കോണ്‍ഗ്രസും മുസ്ലിംകളും 65വര്‍ഷത്തെ അനുഭവങ്ങള്‍

കോണ്‍ഗ്രസും മുസ്ലിംകളും 65വര്‍ഷത്തെ അനുഭവങ്ങള്‍

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പൂര്‍ണ ഹിജാബില്‍ വരുന്ന ഇന്ദിരാഗാന്ധി. കോണ്‍ഗ്രസും മുസ്ലിംകളും തമ്മിലുള്ള അറുപത്തഞ്ച് കൊല്ലത്തെ ബന്ധം എത്രമാത്രം കപടമായിരുന്നുവെന്നതിന്റെ ഒന്നാംതരം അടയാളം തന്നെ.

ശാഹിദ്

 

1919ല്‍ സ്ഥാപിതമായത് മുതല്‍ കോണ്‍ഗ്രസിനോട് ഒട്ടിനിന്നു പ്രവര്‍ത്തിച്ച പാരമ്പര്യമാണ് ഉത്തരേന്ത്യയിലെ മതപണ്ഡിതന്മാരുടെ സംഘടനയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റേത്. കോണ്‍ഗ്രസിന്റെ കര്‍മപദ്ധതിയില്‍ നിന്ന് വ്യത്യസ്തമായതൊന്ന് അചിന്തനീയമായിരുന്നു ജംഇയ്യത്തിന് ഇതുവരെ. സ്വാതന്ത്യ്രപൂര്‍വ കാലഘട്ടത്തില്‍ സര്‍വേന്ത്യാ മുസ്ലിം ലീഗിനെ നേരിടാനും അവരുടെ കര്‍മപരിപാടികള്‍ക്കെതിരെ ഫത്വ ഇറക്കാനും കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്നത് ഈ പണ്ഡിതരെയായിരുന്നു. സ്വാതന്ത്യ്രലബ്ധിക്കു ശേഷവും കോണ്‍ഗ്രസിന്റെ പോഷക ഘടകമായി വര്‍ത്തിക്കാനാണ് ദയൂബന്ദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വഹാബിസത്തിന്റെ ഇന്ത്യന്‍ അവതാരങ്ങള്‍ കിണഞ്ഞു ശ്രമിച്ചുപോന്നത്. അതിന് ഇടക്കിടെ തക്കതായ പ്രതിഫലം അതിന്റെ നേതാക്കള്‍ക്ക് കിട്ടാറുമുണ്ട്. സ്ഥാപകനേതാക്കളിലൊരാളായ മൌലാനാ ഹുസൈന്‍ അഹ്മദ് മദനിയുടെ പേരില്‍ തപാല്‍ വകുപ്പ് അനുസ്മരണ സ്റാമ്പ് ഇറക്കുകയുണ്ടായി. മൌലാനാ അസദ് മദനിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്താണ് കോണ്‍ഗ്രസ് കടപ്പാട് തീര്‍ത്തത്.

ജംഇയ്യത്തിന്റെ നിലവിലെ ജന.സെക്രട്ടറി മൌലാനാ മഹ്മൂദ് മദനി പലപ്പോഴും വാര്‍ത്തകളില്‍ കടന്നുവരാറ് മുസ്ലിം പ്രശ്നങ്ങള്‍ വരുമ്പോള്‍ ഡല്‍ഹി ഭരിക്കുന്നവര്‍ക്ക് അനുകൂലമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയാണ്. കോണ്‍ഗ്രസുമായി അരികുചേര്‍ന്നു ഇതുവരെ പ്രവര്‍ത്തിച്ചിരുന്ന മൌലാന പെട്ടെന്ന് വിവാദ പുരുഷനായി മാറിയിരിക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും ബിജെപിക്കും അനുകൂലമായ പ്രസ്താവനകള്‍ നടത്തിയതാണ് കാരണം. ആജ്തക് ചാനലുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം തട്ടിവിട്ടിരിക്കുന്നത് മോഡിയുടെ ഭരണത്തോടുള്ള ഗുജറാത്തിലെ മുസ്ലിംകളുടെ സമീപനത്തില്‍ കാതലായ മാറ്റം കണ്ടുതുടങ്ങിയിരിക്കുന്നുവെന്നാണ്. സെക്കുലര്‍ പാര്‍ട്ടികള്‍ എന്ന് അവകാശപ്പെടുന്ന കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുസ്ലിംകളേക്കാള്‍ ഗുജറാത്തിലെ മുസ്ലിംകള്‍ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും സാമ്പത്തികമായി ശാക്തീകരണം പ്രാപിച്ചിരിക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഗുജറാത്ത് ജയിലുകളിലുള്ളതിനേക്കാള്‍ മുസ്ലിംകള്‍ മഹാരാഷ്ട്ര ജയിലിലാണത്രെ കഴിയുന്നത്. മൂന്നാം തവണയും ബിജെപി അധികാരത്തിലേറിയത് മുസ്ലിംകള്‍ വ്യാപകമായി മോഡിക്ക് അനുകൂലമായി വോട്ട് ചെയ്തത് കൊണ്ടാണ് പോലും. അടുത്തിടെ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിയോടൊപ്പമാണ് മുസ്ലിംകള്‍ നിലയുറപ്പിച്ചത്. തൊണ്ണൂറ് ശതമാനം മുസ്ലിംകള്‍ അധിവസിക്കുന്ന സലായ നഗരസഭയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ലെന്നും ബിജെപിയാണ് അവിടെ ജയിച്ചുകയറിയതെന്നും ജംഇയ്യത്തു നേതാവ് പറയുമ്പോള്‍ നാം മൂക്കിന് വിരല്‍ വച്ചു പോകും. മോഡിയുടെയും ബിജെപിയുടെയും ഭരണത്തിലാവും മുസ്ലിംകള്‍ക്ക് രക്ഷ എന്ന് സമര്‍ത്ഥിക്കാന്‍ അദ്ദേഹം ഫലസ്തീനികളുടെ കാര്യം എടുത്തു പറയുന്നുണ്ട്. ഫലസ്തീനിലെ മുസ്ലിംകളേക്കാള്‍ സുരക്ഷിതര്‍ ഇസ്രായേലില്‍ കഴിയുന്ന മുസ്ലിംകളാണത്രെ.

