അറിവിന്റെ നിറവുകാലം

അറിവിന്റെ നിറവുകാലം

ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയടക്കം ലോകത്തെ പ്രധാന കലാലയങ്ങളിലും ഗുരുസന്നിധികളിലും ചെന്ന് പഠനം പൂര്‍ത്തിയാക്കി പൊന്നാനിയില്‍ തിരിച്ചെത്തിയ സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ നാട്ടുകാരുടെ സഹായത്തോടെ പൊന്നാനിയില്‍ വിശാലമായൊരു പള്ളി സ്ഥാപിക്കുകയുണ്ടായി. പഠന കാലയളവില്‍ താന്‍ പരിചയിച്ച വിദ്യാഭ്യാസ ക്രമത്തെ പ്രാദേശിക സവിശേഷതകളോട് ഇണക്കിച്ചേര്‍ത്തുകൊണ്ട് മഖ്ദൂം ജുമുഅത്ത് പള്ളിയില്‍ ആരംഭിച്ച ദര്‍സ് കേരളത്തിന്റെ മതവൈജ്ഞാനിക ചലനങ്ങള്‍ക്ക് ഗതിവേദം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പൊന്നാനിയില്‍ പഠനം പൂര്‍ത്തിയാക്കിവര്‍ക്ക് അപരിമേയമായ സ്വീകാര്യത ലഭിക്കുകയും അറബ് നാടുകളില്‍നിന്നുപോലും ജ്ഞാനകുതുകികള്‍ അവിടെയെത്തി അറിവാഴങ്ങള്‍ തേടുയും ചെയ്തതിലൂടെ കേരളത്തിന്റെ മക്കയായി ഉയര്‍ന്നുനിന്നു പൊന്നാനി.

പ്രത്യേകമായൊരു വിഷയത്തില്‍ നൈപുണ്യം നേടി അതുമായി ബന്ധപ്പെട്ട അറിവഭ്യാസങ്ങൡ ശിഷ്ടകാലം ഊന്നുന്ന വിശേഷ വിഷയ പ്രഭുക്കളുടെ നിരയിലായിരുന്നില്ല മഖ്ദൂമുമാരുടെ സ്ഥാനം. സമഗ്രതയായിരുന്നു അവരുടെ വിവര പ്രപഞ്ചത്തിന്റെ മുഖമുദ്ര. ജ്ഞാന സമീപനത്തിന്റെ ഈ സമഗ്രഭാവം അവരുടെ രചനകളിലും പ്രകടമായി. ഖുര്‍ആന്‍, നബിജീവിതം, കര്‍മശാസ്ത്രം, വ്യാകരണം തുടങ്ങിയ മത പ്രചോദിത ഗ്രന്ഥങ്ങള്‍ക്കു പുറമെ രാഷ്ട്രീയം, ചരിത്രം എന്നീ സാമൂഹ്യ വിഷയങ്ങളും അവരുടെ രചനകളില്‍ നിറഞ്ഞു. ദര്‍സുകള്‍ക്കുപുറമെ മലയാളികളുടെ മതബോധത്തിന്റെ ആധാരമുറപ്പിക്കുന്നതിലും നിലനിര്‍ത്തുന്നതിലും മദ്‌റസകള്‍ വഹിച്ച പങ്ക് അവിസ്മരണീയമാണ്. പട്ടിണിയും പരാധീനതകള്‍ക്കുമിടയില്‍ ജീവിതവൃത്തം പൂര്‍ത്തിയാക്കാന്‍ പാടുപെടുമ്പോഴും സര്‍ക്കാറുകള്‍ക്കു മാത്രം സാധ്യമാകുന്ന വിദ്യാഭ്യാസ സംവിധാനങ്ങള്‍ നാട്ടുകൂട്ടായ്മയിലൂടെ നടപ്പാക്കിയത് അത്ഭുതാവഹവും ആത്മികമായ പരിസ്ഥിതിയില്‍ മക്കള്‍ വളരേണ്ടതിനെക്കുറിച്ച് രക്ഷിതാക്കള്‍ക്കുണ്ടായിരുന്ന മതപരമായ കണിശതയിലേക്കുള്ള ചൂണ്ടുപലകയുമാണ്. മതവിദ്യ അഭ്യസിക്കാതെ അക്കാദമിക് ധാരയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വലിയൊരു വിഭാഗത്തെ വിദ്യാഭ്യാസത്തിന്റെ ഇരു ധാരകളെയും പഠനസപര്യയില്‍ വ്യവസ്ഥാപിതമായി ഒരുമിപ്പിക്കുന്ന സംവിധാനത്തിന് കീഴില്‍ കൊണ്ടുവരാന്‍ പണ്ഡിതന്മാരുടെ ദൂരക്കാഴ്ചക്കനുസൃതമായ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമായി. സമ്പന്ന വിഭാഗത്തിലെ മക്കളെ മാതൃകാ വിദ്യാര്‍ത്ഥികളായി വളര്‍ത്തുന്നതിനാണ് ബോര്‍ഡിംഗ് മദ്‌റസകള്‍ ആരംഭിക്കുന്നത്. ഇവ്വിഷയകമായി എം എ ഉസ്താദ് നടത്തിയ പരിശ്രമങ്ങള്‍ ശ്ലാഘനീയമാണ്.

പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയവരില്‍നിന്നും ടെസ്റ്റ് നടത്തി, പാസാവുന്നവര്‍ക്ക് അക്കാഡമിക്ക് രംഗത്ത് മികച്ച യൂണിവേഴ്‌സിറ്റിയില്‍ പി ജി വരെ പൂര്‍ത്തിയാക്കാനുള്ള സൗകര്യത്തോടൊപ്പം മതരംഗത്ത് ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം, ഭാഷ, തസവ്വുഫ്, പ്രകൃതിശാസ്ത്രം, ഗോള ശാസ്ത്രം, കാവ്യശാസ്ത്രം, ക്ഷേത്രഗണിതം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന വിപുലമായ സിലബസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുത്വവ്വല്‍ ബിരുദം നല്‍കുന്ന ദഅ്‌വാ കോളേജുകള്‍ വന്‍ മുന്നേറ്റമായി. പൊതു വിദ്യാഭ്യാസത്തിന്റെ പാര്‍ശ്വഭാഗത്തല്ല ദഅ്‌വ പ്രവര്‍ത്തിച്ചത്. പുതുകാല സമസ്യകളോട് സധൈര്യം ഇടപെടാന്‍ കഴിയുന്ന മതപണ്ഡിതരെ പൊതുസമൂഹത്തിന് കൈമാറുകയായിരുന്നു ദഅ്‌വ കോളേജുകള്‍. ഇന്ന് മുഖ്യധാരാ ബൗദ്ധിക വ്യായാമങ്ങളില്‍ കാണുന്ന തലപ്പാവു ധാരികളുടെ സജീവ സാന്നിധ്യം ദഅ്‌വ കോളേജുകള്‍ തുറന്നിട്ട വിശാല സാധ്യതയാണ്.

