കെട്ടിച്ചമച്ച കേസുകളെ പ്രതിരോധിക്കുകയെന്നത് ഉറക്കം നടിച്ചു കിടക്കുന്നവരെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതുപോലെ വിഷമകരമാണ്. പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളും യുവാക്കളും ഇപ്പോഴും ജയിലില്‍ക്കിടക്കുന്നതും ഭീമ കോറേഗാവ് കേസിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ജാമ്യം നിഷേധിക്കപ്പെട്ട് തടങ്കലില്‍ കഴിയുന്നതും അവര്‍ക്കെതിരായ കേസുകള്‍, അവര്‍ പുറത്തിറങ്ങരുതെന്ന ഉദ്ദേശ്യത്തോടെ ഭരണകൂടം ബോധപൂര്‍വം കെട്ടിച്ചമച്ചതാണ് എന്നതുകൊണ്ടാണ്. ഭീമ കോറേഗാവില്‍ നടന്ന റാലിയെയും പൗരത്വ നിയമഭദേഗതിക്കെതിരായി നടന്ന സമരങ്ങളെയും ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തെയും അപകീര്‍ത്തിപ്പെടുത്താനും അടിച്ചമര്‍ത്താനും ആവിഷ്‌കരിക്കപ്പെട്ടത് ഒരേ തന്ത്രമാണെന്ന് വിഖ്യാത എഴുത്തുകാരി അരുന്ധതി റോയ് ചൂണ്ടിക്കാണിക്കുന്നു. ഇപ്പോഴത്തെ ഭരണകൂടത്തെ അധികാരത്തിലെത്തിക്കാന്‍ പതിറ്റാണ്ടുകള്‍ നീണ്ട ആസൂത്രണ പദ്ധതിയില്‍ ഉപയോഗിക്കപ്പെട്ടതും അതേ ഗൂഢതന്ത്രങ്ങളാണ്.
ഭീമ കോറേഗാവ് യുദ്ധവാര്‍ഷികത്തില്‍ ഇത്തവണ പുനെയില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് എന്ന ദളിത് പാര്‍ലമെന്റില്‍ മുഖ്യപ്രഭാഷണം നടത്തിയത് അരുന്ധതി റോയിയാണ്. യുദ്ധവിജയത്തിന്റെ ഇരുനൂറാം വാര്‍ഷികദിനത്തില്‍ 2017 ഡിസംബര്‍ 31ന് പുനെയ്ക്കടുത്ത് കോറേഗാവില്‍ എല്‍ഗാര്‍ പരിഷത്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഇപ്പോഴും ജയിലില്‍ കിടക്കുകയാണ് എന്നതുകൊണ്ട് മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന എല്‍ഗാര്‍ പരിഷത്തിലെ ആ പ്രഭാഷണത്തിന് പ്രധാന്യം ഏറെയാണ്. കെട്ടിച്ചമച്ച കേസുകളില്‍കുടുക്കി ജയിലിടയ്ക്കപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് അരുന്ധതി റോയ് പ്രഭാഷണം തുടങ്ങിയത്. പതിവിനു വിപരീതമായി ഹിന്ദിയില്‍ നടത്തിയ പ്രഭാഷണത്തിന് അവര്‍ നല്‍കിയ ശീര്‍ഷകം ‘ഏക് ലഡായി മുഹബ്ബത് കീ’ എന്നാണ്. സ്നേഹത്തിന്റെ പോരാട്ടം. രാഷ്ട്രീയ സ്വയം സേവക് സംഘി(ആര്‍ എസ് എസ്)നെതിരെ സത്യശോധക് റെസിസ്റ്റന്‍സ് ( എസ് എസ് ആര്‍) ഉയരേണ്ടതിന്റെ ആവശ്യകതയായിരുന്നു പ്രഭാഷണത്തിന്റെ കാതല്‍.
