മുസ്‍ലിം സ്വത്വ സംവാദങ്ങളിലെ കോളനീകരണവും അപകോളനീകരണവും

മുസ്‍ലിം സ്വത്വ സംവാദങ്ങളിലെ കോളനീകരണവും അപകോളനീകരണവും

ഫാഷിസ്റ്റ് വിരുദ്ധ കാലത്ത് ഇന്ത്യന്‍ ക്യാംപസുകളില്‍ സജീവമായി നടക്കുന്ന മുസ്‌ലിം- ദളിത് സ്വത്വ ചര്‍ച്ചകള്‍ക്കിടയിലാണ് യെമനിലെ ദാറുല്‍മുസ്തഫയിലും, ഈജിപ്തിലെ അല്‍അസ്ഹര്‍ സര്‍വകലാശാലയിലും പഠനം നടത്തിയ കോഴിക്കോടുള്ള സുഹൃത്ത് ബശീര്‍ അസ്ഹരിയുമായി സംഭാഷണത്തിലേര്‍പ്പെടുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ മുസ്‌ലിം വിദ്യാര്‍ത്ഥി രാഷ്ട്രീയ- സാമുദായിക സംവാദങ്ങളില്‍ പൊതുവെ ഉന്നയിക്കപ്പെടാറുള്ള മുസ്‌ലിം സ്വത്വം- ദളിത് മുസ്‌ലിം ബഹുജന്‍ സൗഹൃദം, വിമോചന ദൈവ ശാസ്ത്രം, ദേശ- രാഷ്ട്ര വിമര്‍ശനം തുടങ്ങിയ സൈദ്ധാന്തിക കുരുക്കുകളില്‍ നിന്ന് വരുന്ന ഇന്ത്യന്‍ മുസ്‌ലിം വിദ്യാര്‍ത്ഥിയുടെ(ഇന്ത്യന്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍കൊണ്ട് ഇവിടെ വിവക്ഷിക്കുന്നത് സ്വത്വ രാഷ്ട്രീയ ചര്‍ച്ചകളില്‍ കാര്യമായി ഇടപെടുന്ന ചില കാംപസ് മൂവ്‌മെന്റുകളെയാണ്) പരിമിതമായ ബോധമണ്ഡലത്തെ യഥാര്‍ത്ഥ മൗലിക ഇസ്‌ലാമിന്റെ സാര്‍വലൗകികത എങ്ങനെ മറികടക്കും എന്നതിലേക്ക് സംഭാഷണം വഴുതിമാറി.

ഫാഷിസം എന്ന അര്‍ബുദം അധികാരം നടത്തിയതുമുതല്‍ തുടരുന്ന അറിവിന് മേലുള്ള വാഴ്ചയെ ഇന്ത്യയിലെ വ്യത്യസ്തമായ സാമൂഹിക വിഭാഗങ്ങള്‍ വിഭിന്നമായ ശൈലിയിലൂടെയാണ് പ്രതിരോധിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മുസ്‌ലിം ജനവിഭാഗങ്ങളും അതിശക്തമായിത്തന്നെ ഫാഷിസത്തിന്റെ വേരോട്ടത്തെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഫാഷിസ്റ്റ് വിരുദ്ധതയുടെ മുസ്‌ലിം വിദ്യാര്‍ത്ഥി രീതിശാസ്ത്രത്തിന്റെ വിമര്‍ശനമല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. പകരം ഫാഷിസം എന്ന മഹാമാരിയുടെ ഗര്‍ഭപാത്രമായ ആധുനികതയുടെ വ്യത്യസ്തമായ ശൈലികളോട് മുസ്‌ലിംകള്‍ പൊതുവില്‍ പ്രകടിപ്പിച്ചിട്ടുള്ള സ്വീകാര- തിരസ്‌കാരങ്ങളിലെ ചില ഇടപെടലുകള്‍ക്ക് നേരെ ഒരു ചോദ്യമുന്നയിക്കുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.

