2020: ദുരധികാരത്തിന്റെ കമ്പളം മാറ്റാനുള്ള സമരവര്‍ഷം

2020: ദുരധികാരത്തിന്റെ കമ്പളം മാറ്റാനുള്ള സമരവര്‍ഷം

ഓര്‍മകളെക്കുറിച്ച് രാഷ്ട്രീയ മൂര്‍ച്ചയുള്ള ഒരു വാചകം മിലന്‍ കുന്ദേരയുടേതാണ്. എഴുപതുകളുടെ പകുതിയില്‍ ജന്മദേശമായ ചെക്കോസ്ലാവാക്യയില്‍ നിന്ന് ഫ്രാന്‍സിലേക്ക് പലായനം ചെയ്യേണ്ടി വന്ന കുന്ദേര, പൗരത്വം എന്ന മനുഷ്യാസ്തിത്വത്തിന്റെ പലതരം സങ്കീര്‍ണതകളെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നുണ്ട്. ദുരധികാരം മനുഷ്യരുടെ നിലനില്‍പിന് മേല്‍, അസ്തിത്വത്തിന് മേല്‍ അസ്ഥിരതയുടെയും ഭീതിയുടെയും കമ്പളം വിരിക്കുന്നതില്‍ കുന്ദേര അസ്വസ്ഥനായിരുന്നു. അങ്ങനെയാണ് ദുരധികാരത്തിനെതിരായ മനുഷ്യരാശിയുടെ മുഴുവന്‍ സമരവും മറവികള്‍ക്കെതിരായ ഓര്‍മകളുടെ സമരമാണ് എന്ന വിഖ്യാത വരികള്‍ കുന്ദേര എഴുതിയത്. ഓര്‍മകള്‍ കൊണ്ട് തുറക്കുന്ന വാതിലുകളിലൂടെയാണ് മനുഷ്യന്‍ ദുരധികാരം തനിക്കുമേല്‍ ഏല്‍പിച്ച പ്രഹരങ്ങളെ കൊണ്ടറിയുന്നതും അതിനെതിരെ കലാപം ചെയ്യുന്നതും.

മറന്നുപോകരുത് എന്ന പ്രാര്‍ഥനയാണ് ഓരോ സമരത്തിന്റെയും അന്തര്‍മുഴക്കം. ഈ കുറിപ്പ് നിങ്ങള്‍ വായിച്ചു തുടങ്ങുമ്പോള്‍ കലണ്ടര്‍ കണക്കില്‍ നിന്ന് 2020 എന്ന വര്‍ഷം അവസാനിക്കുകയാണ്. മനുഷ്യജീവിതത്തിന്റെ അനുസ്യൂതിയില്‍ അത്തരമൊരു കലണ്ടര്‍ വര്‍ഷക്കണക്കിന് സാങ്കേതികമോ വ്യാപാരപരമോ ആയ ഒരു മൂല്യമേ കല്‍പിക്കേണ്ടതുള്ളൂ. പക്ഷേ, ഇപ്പോള്‍ കടന്നുപോയ ആ കലണ്ടര്‍ വര്‍ഷം ബാക്കിവെച്ച ഓര്‍മകളെ മറവിയിലേക്ക് മറമാടാതിരിക്കുക എന്നത് നിശ്ചയമായും രാഷ്ട്രീയ മൂല്യമുള്ള പ്രവര്‍ത്തനമാണ്. കാരണം ആ ഓര്‍മകള്‍ക്ക് ഒരു സമരമൂല്യമുണ്ട്. അവയെല്ലാം മറന്നേക്കൂ എന്ന ആജ്ഞ പലയിടങ്ങളില്‍ നിന്ന് പല താല്പര്യങ്ങളാല്‍ പ്രചോദിതമായി പുറപ്പെട്ട് വരുന്നുമുണ്ട്. അതിനാല്‍ മാത്രം, പുതുവല്‍സരമെന്ന കേവല സന്ദര്‍ഭത്തെ തീരെ പരിഗണിക്കാതെ നമുക്ക് ആ നാളുകളെ, നാം കടന്നുപോന്ന സന്ദര്‍ഭങ്ങളെ, നമ്മെ അടിമുടിയുലച്ച വികാരങ്ങളെ, നമ്മില്‍ പ്രതീക്ഷയുടെ നേര്‍ത്ത വെളിച്ചത്തെ പ്രസരിപ്പിച്ച നിമിഷങ്ങളെ, നമ്മെ ആകെയുലച്ച കയ്യേറ്റങ്ങളെ, അവക്കെതിരില്‍ നാം നടത്തിപ്പോന്ന സമരങ്ങളെ, ആ സമരങ്ങളെ നിശ്ചലമാക്കിയ പ്രതിഭാസങ്ങളെ ഓര്‍ത്തെടുക്കാം. ഒരര്‍ഥത്തിലും ഇതൊരു വര്‍ഷാന്ത്യ കണക്കെടുപ്പല്ല. കലണ്ടറില്‍ കള്ളി തിരിക്കപ്പെട്ട ഒരു കാലം നമ്മില്‍ സൃഷ്ടിച്ച അനുഭവങ്ങളുടെ ഓര്‍മ പുതുക്കലാണ്. അതിനാലാണ് തുടക്കത്തില്‍ മിലന്‍ കുന്ദേരയെ ഓര്‍മിച്ചത്. ദുരധികാരത്തിനെതിരായ സമരമെന്നാല്‍ മറവികള്‍ക്കെതിരായ ഓര്‍മകളുടെ സമരമാണെന്ന വാക്കുകള്‍ എടുത്തെഴുതിയത്.

ആധുനിക ലോകത്തിന്റെ ചരിത്രത്തിലെ ഏറ്റവും അഭിശപ്തമായ വര്‍ഷമെന്ന് വിളിപ്പേരുണ്ട് ഇപ്പോള്‍ 2020-ന്. ലോകത്തിന്റെ ഇതുവരെയുള്ള ഗതിയില്‍ അതിശക്തമായ ആഘാതമായിരുന്നു കൊവിഡിന്റെ വരവ്. മനുഷ്യകുലത്തെ അടിമുടിയുലച്ച മഹാമാരികള്‍ മുന്‍പും വന്നിട്ടുണ്ട്. മഹായുദ്ധങ്ങളാല്‍ ലോകം അമ്പേ തകര്‍ന്നടിഞ്ഞിട്ടുമുണ്ട്. പക്ഷേ, അത്തരം ഓര്‍മകളെ കുടഞ്ഞെറിഞ്ഞ് ലോകം മറ്റൊന്നായി കുതിക്കുന്ന കാലത്താണ്, പൊടുന്നനേ നാം നിശ്ചലരായത്. അതിനാല്‍ മറ്റ് ഓര്‍മകളെയെല്ലാം അപ്രസക്തമാക്കി നാമിപ്പോള്‍ കൊവിഡിനെക്കുറിച്ചാണ്, അതിന്റെ പേരിലാണ് 2020 നെ ഓര്‍മിക്കുന്നതും കുറച്ചുകൂടി കടന്ന് ഭര്‍ത്സിക്കുന്നതും. ആ വഴിയില്‍ അല്ല നമ്മുടെ ഈ വിചാരങ്ങള്‍ സഞ്ചരിക്കുന്നത്.

