ഹദീസും ആഖ്യാന പാരമ്പര്യവും: ഫുആദ് സെസ്ഗിന്റെ വഴിയും വാദവും

ഹദീസും ആഖ്യാന പാരമ്പര്യവും: ഫുആദ് സെസ്ഗിന്റെ വഴിയും വാദവും

മനുഷ്യന്റെ സാമൂഹിക വ്യവസ്ഥിതിയില്‍ അനല്‍പ്പമായ ഇടങ്ങള്‍ ആഖ്യാനങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്. മുത്തശ്ശിക്കഥകളായും കവിതകളായും മാപ്പിള ലോകത്ത് ഖിസ്സകളായും വിവിധങ്ങളായ മാധ്യമങ്ങളിലൂടെ ആഖ്യാനങ്ങള്‍ നമ്മുടെ പരിസരങ്ങളില്‍ പ്രാതിനിധ്യം കണ്ടെത്തുന്നു. ഒരു ആഖ്യാതാവും നല്ലൊരു കേള്‍വിക്കാരനും ഏതൊരു ആഖ്യാനത്തിനും അനിവാര്യമാണ്. എന്നാല്‍ ഒരു വ്യക്തിയുടെ വാക്കുകളില്‍ അല്ല, പ്രവര്‍ത്തനങ്ങളിലാണ് ആ വ്യക്തി നിലനില്‍ക്കുന്നത് എന്ന ഒട്ടോമന്‍കാല ചിന്തകനായ സിയാ പാഷയുടെ വാക്കുകളോടായിരുന്നു ആദ്യകാല സോഷ്യോളജിസ്റ്റുകളുടെ ആഭിമുഖ്യം. പില്‍ക്കാല സാമൂഹികചിന്തകരായ ഹെബര്‍മസ് (Hebermas),  വൈറ്റ്(White) തുടങ്ങിയവര്‍ ഈ കാഴ്ചപ്പാടിനോട് കലഹിക്കുന്നതായി കാണാം. ഹെബര്‍മസിന്റെ വീക്ഷണത്തില്‍ സമൂഹം എന്നതിന്റെ വിവക്ഷ തന്നെ ആശയവിനിമയം നടത്തുന്ന വര്‍ഗം എന്നാണ്. അഥവാ ഏതൊരു പോസ്റ്റ് മോഡേണ്‍ ഡിജിറ്റല്‍ പരിസരങ്ങളില്‍ ആയാലും വിജ്ഞാനം ആഖ്യാനപരമായി നിലനില്‍ക്കണം എന്നാണ് ഹെബര്‍മസ് അടക്കമുള്ള ഒരു പറ്റം സാമൂഹിക ശാസ്ത്രജ്ഞരുടെ പക്ഷം(Danko, Shrank, Bruner). ചുരുക്കത്തില്‍ ആലേഖനങ്ങള്‍  പോലെ ആഖ്യാനങ്ങള്‍ക്കും സമൂഹത്തില്‍ പ്രസക്തിയുണ്ടെന്ന്  സാമൂഹികശാസ്ത്രം വിശ്വസിക്കുന്നു.

