മലബാര്‍ മുസ്ലിംസ്: എ ഡിഫ്രന്റ് പെര്‍സ്പെക്ടീവ്


നമ്മെയും നാം ജീവിക്കുന്ന സമുദായത്തെയും കുറിച്ചുള്ള സത്യസന്ധവും വിപുലമായ വിശകലനങ്ങള്‍ നടത്തലാണ് അക്കാദമിക്കുകളുടെ ചുമതല. അത് ചരിത്രത്തെ വിമര്‍ശിക്കുന്നതിലോ സ്തുതിക്കുന്നതിലോ ഒതുങ്ങിപ്പോകരുത്.

ജാവേദ് ഇംതിയാസ്

       മലബാറിനെക്കുറിച്ച് ഇംഗ്ളീഷ് ഭാഷയില്‍ ഏറ്റവും അടുത്ത് പുറത്തുവന്ന പഠനമാണ് എല്‍ ആര്‍ ലക്ഷ്മിയുടെ മലബാര്‍ മുസ്ലിംസ്: എ ഡിഫ്രന്റ് പെര്‍സ്പെക്ടീവ് എന്ന പുസ്തകം. കോഴിക്കോട് റീജ്യനല്‍ ആര്‍ക്കേവ്സില്‍ സൂക്ഷിച്ച ചരിത്ര രേഖകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് മലബാറിന്റെ ചരിത്രത്തെ കുറേക്കൂടി തുറസാക്കിയെടുക്കാനുള്ള ഭാഗികമായ ശ്രമമാണ് 2012 ല്‍ പുറത്തുവന്ന ഈ പുസ്തകം നടത്തുന്നത്. മലബാര്‍ ദേശത്തിന്റെ സാമൂഹിക ചരിത്രം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ പഠനം പക്ഷേ ലഭ്യമായ പല ചരിത്ര സ്രോതസ്സുകളെയും ഉപയോഗിച്ചില്ല എന്നത് വലിയ ഒരു പരിമിതി തന്നെയാണ്. മലബാറിലെ മുസ്ലിംകളുടെ ഉത്ഭവം, വളര്‍ച്ച എന്നിവയെക്കുറിച്ചാണ് പുസ്തകത്തിലെ ആദ്യ അധ്യായം; അവസാനത്തെ അധ്യായമാകട്ടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മുസ്ലിംകളുടെ വളര്‍ച്ചയെക്കുറിച്ചും. ഇതിനിടയിലെ അഞ്ചു അധ്യായങ്ങള്‍ 1870 നും 1940 നും ഇടയിലെ കുടുംബ സ്വത്തവകാശ നിയമങ്ങള്‍ മതകീയ തര്‍ക്കങ്ങള്‍, പരിഷ്കരണ പ്രവണതകള്‍, വിദ്യാഭ്യാസ, രാഷ്ട്രീയെ വളര്‍ച്ച തുടങ്ങിയ കാര്യങ്ങളിലൊക്കെ ശ്രദ്ധയൂന്നുന്നു.

