ഗ്രെറ്റ ടൂള്‍കിറ്റിന്റെ പേരിലുള്ള കോലാഹലങ്ങള്‍ കേള്‍ക്കുമ്പോള്‍ അട്ടിമറി പ്രവര്‍ത്തനം നടത്താനുള്ള കമ്പിപ്പാരയും നാടന്‍ ബോംബുമാണ് അതിലുള്ളതെന്നു തോന്നും. ഓണ്‍ലൈനില്‍ പങ്കുവെക്കാനും ഭേദഗതികള്‍ വരുത്താനും സാധിക്കുന്ന ഡിജിറ്റല്‍ ഡോക്യുമെന്റിനെയാണ് ടൂള്‍ കിറ്റ് എന്നു വിശേഷിപ്പിക്കുന്നത്. ഒരു പ്രശ്നം വിശകലനം ചെയ്യാനും പരിഹാരം കാണാനുമുള്ള വഴികളാണ് ടൂള്‍കിറ്റിലുണ്ടാവുക. ഇന്ത്യയിലെ കര്‍ഷക സമരത്തെ ഏതെല്ലാം വിധത്തില്‍ പിന്തുണയ്ക്കാമെന്നും സമൂഹമാധ്യമങ്ങളില്‍ എങ്ങനെയൊക്കെ പ്രതിഷേധം സജീവമാക്കാമെന്നുമാണ് ഗ്രെറ്റ ടൂള്‍കിറ്റ് വിശദീകരിക്കുന്നത്. അതു പങ്കുവെച്ചതിനാണ് യുവ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ അറസ്റ്റു ചെയ്തത്. അതേ കുറ്റത്തിനാണ്, മലയാളിയായ അഭിഭാഷക നികിത ജേക്കബിനും സഹപ്രവര്‍ത്തക ശന്തനുവിനുമെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന യുവ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ നരേന്ദ്ര മോഡി സര്‍ക്കാര്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണെന്നു വേണം ഈ നടപടികളില്‍നിന്ന് മനസിലാക്കാന്‍. ഭരണകൂടത്തിന്റെ ഈ വേട്ടയില്‍ നീതിയ്ക്കും ന്യായത്തിനും മാനുഷികമൂല്യങ്ങള്‍ക്കും ഒരു സ്ഥാനവുമുണ്ടാകില്ലെന്നാണ് ഭീമ കൊറേഗാവ് കേസിലെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്.
ഇരുപത്തൊന്നു വയസ്സേയുള്ളൂ ദിശ രവിയ്ക്ക്. ലോകപ്രശസ്തയായ ഗ്രെറ്റ തുന്‍ബര്‍ഗിന് 18 തികഞ്ഞതേയുള്ളൂ. സമാധാനത്തിന്റെ ഭാഷയില്‍ സത്യം വിളിച്ചുപറയുന്നൂ എന്നതുകൊണ്ടാണ് ഭരണാധികാരികള്‍ ഈ പെണ്‍കുട്ടികളെ ഭയക്കുന്നത്. ആസന്നമൃതിയോടടുക്കുന്ന ഭൂമിയുടെ രക്ഷയ്ക്കെത്തിയയാളെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഗ്രെറ്റയെ വിശേഷിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ഭീഷണമായ വെല്ലുവിളികള്‍ക്കുനേരെ ഉറക്കം നടിക്കുന്ന ഭരണാധികാരികളെയും പൊതുസമൂഹത്തെയും തട്ടിയുണര്‍ത്താന്‍ ഉടലെടുത്ത പെണ്‍കുട്ടി. ആഗോള താപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനുമെതിരെ നടത്തിയ ഒറ്റയാള്‍ പ്രതിഷേധമാണ് സ്വീഡനിലെ ഈ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പരിസ്ഥിതി പ്രവര്‍ത്തകരുടെ കണ്ണിലുണ്ണിയാക്കിയത്. മഞ്ഞും മഴയും വെയിലും വകവെക്കാതെ എല്ലാവെള്ളിയാഴ്ചയും സ്വീഡിഷ് പാര്‍ലമെന്റിനുമുന്നില്‍ പ്ലക്കാര്‍ഡുമേന്തി നിലയുറപ്പിച്ച ഗ്രെറ്റയുടെ സമരം ലോകശ്രദ്ധ പിടിച്ചു പറ്റി. ഇന്ത്യയുള്‍പ്പെടെ നൂറ്റിയിരുപത്തെട്ടോളം രാജ്യങ്ങളിലെ 2233 നഗരങ്ങളില്‍ ‘ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍’ എന്ന പേരില്‍ ഒരു പ്രസ്ഥാനമായി അത് വളര്‍ന്നു. പതിനഞ്ച് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഇപ്പോഴതില്‍ പങ്കാളികളാണ്. അതിലൊരാളാണ് അറസ്റ്റു ചെയ്യപ്പെട്ട ദിശ രവി.
