കിതാബുല്‍ മസ്‌നവി, ദിവ്യാനുരാഗത്തിന്റെ നിഗൂഢതലങ്ങള്‍

കിതാബുല്‍ മസ്‌നവി, ദിവ്യാനുരാഗത്തിന്റെ നിഗൂഢതലങ്ങള്‍

കാലത്തെ അതിജയിക്കാന്‍ കഴിയുന്ന മൗലികമായ സാഹിത്യരചനകളെയാണ് പൊതുവേ ക്ലാസിക്കുകള്‍ എന്ന് വിളിക്കപ്പെടുന്നത്. നിഗൂഢമായ ദൈവികജ്ഞാനങ്ങളും സൂഫിചിന്തകളുമടങ്ങിയ ജലാലുദ്ദീന്‍ റൂമിയുടെ(റ) കിതാബുല്‍ മസ്‌നവി ഇസ്ലാമിക് ക്ലാസിക് രചനകളില്‍ പ്രധാനമാണ്. അതിലെ ആശയങ്ങള്‍ ഗാംഭീര്യം നിറഞ്ഞതാണെങ്കിലും സുന്ദരവും സരസവുമായ രീതിയില്‍ അവ ആവിഷ്‌കരിച്ചിരിക്കുന്നു. മസ്‌നവി മുന്നോട്ടുവെക്കുന്ന ചിന്താമൂല്യങ്ങള്‍ക്ക് ഇന്നും പ്രസക്തിയേറെയാണ്.

സൂഫി സാഹിത്യത്തിലെ രണ്ട് പ്രമുഖ ഗ്രന്ഥങ്ങളാണ് ഹക്കീം സനാഇയുടെ ഹദീഖയും ഫരീദുദ്ദീന്‍ അത്താറയുടെ മന്‍ത്വിഖു തൈറും. ശൈഖ് റൂമിയുടെ ശിഷ്യന്മാരായിരുന്നു ഇരുവരും. ആത്മജ്ഞാന പഠനത്തിനുവേണ്ടി ഒരു കാലത്ത് പ്രധാനമായും അവലംബിച്ചിരുന്നത് ഇവരുടെ മേല്‍ചൊന്ന ഗ്രന്ഥങ്ങളായിരുന്നു.
റൂമിയുടെ ആദ്യകാല ഭാവഗീതങ്ങളില്‍ നിഗൂഢജ്ഞാനങ്ങള്‍ കുറവായതും അവ അവലംബിക്കപ്പെടാന്‍ കാരണമായി. ഈ സന്ദര്‍ഭത്തിലാണ് സൂഫികള്‍ക്ക് വേണ്ടി നിഗൂഢ വിജ്ഞാനങ്ങളടങ്ങിയ മനോഹരമായ ഒരു രചന നിര്‍വഹിക്കാന്‍ സുഹൃത്തായ ഹുസാമുദ്ദീന്‍ സല്‍ബി റൂമിയോട് ആവശ്യപ്പെടുന്നത്. ‘ഇന്നലെ രാത്രി അപ്രകാരം ഞാനും ആലോചിക്കുകയുണ്ടായി, തല്‍ഫലമായി 18 ഈരടികള്‍ എഴുതുകയും ചെയ്തു’ എന്നായിരുന്നു റൂമിയുടെ പ്രതികരണം. ശേഷം തന്റെ തലപ്പാവില്‍നിന്നും ഒരു താളെടുത്ത് ഹിസാമുദ്ദീന് കാണിച്ചുകൊടുത്തു. അതിലെ 18 വരികള്‍ പകര്‍ത്തിയെഴുതി കൊണ്ട് ഹുസാമുദ്ദീന്‍ മസ്‌നവിയുടെ പകര്‍ത്തല്‍ ആരംഭിച്ചു. ദിനേന ഇതു തുടരുകയും ഒന്നാം വാള്യം പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ ഹുസാമുദ്ദീന് പിന്നീടുണ്ടായ ചില ജീവിതപ്രയാസങ്ങള്‍ കാരണം മസ്‌നവിയുടെ പകര്‍ത്തെഴുത്ത് മുടങ്ങി. രണ്ടുവര്‍ഷം കഴിഞ്ഞ് ഹുസാമുദ്ദീന്‍ വീണ്ടും റൂമിയെ സമീപിക്കുകയും മസ്‌നവിയുടെ രചന പുനരാരംഭിക്കുകയും ചെയ്തു. പറഞ്ഞും രചിച്ചും ആലപിച്ചും ഹുസാമുദ്ദീന്‍- റൂമി കൂട്ടുകെട്ടിന്റെ 15 വര്‍ഷത്തെ അര്‍പ്പണബോധത്തോടെയുള്ള ശ്രമത്തിന്റെ ഫലമായിരുന്നു കിതാബുല്‍ ‘മസ്‌നവി’. പല രാത്രികളും കാവ്യരചന കൊണ്ട് സജീവമായതിന്റെ നല്ല ഓര്‍മ്മകള്‍ ഹുസാമുദ്ദീന്‍ സല്‍ബിക്ക് പറയാനുണ്ട്.