ഇവിടെ മോഡിയുടെ ഭരണത്തെക്കുറിച്ച് മഹ്മൂദ് മദനി നടത്തിയ പരാമര്‍ശത്തെ വിശകലനം ചെയ്യുകയല്ല ഉദ്ദേശ്യം. മോഡിയുടെ മുസ്ലിം സ്നേഹത്തെ കുറിച്ച് വിലയിരുത്തലുമല്ല. മറിച്ചു ഇതുവരെ കോണ്‍ഗ്രസിന്റെ വാലായി പ്രവര്‍ത്തിച്ച ഒരു പണ്ഡിത സഭയുടെ തലപ്പത്തിരിക്കുന്ന ഒരു നേതാവ് വര്‍ഗീയതയുടെ മൂര്‍ത്തീമദ്ഭാവമായി ലോകമൊന്നടങ്കം അംഗീകരിച്ച ഒരു നേതാവിന് ഗുഡ്സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തായിരിക്കുമെന്ന് ആലോചിക്കുകയാണ്. പൂര്‍വകാല ബന്ധം പൂര്‍ണമായും വിച്ഛേദിച്ച് ജംഇയ്യത്തുല്‍ ഉലമയെ ഹിന്ദ് കോണ്‍ഗ്രസില്‍ നിന്ന് അകലാന്‍ തീരുമാനിച്ചിരിക്കുകയാണോ? ആണെങ്കില്‍ എന്തുകൊണ്ട്? കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ടത് ബിജെപിയില്‍ നിന്നും നരേന്ദ്രമോഡിയില്‍ നിന്നും മഹ്മൂദ് മദനിയെ പോലുള്ളവര്‍ പ്രതീക്ഷിക്കുന്നുണ്ടോ? ഇവിടെ മഹ്മൂദ് മദനിയോടൊപ്പം പ്രതിക്കൂട്ടില്‍ കയറ്റപ്പെടുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. ലോകത്തെ ഏറ്റവും പഴക്കമുള്ള ജനായത്ത പ്രസ്ഥാനമായ കോണ്‍ഗ്രസിന് ഇക്കാലത്തിനിടയില്‍ സംഭവിച്ച പരിണാമങ്ങള്‍ ആ പാര്‍ട്ടിയില്‍ ആശ്വസിപ്പിച്ച വലിയൊരു വിഭാഗം ജനതയെ അവരില്‍ നിന്ന് അകറ്റിയിട്ടുണ്ട്.

ഒരു പൊതു തിരഞ്ഞെടുപ്പിന്റെ പതനസ്വനം കേട്ടുതുടങ്ങിയ ഘട്ടത്തില്‍ രാജ്യത്തെ ഇരുപത് കോടിയോളം വരുന്ന മുസ്ലിംകള്‍ കോണ്‍ഗ്രസിനെ എങ്ങനെ നോക്കിക്കാണുന്നു എന്നത് പഠനം അര്‍ഹിക്കുന്ന വിഷയമാണ്. മുസ്ലിംകള്‍ക്ക് പ്രത്യേകമായി ഒരു രാഷ്ട്രം സ്ഥാപിതമായിട്ടും ആ വാഗ്ദാനം സ്വീകരിക്കാതെ തങ്ങളുടെ പൂര്‍വികര്‍ ആറേഴു നൂറ്റാണ്ടുകാലം ഭരിച്ച ഇന്ത്യയില്‍ തന്നെ തങ്ങാന്‍ ദൃഢതീരുമാനമെടുത്തവരാണ് ഇവിടുത്തെ മുസ്ലിംകള്‍. വിഭജനത്തിന്റെ നിര്‍ണായക ദശാസന്ധിയില്‍ അത്തരമൊരു തീരുമാനമെടുക്കാന്‍ ധൈര്യം പകര്‍ന്നത് മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും മൌലാനാ അബ്ദുല്‍ കലാം ആസാദുമൊക്കെ നേതൃത്വം കൊടുത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായിരുന്നു. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആര്‍എസ്എസും ഹിന്ദുമഹാസഭയും കോണ്‍ഗ്രസിലെ തന്നെ തീവ്രവലതുപക്ഷവും വാദിച്ചിരുന്ന ആ നിര്‍ണായക ഘട്ടത്തില്‍ പൌരസമത്വം ഉദ്ഘോഷിക്കുന്ന ഒരു ഭരണഘടനയിലൂടെ തുല്യനീതിയും അവസരസമത്വവും ഉറപ്പുനല്‍കിയത് ഈ നവഭാരത ശില്‍പികളായിരുന്നു. നെഹ്റുവിന്റെ നേതൃത്വമാണ് ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് മതേതര വ്യവസ്ഥയെകുറിച്ചും അവര്‍ഗീയ കോണ്‍ഗ്രസിനെ കുറിച്ചും ആ പ്രതിസന്ധി ഘട്ടത്തില്‍ പ്രതീക്ഷകള്‍ കൈമാറിയത്. അതിനര്‍ത്ഥം കോണ്‍ഗ്രസ് പൂര്‍ണമായും മതേതരമായി ചിന്തിക്കുന്ന പാര്‍ട്ടിയായിരുന്നു എന്നല്ല. ഒരു തീവ്രവലതുപക്ഷ ധാര എക്കാലവും കോണ്‍ഗ്രസിനകത്ത് ന്യൂനപക്ഷ വിരുദ്ധ നിലപാടുമായി പാര്‍ട്ടിയുടെ കാര്യപരിപാടികളെയും അജണ്ടയെയും സ്വാധീനിക്കുന്നുണ്ടായിരുന്നു. അതിന്റെ വിവിധ മാനങ്ങള്‍ അടയാളപ്പെടുത്തുന്നതിന് അബുല്‍കലാം ആസാദിന്റെ ആത്മകഥ ഇന്ത്യ വിന്‍സ് ഫ്രീഡം ഒരാവര്‍ത്ത വായിച്ചാല്‍ മതി. പുസ്തകത്തിന്റെ ഒരധ്യാം തന്റെ മരണശേഷം മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന് അദ്ദേഹം വസ്വിയത്ത് ചെയ്തത് പോലും കയ്പേറിയ അനുഭവങ്ങള്‍ വെളിപ്പെടുത്താനുള്ളത് കൊണ്ടാണ്. ഇന്ത്യയുടെ വിഭജനം യാഥാര്‍ത്ഥ്യമാവുകയും പാക്കിസ്ഥാന്‍ നിലവില്‍ വരുകയും ചെയ്തതോടെ അതിന്റെ മുഴുവന്‍ പാപപങ്കിലതകളും മുസ്ലിംകളുടെ പിരടിയില്‍ കെട്ടിവച്ച്, കുറ്റപ്പെടുത്തലുകളുടെയും ശത്രുമനോഭാവത്തിന്റെയും സമീപനമാണ് പൊതുവെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചു പോന്നത്. നെഹ്റു അതിന് അപവാദമായിരുന്നു. 1949ല്‍ ബാബരി മസ്ജിദിനകത്ത് ശ്രീരാമവിഗ്രഹം കൊണ്ടിട്ടപ്പോള്‍ അതെടുത്തുമാറ്റാന്‍ കൂട്ടാക്കാതിരുന്ന ഭരണകൂട മനഃസ്ഥിതി വായിച്ചെടുക്കാവുന്നതാണ്. നെഹ്റു ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അന്നത്തെ യുപി മുഖ്യമന്ത്രി ഗോവിന്ദ് പാന്ത് വിഗ്രഹം നീക്കം ചെയ്യുകയോ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച വര്‍ഗീയ വാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയോ ചെയ്തില്ല. മഹാത്മജിയുടെ വധത്തിലേക്ക് നയിച്ച ഊതിക്കാച്ചിയ മുസ്ലിം വിദ്വേഷം ആ കാലഘട്ടത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയെ അതിന്റെ പരമകാഷ്ഠയിലെത്തിച്ചപ്പോള്‍ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം അതിന്റെ ഭാഗമായി നിലകൊള്ളുകയായിരുന്നു. 1950 ആഗസ്റില്‍ ചേര്‍ന്ന എഐസിസി സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റായി പുരുഷോത്തംദാസ് ടാന്‍ഡന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നെഹ്റു അദ്ദേഹത്തെ അംഗീകരിക്കാന്‍ തയ്യാറായില്ല. താങ്കളെ ഹിന്ദു വര്‍ഗീയ പുനരുത്ഥാന ശക്തിയുടെ പ്രതീകമായാണ് പലരും കാണുന്നതെന്നും കോണ്‍ഗ്രസും ആ വഴിക്കാണ് ചലിക്കുന്നതെന്ന് വരുന്നത് കൊടിയ അനര്‍ത്ഥങ്ങള്‍ വരുത്തിവെക്കുമെന്നും നെഹ്റു അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്റു ശുദ്ധ മതേതരവാദിയും പൌരസമത്വം ആഗ്രഹിക്കുന്ന വിശാലഹൃദയനുമായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസ് മറ്റൊരു ഹിന്ദു പാര്‍ട്ടിയായി പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ച ഒരു വിഭാഗം ഉണ്ടായിരുന്നു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നേതൃത്വം കൊടുത്ത ആ ചിന്താധാര നെഹ്റു എന്ന അതികായകന്റെ മുന്നില്‍ ഒരു പരിധിവരെ നിര്‍വീര്യമാവുകയായിരുന്നു. പാക്കിസ്ഥാനിലേക്കും കാശ്മീരിലേക്കും കൈചൂണ്ടിയാണ് ഇവിടുത്തെ മുസ്ലിംകളുടെ രാജ്യത്തോടുള്ള കൂറ് അവര്‍ അളന്നത്. മുസ്ലിംകളെ അഞ്ചാംപത്തികളായി കണ്ടു പ്രതിരോധം, പോലീസ്, രഹസ്യാന്വേഷണ ഏജന്‍സി തുടങ്ങിയ മര്‍മപ്രധാന കേന്ദ്രങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തി. ഹൈദരാബാദിലെ നൈസാം ഭരണകൂടത്തെ സൈനിക നടപടികളിലൂടെ ഇന്ത്യയോട് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇങ്ങ് കേരളക്കരയില്‍ പോലും മുസ്ലിം നേതാക്കളെ (പാണക്കാട്ട് പൂക്കോയ തങ്ങളെ അടക്കം) അറസ്റ് ചെയ്തു ജയിലലടച്ചു. അറുപതുകള്‍ തൊട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവക്ക് പിന്നില്‍ കോണ്‍ഗ്രസ് സര്‍ക്കാറുകളുടെ ഒത്താശയോ അല്ലെങ്കില്‍ അലംഭാവമോ ആണ് മുഖ്യമായും വര്‍ത്തിച്ചതെന്ന് കണ്ടെത്തി.

