സകരിയ്യ നബിയുടെ പ്രാർഥന

സകരിയ്യ നബിയുടെ  പ്രാർഥന

സകരിയ്യ നബി നാഥനെ വിളിച്ച സന്ദര്‍ഭം ഖുർആൻ റസൂലിനെ(സ്വ) ഓർമിപ്പിക്കുന്നു. ആ സൂക്തത്തിൽ “ഇദ്’ എന്ന ഒരു വാക്കുണ്ട്. അതിനെ ഉപജീവിച്ച് ഒരു പണ്ഡിതന്റെ പ്രഭാഷണം ശ്രദ്ധയില്‍ പെട്ടു. ഖുര്‍ആനിക പദങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു അവതരണമായി തോന്നിയതു കൊണ്ട് ഇവിടെ പങ്കുവെക്കുന്നു. സന്ദര്‍ഭം എന്നാണല്ലോ “ഇദ്’ എന്നതിന്റെ ഭാഷാര്‍ഥം. “ഓര്‍ക്കുക’ എന്ന് അർഥം വരുന്ന വാക്ക് ഉദ്കുര്‍ എന്നതാണ്. വാക്ക് പറയാതെ പോയതാണ്. ഖുര്‍ആന്‍ പല സ്ഥലങ്ങളിലും ഇങ്ങനെ അര്‍ഥഗര്‍ഭമായ മൗനം കൈകൊള്ളാറുണ്ട്. ഖുര്‍ആന്റെ തുടക്കം തന്നെ ഇങ്ങനെ വാചാലമായ മൗനത്തില്‍ നിന്നാണ്.

“പരമകാരുണികനും കരുണാനിധിയുമായ നാഥന്റെ നാമം കൊണ്ട്’ എന്നാണ് ഖുര്‍ആന്റെ പ്രാരംഭം. പേര് കൊണ്ട് “എന്ത്’ എന്ന് പറയുന്നില്ല. വായിക്കുന്നു, എഴുതുന്നു, പഠിക്കുന്നു, ഭക്ഷണം കഴിക്കുന്നു അങ്ങനെ എന്തുമാവാം. കൃത്യമായ വാക്ക് പറയാത്തതുകൊണ്ട് വിശാലമായ അര്‍ഥങ്ങള്‍ സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നു. വിശാലാര്‍ഥമാണുള്ളത്. എന്നാല്‍, മുകളിലെ സൂക്തത്തില്‍ “ഓര്‍ക്കുക’ എന്നാണ് മുഫസ്സിറുകള്‍ പൊതുവേ സങ്കല്പിക്കാറുള്ളത്.

അപ്പോള്‍ ഒരു ചോദ്യം: ഓര്‍ക്കണമെങ്കില്‍ മുമ്പ് അതിന് സാക്ഷിയാവണ്ടേ? സകരിയ്യ നബിയുടെ പ്രാര്‍ഥനക്ക് റസൂൽ സാക്ഷിയായിരുന്നോ?

മറുപടി: അതേ, റസൂല്‍ അതിന് സാക്ഷിയാണ്.
തെളിവ് ഖുര്‍ആന്‍ തന്നെ. റസൂലിനെ കുറിച്ച് പറയുന്നത് സാക്ഷി എന്നാണല്ലോ? എന്തിന്റെ എന്നു പറഞ്ഞിട്ടില്ല. എന്തും കര്‍മമായി വരാന്‍ സാധ്യതയുണ്ടാവുമ്പോള്‍ കര്‍മത്തെ ഒഴിവാക്കാറുണ്ട്. അപ്പോള്‍ എല്ലാത്തിനും സാക്ഷി എന്നായി അര്‍ഥം. മാത്രമല്ല, റസൂൽ അരുളി: അല്ലാഹു ആദ്യം പടച്ചത് നിന്റെ നബിയുടെ ഒളിയാണ് ജാബിറേ..

അബ്ബാസ്(റ), റസൂലിന്റെ സമ്മതപ്രകാരം പാടിക്കേൾപ്പിച്ച കവിതയില്‍ മുന്‍കഴിഞ്ഞ പ്രവാചകന്മാരുടെ കാലത്ത് തന്നെ റസൂലിന്റെ സാന്നിധ്യം ഉണ്ടായിരുന്നെന്ന് പറയുന്നു.