അധിനിവേശ വിരുദ്ധ രചനകള്‍
അധിനിവേശ വിരുദ്ധ മുന്നേറ്റങ്ങളോടൊപ്പം നില്‍ക്കാന്‍ തദ്ദേശീയര്‍ക്ക് ആത്മധൈര്യം പകരുന്ന അനേകം രചനകള്‍ അറബി ഭാഷയിലുണ്ടായിട്ടുണ്ട്. പറങ്കികള്‍ക്കെതിരെ പോരാടാനുള്ള പ്രചോദനമായിരുന്നു സൈനുദ്ദീന്‍ മഖ്ദൂം കബീറിന്റെ തഹ്‌രീള്. മഖ്ദൂം സ്വഗീറിന്റെ തുഹ്ഫതുല്‍മുജാഹിദീന്‍ പോരാട്ട ഭൂമിക രൂപപ്പെടുത്തുന്നതോടൊപ്പം തന്നെ കേരളത്തിന്റെ ആദ്യത്തെ ആധികാരിക ചരിത്രരേഖ കൂടിയായി ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. ഇംഗ്ലീഷില്‍ തന്നെ ഒന്നിലധികം പരിഭാഷകളുണ്ടായത് രചനയുടെ ഉള്ളടക്കത്തിന്റെ ഉള്‍ക്കനവും കീര്‍ത്തിയും വ്യക്തമാക്കുന്നുണ്ട്. ചാലിയം കോട്ട പറങ്കികളില്‍നിന്ന് പിടിച്ചടക്കിയതിന്റെ പ്രതികരണമെന്നോണം വിരചിതമായ ഖാളി മുഹമ്മദിന്റെ ഫത്ഹുല്‍മുബീന്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പ്രത്യയശാസ്ത്രപരമായ പിന്‍ബലമേകുന്നുണ്ട്. മമ്പുറം തങ്ങളുടെ സൈഫുല്‍ബത്താറും ഫസല്‍ പൂക്കോയ തങ്ങളുടെ ഉദ്ദതുല്‍ ഉമറാഉം അധിനിവേശ ശക്തികളോട് സമരസപ്പെടുന്നതിലെ നിരര്‍ത്ഥകത തുറന്നുകാട്ടുന്നതും സമരോത്സുകതക്ക് ഇന്ധനം പകരുന്നതുമാണ്. സൈഫുല്‍ ബത്താറിന്റെ ആഴമേറിയ സ്വാധീനം തിരിച്ചറിഞ്ഞ ബ്രിട്ടീഷ് സര്‍ക്കാര്‍ അവ കണ്ടുകെട്ടി നിരോധിച്ചെങ്കിലും പിന്നീട് ഫസല്‍ പൂക്കോയ തങ്ങള്‍ ഇസ്തംബൂളില്‍വെച്ച് കൃതി പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി.

ഇത്തരത്തില്‍ എണ്ണമറ്റ രചനകളുണ്ടായി അക്കാലങ്ങളില്‍. അതിലൊന്നാണ് മനാത്ത് പറമ്പില്‍ കുഞ്ഞിമരക്കാര്‍ മാല. തെക്കന്‍ മലബാറില്‍ പോര്‍ച്ചുഗീസ് വിരുദ്ധ വികാരം വളര്‍ത്തുന്നതില്‍ സ്വാധീനിച്ച അറബി മലയാള രചനയാണ്. കൊട്ടുപ്പള്ളി മാലയെന്നും പ്രസ്തുത കൃതി അറിയപ്പെടുന്നു. പറങ്കികള്‍ തടഞ്ഞുവെച്ച മാപ്പിള സ്ത്രീയെ രക്ഷിക്കാന്‍ വേണ്ടി വിവാഹ വേദിയില്‍നിന്നും ഇറങ്ങിപ്പുറപ്പെട്ട വെളിയങ്കോട് കുഞ്ഞിമരക്കാര്‍ എന്ന വരന്റെ സാഹസികയാത്രയാണ് അജ്ഞാത രചയിതാവിനാലുള്ള കൃതിയുടെ ഇതിവൃത്തം. ഏഴിമലക്കടുത്ത് രാമന്തളിയില്‍ പറങ്കികള്‍ പണിത കോട്ടയിലേക്ക് ദേശപ്രമുഖനായ പോക്കര്‍ മൂപ്പന്റെ നേതൃത്വത്തില്‍ പതിനേഴ് യുവാക്കള്‍ നടത്തിയ തിരിച്ചടിയെ കുറിക്കുന്ന രാമന്തളി മാലയും ഈ ഗണത്തില്‍ പ്രസ്താവ്യമാണ്.