ഇസ്‌ലാമിക ലോകത്തിന്റെ ക്രമബദ്ധമായ സംവിധാനത്തിന്റെ പുറംപോക്കിലൂടെ വളര്‍ന്നുവികസിച്ച് മുസ്‌ലിം മതമൗലിക വാദത്തിന്റെ ഐസിസ് വരെ എത്തി നില്‍ക്കുന്ന പ്രത്യയശാസ്ത്ര പ്രതിലോമത വിവരിക്കുന്ന പുസ്തകമാണ് ഡോ. ഉസാമ അസ്ഹരിയുടെ അല്‍ ഹഖുല്‍ മുബീന്‍- ഫീ റദ്ദി അലാ മന്‍ തലാഅബ ഫിദ്ദീന്‍. സയ്യിദ് ഖുതുബ്, അബുല്‍അഅ്‌ല മൗദൂദി തുടങ്ങിയ ഫിഗറുകളുടെ ആശയ വൈകല്യം, അത്തരം വൈകൃതം ഒരു തീവ്ര- ഭീകര രാഷ്ട്രീയ സലഫിസത്തിനും റാഡിക്കല്‍ ഇസ്‌ലാമിസത്തിനും വളം വെച്ചതിന്റെയും കൃത്യമായ ചിത്രം ഡോ. ഉസാമ വിവരിക്കുന്നുണ്ട്. പുസ്തകത്തിന്റെ ആമുഖത്തില്‍ അദ്ദേഹം വിശദമായി എഴുതിയ അസ്ഹരി പണ്ഡിത പാരമ്പര്യത്തിന്റെ ധൈഷണിക രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചുള്ള വിശകലനമാണ് സുഹൃത്ത് ബശീര്‍ അസ്ഹരിയുമായുള്ള സംഭാഷണത്തിലേക്ക് എത്തിച്ചത്. ഇസ്‌ലാമിക ലോകത്തെ ശ്രദ്ധേയമായ ശൈഖ് ഉമര്‍ ബിന്‍ ഹഫീളിന്റെ യെമനിലെ തരീമിലുള്ള ദാറുല്‍ മുസ്തഫയിലെ ജീവിത കാലവും അല്‍ അസ്ഹറിലെ വൈജ്ഞാനിക അന്തരീക്ഷവും യൂറോപ്യന്‍ അക്കാഡമിയയില്‍നിന്ന് നിരന്തരമായി കേട്ടുകൊണ്ടിരിക്കുന്ന പലതിനെയും നിഷ്‌ക്രിയമാക്കാന്‍ കെല്‍പ്പുള്ളതായിരുന്നു. പക്ഷേ എന്തുകൊണ്ടാണ് ഈജിപ്തിലെയും യെമനിലെയും മറ്റു സമാനമായ മുസ്‌ലിം ലോകത്തെയും ധൈഷണിക വ്യവഹാരങ്ങളും സാമൂഹിക രാഷ്ട്രീയ പാഠങ്ങളും മുസ്‌ലിം വിദ്യാര്‍ത്ഥികളെയും പൊതു ചിന്താധാരയെയും ഇപ്പോഴും സ്വാധീനിക്കാത്തത്? അതിനുപകരം കൊളോണിയല്‍ ചട്ടക്കൂട്ടില്‍നിന്നുതന്നെ ഇസ്‌ലാമിക വിമോചനത്തെക്കുറിച്ച് വീണ്ടും വീണ്ടും സംസാരിച്ചു കൊണ്ടിരിക്കുന്നത്? യുക്തി കേന്ദ്രീകൃതവും വ്യക്തി കേന്ദ്രീകൃതവുമായ പരിമിതികള്‍കൊണ്ട് കുടുസായ യൂറോപ്യന്‍ അക്കാഡമിയിലേക്ക് പിന്നെയും തലവെച്ചുകൊടുക്കുന്നത്?