അബ്ബാസിന്റെ(റ) കവിതയുടെ ആശയം ഇങ്ങനെയാണ്: നബിയേ, അങ്ങ് ഇവകള്‍ക്കെല്ലാം മുമ്പ് സ്വര്‍ഗീയ തണലുകളിലായിരുന്നു. മഹത്തുക്കളായ ആദം നബിയും ഹവ്വാ ബീവിയും നാണം മറക്കാന്‍ ഇലകള്‍ തേടി നടന്ന സമയത്തും അങ്ങ് ഉണ്ടായിരുന്നു. പിന്നെ അങ്ങ് ഒരു മനുഷ്യനോ മാംസപിണ്ഡമോ രക്തക്കട്ടയോ ബീജമോ ആയി രൂപം പ്രാപിക്കാതെ നാടുകളിലേക്കിറങ്ങി, നൂഹ് നബിയുടെ ശത്രുക്കളെയും അവര്‍ ആരാധിച്ച “നസ്വ്്ര്‍’ എന്ന ബിംബത്തെയും പ്രളയം കടിഞ്ഞാണിടുകയും നൂഹ് നബിയും സംഘവും കപ്പലില്‍ രക്ഷപ്പെടുകയും ചെയ്ത സന്ദര്‍ഭത്തിലും അങ്ങ് ഉണ്ടായിരുന്നു.

കാലാന്തരങ്ങള്‍ കഴിയുന്നതനുസരിച്ച് അങ്ങ് ഓരോ മുതുകില്‍ നിന്ന് ഓരോ ഗര്‍ഭ പാത്രത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു.
അപ്പോള്‍ ഇവിടെ ഒരു ചോദ്യം പ്രസക്തമാവുന്നു. ഖുര്‍ആനില്‍ പൂര്‍വികരായ പ്രവാചകന്മാരെ കുറിച്ച് പറഞ്ഞ ചില സ്ഥലങ്ങളില്‍ റസൂല്‍ അവരുടെ കൂടെ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞിട്ടുണ്ടല്ലോ?
മറുപടി: ഖുര്‍ആനില്‍ പറഞ്ഞത് ഭൗതിക ലോകത്തെ ഉണ്‍മയെ കുറിച്ചും ഹദീസില്‍ പറഞ്ഞത് ആത്മീയ ലോകത്തെ ഉണ്‍മയെ കുറിച്ചുമാണ്.
അധ്യായത്തിലെ ആദ്യ സൂക്തങ്ങളില്‍ മൂന്നു കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
1) എല്ലുകള്‍ ദുര്‍ബലമായി
2) തലമുടി നരച്ചു പ്രകാശിച്ചു
3) ഞാന്‍ പ്രാര്‍ഥിച്ചിട്ട് ഹതഭാഗ്യനായിട്ടില്ല.
അല്ലാഹുവിന്റെ കാരുണ്യത്തോടുള്ള ആശ മുറിയരുത് എന്ന് ഖുര്‍ആനിലും, എന്നെ കുറിച്ച് എന്റെ അടിമ എങ്ങനെയാണോ ഭാവിക്കുന്നത് അങ്ങനെയാണ് ഞാന്‍ എന്ന് ഹദീസിലും കാണാം.

“എനിക്കുശേഷം വരാനുള്ള എന്റെ ബന്ധുമിത്രാദികളെ ഞാന്‍ ഭയപ്പെടുന്നു. എന്റെ ഭാര്യയാകട്ടെ വന്ധ്യയുമായിരിക്കുന്നു. അതിനാല്‍ എനിക്ക് ഒരു ബന്ധുവിനെ നിന്റെ പക്കല്‍ നിന്ന് നല്‍കിയാലും. അവന്‍ എനിക്കും യഅ്ഖൂബ് കുടുംബത്തിനും അനന്തരവകാശി ആയിരിക്കും. എന്റെ രക്ഷിതാവേ അവനെ നീ തൃപ്തിപ്പെട്ടയാളാക്കേണമേ’.