പരസ്പര ബന്ധത്തില്‍നിന്ന് രൂപപ്പെടുന്ന സ്‌നേഹത്തിന്റെ കൂടി സൃഷ്ടിയാണ് മസ്‌നവി. സ്‌നേഹംകൊണ്ട് മതിമറക്കുന്ന പ്രകൃതക്കാരനായിരുന്ന റൂമിക്ക് തന്റെ സ്‌നേഹഭാജനത്തെ വളരെയധികം ഇഷ്ടപ്പെട്ടു. അവരുടെ സാന്നിധ്യം സദാ കൊതിച്ചുകൊണ്ടിരുന്നു. ആ സാന്നിധ്യത്തെ വലിയ പ്രചോദനമായിട്ടാണ് റൂമി ഉള്‍ക്കൊണ്ടത്. ഹുസാമുദ്ദീന്‍ സല്‍ബിയാണ് മസ്‌നവിയുടെ രചനയുടെ പ്രചോദനമെന്നത് റൂമി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.നിഗൂഢമായ തന്റെ ആത്മജ്ഞാനങ്ങളുടെ സൂക്ഷിപ്പുകാര്‍ കൂടിയായിരുന്നു റൂമിക്ക് സുഹൃത്തുക്കള്‍. അവരുടെ അസാന്നിധ്യം റൂമിയില്‍ വലിയ രൂപത്തിലുള്ള തടസ്സങ്ങള്‍ സൃഷ്ടിച്ചു. രണ്ടുവര്‍ഷത്തോളം രചന നിര്‍ത്തിവെക്കേണ്ടിവന്നതുപോലും ഈ അസാന്നിധ്യത്തിന്റെ ഫലമായിരുന്നു.