1975ലെ അടിയന്തരാവസ്ഥവരെ കോണ്‍ഗ്രസിന് അല്ലാതെ മുസ്ലിംകള്‍ വോട്ട് ചെയ്തിരുന്നില്ല. അടിയന്തരാവസ്ഥയുടെ കാളരാത്രികളില്‍ ഭരണകൂട ഭീകരഫണം വിടര്‍ത്തി അതിക്രമങ്ങളിലേര്‍പ്പെട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ കഷ്ടതകളും യാതനകളും അനുഭവിച്ചത് മുസ്ലിംകളാദി ദുര്‍ബല വിഭാഗങ്ങളായിരുന്നു. കോണ്‍ഗ്രസില്‍ അതുവരെ വിശ്വാസമര്‍പ്പിച്ച ഒരു ജനവിഭാഗത്തെ പൂര്‍ണമായി അകറ്റിയ ആ കാലഘട്ടത്തിലെ ഒരു സംഭവവികാസം എഴുത്തുകാരന്‍ താരീഖ് അലി വിവരിക്കുന്നത് കാണുക:സ്വത്തുകച്ചവടക്കാര്‍ക്കു വേണ്ടി ശുചീകരണത്തിന്റെ പേരില്‍ ദല്‍ഹി ജുമാമസ്ജിദിന്റെ പരിസരത്തെ മുസ്ലിം വീടുകള്‍ തകര്‍ത്തതാണ് അടിയന്തിരാവസ്ഥയുടെ വിധി നിര്‍ണയിച്ചത്. അന്നത്തെ മുസ്ലിം രാഷ്ട്രപതി (ഫക്രുദ്ദീന്‍ അലി അഹമ്മദ്) സഞ്ജയ് ഗാന്ധിയോട് മെല്ലെപോകാന്‍ നേരിട്ട് ഇടപെട്ടിട്ടും ഗൌനിച്ചില്ല. കാശ്മീരിലെ തലമുതിര്‍ന്ന മുസ്ലിം നേതാവായ ശൈഖ് അബ്ദുല്ല ദല്‍ഹി വരെ വന്നു. മുസ്ലിംകളെ ഈ വിധം അവഹേളിക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ഇന്ദിരാഗാന്ധിയോട് അഭ്യര്‍ത്ഥിച്ചിട്ടും ഫലമുണ്ടായില്ല. വര്‍ഗീയ വാദിയും മര്‍ക്കട മുഷ്ടിക്കാരനും പരുക്കനുമായ ദല്‍ഹി വികസന സമിതിയുടെ ഉപാധ്യക്ഷന്‍ ജഗ്മോഹനെ വന്നു കണ്ട മുസ്ലിം പ്രതിനിധി സംഘത്തോട് അദ്ദേഹം കുരച്ചുചാടി. ഡല്‍ഹിയുടെ ഹൃദയഭാഗത്ത് നിങ്ങള്‍ക്ക് കൊച്ചു പാക്കിസ്ഥാന്‍ ഉണ്ടാക്കണമല്ലേ എന്നായിരുന്നു അദ്ദേഹത്തിന് ചോദിക്കാനുണ്ടായിരുന്നത്.”