പ്രമുഖ നരവംശ ശാസ്ത്രജ്ഞനായ തലാല്‍ അസദിന്റെ വ്യവഹാരിക പാരമ്പര്യം(Discursive tradition) കൊളോണിയല്‍ ഇടപാടുകളിലെ സുപ്രധാന ഇടങ്ങളായ മതേതരത്വം, ജനാധിപത്യം. മനുഷ്യാവകാശം തുടങ്ങിയവക്ക്‌നേരെ നടത്തിയ ധൈഷണിക അക്രമണത്തിന്റെ സ്വാധീനത്തിലാണ് സബാ മഹ്മൂദും, ചാള്‍സ് ഹിര്‍ചിന്ദും ഹുസൈന്‍ അലി അഗ്രാമയും സാമുലി ശില്‍െക്കയുമെല്ലാം ഈജിപ്തിലേക്കും എങ്ങ്‌സങ്ങ് ഹോയെപ്പോലെയുള്ളവര്‍ യമനിലേക്കും യൂറോപ്യന്‍ അക്കാഡമിയയില്‍നിന്ന് പുതിയ വാതിലുകള്‍ തുറക്കുന്നത്. നരവംശശാസ്ത്രത്തിന്റെ രീതിയും ശൈലിയുമുപയോഗിച്ച് മുസ്‌ലിം ലോകത്തിന്റെ രണ്ട് ശ്രദ്ധേയമായ സ്ഥലത്തേക്ക് നടത്തിയ ഓപ്പറേഷന്‍ അതുവരെ പടിഞ്ഞാറ് മുസ്‌ലിം/ കിഴക്കന്‍ ലോകത്തെക്കുറിച്ച്ഉണ്ടാക്കിവെച്ചിരുന്ന ബാര്‍ബേറിയന്‍ ഇമേജുകളെ പൊളിക്കുകയും സമൃദ്ധമായി ഒഴുകിക്കൊണ്ടിരിക്കുന്ന മുസ്‌ലിം ജീവിതങ്ങളുടെ വിദൂരമായ കാഴ്ചയെങ്കിലും നല്‍കാന്‍ സാധിക്കുകയും ചെയ്തു.

എഡ്വേര്‍ഡ് സൈദിന്റെ ഓറിയന്റലിസം തുറന്നുവിട്ട ഉത്തരഘടനാവാദത്തിന്റെ(post structuralism) പുതിയ ചിന്താ മണ്ഡലം മുസ്‌ലിംകളിലേക്കും ഇസ്‌ലാമിലേക്കും നോക്കാന്‍ രണ്ടും പരിചയമില്ലാത്തവര്‍ക്ക് വലിയ മുതല്‍ക്കൂട്ടായിരുന്നു. ഓറിയന്റലിസ്റ്റു ചിന്താധാര നിര്‍മിക്കുകയും ആധുനികതയുടെ വളര്‍ച്ചയിലൂടെ വികസിക്കുകയും കൊളോണിയലിസത്തിലൂടെ വ്യാപിക്കുകയും ചെയ്ത ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ചുള്ള തെറ്റായ വാര്‍പ്പുമാതൃകകളെ അപനിര്‍മിക്കാനും പഴകി ദ്രവിച്ച കാഴ്ചാ ഉപാധികളെ മാറ്റി സ്ഥാപിക്കാനും സാധിച്ചു. ഇസ്‌ലാമും മുസ്‌ലിമും അപരവത്കരിക്കപ്പെട്ട കാഴ്ചപ്പാടിനെ തിരുത്താന്‍ പാകമായ ഇത്തരം വ്യവഹാരങ്ങള്‍, ജന്മം കൊണ്ടും ജീവിതം കൊണ്ടും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഉള്‍വഹിക്കുന്നവര്‍ ഉപയോഗിച്ചാല്‍ എങ്ങനെയിരിക്കും? മുസ്‌ലിമായി ജനിക്കുകയും അല്ലെങ്കില്‍ ജീവിക്കുകയും ചെയ്തവര്‍ക്ക് തലാല്‍ അസദിലൂടെ ഇസ്‌ലാമിക പാരമ്പര്യത്തെയും അനുഷ്ടാനത്തെയും നോക്കിക്കാണേണ്ടതുണ്ടോ? കാഴ്ചക്കുറവിനല്ലേ കണ്ണട. കാഴ്ചക്കാരന്റെ കണ്ണട ഉപയോഗം കാഴ്ചകളെ മങ്ങലേല്‍പ്പിക്കില്ലേ എന്ന ചോദ്യം തലാല്‍ അസദിലൂടെയും സബ മഹ്മൂദിലൂടെയും ഇസ്‌ലാമിലേക്ക് നോക്കുന്നവരെ മുന്‍നിര്‍ത്തി പ്രസക്തമാണ്. ആധുനിക സാമൂഹിക ശാസ്ത്രത്തോടും മാനവിക ശാസ്ത്രത്തോടും മുസ്‌ലിം ചിന്താ മണ്ഡലം പുറംതിരിഞ്ഞ് നില്‍ക്കണം എന്നല്ല ഇതുകൊണ്ട് ഉദ്ദേശിച്ചത്. പക്ഷേ കൃത്യമായി രൂപപ്പെടുത്തിയ അതിവിപുലവും ക്രമബദ്ധവുമായ ഇസ്‌ലാമിക ജ്ഞാന ശാസ്ത്രത്തെയും(Epistemology) അതിന്റെ സത്താമീമാംസ ശാസ്ത്രത്തെയും(Ontology) കുടഞ്ഞെറിഞ്ഞ് കൊളോണിയലിസത്തിന്റെ ഉപോത്പന്നങ്ങള്‍ തന്നെയായ യൂറോപ്യന്‍ അക്കാദമിയുടെ സൈദ്ധാന്തിക കുരുക്കുകളിലേക്ക് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ചുള്ള വിശേഷങ്ങളെ ചുരുക്കിക്കെട്ടുന്ന പ്രവണതയെയാണ് വിമര്‍ശിക്കുന്നത്.

