‘മാട്രിമോണിയല്‍ കോളത്തില്‍
ഡോക്ടറെയും എന്‍ജിനീയറെയും
ലക്ചററെയും പ്രൊഫസറെയും
വേണമെന്നല്ലാതെ കൃഷിക്കാരനെ
വേണമെന്ന് ഒരു പരസ്യവും കണ്ടിട്ടില്ല.
പിന്നെങ്ങനെ ചെറുപ്പക്കാര്‍ കൃഷിക്കാരാകും?’
ഫെയ്സ്ബുക്കില്‍ മുമ്പെപ്പോഴോ വായിച്ചൊരു കവിതയാണിത്. സമൂഹം ഇപ്പോഴും പ്രൊഫഷണല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് നല്കുന്ന പരിഗണനയുടെ പരിച്ഛേദമാണ് ഈ കവിത. ഏറെ ആദരവും ബഹുമാനവും സാമൂഹികാംഗീകാരവും ലഭിക്കുന്ന പ്രൊഫഷണലുകളില്‍ നിന്ന് തിരിച്ച് എന്താണ് സമൂഹത്തിന് കിട്ടുന്നതെന്ന ചോദ്യം പലതവണ ഉയര്‍ന്നിട്ടുള്ളതാണ്.
ബൗദ്ധികമായും സാംസ്കാരികമായും വൈജ്ഞാനികമായും ഉന്നതശീര്ഷരെന്ന് കരുതുന്നവരില്‍ നിന്ന് സമൂഹം പലതും പ്രതീക്ഷിക്കുന്നുണ്ട്. ഡിജിറ്റല്‍ വിസ്ഫോടനങ്ങളുടെ കാലത്ത് ജീവിക്കുന്ന വിദ്യാര്‍ഥി യൗവനങ്ങള്‍ തങ്ങള്‍ സംവദിക്കുന്ന, ജീവിക്കുന്ന ലോകത്തിന് ഒന്നും നല്‍കുന്നില്ലെന്ന കാടടച്ച വിമര്‍ശം ശരിയല്ല. മുഖ്യധാര രാഷ്ട്രീയ സമരങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും മാനവികമായ ഇടപെടലുകളിലും പുതുതലമുറ പ്രൊഫഷണലുകളെ കാണുന്നുണ്ടെങ്കിലും അപൂര്‍ണതകളും അപവാദങ്ങളും അനവധിയാണ്.
പരിസ്ഥിതിയോടും പരിസരങ്ങളോടും മണ്ണിനോടും മനുഷ്യനോടും ഇതര ജീവജാലങ്ങളോടുമെല്ലാം അവര്‍ക്ക് കടപ്പാടുകളുണ്ട്.
ഭൗതികതയില്‍ ഭ്രമിച്ച, ആസ്വാദനങ്ങള്‍ കീഴടക്കിയ ഒരു തലമുറയില്‍ നിന്ന് ബാധ്യതാ നിര്‍വഹണം പ്രതീക്ഷിക്കാന്‍ കഴിയില്ല. പുതുതലമുറയെ ഉത്തരവാദിത്വങ്ങളിലേക്ക് ഉണര്‍ത്തിയെടുക്കുക എന്നത് സോഷ്യല്‍ കമ്മിറ്റ്മെന്റുള്ളവരെല്ലാം നിര്‍വഹിക്കേണ്ട ധര്‍മമാണ്. എസ് എസ് എഫ് എല്ലാ കാലത്തും അതിനായി മുന്നില്‍ സഞ്ചരിക്കാറുണ്ട്. പ്രൊഫ്സമ്മിറ്റെന്ന പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ സംഗമം എസ് എസ് എഫ് സംഘടിപ്പിക്കുന്നതും ഈ പരിപ്രേക്ഷ്യത്തിലാണ്.
