ചക്രവാളങ്ങള്‍ വികസിക്കട്ടെ

സര്‍ഗവേദി

‘കുഴിയിലേക്ക് കാലെടുത്തുവച്ച ഒരു പാവം കിഴവന്‍ ഒരുനാള്‍ ചൂണ്ടയിടുകയായിരുന്നു. കാത്തു കാത്തിരിക്കെ കിഴവന്റെ കൊക്കയില്‍ ഒരു മീന്‍ കൊത്തി. എന്നാല്‍ കിഴവന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറം അതൊരു ഭീമന്‍ മത്സ്യമായിരുന്നു. ശോഷിച്ച ആ മനുഷ്യനെ ചൂണ്ടയില്‍ മത്സ്യം വലിച്ചു കൊണ്ടുപോയി. ജീവന്‍ തന്നെ അപകടത്തിലായ അയാള്‍ പക്ഷേ, തളരാതെ നടുക്കടലില്‍ മത്സ്യവുമായി പൊരുതി. ഒടുവില്‍ അയാള്‍ മത്സ്യത്തെ അതിജയിച്ച് അതിനെ കരയിലെത്തിച്ചു. കിഴവന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു അത്. എന്നാല്‍ കരയ്ക്കടുത്ത മത്സ്യത്തിന് മുള്ള് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.’

വിശ്വസാഹിത്യത്തിലെ പ്രശസ്തമായ ഒരു നോവലിന്റെ കഥയാണ് നിങ്ങള്‍ വായിച്ചത്. ഏണസ്റ് ഹെമിംഗ്വേയുടെ ‘കിഴവനും കടലും’ (ഠവല ീഹറാമി മിറ വേല ലെമ). ഇങ്ങനെ വായിക്കുമ്പോള്‍ ഇതെന്ത് നോവല്‍ എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. ഈ നോവല്‍ പൂര്‍ണ്ണമായൊന്ന് ലയത്തിലിരുന്ന് വായിച്ചു നോക്കുക. കഥയിലെ കിഴവന്‍ അപ്രത്യക്ഷമാകുകയും പകരം കടലിലേക്ക് നിങ്ങള്‍ വലിച്ചെറിയപ്പെടുകയും ചെയ്യുന്ന പരകായ പ്രവേശത്തെ അനുഭവിച്ചറിയുക. നോവല്‍ കരയ്ക്കടുക്കുന്തോറും നിങ്ങളുടെ ജീവിതത്തിന്റെ ചക്രവാളങ്ങള്‍ വികസിക്കുന്നു. അതിരുകള്‍ അസ്തമിക്കുന്നു. ദൂരം ബാക്കിയില്ലാത്തവിധം കടലിനും കരയ്ക്കുമിടയില്‍ നിങ്ങള്‍ ജീവിതത്തെ അറിയുന്നു. നിങ്ങളെതന്നെ കണ്ടെത്തുന്നു.

ജീവിതത്തിന്റെ രണ്ടറ്റവും കണ്ട ഒരാള്‍ക്കു മാത്രമേ ‘കിഴവനും കടലും’ പോലെയൊരു സാഹിത്യസൃഷ്ടി രചിക്കാനാവൂ. അല്ലെങ്കില്‍ ജീവിതത്തെക്കുറിച്ചുള്ള മഹത്തായൊരു വെളിപാട് അയാള്‍ക്കുണ്ടാവണം. സാഹിത്യം എഴുത്തുകാരന്റെ ചക്രവാളങ്ങളെ വികസിപ്പിക്കുന്നു; വായനക്കാരന്റെയും. സ്വയം കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുക. കൂട്ടുകാരുടെ ചക്രവാളങ്ങളും വികസിക്കട്ടെ.

കവി കവിത തന്നെയാകുന്ന, കവിതയില്‍ സ്വയം കണ്ടെത്തുന്ന ചില ആന്തരികാനുഭങ്ങള്‍ വിഷയമാകുന്ന സൃഷ്ടികളാണ് ഈ ലക്കം പ്രസിദ്ധീകരിക്കുന്നത്. ‘വായിക്കാതെ പോയ കവിത’യില്‍ ചില ക്ളീഷേകള്‍ കടന്നുവരുന്നുണ്ടെങ്കിലും കവിതക്ക് ജീവനുണ്ട്. ‘കാക്കയും കവിയും’ നല്ല സൃഷ്ടിയാണ്. മൂര്‍ച്ചകൂട്ടണം. ഖുര്‍ആന്‍ പോലൊരു വിഷയം കവിതയാക്കുമ്പോള്‍ കവിക്ക് കുറേക്കൂടി ധ്യാനം ആവശ്യമാണ്; മനോഹരമായ ഭാഷയും. തൂങ്ങിത്തീരും മുമ്പ് തുണ്ടം കയറില്‍ നിന്ന് നിസാമുദ്ദീന്റെ കവിതയെ ചങ്ങാതി താങ്ങിയെടുത്തിരിക്കുന്നു.
കൂടെയുണ്ട്, ചങ്ങാതി.

