മരുന്ന് തിന്നുന്ന മലയാളികള്‍

ASIANET
ഏഷ്യാനെറ്റിലെ ‘നമ്മള്‍ തമ്മില്‍’ എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയില്‍ ജോണ്‍ബ്രിട്ടാസ് അവതരിപ്പിച്ച ചര്‍ച്ചയുടെ പ്രസക്തഭാഗങ്ങളാണ് ഇവിടെ എടുത്തുചേര്‍ത്തിരിക്കുന്നത്. രോഗം എന്ന നിസ്സഹായാവസ്ഥയെ മരുന്നുകമ്പനികളും ആശുപത്രി വ്യവസായങ്ങളും എങ്ങനെയാണ് ചൂഷണം ചെയ്യുന്നത്? ഉപഭോഗ സംസ്കാരം നമ്മുടെ ചികിത്സാ രീതികളെ എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നിവയെക്കുറിച്ച് വിദഗ്ധര്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയാണ്ഇവിടെ.

   ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍: തിരുവനന്തപുരം ഗവ. കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ജയപ്രകാശ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ജി വിജയകുമാര്‍, ഓള്‍ കേരള റീട്ടേല്‍ കെമിസ്റ് അസോസിയേഷന്‍ പ്രസിഡന്റ് മനോജ് കൊക്കാട്ട്, പങ്കജ് കസ്തൂരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഹരീന്ദ്രന്‍ നായര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് റിട്ട പ്രൊഫസര്‍ എ പി കുരുവിള, മെഡിക്കല്‍ വിഭാഗം മേധാവി ഡോ. ജോസ് ജോണ്‍, സി പി ഐ നിയമസഭാംഗം ഇ എസ് ബിജിമോള്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജു ജോണ്‍ പുല്‍പ്പറമ്പില്‍.

ഡോ ജയപ്രകാശ്: ആരോഗ്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് പൊതുവില്‍ ഒരു കാഴ്ചപ്പാടുണ്ട്; രോഗം വന്നാല്‍ മരുന്ന് കഴിക്കണം എന്ന ലളിതമായ ഒരു സമവാക്യത്തിലേക്ക് പോവുന്നുണ്ട് മലയാളികള്‍. മരുന്ന് കഴിക്കുന്നു എന്നത് വളരെ ശരിയാണ്. ഇതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സൈക്യാട്രി മരുന്നുകള്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത് ദക്ഷിണേന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലുമാണ്. ആംങ്്സൈറ്റി ഡ്രഗ്സ്, സെഡക്ടീവ്സ്, ആന്റി ഡിപ്രഷന്‍സ് തുടങ്ങിയവയുടെ വില്‍പനയും വളരെ നന്നായി ഇവിടെ നടക്കുന്നുണ്ട്.

   മലയാളികളുടെ ഈ മരുന്ന് തീറ്റക്ക് രണ്ടു രീതികളുണ്ട്. ഒന്ന്, ഡോക്ടറുടെ കുറിപ്പിലെഴുതുന്ന മരുന്ന് വാങ്ങിക്കഴിക്കുന്ന രീതി. രണ്ട്, പ്രിസ്ക്രിപ്ഷന്‍ ഇല്ലാതെ സ്വയം ഡോക്ടറായി മരുന്ന് വാങ്ങിക്കുന്ന മറ്റൊരു രീതി. യഥാര്‍ത്ഥത്തില്‍ ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചു കഴിഞ്ഞാല്‍ അവരുടെ പ്രിസ്ക്രിപ്ഷനില്‍ 35% മുതല്‍ 40% വരെ മരുന്ന് ഉപയോഗം കുറക്കാന്‍ കഴിയും. ഞാന്‍ പറയുന്നത് ഇന്ന് ഡോക്ടര്‍മാര്‍ എഴുതിക്കൊടുക്കുന്ന മരുന്നിന്റെ 40% പ്രിസ്ക്രിപ്ഷന്‍ വേണമെങ്കില്‍ ഒഴിവാക്കാം, ഒന്നും സംഭവിക്കില്ല എന്നാണ്.

