ഈദും ഫിത്വറും പൊരുളും പരിശുദ്ധിയും

ഈദും ഫിത്വറും പൊരുളും പരിശുദ്ധിയും

ഉചിതമായ ഉപമയേത്?
ഒന്ന്: നീരൊഴുക്കിന് കുറുകെ തടകെട്ടി വെള്ളം തടഞ്ഞു വെക്കുക. ഒഴുക്കുവെള്ളം കെട്ടിക്കിടന്ന് ഒരു വന്‍ അണക്കെട്ട് പോലെ ശ്വാസം മുട്ടി നില്‍ക്കുക. ഒടുക്കം ഒരുനാള്‍, തട തച്ചുപൊട്ടിച്ച്, വയലും കൃഷിയും വരമ്പും വേലിയും തകര്‍ത്ത് ഭ്രാന്തമായ അര്‍മാദത്തോടെ അതിനെ ഒഴുക്കിവിടുക.
രണ്ട്: മുടക്കങ്ങള്‍ വന്നുപെടുകവഴി നീരൊഴുക്കിന് മാര്‍ഗതടസ്സം വീണ്ടും. അതിങ്ങനെ ജീര്‍ണമായി കെട്ടിക്കിടക്കുകയാണ്. ആയതിനെ അല്പാല്‍പമായി പല സുഷിരങ്ങള്‍ വഴി ഒഴുക്കിവിട്ട്, അപകടാവസ്ഥ ഒഴിവാക്കുന്നു. എന്നിട്ട്, ബാക്കിയുള്ള വെള്ളം ആശ്വാസത്തോടെ ഒഴുക്കിവിടുന്നു.
ഇവിടെ ചോദ്യം, നോമ്പിനെയും പെരുന്നാളിനെയും പ്രതീകവത്കരിക്കുവാന്‍ മേല്‍പറഞ്ഞതില്‍ ഏത് ഉപമയാണ് നിങ്ങള്‍ തിരഞ്ഞെടുക്കുക എന്നതാണ്. ഒന്നാമത്തേതാണെങ്കില്‍ നിങ്ങള്‍ തെറ്റുത്തരം നല്‍കി എന്നു പറയേണ്ടി വരും. എന്തൊക്കെയോ ഹിംസ്രതൃഷ്ണകളെയും മാംസരസങ്ങളെയും ഒരണക്കെട്ടിലെ കെട്ടുവെള്ളം പോലെ ഒരു മാസക്കാലം പിടിച്ചുവെക്കുകയും പെരുന്നാളാഘോഷത്തിന്റെ ചെലവില്‍ സകലതും തച്ചുടച്ച് ഭ്രാന്തമായ നിലയില്‍ ആ കെട്ടുവെള്ളം അങ്ങോട്ടൊഴുക്കിവിട്ട് ഒഴുക്കിയൊടുക്കുകയും ചെയ്യുന്ന നാറാണത്തു ഭ്രാന്തനെപ്പോലെ പെരുമാറുന്നതല്ല പെരുന്നാളിന്റെ പൊരുള്‍. രണ്ടാമത്തെ ഉപമയാണ് നിങ്ങള്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ ഇഷ്ടപ്പട്ടികയില്‍ നിങ്ങളുടെ പേര് ചേര്‍ക്കുന്നതും നിങ്ങളുമായി ചങ്ങാത്തം സ്ഥാപിക്കുന്നതുമായിരിക്കും. സത്യത്തില്‍, നമ്മില്‍ ജീര്‍ണമായി കെട്ടിക്കിടക്കുന്ന എന്തൊക്കെയോ കേടുചേറുകളെ നോമ്പിലൂടെ അല്പാല്പമായി ഞെക്കിപ്പുറത്തൊഴുക്കുകയാണ് നാം ചെയ്യുന്നത്. ശേഷം നാം സന്തുലനാവസ്ഥ പ്രാപിക്കുമ്പോള്‍, പരിസമാപ്തിയെന്നോണം പെരുന്നാളിനെ ആഘോഷമായി ആശ്വാസത്തോടെ ആസ്വദിക്കുന്നു.