2019-ന്റെ അവസാന മാസങ്ങളിലേക്ക് നിങ്ങളുടെ ഓര്‍മയെ ക്ഷണിക്കുകയാണ്. നാം ഓരോരുത്തരും ആ നാളുകളില്‍ എന്തിനെക്കുറിച്ചായിരുന്നു വിചാരപ്പെട്ടത്? ഡിസംബറിലും 2020 ജനുവരിയിലും നാം എന്തെടുക്കുകയായിരുന്നു? മനുഷ്യര്‍ക്ക് വലിയ തോതില്‍ നിയന്ത്രണമില്ലാത്ത, വിശാലമായ അര്‍ഥത്തില്‍ ഒരു പങ്കുമില്ലാത്ത പ്രതിഭാസമാണ് ഇപ്പോള്‍ നമ്മെ ചൂഴ്ന്നുനില്‍ക്കുന്ന മഹാമാരി. എന്നാല്‍ മനുഷ്യ നിര്‍മിതവും വിദ്വേഷരാഷ്ട്രീയത്താല്‍ പ്രചോദിതവുമായ ഒരു മഹാമാരിക്കാലത്തിലേക്കാണ് 2020 പിറന്നതെന്ന് നാം മറക്കരുത്. ആ ഡിസംബറിന്റെ പാതിയോടെ ഇന്നാട്ടിലെ ജനാധിപത്യവാദികളും മതന്യൂനപക്ഷങ്ങളും തെരുവിലായിരുന്നു. അന്തസ്സായി നിലനില്‍ക്കാനുള്ള അവകാശത്തിനായി ഇന്ത്യന്‍ ഭരണഘടനയെ കവചമാക്കിയുള്ള പോരാട്ടത്തിലായിരുന്നു. പോയ പുതുവര്‍ഷ നാളുകളില്‍ നമ്മുടെ തെരുവുകള്‍ പൗരത്വ സമരത്താല്‍ മുഖരിതമായിരുന്നു. ഒരു ആധുനിക ജനാധിപത്യ രാജ്യം അതിന്റെ പൗരരെ മതത്തിന്റെ പേരില്‍ നിയമം മൂലം വിഭജിച്ച കാലമായിരുന്നു അത്. ഇന്ത്യന്‍ ജനത ആ ഡിസംബറില്‍ നിയമത്താല്‍ വിഭജിതമാകുന്ന സാഹചര്യം വന്നു. ജനതയെ മതപരമായി, സ്വത്വപരമായി പിളര്‍ത്തുക എന്ന ഫാഷിസ്റ്റ് അജണ്ട ഇന്ത്യയില്‍ നടപ്പാക്കാനൊരുങ്ങി. അഭയമന്വേഷിച്ച് വരുന്നവരില്‍ മുസ്ലിം വിഭാഗത്തിനൊഴികെ പൗരത്വമെന്ന ജനാധിപത്യ അശ്ലീലം ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസായി. ഒരു ആധുനിക മതേതര രാജ്യം അതിലെ ഒരു വിഭാഗം ജനതയോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുക എന്ന പ്രാകൃതത്വത്തിന് വേദിയൊരുങ്ങി. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തെ വെറുംകയ്യാല്‍ പൊരുതിത്തോല്‍പിച്ച ഈ ജനത സ്വന്തം ഭരണാധികാരികളുടെ അതേ നിലപാടില്‍ അമ്പരന്ന കാലം. ബാബരി അനന്തര ഇന്ത്യയില്‍ സംഘപരിവാര്‍ നട്ടുനനച്ച വിദ്വേഷത്തിന്റെ വിത്തുകള്‍ കൊയ്യാന്‍ അവര്‍ ഒരുങ്ങിത്തുടങ്ങി. ആസൂത്രിതമായി സൃഷ്ടിച്ച മുസ്ലിം അപരത്വം അവര്‍ പന്തലിപ്പിക്കാന്‍ തുടങ്ങി. നമ്മുടെ ജനാധിപത്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ തുടങ്ങി. ആ നാളുകളെ മറന്നുപോകരുത്. അന്നോളം തെരുവിലിറങ്ങാത്ത മനുഷ്യര്‍ പരിഭ്രാന്തിയോടെ തെരുവില്‍ നിറഞ്ഞു. ഇതാ ഞങ്ങള്‍ കൂടിച്ചേര്‍ന്ന് സൃഷ്ടിച്ച നമ്മുടെ ഭരണഘടന, ഇത് ഉറക്കെ വായിക്കൂ എന്ന് അവര്‍ മുദ്രാവാക്യം മുഴക്കി. നാടെങ്ങുമുള്ള ജനാധിപത്യ മനുഷ്യര്‍ ഒരാഹ്വാനവുമില്ലാതെ, വ്യവസ്ഥാപിതമായ നേതൃത്വമില്ലാതെ സമരം ചെയ്ത കാലം. നാമത് മറന്നുപോകരുത്. കാരണം ഭരണകൂടം അത് മറന്നിട്ടില്ല.