ഡോ. ജി വിജയകുമാര്‍: ഇത്രയേറെ മരുന്നിന്റെ ആവശ്യമില്ല എന്ന് ചില ഡോക്ടര്‍മാര്‍ പറയാറുണ്ട്. എന്റെ അഭിപ്രായത്തില്‍, മരുന്ന് ഉപയോഗം കൂടുതല്‍ വേണ്ട എന്നു പറയുന്നതാണ് ശരി. മലയാളിക്ക് വിവരം കൂടിയതു കൊണ്ട് എല്ലാറ്റിലും ഒരു വെപ്രാളമുണ്ട്. ആഡംബരത്തില്‍, ഉപഭോഗ സംസ്കാരത്തില്‍ തുടങ്ങി എല്ലാറ്റിലും ഒരു ധാരാളിത്തം. മരുന്ന് കഴിക്കുന്നത് വളരെ കൂടുതലാണ് എന്നത് ശരിയാണ്. അതേസമയം ആഹാരത്തില്‍ കൃത്യമായ ക്രമീകരണം നടത്തുകയോ സ്ഥിരമായി വ്യായാമം ചെയ്യുകയോ ചെയ്താല്‍ കുറെ മരുന്നുകള്‍ നമുക്ക് ഉപേക്ഷിക്കാം. പക്ഷേ, അതിന് നമ്മള്‍ തയ്യാറല്ല. നമ്മുടേത് ഒരുതരം ഫാസ്റ് ലൈഫ് ആണ്. പണ്ടൊക്കെ പനി വന്നാല്‍ കുറച്ച് റെസ്റ് എടുത്ത് ഒരു ചുക്കുകാപ്പി കുടിച്ച് കഴിയുമ്പോള്‍ തന്നെ പനി മാറും. ഇപ്പോള്‍ അതല്ല. നമുക്ക് ഒന്നിനും നേരമില്ല. നമ്മുടെ എല്ലാറ്റിലുമുള്ള ധാരാളിത്തം മരുന്ന് ഉപയോഗത്തിലും പ്രതിഫലിക്കുന്നു എന്നു മാത്രം.

എ പി കുരുവിള: മരുന്ന് കുറിച്ചു കൊടുത്തതിനു ശേഷം എനിക്ക് തന്നെ പലപ്പോഴും വേണ്ടിയിരുന്നില്ല എന്നു തോന്നിയിട്ടുണ്ട്. മെഡിക്കല്‍ കോളജുകളില്‍ ഇപ്പോഴും വേണ്ടതിന്റെ പത്തു മടങ്ങ് കൂടുതല്‍ കൊടുക്കുന്നുണ്ട്. അപ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ ആവശ്യത്തിന്റെ ഇരുപത് ഇരട്ടി മരുന്ന് കൊടുക്കുന്നുണ്ട്. ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട വ്യക്തികള്‍ മരിച്ചത് ഓവര്‍ഡോസ് കൊണ്ടാണെന്ന് പറയുന്നു.

ഡോ. ജോസ് ജോണ്‍ കൊക്കാട്: ആധുനിക വൈദ്യശാസ്ത്രമനുസരിച്ച് നാം വളരെയധികം പുരോഗമിച്ചിട്ടുണ്ട്. മരുന്ന് മാറിക്കഴിച്ച് മരിക്കുന്ന സാഹചര്യം ഇപ്പോള്‍ ഇല്ല എന്നുതന്നെ പറയാം. വിദഗ്ധരായ ഡോക്ടര്‍മാര്‍ ഇവിടെയുണ്ട്. അത് അലോപ്പതിയിലായിരിക്കാം, ആയുര്‍വേദമാകാം, ഹോമിയോ ആകാം.

ഇ എസ് ബിജിമോള്‍: മലയാളികള്‍ മരുന്ന് കഴിക്കുന്നു എന്നു പറയുന്നതിലും ഭേദം അവരെക്കൊണ്ട് മരുന്ന് കഴിപ്പിക്കുന്നു എന്നു പറയുന്നതാണ്. നമ്മുടെ സംസ്കാരം, ജീവിതനിലവാരം, ഉയര്‍ന്ന സാമൂഹിക പശ്ചാത്തലം എന്നിവ മരുന്നുമായി ബന്ധപ്പെട്ട ഘടകങ്ങളാണ്. സ്വയം വാങ്ങി മരുന്നു കഴിക്കുന്ന അവസ്ഥയും ഇവിടെയുണ്ട്.