എല്‍ഗാര്‍ പരിഷത്തില്‍ പങ്കെടുത്ത സാമൂഹികപ്രവര്‍ത്തകരെയും അതുമായി സഹകരിച്ച ബുദ്ധിജീവികളെയും പല പല വിശേഷണങ്ങളിലൂടെ അപഹസിക്കുകയായിരുന്നു കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങള്‍. ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭീകരരായും ജിഹാദികളായും അര്‍ബന്‍ നക്സലൈറ്റുകളായും ദളിത് പാന്തറുകളായും അവര്‍ മുദ്രകുത്തപ്പെട്ടു. ഇത്തരമൊരു അന്തരീക്ഷത്തില്‍ ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിക്കാനുള്ള ധൈര്യം കാണിച്ചു എന്നത് നിസ്സാരകാര്യമല്ലെന്നു പറഞ്ഞുകൊണ്ടാണ് അരുന്ധതി റോയ് സംസാരിച്ചു തുടങ്ങിയത്. മൂന്നു വര്‍ഷം മുമ്പുനടന്ന എല്‍ഗാര്‍ പരിഷത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടവര്‍ എല്ലാ അര്‍ഥത്തിലും തനിക്ക് ഏറ്റവും അടുപ്പമുള്ള സഖാക്കളാണെന്ന് അവര്‍ എടുത്തു പറഞ്ഞു.
ഭീമ കോറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികത്തില്‍ 2018 ജനുവരി ഒന്നിനുണ്ടായ സംഘര്‍ഷങ്ങളുമായും അതിനു മുന്നോടിയായി നടന്ന എല്‍ഗാര്‍ പരിഷത്ത് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ട് എന്ന് ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട് ജയിലില്‍ കിടക്കുന്നവരില്‍ വിപ്ലവ കവി വരവര റാവു, ദളിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്ലിങ്, രാഷ്ട്രീയതടവുകാരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതാവ് റോണ വില്‍സണ്‍, നടനും പ്രസാധകനുമായ സുധീര്‍ ധവാളെ, വനിതാവിമോചന പ്രവര്‍ത്തകയും നാഗ്പുര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഷോമ സെന്‍, മറാഠി ബ്ലോഗ് എഴുത്തുകാരന്‍ മഹേഷ് റാവുത്ത്, കമ്യൂണിസ്റ്റ് നേതാവ് സുധ ഭരദ്വാജ്, അഭിഭാഷകന്‍ അരുണ്‍ ഫെരേരിയ, അധ്യാപകനും എഴുത്തുകാരനുമായ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, പൗരാവകാശ പ്രവര്‍ത്തകനും ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ പ്രൊഫസറുമായ ആനന്ദ് തെല്‍തുംബ്ഡേ, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവലാഖ, ജാതിവിരുദ്ധ പ്രവര്‍ത്തകന്‍ ഹാനി ബാബു എന്നിവരെല്ലാമുണ്ട്.
സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ത്തന്നെ, അപഹാസ്യമെന്ന് ചിരിച്ചു തള്ളാവുന്നവയാണ് ഈ കുറ്റങ്ങളെങ്കിലും ആര്‍ക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. 2017ലെ എല്‍ഗാര്‍ പരിഷത്തിന്റെ മുഖ്യ സംഘാടകരായ ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് ബി.ജി. കോല്‍സേ പാട്ടീലും ജസ്റ്റിസ് പി.ബി. സാവന്തുമാണ് ഇത്തവണത്തെ പരിപാടികളുടെയും മുഖ്യ സംഘാടകര്‍. പരിപാടിക്ക് നേരത്തേ പുനെ പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഒടുവില്‍, രോഹിത് വെമുലയുടെ ജന്‍മദിനമായ ജനുവരി 30ന് പരിപാടി നടത്താന്‍ അനുമതി നല്‍കി. അരുന്ധതി റോയിക്കു പുറമേ ഐ എ എസ് വിട്ട കണ്ണന്‍ ഗോപിനാഥ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംസാരിച്ചു.