ഇന്ത്യയിലെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അങ്ങകലെയുള്ള ഗ്രെറ്റ തുന്‍ബര്‍ഗ് നരേന്ദ്രമോഡി സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായത്. കര്‍ഷകര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കി ട്വിറ്റര്‍ സന്ദേശം പുറപ്പെടുവിച്ച ഗ്രെറ്റ സമരത്തെ സഹായിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളടങ്ങിയ ടൂള്‍ കിറ്റ് ഫെബ്രുവരി നാലിന് പങ്കുവെച്ചു. അതിലെ ചില ലിങ്കുകളെക്കുറിച്ച് പരാതിയുയര്‍ന്നപ്പോള്‍ അടുത്ത ദിവസം പുതുക്കിയ ടൂള്‍കിറ്റ് പുറത്തുവിട്ടു. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ അവഹേളിക്കാനും രാജ്യത്തിനെതിരേ സാമ്പത്തിക, സാമൂഹിക ആക്രമണം ആസൂത്രണം ചെയ്യാനുമുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ് ടൂള്‍ കിറ്റ് എന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. ദിശയും നികിതയും ശന്തനുവും ചേര്‍ന്നാണത് തയാറാക്കിയതെന്നും അവരാണത് ഗ്രെറ്റയ്ക്ക് അയച്ചുകൊടുത്തത് എന്നും പൊലീസ് പറയുന്നു. ദിശയുടെ അറസ്റ്റിനെതിരെ രാജ്യത്തും പുറത്തും വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങാന്‍ ഒരുക്കമല്ല. നികിതയ്ക്കും ശന്തനുവിനുമെതിരായ ജാമ്യമില്ലാ വാറന്റ് അതിനു തെളിവാണ്. വാര്‍ത്തയെത്തന്നെ പിച്ചിച്ചീന്തുന്ന അര്‍ണബ് ഗോസ്വാമിയെപ്പോലുള്ള എഡിറ്റര്‍മാരുള്ള രാജ്യത്ത് ഒരു ഗൂഗിള്‍ ഡോക്യുമെന്റിലെ രണ്ടു വരി എഡിറ്റ് ചെയ്തതിന് 21കാരിയെ അറസ്റ്റു ചെയ്തത് അപഹാസ്യമാണ് എന്നാണ് പ്രശസ്ത സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.
അപഹാസ്യം എന്ന വാക്കിലൊതുക്കാവുന്നതല്ല അന്വേഷണ ഏജന്‍സികളുടെ നടപടിയെന്നതിന് ഭീമ കൊറേഗാവ് കേസ് തെളിവാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളെ സഹായിക്കാനെത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തകരെ നിശബ്ദരാക്കാന്‍ എത്ര നികൃഷ്ടമായ വഴികളിലൂടെയും അവര്‍ സഞ്ചരിക്കുമെന്നാണ് യു എസിലെ ഫോറന്‍സിക് വിശകലന സ്ഥാപനമായ ആര്‍സനല്‍ കണ്‍സള്‍ട്ടിങ് വെളിപ്പെടുത്തുന്നത്. ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണ ഏജന്‍സികള്‍ ഹാജരാക്കിയ തെളിവുകള്‍ കമ്പ്യൂട്ടര്‍ ഭേദകരുടെ സൃഷ്ടിയാണെന്നാണ് ആര്‍സനലിന്റെ കണ്ടെത്തല്‍. സാമൂഹിക പ്രവര്‍ത്തകന്‍ റോണ വില്‍സന്റെ ലാപ്ടോപ്പില്‍ കടന്നുകയറിയാണ് രഹസ്യ ഫോള്‍ഡറില്‍ സൈബര്‍ ചാരന്മാര്‍ കെട്ടിച്ചമച്ച തെളിവുകള്‍ സ്ഥാപിച്ചത്. ഭീമ കോറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികത്തില്‍ 2018 ജനുവരി ഒന്നിന് പുണെയ്ക്കടുത്ത് കൊറേഗാവിലുണ്ടായ സംഘര്‍ഷങ്ങളുമായും അതിനു മുന്നോടിയായി നടന്ന എല്‍ഗാര്‍ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് റോണ വില്‍സണ്‍ ഉള്‍പ്പെടെ 16 മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് ജാമ്യം നിഷേധിച്ച് ജയിലിലിട്ടത്. റോണ വില്‍സന്റെ ലാപ്ടോപ്പില്‍ നിന്നു കണ്ടെത്തിയ കത്തുകളാണ് ഇവര്‍ക്കെതിരായ തെളിവുകളായി മഹാരാഷ്ട്ര പൊലീസും ദേശീയ അന്വേഷണ ഏജന്‍സിയും ഹാജരാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന്റെയും മാവോവാദികള്‍ക്കുവേണ്ടി ആയുധം വാങ്ങാന്‍ ശ്രമിച്ചതിന്റെയും വിവരങ്ങളാണ് കത്തിലുണ്ടായിരുന്നത്.