ഡോ. ബിജുജോണ്‍: മലയാളിയുടെ സാക്ഷരതാ നിരക്ക് കൂടുന്നതനുസരിച്ച് നമ്മള്‍ ധരിച്ചു വച്ചിരിക്കുന്നത് കൂടുതല്‍ മരുന്ന് കുടിച്ചാലേ രോഗം ഫലപ്രദമായി ചികിത്സിച്ച് ആരോഗ്യം വീണ്ടെടുക്കാന്‍ പറ്റുള്ളൂ എന്നതാണ്. ആരോഗ്യ മാസികകളും ആരോഗ്യ രംഗത്തുള്ള ചര്‍ച്ചകളും കണ്ട് പലപ്പോഴും ‘സെല്‍ഫ് മെഡീഷ്യന്‍’ ആയിരിക്കുകയാണിപ്പോള്‍ മലയാളി. ഇവിടെ ഹോമിയോയുടെ പ്രസക്തി വളരെ കൂടുതലാണ്. ഒരിക്കലും ഹോമിയോ മരുന്നുകള്‍ കുറെ ഉപയോഗിച്ചല്ല രോഗത്തെ മാറ്റുന്നത്. ഏറ്റവും കുറഞ്ഞ അളവില്‍ മരുന്ന് ശരീരത്തില്‍ എത്തിയാല്‍ മാത്രമേ രോഗം പരിപൂര്‍ണമായി സുഖപ്പെടൂ. എന്റെ ഈ വീക്ഷണം ഒരിക്കലും മറ്റൊരു സിസ്റത്തെ പ്രത്യേകിച്ച് അലോപ്പതിയെ മോശമാക്കാനുള്ളതല്ല. എന്നിരിക്കലും ഹോമിയോ ഫലിക്കണമെങ്കില്‍ ഏറ്റവും ചെറിയ അളവില്‍ മരുന്ന് ശരീരത്തില്‍ എത്തിയാലേ കാര്യമുള്ളൂ. ഏറ്റവും കുറഞ്ഞ അളവില്‍ കുറഞ്ഞ ചെലവില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് ഹോമിയോപ്പതി. ഹോമിയോയും ഒരു തട്ടിപ്പായി മാറുന്നു എന്നത് എത്ര മാത്രം ശരിയാണെന്ന് പരിശോധിക്കേണ്ടതാണ്. ഹോമിയോയില്‍ ശരിക്കും ഒരു ഫിലോസഫി എന്നു പറയുന്നത് മിനിമം ഡോസ് സിംഗിള്‍ മെഡിസിന്‍ സിംഗിള്‍ മാന്‍ എന്നുള്ളത് തന്നെയാണ്.

എ പി കുരുവിള: എന്റെ അടുത്ത് ഒരു രോഗി വന്നു. അയാള്‍ 26 കൂട്ടം മരുന്ന് കഴിക്കുന്നുണ്ട്. ഇതിനകത്ത് 20 mg മരുന്ന് ആവര്‍ത്തനം ആണ്. 40 mg  കഴിക്കേണ്ട സമയത്ത് 200 mg കഴിക്കുന്നു. 150 mg  കഴിക്കുന്നിടത്ത് 450 mg കഴിക്കുന്നു. ഇവര്‍ക്ക് സത്യത്തില്‍ രണ്ടു മരുന്നിന്റെ ആവശ്യമേയുള്ളൂ. മരുന്നു കൊണ്ടാണീ പ്രശ്നങ്ങളൊക്കെ വരുന്നതെന്ന് പറഞ്ഞപ്പോള്‍ രോഗി പറഞ്ഞു: ‘മരുന്നില്ലാതെ എനിക്ക് ജീവിക്കാന്‍ വയ്യ.’ സാധാരണക്കാര്‍ മരുന്നിനോട് കാണിക്കുന്ന ഈ ആക്രാന്തമാണ് പ്രശ്നങ്ങളുടെ ഒരു കാരണം.

