ഇന്ത്യയിൽ നടക്കാനിരിക്കുന്ന എല്ലാ സമരങ്ങളുടെയും ദിശ നിർണയിച്ചു എന്നതാണ് കർഷകസമരത്തിന്റെ മുഖ്യമുദ്ര. ഒരു ജനകീയ, ജനാധിപത്യസമരം എങ്ങനെയാണ് ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തുക എന്നതിന്റെ എക്കാലത്തേക്കുമുള്ള ഉത്തരമായാകും കർഷകസമരം ചരിത്രത്തിൽ രേഖപ്പെടുക. കർഷകദ്രോഹ നിയമങ്ങൾ നിർമിച്ച, അതിനെതിരായ സമരം പൊളിക്കാൻ ഇറങ്ങിയ സർക്കാരിന്റെ തലവനെക്കൊണ്ടുതന്നെ നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രഖ്യാപിപ്പിച്ച ഇച്ഛാശക്തിയുടെ വിജയദിനമായിരുന്നു 2021 നവംബർ 19. എന്തുകൊണ്ട് കർഷകസമരം വിജയിച്ചു എന്ന ചോദ്യത്തിന് പല ഉത്തരങ്ങൾ നമ്മുടെ മുമ്പിലുണ്ട്. എങ്കിലും വിജയഘടകങ്ങളിൽ ഏറ്റവും പ്രധാനം കർഷകസമൂഹത്തിന്റെ രാഷ്ട്രീയ ജാഗ്രത ആയിരുന്നു എന്നുതന്നെ പറയാം. മോഡി സർക്കാർ ആർക്കുവേണ്ടി നിയമം പടച്ചു? എന്തുകൊണ്ട് സമരം തകർക്കാൻ ശ്രമിച്ചു? സമരക്കാരെ ഖാലിസ്ഥാൻവാദികളും തീവ്രവാദികളുമായി ചിത്രീകരിച്ചതിന്റെ ചേതോവികാരം എന്തായിരുന്നു? ഒടുവിൽ നിയമം പിൻവലിക്കാൻ സർക്കാർ നിർബന്ധിതമായത് എങ്ങനെ? ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കാനും ഉത്തരങ്ങൾ കണ്ടെത്താനും കഴിയുന്ന രാഷ്ട്രീയവിദ്യാഭ്യാസമുള്ളവരാണ് സമരത്തിനെത്തിയത് എന്നതുതന്നെയാണ് സർക്കാരിനെ മുട്ടിടിപ്പിച്ച മൂലകാരണം.
വിവാദനിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചതിനു പിറകെ ഉത്തർപ്രദേശിൽ നിന്നുള്ള ഒരു കർഷകൻ ഒരു സ്വകാര്യചാനലുമായി സംസാരിക്കുന്നത് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചിലഭാഗങ്ങൾ:
“”ചോദ്യം: ഇപ്പോൾ (നിയമം പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ) സന്തോഷമായില്ലേ?
കർഷകൻ: അതിനു ഞങ്ങൾ എപ്പോഴാണ് കരഞ്ഞത്?
ചോദ്യം: പന്ത്രണ്ടു മാസമായി ഇവിടെ ഇരിക്കുകയല്ലേ?
കർഷകൻ: ഇപ്പോഴും ഇരിക്കുകയല്ലേ?
ചോദ്യം: കർഷകർ അവരുടെ വീടുകളിലേക്ക് മടങ്ങണമെന്ന് പ്രധാനമന്ത്രി പറഞ്ഞുവല്ലോ. എപ്പോഴാണ് വീടുകളിലേക്ക് മടങ്ങുന്നത്?
കർഷകൻ: ഞങ്ങള്‍ അദ്ദേഹത്തോട് പറയുന്നത് ഞങ്ങളുടെ ദില്ലി ഉപേക്ഷിച്ച് ഗുജറാത്തിലേക്ക് മടങ്ങാനാണ്. അദ്ദേഹം എന്തുകൊണ്ടു മടങ്ങുന്നില്ല?
ചോദ്യം: ഇപ്പോള്‍ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുകയല്ലേ. മടങ്ങിപ്പോകാതിരിക്കാനാകുമോ?