2007ലാണ് പ്രൊഫ്സമ്മിറ്റ് ആരംഭിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ രാജ്യത്തെ വിവിധ പ്രൊഫഷണല്‍ കാമ്പസുകളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ഒരുമിച്ചുചേര്‍ത്തുള്ള മഹാസംഗമങ്ങളായാണ് പ്രൊഫ്സമ്മിറ്റ് നടക്കാറുള്ളത്. കൊവിഡ് കാരണം ഒത്തുകൂടല്‍ പ്രയാസമായതിനാല്‍ ഓണ്‍ലൈനായിട്ടായിരുന്നു ഇത്തവണ പ്രൊഫ്സമ്മിറ്റ്. പൊലിമയും ഗൗരവവും ഒട്ടും ചോരാതെ തന്നെ സാങ്കേതികവിദ്യയുടെ നൂതനസങ്കേതങ്ങള്‍ ഉപയോഗിച്ച് സംവിധാനിക്കാന്‍ സാധിച്ചു. ജൂലൈ 9,10,11 തിയ്യതികളിലായി നടന്ന പ്രൊഫ്സമ്മിറ്റ് www.profsummit.in എന്ന വെബ്സൈറ്റിലൂടെ ലൈവ് സ്ട്രീമിങ്ങ് വഴിയാണ് വിദ്യാര്‍ഥികളിലേക്ക് എത്തിച്ചത്.
മതം, ശാസ്ത്രം, രാഷ്ട്രീയം, സാമൂഹികം, വിദ്യാഭ്യാസം, ആക്ടിവിസം, ആത്മീയം, ആസ്വാദനം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളില്‍ 13 വൈവിധ്യമാര്‍ന്ന സെഷനുകള്‍ കൊണ്ട് സമ്പന്നമായിരുന്നു പ്രൊഫ്സമ്മിറ്റ്. ജൂലൈ എട്ടിന് വൈകീട്ട് 8മണിക്ക് സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്തതോടെ പതിനഞ്ചാമത് പ്രൊഫ്സമ്മിറ്റിന് പ്രൗഢാരംഭം കുറിച്ചു. പ്രലോഭനങ്ങളെ അതിജയിച്ചും ദേഹേച്ഛകളെ പ്രതിരോധിച്ചും മൂല്യങ്ങളെ മുറുകെപ്പിടിച്ചും ജീവിതത്തിന് അര്‍ഥം കണ്ടെത്തണമെന്ന് ഉസ്താദ് വിദ്യാര്‍ഥികളെ ഉണര്‍ത്തി.
മതവും ശാസ്ത്രവും ശത്രുതയിലാണെന്ന മതവിരുദ്ധരുടെ നരേഷന് വ്യാപകമാണ്. മതത്തെ അപഹസിക്കാനായി സൃഷ്ടിച്ച അത്തരം നുണകളെ വിചാരണചെയ്തും ശാസ്ത്രത്തെ ശരിയായി സമീപിക്കേണ്ടത് എങ്ങനെ എന്ന് ഓര്‍മപ്പെടുത്തിയും മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ നയിച്ച ചര്‍ച്ചയായിരുന്നു ഉദ്ഘാടനത്തിനു ശേഷം നടന്നത്. ആധ്യാത്മിക ജ്ഞാനത്തിന്റെ മധുഭാഷിതങ്ങള് നിറഞ്ഞ ആസ്വാദന സദസ്സോടെ ആദ്യദിനം അവസാനിച്ചു.
കണ്ണെത്തും ദൂരത്തുള്ളതെല്ലാം കയ്യെത്തും ദൂരത്തുണ്ടെന്ന് അനുഭവിപ്പിച്ച മനോഹര സംഭാഷണത്തോടെയാണ് രണ്ടാം ദിനം ആരംഭിച്ചത്. കരിയറിലേക്കുള്ള വിജയപടവുകള്‍ കയറാന്‍ കുറുക്കുവഴികളില്ലെങ്കിലും മനസ്സുണ്ടെങ്കില്‍ മാര്‍ഗവുമുണ്ടെന്ന് എന്‍ ഐ ടി കാലിക്കറ്റ് റിസര്‍ച്ച് സ്കോളര്‍ നിയാസ്, ഐ ഐ ടി മദ്രാസ് റിസര്‍ച്ച് സ്കോളര്‍ ശഫിന്‍ ശറഫ്, ഐസര്‍ കൊല്‍ക്കത്ത ഇന്റഗ്രേറ്റഡ് പി എച്ച് ഡി സ്കോളര്‍ ടി എന്‍ ഹുസൈന് എന്നിവരുടെ സംഭാഷണം സദസ്സിനെ ബോധ്യപ്പെടുത്തി.