ഡോ. ജെ ഹരീന്ദ്രന്‍ നായര്‍: മലയാളികള്‍ കൂടുതല്‍ മരുന്നു കഴിക്കുന്നു എന്ന അഭിപ്രായം എനിക്കില്ല. മലയാളി കൂടുതല്‍ മരുന്ന് ഉപയോഗിക്കുന്നു എന്നു പറയുമ്പോള്‍ മനസ്സിലാവുന്നത് മലയാളിയുടെ ആരോഗ്യത്തെ പറ്റിയുള്ള അവബോധമാണ്. കൂടുതല്‍ രോഗം വരാതിരിക്കാനുള്ള ശ്രദ്ധ എന്നൊക്കെ വേണമെങ്കില്‍ പറയാം. അലോപതിയോട് മലയാളിക്ക് ഒരു ഭ്രമമാണ്. എന്നാലും കാഷ്വാലിറ്റി സമയത്ത് പോലും ആയുര്‍വേദത്തിലേക്ക് പോവുന്നവരുണ്ട്. അതേസമയം, ആയുര്‍വേദം എല്ലാറ്റിലും ശരിയായി കൊള്ളണമെന്നില്ല. അലോപ്പതി സാഹചര്യങ്ങള്‍ക്കനുസരിച്ച് കഴിക്കുന്നതില്‍ എനിക്ക് വിരോധമില്ല.

മനോജ് കൊക്കാട്ട്: സാക്ഷരത കൂടിയത് കൊണ്ടാണ് മരുന്ന് ഇത്രയധികം കഴിക്കുന്നത് എന്നതിനോട് എനിക്ക് യോജിപ്പില്ല. ഇന്ത്യയില്‍ 110 കോടി ആളുകള്‍ ഉണ്ട്. കേരളത്തില്‍ 3.15 കോടി ആളുകള്‍ ഉണ്ട്. ഒരു ലക്ഷം കോടി രൂപയുടെ മരുന്ന് വില്‍പന ഇന്ത്യയില്‍ ഒരു വര്‍ഷം നടക്കുന്നു. ഇതിനകത്ത് 2000 മുതല്‍ 2200 കോടിയാണ് കേരള വിപണിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. ആ കണക്കു പ്രകാരം ഇന്ത്യയില്‍ 3.15% ആളുകള്‍ മാത്രമേ കേരളത്തില്‍ ഉപഭോഗം നടത്തുന്നുള്ളൂ. മലയാളി ആവശ്യത്തിനുള്ള മരുന്നേ കഴിക്കുന്നുള്ളൂ. അത് ഉയര്‍ന്ന സാക്ഷരത നിലവാരം കൊണ്ട് നമ്മള്‍ നേടിയെടുത്തതാണ്. കുറച്ചു കൂടി മരുന്ന് കഴിക്കാനുള്ള ശേഷി മലയാളിക്കുണ്ടോ എന്നു ചോദിച്ചാല്‍ രോഗത്തിന്റെ അവസ്ഥ കൂടിയാല്‍ ഉണ്ട് എന്നു തന്നെ പറയാം. ഇപ്പോള്‍ 2000 മുതല്‍ 2500 കോടി രൂപയുടെ മരുന്ന് വരെ കേരളത്തിന് ആവശ്യമാണ് എന്ന പക്ഷക്കാരനാണ് ഞാന്‍. ഇന്ന് മരുന്ന് വില നിശ്ചയിക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് പങ്കുണ്ട്. വിതരണ ഏജന്‍സിക്കും പങ്കുണ്ട്. അതുപോലെ മരുന്നു കമ്പനികള്‍ക്കും പങ്കുണ്ട്. യാഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാറാണ് മരുന്നുവില നിശ്ചയിക്കേണ്ടത്. റീടെയില്‍ ഷോപ്പ് അവരുടെOver the Counter മരുന്ന് വില്‍ക്കുന്നുണ്ട്. അവരുടെ ഷോപ്പിന്റെ പേരടിച്ച് പ്രിസ്ക്രിപ്ഷന്‍ കാര്‍ഡ് ഡോക്ടര്‍ക്ക് നല്‍കുകയും റീടെയില്‍ ഷോപ്പിന്റെ ബോര്‍ഡ് ഡയറക്ടര്‍ കടകള്‍ക്കു മുന്നില്‍ അടിക്കുകയും ചെയ്യുന്നു. ഇത് മെഡിക്കല്‍ വിരുദ്ധമാണ്. മുഴുവന്‍ ഡോക്ടര്‍മാരും പ്രശ്നക്കാരല്ല. പക്ഷേ, ഗണ്യമായ വിഭാഗം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതോടു കൂടി മെഡിക്കല്‍ രംഗത്ത് വിശ്വാസ്യതയുടെ വലിയ പ്രശ്നമാണ് ഉണ്ടാവുന്നത്.