ഇസ്ലാമിക നാഗരികതയെ ഇതര നാഗരികതകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ഹദീസ് നെറ്റ്വര്‍ക്ക് എന്ന ആഖ്യാനരൂപമാണ്. ലോകത്ത് ആഖ്യാനാടിസ്ഥാനത്തില്‍ ഒരുപാട് കാലം നീണ്ടുനിന്ന പല മതഗ്രന്ഥങ്ങളും ദര്‍ശനങ്ങളുമുണ്ട്. തീയാരാധകരുടെ അവേസ്ത(Avesta), ഹിന്ദു ധര്‍മ വേദങ്ങള്‍, ജൂതമതത്തിലെ തല്‍മൂദ്, ക്രൈസ്തവരുടെ ഗോസ്പല്‍സ് (Gospels) എന്നിങ്ങനെ… എന്നാല്‍ ഹദീസ് ഗ്രന്ഥങ്ങള്‍, ഉസൂലുല്‍ ഹദീസ് ഗ്രന്ഥങ്ങള്‍, മുഹദ്ദിസുകളുടെ ജീവചരിത്ര സംബന്ധിയായ ഗ്രന്ഥങ്ങള്‍(ത്വബഖാത്ത്) തുടങ്ങിയ വിവിധങ്ങളായ ശാഖകളാല്‍ സമ്പന്നമായ ഹദീസ് വിജ്ഞാനീയം ഇവകളില്‍ വേറിട്ടുനില്‍ക്കുന്നതായി കാണാം. തിരുവചനങ്ങള്‍ കൈമാറുന്നതില്‍ മുസ്ലിം പണ്ഡിതര്‍ കാണിച്ച വിശുദ്ധിയും സൂക്ഷ്മതയും അവയെ ആധികാരികതയുടെ  സ്വരൂപങ്ങളാക്കി മാറ്റുന്നു. ഖുര്‍ആനാണ് തിരുജീവിതം എന്നതിനാല്‍ തന്നെ മുസ്ലിം ലോകം ഹദീസുകള്‍ക്ക് വലിയ പ്രാധാന്യം കല്‍പ്പിച്ചുപോന്നു. ആദ്യകാലം മുതല്‍ തന്നെ ഹദീസുകള്‍ മനപ്പാഠമാക്കിയും അവ പരസ്പരം ചൊല്ലിക്കേള്‍പ്പിച്ചും മുഹദ്ദിസുകള്‍ അവയെ സംരക്ഷിച്ചു. അതിന്റെ നിവേദകശൃംഖലകളെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി. സനദ് എന്ന ആശയം തന്നെ ഇസ്ലാമിക നാഗരികതയുടെ മുഖമുദ്രയായി മാറി. പ്രീ ഇസ്ലാമിക് കാലഘട്ടത്തില്‍ തന്നെ അറേബ്യന്‍ കവിതകളില്‍ സനദുകള്‍ ഉപയോഗത്തിലുണ്ടായിരുന്നെങ്കിലും ഹദീസ് പാരമ്പര്യത്തിലൂടെയാണ് അവ ജീവസ്സുറ്റതാകുന്നത്. പിന്നീട് ഓറിയന്റലിസ്റ്റുകള്‍ സനദിന്റെ പ്രാധാന്യത്തെ കുറച്ച് കാണുന്നതിനായി അറബിയിതര പ്രീ ഇസ്ലാമിക് സ്രോതസ്സുകളില്‍ സനദിന്റെ സാന്നിധ്യം അന്വേഷിച്ചുതുടങ്ങി. അങ്ങനെ തല്‍മൂദിക് കാലഘട്ടത്തിലേക്കും ജൂത സാഹിത്യങ്ങളിലേക്കും നീളുന്ന സനദിന്റെ ആവിര്‍ഭാവ ചരിത്രം രൂപപ്പെടുന്നത് ഇസ്ലാമിക ലോകത്ത് സനദ് നിരൂപണ സംബന്ധിയായി ആദ്യ രചനകള്‍ പുറത്തുവന്നതോട് കൂടിയാണ്. Joseph Horovitz ന്റെ തല്‍മൂദിക് സനദുകളുടെ ആധുനിക പഠനങ്ങള്‍ ഇന്ന് ഓറിയന്റല്‍ ലോകത്ത് ആഘോഷിക്കുന്നതും ഇക്കാരണത്താലാണ്. സനദുകള്‍ ഉത്ഭവിച്ചത് ഏത് കാലത്തായാലും ത്വബഖാതുകളും(ജീവചരിത്ര ഗ്രന്ഥങ്ങള്‍) മറ്റു ജര്‍ഹ് വ തഅ്ദീല്‍ (നിരൂപണ ശാസ്ത്രം) ശാഖകളും നിര്‍മിക്കുന്ന ഒരു വ്യവസ്ഥാപിതമായ സനദുകളുടെ ലോകം ഇസ്ലാമിക നാഗരികതക്ക് മാത്രമേ അവകാശപ്പെടാനുള്ളൂ. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളില്‍ ഇസ്ലാമിക ലോകത്തുണ്ടായിരുന്ന  അറിവിന്റെ പരാഗണവും ഹദീസ് സാഹിത്യം നിര്‍മ്മിച്ച  സാമൂഹിക വര്‍ത്തമാനങ്ങളും അക്കാദമിക ലോകത്ത് ഇന്നും സജീവമാണ്.