ആഘോഷത്തിന്റെ ഭാഷയും അര്‍ത്ഥവും
ആഘോഷമെന്നാല്‍ ആട്ടവും കൂട്ടവും ബഹളവും വര്‍ണവുമാണെന്ന ഒരു പൊതുധാരണ എങ്ങനെയോ നമുക്കിടയില്‍ പരന്നു പോയിട്ടുണ്ട്. ആഘോഷപ്പിറ്റേന്ന് കുടിച്ചു പൂസായി പെരുവഴിയിലും ഓടകളിലും ചത്തുകിടക്കുന്ന ആളുകളുടെ കാനേഷുമാരി ഗണിച്ചെടുത്താണ്, ആനന്ദത്തിന്റെ പൊലിവ് തിട്ടപ്പെടുത്തുന്നത് എന്ന ധാരണയും നമുക്കുള്ളില്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. ആഘോഷങ്ങളുടെ ഈ ആഭാസ ഭാവങ്ങള്‍ക്കെതിരെയുള്ള ശാന്തമായ പ്രതിഷേധമാണ് പെരുന്നാള്‍ ആഘോഷത്തിന്റെ ശാലീനമായ കൊണ്ടാട്ടം. എങ്ങും തക്ബീര്‍ ധ്വനികളാണ് കേള്‍ക്കാനാവുക. തക്ബീര്‍ ഒരേ സമയം, മന്ത്രവും മുദ്രാവാക്യവുമാണ്. താന്താങ്ങള്‍ എത്ര വലുതായാലും, ആനന്ദത്തിന്റെ എന്ത് ഉരുള്‍പൊട്ടലുണ്ടായാലും ഞങ്ങളെല്ലാം ലോകാധിപതിയായ ഒരുവന്റെ ദാസന്മാര്‍ മാത്രമാണെന്ന വിചാരത്തെ കൂടെക്കൂടെ മൂര്‍ച്ചകൂട്ടി വിടുകയാണ് തക്ബീര്‍ ധ്വനികള്‍ ചെയ്യുന്നത്. നല്ല വസ്ത്രം, നല്ല ഭക്ഷണം എന്നിത്യാദികളിലൂടെ ഒരു നല്ല മനസ്സ് ഉണ്ടാക്കിയെടുക്കാനാണ് പെരുന്നാള്‍ ഒരുമ്പെടുന്നത്. അര്‍ത്ഥം കിട്ടാത്ത നശിപ്പിക്കലുകള്‍ ഇല്ല എന്നിടത്ത് പെരുന്നാള്‍ വേറിട്ടു നില്‍ക്കുന്നു. ചില ആഘോഷങ്ങളുടെ ആത്മാവ് തന്നെ പണം പടക്കമായി പൊട്ടിച്ചും കത്തിച്ചും കരിച്ചുകളയലാണല്ലോ. വിലകൂടിയ പൂക്കള്‍ കൂടിയ വിലക്കു വാങ്ങി മുറ്റത്ത് ചിതറുകയും ശേഷം കോരിയൊഴിവാക്കുകയും ചെയ്യുമ്പോള്‍ ആഘോഷപരമായ ഒരു നശിപ്പിക്കലിനെ നാം വ്യംഗ്യമായി ന്യായീകരിക്കുകയും അരസാന്‍ കഞ്ഞിക്കു വകയില്ലാത്തവന്റെ ദൈന്യതയെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നുണ്ടാവണം. പാടുക: ഇവയൊന്നും കാണേണ്ട കേള്‍ക്കേണ്ട, നീ നിന്റെ പവിഴപ്പൂങ്കാവിലലഞ്ഞുകൊള്ളൂ. വാഴക്കുല ചങ്ങമ്പുഴ.