ത്രിപുര മോഡലില്‍ ബംഗാള്‍ പിടിക്കാന്‍ കൊല്‍ക്കത്തയിലെത്തിയ ആഭ്യന്തരമന്ത്രി അമിത്ഷാ വരാനിരിക്കുന്ന നാളുകളിലേക്കുള്ള സൂചനകള്‍ നല്‍കിയത് നാം കേട്ടതാണ്. കൊവിഡ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കല്‍ ആലോചിക്കുമെന്നായിരുന്നു അത്. കൊവിഡ് ഒരു ഇടവേള മാത്രമാണെന്ന്. മനുഷ്യരാശിയുടെ ഇതുവരെയുള്ള ജീവിതബോധ്യങ്ങളെ ഈ മഹാമാരി മാറ്റിമറിക്കുമെന്നായിരുന്നു ലോകമെങ്ങുമുള്ള ചിന്ത. അടച്ചിടേണ്ടി വന്ന, ഓട്ടം നിലച്ച ലോകം പരസ്പരാദരത്തോടെ പുതുക്കിപ്പണിയുമെന്നും നാം കരുതി. മനുഷ്യന്‍ എത്ര നിസ്സാരനായ ജീവി എന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുമെന്നും നിലനില്‍പിനായുള്ള പോരാട്ടത്തില്‍ എല്ലാവരും കൈകോര്‍ക്കുന്ന കാലം വരുമെന്നും ഭീതിയുടെ രാത്രികളില്‍ അപരന്റെ ശബ്ദം സംഗീതമെന്ന് തിരിച്ചറിയുമെന്നും നാം കരുതി. ഒന്നും സംഭവിച്ചില്ല. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും അപരവത്കരണത്തിന്റെയും വിത്തുകള്‍ അതേപടി തുടരുകയാണെന്ന് അമിത് ഷായുടെ വാക്കുകള്‍ സാക്ഷ്യം പറയും. ഇല്ല, 2020 ഉം മഹാമാരിയും അമിതാധികാരത്താല്‍ പ്രലോഭിതരായ തീവ്രവലതുപക്ഷത്തെ ഒന്നും പഠിപ്പിച്ചിട്ടില്ല. അവരൊന്നും പഠിച്ചിട്ടില്ല എന്നത് നാം മറന്നുപോകരുത്. അതിനാല്‍ തെരുവില്‍ അന്ന് ആളിയ, മഹാമാരിയുടെ നാളുകളില്‍ നിലച്ചുപോയ ആ സമരങ്ങളുടെ ചിത്രമാവണം 2020ന്റെ ഓര്‍മച്ചിത്രങ്ങളില്‍ ആദ്യത്തേത്.

