സവര്‍ണ്ണ മുസ്ലിം മനസ്സിന്‍റെ പര്‍ദ്ദപ്പേടികള്‍

     തില്‍മീദ് മസ്ജിദകത്ത്, കാരന്തൂര്‍

 ‘മുസ്ലിം സ്ത്രീയുടെ വസ്ത്രമെന്ത്? (ഹാഫിസ് മുഹമ്മദ്, മലയാളംവാരിക, 4 ജനുവരി 2013), ‘മക്തിതങ്ങള്‍, മാതൃഭാഷയുടെ പോരാളി (പി. പവിത്രന്‍, 5 ജനുവരി 2013), അവരുടെ തെറ്റിന് കുറ്റം മതത്തിനോ? (ഡോ. മുഹമ്മദ് റാഫി എന്‍ വി, 22 ജനുവരി 2012) എന്നീ ലേഖനങ്ങള്‍ ചേര്‍ത്തുവായിക്കുമ്പോള്‍ രണ്ടു ചോദ്യങ്ങള്‍ മനസ്സില്‍ തികട്ടിവരും.
– ഇവര്‍ കേരളത്തിലെ യുവതികളെക്കൊണ്ട് കാച്ചിയും നീളക്കുപ്പായവുമിടീപ്പിക്കുകയാണോ?
– പെണ്ണിന്റെ ഹിജാബിനെതന്നെ നിരാകരിക്കാനുള്ള പുറപ്പാടാണോ?

       മൂന്ന് ലേഖനങ്ങളെയും യോജിപ്പിക്കുന്ന പ്രമേയം തദ്ദേശീയ സംസ്കാരത്തോട്/ ഭാഷയോടുമുള്ള അധിനിവേഷമെന്നതാണ്. മക്തിതങ്ങളുടെ ചില ഉദ്ധരണികള്‍ ലേഖനത്തില്‍ നിന്നുമെടുക്കാം.
-“അറബി വാചകത്തെ മലയാളത്തില്‍ ഭാഷപ്പെടുത്തി പഠിപ്പിക്കുന്നതിനു പകരം ആ കിതാബ് പത്തും ഭാഷപ്പെടുത്തി ആ ഭാഷാന്തര കിതാബ് വായിക്കുന്നതായാല്‍ ഏറ്റവും എളുപ്പമുണ്ട്. ഒരു കൊല്ലം കൊണ്ടുണ്ടാകുന്ന അറിവ് രണ്ടുമാസം കൊണ്ടുണ്ടാവും.”
– ഇസ്ലാം ജനമൊക്കെയും മൌലവിമാരാകണമെന്നോ, അറബി ഭാഷ പഠിച്ചിരിക്കണമെന്നോ മതം നിര്‍ബന്ധിക്കുന്നില്ല.”
ലേഖകന്‍ മക്തിതങ്ങളെക്കുറിച്ച് പറയുന്നത് കാണുക:
“കേരളീയ മുസ്ലിംകളുടെ മാതൃഭാഷ മലയാളമായിരുന്നുവെങ്കിലും, എഴുതാനുപയോഗിച്ചിരുന്നത് അറബി ലിപിയാണ്. ഇതാണ് അറബിമലയാളമെന്ന് അറിയപ്പെടുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി മലയാള ലിപിയില്‍ ആദ്യമായി പുസ്തകമിറക്കിയ മുസ്ലിം എഴുത്തുകാരന്‍ മക്തിതങ്ങളാണ്.”