ഡോ.വിജയകുമാര്‍: മരുന്നിന്റെ വില നിശ്ചയിക്കേണ്ടത് ആശുപത്രികളൊന്നും അല്ല, ഗവണ്‍മെന്റാണ്. എന്നാല്‍ ദൌര്‍ഭാഗ്യകരമെന്നുപറയട്ടെ, കേന്ദ്ര ഗവണ്‍മെന്റിനും സംസ്ഥാന ഗവണ്‍മെന്റിനും ഒരു ഡ്രഗ് പോളിസി ഇല്ല. അവര്‍ കുത്തക ക്കമ്പനികളെ വെറുതെ വിടുന്നു. അതിനാലാണ് മരുന്നു വില ആശുപത്രികള്‍ തീരുമാനിക്കുന്നത്. മലയാളികള്‍ ഒരു വര്‍ഷം 2200 കോടി രൂപ മരുന്നിന്റെ നികുതി കൊടുക്കുന്നുണ്ട് എന്നാണ് കണക്ക്. പക്ഷേ, അതാണോ മലയാളി? ബില്ലെഴുതാത്ത മരുന്ന് വളരെ കൂടുതലല്ലേ? ഈ വിഷയത്തില്‍ ഐ എം എ ഡോക്ടര്‍മാരടക്കം കമ്മീഷന്‍ പറ്റുന്നുണ്ടോ എന്ന കാര്യം എനിക്കറിയില്ല. ഒരേ മരുന്ന് പല കമ്പനികളുടേത് വാങ്ങുമ്പോള്‍ വലിയ വ്യത്യാസമാണ് കാണുന്നത്.

എ പി കുരുവിള: ‘ഇമാമിനി’ എന്ന ഒരു മരുന്നുണ്ട്. അഞ്ചു വര്‍ഷമായി ഇന്ത്യയില്‍ വന്നിട്ട്. ഇതിന്റെ അസംസ്കൃത വസ്തുക്കള്‍ ചൈനയില്‍ നിന്ന് മാത്രമേ ഉണ്ടാക്കുന്നുള്ളൂ. ചൈനയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കു വന്ന് ക്യാപ്സൂളാക്കി ഇന്ത്യയില്‍ വരുമ്പോള്‍ വില 400 രൂപ ആകുന്നു. ഇതേ അസംസ്കൃത വസ്തു ഇന്ത്യയില്‍ വന്ന് ഇന്ത്യന്‍ കമ്പനികള്‍ മാര്‍ക്കറ്റ് ചെയ്യുമ്പോള്‍ 80 രൂപയേ ആകുന്നുള്ളൂ. ഈ മരുന്നിന് കാന്‍സര്‍ സ്പെഷ്യലിസ്റിന് മാത്രമേ എഴുതാന്‍ പറ്റൂ. നമ്മുടെ ഡോക്ടര്‍മാര്‍ വിദേശ മരുന്ന് മാത്രമേ എഴുതുന്നുള്ളൂ. രോഗിയോട് വിദേശ മരുന്നോ ഇവിടുത്തെ മരുന്നോ വേണ്ടതെന്ന് ചോദിച്ചാല്‍ വിദേശ മരുന്നിനാണ് രോഗി പ്രാധാന്യം കൊടുക്കുന്നത്.
എന്റെ അഭിപ്രായത്തില്‍ ഡോക്ടര്‍മാരുടെ അടുത്തു വരുന്ന രോഗികളില്‍ 50% ആളുകള്‍ക്കും മരുന്നിന്റെ ആവശ്യമില്ല. കാര്യം പറഞ്ഞ് മനസ്സിലാക്കിയാല്‍ മതി. പിന്നെയുള്ള 45% ന് എന്തെങ്കിലും അല്‍പസ്വല്‍പം മരുന്ന് മതി. അതിനി എന്തായാലും ശരി, അലോപ്പതിയോ ഹോമിയോപ്പതിയോ ആയുര്‍വേദമോ ആവാം. പിന്നെയുള്ള 5% ന് മാത്രം ചികിത്സ മതി. ഇതില്‍ 4% നും ശസ്ത്രക്രിയ കൊണ്ടേ മാറുള്ളൂ.