കവിത
കാവ്യസങ്കല്‍പത്തിലൂടെ
പറക്കാന്‍ ശ്രമിച്ചപ്പോള്‍
വിലങ്ങ് തീര്‍ത്തത്
യന്ത്രപ്പറവകള്‍

കവികള്‍ പിന്നിട്ട വഴിയിലൂടെ
നടക്കാന്‍ ശ്രമിച്ചപ്പോള്‍
കിടങ്ങ് തീര്‍ത്തത്
യന്ത്രക്കൈകള്‍

അവസാനം,
അവള്‍ ജീവിതത്തിന്റെ
നടുറോട്ടിലിറങ്ങിയപ്പോള്‍
തടഞ്ഞത്
ചുവന്ന സിഗ്നല്‍
ഇപ്പോള്‍, അവള്‍
ഒരു തുണ്ടം കയറില്‍…
എന്‍ പി നിസാമുദ്ദീന്‍, കൂട്ടിലങ്ങാടി.

വായിക്കാതെ പോയ കവിത

ചിതലരിച്ച ചിന്തകളുടെ ചിതയില്‍ ചാടി
ആത്മഹത്യക്കു തുനിഞ്ഞ
അക്ഷരങ്ങള്‍ പെറുക്കിയെടുത്ത്
കറുപ്പും വെളുപ്പും ഛായങ്ങള്‍ ചിന്തിയ
കാലത്തിന്റെ ചുമരില്‍
ഞാന്‍ ഒരു കവിത രചിച്ചു.

സ്നേഹം കൊലചെയ്യപ്പെട്ട കുരുക്ഷേത്ര ഭൂമിയിലെ
ചോരക്കളത്തില്‍ നിന്നാണ്
എന്റെ എഴുത്ത്.
സ്വപ്നങ്ങള്‍ ചിതറിയ ജന്മങ്ങളാണ്
ഇതിവൃത്തം.
ഉത്തരാധുനികതയുടെ ഉമിത്തീയില്‍
വെന്തുരുകുന്ന ജീവിതങ്ങളുടെ കണ്ണീരാണ്.
തൂലികയിലെ മഷിത്തുള്ളികള്‍
യുഗത്തിന്റെ വേതാളം വെട്ടിപ്പരിക്കേല്‍പിച്ച
നിഷ്കളങ്ക ഹൃദയത്തിലാണതിന്റെ കുറിപ്പ്
തകര്‍ന്നടിഞ്ഞ മഹബാല്യങ്ങളുടെ
ആര്‍ത്തനാദത്തിലാണ് ഈണം.
നാളുകള്‍ വിയര്‍പ്പൊഴുക്കി എഴുതിത്തീര്‍ന്ന
കവിത, വായിക്കപ്പെടും മുമ്പ്
ഒരുവേനലിലെ നട്ടുച്ചയില്‍ പെയ്ത പേമാരി
തീക്ഷ്ണമായ വാക്കുകളെ മായ്ച്ചു കളഞ്ഞു.
പ്രതലം ശൂന്യം!!!
നൂറുദ്ദീന്‍ മുസ്തഫ, മദീനത്തുന്നൂര്‍

ഖുര്‍ആന്‍

ഖുര്‍ആന്‍… ഹ അതെന്തു സുന്ദരം
അതിഗഹനം അചിന്തനീയം
തമോയുഗത്തില്‍ അജ്ഞതയാം തമസില്‍
അവതീര്‍ണ്ണമായൊരു സുന്ദര ഗ്രന്ഥം
കലുഷനിലങ്ങളില്‍ കുളിര്‍മഴയായ്
ഉദിച്ചുയര്‍ന്നൊരു പ്രഭാവെളിച്ചം
കബന്ധങ്ങള്‍ കളിക്കോപ്പുകള്‍
എവിടെയും അശാന്തി, അക്രമം
പഴികാട്ടിയായിത്തീരാന്‍ സത്യധ്വനിയായ്
ഖുര്‍ആന്‍… ഹാ അതെന്തു സുന്ദരം
ഊഷ്മളം… സൌഗന്ധികം
ശാന്തിയേ ശരണം…
ഹാഫിള് ശഹീര്‍

കാക്കയും കവിയും
ഇന്ന്
കാക്ക റാഞ്ചാറില്ല.
കുഞ്ഞിന്റെ നെയ്യപ്പത്തെ
കാകനറിയാം.
ഇതു മനുഷ്യ കുഞ്ഞാണെന്ന്

കവി പാടാറുമില്ല
‘കാക്കേ പറ്റിച്ചോ’ എന്ന്
കവിക്കറിയാം
കവികുലത്തെ നന്നായ്.
പി എം മുബശ്ശിര്‍,
എളാട്, മദീനത്തുന്നൂര്‍

You must be logged in to post a comment Login