 ഫുആദ് സെസ്ഗിനെ വായിക്കുമ്പോള്‍

എഴുതപ്പെട്ടതിനാണ് വാമൊഴികളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതിനെക്കാള്‍ ആധികാരികതയുള്ളത് എന്ന ആശയം നവോത്ഥാനാനന്തരം ഉടലെടുത്ത ദര്‍ശനങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്നതായി കാണാം. ഇത്തരം മുന്‍വിധികളില്‍ ഹദീസിന്റെ ചരിത്രാത്മകതയെ വിചാരണ ചെയ്യുന്ന ഓറിയന്റലിസ്റ്റുകളില്‍ പ്രധാനികളാണ് ഇഗ്നാസ് ഗോള്‍സിയറും (Ignaz Goldziher) ജെയ്ന്‍ബോളും (G.H.A.Juynboll). ഗോള്‍സിയറുടെ വാദങ്ങളെ ചോദ്യം ചെയ്യുകയും ഹദീസ് പരമ്പരകള്‍ ആഖ്യാന രൂപത്തിലല്ല, പൂര്‍ണമായും  ലിഖിത ശേഖരങ്ങളായാണ് റസൂലിന്റെ(സ)  കാലം മുതല്‍ തന്നെ കൈമാറ്റം ചെയ്യപ്പെട്ടത് എന്ന് വാദിക്കുകയും ചെയ്യുന്ന ഏറെ ആഘോഷിക്കപ്പെട്ട മുസ്ലിം ഓറിയന്റലിസ്റ്റുകളില്‍ പ്രമുഖനാണ് ഫുആദ് സെസ്ഗിന്‍. സെസ്ഗിന്‍ തന്റെ The sources of Al Bukhari എന്ന പഠനത്തില്‍ മുന്നോട്ടുവെക്കുന്ന പ്രധാന തെളിവുകള്‍ ഇങ്ങനെ വീക്ഷിക്കാം:

1. ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ കാലത്ത് നടന്ന ഹദീസ് സമാഹരണം ഉസ്മാന്റെ(റ) കാലത്ത് നടന്ന ഖുര്‍ആന്‍ ക്രോഡീകരണത്തിന് സമാനമായ രീതിയിലായിരുന്നു. ഇമാം സുഹ്്രിയുടെ കാലമായപ്പോഴേക്കും എഴുത്തിലും വായനയിലും സാക്ഷരത കൈവരിക്കുകയും ചെയ്തിരുന്നുവെന്ന് സനദുകളുടെ ആവിര്‍ഭാവം അറിയിക്കുന്നതിനാല്‍ തന്നെ ഇമാം സുഹ്്രിക്ക്(റ) അവകള്‍ ക്രോഡീകരിക്കേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഉപോല്‍ബലകമായി സെസ്ഗിന്‍ സൂചിപ്പിക്കുന്നുണ്ട്.

2. ഹിജ്‌റ 125 കളില്‍ ആരംഭിച്ച ഹദീസ് രചനകള്‍ ഉമവിയ്യ കാലഘട്ടത്തിലെ മോണോഗ്രാഫിക് വിവരണങ്ങളുടെ ഒരുതരം വികാസമായിട്ടാണ് സെസ്ഗിന്‍ മനസ്സിലാക്കുന്നത്. മഅ്മര്‍ ബ്‌നു റാഷിദിന്റെ(റ) അല്‍ജാമിഅ, ഖതാദയുടെ കിതാബുല്‍ മനാസിക്, റബീഅ ബിന്‍ ഹബീബ് അല്‍ബസരിയുടെ അല്‍ജാമിഅ തുടങ്ങിയ ആദ്യ കാല രചനകള്‍ ഈ ഗണത്തില്‍ പെടുന്നതാണെന്ന് സെസ്ഗിന്‍ കണക്കുകൂട്ടുന്നു.

3. ഹദീസുകളുടെ കൈമാറ്റത്തിന് ആദ്യ കാലഘട്ടത്തില്‍ തന്നെ എട്ട് വ്യത്യസ്ത രീതികള്‍ അവലംബിച്ചിരുന്നുവെന്ന് കാണാന്‍ സാധിക്കും. സമാഅ, ഖിറാഅ, ഇജാസ, മുനാവല, ഇഅലാമു റാവി , വസിയ്യ  , വിജാദ, കിതാബത്ത് എന്നിങ്ങനെ. ഇവയില്‍ ആദ്യം ഉള്ള രണ്ടുരീതികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റുള്ളവയെല്ലാം ആലേഖനവുമായി  ബന്ധപ്പെട്ടുകിടക്കുന്നതാണ്.

4. ചില ആദ്യകാല ഗ്രന്ഥങ്ങളും  പില്‍ക്കാല രചനകളും തമ്മില്‍ പാഠഭാഗങ്ങളുടെ ക്രമീകരണത്തിലും മറ്റു നിവേദകരീതികളിലും സാദൃശ്യം പുലര്‍ത്തുന്നതായി കാണാം. അതുകൊണ്ടുതന്നെ നിവേദക ശൃംഖലയില്‍ രണ്ടു തലങ്ങളിലായി നിലകൊള്ളുന്നവര്‍ തമ്മിലുള്ള ചരിത്രപരമായ അകലം കുറക്കാന്‍ സാധിക്കുന്നതാണ്.

തന്റെ വാദങ്ങളുടെ പ്രായോഗികത സ്വഹീഹുല്‍ ബുഖാരിയിലെ ഏതാനും ഹദീസുകളെ മുന്‍നിര്‍ത്തി സെസ്ഗിന്‍ പരിചയപ്പെടുത്തുന്നുണ്ട്. ഹമ്മാമുബ്നു മുനബ്ബിഹ്, മഅ്മര്‍ ഇബ്‌നു റാഷിദ്, അബ്ദുല്‍റസാഖ് തുടങ്ങിയ ഗ്രന്ഥകര്‍ത്താക്കളിലൂടെ കടന്നുപോകുന്ന ഹദീസുകളിലെ നിവേദകപരമ്പരയില്‍ കാണാവുന്ന പൊതുവായ നിവേദകര്‍ ഇവര്‍ക്ക് സ്വന്തമായുള്ള സ്വഹീഫകളിലും കാണാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ക്കിടയില്‍ നടന്ന ഹദീസുകളുടെ കൈമാറ്റം ലിഖിതരൂപത്തിലായിരിക്കും. മാത്രമല്ല നിവേദക ശൃംഖലയിലെ ഓരോരുത്തരും     ഗ്രന്ഥകര്‍ത്താക്കളോ ഗ്രന്ഥകര്‍ത്താക്കളില്‍ നിന്ന് ഗ്രന്ഥങ്ങള്‍ ശേഖരിച്ചവരോ ആയിരിക്കും. പക്ഷേ തന്റെ കണ്ടെത്തലുകളെക്കുറിച്ച് മനസിലാക്കാന്‍ ശ്രമിക്കുന്നവര്‍ സനദ് എന്ന ആശയം രണ്ടോ മൂന്നോ നൂറ്റാണ്ടുകളില്‍ ഉടലെടുത്തതാണ് എന്ന മുന്‍ധാരണ വെടിയണമെന്ന് പറയുന്നിടത്താണ് സെസ്ഗിന്‍ പരാജയപ്പെടുന്നത്. ഈ സാമാന്യവല്‍ക്കരണം കാരണമായി ഫുആദ് സെസ്ഗിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പണ്ഡിതര്‍ മുന്നോട്ടുവന്നിട്ടുണ്ട്.ആധുനിക ഹദീസ് പണ്ഡിതനായ മുസ്തഫ അഅ്‌സമിയുടെ Studies in early Hadith literature എന്ന പുസ്തകം അനുകൂലമായ ആശയമാണ് അവതരിപ്പിക്കുന്നത്. അറബിഭാഷാ പ്രയോഗങ്ങളില്‍ തസ്‌നീഫ്, കിതാബത്ത്, തദ്്വീന്‍ എന്നീ പദങ്ങളുടെ അര്‍ഥങ്ങള്‍ മനസ്സിലാക്കുന്നതില്‍ പറ്റിയ പിഴവ് മൂലമാണ് ആദ്യകാല ലിഖിത ഹദീസ് ശേഖരങ്ങളെ ഓറിയന്റലിസ്റ്റുകള്‍ എതിര്‍ക്കുന്നത് എന്നാണ് അഅ്‌സമിയുടെ പക്ഷം. എന്നില്‍ നിന്ന് ഖുര്‍ആന്‍ അല്ലാതെ ഒന്നും എഴുതി വെക്കരുതെന്ന ഹദീസിനെ ആയുധമാക്കി ജെയ്ന്‍ബോള്‍ സെസ്ഗിന്‍ ചാക്രികമായ വാദമാണ് ഉയര്‍ത്തുന്നതെന്ന് അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ എഴുതിവെക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഹദീസ് എങ്ങനെയാണ് ഹദീസ് നിഷേധിയായ തനിക്ക് പ്രമാണം ആകുന്നത് എന്ന് മറുചോദ്യം ഉന്നയിക്കുന്നുണ്ട് അഅ്‌സമി. ഫുആദ് സെസ്ഗിനെ അനുകൂലിച്ചുകൊണ്ട് മുന്നോട്ടുവന്ന  അമേരിക്കന്‍ പണ്ഡിതയാണ് നാബിയ അബ്ബോട്ട് (Nabia Abbott). മുന്‍കാല  കയ്യെഴുത്തുപ്രതികളില്‍ നിന്ന് ഇസ്ലാമിക ചരിത്രം പരിചയപ്പെടുത്തുന്ന ഈ ഗവേഷക സെസ്ഗിനെ അനുകൂലിച്ചുകൊണ്ട് ധാരാളം തെളിവുകള്‍ കൊണ്ടുവരുന്നുണ്ട്. ഉമവിയ്യ കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന അവര്‍ കണ്ടെടുത്ത ചില പേപ്പര്‍ ഫ്രാഗ്മെന്റ്‌സ് പില്‍ക്കാല ഹദീസുകളുടെ സ്രോതസ്സുകളാണെന്ന് തന്റെ Studies in Arabic literary Papyri എന്ന പഠനത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.