ശംസേ തിബ്രീസി എന്ന തന്റെ ആദ്യകാല സുഹൃത്തിന്റെ വിയോഗത്തിന്റെ ആത്മഗതമാണ് ‘ദീവാനെ ശംസ്’ എന്ന ഒരു രചനയിലേക്ക് റൂമിയെ എത്തിച്ചത്. ‘ഞാനും ശംസും രണ്ടല്ല, ശംസ് സൂര്യനാണെങ്കില്‍ ഞാന്‍ അതിന്റെ ഒരു രശ്മി മാത്രം. അദ്ദേഹം സമുദ്രമാണെങ്കില്‍ ഞാനതിലെ ഒരു തുള്ളി മാത്രം, രശ്മി സൂര്യനോടും ജലത്തുള്ളി സമുദ്രത്തോടും അസ്തിത്വത്തില്‍ കടപ്പെട്ടിരിക്കുന്നു’. ശംസിനോടുള്ള ബന്ധം വര്‍ണിച്ച ഭാഗമാണിത്. പലപ്പോഴായി ശംസിനെ റൂമിക്ക് വേര്‍പിരിയേണ്ടിവന്നിട്ടുണ്ട്. അവസാന വേര്‍പിരിയലിന് ശേഷം ‘റാത്തീബ്’ എന്ന നൃത്തരൂപം റൂമി തന്റെ ശിഷ്യന്മാര്‍ക്കിടയില്‍ പ്രചരിപ്പിച്ചു. ദിവ്യാത്മകവും അര്‍ഥഗര്‍ഭവുമായ ഇലാഹീ അനുരാഗത്തിന്റെ വരികള്‍ ആലപിച്ചുകൊണ്ട് മൗലവി ദര്‍വേശുകള്‍ പാടിയ ഈരടികളില്‍ നിന്ന് സായൂജ്യം ഉള്‍ക്കൊണ്ടാണ് റൂമി മസ്‌നവിയുടെ വരികള്‍ ചിട്ടപ്പെടുത്തിയത്. ദൈവജ്ഞാനത്തിന്റെ നിഗൂഢമായ അര്‍ഥങ്ങളെ വ്യാഖ്യാനിക്കാന്‍ സംഗീതത്തെ കൂട്ടുപിടിച്ചുവെന്നതാണ് ഇതര ഇസ്ലാമിക സൂഫി ചിന്തകന്മാരില്‍ നിന്നും ജലാലുദ്ദീന്‍ റൂമിയെ വ്യത്യസ്തനാക്കുന്നത്. സംഗീതത്തിലൂടെ ദൈവസാമീപ്യം സിദ്ധിക്കാമെന്ന് ജലാലുദ്ദീന്‍ റൂമി വിശ്വസിച്ചു. ആത്മീയതയിലൂട്ടപ്പെട്ട, ദൈവീക ചിന്തകള്‍ ഇതിവൃത്തമാക്കിയ വിശ്വമഹാകവിയായിട്ടാണ് ലോകം അദ്ദേഹത്തെ വാഴ്ത്തിയത്.

ഈ ദൈവികചിന്തകളുടെ പ്രതിബിംബമാണ് ‘കിതാബുല്‍ മസ്‌നവി’. ഉപമാ വര്‍ണനകളും നിര്‍വചനങ്ങളുമായി 6600 ഈരടികളിലൂടെ തന്റെ അഗാധമായ സൂഫി തത്വങ്ങള്‍ റൂമി വര്‍ണിക്കുന്നു. ‘പ്രണയം’എന്ന മാനുഷിക വികാരത്തിലൂടെയാണ് ദൈവികസ്ഥാനലബ്ധിയുണ്ടാവുകയെന്നാണ് റൂമിയുടെ സിദ്ധാന്തം.
ആത്മശാന്തിയുടെ മാര്‍ഗമായി സംഗീതത്തെ സ്വീകരിച്ച റൂമി ദിവ്യാനുരാഗത്തിന്റെ സൗന്ദര്യത്തെ വര്‍ണിച്ചുകൊണ്ടാണ് മസ്‌നവി ആരംഭിക്കുന്നത്. ”മനുഷ്യാത്മാവിന്റെ അതുല്യ പ്രണയം’ എന്നാണ് ദിവ്യാനുരാഗത്തെ റൂമി വര്‍ണിക്കുന്നത്. ശ്രവണ മാധുര്യമുള്ള കഥകളിലൂടെ താന്‍ പറയാന്‍ ഉദ്ദേശിച്ച വിഷയങ്ങളെ മൂല്യശോഷണം സംഭവിക്കാതെ അനുവാചകരിലേക്ക് കൈമാറാന്‍ മസ്‌നവിക്കായിട്ടുണ്ട്. പൊതുവീക്ഷണങ്ങള്‍ക്ക് മതപരമായ വ്യാഖ്യാനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ ലഭ്യമാക്കുന്നുമുണ്ടതില്‍.

റൂമിയുടെ സൂഫീവിജ്ഞാനത്തില്‍ നിന്നും ഉദ്ഭവിച്ച ഒരു മഹാനദി ആയിട്ടാണ് ചരിത്രകാരന്മാര്‍ മസ്‌നവിയെ വിശേഷിപ്പിച്ചത്. ശാന്തസുന്ദരമായ അതിന്റെ ഒഴുക്കിലൂടെ പ്രകൃതിക്ക് രമണീയതയും ഇരുകരകള്‍ക്കു ഫലഭൂയിഷ്ഠിയും ലഭിക്കുന്നു എന്നാണ് പ്രൊഫസര്‍ ആര്‍ എ നിക്കല്‍ സണ്‍ പറഞ്ഞത്.