ഫിത്വര്‍ സകാത്ത്
നോമ്പുകാലം കഴിഞ്ഞ മുറക്കാണ് പെരുന്നാള്‍ വരുന്നതെന്നതില്‍ ചില അര്‍ത്ഥങ്ങളുണ്ട്. വിശപ്പിന്റെയും ദാഹത്തിന്റെയും ക്ഷീണത്തിന്റെയും ഉറക്കൊഴിക്കലിന്റെയുമെല്ലാം നിരന്തരമായ പ്രഹരമേറ്റ് പാകമായ ഒരു സമയത്താണിത്. അപരന്‍ അനുഭവിക്കുന്ന അസ്വസ്ഥതകളെ ഒരു വേളയല്ല, ഒരു വാരമല്ല, ഒരു മാസക്കാലം തന്നെ സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തിയെഴുതിയവര്‍ ഒരാഘോഷത്തിന് പുറപ്പെടുമ്പോള്‍ ഒരു പ്രതികാരത്തിന്റെയല്ല മറിച്ച് ഒരനുഭവത്തിന്റെ മൂഡിലായിരിക്കും അത്. ആയതു കൊണ്ട് തന്നെ, പെരുന്നാള്‍ ദിനത്തില്‍, ഒരാള്‍ പോലും പട്ടിണി കിടക്കേണ്ടാത്ത സാമൂഹ്യവ്യവസ്ഥ രൂപപ്പെടുന്നു. അതിന്റെ പ്രാദേശികതാ രൂപമായാണ് ഫിത്വര്‍ സകാത്ത് വരുന്നത്. ഫിത്വര്‍ സകാത്തിന് ഒരു ജനകീയ വിപ്ലവത്തിന്റെ മുഖം കൂടി ഉണ്ട്. ഇസ്ലാമിനെ പുകഴ്ത്തി വേദി പങ്കിടുന്ന അമുസ്ലിം ചിന്തകര്‍ പോലും, അതത്രകണ്ട് ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്നൊരു സംശയമുണ്ട്. സക്കാത്ത്, സക്കാത്ത് എന്നിങ്ങനെ കേള്‍ക്കുമ്പോള്‍ അത് ധനാഢ്യരായ ജന്മിമാര്‍, പടിക്കല്‍ വന്ന് വണങ്ങി നില്‍ക്കുന്ന ഫഖീറുമാര്‍ക്ക് എറിഞ്ഞു കൊടുക്കുന്ന ചില്ലിക്കാശുകളുടെ പേരാണെന്ന ഒരനാവശ്യ ധാരണ പരക്കെയുണ്ട്. അങ്ങനെ വരുമ്പോള്‍ പണ്ട് ഫ്യൂഡലിസ്റ്റ് സാമൂഹ്യ വ്യവസ്ഥയുടെ നാറുന്ന ഒരു സ്കെച്ച് നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്നു; കൊടുക്കുന്നവര്‍ മുന്തിയവരും വാങ്ങുന്നവര്‍ കൊള്ളരുതാത്തവരുമെന്ന വിചാരം.