ഇന്ദിരാഗാന്ധിയാണ് വര്‍ഗീയതയുടെ ദുര്‍ഭൂതത്തെ കുടത്തില്‍ നിന്ന് പുറത്തുവിട്ട് ഇന്ത്യന്‍ സമൂഹത്തില്‍ വിഭാഗീയതയുടെ വിത്ത് പാകിയത്. അവര്‍ വിതച്ചത് അവര്‍ തന്നെ കൊയ്തു എന്നത് ചരിത്രത്തിന്റെ വിരോധാഭാസം. അടിയന്തിരാവസ്ഥക്ക് ശേഷം അധികാരത്തില്‍ വന്ന അവര്‍ ഭൂരിപക്ഷ പ്രീണനത്തിന് സ്വരുക്കൂട്ടലുകള്‍ നടത്തിയത് സിഖ്, മുസ്ലിം വിഭാഗങ്ങളോട് പ്രതികാരദാഹത്തോടെ പെരുമാറിക്കൊണ്ടാണ്. ഖാലിസ്ഥാന്‍ വാദവും ഭിന്ദ്രന്‍വാലയുടെ വരവും ദേശീയ വാദത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി. ന്യൂനപക്ഷങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണി ഉയര്‍ത്തുന്നു എന്ന പല്ലവി ആവര്‍ത്തിച്ചുകൊണ്ടിരുന്നത് ഭൂരിപക്ഷ സമുദായത്തിന്റെ അന്തഃസ്ഥലികളില്‍ വിഭാഗീയതയുടെ ഭ്രാന്തമായ വികാരം ഉദ്ദീപിപ്പിക്കാനായിരുന്നു. ഭിന്ദ്രന്‍ വാലക്കും ഖാലിസ്ഥാന്‍ വാദികള്‍ക്കുമെതിരെ ഓപ്പറേഷന്‍ ബ്ളൂസ്റാര്‍ എന്ന സൈനിക നടപടിയിലൂടെ അവര്‍ പട നയിച്ചപ്പോള്‍ രാഷ്ട്രീയമായി നേട്ടങ്ങള്‍ പ്രതീക്ഷിച്ചുവെങ്കിലും സിഖുകാരായ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിക്കാനായിരുന്നു അവരുടെ യോഗം. രാഷ്ട്രീയ ഭീഷണി അഭിമുഖീകരിക്കേണ്ടി വന്നപ്പോഴെല്ലാം ബാഹ്യശക്തികളുടെ നേരെയാണ് അവര്‍ ശ്രദ്ധ തിരിച്ചുവിട്ടത്. പാക്കിസ്ഥാനെ പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തി ഭൂരിപക്ഷ സമൂഹത്തിന്റെ അനുകമ്പ പിടിച്ചുപറ്റുകയായിരുന്നു തന്ത്രം. കശ്മീര്‍ സംഘര്‍ഷാവസ്ഥ വിതച്ച് അന്തരീക്ഷം കലുഷിതമാക്കുകയായിരുന്നു ആദ്യമായി ചെയ്ത ക്രൂരത. താഴ്വരയില്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് നിഷേധിച്ചപ്പോഴാണ് വിഘടനവാദം തലപൊക്കാനും തീവ്രവാദത്തിലേക്ക് അത് വഴിതെറ്റാനും ഇടവന്ന
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരിക്കുന്ന മുസ്ലിംകളുടെ സമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ അധോഗതിക്ക് കാരണം കഴിഞ്ഞ ആറര പതിറ്റാണ്ടിനിടയില്‍ അമ്പത്തേഴുകൊല്ലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് അല്ലാതെ മറ്റാരുമല്ല. ന്യൂനപക്ഷ വിഭാഗങ്ങളെ സാമൂഹികകോല്‍ക്കര്‍ഷം ലക്ഷ്യമിട്ട ആത്മാര്‍ത്ഥമായ ഒരു ചുവടുവെപ്പും കോണ്‍ഗ്രസ് സര്ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്നതാണ് വാസ്തവം. തിരഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപിച്ചയുടന്‍ മുസ്ലിംകള്‍ക്കായി പതിനഞ്ചിന പരിപാടിയെന്നോ അലീഗര്‍ മുസ്ലിം യൂണിവേഴ്സിറ്റിയുടെ ന്യൂനപക്ഷ പദവി തിരിച്ചു നല്‍കുമെന്നോ ഉര്‍ദു ഭാഷയുടെ പുനര്‍ജ്ജീവനത്തിനായി പരിപാടികള്‍ ആവിഷ്കരിക്കുമെന്നോ വാഗ്ദാനം ചെയ്യും. മുസ്ലിം ഭൂരിപക്ഷ പ്രദേശത്താണ് പ്രസംഗിക്കുന്നതെങ്കില്‍ കൈപ്പത്തിവരെ നീണ്ട കൈയുള്ള ബ്ളൌസ് ധരിച്ചായിരിക്കും ഇന്ദിര വേദിയിലെത്തുക. വാഗ്ദാനപ്പെരുമഴ ആസ്വദിച്ച് പോളിങ്ങ് ദിനത്തില്‍ ആവേശഭരിതരായി വോട്ട് ചെയ്യുന്ന പാവം സമുദായം തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വിസ്മരിക്കപ്പെടുകയാണ്. അതേ സമയം ഇത്തരം വാഗ്ദാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഭൂരിപക്ഷ സമുദായം തെറ്റുദ്ധരിക്കുന്നത് മുസ്ലിംകളെ പ്രീണിപ്പിക്കാന്‍ പലതും വാരിക്കോരി നല്‍കുകയാണെന്നാണ് രാജ്യത്തെ പൌര•ാര്‍ എന്ന നിലയില്‍ അര്‍ഹതപ്പെട്ട തുല്യനീതിയും അവസരസമത്വവും കാലാകാലം നിഷേധിക്കപ്പെട്ടതിന്റെ പരിണതിയായിരുന്നു സച്ചാര്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ ദളിതരേക്കാള്‍ മോശമായ ജീവിത സാഹചര്യം. ഇന്ദിരാ ഗാന്ധി അവസാന കാലഘട്ടത്തില്‍ പരീക്ഷിച്ച ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളെ ദല്‍ഹിയില്‍ ഏറെക്കാലം ബിബിസിയുടെ പ്രതിനിധിയായിരുന്ന മാര്‍ക്ക് ടുള്ളി അടയാളപ്പെടുത്തിയതിങ്ങനെ : ഹിന്ദു വോട്ടുബാങ്ക് ഉണ്ടാക്കാന്‍ ഇന്ദിരാഗാന്ധി അവസാനനാളില്‍ നടത്തിയ ശ്രമങ്ങളാണ് രാജ്യത്തുടനീളം ഹൈന്ദവ പുനരുഥാന പ്രവണത ആഞ്ഞടിക്കാന്‍ കാരണമായതെന്ന് ചുരുക്കം. എണ്‍പതുകളുടെ മധ്യത്തോടെ രാമജ•ഭൂമി പ്രക്ഷോഭവുമായി കടന്നുവന്ന ശക്തി നേടുന്നതും കോണ്‍ഗ്രസിന്റെ ഭൂരിപക്ഷ പ്രീണനനയത്തിന്റെ ഫലമാണെന്ന് കാണാന്‍ പ്രയാസമില്ല. (തുടരും)