കൊവിഡ് മുച്ചൂടും തകര്‍ക്കുക ഇന്ത്യയെ ആണെന്ന് ഇപ്പോള്‍ പഠനങ്ങള്‍ വരുന്നു. നമ്മുടെ സാമ്പത്തിക ജീവിതം കണക്കുകളുടെ വലിയ പുതപ്പുകളാല്‍ മറച്ചുവെച്ചിരിക്കുകയാണ്. പ്രതിദിന തൊഴില്‍ നഷ്ടം ലക്ഷങ്ങള്‍ കവിയുന്നു. വാക്‌സിന്‍ വരികയും കൊവിഡ് പിന്‍വാങ്ങുകയും ചെയ്താലും തിരിച്ചുവരാനാവാത്തവണ്ണം നമ്മുടെ താഴ്ന്ന-മധ്യവര്‍ഗ ജീവിത മാര്‍ഗങ്ങള്‍ അടഞ്ഞുപോയിട്ടുണ്ട്. നാം ഇപ്പോള്‍ സഞ്ചരിക്കുന്ന പാതകളില്‍ ഭക്ഷണപ്പൊതികളും പഴവര്‍ഗങ്ങളും വില്‍ക്കുന്ന മനുഷ്യരെ കാണാറില്ലേ? തൊഴില്‍നഷ്ടവുമായി ബന്ധപ്പെട്ട ആലോചനകളില്‍ സവിശേഷ പദവിയുള്ള വിഭാഗമാണത്. തുടര്‍ന്നുപോന്നിരുന്ന തൊഴില്‍ ഇടങ്ങളില്‍ നിന്നും മഹാമാരിയാലും മഹാമാരിയുടെ മറവിലുള്ള മൂലധനാതിക്രമത്താലും പുറത്താക്കപ്പെട്ടവര്‍. ബഹിഷ്‌കൃത വര്‍ഗം. ഇത്തരം മനുഷ്യര്‍ പെരുകുകയാണ്. ഇപ്പോള്‍ അവര്‍ നേടുന്ന തുച്ഛമായ വരുമാനം ഇടത്തരക്കാരെ ആശ്രയിച്ചാണ്. മിച്ചമുള്ള ധനത്തില്‍ നിന്നും അല്‍പമാത്രം ഭദ്രതയുള്ള വരുമാനത്തില്‍ നിന്നുമാണ് ഇടത്തരക്കാര്‍ ഈ ബഹിഷ്‌കൃത വര്‍ഗത്തെ നിലനിര്‍ത്തുന്നത്. മധ്യവര്‍ഗത്തിന്റെ മിച്ചം തീര്‍ന്നുതുടങ്ങി. അവരുടെ അല്‍പഭദ്രമായ തൊഴിലിടങ്ങള്‍ കൊവിഡിന്റെ മറവില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ നഷ്ടങ്ങള്‍ പെരുക്കിക്കാട്ടും. ഫലം അവരുടെ വാതിലുകള്‍ അടയും. അതോടെ അവരാല്‍ നിലനിന്നു പോരുന്ന ഈ ബഹിഷ്‌കൃത വര്‍ഗം തെണ്ടി വര്‍ഗമെന്ന അധോനിലയെ പ്രാപിക്കും. 2021 പകുതിയോടെ ഇന്ത്യയെ മൂടാന്‍ പോകുന്ന യാഥാര്‍ത്ഥ്യമാണത്. ആ യാഥാര്‍ത്ഥ്യം പക്ഷേ, മറച്ചുവെക്കപ്പെടുകയാണ്. മൂടിവെച്ചാല്‍ പിന്നെ ചീഞ്ഞുനാറും വരെ പരിഹരിക്കേണ്ടതില്ല എന്ന് ഫാഷിസത്തിന് നന്നായറിയാം. പക്ഷേ, അതാണ് യാഥാര്‍ത്ഥ്യമെന്ന് നാം മറന്നുപോകരുത്. ഒരുവിധ മുന്‍കരുതലുമില്ലാതെ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍ ചിതറിച്ചുകളഞ്ഞ തൊഴില്‍ മനുഷ്യര്‍ അവരുടെ തദ്ദേശങ്ങളില്‍ സാമ്പത്തികവേരുകള്‍ അറ്റുതൂങ്ങിയ നിലയില്‍ തുടരുകയാണ്. ബിഹാറും ബംഗാളും രാഷ്ട്രീയമായി പിടിക്കാനുള്ള പോരില്‍ സര്‍ക്കാര്‍ അവരെ മറന്നുകളയുകയാണ് എന്ന കാര്യവും നാം മറക്കരുത്. അവര്‍ ഇനി എവിടേക്കാണ് പോവുക? ആ ചിതറിയ മനുഷ്യരുടെ നിസ്സഹായമായ പലായനങ്ങളാണ് 2020ന്റെ ഓര്‍മചിത്രങ്ങളില്‍ രണ്ടാമത്തേത് എന്നത് വിസ്മരിച്ചുകൂടാ. അവരെവിടെ എന്ന ചോദ്യം ഉയര്‍ത്താതിരുന്നുകൂടാ.