ആക്ടിവിസം ഒരു മൂല്യമായി കൂടെയുണ്ടാകണമെന്ന് ഉണര്‍ത്തിയ ഡോ. ഫൈസല്‍ അഹ്സനി ഉളിയിലും മതത്തെ വായിക്കേണ്ടത് ടെസ്റ്റുകളില്‍ നിന്നല്ല ഗുരുമുഖത്ത് നിന്നാണെന്നു വ്യക്തമാക്കിയ ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയും സൂഫിസത്തിന്റെ വ്യാജവിലാസങ്ങളെ പൊളിച്ചെഴുതിയ ബശീര്‍ ഫൈസി വെണ്ണക്കോടും രണ്ടാം ദിവസത്തെ സെഷനുകളെ സജീവമാക്കി.
മുന്‍ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിന്റെ പ്രൗഢ പഠനത്തോടെയാണ് മൂന്നാം ദിനം മിഴിതുറന്നത്. പ്രൊഫഷണലുകള്‍ക്ക് നവീനകാഴ്ചപ്പാടുകളും ദിശാബോധവും സമ്മാനിച്ചാണ് തോമസ് ഐസക്കിന്റെ സെഷന് സമാപിച്ചത്.
നന്മ പൂത്തുലയേണ്ട സൗഹൃദങ്ങളുടെ പ്രാധാന്യം പറഞ്ഞ് ശഫീഖ് ബുഖാരിയും ഡോ. നൂറുദ്ദീന്‍ റാസിയും സൗഹൃദത്തിന്റെ പുതിയ കാഴ്ചപ്പാടുകള്‍ കൈമാറി. കൊവിഡിനെ മറയാക്കി മതവിമര്‍ശനം നടത്തുന്നവരുടെ ആശയ പാപ്പരത്തം കൃത്യമായി വിശകലനം ചെയ്ത് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ഡോ. പി കെ അബ്ദുസ്സലീം, ഡോ. ശമീറലി, സി ആര് കുഞ്ഞുമുഹമ്മദ് എന്നിവര്‍ നടത്തിയ സംവാദം നവ്യാനുഭവം നല്‍കുന്നതായിരുന്നു. സേവനത്തിന്റെ മഹത്വം പറഞ്ഞ ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാരും ആശിഖിന്റെ ഉള്ളംപിടയും വിധം പ്രവാചകസ്നേഹം അവതരിപ്പിച്ച എം അബ്ദുല്‍മജീദും ആധുനികകാലത്തെ കുടുംബവിചാരങ്ങള്‍ പങ്കുവെച്ച സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി തങ്ങളും സമാപന ദിവസത്തെ ധന്യമാക്കി. അറിവും അവബോധവും പകര്‍ന്ന മൂന്നു ദിനങ്ങള്‍ പ്രൊഫ്സമ്മിറ്റിന്റെ ചരിത്രത്തില്‍ എന്നും ഓര്‍മിക്കുന്നതാകും.
സി എ എ സമരത്തിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥനു നേരെ പൂക്കള്‍ നീട്ടിയ കുട്ടിയെ ഓര്‍ക്കുന്നുണ്ടാകും. ആ കുട്ടി ഉയര്‍ത്തിയ പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു: ‘യൂണിവേഴ്സിറ്റിയില്‍ എന്നെ വിട്ട പിതാവ് കരുതുന്നത് ഞാന്‍ ഇവിടെ ചരിത്രം പഠിക്കുകയാണെന്നാണ്. പക്ഷേ, പിതാവിനറിയില്ല ഞാനിവിടെയൊരു പുതിയ ചരിത്രം ഉണ്ടാക്കുകയാണെന്ന കാര്യം.’ കാമ്പസുകളില്‍ നിന്നാണ് പുതിയകാല വിപ്ലവം പിറക്കേണ്ടത്. ജീവിതത്തെ ക്രമപ്പെടുത്തി നവചരിതം തീര്‍ക്കാനുള്ള ഊര്‍ജ്ജം സംഭരിച്ചാണ് വിദ്യാര്‍ഥികള്‍ പ്രൊഫ്സമ്മിറ്റില്‍ നിന്ന് പടിയിറങ്ങിയത്.
ഡോ. അബൂബക്കര്‍
You must be logged in to post a comment Login