ഏതൊരു കാര്യത്തിന് പ്രാര്‍ഥിക്കുമ്പോഴും ആഖിറത്തിന്റെ കാര്യത്തിന് പ്രാധാന്യം കൊടുക്കണമെന്ന് ഈ സൂക്തം പഠിപ്പിക്കുന്നു. മക്കള്‍ നന്നാവാനും സ്വാലിഹാവാനും എപ്പോഴും ദുആ ചെയ്യണം. ഈ സൂക്തത്തിലെ “അനന്തരം’ കൊണ്ട് വിവക്ഷിക്കുന്നത് സമ്പത്ത്, നുബുവ്വത്ത്- പ്രവാചകത്വം, ഹിക്മത്ത്- ആധ്യാത്മജ്ഞാനം, ഇല്‍മ്- അറിവ് എന്നൊക്കെയാണെന്ന് മുഫസ്സിറുകള്‍ വിശദീകരിച്ചിട്ടുണ്ട്.

നാം അമ്പിയാക്കള്‍ അനന്തരമെടുക്കപ്പെടുകയില്ല എന്ന നബിവചനം ആദ്യത്തെ വ്യാഖ്യാനത്തിന് ബാഹ്യമായി എതിരാണ്. റസൂലിന്റെ വിയോഗത്തിനു ശേഷം ഫാത്വിമ(റ) “അനന്തരം’ അവകാശപ്പെട്ടപ്പോള്‍ അബൂബക്കര്‍(റ) നിഷേധിച്ചത് ഇതിനെ ശക്തിപ്പെടുത്തുന്നു. ബാപ്പ നബിയായതു കൊണ്ട് മകന്‍ നബിയാകണമെന്നില്ലല്ലോ. അതിനാല്‍ തനതായ അര്‍ഥത്തില്‍ നുബുവ്വത് എന്നാകാനും വഴിയില്ല. ഇതും മുഫസ്സിറുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപ്പോള്‍ എന്തായിരിക്കും അര്‍ഥം? എനിക്ക് ഒരു ബന്ധുവിനെ തരണം. ഞാനിപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന വൈജ്ഞാനിക സാമൂഹിക ആത്മീയ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിവുള്ളവനായിരിക്കണം. മറ്റൊരര്‍ഥത്തില്‍ എനിക്ക് പ്രവാചകനായി തിരഞ്ഞെടുക്കപ്പെടുന്ന ഒരു മകനെ നല്‍കൂ എന്ന്.

യഹ്്യാ(അ): ഖുര്‍ആന്റെ ചരിത്രാത്ഭുതം
“ഓ സകരിയ്യാ, നിങ്ങള്‍ക്ക് യഹ്്യ എന്നു പേരുള്ള ഒരു മകനുണ്ടാകുമെന്ന് നാം സുവിശേഷം അറിയിക്കുന്നു. ആ പേരുള്ള ആരെയും മുമ്പ് നാം സൃഷ്ടിച്ചിട്ടില്ല.’
സകരിയ്യ നബിയുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കിയതിനെയാണ് ഈ സൂക്തം പരാമർശിക്കുന്നത്. കഴിഞ്ഞ സൂക്തത്തില്‍ സകരിയ്യ നബിയുടെ പ്രാര്‍ഥനയാണ് പരാമർശിച്ചത്. പ്രാര്‍ഥനയുടെയും ഉത്തരം ലഭിക്കുന്നതിന്റെയും ഇടയിലുള്ള സംഭവങ്ങളൊന്നും ഇവിടെ പറഞ്ഞിട്ടില്ല. പ്രാര്‍ഥിച്ച ഉടനെ തന്നെ ഉത്തരം ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാനായിരിക്കാം ഈ മൗനം. ഝടുതിയില്‍ നടന്നു എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയുള്ള അര്‍ഥഗര്‍ഭമായ മൗനം ഖുര്‍ആനില്‍ മറ്റു ചില സ്ഥലങ്ങളിലുമുണ്ട്.

ഒന്നുരണ്ട് സന്ദർഭങ്ങൾ കാണാം: സുലൈമാന്‍ നബി(അ) പറഞ്ഞു. ഹേ, പ്രമുഖന്മാരേ അവര്‍ മുസ്‌ലിംകളായി, വരുന്നതിനു മുമ്പ് നിങ്ങളില്‍ ആരാണ് അവരുടെ സിംഹാസനം എനിക്ക് കൊണ്ടുവന്നു തരിക?