ഇന്ത്യന്‍ മതേതരത്വത്തിനും ദേശീയപ്രസ്ഥാനമെന്ന മഹത്തായ മുന്നേറ്റത്തിന്റെ ആദര്‍ശപരമായ അന്തസത്തക്കുമേറ്റ കഠിനമായ ആഘാതമായിരുന്നു ബാബരി മസ്ജിദിന്റെ തകര്‍ക്കല്‍. അപാരമായ വേദനയോടെ ഇന്ത്യന്‍ മതേതരമനുഷ്യര്‍ ആ പാതകത്തോട് പൊറുക്കാന്‍ ശീലിച്ചു. ദീര്‍ഘകാലത്തെ കോടതി നടപടികളില്‍ അവര്‍ സഹിഷ്ണുതയോടെ സഹകരിച്ചു. രാജ്യത്തിന്റെ മുഴുവന്‍ ഭരണഘടനാസ്ഥാപനങ്ങളെയും പൊതിഞ്ഞ കാരണമുള്ള ഭീതികളെ അറിയുമ്പോഴും ഭരണഘടനാപരമായ നീതി ഇന്ത്യയിലെ മതേതരമനുഷ്യര്‍ കാംക്ഷിച്ചു. അതുണ്ടായില്ല. മറ്റൊന്നുണ്ടായി. കൊവിഡ് ലോകത്തെ വിറപ്പിച്ച കഠിനകാലത്ത്, മനുഷ്യര്‍ അതിജീവനത്തിനായി പൊരുതുന്ന കാലത്ത്, ഒരു ദയയുമില്ലാതെ കാലം മനുഷ്യരാശിക്കുമേല്‍ വൈറസ് വര്‍ഷിച്ച കാലത്ത്, രാജ്യത്തെങ്ങും മനുഷ്യര്‍ പിടഞ്ഞുമരിക്കുന്ന കാലത്ത് മാസ്‌കിട്ട് മുഖം മറച്ച് നമ്മുടെ രാജ്യത്തിന്റെ ഭരണാധികാരി ആ മതേതരത്വത്തിന്റെ മഹാമുറിവിനുമേല്‍ രാമക്ഷേത്രത്തിന് കല്ലുപാകി. സ്വപ്ന സാക്ഷാല്‍കാരമെന്ന വിളംബരത്താല്‍ മുന്‍നിര മാധ്യമങ്ങളില്‍ മിക്കതും ആ ചെയ്തിയെ വാഴ്ത്തി. ആ നിമിഷത്തില്‍ ആരുടെ മനസുകളില്‍ നിന്നാണ് ചോരയൊലിച്ചതെന്ന് ആരും തിരഞ്ഞില്ല. ആ ശിലാന്യാസമാണ് നാം എടുത്തുവെക്കുന്ന മൂന്നാമത്തെ ഓര്‍മചിത്രം.