മുസ്തഫ അഅ്‌സമി, ജെയ്ന്‍ബോള്‍ എന്നിവരില്‍ നിന്ന് വ്യത്യസ്തമായി ഒരു മധ്യമ നിലപാടെടുക്കുകയും  സെസ്ഗിനിയന്‍ ചിന്താധാരയെ നിഷ്പക്ഷമായി വിലയിരുത്തുകയും ചെയ്തവരില്‍ പ്രമുഖനാണ് ജര്‍മ്മന്‍ ഹദീസ് പണ്ഡിതനായ ഹെറാള്‍ഡ് മോഡ്‌സ്‌കി. സനദുകളെ മുന്‍നിര്‍ത്തി മൂല്യസ്രോതസ്സുകളെ പുനര്‍നിര്‍മിക്കുന്നത് പൂര്‍ണ്ണമായും തള്ളപ്പെടേണ്ടതല്ല എന്നാണ് മോഡ്‌സ്‌കിയുടെ പക്ഷം. ഹദീസുകള്‍ ലിഖിതരൂപത്തില്‍ തീരെ നിലകൊണ്ടിട്ടില്ല എന്ന ഓറിയന്റലിസ്റ്റ് വാദത്തെ പ്രതിരോധിക്കാന്‍ ഒരു പരിധിവരെ സെസ്ഗിനിയന്‍ ചിന്താധാരക്ക് കഴിഞ്ഞിട്ടുമുണ്ട്. സെസ്ഗിനിയന്‍ ചിന്താധാര പാശ്ചാത്യ പണ്ഡിതര്‍ക്കിടയില്‍ ഹദീസ് എന്നതിലപ്പുറം ഇസ്ലാമിന്റെ ആദ്യ നൂറ്റാണ്ടുകളിലെ വൈജ്ഞാനിക  കൈമാറ്റങ്ങളെക്കുറിച്ച് തീക്ഷ്ണമായ സംവാദങ്ങള്‍ക്ക് നിദാനമായിരുന്നു. അവയില്‍ ചില ആരോഗ്യപരമായ സംവാദങ്ങളില്‍ നിന്നും മോഡ്‌സ്‌കി ചില അനുമാനങ്ങളില്‍ എത്തിച്ചേരുന്നുണ്ട്.

1. ലിഖിത രൂപത്തിലും ആഖ്യാന രൂപത്തിലും ഹദീസുകള്‍ ആദ്യകാലം മുതല്‍ തന്നെ നിലകൊള്ളുന്നതിനാല്‍ ലിഖിതരൂപത്തില്‍ മാത്രമാണ് അവയുടെ പരാഗണം നടന്നതെന്ന് സാമാന്യവല്‍ക്കരിക്കരുത്.

2. സനദുകളെ മാത്രം അടിസ്ഥാനമാക്കി ഗ്രന്ഥകര്‍ത്താക്കളെ നിര്‍ണയിക്കുന്നത് അപകടകരമാണ്.

3. ചില ഹദീസുകളുടെ നിവേദക ശൃംഖലകളില്‍ പൊതുവായി ഗ്രന്ഥകര്‍ത്താക്കളുണ്ടെന്ന് കരുതി മറ്റു ഹദീസുകള്‍ കൂടി അതിനോട് തുലനം ചെയ്യരുത്.

സെസ്ഗിനിയന്‍ ചിന്താധാരയെ സംബന്ധിച്ച മോഡ്‌സ്‌കിയുടെ നിരൂപണം ഏറെക്കുറെ യോജിക്കാവുന്നതാണ്. എഴുതപ്പെട്ടതിനാണ് കൂടുതല്‍ ആധികാരികതയുള്ളതെന്ന് കരുതി അത്തരം പ്രാമാണികത ഹദീസ് പരമ്പരകള്‍ക്ക് വലിച്ചു കൊണ്ടുവരേണ്ട ആവശ്യമൊന്നും ഇസ്ലാമിനില്ല. ഴാക് ദെറിദ പറയുന്നുണ്ട്: ‘there is nothing outside text.’ ഏതൊരു സാമൂഹിക ഇടപെടലുകളും ടെക്സ്റ്റ് ആയി പരിഗണിക്കാവുന്നതാണ്. അഥവാ ടെക്സ്റ്റ് എന്നാല്‍ കേവലം ഒരു പ്രതിനിധാനം മാത്രമാണ്.

