മഖ്ദൂമുമാര്‍ നട്ടതും നശിപ്പിച്ചതും

makhdhoom

 

മഖ്ദൂമുമാര്‍ കൃത്യമായ രാഷ്ട്രീയ നിലപാടുള്ളവരായിരുന്നു എന്നത് ശരി. പക്ഷേ, അവരുടെ മതനിലപാടുകളെന്തായിരുന്നു? ആചാരങ്ങളെയും ദുരാചാരങ്ങളെയും അവരെങ്ങനെയാണ് നട്ടതും നശിപ്പിച്ചതും? അവരുടെ രാഷ്ട്രീയം മാത്രമെടുത്ത് ഭാഗികചിത്രം വരയ്ക്കുന്നവരോട് കലഹിക്കുന്ന ഭാഗം
സ്വാലിഹ് പുതുപൊന്നാനി

 

    വിശുദ്ധഖുര്‍ആന്‍, തിരുപ്രവാചകചര്യ ഇതൊക്കെയായിരുന്നു മഖ്ദൂമുമാരുടെയും ഇജ്മാഉം ഖിയാസും അനുബന്ധപ്രമാണങ്ങളും. നീ ഏത് മദ്ഹബിലാണെന്ന ചോദ്യത്തിനുള്ള മറുപടിയില്‍ അബ്ദുല്‍ അസീദ് മഖ്ദൂം (റഹ്) പഠിപ്പിക്കുന്നു : “പറഞ്ഞോളൂ : ഭക്തവിശ്വാസികളുടെ കിരീടവും സത്യവിശ്വാസികളുടെ ഇമാമുമായ ഇമാം ശാഫിഈ(റ) മദ്ഹബിലാകുന്നു ഞാന്‍.”

  “എത്ര മദ്ഹബുകളുണ്ടെന്ന് ചോദിച്ചാല്‍ പറയുക, നാലെന്ന്.” അദ്ദേഹം തുടര്‍ന്നു പഠിപ്പിക്കുന്നു. കര്‍മ്മപരമായി ഇമാം ശാഫിഈ (റ)യുടെയും വിശ്വാസകാര്യങ്ങളില്‍ ഇമാം അശ്അരി(റ)യുടെയും വീക്ഷണമായിരുന്നു മഖ്ദൂമുമാര്‍ കേരളജനതയെ പരിചയപ്പെടുത്തിയത്. അതു കൊണ്ടു തന്നെ ഉദ്ബോധനങ്ങളിലും അപഗ്രഥനങ്ങളിലും യഥേഷ്ടം വിശുദ്ധഖുര്‍ആന്‍ ആയത്തുകളും ഹദീസ് വചനങ്ങളും ഉദ്ധരിച്ചുകൊണ്ടുള്ള രചനാ രീതിയാണ് മഖ്ദൂമുമാര്‍ സ്വീകരിച്ചു കാണുന്നത്.