ജിന്നുകളുടെ കൂട്ടത്തിലുള്ള ഒരു മല്ലന്‍ പറഞ്ഞു: അങ്ങ് ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനു മുമ്പായി ഞാനതു കൊണ്ടുവന്നു തരാം. വേദത്തില്‍ ജ്ഞാനമുള്ള മഹാന്‍ (ആസ്വഫ്ബ്‌നു ബർഖിയ ആണെന്നാണ് പ്രബലാഭിപ്രായം) പറഞ്ഞു: താങ്കൾ ഇമവെട്ടി തുറക്കുന്നതിന്റെ മുമ്പ് ഞാന്‍ കൊണ്ടുവന്നു തരാം, അങ്ങനെ അത് തന്റെ അടുക്കല്‍ സ്ഥിതി ചെയ്യുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇത് എന്റെ രക്ഷിതാവ് എനിക്കു നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു.
ഈ സൂക്തത്തില്‍ “ഇമവെട്ടി തുറക്കുന്നതിന്റെ മുമ്പ് കൊണ്ടുവരാം’ എന്നു പറഞ്ഞ ഉടനെ “തന്റെ അടുക്കല്‍ സ്ഥിതിചെയ്യുന്നതായി കണ്ടപ്പോള്‍’എന്നു പറയുകയും അത് രണ്ടിന്റെയും ഇടയിലുള്ള സംഭവങ്ങളെക്കുറിച്ച് മൗനിയാവുകയും ചെയ്തത് ആ സിംഹാസനം കൊണ്ടുവന്നതിന്റെ വേഗതയെ സൂചിപ്പിക്കുന്നില്ലേ?
ഈ സൂക്തത്തിൽ “നുബശ്ശിറു’ എന്ന പദം കാണാം. അത് “തബ്ശീര്‍’ എന്ന പദത്തിൽനിന്ന് നിഷ്പന്നമായതാണ്. സുവിശേഷം അറിയിക്കുക അതായത് വരാന്‍ പോകുന്ന കാര്യം നേരത്തെ അറിയിക്കുക എന്നാണ് “തബ്ശീറി’ന്റെ വിവക്ഷ. വരാന്‍ പോകുന്ന കാര്യം നേരത്തെ അറിയുമ്പോള്‍ നേരെത്തെത്തന്നെ സന്തോഷമുണ്ടാകും. പക്ഷേ, അറിയിക്കുന്നയാൾക്ക് സത്യസന്ധതയുണ്ടാകണം. ഇവിടെ അല്ലാഹു ആയതുകൊണ്ട് കളവിന് സാധ്യതയില്ല.

ഈ സൂക്തത്തില്‍ സുവിശേഷം അറിയിക്കുന്നത് അല്ലാഹുവാണ്. എന്നാല്‍ സൂറ: ആലു ഇംറാനിലെ 39 ാമത്തെ സൂക്തത്തില്‍ ഇങ്ങനെ കാണാം :
അങ്ങനെ അദ്ദേഹം മിഹ്‌റാബില്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: “യഹ്‌യ’ യെ പറ്റി അല്ലാഹു നിനക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നു. ഇതില്‍ സുവിശേഷം അറിയിക്കുന്നത് മലക്കുകളാണ്. ഇത് വൈരുധ്യമല്ലേ?

ഇല്ല, ഇവിടെ വൈരുധ്യമില്ല. മുകളിലെ സൂക്തത്തിലൂടെ യഥാര്‍ത്ഥ സുവിശേഷകന്‍ അല്ലാഹുവാണെന്ന് പറഞ്ഞപ്പോള്‍ സകരിയ്യ നബിക്ക് ആ സുവിശേഷം കിട്ടിയത് മലക്കുകളിലൂടെയാണെന്ന് രണ്ടാമത്തെ സൂക്തത്തിലൂടെ (ആലു ഇംറാന്‍) വിവരിച്ചു. അത്രമാത്രം.

യഹ് യ എന്ന പേരിന് ചില സവിശേഷതകളുണ്ട്.
1. അല്ലാഹു നാമകരണം നടത്തി.
2. ഇതേ പേരുള്ള ആള്‍ മുമ്പ് ഉണ്ടായിട്ടില്ല.