   മലബാര്‍ സമൂഹത്തെയും അവിടെ വിവിധ സമയങ്ങളില്‍ നടന്ന നിയമ രൂപീകരണങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന സുപ്രധാനങ്ങളായ വളര്‍ച്ചയെ മനസ്സിലാക്കാന്‍ ഇക്കാലയളവില്‍ മലബാറില്‍ നടന്ന ഔദ്യോഗിക വിവര നിയമങ്ങള്‍, നിയമനിര്‍മാണചര്‍ച്ചകള്‍, കോടതി വ്യവഹാരങ്ങള്‍ എന്നിവയെയാണ് ഈ പഠനം പ്രധാനമായും ആശ്രയിക്കുന്നത്. അനന്തരാവകാശത്തെക്കുറിച്ചുള്ള അധ്യായം നിയമവും ആചാരങ്ങളും തമ്മില്‍ മലബാറില്‍ നടന്ന രസകരമായ കൊടുക്കല്‍ വാങ്ങലുകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അനന്തരാവകാശത്തെക്കുറിച്ചുള്ള കേസ് നടത്തിപ്പുകള്‍ മുസ്ലിംകള്‍ക്കിടയില്‍ പെരുകാനുണ്ടായ പ്രധാന കാരണം ചിലര്‍ മക്കത്തായവും മറ്റു ചിലര്‍ മരുമക്കത്തായവും പിന്തുടര്‍ന്നതു കൊണ്ടാണ്. അതുകൊണ്ട് വ്യത്യസ്ത രീതികള്‍ പിന്തുടര്‍ന്ന് വന്ന കുടുംബങ്ങള്‍ തമ്മില്‍ കല്യാണങ്ങള്‍ നടന്നപ്പോള്‍ അകാശതര്‍ക്കങ്ങള്‍ കൂടിക്കുഴഞ്ഞതായി മാറി. 1918 ലെ മാപ്പിള പിന്തുടര്‍ച്ചാവകാശ നിയമം, 1937 ലെ ശരീഅത്തു നിയമം, 1939 ലെ മാപ്പിള മരുമക്കത്തായ നിയമം തുടങ്ങിയ നിയമനിര്‍മാണങ്ങളിലെ ആചാരങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളിലുള്ള പങ്കു കുറച്ചു കൊണ്ടുവരാനും വ്യക്തി നിയമങ്ങളെ കുറേക്കൂടി ഏകതാനമാക്കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടായി. മേമ•ാര്‍ക്കും ഖോജാസിനും ഓള്‍ ഇന്ത്യ ശരീഅത്ത് നിയമം ബാധകമാകാതിരുന്നത് പോലെ, മാപ്പിളമാര്‍ക്കും അത് ബാധകമാക്കിയിട്ടുണ്ടായിരുന്നില്ല. പക്ഷെ മറ്റു രണ്ടു നിയമങ്ങളും വ്യത്യസ്ത പ്രതികരണങ്ങളാണ് സമുദായത്തില്‍ ഉണ്ടാക്കിയത്. ഇതേസമയത്ത് തന്നെ മരുമക്കത്തായത്തെ പിന്തുണച്ചിരുന്ന വടക്കെ മലബാറുകാര്‍ നിയമനിര്‍മാണത്തിലെ എതിര്‍പ്പിലൂടെയും തറവാടുകള്‍ വിഭജിക്കാനുള്ള മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നിട്ടും തറവാടുകളില്‍ തന്നെ താമസിക്കാന്‍ തീരുമാനിക്കുക വഴിയും അവരുടെ ആചാരങ്ങളെ നിലനിര്‍ത്തുന്നതില്‍ ഒരു പരിധി വരെ വിജയിച്ചു. തെക്കെ മലബാറുകാരായ മുസ്ലിംകളെ അപേക്ഷിച്ച് വടക്കെ മലബാറുകാര്‍ കൂടുതല്‍ സമ്പന്നരും സമാധാനാന്തരീക്ഷത്തില്‍ ജീവിക്കുന്നവരുമാകാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് ഈ ആചാരങ്ങളാണെന്നു ഇവിടത്തുകാര്‍ വിശ്വസിച്ചു പോന്നു. ഇത്തരം സമ്പ്രദായങ്ങളില്‍ സ്വത്തിന്റെ കൈകാര്യാവകാശത്തിനു സ്ത്രീകള്‍ക്കു കൂടി സ്വാതന്ത്യ്രം ഉണ്ടായിരുന്നതിനാല്‍ സ്ത്രീകളുടെ നില കുറെക്കൂടി മെച്ചപ്പെട്ടതായിരുന്നു.