വൈദ്യശാസ്ത്രം
വൈദ്യശാസ്ത്രത്തില്‍ കേരളീയരുടെതായി ലഭ്യമായ ഏക അറബി ഗ്രന്ഥമാണ് കിടങ്ങയം ഇബ്‌റാഹിം മുസ്‌ലിയാരുടെ മയ്‌സനുല്‍ മുഫ്‌റദാത്ത്. സമൂഹബാധ്യതകളില്‍ പെട്ട വൈദ്യശാസ്ത്ര പഠനത്തില്‍ നാം അര്‍ഹിക്കുന്ന പരിഗണന നല്‍കാത്തതില്‍ രചനയുടെ ആദ്യഭാഗത്ത് അദ്ദേഹം പ്രതിഷേധിക്കുന്നു. ആയിരത്തിലേറെ ഔഷധങ്ങളുടെ യൂനാനി ചികിത്സാ പ്രകാരമുള്ള ഉപയോഗം, മൂല്യം, പ്രകൃതി, ലഭ്യത, വിവിധ ഭാഷകളില്‍ ഔഷധങ്ങള്‍ക്കുള്ള നാമം എന്നിവ വിശദമാക്കുന്നുണ്ട്.

ഇവ്വിഷയകമായി അറബിമലയാളത്തില്‍ രചനകളേറെയുണ്ട്. അറുപതോളം രോഗങ്ങളുടെ ലക്ഷണങ്ങളും പ്രതിവിധിയും പ്രതിപാദിക്കുന്നതാണ് പട്ടാളത്ത് കുഞ്ഞിമാഹീന്‍ കുട്ടി വൈദ്യരുടെ ‘വൈദ്യജ്ഞാനം’ എന്ന പദ്യം. എം കെ കുഞ്ഞിപ്പോക്കര്‍ കീഴുപറമ്പിന്റെ ‘വസൂരി ചികിത്സാ കീര്‍ത്തനം’ വസൂരിയുടെ ലക്ഷണങ്ങളും ചികിത്സാ രീതികളും വിശദമായി പറയുന്നുണ്ട്. സംസ്‌കൃത ഭാഷ വശമുള്ള ഉപരിവര്‍ഗത്തിന് മാത്രം വഴങ്ങുന്ന അഷ്ടാംഗഹൃദയമെന്ന ബൃഹദ്ഗ്രന്ഥത്തെ ഉപജീവിച്ച് 1894ല്‍ പാറപ്പുറത്ത് ഇല്ലത്ത് പറമ്പില്‍ ബീരാന്‍കുട്ടി വൈദ്യര്‍ രചിച്ച വിഷചികിത്സാ അഷ്ടാംഗഹൃദയം ശ്രദ്ധേയമാണ്. വൈദ്യശാസ്ത്രപരമായ വിജ്ഞാനീയങ്ങളെ അതിന്റെ രഹസ്യ സ്വഭാവത്തില്‍നിന്നും മോചിപ്പിച്ച് സാധാരണക്കാരിലേക്കുള്ള അതിന്റെ വിനിമയ സാധ്യതകള്‍ കണ്ടെത്തി ആരോഗ്യ സംബന്ധ അറിവുകളെ ജനാധിപത്യവത്കരിക്കുകയെന്ന വിപ്ലവമാണ് ഇതിലൂടെ സാക്ഷാത്കൃതമായത്. ശാരീരികവും മാനസികവുമായ രോഗങ്ങള്‍ക്ക് പരിഹാരമാരായുന്ന ഗ്രന്ഥങ്ങളാണ് കൊങ്ങണം വീട്ടില്‍ അഹ്മദ് എന്ന ബാരി മുസ്‌ലിയാരുടെ വൈദ്യസാരം തര്‍ജമയും ഉപകാരം തര്‍ജമയും. കൂടാതെ കൊങ്ങണം വീട്ടില്‍ ഇബ്‌റാഹിം കുട്ടി മുസ് ലിയാര്‍ രചിച്ച വിഷചികിത്സയുമായി ബന്ധപ്പെട്ട ശഫശിഫ, മുഹ്‌യിദ്ദീന്‍ അഹ്മദ് എന്നിവരുടെ കിതാബുത്വിബ്ബുന്നബി, അജ്ഞാത രചയിതാക്കളുടെ വൈദ്യരോഗരത്‌നം, ഇലാജുല്‍ അത്വ്ഫാല്‍, യൂനാനി വൈദ്യസാര യോഗശാസ്ത്രം തുടങ്ങിയ ഒറ്റപ്രതിയും അല്ലാത്തതുമായ അനവധി രചനകള്‍ ആരോഗ്യ മേഖലയെ ഭേദപ്പെടുത്തിയിട്ടുണ്ട്.

