വിദ്വേഷ പ്രസാരണത്തിന്‍റെ വിപണന സാധ്യതകള്‍
അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥയായ മെയ്ന്‍ കാംഫ് മനസ്സിരുത്തി വായിക്കുന്നവര്‍ക്ക് പോലും അതിലടങ്ങിയ അപകടകരമായ ആശയങ്ങളെക്കുറിച്ച് പെട്ടെന്ന് ഗ്രഹിക്കാന്‍ സാധിക്കണമെന്നില്ല. പ്രത്യക്ഷത്തില്‍, ഒരു രാജ്യത്തിന്‍െറ ദുരന്തഗ്രസ്തമായ കാലഘട്ടത്തിന്‍െറ സത്യസന്ധവും ആധികാരികവുമായ കഥ പറച്ചിലായേ ഏത് വായനക്കാരനും അത് അനുഭവപ്പെടൂ. ഒന്നാംലോകയുദ്ധത്തില്‍ പരാജയപ്പെട്ട ജര്‍മനിയുടെ പരിതോവസ്ഥ, യുദ്ധാനന്തരം നേരിടേണ്ടിവന്ന തീക്ഷ്ണമായ പരീക്ഷണങ്ങള്‍, സാന്പത്തിക പ്രതിസന്ധികള്‍, ഏറ്റുവാങ്ങേണ്ടിവന്ന അഭിമാനക്ഷതങ്ങള്‍, നിരാശയില്‍ മനോവീര്യം തകര്‍ന്ന പ്രജകളുടെ നിസ്സംഗത തുടങ്ങി ഒരു ജനതയുടെ മനസ്സിന്‍െറ പിടച്ചിലുകളും ഒരു നാട്ടിന്‍െറ ഹൃദയവേദനയുമാണ് മെയ്ന്‍കാംഫില്‍ മുഖ്യമായും വിവരിക്കുന്നത്. […]