‘ഇവിടെ, ഈ എല്‍ഗാര്‍ പരിഷത്തില്‍ സമ്മേളിച്ച നമ്മളല്ല തീവ്രവാദികള്‍. നിയമവിരുദ്ധമായോ, ഭരണഘടനാ വിരുദ്ധമായോ പെരുമാറുന്നത് നമ്മളല്ല. ആയിരക്കണക്കിന് മുസ്ലിംകളെ വംശഹത്യക്കു വിധേയമാക്കിയപ്പോള്‍ കണ്ണടയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തത് നമ്മളല്ല. ദളിതരെ തെരുവില്‍ പരസ്യമായി ചാട്ടവാറടിച്ചപ്പോള്‍ നിര്‍മമരായി നോക്കിനിന്നത് നമ്മളല്ല. മനുഷ്യനെ മനുഷ്യനെതിരെ തിരിച്ചുവിട്ട് വിഭജനയുക്തിയാല്‍ അധികാരം കയ്യാളുന്നത് നമ്മളല്ല. ഇതെല്ലാം ചെയ്യുന്നത് നമ്മളെ ഭരിക്കാന്‍ നമ്മള്‍ തിരഞ്ഞെടുത്ത അധികാരികളും അവരുടെ പ്രചാരവേല നടത്തുന്ന മാധ്യമങ്ങളുമാണ്, ‘ അരുന്ധതി റോയ് പറഞ്ഞു.
അധികാരത്തിലേറ്റിയ സ്വന്തം വോട്ടര്‍മാരെ ശത്രുക്കളായി കണ്ടുകൊണ്ടാണ് ഹിന്ദു ദേശീയത തീരൂമാനങ്ങളെടുക്കുന്നതെന്ന് അരുന്ധതി റോയ് ചൂണ്ടിക്കാണിച്ചു. ഒരൊറ്റ രാത്രികൊണ്ട് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ടു നിരോധനം ഒരുദാഹരണം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് 70 ലക്ഷം ജനങ്ങളെ പുറംലോകവുമായുള്ള ബന്ധം വിഛേദിച്ച് തടങ്കലിലിട്ട നടപടി മറ്റൊന്ന്. പ്രകടമായ മുസ്ലിംവിരുദ്ധതിയിലൂന്നി കൊണ്ടുവന്ന പൗരത്വനിയമഭേദഗതിയും അതിന്റെ പര്യവസാനമായി വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ മുസ്ലിം വംശഹത്യയും അടുത്ത ഉദാഹരണം. പൊലീസിന്റെ മൗനാനുവാദത്തോടെ ഹിന്ദു തീവ്രവാദികള്‍ ഊതിപ്പെരുപ്പിച്ച ആ കലാപത്തിലും പഴി ഏറ്റുവാങ്ങേണ്ടിവന്നത് മുസ്ലിംകളാണ്. ഒരു വര്‍ഷത്തിനു ശേഷം, ഈ അക്രമങ്ങളാല്‍ ഉലഞ്ഞ സമുദായം നടുനിവര്‍ത്താന്‍ തുടങ്ങുമ്പോഴാണ് അതിക്രമങ്ങള്‍ നടന്ന അതേ സ്ഥലങ്ങളിലൂടെ വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള പണപ്പിരിവും രഥയാത്രയുമായി വരുന്നത്. അതിന്റെയും ആസൂത്രണമേതും കൂടാതെ അടിച്ചേല്‍പ്പിച്ച ലോക്ഡൗണിന്റെയും പിന്നാലെയാണ് രാജ്യത്തിന്റെ കാര്‍ഷികമേഖലയുടെ നട്ടെല്ലു തകര്‍ക്കുന്ന കാര്‍ഷിക നിയമങ്ങള്‍ വരുന്നത്.