വിണ്ടപാദങ്ങള്‍ ചോരയാല്‍ നനച്ച രാജപാതകളുടെ ഓര്‍മകൂടിയാണ് നമുക്ക് 2020. തൊണ്ണൂറുകളില്‍ തുടക്കമിട്ട ഉദാരീകരണം നമ്മുടെ കാര്‍ഷിക സമ്പദ്്വ്യവസ്ഥയുടെ അടിത്തറയിളക്കിയിരുന്നു. എങ്കിലും മണ്ണറിഞ്ഞ് വിത്തെറിയുന്ന മനക്കണക്കുകൊണ്ട് ഇന്ത്യന്‍ കര്‍ഷകന്‍ പിടിച്ചുനില്‍ക്കാന്‍ പരമാവധി ശ്രമിച്ചു. 2014-ലെ സംഘപരിവാര്‍ അവരോഹണത്തോടെ സ്ഥിതി മാറിമറിഞ്ഞു. അക്ഷരാര്‍ഥത്തില്‍ കോര്‍പറേറ്റുകളുടെ സാമന്തഭരണം സ്ഥാപിതമായി. അക്ഷയഖനിയെന്ന് ഖ്യാതിയുള്ള ഇന്ത്യന്‍ കൃഷിയിടങ്ങളിലേക്ക് കോര്‍പറേറ്റുകളുടെ കണ്ണെത്തി. അവര്‍ നേരത്തേ ബന്ദിയാക്കിയ പാര്‍ലമെന്റില്‍ കര്‍ഷകവിരുദ്ധവും കോര്‍പറേറ്റ് ഉന്മുഖവുമായ മൂന്ന് നിയമങ്ങള്‍ ചര്‍ച്ചയില്ലാതെ പാസായി. ലജ്ജാഹീനമായ വിധം അതില്‍ രാഷ്ട്രപതി തുല്യം ചാര്‍ത്തി. സ്വതവേ ഗതികെട്ടിരുന്നു കര്‍ഷകര്‍. ആത്മഹത്യയുടെ കൊലനിലമായി പരിണമിച്ചിരുന്നു പാടങ്ങള്‍. ആകെയുള്ള ആശ്വാസം താങ്ങുവിലയും കര്‍ഷക പങ്കാളിത്തമുള്ള, ഉത്തരവാദപ്പെട്ട ചന്തകള്‍ അഥവാ മണ്ഡികള്‍ ആയിരുന്നു. അവ രണ്ടും ഈ നിയമങ്ങളാല്‍ റദ്ദാക്കപ്പെടും. കരാര്‍ കൃഷി എന്ന കോര്‍പറേറ്റ് നയം നടപ്പാക്കപ്പെടും. കൃഷി ഇന്ത്യക്ക് ഒരു ജീവിതവ്യവസ്ഥയാണ്. കര്‍ഷകര്‍ക്ക് കൃഷി കേവലം ഉപജീവന മാര്‍ഗമല്ല. അത് പരമ്പരയായി തുടരുന്ന പദ്ധതിയാണ്. ജീവിതപദ്ധതി. ആ പദ്ധതിയുടെ താഴ്്വേരാണ് നിയമങ്ങള്‍ അറുത്തുമാറ്റിയത്. അത് കര്‍ഷകര്‍ക്ക് സഹിക്കാവുന്നതിന് അപ്പുറമായിരുന്നു. അവരുടെ മണ്ണിടം നഷ്ടമാകുമെന്ന ഭീതിയില്‍ അവര്‍ ജ്വലിച്ചു. ആ ജ്വലനം സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട മഹാസമരമായി പരിണമിച്ചു. പുതുവര്‍ഷത്തില്‍ കൊടും തണുപ്പിലും അവര്‍ തെരുവില്‍ തുടരുകയാണ്. 2020ന്റെ പിറവിയിലെന്നപോലെ ഒടുവിലും ഭരണകൂടത്തിനെതിരെ ജനത തെരുവില്‍ത്തന്നെ. ആ മഹാപ്രസ്ഥാനത്തിന്റെ ഇരമ്പമാണ് പോയവര്‍ഷത്തിന്റെ നാലാം ചിത്രം.