             മക്തിതങ്ങളുടെ നാട്ടുഭാഷയോടുള്ള അമിതമായ അനുരാഗം പത്തുകിത്താബ് പരിഭാഷപ്പെടുത്തി പഠിക്കേണ്ടിടത്തും അറബി മലയാളം കയ്യൊഴിയേണ്ടിടത്തുമെത്തിയെന്ന് ലേഖകന്‍ പറയുന്നു. ഇന്നുകാണുന്ന, ഖുതുബ പരിഭാഷയും, മലയാള മദ്രസാ പാഠപുസ്തകങ്ങളുടെയുമൊക്കെയിതിന്റെ ഭാഗമാവണം എന്നുകൂടി ലേഖകന്‍ പറയുന്നുണ്ട്. മതാചാരങ്ങളിലെ വണക്ക (തഅബുദിയ്യ്)മെന്ന മൂല്യത്തെയും ഇസ്ലാമിക പഠന സമ്പ്രദായത്തിലെ വിജ്ഞാന കൈമാറ്റ രീതി (സനദ്)യെയും കൂടി മക്തിതങ്ങളുടെ നിലപാടുകള്‍ ചോദ്യം ചെയ്യുന്നുണ്ട്. (സമുദായം/ മൌലവിമാര്‍ മലയാളം നാട്ടുഭാഷയെന്ന നിലക്ക് പഠിപ്പിക്കണമെന്ന് മക്തി തങ്ങളുടെ നിലപാടിനോട് യോജിച്ചു കൊണ്ടു തന്നെയാണിതെഴുതുന്നത്.)
മുസ്ലിം സ്ത്രീ പര്‍ദ്ധധരിക്കുമ്പോഴേക്കും ബേജാറാകുന്ന എന്‍ വി, എന്‍ പി നിലപാടുകളും സമുദായത്തിന്റെ സ്വത്വത്തോടൊപ്പം നടക്കാനുള്ള തെരഞ്ഞെടുപ്പിനാണ് റദ്ദ് ചെയ്യുന്നത്. (ലേഖകന്‍ പറയുന്നതുപോലെ, പര്‍ദ്ദകൊണ്ടല്ലെങ്കിലും പെണ്ണ് ശരീരം മുഴുവന്‍ മറച്ചാല്‍ മതിയെന്ന നിലപാടിനോട് ഒരുപരിധിവരെ യോജിച്ചുകൊണ്ടാണിതെഴുതുന്നത്). മലയാളി മുസ്ലിം സ്ത്രീ പര്‍ദ്ധ സ്വീകരിച്ചു തുടങ്ങിയതിന്റെ ചരിത്രപരമായ ഉറവിടം ഹാഫിസ് മുഹമ്മദ് കണ്ടെത്തുന്നതിങ്ങനെയാണ് :

       “ഭാര്യയുടെ എല്ലാ വ്യവഹാരങ്ങളെയും ദൂരെയിരുന്ന് നിയന്ത്രിക്കാനുമാവില്ലായിരുന്നു. ഭാര്യയുടെ തിളച്ചുമറിയുന്ന ലൈംഗികതയെ കെട്ടിയിടാന്‍ വിശ്വാസ ദാര്‍ഢ്യതയ്ക്ക് സാധിക്കുമെന്നവര്‍ കരുതി. വിശ്വാസത്തിന് ബാഹ്യാവരണ മണിയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പര്‍ദ്ധയുമായി ഗള്‍ഫുകാരന്‍ നാട്ടിലെത്തിയത്.”

         പര്‍ദ്ധയുടുപ്പിച്ചതിന് ഗള്‍ഫുകാരനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നതിനു പകരം, പര്‍ദ്ധ മലയാളി മുസ്ലിംകളുടെ സാമൂഹിക സംയോജനത്തിന്റെ ഫലമായി കണ്ടുകൂടേ? മേല്‍വസ്ത്രം മാത്രമല്ലേ അവര്‍ മാറുന്നുള്ളൂ. അല്ലെങ്കില്‍ മലയാളത്തില്‍ ജീവിക്കുന്ന പെണ്ണുങ്ങളൊക്കെ സാരിയുടുക്കണമെന്ന വാശി എന്തിന്നാണ്? അവര്‍ക്കവരുടെ വിശ്വാസത്തിനും തിരഞ്ഞെടുപ്പിനും യാതൊരു വിലയുമില്ലേ? ഒരുകൂട്ടം തുറന്നിടാന്‍ അഭിവാഞ്ഞ്ച കാണുക്കുമ്പോലെ തന്നെയാണ് വേറൊരു കൂട്ടം മൂടിവെക്കാന്‍ വെമ്പല്‍കൊള്ളുന്നതും. ആ മൂടിവെക്കുന്നതിന് ആദര്‍ശവുമായി ഇഴപിരിയാത്ത അടുപ്പമുണ്ട് താനും. ആ നിലക്ക് മതാചാര പ്രകാരം ശരീരമൊക്കെ മൂടാനുള്ള സ്ത്രീകളുടെ അവകാശത്തെ നിഷേധിക്കുന്നത് ശരിയാണോ? ഇതൊരു നിലയില്‍ സ്ത്രീ പീഡനമല്ലേ? ഖുര്‍ആന്റെ ആദ്യശബ്ദം കേട്ടിടത്തേക്കും നബിയുടെ വിശ്രമസ്ഥാനത്തേക്കും ഇടക്കിടെ പോയിവരുന്നവരുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റത്തെ പോസിറ്റീവായിക്കാണാനുള്ള സഹിഷ്ണുതയില്ലേ എന്‍പിക്കും, എന്‍ വിക്കും? ശരീരമാകെ മൂടുന്ന രീതി വിദേശിയല്ല. അല്ലാഹുവിന്റെ നിര്‍ദേശത്തിലുള്ളതാണ്. അതിന്ന് പര്‍ദ്ദ ഉപയോഗിക്കുമ്പോള്‍ അത് വിദേശിയായി. ഇന്ന് തദ്ദേശീയമായി തന്നെ പര്‍ദ്ദ നിര്‍മിക്കുന്നു. എത്രയോ ആളുകള്‍ അതിലൂടെ ഉപജീവനം കാണുന്നു. ആ നിലക്കെങ്കിലും ഒരു സഹിഷ്ണുത ആയിക്കൂടേ? നല്ല ഉദ്ദേശ്യത്തോടെ വന്ന വിദേശികളെ കെട്ടിപ്പുണര്‍ന്നവനാണ് മലയാളി. അത് ഹാഫിസ് മറന്നുപോയോ?
ഹാഫിസ് മുഹമ്മദ് ചോദിക്കുന്നത് കാണുക: “അറേബ്യന്‍ ദേശങ്ങളില്‍ ചില പ്രദേശങ്ങളില്‍ പിന്തുടര്‍ന്നിരുന്ന പര്‍ദ്ദയെ പൊതുസ്ത്രീവേഷമായി അംഗീകരിക്കുന്നവര്‍ എന്ത് കൊണ്ട് പുരുഷ•ാര്‍ അറബികളെപ്പോലെ നീളക്കുപ്പായവും ശിരോവസ്ത്രവുമിട്ട് നടക്കണമെന്ന് ശഠിക്കുന്നില്ല?”