2 Responses to "കോണ്‍ഗ്രസും മുസ്ലിംകളും 65വര്‍ഷത്തെ അനുഭവങ്ങള്‍"

  1. Gafoor CP  March 13, 2013 at 7:55 am

    ആദ്യമായി തന്നെ ഫോട്ടോയും ഫോട്ടോയുടെ അടിക്കുറിപ്പും അതിലെ വൈരുധ്യവും മനസ്സിലാക്കേണ്ടതുണ്ട്: 
    ഇന്ദിരാഗാന്ധി ഒരു പൊതുവേദിയില്‍ പ്രസംഗിക്കുന്ന ഫോട്ടോ ആണ് കൊടുത്തിട്ടുള്ളത്. അതിന്റെ അടിക്കുറിപ്പില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പൂര്‍ണ ഹിജാബില്‍ ഇന്ദിരാ ഗാന്ധി എന്ന് പറയുന്നു. വടക്കേ ഇന്ത്യയിലെ പ്രത്യേകിച്ച് ഉത്തര്‍ പ്രദേശിലെ ഹിന്ദു (ഉയര്‍ന്ന ജാതിയും താഴ്ന ജാതിയും)  സ്ത്രീകളുടെ വേഷ സംവിധാനം അറിയുന്നവര്‍ മുസ്ലിംകളെ സോപിടാന്‍ എന്നാ ഒരു അഭിപ്രായ പ്രകടനം നടത്തുകയില്ല. ഇന്ദിരാ ഗാന്ധി കശ്മീര്‍ പണ്ഡിറ്റ്‌ കുടുംബം ആയിരുന്നെങ്കിലും അലഹബാദില്‍ വളര്‍ന്ന സ്ത്രീ ആയിരുന്നു എന്നത് കൊണ്ട് തന്നെ ആ വേഷവിധാനം അവരില്‍ സാധാരണമായ ഒരു വേഷ വിധാനം തന്നെ ആയിരുന്നു. അത് കൊണ്ട് തന്നെ ഇത്തരം ഒരു വില കുറഞ്ഞ ആരോപണം ഉന്നയിക്കുന്നതിനു മുമ്പ് ചുരുങ്ങിയ പക്ഷം വടക്കേ ഇന്ത്യയിലെ ഹിന്ദു സ്ത്രീകളുടെ വേഷ വിധാനം എങ്കിലും പഠിക്കേണ്ടിയിരുന്നു.. 

    ഇനി ലേഖനത്തിലേക്ക് വരാം… ആദ്യമേ ഒരു കാര്യം പറയാം  കോണ്‍ഗ്രസ്‌ മുസ്ലിംകള്‍ക്ക് വേണ്ടി ഉണ്ടായ ഒരു പ്രസ്ഥാനം അല്ല. കോണ്‍ഗ്രസില്‍ എല്ലാവരും ഉണ്ട് എന്നത് കൊണ്ട് വിശാലമായി എല്ലാവര്ക്കും വേണ്ടി കോണ്‍ഗ്രസ്‌ പ്രവര്‍ത്തിക്കേണ്ടി വരും. ഭൂരിപക്ഷം ഹിന്ദുക്കള്‍ ആയത് കൊണ്ട് അവരുടെ സ്വാധീനവും അവഗണിക്കാന്‍ പറ്റില്ല. മാത്രവുമല്ല അവര്‍ ഇല്ലാതെ കോണ്‍ഗ്രസിനു നില നില്പും ഇല്ല.. 

    സ്വാതന്ത്ര്യ സമര വേളയില്‍ മുസ്ലിം സമുദായം കോണ്‍ഗ്രസിനൊപ്പം ആയിരുന്നു. പക്ഷെ മുസ്ലിം ലീഗിന്റെ സംസ്ഥാപനം മുതല്‍ മുസ്ലിം സമൂഹത്തിലെ ഒരു വലിയ വിഭാഗം ലീഗിനൊപ്പം നിന്ന്. കോണ്‍ഗ്രസിന്റെ കൂടെ ആയിരുന്നു ലീഗ് എങ്കിലും ദ്വി രാഷ്ട്ര വാദത്തോടെ ലീഗും കോണ്‍ഗ്രസ്സും വിഭിന്ന ചേരികളില്‍ ആയി. അതോടെ ലീഗിനൊപ്പം നിന്ന സമുദായത്തിന് കോണ്‍ഗ്രസ്‌ ശത്രുവായി.
    സ്വാതന്ത്ര്യ സമരത്തിന്റെ അവസാന ഘട്ടങ്ങളില്‍ മുസ്ലിം സമുദായം കോണ്‍ഗ്രസിനോട് അകന്നു നിന്നിരുന്നു. “പാക്കിസ്ഥാന്‍ യാ ഖബരിസ്താന്‍” എന്ന് നമ്മുടെ കേരളത്തില്‍ പോലും ഒട്ടു മിക്ക സ്ഥലങ്ങളിലും ആളുകള്‍ മുദ്രാവാക്യം വിളിച്ചു നടന്നിരുന്നു. അന്ന് വിവരമുള്ള പല മുസ്ലിം പണ്ഡിതരും പറഞ്ഞതാണ് പാക്കിസ്ഥാന്‍ കൊണ്ട് ഇന്ത്യക്കും പാക്കിസ്ഥാനും നഷ്ടമേ ഉണ്ടാകൂ.. എന്ന്.. (ഇന്ന് കാലം അത് തെളിയിക്കുന്നു) പക്ഷെ ആ പറഞ്ഞ നേതാക്കളെ “ദേശീയ മുസ്ലിം” എന്ന് ആക്ഷേപിച്ചു കൊണ്ട് ഒറ്റപ്പെടുത്തുക തന്നെയാണ് ഉണ്ടായത്. ഇങ്ങു കേരളത്തില്‍ പോലും ആ ഒറ്റപ്പെടുത്തല്‍ ഉണ്ടായിട്ടുണ്ട്. ഊര് വിലക്ക് പല രീതിയിലും നടപ്പിലാക്കിയിട്ടുണ്ട്…