കര്‍ഷകന്‍: എംഎസ്പി ഉറപ്പുനല്‍കുന്ന നിയമനിര്‍മ്മാണം നടത്തിയോ?
ചോദ്യം: അദ്ദേഹം പറഞ്ഞല്ലോ. അദ്ദേഹത്തിന്റെ വാക്കുകളില്‍ വിശ്വാസമില്ലേ?
കര്‍ഷകന്‍: അദ്ദേഹത്തിന്റെ വാക്കും കഴുതയുടെ ചവിട്ടും…….
ചോദ്യം: പ്രധാനമന്ത്രി മോഡിയുടെ വാക്കുകളില്‍ വിശ്വാസമില്ലേ?
കര്‍ഷകന്‍: മോഡിയുടെ വാക്കും കഴുതയുടെ ചവിട്ടും. പ്രധാനമന്ത്രിയുടെ കാര്യമല്ല പറയുന്നത്. പ്രധാനമന്ത്രിപദം ആദരവര്‍ഹിക്കുന്നതാണ്.
ചോദ്യം: പ്രധാനമന്ത്രിയാണ് പറഞ്ഞത്, മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന്?
കര്‍ഷകന്‍: ഞാന്‍ പറഞ്ഞില്ലേ, മോഡിയാണ് പറഞ്ഞത്.”
ആ സംസാരം അങ്ങനെ നീളുകയാണ്. പ്രധാനമന്ത്രിയുടെ പ്രസ്താവന വിടുവായത്തമാണ് എന്നും പിൻവലിക്കാനുള്ള തീരുമാനം പാർലിമെന്റിൽ പറയട്ടെ എന്നും ആ കർഷകൻ പറയുന്നുണ്ട്. ഒപ്പം കേന്ദ്രസർക്കാരിന്റെ ഇരട്ടത്താപ്പിനെ പ്രശ്നവത്കരിച്ചുകൊണ്ട് അദ്ദേഹം മറ്റൊന്നുകൂടി പറയുന്നു.
“ഇന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പറയുന്നു, രാജ്യതാല്‍പര്യത്തിനുവേണ്ടിയാണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്ന്. നേരത്തെ കര്‍ഷകനിയമങ്ങള്‍ പാസാക്കിയപ്പോഴും രാജ്യതാല്‍പര്യത്തിന് വേണ്ടിയാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. എങ്കില്‍ പറയൂ, രാജ്യത്തെ വഞ്ചിക്കുന്ന തീരുമാനം ഏതായിരുന്നു. ആദ്യത്തേതോ, ഇപ്പോഴത്തേതോ?’ ഇത് ഒരു കർഷകന്റെ മാത്രം ചോദ്യമോ വികാരമോ അല്ല. സമരത്തിൽ പങ്കെടുത്ത ഓരോ കർഷകനും ഇതേവികാരം പങ്കിടുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ വഞ്ചനാപരമായ നിലപാടുകളെ ഓർത്തും ഓർമിപ്പിച്ചും മാത്രമേ വരും കാലത്ത് കർഷകസമൂഹത്തിനു നിവർന്നുനിൽക്കാൻ കഴിയൂ എന്ന ഉത്തമബോധ്യമുള്ള പ്രതികരണങ്ങളാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിറകെ കർഷകരിൽ നിന്നുണ്ടായത്. പ്രധാനമന്ത്രിയായി അദ്ദേഹത്തെ ആദരിക്കുമ്പോഴും മോഡിയുടെ വാക്കുകൾ വിശ്വസിക്കാൻ കൊള്ളില്ല എന്നുതന്നെയാണ് കർഷകമനം.