    അതേസമയം മാപ്പിള മുസ്ലിംകളെ ക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാടുകളില്‍ നിന്നും തെക്കെ വടക്കെ മലബാറിലെ പ്രത്യേകതകളിലേക്കുള്ള വ്യതിയാനം ഈ പുസ്തകം വേണ്ടവിധം വിശദീകരിക്കുന്നില്ല.
ഉദാഹരണത്തിന് നിയമനിര്‍മാണ സംബന്ധിച്ച ഒട്ടുമിക്ക സ്രോതസുകളും കോഴിക്കോട് നിന്നും വടക്കേ മലബാറില്‍ നിന്നും ശേഖരിച്ചവയാണ്. മലബാറിനെക്കുറിച്ചുള്ള പൊതുവായ സിദ്ധാന്തങ്ങളുടെയോ വിവരണങ്ങളുടെയോ അഭാവമാണ് ഈ പുസ്തകത്തെ കുഴക്കുന്നത്. ആര്‍ക്കൈവുകളില്‍ നിന്നും മറ്റു സ്രോതസ്സുകളില്‍ നിന്നും ഒട്ടനവധി വിവരങ്ങളും രേഖകളും ഉപയോഗിച്ചിട്ടുണ്ടെങ്കിലും അവ എന്തുകൊണ്ടാണ് എങ്ങനെയാണ് ഉപയോഗിച്ചത് എന്നതിനെക്കുറിച്ചുള്ള വിശദീകരണങ്ങളൊന്നും പുസ്തകത്തിലില്ല. മാത്രവുമല്ല വിവിധ അധ്യായങ്ങളുടെ അവസാന ഭാഗത്ത് ചേര്‍ത്ത വാദങ്ങളും കണ്ടെത്തലുകളും തീര്‍ത്തും ദുര്‍ബലവും ലളിതവത്കരിക്കപ്പെട്ടതുമാണ്. ഉദാഹരണത്തിന് മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ രസകരമായ ചരിത്ര രേഖകള്‍ ലേഖിക ഉപയോഗിക്കുന്നുണ്ട്. ഹിദായത്തുല്‍ ഇസ്ലാം സഭ, മഞ്ചേരി ഹിദായത്തുല്‍ ഇസ്ലാം സഭ പോലുള്ള സംഘങ്ങള്‍ മുസ്ലിം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു സര്‍ക്കാറുകളില്‍ ചെലുത്തിയ സമ്മര്‍ദങ്ങളെക്കുറിച്ച് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പക്ഷേ വിശകലനത്തിന്റെ തലത്തില്‍ ഇത്തരം പരിശ്രമങ്ങളുടെ കുറെക്കൂടി സങ്കീര്‍ണമായ വിവരങ്ങള്‍ നല്‍കാമായിരുന്നിട്ടു കൂടി ഇതെല്ലാം മുസ്ലിംകളുടെ പുരോഗതിയുടെയും സാമൂഹികമായ ചലനാത്മകതയുടെയും ഉദാഹരണങ്ങളാണ് എന്ന വിധത്തിലുള്ള തീര്‍ത്തും ലളിതവത്കരിക്കപ്പെട്ട ഒഴുക്കന്‍ പ്രസ്താവനകളാണ് ലേഖിക നടത്തുന്നത്.

    അതുപോലെ അവസാന അധ്യായത്തില്‍ നടത്തുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കുള്ള പൊടുന്നനെയുള്ള ചാട്ടവും എന്തുകൊണ്ടാണെന്ന് പുസ്തകം വിശദമാക്കുന്നില്ല. 1947 നു ശേഷമുള്ള 60 വര്‍ഷത്തിനിടയില്‍ നടന്ന സംഭവ വികാസങ്ങളെക്കുറിച്ച് എന്തുകൊണ്ടാണ് പുസ്തകം ഒന്നും പറയാതെ പോകുന്നത്? അവസാനത്തെ അധ്യായമാകട്ടെ, മലബാറിലെ മുസ്ലിംകള്‍ വിദ്യാഭ്യാസപരമായി നേടിയ പുരോഗതിക്ക് അഭിനന്ദനമര്‍ഹിക്കുന്നുണ്ട് എന്ന പ്രസ്താവിക്കാന്‍ വേണ്ടി എന്നു തോന്നിപ്പിക്കുന്ന തരത്തില്‍ വിദ്യാഭ്യാഭ്യാസ സ്ഥാപനങ്ങളെയും റാങ്ക് ജേതാക്കളെയും മത സംഘടനകളെയും പ്രവാസികളെയും കുറിച്ച് ചന്ദ്രിക ദിനപത്രത്തില്‍ വന്ന ചിതറിക്കിടക്കുന്ന വിവരങ്ങളുടെ വിവരണമാണ്. രീതി ശാസ്ത്രപരമായ പാകപ്പിഴവുകള്‍ക്ക് പുറമെ പുസ്തകം പലയിടങ്ങളിലും വെറും ചരിത്ര വര്‍ണനകള്‍ മാത്രമായി ചുരുങ്ങിപ്പോവുകയും സാമൂഹിക ചരിത്രത്തെക്കുറിച്ച് അക്കാദമികതലത്തില്‍ പുലര്‍ത്തിപ്പോരുന്ന മാനദണ്ഡങ്ങളെ കൈയൊഴിയുകയും ചെയ്യുന്നുണ്ട്. മലബാര്‍ മുസ്ലിംകളെയും അവരുടെ അതിസങ്കീര്‍ണമായ ചരിത്രത്തെയും പഠിക്കാനാഗ്രഹിക്കുന്ന സാമൂഹിക ശാസ്ത്രജ്ഞരാവട്ടെ മാപ്പിളമാരാവട്ടെ മറ്റുള്ളവരാകട്ടെ ഇത്തരം ലളിതവത്കരിക്കപ്പെട്ട സാമാന്യവത്കരണങ്ങളില്‍ നിന്ന് അകലം പാലിക്കേണ്ടതുണ്ട്.