ആഖ്യാനത്തിന്റെ ഹദീസ് പാരമ്പര്യം; ആലേഖനത്തിന്റെയും

ഹദീസുകള്‍ക്ക്  പ്രധാനമായും ആഖ്യാന രൂപത്തിലുള്ള കൈമാറ്റമാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത്. അതേസമയം ഹദീസ് ലിഖിതരൂപത്തിലും റസൂലിന്റെ(സ) കാലത്ത് തന്നെ ചില സ്വഹാബത്ത് സൂക്ഷിച്ചുവെച്ചിരുന്നു. വ്യാപകമായ തോതില്‍ അത് ഉപയോഗത്തില്‍ ഉണ്ടായിരുന്നില്ല എന്നുമാത്രം. അതിനു മൂന്നു കാരണങ്ങളുണ്ട്. ഒന്ന്, വഹ്്യ് ഇറങ്ങിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഖുര്‍ആനുമായി ഇടകലരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന രൂപത്തില്‍ ആദ്യഘട്ടത്തില്‍ ഹദീസ് രേഖപ്പെടുത്തുന്നത് നിരോധിച്ചിരുന്നു. രണ്ട്, അക്കാലത്ത് എഴുത്തും വായനയും സാര്‍വത്രികമായിരുന്നില്ല. മൂന്ന്, പ്രവാചകവചനങ്ങള്‍ വ്യത്യസ്തമാക്കി മനസ്സില്‍ സൂക്ഷിച്ചുവെക്കാന്‍ അഗാധ വൈഭവം സിദ്ധിച്ചവരായിരുന്നു ഭൂരിപക്ഷം  സ്വഹാബികളും . എന്നാല്‍ സ്വഹാബികളില്‍പെട്ട ചിലര്‍ക്ക് ഹദീസ് രേഖപ്പെടുത്തിവെക്കാനുള്ള അനുമതിയും റസൂല്‍(സ) പില്‍ക്കാലത്ത് നല്‍കിയിട്ടുണ്ട്. ഉമര്‍(റ), അലി(റ), ഹസന്‍(റ), ജാബിര്‍(റ), അബ്ദുല്ലാഹിബ്‌നു അംറ്(റ), സഈദുബ്‌നു ജുബൈര്‍(റ) തുടങ്ങിയവര്‍ ഹദീസ് എഴുതുന്നതില്‍ താല്പര്യം പ്രകടിപ്പിച്ചവരും പ്രോത്സാഹിപ്പിച്ചവരുമായിരുന്നു. റസൂലിന്റെ(സ) അനുവാദം ലഭിച്ചതിനു ശേഷം അബ്ദുല്ലാഹിബ്‌നു അംറ്(റ) എഴുതിവെച്ച ഹദീസ് സമാഹാരം അസ്സ്വഹീഫത്തുസ്സ്വാദിഖ് എന്നറിയപ്പെടുന്നു. റസൂലിന്റെ(സ) ജീവിതകാലത്ത്  ലിഖിതരൂപത്തില്‍ ക്രോഡീകരിക്കപ്പെട്ട ഹദീസുകളില്‍ ഏറിയകൂറും കത്തുകളും കരാറുകളുമായിരുന്നു. നജ്ജാശി രാജാവിന് അയച്ച കത്തും സുറാഖക്ക് നല്‍കിയ അഭയപത്രവും അതില്‍ പ്രസിദ്ധമാണ്. ഹിജ്‌റക്ക് ശേഷം ഇസ്ലാം പൂര്‍വ്വോപരി ശക്തി പ്രാപിച്ചതോടെ കത്തുകളുടെയും കരാറുകളുടെയും എണ്ണം വര്‍ധിച്ചു. വിവിധ രാജാക്കന്മാര്‍, ഗവര്‍ണര്‍മാര്‍ തുടങ്ങിയവര്‍ക്ക് എഴുതിയ ഉടമ്പടികളും