      പര്‍ദ്ദ അറേബ്യയിലെ ചിലപ്രദേശങ്ങളിലെ വേഷമാണെന്ന് ലേഖകന്‍ സമ്മതിക്കുന്നു. പര്‍ദ്ദ പൂര്‍വ്വീകമാണെന്നും അറേബ്യന്‍ വേഷമാണെന്നുമാവുമ്പോള്‍ പ്രസ്തുത സംസ്കൃതിയോടുള്ള മാനവികമായ അനുരാഗത്തിന്റെ അഭിനിവേശത്തിന്റെ ഭാഗമായി മുസ്ലിം പെണ്ണിന് പര്‍ദ്ദ ധരിച്ചു കൂടേ? ഈ അനുരാഗത്തിന് മതകീയമായ മാനങ്ങളില്ലേ? കേരളത്തിന് എന്തുതരം ഭീഷണിയാണ് പര്‍ദ്ദമൂലം ഉണ്ടാവുന്നത്? മലയാളത്തില്‍ ഇനിയും ബാക്കിയുള്ള സവര്‍ണതയുമായി ഒത്തു പോവാന്‍ സുഖമുണ്ടാവും. എന്നാല്‍ തിരിച്ചു നീന്താന്‍ ഒത്തിരി പ്രയാസമുണ്ട്. ആ പ്രയാസമുള്ള വഴിക്കാണ് എല്ലാ കുത്തൊഴുക്കുകള്‍ക്കുമിടയിലും മുസ്ലിം സ്ത്രീ നീന്തിപ്പോരുന്നത്.

      പര്‍ദ്ദക്കെതിരായ മുറവിളികള്‍ കാലക്രമേണ മുസ്ലം സ്ത്രീയുടെ നാണം മറക്കാനുള്ള ഏതുതരം ശ്രമങ്ങള്‍ക്കുമെതിരെയുള്ള നീക്കമായി മാറും. തുടക്കത്തില്‍ പര്‍ദ്ദയെ പ്രതിയാക്കിയ എന്‍ എന്‍ കാരശ്ശേരി മാറി. ഇപ്പോഴദ്ദേഹം പ്രതിസ്ഥാത്തു നിര്‍ത്തുന്നത് സ്ത്രീയുടെ മതവിധിപ്രകാരമുള്ള വസ്ത്ര വിധാനത്തെ തന്നെയാണ്.
“പര്‍ദ്ദയെ തുടക്കത്തില്‍ ശക്തമായെതിര്‍ത്തുപോന്ന കാരശ്ശേരി മാഷും അവസാനം ചുവടുമാറ്റി എന്നാണ് അറിയുന്നത്. ‘സംഘടിത’ മാസികയില്‍ പര്‍ദ്ദയെ താന്‍ എതിര്‍ക്കുന്നില്ലെന്നും ഹിജാബിനെ പറ്റിയാണ് തന്റെ പ്രതിഷേധമെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.” റാഫിയുടെ വരികളാണിത്.