സമ്പത്തിന്റെ സകാത്ത് കൊടുക്കാന്‍ മാത്രം ഒരാള്‍ വളരണമെങ്കില്‍ അതിത്തിരി പാടുള്ള കാര്യമാണെന്ന് സമ്മതിക്കാം. പക്ഷേ, ഫിത്വര്‍ സകാത്ത് സമ്പത്തിന്റെ ദാനമല്ല, അത് സ്വന്തത്തിന്റെ നിര്‍ബന്ധ ദാനമാണ്. അത് കൊടുക്കാന്‍ ധനത്തിന്റെ വലിയ പത്തായം വേണമെന്നില്ല. മറിച്ച് പെരുന്നാള്‍ ദിനം തനിക്കും തന്റെ ആശ്രിതര്‍ക്കും കഷ്ടി കഴിഞ്ഞു കൂടാനുള്ള വക കഴിച്ച് മിച്ചം വല്ലതുമുണ്ടായാല്‍ മതി. സകാത്ത് മാനദണ്ഡം ഇത്രക്ക് ഉദാരമാവുമ്പോള്‍ സമൂഹത്തിലെ വലിയ ഒരു വിഭാഗം സകാത്ത് കൊടുക്കുന്നവരുടെ ക്രിമിലെയര്‍ പട്ടികയിലേക്ക് ഉയര്‍ത്തപ്പെടുന്നു. ആ ഒരു ബോധം ഒരാളുടെ ഉള്ളില്‍ ഉണ്ടാക്കുന്ന ഉയിര്‍പ്പിന്റെയും അഭിമാനത്തിന്റെയും അളവ് ചെറുതല്ല. സകാത്ത് വാങ്ങാന്‍ അര്‍ഹനായവന്‍ തന്നെ, അത് കൊടുക്കാന്‍ ബാധ്യസ്ഥനുമാവുന്ന സമാനതകളില്ലാത്ത ദ്വന്ദ്വാവസ്ഥ ഒരാളില്‍ മേളിക്കുന്നു. അപ്പോള്‍ ഫിത്വര്‍ സകാത്ത് എന്നത് ഇല്ലാത്തവനെ പിഴിക്കുന്ന ഒരു ചൂഷണോപാധി എന്നതിനു പകരം ഒരാള്‍ അപ്വാര്‍ഡ് സോഷ്യല്‍ മൊബിലിറ്റിയെ നിര്‍ണയിക്കുന്ന മതോപാധിയായി ഉയര്‍ന്നു നില്‍ക്കുന്നു.
മത നിയമം മാത്രമല്ല, ഏതൊരു നിയമവും ഭാഗികമായി ഉള്‍കൊള്ളുകയും ഭാഗികമായി തള്ളിക്കളയുകയും ചെയ്യുന്നത് അപകടമാണ്. സര്‍ജറി നടത്താന്‍ മാത്രം അലോപ്പതിയെ പിടിക്കുകയും തുടര്‍ചികിത്സക്ക് പ്രാകൃത ചികിത്സാരീതി കൂട്ടുപിടിക്കുകയും ചെയ്യുന്നത് ഒരു തരം പിരിലൂസ് പരിപാടിയാണ്. ഇത് പറയാന്‍ കാര്യം, ഫിത്വ്ര്‍സകാത്തിന്റെ വ്യാപനത്തിന് മതത്തെയും അതിന്റെ ശേഖരണ, വിതരണത്തിന് സാമൂഹ്യയുക്തിയെയും കൂട്ടുപിടിക്കുന്ന കേടുപണി ചിലയിടത്ത് ചിലര്‍ നടത്തുന്നതിനാലാണ്. തത്വം മതത്തില്‍ നിന്ന് ഇങ്ങോട്ട് പറ്റുകയും പ്രയോഗം മതത്തിന് അങ്ങോട്ട് പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നത് ഫലത്തില്‍ മതത്തെ അപൂര്‍ണമെന്ന് പ്രസ്താവിക്കലാണ്. ആയതുകൊണ്ട് മാത്രമാണ് കര്‍മശാസ്ത്രത്തിന്റെ ആഴം കണ്ട പണ്ഡിതന്‍മാര്‍ അതിനെ എതിര്‍ക്കുന്നത്. ആഘോഷത്തിന്റെ ആനന്ദവേളയെ പോലും തര്‍ക്കത്തിന്റെ പൂരക്കളമാക്കുന്ന ഈ അഭിശപ്ത നിമിഷത്തില്‍ നിന്ന് കുതറിമാറാന്‍ സര്‍വം മറന്ന് ഉറക്കെ ഉരുവിടൂ: അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ … അല്ലാഹു അക്ബര്‍

ഫൈസല്‍ അഹ്സനി ഉളിയില്‍

You must be logged in to post a comment Login