3. നാമവും നാമകരണം ചെയ്യപ്പെട്ട വ്യക്തിയും തമ്മില്‍ ബന്ധമുണ്ട്.
“യഹ്‌യ’എന്ന നാമത്തിന്റെ അര്‍ഥം “ജീവിക്കും’ എന്നാണ്. അപ്പോള്‍ നാമകരണം ചെയ്യപ്പെട്ട കുട്ടി എന്തായാലും ജീവിക്കും. ചാപിള്ളയായിട്ടല്ല പ്രസവിക്കപ്പെടുക, ശൈശവത്തില്‍ തന്നെ മരിച്ചു പോവുകയില്ല എന്നൊക്കെയുള്ള ശുഭസൂചനകള്‍ അത് നല്‍കുന്നുണ്ട്. അല്ലാഹുവാണല്ലോ ഈ നാമകരണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ അത് അങ്ങനെ തന്നെ സംഭവിച്ചു. അവൻ സര്‍വജ്ഞനാണല്ലോ. എന്നാല്‍ മനുഷ്യന്‍ അങ്ങനെ നാമകരണം ചെയ്താല്‍ അത് നടപ്പാവണമെന്നില്ല. ഒരു കവി തന്റെ മകനെക്കുറിച്ച് പാടിയതായി കാണാം:

“ജീവിക്കുന്നവനാകാന്‍ വേണ്ടി അവന് ഞാന്‍ “യഹ്‌യ’ എന്ന് പേരിട്ടു. പക്ഷേ, അല്ലാഹുവിന്റെ വിധിയെ തടുക്കാനാവാതെ അവന്‍ മരണമടഞ്ഞു.’
എന്നാല്‍ അല്ലാഹു ഇങ്ങനെ നാമകരണം ചെയ്തതിനാല്‍ ഭൂമിലോകത്ത് ഈ കുഞ്ഞ് ജീവിക്കും എന്ന് ഉറപ്പായി. മാത്രമല്ല മരിച്ചാലും ജീവിക്കുന്ന പ്രവാചകരാണ് യഹ്‌യ നബി എന്നും ഈ സൂക്തം സൂചിപ്പിക്കുന്നുണ്ടോ?

ഉണ്ടാവാം. ഇമാം സുയൂഥി ഇത്ഖാനില്‍ ഈ അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ട്. അല്ലാമാ ശഅ്‌റാവിയും അങ്ങനെ പറഞ്ഞിട്ടുണ്ട്. നബിമാർ പൊതുവേ അവരുടെ ഖബറുകളില്‍ ജീവിച്ചിരിക്കുന്നവരാണെങ്കിലും യഹ്‌യ നബിക്ക് ഒരു പ്രത്യേകതയുണ്ട്. യഹ്‌യ നബി ശഹീദ്- രക്തസാക്ഷി ആയിരുന്നു എന്ന് ചരിത്രങ്ങളില്‍ നിന്ന് മനസിലാവുന്നു. രക്തസാക്ഷികൾ മരിച്ചാലും ജീവിച്ചിരിക്കുന്നവരാണെന്ന് ഖുർആൻ സൂക്തങ്ങളിൽ നിന്നും ഹദീസുകളില്‍ നിന്നും വ്യക്തമാണ്. യഹ്‌യ നബിയുടെ വിയോഗം വിവരിക്കുന്ന ചരിത്രം ബൈബിള്‍ കഥനമാണെങ്കിലും ഇസ്‌ലാമിക വിശ്വാസവുമായി ഏറ്റുമുട്ടാത്തതു കൊണ്ട് അത് നിഷേധിക്കേണ്ടതില്ല. ചരിത്രം ഇങ്ങനെ:
നാട്ടില്‍ അധര്‍മവും അനീതിയും നടത്തുന്ന അന്നത്തെ രാജാവ് ഹെരോദേസ് തന്റെ സഹോദരന്റെ ഭാര്യ ഹെരോദിയയെ സ്വന്തമാക്കി. ഇതിനെ യഹ്‌യ നബി വിമര്‍ശിച്ചു. ഇതു കാരണം യഹ്്യ നബിയെ രാജാവ് തുറങ്കിലടച്ചു. യഹ്‌യ തനിക്ക് അപമാനമുണ്ടാക്കുമെന്ന് ഭയന്ന ഹെരോദിയ യഹ്‌യ നബിയെ വധിക്കണമെന്ന് തീരുമാനിച്ചു. അങ്ങനെയിരിക്കേ ഹെരോദേസിന്റെ പിറന്നാളാഘോഷ വേളയില്‍ ഹെരോദിയയുടെ മകള്‍ നൃത്തം ചവിട്ടുകയും അത് രാജാവിന് ഇഷ്ടപ്പെടുകയും എന്തും ആവശ്യപ്പെടാനുള്ള സമ്മതം കൊടുക്കുകയും ചെയ്തപ്പോള്‍ യഹ്‌യ നബിയുടെ തല ആവശ്യപ്പെടാന്‍ ഹെരോദിയ മകളോട് പറഞ്ഞു. അങ്ങനെ ആ അറുത്തെടുത്ത തല അവള്‍ക്കു കൊടുത്തു. മാര്‍കോസ് സുവിശേഷത്തിൽ(6:17-29) ഈ കഥ വിശദമായി കാണാം.