    അത്തരം സന്ദര്‍ഭത്തിലാണ് മുസ്ലിം പണ്ഡിതന്‍ aമൌലാനാ ആസാദും ദയൂബന്ധികളും കോണ്‍ഗ്രസിനു അനുകൂലമായി പ്രസ്താവന നടത്തിയത് ശ്രദ്ധേയമാകുന്നത്. വടക്കേ ഇന്ത്യയിലെ മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കുന്നില്ല എന്നത് പോലെ തന്നെ മുസ്ലിം സമുദായത്തില്‍ ബഹുഭൂരിപക്ഷം വരുന്ന ജനതയെ പോലും പ്രതിനിധീകരിക്കുന്നില്ല. അതിനു കാരണം മുസ്ലിം സമുദായത്തിലെ ജീര്‍ണതകളെ തുറന്നു കാണിക്കാന്‍ അവര്‍ ശ്രമിച്ചു എന്നതാണ്. ഓരോ മുസ്ലിം മോഹല്ലകളിലും ദര്ഗകള്‍ സൃഷ്ടിച്ചു മുതലെടുപ്പ് നടത്തുന്നതിനെ അവര്‍ എതിര്‍ത്തപ്പോള്‍ തന്നെ അന്നത്തെ മുസ്ലിം മത പൌരോഹിത്യത്തിന്റെ ശത്രുക്കള്‍ ആയി അവര്‍ മാറിക്കഴിഞ്ഞിരുന്നു.. 

    ഇപ്പോള്‍ ആസാദിനെ പ്രകീര്‍ത്തിക്കുന്ന ലേഖകന്‍ അന്നത്തെ കാലത്ത് മുസ്ലിം സമുദായം ആസാദിനെ അമ്ഗീകരിചിരുന്നോ എന്ന് സ്വയം വിലയിരുത്തുന്നത് അത്യാവശ്യം ആണ്.ആസാദിനെ കോണ്‍ഗ്രസിന്റെ “ഷോ ബോയ്‌”  എന്ന് വിളിച്ചത് ആരായിരുന്നു അത് ഏറ്റു പിടിച്ചത് ഇതു സമുദായ നേതാക്കള്‍ ആയിരുന്നു എന്ന് ചരിത്രം പരിശോധിച്ചാല്‍ അറിയാം (സിംല കോണ്‍ഫറന്‍സിന് ശേഷം കല്‍ക്കട്ടയില്‍ നിന്ന് ഡല്‍ഹിക്ക് വരികയായിരുന്ന ആസാദിനെ അലിഗരില്‍ വച്ച് ട്രെയിന കമ്പര്റ്റ്‌മെന്റില്‍ നിന്ന് വലിച്ചിറക്കി ദേഹോപദ്രവം ചെയ്തതും മുഖത്ത് തുപ്പിയതും സ്വന്തം  സമുദായത്തില്‍ പെട്ട ആളുകള്‍ ആയിരുന്നു എന്ന് കൂടി മനസ്സിലാക്കുക)  (My memories of Azad by R C Mody) സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം മുസ്ലിം സമുദായം ഒരു പ്രത്യേക ബ്ലോക്ക്‌ ആയി നില്‍ക്കാതെ ദേശീയ മുഖ്യ ധാരയിലേക്ക് ഉയര്‍ന്നു വരേണ്ടതുണ്ട് എന്ന് ആസാദ്‌ അഭിപ്രായപ്പെട്ടു. അതിനു വിദ്യാഭ്യാസം ആവശ്യമായിരുന്നു. അത് അറിഞ്ഞു കൊണ്ട് തന്നെയായിരുന്നു പണ്ഡിറ്റ്‌ നെഹ്‌റു അദ്ദേഹത്തെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആക്കിയത് പക്ഷെ ഒരു സമുദായ നേതാവും അദ്ദേഹത്തെ അമ്ഗീകരിക്കുകയുണ്ടായില്ല. ദയൂബന്ധികള്‍ അല്ലാതെ.. കാരണം വളരെ സുവ്യക്തമായിരുന്നു: 

    – അദ്ദേഹം സലഫി ചിന്താഗതി പുലര്‍ത്തിയത് കൊണ്ട് മുസ്ലിം സമുദായത്തിലെ അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ത്ത് ലേഖനങ്ങള്‍ എഴുതിയിരുന്നു. പ്രസംഗിച്ചിരുന്നു. 
    – ശിര്‍ക്ക്‌ ചെയ്തു കൊണ്ട് മരിച്ചു പോയാല്‍ മുസ്ലിം സമുദായത്തില്‍ ആയിരുന്നു എന്ന് പറഞ്ഞത് കൊണ്ട് ഒരു ആനുകൂല്യവും ഇല്ല എന്ന് പറഞ്ഞത് പല പണ്ഡിതരെയും ചൊടിപ്പിച്ചു.. 
    – മുസ്ലിം സമുദായം ഇന്ത്യയുടെ ദേശീയ മുഖ്യ ധാരയിലേക്ക് വരേണ്ടതുണ്ട്. ഒരു പ്രത്യേക ബ്ലോക്ക്‌ ആകുന്നതു ഒരിക്കലും സമുദായത്തിന് ഗുണകരമല്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആ ബ്ലോക്ക്‌ ആകുന്നതിലൂടെ ഗുണം കണ്ട പല സമീന്ദാര്‍ മാര്‍ക്കും അവരുടെ റാന്‍ മൂളികള്‍ ആയി വര്‍ത്തിച്ചിരുന്ന പല മൌലാന മാര്‍ക്കും അദ്ദേഹത്തിന്റെ അഭിപ്രായം തീരെ ഇഷ്ടമായില്ല. 
    – മുസ്ലിം സമുദായം വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം ആണ്. അത് ശരിയല്ല. വിദ്യാഭ്യാസം ലഭിക്കേണ്ടതുണ്ട്. ഭൌതിക പരവും ആത്മീയവും ആയ വിദ്യാഭ്യാസം നേടേണ്ടതുണ്ട്. ഖുര്‍ആന്‍ പഠിക്കേണ്ടതുണ്ട്. അര്‍ത്ഥ സഹിതം. ഈ അഭിപ്രായവും അന്നത്തെ സമുദായ നേതൃത്വം എതിര്‍ത്തു. കാരണം അത് മൂലം അവരുടെ പല “സ്ഥാപിത താല്പര്യവും” പ്രശ്നത്തില്‍ ആകും എന്നത് കൊണ്ട് തന്നെ. 
    – മുസ്ലിം ലീഗ് സ്വതന്ത്ര ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ടത് അദ്ദേഹം നഖ ശിഖാന്തം എതിര്‍ത്ത്. പക്ഷെ അദ്ദേഹത്തിന്റെ അഭിപ്രായം അന്നത്തെ ലീഗ് നേതൃത്വം തള്ളിക്കളഞ്ഞു. അദ്ദേഹം കൊടുത്തയച്ച കുറിപ്പ് ഇസ്മായില്‍ സാഹിബ് വായിക്കാതെ തന്നെ ചവറ്റു കൊട്ടയിലിട്ടു..

    ആസാദിന്റെ ഇന്ത്യ വിന്‍സ്‌ ഫ്രീഡം ഈ ലേഖകന്‍ വായിചെന്കില്‍ അതില്‍ കോണ്‍ഗ്രസിനു എതിരായി എന്താണ് അദ്ദേഹം കണ്ടത് എന്ന് പരയെണ്ടിയിരുന്നു. സര്‍ദാര്‍ പട്ടേല്‍, വി കെ കൃഷ്ണ മേനോന്‍ എന്നിവരെ നിശിതമായി അതില്‍ വിമര്ഷിചിട്ടുന്ടെന്കിലും കോണ്‍ഗ്രസിനെ അദീഹം വിമര്‍ശിച്ചിട്ടില്ല. പണ്ഡിറ്റ്‌ നെഹ്‌റുവിന്റെ ബോംബെ പത്ര സമ്മേളനത്തിനോട് അനിഷ്ടം പ്രകടിപ്പിച്ച ആസാദ്‌ അതിനെ impulsive response ആയി മാത്രമാണ് വിശേഷിപ്പിക്കുന്നത്. ഗാന്ധിജിയുടെ പല ശൈലികലോടും വിയോജിപ്പ് പ്രകടിപ്പിച്ചത് ആണ് ഉദ്ദേശം എങ്കില്‍ ഗാന്ധിജിയോട് അഭിപ്രായ വ്യത്യാസം ഉള്ള ആള്‍ ആയിരുന്നു പണ്ഡിറ്റ്‌ നെഹ്‌റു എന്നത് കൂടി മനസ്സിലാക്കേണ്ടതുണ്ട്.

    ദേശീയ പ്രസ്ഥാനത്തോട് കൂടെ നിന്ന് എന്നതും സമുദായത്തിലെ അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ത്തു എന്നതും ആണ് ദയൂബന്തികള്‍ ചെയ്ത തെറ്റ്…  

    ഇനി ജുമാ മസ്ജിദിന്റെ കാര്യം.: ജുമാ മസ്ജിദ്‌ ഒരു പള്ളി മാത്രമല്ല പുരാവസ്തു വകുപ്പിന്റെ ഒരു ചരിത്ര സ്മാരകം കൂടി ആണ്. അത് കൊണ്ടാണ് അന്നത്തെ ദല്‍ഹി ഇമാം  ഹഫ്ത വാങ്ങി കൊണ്ട് ഇറച്ചി കച്ചവടക്കാരെയും മറ്റു കച്ചവടക്കാരെയും ഹോട്ടല്‍ നടത്തിപ്പ് കാരെയും മസ്ജിദിന്റെ പടികളില്‍ കൊണ്ടിരുതിയത് പണ്ഡിറ്റ്‌ നെഹ്രുവിനു ഇഷ്ടം അല്ലാതിരുന്നത്. അവിടെ ചവറു കൂനകള്‍ പെരുകുന്നുണ്ടായിരുന്നു. ദുര്‍ഗന്ധവും വമിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ആദ്യം ആസാദിനെ അയച്ചു. പക്ഷെ ആസാദിനെ അപമാനിച്ചു ഇമാം ഇറക്കി വിട്ടു. പക്ഷെ പണ്ഡിറ്റ്‌ നെഹ്‌റു തന്നെ ജമാ മസ്ജിദിലേക്ക് പോയി ഇമാമിനോട് പറഞ്ഞു “ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഇവരെ ഇവിടെ നിന്നും തുടച്ചു മാറ്റിയില്ലെങ്കില്‍ ഞാന്‍ പട്ടാളത്തെ കൊണ്ട് ഇവരെ ക്ലീന്‍ ചെയ്യും. കാരണം ഇത് ഒരു ചരിത്ര സ്മാരകം ആണ്” അതെ തുടര്‍ന്ന് ആ കച്ചവടക്കാരെ ഇമാം തന്നെ ഒഴിവാക്കി. പിന്നീട് നെഹ്രുവിന്റെ മരണ ശേഷം വീണ്ടും അവിടെ കച്ചവടം വന്നു. അത് ക്ലീന്‍ ചെയ്യാന്‍ ഇന്ദിരാ ഗാന്ധിക്ക് അവസരം ലഭിച്ചത് അടിയന്തിരാവസ്ഥയുടെ സമയത്താണ് എന്നതാണ് സത്യം… (ഒന്ന് കൂടി പറയാം വൃത്തി ഈമാന്റെ പകുതി ആണ് എന്ന് വിശ്വസിക്കുന്ന സമുദായം തിങ്ങി പാര്‍ക്കുന്ന ഏരിയയിലൂടെ പോയാല്‍ അവിടെ ഉള്ള വൃത്തികെട് നമുക്ക് നേരില്‍ കാണാന്‍ കഴിയും) 

    ഇനി വര്‍ഗീയ കലാപങ്ങളുടെ കാര്യം: ഓരോ  വര്‍ഗീയ കലാപങ്ങളും പരിശോധിച്ചാല്‍ അതിനു തുടക്കം ഇട്ടതു ആരായിരുന്നു അതില്‍ ഒരു ഗണ്യമായ സ്ഥാനം നമ്മുടെ സമുദായത്തിനും ഉണ്ട് എന്ന് കാണാം (മൊറാദബാദ് കലാപം, ഭീവണ്ടി കലാപം, മുംബൈ സ്ഫോടനങ്ങളെ തുടര്‍ന്നുണ്ടായ കലാപം) പക്ഷെ അതില്‍ ഇരകള്‍ ആകുന്നതു ന്യൂന പക്ഷം തന്നെയായിരിക്കും.