മുസ്‌ലിം ജീവിതം, രാഷ്ട്രീയം
ഇസ്‌ലാമിക സമൂഹം, മുസ്‌ലിം സ്വത്വം, രാഷ്ട്രീയം തുടങ്ങിയ പ്രമേയങ്ങളില്‍ പടിഞ്ഞാറന്‍ അക്കാദമിയയില്‍ നിന്ന് പുറത്തുവന്ന പുസ്തകങ്ങള്‍ പൊതുവില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ആരാണ് മുസ്‌ലിം, എന്താണ് ഇസ്‌ലാം എന്നതാണ്. അടുത്ത കാലത്തായി ഈ ചോദ്യങ്ങളെ കൂടുതല്‍ ഉള്‍ക്കൊണ്ട സല്‍മാന്‍ സയ്യിദിന്റെ റികാളിംഗ് ദ കാലിഫേറ്റ്- ഡി കോളനൈസേഷന്‍ ആന്റ് വേള്‍ഡ് ഓര്‍ഡര്‍, ശഹബാസ് അഹ്മദിന്റെ വാട്ട് ഇസ് ഇസ്‌ലാം, വാഇല്‍ ബി ഹല്ലാഖിന്റെ ദി ഇംപോസിബിള്‍ സ്‌റ്റേറ്റ്- ഇസ്‌ലാം, പൊറ്റിറ്റിക്‌സ് ആന്റ് മോഡേണിടീസ് മോറല്‍ പ്രെഡികാമെന്റ് തുടങ്ങിയ പുസ്തകങ്ങളെ അധികരിച്ച് നിരവധി സംവാദങ്ങള്‍ മുസ്‌ലിം രാഷ്ട്രീയത്തെക്കുറിച്ചും സ്വത്വ രൂപീകരണത്തെക്കുറിച്ചും നടന്നിരുന്നു. പക്ഷേ രണ്ടിനെയും അഭിമുഖീകരിക്കാന്‍ ഉപരി സൂചിപ്പിച്ച ഗ്രന്ഥങ്ങള്‍ക്കും സമാനമായ വിഷയത്തില്‍ പുറത്തിറങ്ങിയ നിരവധി പുസ്തകങ്ങള്‍ക്കും എത്രത്തോളം കഴിയുന്നുണ്ട് എന്ന സംശയം പ്രസക്തമാണ്. പടിഞ്ഞാറന്‍ അക്കാദമിയുടെ ഉള്ളറകളില്‍ അള്ളിപ്പിടിച്ചിരിക്കുന്ന സൈദ്ധാന്തിക വിശേഷങ്ങളുടെ മൂലധനം യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ആവിര്‍ഭാവത്തില്‍ ഉണ്ടായിരുന്ന മതവും- രാഷ്ട്രീയവും തമ്മിലുള്ള സംഘര്‍ഷം, കാപിറ്റലിസത്തിന്റെ വളര്‍ച്ചകളായി രൂപപ്പെടുത്തിയ ജൈവിക രഹിത ഹ്യൂമനിസം, മതാന്ധമായ മതേതരത്വം, ക്രമബദ്ധമല്ലാത്ത ജനാധിപത്യം തുടങ്ങിയവയാണ്. ഏകദേശം പതിനഞ്ചാം നൂറ്റാണ്ടുമുതല്‍ രാഷ്ട്രീയമായി മേല്‍ക്കോയ്മ നേടിയ യൂറോപ്പില്‍ കഴിഞ്ഞ ആറ് നൂറ്റാണ്ടിലേറെയായി വളര്‍ന്നുവികസിച്ച അറിവിന്റെ ഉല്‍പാദനത്തിലും വിതരണത്തിലും അതിന്റെ ആവിര്‍ഭാവത്തില്‍ തന്നെയുള്ള ഘടനാപരമായ പ്രതിസന്ധികള്‍ ഉണ്ട്. പടിഞ്ഞാറ് ഉണ്ടാക്കിവെച്ച രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ക്കിടയിലൂടെ ഇസ്‌ലാമിക രാഷ്ട്രീയം, മുസ്‌ലിം രാഷ്ട്രീയം തുടങ്ങിയവ കടത്തിവിടുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന ഘടനാപരമായ തലവേദന അതിന്റെ വായനക്കാരന്ന് അനുഭവപ്പെട്ടു തുടങ്ങും.

ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെയും വിശ്വാസ/ ദൈവശാസ്ത്രത്തിന്റെയും മൗലികതയില്‍നിന്ന് മുസ്‌ലിംകളുടെ രാഷ്ട്രീയം, ജീവിതം എന്നിവ വായിച്ചെടുക്കുന്നത് പോലെയായിരിക്കില്ല പടിഞ്ഞാറിന്റെ പ്രശ്‌നരൂക്ഷിതമായ അക്കാഡമിയില്‍നിന്ന് സമാനമായ വിഷയങ്ങള്‍ വായിച്ചെടുക്കുമ്പോള്‍ എന്ന് ചുരുക്കം.

വിവിധ അറിവിലേക്ക് ചെന്നെത്താന്‍ കൃത്യമായ ഒരു ക്രമമുണ്ട് ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തില്‍. മനുഷ്യന്റെ വൈകാരിക വൈചാരിക ചോദനകള്‍ക്കനുസരിച്ച് ക്രമബദ്ധമായിട്ടാണ് അത് അടുക്കിവെച്ചിട്ടുള്ളത്. കര്‍മശാസ്ത്രത്തിലും വിശ്വാസ/ദൈവ ശാസ്ത്രത്തിലും രാഷ്ട്രം, രാഷ്ട്രീയം, ഭരണം, അധികാരം തുടങ്ങിയ വിഷയങ്ങള്‍ ക്രമപരമായി അസാനത്തിലാണ് നിജപ്പെടുത്തിയിട്ടുള്ളത്. ഒന്നും രണ്ടും കഴിഞ്ഞ് മൂന്നില്‍ എത്തുന്ന ക്രമപരമായ വ്യവഹാരത്തിനു പകരം ജ്ഞാന ശാസ്ത്രത്തിന്റെ ക്രമം തെറ്റിച്ചുള്ള രാഷ്ട്രീയ സ്വത്വ പ്രതിഷ്ഠകള്‍ ഒരു സമൂഹത്തെ ജ്ഞാന ശാസ്ത്രപരമായും ജൈവികപരമായും അരക്ഷിതപ്പെടുത്തുന്നതാണ്. ഇന്ത്യന്‍ മുസ്‌ലിം ക്യാംപസ് രാഷ്ട്രീയത്തിന്റെ അടിവേരുകളില്‍ പലപ്പോഴും ഇത്തരം ക്രമം തെറ്റിച്ചോടിയതിന്റെ ഭീകരമായ പ്രതിസന്ധികള്‍ നിഴലിച്ച് കാണുന്നുമുണ്ട്. ക്യാംപസുകളിലെ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ രോഹിത് വെമുല ശഹാദത് ദിന്‍ ഒരു വികാരമായി ആഘോഷിക്കുകയും അതേ മാസത്തില്‍ മുസ്‌ലിം ലോകം ഒന്നടങ്കം ആചരിച്ച ജീലാനി ദിനം വിസ്മരിക്കുകയും ചെയ്തതിന്റെ ഉള്ളറകളില്‍ ഈ ക്രമം തെറ്റിക്കലിന്റെ തെളിഞ്ഞ ചിത്രമുണ്ട്. മനുഷ്യരോട് എന്ന പോലെ അറിവിനോടും വസ്തുവിനോടും കാണിക്കുന്ന ക്രമപരമായ അനുസരണയാണ് (അദബ്) മുസ്‌ലിം നാഗരികതയുടെ ഉള്‍ക്കാമ്പെന്ന് പ്രമുഖ മുസ്‌ലിം ബുദ്ധിജീവിയായ സയ്യിദ് നഖീബുല്‍ അത്താസ് നിരീക്ഷിക്കുന്നുണ്ട്. പൊതുവില്‍ മുസ്‌ലിം ലോകത്തും വിശേഷിച്ച് ഇന്ത്യയിലും മുസ്‌ലിം രാഷ്ട്രീയം, ഇസ്‌ലാമിക രാഷ്ട്രീയം എന്ന ബാനറില്‍ വിപ്ലവം ജനിപ്പിക്കാനിറങ്ങുന്ന ഇസ്‌ലാമിസ്റ്റ് തലമുറ സ്വസമുദായത്തിനെന്നപോലെ പൊതുബോധത്തിനും അറപ്പുളവാക്കിയത് തീവ്രമായ അരാജത്വം ഇടപെടലുകളുടെ മൗലികതയും താത്വികാടിത്തറയുമായി സ്വീകരിച്ചതിനാലാണ്. രാഷ്ട്രീയത്തിന്റെ ഭരണസംവിധാനത്തില്‍ തിരുത്തല്‍ ശക്തിയാവുന്നതിന്റെ സാംഗത്യത്തെ ചോദ്യം ചെയ്യുകയല്ല. ഒരു ബഹുമുഖ സാമൂഹ്യ സംവിധാനത്തില്‍ നിലനില്‍ക്കുന്ന ഭരണ സംവിധാനത്തോട് പാലിക്കേണ്ട അദബ് കര്‍മശാസ്ത്ര- വിശ്വാസ/ ദൈവശാസ്ത്രത്തിന്റെ അജ്ഞത കൊണ്ട് മൂടിക്കെട്ടി അതിനു പകരം ലാറ്റിനമേരിക്കന്‍ ലിബറേഷന്‍ തിയോളജിയുടെയും മറ്റു ഇടതു ലിബറല്‍ വിമോചന സമരത്തിന്റെയും സ്വാധീനത്തില്‍ വിമോചനം അരാജകമാവുന്ന സംവിധാനത്തെയാണ് ചോദ്യം ചെയ്യേണ്ടത്. ഈജിപ്തിലെ ഉലമ- സൂഫി വൃന്ദം നയിക്കുന്ന ഫത്‌വ കേന്ദ്രങ്ങള്‍ അവിടുത്തെ ഭരണ സംവിധാനത്തോട് വിശ്വാസപരമായ അനുസരണ പാലിക്കുന്നതോടൊപ്പം ഒരുതരം പരമാധികാരം ഉണ്ടാക്കിയെടുക്കുന്നതിന്റെ മാതൃകയെപ്പറ്റി ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ നരവംശ ശാസ്ത്രജ്ഞനായ ഹുസൈന്‍ അലി അഗ്രാമ തന്റെ Questioning secularism- Islam, Sovereignty and the rule of law in modern egypt എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. ഇസ്‌ലാമിക ജ്ഞാന ശാസ്ത്രം മുസ്‌ലിം രാഷ്ട്രീയത്തിന്റെ സ്ഥലകാല (Spacio temporal) വ്യവസ്ഥ കൃത്യമായി വിവരിച്ചിട്ടുണ്ട്. വ്യത്യസ്തമായ സാമൂഹിക സംവിധാനത്തില്‍ വിഭിന്നമായ ശൈലിയാണ് അത്തരം ഇടപെടലുകള്‍ ഊന്നല്‍ നല്‍കുന്നത്. നൈതികമായ ജീവിത വിശേഷത്തിന്റെ ഉല്‍പാദനക്ഷമമായ നിലനില്‍പ്പ്, ഒരു സമുദായത്തിന്റെ കാലാതിവര്‍ത്തിയായ അതിജീവനം, സാമൂദായിക ഗുണകാംക്ഷ തുടങ്ങിയ അടിസ്ഥാനപരമായ മതകീയ വിവക്ഷകള്‍ക്കനുസൃതമായിട്ടാണ് ഒരു മുസ്‌ലിമിന്റെ രാഷ്ട്രീയ വിധാനം രൂപപ്പെടുന്നത്. സ്വന്തം മതത്തിന്റെ ഉള്ളിലുള്ള കാര്യങ്ങളോട് പാലിക്കേണ്ട അദബ് പോലെത്തന്നെ രാഷ്ട്രത്തോടും രാഷ്ട്രീയ വ്യവസ്ഥിതിയോടും സംവാദാത്മകമായി പുലര്‍ത്തേണ്ട മര്യാദകളെ നിഷ്പ്രഭമാക്കുന്ന സൈദ്ധാന്തിക നിര്‍മിതിയും രാഷ്ട്രീയ പ്രയോഗവും ഒരു വ്യവസ്ഥിതിയെ മാത്രമല്ല അരക്ഷിതപ്പെടുത്തുന്നത്. സ്വത്വ രൂപീകരണം, സ്വത്വാവിഷ്‌കാരം തുടങ്ങിയ സ്വന്തത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെപ്പോലും ഇല്ലാതാക്കാന്‍ അതിന് സാധിക്കും എന്നാണ് ഇസ്‌ലാമിസ്റ്റ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ അന്താരാഷ്ട ചിത്രവും ഇന്ത്യന്‍ ചരിത്രവും ഓര്‍മപ്പെടുത്തുന്നത്.