രാജ്യത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗമാണ് കർഷകർ. അവരെ ദ്രോഹിക്കുന്ന ഏതു നിയമവും രാജ്യത്തെയാകെ ദ്രോഹിക്കുന്നതിനു തുല്യമാണ്. രാജ്യത്തിന്റെ അന്നദാതാക്കളെ ദുരിതങ്ങളിലേക്കും കോർപറേറ്റ് അടിമത്വത്തിലേക്കും വലിച്ചെറിയുന്ന നിയമങ്ങൾ പടച്ചുണ്ടാക്കുമ്പോൾ മോഡി സർക്കാരിന് ഒരാധിയും ആലോചനയും ഉണ്ടായില്ല എന്നോർക്കണം. ചുരുങ്ങിയപക്ഷം രാജ്യത്തെ പ്രധാന രാഷ്ട്രീയകക്ഷികളോടെങ്കിലും നിയമനിർമാണത്തിന് മുമ്പ് ആശയവിനിമയം നടത്താമായിരുന്നു. അതിനുള്ള ജനാധിപത്യബോധം പോലും കേന്ദ്രം പ്രകടിപ്പിച്ചില്ല. അംഗബലത്തിൽ പാർലമെന്റിൽ ഏതുനിയമവും ചുട്ടെടുക്കാൻ കഴിയുമെന്ന അധികാരപ്രമത്തതയുടെ ഉല്പന്നമായി പിറന്നുവീണതാണ് കർഷകനിയമങ്ങൾ. ചർച്ചയും സംവാദവുമില്ലാതെ നിയമങ്ങൾ പാസാക്കുന്ന അപകടകരമായ ജനാധിപത്യവിരുദ്ധതയെ കൂടിയാണ് ഒരർത്ഥത്തിൽ കർഷകർ സമരകാലത്ത് പ്രശ്നവത്കരിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തെ കേന്ദ്രസർക്കാർ പൊളിച്ചത് കൊവിഡ് മഹാമാരിയുടെ ഭീകരവും ഭീഷണവുമായ സാന്നിധ്യത്തെ മുൻനിറുത്തിയാണ്. പക്ഷേ, കർഷകസമരത്തെ അങ്ങനെ പൊളിക്കാനായില്ല. കാരണം ആ സമരം സംഭവിക്കുന്നത് മഹാമാരിയുടെ മധ്യത്തിലേക്കാണ്. അതുകൊണ്ട്, വൈറസിനെ ഓർത്ത് എഴുന്നേറ്റുപോകൂ എന്ന അഭ്യർഥനയോ പാൻഡെമിക് നിയമങ്ങൾ കാട്ടിയുള്ള ഭീഷണിയോ കർഷകർക്ക് മുമ്പിൽ വിലപ്പോയില്ല. അതുമാത്രമല്ല, കർഷകജനത എന്ന സ്വത്വമായിരുന്നു അവർ സമരത്തിലുടനീളം പ്രകാശിപ്പിച്ചത്. വിവിധ രാഷ്ട്രീയകക്ഷികളുടെ പുറത്തുനിന്നുള്ള പിന്തുണയും സഹകരണവും ഉണ്ടായിരിക്കേത്തന്നെ രാഷ്ട്രീയകക്ഷിത്വങ്ങളിലേക്ക് ചുരുങ്ങിപ്പോകാതിരിക്കാനുള്ള കാർക്കശ്യവും സമരക്കാർ പുലർത്തി. ഏതെങ്കിലുമൊരു കക്ഷി സമരത്തെ ഹൈജാക്ക് ചെയ്യുന്നത് സമരത്തിന്റെ ജനാധിപത്യ സ്വഭാവത്തെയും ഉള്ളടക്കത്തെയും റദ്ദ് ചെയ്യാനിടയാക്കും എന്നതുകൊണ്ടാണ് ആ കാർക്കശ്യം അവരിൽ നിന്നുണ്ടായത്. പ്രതിപക്ഷസമരം എന്ന് പ്രധാനമന്ത്രി ഉൾപ്പടെ ആക്ഷേപിക്കുമ്പോഴും അങ്ങനെ അല്ല സമരം മുന്നോട്ടുപോകുന്നത് എന്നുറപ്പാക്കുന്നുണ്ടായിരുന്നു കർഷകർ.