  മഖ്ദൂം കബീറിന്റെ മുര്‍ശിദുത്ത്വുല്ലാബിലുദ്ധരിച്ച പ്രബല ഹദീസുകള്‍ അറുന്നൂറ്റമ്പത് വരും. പൊന്നാനി ജുമാ മസ്ജിദ് ലൈബ്രറിയില്‍ ഇനിയും ദ്രവിച്ചു പോകാത്ത മുര്‍ശിദിന്റെ ഒരു കയ്യെഴുത്ത് പ്രതിയുടെ ആദ്യതാളുകളിലൊന്നില്‍ പഴയകാലത്ത് ഏതോ ഒരു ഹദീസ് ഗവേഷകന്‍ രേഖപ്പെടുത്തി വച്ചതാണിത്. മഖ്ദൂം രചനകളെ എത്ര ഗൌരവത്തിലായിരുന്നു പഴമക്കാര്‍ കണ്ടതെന്ന് ഈ കൃതികള്‍ പറയുന്നുണ്ട്. മഖ്ദൂം കബീറിന്റെ ശുഅബുല്‍ ഈമാന്‍ എന്ന കൃതി, ‘വിശ്വാസം എഴുപതിലേറെ ശാഖകളാണ്’ എന്ന പ്രസിദ്ധ ഹദീസിന്റെ വിശദീകരണമാണ്. വിശ്വാസകാര്യങ്ങളും അവ ജ്വലിക്കുന്ന കര്‍മ്മ സ്വഭാവസംഗതികളും എഴുപത്തി ഏഴു ശാഖകളായി വിവരിക്കുന്ന ഗ്രന്ഥം. ഓരോ അധ്യായത്തിലും ആവശ്യത്തിനു ഖുര്‍ആന്‍ വചനങ്ങളും തിരു ഹദീസുകളും ഉദ്ധരിച്ചു തന്നെയാണ് ലക്ഷ്യത്തിലേക്ക് നയിക്കുന്നത്. പ്രിന്റ് ചെയ്ത കോപ്പികളില്‍ കാണുന്നപോലെ തന്നെ, കയ്യെഴുത്ത് പ്രതികളുടെയും ആദ്യതാളുകളില്‍ ബുഖാരി, മുസ്ലിം, അബൂദാവൂദ്, തിര്‍മുദി, നസാഈ, ഇബ്നുമാജ, ത്വബ്റാനി, അഹ്മദ്, ഇബ്നുസ്സുന്നി, ബൈഹഖി, ദാറഖുഥ്നി, ഹാകിം എന്നീ പന്ത്രണ്ടു ഹദീസ് ഗുരുക്കന്മാരെ സൂചിപ്പിക്കുന്ന ഹ്രസ്വവരികള്‍ നല്‍കിയിട്ടുണ്ട്.