ചുരുക്കത്തില്‍ ഒരു ആത്യന്തിക വിശകലനം എന്ന നിലയില്‍ മനസ്സിലാക്കേണ്ട അടിസ്ഥാനപരമായ വസ്തുത ഇത്രയാണ്: ഇസ്‌ലാം – മുസ്‌ലിം സബ്ജക്ടുകളെ യൂറോ കേന്ദ്രീകൃത ക്രൈസ്തവ ജനിതക പാരമ്പര്യമുള്ള വ്യവഹാരത്തിലേക്ക് ലൊക്കേറ്റ് ചെയ്യുമ്പോള്‍ സ്വാഭാവികമായും അനുഭവിക്കുന്ന പ്രതിസന്ധികള്‍ അതിനെ ചുറ്റിപ്പറ്റിയുള്ള ഇടപാടുകളില്‍ നിലനില്‍ക്കും. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഗവേഷണത്തിനൊരുങ്ങുന്ന ഒരു സുഹൃത്ത് ഇമാം ഗസ്സാലി(റ)ന്റെ ജീവിതം ഗവേഷണ വിഷയമാക്കാന്‍ ശ്രമിച്ചപ്പോള്‍ അനുഭവിച്ച നൈതിക പ്രതിസന്ധിയെക്കുറിച്ച് ഒരിക്കല്‍ പങ്കുവെക്കുകയുണ്ടായി. വ്യക്തിയെയും സംഭാവനകളെയും ‘ക്രിട്ടിക്കല്‍ തിയറി’ പോലെയുള്ള സാങ്കേതിക വ്യവസ്ഥക്കനുസരിച്ച് പഠന വിഷയമാക്കുമ്പോള്‍ ഇമാം ഗസാലി(റ)ന്റെ ഇടപെടലുകളെ സാമൂഹ്യ രാഷ്ട്രീയ പരിസരത്തെ നിര്‍മിച്ച് വിമര്‍ശന വിധേയമാക്കേണ്ടിവരും എന്ന പ്രതിസന്ധി ഒരു വ്യവസ്ഥിതിയില്‍ ഇസ്‌ലാമിനെ പഠിക്കാനുള്ള പരിമിതിയാണ് തുറന്നുകാണിക്കുന്നത്.