ഒരു ജനകീയസമരത്തെ അട്ടിമറിക്കാനുള്ള എളുപ്പവഴി ആ സമരത്തിൽ നിന്നുതന്നെ ഒറ്റുകാരെ കണ്ടെത്തുകയാണ്. അതിനും ശ്രമിച്ചിരുന്നു സംഘ്പരിവാർ. എന്നുമാത്രമോ, തീവ്രവാദസ്വഭാവമുള്ള ചില സിഖ് ഗ്രൂപ്പുകൾതന്നെയും സമരത്തെ “ഏറ്റെടുക്കാൻ’ ശ്രമിച്ചിരുന്നു. കർഷകരെ സഹായിക്കാൻ എന്ന മട്ടിലാണ് അവർ വന്നതെങ്കിലും ലക്ഷ്യം സമരത്തെ ഒറ്റലായിരുന്നു എന്ന് വൈകാതെ ബോധ്യപ്പെട്ടു. സമരഭൂമിയിൽ നിന്നും അവരെ ഓടിച്ചുവിട്ടു എന്നതുകൂടിയാണ് ഈ സമരവിജയത്തെ അനിവാര്യമാക്കിയത്.
ഇത്തരം ശ്രമങ്ങൾ പൗരത്വഭേദഗതി സമരകാലത്തും ഉണ്ടായിരുന്നു. ജനാധിപത്യ സ്വഭാവത്തോടെ നടന്ന, ഭരണഘടനയെ ഉയർത്തിപ്പിടിച്ചു സംഘടിപ്പിക്കപ്പെട്ട ഉജ്വലമായ സമരത്തെ മതാത്മകമായി കാണാനും മുസ്‌ലിം സംരക്ഷകരായി വേഷമിടാനും ജമാഅത്തെ ഇസ്‌ലാമിയും പോപുലർ ഫ്രണ്ടും മാധ്യമം പത്രവുമൊക്കെ ആ നാളുകളിൽ നടത്തിയ ഇടപെടലുകൾ ഓർക്കുക. പൗരത്വ ഭേദഗതി നിയമം മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ളതായിരുന്നു. പക്ഷേ, പാവനമെന്നു നമ്മൾ കരുതിപ്പോരുന്ന ഭരണഘടനയെയും അഭിമാനത്തോടെ നമ്മൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രമൂല്യങ്ങളെയും നിരാകരിക്കുന്നതായിരുന്നു ആ നിയമ ഭേദഗതി. അതുകൊണ്ടാണ് ഇന്ത്യയിലെ ജനാധിപത്യ, മതേതര സമൂഹം ഒന്നടങ്കം സമരത്തിനിറങ്ങിയത്. രാജ്യം അപകടപ്പെടുമ്പോൾ രോഗക്കിടക്കയിൽ കിടപ്പുറയ്ക്കാതെ തെരുവിലേക്കോടിയെത്തിയ ഗിരീഷ് കർണാട്, സമരമുഖത്ത് പൊലീസിന്റെ അക്രമത്തിനിരയായ രാമചന്ദ്രഗുഹ.. അങ്ങനെ ഓർത്തെടുക്കാൻ ഇനിയും എത്രയോ പേരുകൾ. പേരു കൊണ്ടറിയപ്പെടാത്ത പരശ്ശതം മനുഷ്യർ. അവർ ഒന്നാകെച്ചേർന്നാണ് പൗരത്വസമരത്തെ ഒരു ജനാധിപത്യ മുന്നേറ്റമാക്കി പരിവർത്തിപ്പിച്ചത്. ഷഹീൻ ബാഗിലും ജാമിഅ മില്ലിയയിലും നടന്ന അത്യുജ്വലമായ പ്രതിഷേധങ്ങൾ രാജ്യം നശിക്കരുത് എന്നാഗ്രഹിച്ച ജനാധിപത്യമനുഷ്യരുടെ സമർപ്പണമായിരുന്നു. കൊവിഡ് മഹാമാരി പെയ്തിറങ്ങിയില്ലായിരുന്നുവെങ്കിൽ ആ സമരം തുടരുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ഒരു കർഷകസമരം ക്ഷണിച്ചുവരുത്താതിരിക്കാനുള്ള “പക്വത’ കേന്ദ്രം കാണിക്കും എന്നെങ്കിലും പ്രതീക്ഷിക്കാമായിരുന്നു.