   ഓരോ അധ്യായവും ഖുര്‍ആന്‍ സൂക്തം കൊണ്ടാരംഭിക്കുകയും തുടര്‍ന്ന് ഹദീസുകള്‍/ ആസാറുകള്‍ എന്നിവ നിരത്തുകയും പിന്നീട് ഗുണപാഠ കഥകള്‍ പറയുകയുമാണ് മഖ്ദൂം കബീറിന്റെ സിറാത്തുല്‍ ഖുലൂബിന്റെ ശൈലി. അദ്ദേഹത്തിന്റെ ദിക്റുല്‍ മൌത്തിലെ രചനാനയം ആരംഭത്തില്‍ തന്നെ വെളിപ്പെടുത്തുന്നുണ്ട്; “ഇതൊരു സംക്ഷിപ്ത രചനയാണ്. മരണ സ്മരണ, മരണാനന്തര ലോകം എന്നീ കാര്യങ്ങളാണിതിലെ ചര്‍ച്ച. ദീര്‍ഘമല്ലാത്ത അധ്യായങ്ങളായാണ് ഓരോ ചര്‍ച്ചയും. ഓരോ വിഷയവും അനുയോജ്യമായ ഖുര്‍ആന്‍ ആയത് കൊണ്ട് തുടങ്ങും. അതേ തുടര്‍ന്ന് തിരുവചനങ്ങളും ഉപദേശങ്ങളുമുണ്ടാവും. ഈ ലഘുകൃതിയില്‍ ഇരുനൂറിലധികം ഹദീസുകള്‍ എടുത്തുചേര്‍ത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സൂഫികാവ്യമായ അദ്കിയാഇലും സമരകാവ്യമായ തഹ്രീളിലും വിഷയസംബന്ധമായ ഹദീസുകളിലേക്കുള്ള സൂചനകള്‍ എമ്പാടും കാണാം. ചില വരികള്‍ ഹദീസുകളുടെ നേര്‍ കാവ്യാവിഷ്കാരമാണ്. അല്ലാഹുവിന്റെ സാമീപ്യം നേടാന്‍ തിരുപ്രവാചകചര്യ അനുകരിക്കുക മാത്രമേ വഴിയുള്ളൂവെന്ന് പ്രസ്താവിക്കുന്ന മഖ്ദൂം കബീര്‍, അതിനവലംബിക്കാവുന്ന വിശിഷ്ട ഹദീസ് സമാഹാരമായി ഇമാം നവവിയുടെ രിയാളുസ്സ്വാലിഹീന്‍ നിര്‍ദ്ദേശിക്കുന്നു. തികഞ്ഞ ഹദീസ് പണ്ഡിതനായിരുന്നു മഖ്ദൂം കബീര്‍ എന്നു മാത്രമല്ല, ഹദീസുകള്‍ പ്രമാണമായുദ്ധരിച്ചുള്ള പ്രബോധന അധ്യാപനമായിരുന്നു തന്റെ ശൈലിയെന്നതാണു തിരിച്ചറിയേണ്ടകാര്യം. ഇസ്ലാമിക കാര്യങ്ങളെ പ്രാമാണികമായി സമീപിക്കേണ്ടതിന്റെ രീതി ശാസ്ത്രം പിന്‍ഗാമികള്‍ക്കു പകരുകയായിരുന്നു അദ്ദേഹം. പുത്രന്‍ അബ്ദുല്‍ അസീസ് മഖ്ദൂം തന്റെ ഹദീസ് നൈപുണ്യം തെളിയിച്ചുകൊണ്ട് പിതാവിന്റെ അദ്കിയാ സമര്‍ത്ഥമായി വ്യാഖ്യാനിച്ചു. അദ്കിയാഇലെ ഓരോ ആശയവും ഖുര്‍ആന്‍ ഹദീസുകളുടെ പിന്‍ബലത്തിലദ്ദേഹം വിശദീകരിച്ചു. സൈനുദ്ദീന്‍ മഖ്ദൂം സ്വഗീറും ഫത്ഹുല്‍ മുഈനും തുഹ്ഫത്തുല്‍ മുജാഹിദീനും അജ്വിബത്തുല്‍ അജീബയും ഇതിന്റെ സാക്ഷ്യങ്ങളാണ്. ഇര്‍ശാദ് പിതാമഹന്റെ മുര്‍ശിദിന്റെ കാലോചിത പരിഷ്കരണമായിരുന്നു. ഭാഷാപടുവായ പിതാമഹന്റെ കാവ്യതാല്പര്യവും സാഹിത്യശൈലിയും എഡിറ്റു ചെയ്ത് ഇര്‍ശാദുണ്ടാക്കുകയായിരുന്നു. ഹദീസുദ്ധരിച്ചു സമര്‍ത്ഥിക്കാത്ത ഒരൊറ്റ അധ്യായവും ഇര്‍ശാദിലില്ല. വിദേശരാജ്യങ്ങളില്‍ മുര്‍ശിദിനെക്കാള്‍ ഇര്‍ശാദിന് അധിക സ്വീകാര്യത ലഭിച്ചതിന്റെ പിന്നില്‍, സരളത മാത്രമല്ല പ്രമാണ പിന്‍ബലം കൂടിയുണ്ട്. ഗുണപാഠം നല്‍കുന്ന ചില ചരിത്ര സംഭവങ്ങള്‍ അപ്രബലമാണ്. നന്മ സുസ്ഥിരപ്പെടുത്താന്‍ അതിന് വിരുദ്ധമല്ലാത്ത ഗുണപാഠങ്ങളാവാം എന്ന വിവരം പില്‍ക്കാലത്തിന് നല്‍കുകയായിരുന്നു മഹാനുഭാവന്‍. അത്തരം ഗുണപാഠകഥകള്‍ ഹദീസുകളെപ്പോലെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കപ്പെടേണ്ടതില്ലെന്ന നിലപാട് പകര്‍ന്നു തരുകയായിരുന്നു മഖ്ദൂം. അതേ സമയം, സ്ഥാപിത സത്യങ്ങള്‍ക്കു വിരുദ്ധമാണെങ്കില്‍ സനദ് ഭദ്രമാണെങ്കില്‍ പോലും അവ അസ്വീകാര്യവുമാണ്.