ചോദ്യം: ഇതേ പേരുള്ള ആള്‍ കഴിഞ്ഞ കാലത്ത് ഉണ്ടായിട്ടില്ല എന്ന ഖുര്‍ആനിക പ്രസ്താവത്തിന്റെ ചരിത്രപരമായ സാധുതയെ ചിലർ ചോദ്യം ചെയ്തു. (ഉദാ: A. Geiger, Judaism And Islam (English Translation Of Was hat Mohammed aus dem Judenthume aufgenommen?, 1970, Ktav Publishing House Inc.: New York, pp. 19.) ഖുര്‍ആനില്‍ പറഞ്ഞ ഈസ കൊണ്ട് വിവക്ഷ ജീസസ് എന്നും മൂസ കൊണ്ട് ഉദ്ദേശ്യം മോസസ് എന്നും നൂഹ് കൊണ്ടുദ്ദേശ്യം നോഹ (അതായത് മൂസ എന്നതിന്റെ വകഭേദമാണ് മോസസ്, അങ്ങനെ ഓരോന്നും) എന്നുമാണെങ്കില്‍ യഹ്‌യ കൊണ്ടുദ്ദേശം യോഹന്നാന്‍ എന്നാണല്ലോ.

സകരിയ്യാവിന്റെയും എലിസബതിന്റെയും പുത്രനായ ബൈബിളിലെ യോഹന്നാന്‍ തന്നെയാണ് ഖുര്‍ആനിലെ യഹ്‌യയും. അപ്പോള്‍ യോഹന്നാന്‍ എന്ന് പേരുള്ളവര്‍ മുമ്പ് കഴിഞ്ഞുപോയിട്ടില്ല എന്ന് വരില്ലേ? എന്നാല്‍ ഇതു ചരിത്രാബദ്ധമല്ലേ? യോഹന്നാന്മാര്‍ ധാരാളം കഴിഞ്ഞു പോയിട്ടുണ്ടല്ലോ. ഇതാണു ചോദ്യം.

ഉത്തരം: മൂസ എന്നതിന്റെ വകഭേദമാണ് മോസസ്, പക്ഷേ യഹ്‌യ യോഹന്നാന്‍ എന്നതിന്റെ വകഭേദമല്ല, കാരണം അറബിക് ബൈബിളില്‍ യോഹന്ന എന്നാണ് നല്‍കിയിരിക്കുന്നത്. വകഭേദമാണെങ്കില്‍ ഇവിടെ യഹ്‌യ എന്നായിരുന്നു കൊടുക്കേണ്ടിയിരുന്നത്. മാത്രമല്ല യോഹന്നാന്‍ സുവിശേഷത്തിന് അറബിയില്‍ “ബിശാറതു യൂഹന്നാ’ എന്നാണ് പ്രയോഗം. ഇതില്‍ നിന്ന് യഹ്‌യയുടെ വകഭേദമല്ല യോഹന്നാന്‍ എന്ന് മനസ്സിലായി.

അപ്പോള്‍ ക്രിസ്ത്യാനികള്‍ യോഹന്നാന്‍ എന്നും മുസ്‌ലിംകള്‍ യഹ്‌യാ എന്നും വിളിക്കുന്ന പ്രവാചകന്റെ യഥാര്‍ത്ഥ പേരെന്താണ്?