ന്യൂഡല്‍ഹിയിലെ വസതിയില്‍വെച്ച് റോണ വില്‍സണ്‍ അറസ്റ്റു ചെയ്യപ്പെടുന്നതിന് 22 മാസം മുമ്പ് 2016 ജൂണില്‍ അദ്ദേഹത്തിന്റെ കമ്പ്യൂട്ടര്‍ ലക്ഷ്യംവെച്ച് സൈബര്‍ ആക്രമണം നടന്നിരുന്നുവെന്നാണ് അമേരിക്കയിലെ മസാച്ചുസെറ്റ്സ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ ഫോറന്‍സിക് സ്ഥാപനമായ ആര്‍സനല്‍ കണ്‍സള്‍ട്ടിങ് കണ്ടെത്തിയിരിക്കുന്നത്. കേസിലെ കൂട്ടുപ്രതിയും കവിയുമായ വരവര റാവുവിന്റെ ഇ-മെയില്‍ അക്കൗണ്ട് ഉപയോഗിച്ചാണ് സൈബര്‍ ചാരന്മാര്‍ റോണ വില്‍സന്റെ കമ്പ്യൂട്ടറുമായി ബന്ധം സ്ഥാപിച്ചത്. ഇ-മെയിലില്‍ അയച്ച ലിങ്ക് വഴി രേഖകള്‍ കമ്പ്യൂട്ടറില്‍ സ്ഥാപിക്കുകയും ചെയ്തു. ആരാണിത് ചെയ്തത് എന്ന് കണ്ടെത്താനായിട്ടില്ലെന്ന് ആര്‍സനലിന്റെ പ്രസിഡന്റ് മാര്‍ക് സ്പെന്‍സറെ ഉദ്ധരിച്ച് ‘വാഷിങ്ടണ്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. റോണ വില്‍സണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും അമേരിക്കന്‍ ബാര്‍ അസോസിയേഷനും രംഗത്തുവന്നിരുന്നു. അമേരിക്കന്‍ ബാര്‍ അസോസിയേഷന്‍ വഴിയാണ് റോണ വില്‍സന്റെ കമ്പ്യൂട്ടറിന്റെ പകര്‍പ്പ് പരിശോധനയ്ക്കായി ആര്‍സണലിനു നല്‍കിയത്. തന്റെ കമ്പ്യൂട്ടറിലെ രഹസ്യഫോള്‍ഡറും അതിലെ കത്തുകളും റോണ വില്‍സണ്‍ ഒരിക്കല്‍പ്പോലും തുറന്നുനോക്കിയിട്ടില്ലെന്നാണ് ആര്‍സനിലെ വിദഗ്ധര്‍ പറയുന്നത്. അങ്ങനെയൊരു ഫോള്‍ഡര്‍ സൃഷ്ടിക്കപ്പെട്ട കാര്യംപോലും അദ്ദേഹം അറിഞ്ഞുകാണില്ല. എന്നാല്‍, റോണ വില്‍സണെ അറസ്റ്റു ചെയ്യാനെത്തിയ മഹാരാഷ്ട്ര പൊലീസിന് അതേക്കുറിച്ച് നല്ല നിശ്ചയമുണ്ടായിരുന്നു. നേരത്തേ കൊണ്ടുവെച്ച തൊണ്ടിമുതല്‍ സാഹസികമായി പുറത്തെടുക്കുന്ന പഴയ പൊലീസുകാരെപ്പോലെ അവര്‍ വന്‍ ഗൂഢാലോചനയുടെ തെളിവു കണ്ടെത്തി.