ജനാധിപത്യത്തിനെതിരില്‍ നടന്ന ഭയാനകമായ ഗൂഢാലോചനയ്ക്ക് മേല്‍ ജനത നേടിയ അസാധാരണ വിജയത്തിന്റേതാണ് അഞ്ചാം ചിത്രം. അത് കേരളത്തില്‍ നിന്നാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത മാധ്യമ വേട്ടക്കാണ് പിണറായി വിജയന്‍ നയിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഇരയായത്. അതിനര്‍ഥം കേരളത്തിലെ ഇടതുഭരണവും അതിനെ നയിക്കുന്ന സി പി എമ്മും കുറ്റമറ്റ, വിമര്‍ശനാതീതമായ സംവിധാനമാണ് എന്നല്ല. പക്ഷേ, യാതൊരു അടിസ്ഥാനവും നിരത്താനില്ലാതെ ഉണ്ടത്രേകളില്‍ നങ്കൂരമിട്ട് മനോരമയും മാതൃഭൂമിയും മുഖ്യധാരാ ചാനലുകളും സര്‍ക്കാരിനെതിരെ വ്യാജം ചമച്ചു. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത ഇടങ്ങളിലെ സര്‍ക്കാറുകള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെക്കൊണ്ട് നടത്തുന്ന ചുടുചോര്‍വാരല്‍കളി സംഘപരിവാര്‍ ജോറാക്കി. കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ആ ഏജന്‍സികളുടെയും മാധ്യമങ്ങളുടെയും പലപ്പോഴും സംഘപരിവാറിന്റെയും ഒലിപ്പെരുക്കിയായി തരംതാണു. വെള്ളത്തില്‍ വരച്ച വര കണക്കുള്ള ആരോപണങ്ങളും പരിഷ്‌കൃത സമൂഹം ലജ്ജിക്കുന്ന പ്രയോഗങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞു. കെ. സുരേന്ദ്രനെപ്പോലുള്ളവര്‍ ആഘോഷമായി മാറി. ഇതാ കേരള സര്‍ക്കാരിനെ ജനം ശിക്ഷിച്ചു കഴിഞ്ഞു എന്ന് മാധ്യമങ്ങള്‍ വിധിയെഴുതി. തിരഞ്ഞെടുപ്പ് ജയിക്കാന്‍ ജമാഅത്തെ ഇസ്ലാമിയെ വരിക്കാന്‍ പോലും മുസ്ലിം ലീഗ് എന്ന പാര്‍ട്ടി തയാറായി. ലീഗിന്റെ വക്താക്കളായി ജമാഅത്ത് പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. ലീഗ് വിമര്‍ശനം എന്നാല്‍ മുസ്ലിം വിമര്‍ശനം എന്ന അപകടകരമായ വര്‍ഗീയവാദവുമായി ജമാഅത്തുകാര്‍ ഇപ്പോഴും അത് തുടരുന്നുണ്ട്. ഒരിക്കലും സംഭവിക്കരുതാത്ത നിരുത്തരവാദിത്തമാണ് പോയ നാളുകളില്‍ മാധ്യമങ്ങള്‍ നടത്തിയത്. കേരളം തങ്ങള്‍ക്ക് പിന്നില്‍ അണിനിരക്കുമെന്ന് മാധ്യമങ്ങള്‍ വിശ്വസിച്ചു. കേരളം പക്ഷേ, അവരോട് കണക്കുചോദിച്ചു. നിങ്ങളെ ഞങ്ങള്‍ വിശ്വസിക്കുന്നില്ല എന്ന് തുറന്നുപറഞ്ഞു. ഡിസംബര്‍ പതിനേഴിലെ മനോരമയുടെ തലക്കെട്ട് വിജയത്തേരില്‍ എന്നായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനാധിപത്യത്തിന്റെ വിജയം പ്രഖ്യാപിച്ച ആ ചിത്രമായിരിക്കും പോയ വര്‍ഷത്തിന്റെ അവസാന ഓര്‍മ.

കെ കെ ജോഷി

You must be logged in to post a comment Login