ഈ പ്രവാചകന്റെ അനുയായികളായി അറിയപ്പെടുന്ന മാന്‍ഡിയന്‍സിന്റെ രേഖകള്‍ ഈ അന്വേഷണത്തില്‍ ഏറെ പ്രസക്തമാണ്. അവരുടെ പുണ്യഗ്രന്ഥമായ Drasha d Yahia (The book of Yahia) യില്‍ തങ്ങളുടെ പ്രവാചകനെ യഹ്‌യാ യോഹന്നാന്‍ എന്നാണ് വിളിക്കുന്നത്! അപ്പോള്‍ ഇദ്ദേഹത്തിന് രണ്ടു പേരുമുണ്ട് എന്ന് വരുന്നു. യഥാര്‍ത്ഥ പേരേത് എന്ന ചോദ്യം ഒരു പ്രഹേളികയായി തുടരുന്നു. മാന്‍ഡിയന്‍സ് സ്‌പെഷ്യലിസ്റ്റായ ES ഡ്രോവര്‍ എഴുതിയ “മാന്‍ഡിയന്‍സ്’ (Christians of John the bapist) എന്ന വിഭാഗത്തിന്റെ ഡിക്ഷണറിയില്‍ യഹ്‌യയെ കുറിച്ച് അത് “മാല്‍വാഷാ നാമം’ (യഥാര്‍ത്ഥ പേര്) ആണെന്ന് പറയുന്നു. യോഹന്നാന്‍ എന്നത് ലഖബ് (സ്ഥാനപ്പേര്) ആണത്രെ! ( E. S. Drower & R. Macuch, A Mandaic Dictionary, 1963, Oxford At The Clarendon Press, see p. 185 for “iahia’ and p. 190 for “iuhana’) ദൈവത്തിന്റെ വാത്സല്യം ലഭിച്ചയാള്‍ ആയതിനാല്‍ ആളുകള്‍ അദ്ദേഹത്തെ യോഹന്നാന്‍ എന്നു വിളിച്ചു. ഇപ്പേരിലാണ് യഹ്‌യാ നബി പ്രസിദ്ധനായത്. യഹ്‌യാ നബിയെ കേട്ടറിഞ്ഞവര്‍ ഈ സ്ഥാനപ്പേരു കൊണ്ട് പരിചയപ്പെടുത്തി. മനുഷ്യരായ സുവിശേഷ എഴുത്തുകാരും തഥൈവ! എന്നാല്‍ പേരു നല്‍കിയവന്‍ (അല്ലാഹു) യഥാര്‍ത്ഥ പേര് കൊണ്ട് പരിചയപ്പെടുത്തി! യഹ്‌യാ.

ചോദ്യം: എന്തുകൊണ്ട് ഖുര്‍ആനില്‍ യോഹന്നാന്‍ എന്ന സ്ഥാനപ്പേര് പ്രതിപാദിച്ചില്ല?
മറുപടി: യോഹന്നാന്‍ (യൂ -ഹനാന്‍) എന്നാല്‍ “യഹോവ (അതിന്റെ ചുരുക്കമാണ് യൂ) ഹനാന്‍ (വാത്സല്യം) ചെയ്തു’ എന്നാണ് അര്‍ഥം. ഈ പേരിലേക്ക് ഖുര്‍ആനില്‍ സൂചനയുണ്ട്. മര്‍യം സൂറ:യില്‍ തന്നെ യഹ്‌യാ നബിയെ പരിചയപ്പെടുത്തുമ്പോള്‍ നമ്മുടെ വാത്സല്യം ലഭിച്ചവന്‍ എന്നര്‍ഥത്തില്‍ വ ഹനാനന്‍ മിന്‍ ലദുന്നാ എന്നു കാണാം. എന്നാല്‍ യൂ എന്നത് യഹോവയെയാണ് സൂചിപ്പിക്കുന്നത്. ഇത് ദൈവത്തിന്റെ യഥാര്‍ത്ഥ നാമമല്ല. അതു കൊണ്ടായിരിക്കാം ആ വാക്ക് ഖുര്‍ആനില്‍ കൊണ്ടുവരാതിരുന്നത്!

മാശാ അല്ലാഹ്! സുവിശേഷ എഴുത്തുകാര്‍ക്ക് ലഭിക്കാതെ പോയതും മാൻഡിയന്‍സിന്റെ രേഖകളില്‍ നിലനില്‍ക്കുന്നതുമായ ചരിത്ര യാഥാര്‍ത്ഥ്യം ഖുര്‍ആന്‍ വെളിച്ചത്തു കൊണ്ടുവരുന്നു. യഥാര്‍ത്ഥ നാമം വ്യക്തമാകുന്നതോടെ വിളിപ്പേരിലേക്ക് സൂചന നല്‍കുകയും ചെയ്യുന്നു. “തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ഋജുവായതിലേക്ക് വഴി നടത്തുന്നു’.

ഡോ. ഫൈസൽ അഹ്സനി രണ്ടത്താണി

You must be logged in to post a comment Login