മനോജ് കൊക്കാട്ട്: ഹോമിയോ റീടെയ്ലില്‍ നിന്ന് എടുക്കുന്നില്ല. അലോപ്പതിയും ആയുര്‍വേദവുമാണ് ഞങ്ങള്‍ വില്‍ക്കുന്നത്.
ഒരു മരുന്ന് മറ്റൊരു മെഡിക്കല്‍ സെന്ററിലെത്തുമ്പോള്‍ വില കൂടുന്നു എന്ന പ്രശ്നം പരിഹരിക്കാന്‍ നമ്മുടെ മെഡിക്കല്‍ സിസ്റം തന്നെ മാറണം. യൂറോപ്പില്‍ ചെയ്യുന്നത് പോലെ അവരുടെ പണി ഡോക്ടര്‍മാര്‍ ചെയ്തിട്ട് ഡയഗ്നൈസ് ചെയ്താല്‍ മാത്രം മതി. ഫാര്‍മസിസ്റ് മരുന്ന് കുറിക്കട്ടെ. അങ്ങനെ വരുമ്പോള്‍ പരസ്യമായി ഒരു മരുന്നും വില്‍ക്കാന്‍ കഴിയില്ല. ഉദാഹരണത്തിന് ‘മുസ്ലി പവര്‍ എക്സ്ട്ര’ പരസ്യമായി വില്‍ക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാവും.

ഡോ. ബിന്ദു ജോണ്‍: അലോപ്പതിയുടെ വഴിയില്‍ നിന്ന് മാറണമെങ്കില്‍ പുതിയ വഴി തുറക്കണം. പക്ഷെ അതിനുള്ള സാധ്യത കേരളത്തിലില്ല. ആവും; പക്ഷേ അള്‍ട്ടര്‍നേറ്റീവ് സിസ്റത്തോടുള്ള ഡിമാന്റ് കൂടണം. യഥാര്‍ത്ഥത്തില്‍ ഹോമിയോപ്പതിക്ക് ശാസ്ത്രരംഗത്തേക്ക് പോകാന്‍ പറ്റിയിട്ടുണ്ട്. മുംബൈയില്‍ ഐ ഐ ടി ടീം നാനോ ടെക്നോളജി സ്റഡീസ് ഉപയോഗിച്ചാണ് ഹോമിയോപ്പതിയുടെ ഗുണം ഉണ്ടാവുന്നത് എങ്ങനെ എന്ന് കണ്ടുപിടിച്ചത്

ഇ എസ് ബിജിമോള്‍: ഏതായാലും ഈ രംഗത്ത് മരുന്നു കമ്പനികള്‍, കെമിസ്റുകള്‍, ഇവരുടെ അസോസിയേഷനുകള്‍ എല്ലാം ഇതിലെ കൂട്ടുപ്രതികളാണ്. ഈ മൂന്നു പേരും ചേര്‍ന്ന് നടത്തുന്ന അക്രമം ആണ് മരുന്നു വിപണിയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സ്ഥിരമായി രോഗികളെ ചൂഷണം ചെയ്യാന്‍ കഴിയുന്നതും ഈയൊരു ഐക്യം കൊണ്ടാണ്.
നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി ആണ് മരുന്നു വില നിശ്ചയിക്കേണ്ടത്. യഥാര്‍ത്ഥത്തില്‍ അനധികൃത ഇടപെടല്‍ കണ്ടെത്തേണ്ടതും തടയേണ്ടതും ഓള്‍ കേരള ഡ്രഗ്സ് കെമിസ്റ് അസോസിയേഷന്‍ ആണ്. എന്നാല്‍ ഇവര്‍ അനധികൃതമായി പണം പിരിക്കുകയും താല്‍പര്യമില്ലാത്തവരെ ഒഴിവാക്കുകയും നീതി സ്റോറുകള്‍ പൂട്ടാനുള്ള ഇടപാടുകള്‍ നടത്തുകയും സര്‍ക്കാറിനെയും ഡോക്ടര്‍മാരെയും ഹൈജാക്ക് ചെയ്യുകയും ചെയ്യുന്നു. മരുന്നിനെക്കുറിച്ച് സാധാരണക്കാര്‍ക്ക് അറിയാന്‍ പറ്റുന്നില്ല. ഒരു മരുന്ന് വാങ്ങാന്‍ തന്നെ വലിയ ക്യൂവും മറ്റും നേരിട്ട് മരുന്ന് വാങ്ങുന്നു. എന്തെങ്കിലും സംശയമുണ്ടായാല്‍ തന്നെ തിരിച്ചു പോയി ഡോക്ടറെ കാണാനും വലിയ ബുദ്ധിമുട്ടാണ്.

You must be logged in to post a comment Login