അല്‍ അസ്ഹര്‍ പോലെയുള്ള മുസ്‌ലിം സര്‍വകലാശാലകളില്‍ ഡോ. ഉസാമ അസ്ഹരിയെയും സൈതുന സര്‍വകലാശാലയിലെ ഡോ. താഹിര്‍ ബിന്‍ ആശൂര്‍ തുടങ്ങിയവരും നടത്തുന്ന ജ്ഞാന ശാസ്ത്രത്തിന്റെ ഘടനാപരമായ പ്രതിസംവിധാനത്തില്‍ പ്രതീക്ഷയുണ്ട്. ഗുരുമുഖത്തുനിന്ന് ഓടിപ്പോയ, സനദുകളില്‍നിന്ന് ഒളിച്ചോടിയ, പാരമ്പര്യത്തില്‍നിന്നും അകന്നുനില്‍ക്കുന്ന മുസ്‌ലിം വൈജ്ഞാനികത, അതിന്റെ വിപുലമായ നൈതികതയിലേക്കുതന്നെ തിരിച്ചുനടത്തേണ്ടതുണ്ട്. അറിവിലും അതിന്റെ പ്രയോഗത്തിലും സംഭവിച്ച ജൈവികമായ വൈകല്യത്തെ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ അത്തരം ശ്രമങ്ങള്‍ക്ക് കഴിയും. $

പിന്‍കുറിപ്പ്
1) സുന്നി സമ്മേളനത്തില്‍ വെച്ച് ഒരു പണ്ഡിതന്‍ ഇമാം അഹ്മദ് കോയ ശാലിയാത്തി മതത്തെക്കുറിച്ച് പറഞ്ഞത് മുപ്പതോളം വിഷയങ്ങളിലെ അവഗാഹം കൊണ്ടിയിരുന്നു എന്ന് പറഞ്ഞു.

2) ഇംഗ്ലീഷില്‍ ഇസ്‌ലാം പഠിപ്പിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ വയോധികനായ ഒരു ഗുരു പറഞ്ഞു: നിന്റെ മതം എഴുതിയത് കൂടുതല്‍ അറബിയിലാണ്. അതുകൊണ്ട് അറബിയില്‍നിന്നകന്നാല്‍ മതത്തില്‍നിന്നും അകലം പാലിക്കും.

3) ജര്‍മനിയിലെ ഒരു പള്ളിയില്‍ നിസ്‌കാരശേഷം പരിചയപ്പെട്ട മലയാളിയോട് ഒരു മനുഷ്യന്‍ അറബി അറിയുമോ എന്ന് ചോദിച്ചു. അറിയില്ല എന്ന് പറഞ്ഞപ്പോള്‍ സ്വര്‍ഗത്തിലെ ഭാഷ അറിയില്ല അല്ലേ എന്നായിരുന്നു മറുചോദ്യം.

റഫറന്‍സ്
1) അല്‍ ഹഖുല്‍മുബീന്‍ ഫീ റദ്ദി അലാ മന്‍ തലാഅബ ഫിദ്ദീന്‍
ഡോ. ഉസാമ അസ്ഹരി, ദാറുല്‍ ഖതുബ്- ലബനാന്‍(2005)
2) The Idea of antropology of Islam- Talal Asad
Centre for contemporary Arab societies, George town university, washington dc(1986)
3) Thinking about tradition, religion and politics in Egypt today
Talal Asad, critical enquiry(2005)
4) The politics of piety: The Islamic Revival and the feminist subject- Saba Mahmood, Princeton university press(2006)
5) The Ethical soundscape: cassette sermons and Islamic counter publics
Charles Hirchkind, Colombia university press(2014)
7) What is Islam: The Importance of being Islamic- Shahab Ahmed, Princeton university press(2016)
8) The Impossible state- Islam, politics and modernity’s moral predicament- Wael B Halleck, Colombia university press(2012)
9) Islam and secularism- Sayyid Muhammed Naqib ul Attas, IIITC, Kulalampur(1993)
10) Questioning secularism- Islam, sovereignty, and the rule of law in modern Egypt
Hussain Ali Agrama- University of Chicago(2012)