‘പകര്‍ച്ചവ്യാധി പടരുമ്പോള്‍, കര്‍ഷകര്‍ തെരുവില്‍ സമരം ചെയ്യുമ്പോള്‍ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തിരക്കുപിടിച്ച് മതപരിവര്‍ത്തന നിരോധനിയമങ്ങള്‍ കൊണ്ടുവരികയാണ്. ഉത്തര്‍പ്രദേശിലെ നിയമം കാരണം എത്രയോ വിവാഹങ്ങള്‍ മുടങ്ങി, എത്രയോ കുടുംബങ്ങള്‍ വഴിയാധാരമായി, എത്രയോ മുസ്ലിം യുവാക്കള്‍ ജയിലിലായി. തിന്നിട്ടില്ലാത്ത മാട്ടിറച്ചിയുടെ പേരില്‍ തല്ലിക്കൊല്ലപ്പെട്ടതിനു പുറമേ, മുനവര്‍ ഫാറൂഖിയെപ്പോലെ പറഞ്ഞിട്ടില്ലാത്ത തമാശയുടെ പേരില്‍ ജയിലില്‍ കഴിയേണ്ടിവരുന്നതിനു പുറമേ, പ്രണയിച്ചു എന്നും വിവാഹം കഴിച്ചു എന്നുമുള്ള കുറ്റത്തിനുകൂടി ഇനി മുസ്ലിം യുവാക്കള്‍ ജയിലില്‍ അടയ്ക്കപ്പെടാം. മദര്‍ തെരേസ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഈ നിയമനുസരിച്ച് ചുരുങ്ങിയത് 10 വര്‍ഷം തടവു ശിക്ഷ ലഭിക്കുമായിരുന്നു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ആര്‍ എസ് എസ് ആണ്. ഘര്‍ വാപ്പസി എന്നു പേരിട്ടു നടത്തുന്ന ഈ മതപരിവര്‍ത്തനത്തിന് പുതിയ നിയമത്തിന്റെ സംരക്ഷണം ഉണ്ടുതാനും.’ അരുന്ധതി റോയ് ചൂണ്ടിക്കാണിച്ചു.
‘നമ്മുടെ സ്വത്വം മാത്രമല്ല നമ്മള്‍ എന്ന തിരിച്ചറിവാണ് ഇതിനെതിരായ പോരാട്ടത്തില്‍ ആദ്യം വേണ്ടത്. തനിച്ചുപോരാടാനാവില്ല എന്നതുകൊണ്ട് നമ്മള്‍ സഖ്യകക്ഷികളെ തേടിക്കൊണ്ടേയിരിക്കണം. ശത്രുക്കള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുമ്പോള്‍ത്തന്നെ സുഹൃത്തുക്കളെ തിരിച്ചറിയാനും പറ്റണം. കഴിഞ്ഞ വര്‍ഷത്തെ പൗരത്വനിയമ വിരുദ്ധ സമരവും ഇപ്പോഴത്തെ കര്‍ഷക സമരവും അതാണ് തെളിയിക്കുന്നത്. പ്രത്യയശാസ്ത്രപരവും വിശ്വാസപരവും ചരിത്രപരവുമായ ഭിന്നതകള്‍ മാറ്റിവെച്ചാണ് വ്യത്യസ്ത കര്‍ഷക സംഘടനകള്‍ സമരത്തില്‍ അണി ചേര്‍ന്നത്.’ അരുന്ധതി റോയ് പറഞ്ഞു. നിലനില്‍പ്പിനായുള്ള ഈ സമരത്തിന് അവര്‍ സത്യശോധക് റെസിസ്റ്റന്‍സ് എന്നു പേരിട്ടു. ആര്‍ എസ് എസിനെതിരെ എസ് എസ് ആര്‍, വിദ്വേഷത്തിനെതിരേ സ്നേഹംകൊണ്ടുള്ള യുദ്ധം.
എസ് കുമാര്‍
You must be logged in to post a comment Login