  റസൂലിന്റെ മേല്‍ സ്വലാതുചൊല്ലുന്നതിന്റെ പുണ്യം ബോധ്യപ്പെടുത്താന്‍ ഇര്‍ശാദിലുദ്ധരിച്ച ഒരു കഥ ഉദാഹണമായെടുക്കാം; പാതിരാ സമയത്ത് ആഇശാബീവി(റ) എന്തോ തുന്നുകയായിരുന്നു. സൂചി നിലത്തു വീണു. വിളക്കണയുകയും ചെയ്തു. അപ്പോഴവിടെ നബി(സ്വ) കടന്നുവന്നു. തിരുനബിയുടെ പ്രഭയാല്‍ വീട് വെളിച്ചത്തില്‍ കുളിച്ചു. ആ വെളിച്ചത്തില്‍ മഹതിക്കു സൂചി കണ്ടെടുക്കാനായി. മഹതി പറയുകയും ചെയ്തു; അല്ലാഹുവിന്റെ അന്ത്യദൂതരേ, അങ്ങയുടെ തിരുവദനത്തിനെന്തു വെളിച്ചം..! അവിടുന്ന് പ്രതികരിച്ചു : “എന്നെ കാണാത്തവര്‍ക്കു നാശം”. മഹതി ചോദിച്ചു : “ആരാണ് അങ്ങയെ കാണാത്തവര്‍?”
“പിശുക്കന്‍.”
“ആരാണ് പിശുക്കന്‍?”
“എന്റെ നാമം കേട്ടിട്ടും സ്വലാത്ത് ആശംസിക്കാത്തവന്‍.”

  കഥയുടെ സനദിലല്ല കാര്യമെന്ന് മഖ്ദൂം ബോധ്യപ്പെടുത്തുകയാണിവിടെ. വിശ്രുതമായ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ ജിഹാദിന്റെ പ്രാധാന്യം കാണിക്കുന്ന ഹദീസുകള്‍ വേണ്ടത്ര നല്‍കിയിട്ടുണ്ട്. ഇമാം ശാഫിഈ(റ)യുടെ വീക്ഷണപ്രകാരമെഴുതിയ ഫത്ഹുല്‍ മുഈന്‍ പ്രാമാണിക പിന്തുണ ഉറപ്പുവരുത്തിയ മറ്റൊരു രചനയാണ്. വിവിധ മസ്അലകള്‍ പറയുമ്പോള്‍ 125ലേറെ തവണ തദ്വിഷയകമായി വന്ന ഹദീസുകളെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നുണ്ട് ഫത്ഹുല്‍ മുഈനില്‍. പ്രവാചകരെ/ സ്വഹാബത്തിനെ അനുകരിച്ചുകൊണ്ടുള്ളതെന്ന് എടുത്തു പറഞ്ഞാണ് 49 മസ്അലകള്‍ ഫത്ഹുല്‍ മുഈന്‍ അവതരിപ്പിക്കുന്നത്. ഇജ്മാഅ് രേഖയാക്കി പതിനഞ്ച് സംഗതികള്‍ പ്രത്യേകം പഠിപ്പിച്ചു. ഹദീസില്‍ വിലക്കുണ്ടെന്നു പറഞ്ഞു പതിമൂന്ന് കാര്യങ്ങള്‍ വിലക്കി. ശാഫിഈ മദ്ഹബിലുള്ള ഒരു പ്രാഥമിക ഗ്രന്ഥം പോലും കേവല മസ്അലാ സമാഹാരമായിട്ടല്ല മഖ്ദൂം കൈകാര്യം ചെയ്തിട്ടുള്ളതെന്നു വ്യക്തം.

