ആയുധം താഴെയിടാം ആശയങ്ങള്‍ സംവദിക്കട്ടെ

ആയുധം താഴെയിടാം ആശയങ്ങള്‍ സംവദിക്കട്ടെ

അഭിമന്യുവിന്റെ കൊലപാതകത്തിനു ശേഷം വീണ്ടുമൊരു നിഷ്ഠുര കൊല നടന്നിരിക്കുന്നു. കാമ്പസ് പൊളിറ്റിക്‌സിന്റെ സാധുതയെയും സാധ്യതകളെയും ചോദ്യം ചെയ്യും വിധം കൊലപാതക സംസ്‌കാരം വികസിക്കുകയാണ്. കലാലയങ്ങളില്‍ ആവര്‍ത്തിക്കുന്ന കൊലപാതകങ്ങള്‍ നേരത്തെ തന്നെ പൊതുസമൂഹത്തില്‍ കാമ്പസ് രാഷ്ട്രീയത്തോട് വിപ്രതിപത്തി സൃഷ്ടിച്ചിട്ടുണ്ട്. പലപ്പോഴായി കോടതികള്‍ തന്നെ അവ പ്രകടിപ്പിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുമുണ്ട്. പൊതുവെ അരാഷ്ട്രീയമായി കൊണ്ടിരിക്കുന്ന സമൂഹമനസിനെ കാമ്പസില്‍ ഇനി രാഷ്ട്രീയമേ വേണ്ട എന്ന നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലാണ് കാമ്പസുകളുടെ പോക്ക്. ഇവിടെ പുനരാലോചനകള്‍ അനിവാര്യമാണ്. കാമ്പസുകളില്‍ ഇനി ചോര വീഴാതിരിക്കാന്‍ “നാന്‍ പെറ്റ മകനേ…’ എന്ന വിലാപം ഒരു മാതാവില്‍ നിന്നും ഉയരാതിരിക്കാന്‍ ആവശ്യമായ ആലോചനകളാണ് നടക്കേണ്ടത്.

മഹാത്മാഗാന്ധി പറയുന്നുണ്ട്: “നിങ്ങള്‍പരസ്പരം പോരടിക്കുകയല്ല സംസാരിക്കുകയാണ്’ (Don’t fight, You talk) വേണ്ടതെന്ന്.
സംവാദാത്മക രാഷ്ട്രീയത്തിനു പകരം സംഘട്ടനാത്മക രാഷ്ട്രീയം ആധിപത്യം സ്ഥാപിക്കുന്നതാണ് അനാരോഗ്യകരവും സങ്കുചിതവുമായ രാഷ്ട്രീയത്തിലേക്ക് വിദ്യാര്‍ഥികള്‍ വഴിമാറാന്‍ കാരണം. അങ്ങനെയാണ് അപര ആശയങ്ങളെ ഹിംസാത്മകമായി എതിരിടുക എന്ന തത്വത്തിലേക്കും പ്രയോഗത്തിലേക്കും എത്തുന്നത്. സംവാദത്തിന് ധൈര്യമില്ലാതെ വരുമ്പോഴാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഘര്‍ഷത്തിന്റെ വഴി സ്വീകരിക്കേണ്ടി വരുന്നത്.

ഇടുക്കി പൈനാവിലെ ഗവ. എന്‍ജിനീയറിങ് കോളജിലെ തിരഞ്ഞെടുപ്പിനിടെ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ധീരജ് കൊല്ലപ്പെട്ടത് സംവാദത്തിന് കരുത്തില്ലാത്ത കാപാലികരുടെ കരങ്ങളാലാണ്.

കാമ്പസുകളില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ നടത്തിയ തിരഞ്ഞെടുപ്പിലാണ് അതിന്റെ എതിര്‍ദിശയിലുള്ള അസഹിഷ്ണുതയും കൊലപാതകവുമൊക്കെ അരങ്ങേറിയത്! ചോരയൊഴുക്കിയല്ല ജനാധിപത്യം സ്ഥാപിക്കേണ്ടതെന്ന പാഠം ഇവരെ ആരാണിനി പഠിപ്പിക്കുക. ആയുധത്തെ കൂട്ടുപിടിച്ചല്ല, ആശയത്തിന്റെ ബലത്തിലാണ് പ്രവര്‍ത്തിക്കേണ്ടതെന്ന ബോധ്യത്തിലേക്ക് എന്നാണിവരെത്തുക. കത്തി താഴെവെക്കൂ, നമുക്ക് സംവാദം സാധ്യമാണെന്ന് ആത്മാര്‍ഥമായി പറയാന്‍ വിദ്യാര്‍ഥിസംഘടനകള്‍ക്ക് എന്ന് കഴിയുന്നുവോ അന്ന് മാത്രമേ കലാലയ ങ്ങളിലെ സംഘര്‍ഷത്തിന് അറുതി വരൂ.

വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പ്രയോഗങ്ങളിലും പരിഷ്‌കരണം ആവശ്യമാണ്. ബാഹ്യഇടപെടലുകളാണ് കാമ്പസുകളെ രക്തക്കളമാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്. മാതൃപാര്‍ട്ടിയുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടാനുള്ള ഉപകരണം മാത്രമായി വിദ്യാര്‍ഥിസംഘടനകളെ ഉപയോഗിക്കുന്നവരുണ്ട്. അതില്‍ നിന്ന് മാറി സ്വതന്ത്രമായി രാഷ്ട്രീയ വിചിന്തനം നടത്താനും പ്രവര്‍ത്തിക്കാനും വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് സാധിക്കണം. രാഷ്ട്രീയത്തിനു പകരം കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരം വിദ്യാര്‍ഥിസംഘടനാ നേതൃത്വത്തെ പല അധാര്‍മികതകളിലേക്കും നയിക്കും. ഏതു കൊള്ളരുതായ്മക്കും കൂട്ടായും തണലായും രാഷ്ട്രീയ നേതൃത്വമുണ്ട് എന്നു വരുമ്പോള്‍ എത്ര കടുത്ത ക്രൂരതക്കും അവര്‍ തയാറാവുകയും ചെയ്യും. പുറത്തുനിന്നുള്ള അത്തരം ഇടപെടലുകള്‍ അവസാനിക്കുന്നതോടെ തന്നെ ഒരു പരിധിവരെ പ്രശ്‌ന പരിഹാരം സാധ്യമാകും.
സ്വേച്ഛാധിപത്യവും, ഏകാധിപത്യവും കലാലയങ്ങളെ കലാപഭൂമിയാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഏതെങ്കിലും പ്രത്യേക വിദ്യാര്‍ഥിസംഘടനയ്ക്ക് മേധാവിത്വമുള്ള കലാലയങ്ങളില്‍ മറ്റു വിദ്യാര്‍ഥിസംഘടനകളെ കായികമായി അടിച്ചമര്‍ത്തുന്ന ജനാധിപത്യവിരുദ്ധ രീതി നാളുകളായി സംസ്ഥാനത്ത് പലയിടങ്ങളിലുമുണ്ട്. കലാലയങ്ങളിലെ അനഭിലഷണീയമായ ഈ രാഷ്ട്രീയ സംസ്‌കാരത്തിന് മാറ്റം വന്നില്ലെങ്കില്‍ ഇനിയും അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കും. സംഹാര രാഷ്ട്രീയത്തിന് പകരം സംവാദ രാഷ്ട്രീയത്തിന്റെ സംസ്‌കാരം വിദ്യാര്‍ഥിസംഘടനകള്‍ക്ക് പകരേണ്ടത് മാതൃസംഘടനകളും നേതൃത്വവുമാണ്. അവരത് നിര്‍വഹിക്കാതിരിക്കുമ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടു പോകുന്നത്.
ജനാധിപത്യ മതേതരത്വ വിദ്യാര്‍ഥിസംഘടനകള്‍ക്ക് സംഭവിക്കുന്ന അപചയങ്ങള്‍ പ്രയോജനപ്പെടുത്തി ആപത്കരമായ ആശയങ്ങള്‍ പേറുന്നവര്‍ രംഗപ്രവേശനം നടത്തുന്നുണ്ടെന്നത് കാണാതിരുന്നു കൂടാ. അതിനാല്‍ കൂടുതല്‍ രോഗാതുരമാകും മുമ്പ് കാമ്പസ് രാഷ്ട്രീയത്തിലെ കാന്‍സറിനെ ചികിത്സിക്കാന്‍ രാഷ്ട്രീയനേതൃത്വം ഇച്ഛാശക്തി കാണിക്കണം.

ആശയസമരങ്ങളും ബൗദ്ധികരാഷ്ട്രീയവും ഭരിക്കുന്ന കാമ്പസുകളുടെ നല്ല കാലം തിരിച്ചു വരട്ടെ. ഗാന്ധിജി ശിഷ്യനോട് പറഞ്ഞു: “അവര്‍ നിന്നെ ആദ്യം അവഗണിക്കും. പിന്നെ അവഹേളിക്കും.’ പിന്നെ അക്രമിക്കും. അപ്പോള്‍ നീ ജയിക്കും.
ഹിംസയിലൂടെ ഒരാളെ കീഴ്‌പ്പെടുത്തുമ്പോള്‍ നിങ്ങളും നിങ്ങളുടെ ആശയം വിജയിക്കുകയല്ല, പരാജയപ്പെടുകയാണെന്ന തെളിച്ചത്തിലേക്കെത്തുക.

കെ ബി ബഷീര്‍

You must be logged in to post a comment Login