ദൈവികചിന്തകളില്‍ പലപ്പോഴായി മുഴുകിയിരിക്കുമ്പോള്‍ റൂമിക്ക് ഉണ്ടായ വെളിപാടുകളാണ് മസ്‌നവിയിലുള്ളത്. അതുകൊണ്ടുതന്നെ എല്ലാ വിഭാഗത്തില്‍പെട്ട അനുവാചകര്‍ക്കുമത് ആസ്വാദ്യകരമാകണമെന്നില്ല. കഠിനമായ ആശയങ്ങളുള്ള ചില തത്ത്വങ്ങളെ റൂമി തന്നെ വിശദീകരിക്കുന്നു. മറ്റു ചിലതിനെ അനുവാചകരുടെ ചിന്തകള്‍ക്കായി മാറ്റിവെക്കുന്നു. ആത്മാവിന്റെ വ്യത്യസ്തങ്ങളായ സ്വഭാവങ്ങളെ വിവരിക്കുമ്പോള്‍, നിരന്തരമായി അത് പരിപൂര്‍ണതയെ പ്രാപിക്കാന്‍ ശ്രമിക്കുന്നു എന്നും ഈ പ്രക്രിയയാണ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെന്നും പറയുന്നു. അനന്തമായ ശാന്തിയുടെ ലോകമായിട്ടാണ് ആത്മീയലോകത്തെ റൂമി കാണുന്നത്. ഈ അവസ്ഥ പ്രാപിച്ചവന്‍ ആണ് ”അല്‍ഇന്‍സാനുല്‍ കാമില്‍’. ആത്മാവിനെ ശുദ്ധീകരിക്കുന്നവന്‍ വിജയിയും അതിനെ കളങ്കപ്പെടുത്തുന്നവന്‍ പരാജിതനുമാണെന്ന് ഖുര്‍ആനിക സൂക്തത്തിന്റെ പിന്‍ബലത്തില്‍ സമര്‍ഥിക്കുന്നു.
സൂഫിസത്തിന്റെ അടിത്തറയായ ദൈവിക അസ്തിത്വത്തെ പറ്റി പലയിടങ്ങളിലായി റൂമി വിവരിക്കുന്നു. മനഃശാസ്ത്രത്തിനോ തര്‍ക്ക ശാസ്ത്രത്തിനോ എന്നുവേണ്ട ഒരു ഉപമക്കും വര്‍ണിക്കാനാകുന്നതിന്നപ്പുറത്തുള്ള ഒന്നാണത്രേ അത്. പൂര്‍ണമായി ആ അസ്തിത്വത്തെ ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും കഴിയില്ല. അറിഞ്ഞവര്‍ എല്ലാം ഇരുട്ടില്‍ ആനയെ തപ്പിയവനെ പോലെ, അല്പജ്ഞാനം മാത്രമാണ് സിദ്ധിച്ചിട്ടുള്ളത്.
ആത്മീയ ജീവിതത്തിലൂടെ ഇലാഹിലേക്ക് എത്തിച്ചേരാന്‍ റൂമി മുന്നോട്ടുവെക്കുന്ന സിദ്ധാന്തമാണ് പ്രേമം (ഇഷ്‌ക്). ഭൗതികമോഹങ്ങളെ പരിമിതപ്പെടുത്തി ഹൃദയ നൈര്‍മല്യം സിദ്ധിച്ചവര്‍ക്ക് ഈ മാര്‍ഗം എളുപ്പമായി. പ്രപഞ്ചത്തിന്റെ ചലനം പോലും ഈ പ്രേമത്തിന്റെ ഭാഗമാണെന്നാണ് റൂമി കരുതുന്നത്. അതും വിവരണാതീതമാണ്. ഒരുപക്ഷേ, വിവരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഈ ലോകം തന്നെ തകിടം മറിഞ്ഞു പോയേനെയെന്നും മസ്‌നവി പറയുന്നു.

