ഡിതന്മാരും ഉണ്ടായിരുന്നു. കുടുംബക്കാരില്‍ ചിലരുടെ കുടിപ്പകക്ക് ഫസല്‍ പൂക്കോയ തങ്ങള്‍ ഇരയാവുക കൂടിയായിരുന്നു. മമ്പുറത്തെ സ്വത്തുക്കള്‍ കൈക്കലാക്കാനുള്ള മോഹംകൂടി ഇതിന് പിന്നിലുണ്ട്. പൂക്കോയ തങ്ങള്‍ മലബാര്‍ വിട്ടതിന് ശേഷം മമ്പുറം ബ്രിട്ടീഷനുകൂലികളുടെ വേദിയായി. സമരത്തെ അടിച്ചമര്‍ത്താന്‍ അവിടെ നിന്ന് ഒത്താശകളും ചെയ്തുകൊടുത്തു. മമ്പുറത്ത് വന്ന് മാപ്പ് പറഞ്ഞ പലരെയും ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുക്കാനും പില്‍ക്കാലത്തെ മമ്പുറത്തെ പരിപാലകര്‍ മടിച്ചില്ല. ജനങ്ങളിലെ സമരാവേശം ഇതുകൊണ്ടൊന്നും അസ്തമിച്ചില്ല. മതംമാറ്റങ്ങളുടെ വേദി മമ്പുറത്ത് നിന്ന് പൊന്നാനിയിലേക്കും മലപ്പുറത്തേക്കും മാറി. മലപ്പുറം കുഞ്ഞിതങ്ങളും കുടുംബങ്ങളും, വിവിധ പ്രദേശങ്ങളിലെ പണ്ഡിതന്‍മാരും സയ്യിദ് വംശജരും, പൂക്കോയ തങ്ങളുടെ തന്നെ സതീര്‍ഥ്യരും ബന്ധുക്കളും സമരങ്ങളുടെ മുന്‍നിരയിലെത്തി. ഇവരെ നേരിടാന്‍ തങ്ങളുടെ അനുകൂലികളായ പണ്ഡിതന്‍മാരെയും തങ്ങന്മാരെയും ബ്രിട്ടീഷുകാര്‍ രംഗത്തിറക്കി.
കോഴിക്കോട്ടെ സ്ഥിതി
തെക്കന്‍ മലബാറില്‍ സമരാവേശവും ബ്രിട്ടീഷ് വിരോധവും ആളിക്കത്തുമ്പോള്‍ കോഴിക്കാടന്‍ തീരത്ത് മാപ്പിളമാരും ബ്രിട്ടീഷുകാരും സൗഹൃദത്തിലാണ് കഴിഞ്ഞിരുന്നത്. കോഴിക്കോട്ടെ വ്യാപാരികളും ധനാഢ്യന്മാരും ബ്രിട്ടീഷ്ബാന്ധവത്തിലൂടെ സാമ്പത്തിക മുന്നേറ്റം നടത്തിക്കൊണ്ടിരുന്നു. കോഴിക്കോട്ടെ ഖാളിക്ക് ബ്രിട്ടീഷുകാരുടെ അംഗീകാരവുമുണ്ടായിരുന്നു. അതിനാല്‍ ബ്രിട്ടീഷുകാരെ സ്വീകരിക്കാനും ബ്രിട്ടീഷ് രാജാവിന്റെ കിരീടധാരണം ആഘോഷിക്കാനും ഖാളിമാരും ഖാന്‍ ബഹാദൂര്‍മാരും മുന്നിലുണ്ടായി. ബ്രിട്ടീഷ് രാജാവിന്റെയും രാജ്ഞിയുടെയുമൊക്കെ സ്ഥാനാരോഹണ വേളകളില്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ വരെ നടത്തിയിരുന്നു. ഇവിടെ പല തങ്ങന്മാര്‍ക്കും ബ്രിട്ടീഷുകാര്‍ ഖാന്‍ ബഹാദൂര്‍ പട്ടവും നല്‍കിയിരുന്നു. മമ്പുറത്തെ പൂക്കോയ തങ്ങളുടെ ബന്ധുവായ മുത്തുക്കോയ തങ്ങളും പുത്രന്‍ ആറ്റക്കോയ തങ്ങളും ഖാന്‍ബഹാദൂര്‍ പട്ടം സ്വീകരിച്ച് ബ്രിട്ടീഷുകാരെ സേവിച്ചവരാണ്. ഇങ്ങനെ കോഴിക്കോട്ടും തെക്കന്‍ മലബാറിലും സമീപന വ്യത്യാസമുണ്ടാവാന്‍ കാരണം സമീപനങ്ങളിലും സാഹചര്യങ്ങളിലും ഉള്ള വ്യത്യാസമായിരുന്നു. ചൂഷണമുള്ളിടത്തേ പ്രതിരോധം വേണ്ടുള്ളൂ എന്ന ഇസ്ലാമിന്റെ സമീപനം തന്നെയാണ് കാരണം. വ്യാപാരരംഗത്ത് ബ്രിട്ടീഷ് നയം അനുഗുണമായിരുന്നു. അതോടൊപ്പം പ്രത്യക്ഷമായ വിരോധങ്ങളൊന്നും ബ്രിട്ടീഷുകാര്‍ക്ക് കോഴിക്കോട്ടെ മുസ്ലിംകളോടുണ്ടായതുമില്ല. ഖാളിയെയും ഖാന്‍ ബഹാദൂര്‍മാരെയും തെക്കന്‍ മലബാറിലെ കലാപമില്ലാതാക്കാന്‍ പലപ്പോഴും ഉപയോഗപ്പെടുത്തിയിരുന്നു. ഉമര്‍ഖാളിയെ കോഴിക്കോട് ജയിലിലടച്ചപ്പോള്‍ ക്ഷുഭിതരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കോഴിക്കോട് ഖാളിയെ ഉപയോഗപ്പെടുത്തിയിരുന്നു. മുത്തുക്കോയ തങ്ങളെയും പുത്രനെയും പൂക്കോയ തങ്ങള്‍ക്കെതിരെയും ഉപയോഗപ്പെടുത്തിയിരുന്നു. മമ്പുറത്തിന്റെ അധികാരം ഇവര്‍ക്ക് വന്നപ്പോള്‍ തികഞ്ഞ ബ്രിട്ടീഷ് ഭക്തിയുമായി ഇവര്‍ രംഗത്തെത്തി. 1930കളില്‍ മലബാര്‍ സമരത്തിന് നേതൃത്വം നല്‍കിയ ഹിച്ച് കോക്കിന്റെ സ്മാരകം നിര്‍മിക്കുന്നതിന് മമ്പുറത്ത് വെച്ച് ധനാഢ്യരില്‍ നിന്ന് പിരിവെടുത്ത് ബ്രിട്ടീഷുകാരെ എല്‍പിച്ച സംഭവങ്ങളുമുണ്ട്. അതോടൊപ്പം മലബാര്‍ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ശിക്ഷയനുഭവിച്ചവരെ രക്ഷപ്പെടുത്താനും ഇവര്‍ തയാറായിരുന്നു. ബ്രിട്ടീഷ് പക്ഷത്ത് നിലയുറപ്പിച്ച മാപ്പിളമാര്‍ വേറെയുമുണ്ടായിരുന്നു. ഇവരില്‍ വലിയൊരു വിഭാഗംബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരായിരുന്നു. മുസ്ലിംകളായ പൊലീസുകാര്‍, പട്ടാളക്കാര്‍, അധികാരികള്‍ തുടങ്ങിയവരില്‍ ഭൂരിപക്ഷവും ബ്രിട്ടീഷ് പക്ഷത്തുനിന്ന് കൊണ്ട് സമരങ്ങളെ അടിച്ചമര്‍ത്താന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. പോരാളികളെ പിടിച്ചുകൊടുത്തതിന്റെ പേരില്‍ ഇവരില്‍ പലര്‍ക്കും സ്ഥാനക്കയറ്റങ്ങളും സമ്മാനങ്ങളും ലഭിച്ചിരുന്നു. കലാപത്തിനെതിരെ മാപ്പിളമാരെ ബോധവാന്മാരാക്കുന്നതില്‍ വലിയ പങ്കു വഹിച്ച മക്തിതങ്ങളെ പോലുള്ളവര്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരായിരുന്നു. ഇന്‍സ്‌പെക്ടര്‍ മൊയ്തീന്‍, ഡി വൈ എസ് പി ആമു സൂപ്രണ്ട്, ഇന്‍സ്‌പെക്ടര്‍ ആമു സാഹിബ് തുടങ്ങിവയര്‍ ബ്രിട്ടീഷുകാരെക്കാള്‍ വലിയ രാജഭക്തി കാണിച്ചുകൊണ്ട് സമരത്തെ അടിച്ചമര്‍ത്തിയതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. മറ്റൊരു വിഭാഗം മുസ്ലിം ജന്മിമാരാണ്. ഇവരില്‍ അധികപേര്‍ക്കും സര്‍ക്കാര്‍ ബഹുമതിയായി ഖാന്‍ സാഹിബ് പട്ടം കൊടുത്തിരുന്നു. ഇവരും ആശ്രിതരായ കുടിയാന്‍മാരും ബ്രിട്ടീഷുകാരെ അതിരുവിട്ട് സഹായിച്ചിരുന്നു. ഇവര്‍ പലപ്പോഴും അധികാരികളായും സേവനംചെയ്തു. സമരത്തിന്റെ മറവില്‍ കലാപങ്ങളും കൊള്ളയും അഴിച്ചുവിട്ട് സമരത്തിന്റെ വീര്യംകെടുത്താന്‍ ഇവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഇവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പല പണ്ഡിതന്മാരും ബ്രിട്ടീഷ് പക്ഷത്ത് നിന്നത്. കലാപകാരികളെ പിടിച്ചുകൊടുക്കാനും സമരത്തെ ഒറ്റിക്കൊടുക്കാനും ഇവര്‍ നേതൃത്വം നല്‍കി. സമരവേളയില്‍ മനകള്‍ കൊള്ളചെയ്യാനും സ്ത്രീകളെ മാനഭംഗപ്പെടുത്താനും തങ്ങളുടെ ശത്രുവായിരുന്ന ചില ഹിന്ദു ജന്മിമാരോട് പ്രതികാരം തീര്‍ക്കാനും ഇവരുണ്ടായിരുന്നു. ഇതുമൂലം മനകള്‍ക്ക് കാവല്‍നില്‍ക്കാന്‍ ഖിലാഫത് നേതാക്കള്‍ വളണ്ടിയര്‍മാരെ ഏര്‍പ്പാടാക്കിയിരുന്നു. ഈ കാവല്‍ക്കാരെ തന്നെ കലാപകാരികളാക്കി ചിത്രീകരിച്ച് പൊലീസിന് നല്‍കുമായിരുന്നു. ഈ കാവല്‍ക്കാരെ വധിച്ച് മനകള്‍ കൊള്ള ചെയ്ത സംഭവം തിരൂരങ്ങാടിയിലെ നന്നമ്പ്രയിലുണ്ടായി. അവിടെ ആലി മുസ്ലിയാര്‍ ഏര്‍പ്പാടാക്കിയിരുന്ന കാവല്‍ക്കാരെയാണ് മൂസക്കുട്ടി അധികാരിയുടെ ആള്‍ക്കാര്‍ വധിച്ചത്. ഇവരോടൊപ്പം കൊള്ളയില്‍ പങ്കെടുത്ത് പണമുണ്ടാക്കിയ മാപ്പിളമാരുമുണ്ട്. ജന്മിമാരെ കൊന്നും അവരുടെ മുതലുകള്‍ അപഹരിച്ചും പ്രതികാരം തീര്‍ക്കുക കൂടി ഇവര്‍ക്ക് ലക്ഷ്യമുണ്ടായിരുന്നു. വാരിയന്‍ കുന്നനെ പിടിച്ചുകൊടുക്കാനും മൃതദേഹം കത്തിച്ചുകളയാനും ബ്രിട്ടീഷുകാരെ സഹായിച്ചത് മാപ്പിളമാരായ അധികാരികളായിരുന്നു. വാഗണ്‍ ട്രാജഡിയിലെ അന്വേഷണക്കമ്മീഷനില്‍ മാപ്പിള ജന്മിയെ കൂടി ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടുത്തിയിരുന്നു. കുറ്റക്കാരെ വെറുതെവിടാന്‍ ഇവര്‍ പിന്തുണ നല്കിയ കാര്യവും സ്മരിക്കാം.