    എന്റെ വാദഗതികള്‍ സംഗ്രഹിക്കാം: 

    കോണ്‍ഗ്രസ്‌ മുസ്ലിംകള്‍ക്ക് വേണ്ടി ഉണ്ടായ സംഘടന അല്ല, ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ വേണ്ടി ഉണ്ടായ സംഘടന ആണ്. അതില്‍ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും ന്യൂന പക്ഷം വരുന്ന മുസ്ലിംകളും ഉണ്ട്. അവര്‍ക്കെല്ലാം വേണ്ടി കോണ്‍ഗ്രസ്‌ പ്രവര്‍ത്തിക്കേണ്ടതുണ്ട്. പക്ഷെ ആസാദിന് ശേഷം ഒരു പവര്‍ഫുള്‍ ആയ മുസ്ലിം നേതാവ് വന്നിട്ടില്ല. മുസ്ലിം സമുദായം ഒരു പ്രത്യേക ബ്ലോക്ക്‌ ആയി നിന്ന് കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് ആയി എന്നല്ലാതെ കോണ്‍ഗ്രസിന്റെ കൂടെ ദേശീയ മുഖ്യ ധാരയിലേക്ക് വരാന്‍ എന്നും വിമുഖത കാണിച്ചു 

    ആസാദിനെ ഇന്ന് പ്രകീര്തിക്കുന്നവര്‍ ആസാടിനോട് അന്ന് (സ്വാതന്ത്യതിനു മുമ്പും ശേഷവും) സമുദായം എന്ത് കാണിച്ചു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അന്ന് ആസാദിന്റെ കൂടെ സലഫി ചിന്താഗതി പുലര്‍ത്തിയിരുന്ന ദയൂബന്തികള്‍ ആയ ചിലര്‍ ഉണ്ടായിരുന്നു എന്നതും സത്യം. 

    മുസ്ലിം സമുദായത്തിലെ ജീര്‍ണതകളെ കുറിച്ചും അന്ധവിശ്വാസത്തെ കുറിച്ചും എതിര്‍ത്തു സംസാരിക്കുമ്പോള്‍ സമുദായത്തിലെ പൌരോഹിത്യ മേധാവികള്‍ നിങ്ങളുടെ ശത്രുക്കള്‍ ആകുന്നു.. (കേരളത്തില്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉടലെടുത്ത മുസ്ലിം ഐക്യ സംഘത്തിന്റെ പിന്‍ഗാമികള്‍  പിന്നീട് മുസ്ലിം ലീഗിന്റെ ഒരു അനൌദ്യോഗിക സംഘടന ആയി മാറി എന്നത് വിസ്മരിക്കുന്നില്ല) 

    കോണ്‍ഗ്രസ്‌ മുഴുവനും ശരി ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷെ അമ്പതില്‍ അധികം ശതമാനം ശരിയെ നമ്മള്‍ ശക്തിപ്പെടുത്തണം. കാരണം കോണ്‍ഗ്രസ്‌ ക്ഷീനിച്ചാല്‍ വര്‍ഗീയ ശക്തികളും പ്രാദേശിക ശക്തികളും ശക്തി പ്രാപിക്കും.. അത് നമ്മള്‍ കണ്ടു കഴിഞ്ഞതാണ്. 

    മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു രാജ്യം വിഭജിച്ചു പോയിട്ടും ഭൂരിഭാഗം വരുന്ന രാജ്യത് മതേതര ഭരണ ഘടന ഉണ്ടായത് കോണ്‍ഗ്രസ്‌മൂലമാണ്. അന്നും കോണ്‍ഗ്രസില്‍ ഭൂരിപക്ഷ വര്‍ഗീയ വാദികള്‍ ഉണ്ടായിരുന്നു. പക്ഷെ അവരെ മറികടന്നാണ് ഭരണ ഘടന രൂപം കൊണ്ടത്‌. അത് പോലെ എന്നും കോണ്‍ഗ്രസില്‍ എല്ലാ തരാം ആളുകളും ഉണ്ടാകും.. പക്ഷെ മതേതര വാദത്തിനു പ്രാമുഖ്യം വേണമെങ്കില്‍ മുസ്ലിംകള്‍ കോണ്‍ഗ്രസിന്റെ കൂടെ ചേര്‍ന്ന് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണം. ഒരു പ്രത്യേക ബ്ലോക്ക്‌ ആയി വോട്ട് ബാങ്ക് ആകുകയല്ല വേണ്ടത്‌. 

    കോണ്‍ഗ്രെസ്സിറെ കാപട്യം പറയുന്ന ലേഖകന്‍ എന്താണ് മുസ്ലിം സമുദായം ചെയ്യേണ്ടത് എന്ന് മാത്രം പറയുന്നില്ല. ബി ജെ പി യുടെ കൂടെ കൂടാനോ? അതോ ഒരിക്കലും വിജയിക്കാത്ത മൂന്നാം മുന്നണിയില്‍ സ്വപ്നം കാണാനോ? 
    ഇന്ത്യയുടെ അഖണ്ഡതയും മതേതരത്വവും ഒരു മിനിമം ലെവലില്‍ എങ്കിലും നിലനില്‍ക്കണം എങ്കില്‍ കോണ്‍ഗ്രസ്‌ ശക്തി പ്രാപിക്കെണ്ടതുണ്ട്. കോണ്‍ഗ്രസിന്റെ ശവക്കുഴി തോണ്ടാന്‍ നമ്മുടെ സമുദായം കൂട്ട് നില്‍ക്കുകയാണെങ്കില്‍ അത് നമ്മള്‍ ചരിത്രത്തോട് ചെയ്യുന്ന അനീതി ആയിരിക്കും 

    (കടപ്പാട് : Freedom at midnight – Dominique Lapierre, Larry Collins, India Wins Freedom – Maulana Azad, Toward Freedom – Pandit Nehru, Assorted articles by Maulana Azad in Al Hilal and Al Balag)  

    സസ്നേഹം 
    ഗഫൂര്‍ C.P
    Valanchery, Malappuram.
    Dubai

    • khalid...malappuram.  June 3, 2013 at 5:35 am

      risala shouldn’t say like,,,, getting favour from congress govt. and saying against their leaders,, you can do something different…
      plz request your leader to annouce in advance the to whom you will provide election support in coming parliament election…
      by khalid…malappuram.

You must be logged in to post a comment Login