ഈ കത്തുകളെ പിന്തുടര്‍ന്ന് റോണ വില്‍സണും വരവരറാവുവിനും പുറമെ, ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ പ്രൊഫസറായ ആനന്ദ് തെല്‍തുംബ്ഡേ, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവലാഖ, അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്ലിങ്, നടനും പ്രസാധകനുമായ സുധീര്‍ ധവാളെ, നാഗ്പുര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഷോമ സെന്‍, കമ്മ്യൂണിസ്റ്റ് നേതാവ് സുധ ഭരദ്വാജ്, എഴുത്തുകാരന്‍ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ ഹാനി ബാബു തുടങ്ങിയവരെയും അറസ്റ്റു ചെയ്തു. ഇവരില്‍ പലരുടെയും കമ്പ്യൂട്ടറില്‍ ഇതേ സൈബര്‍ ചാരന്മാര്‍ കടന്നുകയറിയിട്ടുണ്ടെന്ന് ആര്‍സനല്‍ കണ്ടെത്തിയിട്ടുണ്ട്. ആര്‍സനലിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രത്യേക ദൗത്യസംഘം അന്വേഷിക്കണമെന്നും കുറ്റപത്രം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് റോണ വില്‍സണ്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചുകഴിഞ്ഞു. ഹാനി ബാബുവിന്റെ ലാപ്ടോപ്പില്‍ നിന്ന് കണ്ടെത്തിയെന്നു പറഞ്ഞ് എന്‍ ഐ എ ഹാജരാക്കിയ 62 ഫയലുകളും മുന്‍പരിചയമില്ലാത്തവയാണെന്നും അവയും കെട്ടിച്ചമച്ചതാണെന്ന് കരുതുന്നതായും ഭാര്യ ജെനി റോവിന പറയുന്നു. ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പുനെ പൊലീസാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. മഹാരാഷ്ട്രയിലെ ഭരണമാറ്റത്തിനു പിന്നാലെ അന്വേഷണം എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ബി ജെ പി ഇതര സര്‍ക്കാര്‍ സ്വതന്ത്ര അന്വേഷണം നടത്തുമോ എന്ന ഭീതി കാരണമാണ് എന്‍ ഐ എയെ രംഗത്തിറക്കിയത് എന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു.
പെഗാസസ് എന്ന ഇസ്രയേലി സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കമ്പ്യൂട്ടറുകളില്‍ സൈബര്‍ ചാരന്മാര്‍ നുഴഞ്ഞുകയറിയത് എന്നാണ് ആര്‍സനല്‍ പറയുന്നത്. ഭരണകൂടങ്ങള്‍ക്കല്ലാതെ, സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പെഗാസസ് നല്‍കാറില്ലെന്നാണ് അതിന്റെ നിര്‍മാതാക്കള്‍ പറയുന്നത്. അങ്ങനെയെങ്കില്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉള്‍പ്പെട്ട ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഗൂഢാലോചന ഈ കേസില്‍ നടന്നെന്നു കരുതേണ്ടിവരും. സ്വാധീനമുള്ളവര്‍ക്കുവേണ്ടി കള്ളക്കേസുകളുണ്ടാക്കുന്നതും കൃത്രിമത്തെളിവുകളുണ്ടാക്കുന്നതും പുതിയ കാര്യമൊന്നുമല്ലെങ്കിലും അതിന്റെ പൂര്‍വമാതൃകകളെയെല്ലാം മറികടക്കുന്ന ഭീകരതാ വ്യവസായമാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് ആര്‍സനലിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ആരെവേണമെങ്കിലും എപ്പോള്‍വേണമെങ്കിലും കുറ്റവാളിയായി മുദ്രുകുത്തി തടങ്കലിലടയ്ക്കാന്‍വേണ്ട തിരക്കഥകള്‍ തയാറായിക്കഴിഞ്ഞു എന്നുവേണം മനസിലാക്കാന്‍.
എസ് കുമാര്‍
You must be logged in to post a comment Login