      ഹാഫിസ് മുഹമ്മദും റാഫിയുമിപ്പോള്‍ കാരശ്ശേരിയുടെ മുന്‍നിലപാടിലാണുള്ളത്. പര്‍ദ്ദക്കെതിരെയുള്ള കാരശ്ശേരിയുടെ നിലപാട് പെണ്ണിന്റെ ഹിജാബിനെതിരെയുള്ള നിലപാടിലേക്കുള്ള ആദ്യ പടിയായിരുന്നുവെന്ന് വ്യക്തമാണ്. അഥവാ ക്രമേണയിവരൊക്കെയും കാരശ്ശേരിയുടെ വഴിയെ വരാനുള്ള സാധ്യത കാണുന്നുണ്ട്. കാരണം, സവര്‍ണ മനസ്ഥിതിയാണ് മലയാളത്തിന്റെ പൊതുബോധം. അതിന്റെ ഹര്‍ഷാരവം തന്നെയാണ് ഇവരുടെ കാതുകള്‍ക്കും ഏറെ ഇമ്പം.
ജീന്‍സും കൂര്‍ത്തയും മാറിടം മറയ്ക്കുന്ന മഫ്തയും ധരിച്ചാല്‍ ഹിജാബാവില്ലേയെന്ന് ഹാഫിസ് മുഹമ്മദിന് ഒരു ചോദ്യവുമുണ്ട്. അപ്പോള്‍ ഹാഫിസിന്ന് ഇഷ്ടമുള്ള വേഷം തെരഞ്ഞെടുക്കാം. വിശ്വാസിയായ മുസ്ലിം സ്ത്രീക്ക് അവള്‍ക്ക് ചേര്‍ന്നൊരു വേഷം തെരഞ്ഞെടുക്കാന്‍ വയ്യ. അപ്പോള്‍ പര്‍ദ്ദയോട് ഹാഫിസിനുള്ളത് വിരോധം തന്നെയാണ് എന്നല്ലേ വരുന്നത്. മറുപടി പറയേണ്ടത് ഹാഫിസ് തന്നെയാണ്.

    ഇസ്ലാം സ്ത്രീയോട് അവര്‍ക്കിണങ്ങുന്ന രീതിയില്‍ ശരീരം മറക്കണമെന്നേ പറയുന്നുള്ളൂ. അവളുടെ അംഗലാവണ്യം പുറത്തറിയരുതെന്ന് മാത്രമാണ് ഇസ്ലാമിന് നിര്‍ബന്ധമുള്ളത്. പിന്നെ, അത് ആണ്‍വേഷത്തോട് സാമ്യമാകരുതെന്നുമുണ്ട്. ആ നിലയില്‍ അവള്‍ക്ക് അവളുടെ വേഷം തിരയാം. ഇസ്ലാമിന്ന് ആ നിലപാടില്‍ നിന്ന് പുറകോട്ട് പോകാനാവില്ല. ഇസ്ലാം മതവിശ്വാസികള്‍ക്കും പറ്റില്ല. നാമമാത്ര മുസ്ലിംകള്‍ക്ക് എന്തുമാവാം.
നാമമാത്ര മുസ്ലിംകള്‍ക്ക് സ്വതന്ത്രമായി ഇവിടെ നടക്കാം. ആരും വെട്ടാനും കുത്താനും പോവുന്നില്ല. അതുപോലെ മുസ്ലിം വിശ്വാസികള്‍ക്ക് അവര്‍ക്കിണങ്ങുന്ന വിഷേമിടാനും നടക്കാനും സ്വാതന്ത്യ്രമുണ്ട്. ആ സ്വാതന്ത്യ്രം ആരുടെയും ഔദാര്യമല്ല. അവകാശമാണ് എന്ന ബോധ്യം എല്ലാ മുസ്ലിംകള്‍ക്കുമുണ്ട്.

One Response to "സവര്‍ണ്ണ മുസ്ലിം മനസ്സിന്‍റെ പര്‍ദ്ദപ്പേടികള്‍"

  1. Blogan  June 10, 2013 at 10:02 am

    പര്‍ദ്ദയെക്കുറിച്ച് വ്യത്യസ്ഥമായ ഒരു പഠനം ഇവിടെ വായിക്കാം, പര്‍ദ്ദയെ കൂട്ട ബലാല്‍സംഗം ചെയ്യുന്നവരോട്…. ( http://1blogan.blogspot.com/2013/01/blog-post_3.html )

You must be logged in to post a comment Login