ചിന്തയെ മനുഷ്യന്റെ മാത്രം പ്രത്യേകതയായി റൂമി കരുതി. ആ ചിന്തയുടെ പുരോഗതിക്കാവശ്യമായ ധാരാളം സങ്കേതങ്ങളും ഉപകഥകളും മസ്‌നവിയിലുണ്ട്. അല്ലാഹു സദാ പ്രവര്‍ത്തനനിരതനാണ്. നിരന്തര പ്രവര്‍ത്തനത്തെ അവന്‍ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് നിങ്ങളും നിരന്തര പ്രയത്‌നം നടത്തിക്കൊണ്ടിരിക്കാനും, അലസത വെടിഞ്ഞ് ക്രിയാത്മക മാര്‍ഗത്തിലൂടെ സഞ്ചരിക്കാനും നമ്മോട് അവശ്യപ്പെടുന്നു. ഈ ‘നിരന്തര പ്രയത്‌ന’ സിദ്ധാന്തമാണ് പലരെയും റൂമിയിലേക്കാകര്‍ഷിച്ചത്.

പല വിജ്ഞാനശാഖകളും ഖുര്‍ആനെയും മറ്റും തെറ്റായി വ്യാഖ്യാനിക്കുന്നുവെന് തിരിച്ചറിഞ്ഞ റൂമി സൂഫി വിജ്ഞാനമാര്‍ഗത്തെയാണ് അതിന്റെ ജൈത്രമാര്‍ഗമായി പറയുന്നത്. കാരണം ഇലാഹീവെളിപാടുകളാല്‍ സമ്പന്നമായ ഹൃദയങ്ങളില്‍ നിന്ന് രൂപപ്പെടുന്നതാണ് സൂഫീവിജ്ഞാനം. സമകാലീനരെക്കാള്‍ റൂമിയുടെ തത്വങ്ങളെ ഉള്‍ക്കൊണ്ടത് പില്‍ക്കാലക്കാരാണ്. അതുകൊണ്ടാണ് ആധുനിക ചിന്തകന്മാര്‍ പോലും സൂഫി ചിന്തകള്‍ക്ക് റൂമിയെ അവലംബിക്കുന്നത്. മനുഷ്യന്റെ എക്കാലത്തെയും ചിന്താദാഹത്തിനൊരു ശമനമാണ് മസ്‌നവി.

സൂഫീദര്‍ശനങ്ങളുടെ കലവറ എന്നതിനപ്പുറം ഒരു ഭാഷാ സാഹിത്യ കൃതി കൂടിയാണത്. ചിലര്‍ ‘മഅ്‌നവി’ എന്നാണ് മസ്‌നവിയെ വിശേഷിപ്പിച്ചത്. അന്യമതസ്ഥരില്‍ പോലും മസ്‌നവി സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നത് റൂമിയുടെ മരണാനന്തര കര്‍മ്മങ്ങളുടെ സമയത്ത് വ്യക്തമായതാണ്. നാനാമതസ്ഥര്‍ അന്ത്യയാത്രയ്ക്ക് സാക്ഷിയാവാന്‍ എത്തിയിരുന്നു. ഇസ്ലാമിക സാഹിത്യത്തോടൊപ്പം ഒരു മിസ്റ്റിക് ക്ലാസിക് കൂടിയാണ് മസ്‌നവി. വിവരിക്കാന്‍ അങ്ങേയറ്റം പ്രയാസമുള്ളവയാണ് മിസ്റ്റിസിസം. നിഗൂഢ കഥകളും കവിതകളുമാണ് മസ്‌നവിയിലെ മിസ്റ്റിക് ഭാവം പ്രകടമാക്കുന്നത്. ജലാലുദ്ദീന്‍ റൂമി എന്ന സൂഫി ചിന്തകനും, മസ്‌നവിയെന്ന ക്ലാസിക് രചനയും ഇനിയുമേറെ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്.

ശഫീഖ് പാലോട്

You must be logged in to post a comment Login