പല പ്രദേശത്തും അനുയായികളുണ്ടായിരുന്ന കൊണ്ടോട്ടി തങ്ങന്‍മാരും ബ്രട്ടീഷ് പക്ഷത്താണ് നിലയുറപ്പിച്ചത്. കൊണ്ടോട്ടി തങ്ങന്മാരും കേരളത്തിലെ മറ്റുതങ്ങന്മാരും തമ്മില്‍ ചേരിപ്പോര് നിലനിന്നിരുന്നു. കൊണ്ടോട്ടി തങ്ങളെ ഷിയാ എന്ന് മുദ്ര കുത്തപ്പെട്ടപ്പോള്‍ മുസ്ലിം ബഹുജനത്തിന്റെ പിന്തുണ നേടാനവര്‍ക്ക് കഴിഞ്ഞില്ല. മുസ്ലിംകള്‍ അധിക പക്ഷവും അതോടൊപ്പം മറ്റ് സയ്യിദ് കുടുംബങ്ങളും സുന്നി പക്ഷത്തായിരുന്നു. കൊണ്ടോട്ടി തങ്ങള്‍ക്ക് അരീക്കോട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ അനുയായികളുണ്ടായിരുന്നു. ഈ മാപ്പിളമാര്‍ തങ്ങളുടെ നിര്‍ദേശ പ്രകാരം ബ്രിട്ടീഷുകാരെ അനുകൂലിക്കുകയും സമരക്കാരെ പിടിച്ചുകൊടുക്കാന്‍ അധികാരികളെ സഹായിക്കുകയും ചെയ്തു. കൊണ്ടോട്ടിയിലും പരിസരങ്ങളിലും സമരം പടരാതിരിക്കാന്‍ കാരണം തങ്ങളുടെ സ്വാധീനം തന്നെയാണ്. ടിപ്പു സുല്‍ത്താന്‍മാരുടെ കാലത്ത് തന്നെ തങ്ങള്‍ ഇനാം സ്വത്തക്കള്‍ അനുഭവിച്ചുപോന്നത് ബ്രിട്ടീഷുകാരുടെ കാലത്തും തുടര്‍ന്നു. 1921 ആയപ്പോഴേക്കും തങ്ങളുടെ സ്വാധീനം കുറഞ്ഞുവന്നു. ഖിലാഫത് സമരങ്ങളില്‍ കൊണ്ടോട്ടി അത്രക്കങ്ങ് പിന്നിലായിരുന്നില്ല.
ഇത്രയും പറഞ്ഞത് മലബാറിലെ ഈ സമരത്തെ മാപ്പിളകലാപം എന്ന് പറയാനാവില്ല എന്ന് തെളിയിക്കാനാണ്. കാരണം ഒരു വിഭാഗം മാപ്പിളമാര്‍ സമരങ്ങളില്‍ നിന്ന് വിട്ടുനിന്നവരാണെന്ന് മാതമ്രല്ല; അവര്‍ കലാപത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാരെ സഹായിച്ചവരുമാണ്. പുലയ ലഹള, ചാന്നാര്‍ ലഹള എന്നൊക്കെ പറയും പോലെ ഇതൊരു ജാതിക്കാരുടെ സമരവുമായിരുന്നില്ല. ഇവിടെ മാപ്പിളമാരുടെയോ ഇസ്ലാമിന്റെയോ കാര്യം നേടുകയായിരുന്നില്ല ലക്ഷ്യം. കാരണം ഇടവിടെ ദുരിതമനുഭവിക്കുന്ന കര്‍ഷകന്റെ കഷ്ടതകയകറ്റുകയായിരുന്നു ലക്ഷ്യം. സമരസഖാക്കള്‍ അവര്‍ സമരകാലത്ത് സമരത്തിന്റെ ഭാഗമായി ഇസ്ലാമിലേക്ക് ചേര്‍ന്നവരാണ്. അവര്‍ മാപ്പിള സമുദായത്തിന്റെ ഭാഗമായി എന്ന് മാത്രം. മാപ്പിള എന്നത് അടിസ്ഥാനപരമായി അറബിയും മലയാളിയും കൂടിച്ചേര്‍ന്നതാണല്ലോ? എന്നാല്‍ മലബാറിലെ പേരാളികള്‍ ആഅര്‍ഥത്തില്‍ മാപ്പിളമാരുമല്ല. കുടിയാന്‍മാരായ അവര്‍ കടുംബസമേതം ഇസ്ലാമിലേക്ക് വന്നതാണ്. കര്‍ഷകരുടെ സമരത്തെ പൊതുവേ ആരും ജാതിയോ മതമോ തിരിച്ചുപറയാറില്ല. സ്വാതന്ത്ര്യത്തിനുള്ള സമരങ്ങളെയും അങ്ങനെ പറയാറില്ല. പുന്നപ്ര സമരവും കയ്യൂര്‍ സമരവും എന്നൊക്കെ പറയുംപോലെ ഇത് മലബാര്‍ സമരമാണ്. പുന്നപ്രയിലും വയലാറിലും സമരത്തില്‍ പങ്കെടുത്തവര്‍ ഭൂരിപക്ഷവും ഒരു പ്രത്യേക മതക്കാരോ ജാതിക്കാരോ ആണ് എന്നുവെച്ച് ആ സമരങ്ങളെ ആരെങ്കിലും മതത്തിന്റെയോ ജാതിയുടെയോ പേരില്‍ മുദ്രകുത്താറുണ്ടോ? ഇത് ശരിക്കും ബ്രിട്ടീഷുകാരും ജന്മിമാരും ചേര്‍ന്നൊരുക്കിയ കെണികളാണ്. ഇത് അങ്ങനെ തന്നെയാക്കാനും ഈ കര്‍ഷകരുടെ വീര്യം നശിപ്പിക്കാനും പേരുകെടുത്താനും അധികാരികളും കൊണ്ടുപിടിച്ചു ശ്രമിക്കുകയായിരുന്നു. നേതാക്കളെ അറസ്റ്റു ചെയ്ത് നേതാവില്ലാത്ത അവസ്ഥ വരുത്തി സമരത്തിന്റെ ലക്ഷ്യം തെറ്റിക്കാന്‍ അധികാരികള്‍ കൊണ്ടുപിടിച്ചു. കൊള്ളയും കൊള്ളിവയ്പും നിര്‍ബന്ധിത മതംമാറ്റങ്ങളും ഉണ്ടാക്കിയതില്‍ മുഖ്യ പങ്ക് ബ്രിട്ടീഷുകാര്‍ക്കും അവരെ അനുകൂലിക്കുന്ന മുസ്ലിം ജന്മിമാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായിരുന്നു. എന്നിട്ട് എല്ലാം ഖിലാഫത് നേതാക്കളുടെയും പേരിലെഴുതി അവരെ വധിക്കാനും നാടുകടത്താനുമുള്ള വ്യാപകമായ ഗൂഢാലോചനകളാണ് അരങ്ങേറിയത്. എല്ലാ നെറികേടുകളുടെയും ഉത്തരവാദിത്വം മാപ്പിളകര്‍ഷകരുടെ തലയില്‍ വെച്ചു. പണ്ഡിതന്മാരെയും തങ്ങന്മാരെയും ശിക്ഷിച്ചു. അവരെ തിരിച്ചുവരാന്‍ കഴിയാത്ത വിധം ഛിന്നഭിന്നമാക്കി. അവരുടെ പേരില്‍ രേഖകളില്‍ കാണുന്ന പല സ്റ്റേറ്റുമെന്റുകളും പൊലീസുകാര്‍ തോക്ക് ചൂണ്ടി പറയിച്ചതാണ്. ഖിലാഫത് നേതാക്കളുടെ പലരുടെയും പേരില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ അവര്‍ സ്വപ്ത്തില്‍ പോലും ചിന്തിക്കാത്തതാണ്. മതംമാറ്റവും കൊള്ളിവയ്പും വിശുദ്ധന്‍മാരായ തങ്ങന്മാരുടെ പേരില്‍ പോലും കെട്ടച്ചമയ്ക്കുകയാരുന്നു.
ഹുസൈന്‍ രണ്ടത്താണി
You must be logged in to post a comment Login