    ഈ വര്‍ഷമാദ്യത്തില്‍ മലബാറില്‍ നടന്ന ഒരു കൊലപാതകത്തിന്റെ കോടതി വ്യവഹാര രേഖകള്‍ തേടിയുള്ള എന്റെ അന്വേഷണത്തിനിടെ നിരവധി പുരാവസ്ത ശേഖരങ്ങളുള്ള മലപ്പുറം സ്വദേശിയായ ഒരാളെ ഞാന്‍ കണ്ടുമുട്ടി. അറിവും വിദ്യാഭ്യാസവും നേടിയല്ല, മലബാറിലെ പുതുതലമുറ മുസ്ലിംകള്‍ സമുദായത്തെ വിമര്‍ശിച്ചു കൊണ്ടാണ് പേരെടുക്കുന്നതെന്നും ലക്ഷ്മിയുടെത് പോലുള്ള പുസ്തകങ്ങളാണ് നിങ്ങള്‍ മാതൃകയാക്കേണ്ടതെന്നും എന്നോട് സൂചിപ്പിക്കുകയുണ്ടായി. മാധ്യമങ്ങളിലും അക്കാദമിക പഠനങ്ങളില്‍ തന്നെയും നടക്കുന്ന മലബാര്‍ മുസ്ലിംകളെക്കുറിച്ചുള്ള വില്ലന്‍ വത്കരണത്തിനിടയില്‍ അദ്ദേഹത്തിന് ഈ പുസ്തകം ആശ്വാസം നല്‍കിയിട്ടുണ്ടാവാം. പക്ഷേ ഇത്തരം വില്ലന്‍വത്കരണ വിവരണങ്ങളുടെ അതെ രീതിശാസ്ത്രം തന്നെയാണ് ലക്ഷ്മിയുടെ പുസ്തകത്തിലും പിന്തുടരുന്നത്. മലബാര്‍ മുസ്ലിംകളെക്കുറിച്ചുള്ള ഒരാളുടെ മുന്‍ധാരണകളെയും അഭിപ്രായങ്ങളെയും ഊട്ടിയുറപ്പിക്കാനുതകുന്ന അനുഭവങ്ങളും ഭാഗികവും പ്രത്യേകം തിരഞ്ഞെടുത്തതുമായ ചരിത്ര രേഖകളും വച്ചുകൊണ്ടുള്ള വര്‍ണനകള്‍.

2 Responses to "മലബാര്‍ മുസ്ലിംസ്: എ ഡിഫ്രന്റ് പെര്‍സ്പെക്ടീവ്"

  1. Shahul Hameed  February 17, 2013 at 7:11 pm

    Hi.

    I have not read the the book mentioned as a source of this write-up. However I can clearly tell you that history is normally misinterpreted by commercial writers. Some writers are more interested in conspiracy theory rather than straight forward truths.

    Shahul Hameed from United Kingdom.

    • kpm  June 10, 2013 at 4:50 am

      Dear, Shahul Hameed, what is the straight forward truth you mentioned. I believe that every accounts are description through the view point of the author, and one cannot say what is the real straight forward truth.

You must be logged in to post a comment Login