കർഷകസമരത്തെ എന്ന പോലെ പൗരത്വസമരത്തെയും പിളർത്താൻ ശ്രമിച്ചിരുന്നു കേന്ദ്രസർക്കാർ. അറിഞ്ഞോ അറിയാതെയോ ചില മുസ്‌ലിം സംഘാടനങ്ങളും അതേ പണിയെടുത്തിരുന്നു. പൗരത്വസമരത്തെ ജനാധിപത്യപരതയിൽ നിന്ന് അടർത്തിമാറ്റി മുസ്‌ലിം സമരമാക്കി കത്രികപ്പെടുത്താൻ തുനിഞ്ഞ, ആ സംഘടനകൾക്കുള്ള മറുപടി കൂടിയായി മാറുന്നുണ്ട് കർഷകസമര വിജയം. ജനാധിപത്യം ഭരണഘടനാദത്തമായ മൂല്യവും രാജ്യത്തെ വഴിനടത്തുന്ന വെളിച്ചവുമാണ്. പൗരജീവിതം കൂടുതൽ കൂടുതൽ ജനാധിപത്യവത്കരിച്ചുകൊണ്ട് മാത്രമേ ഇനിയൊരു സമരം രാജ്യത്ത് വിജയം കാണുകയുള്ളൂ. നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും ലക്ഷ്യം മുസ്‌ലിം ആകുമ്പോഴും പരിഹാരത്തിന് ജനാധിപത്യസാധ്യതകളന്വേഷിക്കുക എന്നത് ഇന്ത്യനവസ്ഥയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. അല്ലാത്തിടത്തോളം സ്വയം അപരനാവുക കൂടിയാകും മുസ്‌ലിമിന്റെ ദുർഗതി. ആ അപരത്വത്തെ ആലിംഗനം ചെയ്യുന്ന അവിവേക നിലപാട് കൈക്കൊണ്ട സംഘടനകൾ കണ്ണാടി നോക്കാനുള്ള അവസരമായി കർഷകസമര വിജയത്തെ സമീപിക്കുമെങ്കിൽ അത്രയും നല്ലത്.
ഒരു ജനാധിപത്യ സമരത്തിന് ഏകീകൃത നേതൃത്വമോ ഏക നേതാവോ ഒരൊറ്റ പതാകയോ അനിവാര്യ ഘടകമല്ല എന്നുമുണ്ട് കർഷകസമരത്തിന്റെ ശേഷപത്രത്തിൽ. പലതായിരുന്നു അവരുടെ കൊടിനിറം, പല ദിക്കുകളിൽ നിന്നാണ് അവരെത്തിയത്. ഒരേ നേതാവിന്റെ കീഴിലല്ല അവർ സംഘടിച്ചത്. ഡൽഹിയിൽ സമരം നടക്കുമ്പോൾ തന്നെ ചെറുതും വലുതുമായ സമരങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ടായിരുന്നു. ചിതറിയ കൂട്ടങ്ങൾ എന്ന് ആദ്യത്തിൽ കേന്ദ്രസർക്കാരും സംഘ്പരിവാരവും നിസ്സാരമായി എഴുതിത്തള്ളിയ മനുഷ്യരാണ് മഹാസമരത്തിന്റെ വിജയം കുറിച്ചത്. ചെറുസംഘങ്ങൾക്കും ജനാധിപത്യത്തിൽ ഇടമുണ്ട് എന്നു ചുരുക്കം. അവർ പലതായിരിക്കുമ്പോഴും ഒരൊറ്റ ലക്ഷ്യത്തിലേക്ക് കുതിച്ചു. അതിനായി വെയിൽകൊണ്ടു, മഴ നനഞ്ഞു, മരണം വരിച്ചു. ഒരർഥത്തിൽ പലമകളുടെ ആവിഷ്കാരവും ആഘോഷവുമായി കർഷകസമരം മാറി. ആ വൈവിധ്യത്തെ മുന്നോട്ടുകൊണ്ടുപോവുക എന്ന ദൗത്യമാണ് വരാനിരിക്കുന്ന എല്ലാ സമരങ്ങളുടെയും അടയാളവാക്യമായി ജനാധിപത്യവാദികൾ ഏറ്റെടുക്കേണ്ടത്.
സി എൻ ജഅ്ഫർ സ്വാദിഖ്
You must be logged in to post a comment Login