വിവിധ ജ്ഞാന ശാഖകളില്‍ വിരചിതമായിട്ടുള്ള അറബ് ഗ്രന്ഥങ്ങള്‍ ഏറെക്കുറെ നമുക്ക് ലഭ്യവും പരിചിതവുമാണ്. എന്നാല്‍ അറബി മലയാള രചനാലോകത്തെ അധികരിച്ച് കൂടുതല്‍ വായനകള്‍ സജീവമാകേണ്ടതുണ്ട്. ഇന്ന് വിവാഹാന്വോഷണ വേളകളില്‍ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കുന്ന സമാനാര്‍ത്ഥത്തില്‍ മുഹ്‌യിദ്ദീന്‍ മാല മനഃപാഠമാണോ എന്ന് നോക്കുന്ന പതിവായിരുന്നു മലയാളി മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. മാലകള്‍ അത്രമേല്‍ മാപ്പിള ശീലങ്ങളുമായി ഇണങ്ങിച്ചേര്‍ന്നിരുന്നു. സമുത്കൃഷ്ടമായ ഇത്തരം സംസ്‌കൃതിക്ക് കാതലായ മങ്ങലേല്‍ക്കുന്നത് ഉത്പതിഷ്ണു പ്രസ്ഥാനങ്ങളുടെ രംഗപ്രവേശനത്തോടെയാണ്.

പ്രവിശാലമായ പദ്യശാഖ അറബി മലയാളത്തിനുള്ളതുപോലെത്തന്നെ അവഗണിക്കാനാവാത്ത ഗദ്യ ശാഖയും അതിനു സ്വന്തമായുണ്ട്. അമീര്‍ ഖുസ്രുവിന്റെ വിശ്വസാഹിത്യ രചനകളില്‍ വിഖ്യാതമായ ചാര്‍ദര്‍വേശിന്റെ മൊഴിമാറ്റമാണ് അറബിമലയാളത്തില്‍ പ്രഥമ നോവല്‍. ബഹുഭാഷാ പണ്ഡിതനും വിവര്‍ത്തകനുമായിരുന്ന നാലകത്ത് കുഞ്ഞിമൊയ്തീന്‍ കുട്ടി സാഹിബാണ് മൊഴിമാറ്റം നടത്തിയിരിക്കുന്നത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മലയാളത്തിലെ പ്രഥമ നോവലായ കുന്ദലതയും ആദ്യ ലക്ഷണമൊത്ത നോവല്‍ ഇന്ദുലേഖയുമൊക്കെ പിറവിയെടുക്കുന്നത്. അലാവുദ്ദീന്‍, ഖമര്‍സ്മാന്‍, ശംസുസ്സമാന്‍, അമീര്‍ ഹംസ, ഗുല്‍സനോബര്‍, വര്‍ജീന, തുത്താക്കി കഹാനി എന്നിവയെല്ലാം ചാര്‍ദര്‍വേശിനു ശേഷം മൊഴിമാറ്റം നടത്തപ്പെട്ട പേര്‍ഷ്യന്‍ കൃതികളാണ്.