നിര്‍ദ്ദേശങ്ങളും അടക്കം നാനൂറോളം രേഖകള്‍ ഇന്ന് ലഭ്യമാണ്. പിന്നീട് സ്വഹാബത്തിന്റെ കാലശേഷം സുഹ്്രി(റ) പോലെ താബിഉകളും അവരുടെ ശിഷ്യന്മാരും അവ സമാഹരിച്ച് പോന്നു. അങ്ങനെ റസൂലിന്റെ(സ) കാലത്ത് ആരംഭിച്ച് ഹിജ്‌റ ആറാം നൂറ്റാണ്ടോടുകൂടി പൂര്‍ത്തിയായ നിരന്തര പ്രക്രിയയാണ് ഹദീസുകളുടെ ലിഖിത രൂപത്തിലുള്ള ക്രോഡീകരണം. അതുകൊണ്ട് ഇന്ന് സ്വിഹാഹുകളില്‍ ലഭ്യമായ എല്ലാ ഹദീസുകളും ഈ ക്രോഡീകരണത്തിന്റെ ബാക്കിപത്രമാണ് എന്ന് കരുതാവുന്നതല്ല. ഏറ്റവും കൂടുതല്‍ ഹദീസുകള്‍ നിവേദനം ചെയ്ത അബൂഹുറൈറ(റ) തന്റെ ശിഷ്യന്മാര്‍ക്ക്  വാമൊഴിയായിട്ടാണ് ഹദീസുകള്‍ കൈമാറിയിരുന്നതെന്ന് പ്രസിദ്ധമാണ്. ഹദീസ് ക്രോഡീകരണത്തിന്റെ മറ്റൊരു രൂപമാണ് ശിഷ്യന്മാര്‍ എഴുത്തിലൂടെ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് സഹാബിമാര്‍ എഴുത്തിലൂടെ തന്നെ നല്‍കിയ മറുപടികള്‍. ആഇശ(റ), മുഗീറത്തുബ്‌നു ശുഅ്ബ(റ) തുടങ്ങിയവര്‍ ഇങ്ങനെ ഹദീസുകള്‍ എഴുതി നല്‍കിയ സ്വഹാബികളാണ്. ഹദീസുകളുടെ ക്രോഡീകരണം പൂര്‍ത്തിയായപ്പോഴേക്കും ഹാഫിള്, ഹുജ്ജത്ത് തുടങ്ങിയവരുടെ സംഖ്യ വളരെ വിരലിലെണ്ണാവുന്നതായി ചുരുങ്ങി എന്നത് സങ്കടകരമാണ്. ആദ്യകാലത്ത് മറന്നു പോകാതിരിക്കാന്‍ ഓര്‍മകളെ സഹായിക്കുന്നതിനു വേണ്ടിയാണ് ഹദീസുകള്‍ എഴുതി വെച്ചിരുന്നത് എങ്കില്‍ പിന്നീട് എഴുതിവെക്കാന്‍ സഹായിക്കുന്നതിനുവേണ്ടി ഓര്‍മയിലുള്ള ഹദീസുകള്‍ ഉപയോഗപ്പെടുത്തിത്തുടങ്ങി. എന്നാല്‍ പൂര്‍ണമായും ലിഖിത രൂപത്തിലേക്ക് ഹദീസുകള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടപ്പോള്‍ ഇസ്ലാമിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നുവന്നതായി ചരിത്രം വിവരിക്കുന്നുണ്ട്. പ്രത്യേകിച്ചും ബസറ, കൂഫ, മദീന തുടങ്ങിയ വൈജ്ഞാനിക നഗരങ്ങളിലേക്ക് ഹദീസ് പഠനാര്‍ഥം ആളുകള്‍ ഒഴുകിയെത്തി. ഇറാഖിന്റെ ചിലയിടങ്ങളില്‍ ഇന്നും ആഖ്യാന അടിസ്ഥാനത്തില്‍ തന്നെ ഹദീസുകള്‍ കൈമാറുന്ന സ്ഥലങ്ങളുണ്ട്.

ആഖ്യാനങ്ങളായി അനേക കാലം സമൂഹത്തിനിടയില്‍ ഹദീസുകള്‍ നിലകൊണ്ടതിനാല്‍ തന്നെ അവയില്‍ കടത്തികൂട്ടലുകള്‍ക്ക് വലിയ സാധ്യതയുണ്ടെന്നും  ക്ലാസിക്കല്‍ മുസ്ലിം പണ്ഡിതര്‍  ഹദീസുകളെ വേണ്ടവിധം നിരൂപണ വിധേയമാക്കിയിട്ടില്ല എന്നും ഓറിയന്റലിസ്റ്റുകള്‍ വാദിക്കാറുണ്ട്. Alos Sprenger എഴുതിയ On the origins of writing down historical records among Musalmans എന്ന പ്രബന്ധവും William Muir ന്റെ Life of Muhammed ഉം ഇതിന് ഉദാഹരണങ്ങളാണ്. ഇവരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഹദീസിന്റെ ആധികാരികതയെ നിഷേധിച്ചതില്‍ പെട്ടവരാണ് സര്‍ സയ്യിദ് അഹ്മദ് ഖാന്‍. ഹദീസുകള്‍ക്ക് Synchronic പാരമ്പര്യമാണുള്ളത്  അഥവാ ചരിത്രപരമായി സാധുതയില്ലാത്ത സാങ്കല്‍പ്പികമായ പഠനശാഖ മാത്രമാണ് ഹദീസ് പരമ്പരകള്‍ എന്ന് ഇവര്‍ പറഞ്ഞുവെക്കുന്നു. എന്നാല്‍ ഹദീസ് വിജ്ഞാനീയത്തില്‍ എഴുതപ്പെട്ട ചുരുക്കം ചില ഗ്രന്ഥങ്ങളെ അവലംബമാക്കി പൊതു സങ്കല്പ രൂപീകരണത്തിന് (Partial generalisation) മുതിര്‍ന്നതിനാലാണ് ഇത്തരം വാദങ്ങള്‍ ഉടലെടുക്കുന്നത്. ഇമാം ദഹബിയുടെ ത്വബഖാത്ത് നോക്കൂ- ഇരുപതിലേറെ വ്യത്യസ്ത തലങ്ങളില്‍ ആയി ക്രമീകരിച്ച 40000 ത്തോളം വിഖ്യാതരായ ഹദീസ് പണ്ഡിതര്‍ക്കിടയില്‍ നിന്ന് 1134 ഹാഫിളുകളെ തിരഞ്ഞെടുത്ത് പരാമര്‍ശിക്കുന്നതായി കാണാം. കൂടെ അവരുടെ വിശ്വാസ യോഗ്യതയെക്കുറിച്ചുള്ള സാക്ഷ്യപ്പെടുത്തലുകളും. ഹദീസ് നിരൂപണത്തിന് ക്ലാസിക്കല്‍ മുസ്ലിം പണ്ഡിതര്‍ കാണിച്ച സൂക്ഷ്മത നമുക്ക് ഇതില്‍ നിന്ന് മനസ്സിലാക്കാനാകും. ഹദീസ് ലോകത്ത് നല്‍കപ്പെടുന്ന ഹാഫിള്, ഹുജ്ജത്ത്, ഹാകിം തുടങ്ങിയ സ്ഥാനങ്ങള്‍ പോലും ഇജ്മാഇന്റെ(consensus) അടിസ്ഥാനത്തിലാണെന്നത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. വെസ്റ്റേണ്‍ ക്രിസ്ത്യാനിസത്തെ പോലെ ചര്‍ച്ചിന്റെ അധികാരത്തില്‍ കേന്ദ്രീകരിക്കുന്ന ഒരു ശൈലി ഇസ്ലാമിക നാഗരികതക്ക് പരിചിതമല്ല. ഇതിനെ ഒരു ബലഹീനതയായി കാണുന്നവര്‍ക്ക്  റിച്ചാര്‍ഡ് ബുള്ളിയറ്റിന്റെ Islam: A view  from the edge എന്ന  പുസ്തകത്തില്‍ നിന്ന് മറുപടി കണ്ടെത്തുന്നുണ്ട്  പ്രമുഖ ഹദീസ് പണ്ഡിതനായ റജബ് ഷെന്‍തുര്‍ക്ക്. അദ്ദേഹത്തിന്റെ വാക്കുകളില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക പാരമ്പര്യത്തിന്റെ ശക്തി വിളിച്ചോതുന്നതാണ് നിയമ വിചക്ഷണര്‍, ജ്ഞാനികള്‍, മുഹദ്ദിസുകള്‍ തുടങ്ങി അനേകം സ്രോതസ്സുകളില്‍ വിരചിതമായ ഇസ്ലാമിലെ  അധികാരഘടന. മാത്രമല്ല വിശ്വാസത്തിലുണ്ടായേക്കാവുന്ന അപചയങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന മറുപടി നല്‍കാനും അവയ്ക്ക് സാധിക്കും.

Basith Hamsa

അധിക വായനക്ക്:

– Narrative social structure: Anatomy of Hadith transmission

– Dating Muslim traditions

– Oral and written in early Islam

 

 

 

You must be logged in to post a comment Login