ആനുകാലികങ്ങള്‍
കേരളത്തില്‍ ആനുകാലികങ്ങള്‍ മാധ്യമമാക്കിയുള്ള സുന്നീ ആശയ പ്രചാരണ രംഗത്ത് വഴിത്തിരിവായ പ്രസിദ്ധീകരണമാണ് അല്‍ബയാന്‍ മാസിക. 1929ന് പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെയും വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാരുടെയും ശ്രമഫലമായാണ് അല്‍ബയാന്‍ തുടങ്ങുന്നത്. 1948ല്‍ സമസ്തയുടെ മുഖപത്രമായി മാറിയ അല്‍ബയാന്‍ അന്‍പത്തിയെട്ടില്‍ അറബി മലയാളത്തില്‍നിന്നും മലയാളത്തില്‍ പ്രസിദ്ധീകരണം തുടര്‍ന്നു. കാടേരി അബുല്‍കമാല്‍ മുസ്‌ലിയാര്‍, ടി കെ അബ്ദുല്ല മൗലവി, പറവണ്ണ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ പത്രാധിപന്മാരായിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം 1966ല്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. 1958-63 കാലങ്ങളില്‍ കെ എം മുഹമ്മദ് കോയ മാത്തോട്ടത്തിന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന സുബുലുസ്സലാം മാസിക, ഏലത്തൂര്‍ എന്‍ അഹ്മദ് ഹാജിയുടെ കീഴില്‍ ഇറങ്ങിയിരുന്ന ഹിദായത്തുല്‍ മുഅ്മിനീന്‍ മാസിക, ഇ കെ ഹസന്‍ മുസ്‌ലിയാരുടെ പത്രാധിപത്യത്തിലിറങ്ങിയിരുന്ന അല്‍ ജലാല്‍ മാസികയുമൊക്കെ സുന്നി ആദര്‍ശ പ്രചാരണത്തിനുപകരിക്കുന്ന വിലപ്പെട്ട പഠനങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ആരോഗ്യകരമായ സംവാദങ്ങള്‍ സാധ്യമാക്കുന്നതുമായിരുന്നു.

1964 ജൂലൈ ഇരുപതിന് സുന്നി യുവജന സംഘത്തിന്റെ മുഖപത്രമായാണ് സുന്നി ടൈംസ് പ്രസിദ്ധീകരിക്കുന്നത്. ആദര്‍ശ പഠനങ്ങള്‍ക്ക് പുറമെ ഖുര്‍ആന്‍, കര്‍മശാസ്ത്രം, ചരിത്രം തുടങ്ങിയവയും ഉള്ളടക്കത്തിന്റെ ഭാഗമാക്കുന്ന പ്രസിദ്ധീകരണം വിഷയ വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. ടി എസ് കെ തങ്ങള്‍, മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, കെ വി എം പന്താവൂര്‍, കുഞ്ഞബ്ദുല്ല കടമേരി തുടങ്ങിയവരൊക്കെ സുന്നി ടൈംസിന്റെ സ്ഥിരം ലേഖകരില്‍ പ്രമുഖരാണ്. സുന്നി വിഭാഗത്തിലുള്ളവര്‍ക്ക് മികച്ചൊരു എഴുത്തുകളരി കൂടിയായിരുന്നു സുന്നി ടൈംസ്.
ജ്ഞാന കൈമാറ്റ രീതികളിലെ വിപ്ലവകരമായ മുന്നേറ്റങ്ങളെയും രചനാ ലോകത്തെയും കേരള മുസ്‌ലിംകളുടെ തനതായ പൈതൃകത്തിന്റെ നിരന്തരമായ പാരായണങ്ങളിലൂടെ നവീകരിക്കുന്നതോടൊപ്പം ചിതറിക്കിടക്കുന്ന നമ്മുടെ പൈതൃക സ്വത്തുക്കളെ സമാഹരിച്ച് പുതിയ ഗവേഷണങ്ങള്‍ക്ക് കളമൊരുക്കുന്നതിനെ കുറിച്ച് നാം സഗൗരവം ചിന്തിക്കേണ്ടതുണ്ട്. $

വിശദവായനക്ക്
* അറബി സാഹിത്യത്തിന് കേരളത്തിന്റെ സംഭാവന
പ്രൊഫ. കെ എം മുഹമ്മദ്
* അറബി മലയാള സാഹിത്യ പഠനങ്ങള്‍
ടി മന്‍സൂര്‍(എഡി)
* എസ് വൈ എസ് അറുപതാം വാര്‍ഷികോപഹാരം
* മഖ്ദൂമും പൊന്നാനിയും
ഹുസൈന്‍ രണ്ടത്താണി(എഡി)
ശമീല്‍ പൈലിപ്പുറം