  ഫളാഇല്‍ പറയാന്‍ കൃത്രിമമല്ലാത്ത ഹദീസുകള്‍ അടിസ്ഥാനമാക്കാമെന്നത് മുസ്ലിം സമുദായത്തിന്റെ അംഗീകൃത നിലപാടാണ്. മഖ്ദൂമുമാരുടെ അധ്യാപനവും അതു തന്നെയായിരുന്നു. സ്ഥിരീകൃതമായ ഒരു വിധി/വിലക്ക് അനുഷ്ഠിച്ചാല്‍ അഥവാ ഉപേക്ഷിച്ചാല്‍ ലഭിക്കുന്ന നേട്ടം, അഥവാ നഷ്ടം പറയുന്നതാണ് ഫളാഇലിലെ ഒരിനം. സ്ഥിരീകൃതമായ ഒരു കര്‍മ്മത്തിനോടനുബന്ധമായി വരുന്ന ഉപചര്‍ച്ചകളാണ് മറ്റൊരിനം. (ഫളല, ഫളുല എന്നീ അടിസ്ഥാന രൂപങ്ങളില്‍ നിന്ന് നിഷ്പന്നമായ പ്രയോഗരൂപമാണ് ഫളാഇല്‍). സുസ്ഥാപിത വിശ്വാസത്തിനും വിധിവിലക്കുകള്‍ക്കും പ്രബല ഹദീസുകള്‍ക്കും വിരുദ്ധമല്ലെങ്കില്‍, മേല്‍പറഞ്ഞ രണ്ടാവശ്യങ്ങള്‍ക്കും ഹദീസ് പരമ്പരയിലെ അപ്രബലത പ്രശ്നമാക്കാറില്ല, ഹദീസ് നിര്‍മ്മിതമാകരുതെന്നു മാത്രം. മഖ്ദൂം കബീറിന്റെ ദിക്റുല്‍ മൌതില്‍ ഉപദേശാവശ്യാര്‍ത്ഥം ഏതാനും അപ്രബല ഹദീസുകള്‍ കടന്നുവരുന്നുണ്ട്. അബ്ദുല്‍ അസീസ് മഖ്ദൂം രചിച്ച ചില ലഘുകൃതികളിലും ധാരാളം അപ്രബല ഹദീസുകള്‍ കാണാം. അദ്ദേഹത്തിന്റെ മുതഫരിദില്‍ വിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കാനുദ്ധരിച്ച “ചൈനയിലാണു ജ്ഞാനമെങ്കില്‍ പോലും ജ്ഞാനം തേടുവിന്‍, കാരണം ജ്ഞാനാന്വേഷണം എല്ലാ മുസ്ലിം സ്ത്രീ പുരുഷ•ാര്‍ക്കും ബാധ്യതയത്രെ” എന്ന ഹദീസിന്റെ പരമ്പര സൂക്ഷ്മ പരിശോധനയില്‍ ബലക്കുറവുള്ളതാണല്ലോ. “നിശ്ചിത സമയത്ത് നിശ്ചിത സ്ഥലത്ത് ജപിക്കേണ്ട മന്ത്രമായി ശറഅ് പകര്‍ന്നു തന്ന പ്രത്യേക ദിക്റുകള്‍ – ദുര്‍ബ്ബലമായ പരമ്പരയിലൂടെയാണെങ്കില്‍ പോലും – അനുഷ്ഠിക്കുകയാണ് അന്നേരം/ ആസ്ഥലത്ത് വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിലും ഉത്തമം. ചില സ്വഹാബികളില്‍ നിന്നു പകര്‍ന്നു കിട്ടിയ പ്രത്യേക ദിക്റുകള്‍ നബി(സ്വ)യില്‍ നിന്നു ലഭിച്ചതെന്ന പോലെ തന്നെ പരിഗണിക്കേണ്ടതുണ്ട്. സൈനുദ്ദീന്‍ മഖ്ദൂം സഗീര്‍ ഇര്‍ശാദില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വിവിധ സന്ദര്‍ഭങ്ങളില്‍ പതിവാക്കേണ്ട വ്യത്യസ്ത ആയതുകളും സൂറതുകളും പരാമര്‍ശിക്കവെ, ഫത്ഹുല്‍ മുഈന്‍ പറയുന്നു: “ഇവകളുടെ കാര്യത്തില്‍ കൃത്രിമമല്ലാത്ത ഹദീസുകള്‍ വന്നിട്ടുണ്ട്.” രേഖകള്‍ കൃത്രിമമാകരുതെന്ന ജാഗ്രത മഖ്ദൂമുമാരുടെ അധ്യാപനങ്ങളിലെമ്പാടും കാണാം. വുളുവില്‍ ഓരോ അവയവയത്തിലും ജലം പ്രയോഗിക്കുമ്പോള്‍ ജപിക്കാനുള്ള ഓരോ മന്ത്രങ്ങള്‍ പ്രസിദ്ധമാണ്. ഇവ സംബന്ധമായി ശാഫിഈ മദ്ഹബ് വക്താക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ആ മന്ത്രങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് ഇമാം നവവി(റ)യുടേത്. എന്നാല്‍ ഇമാം ഗസ്സാലി(റ) അവ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സ്വൂഫിസത്തിന്റെ ആധികാരിക വക്താവായിരുന്നിട്ടുപോലും, ഇമാം നവവിയുടെ നിലപാടാണ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ ഫത്ഹുല്‍ മുഈനില്‍ പഠിപ്പിച്ചത്. “ഓരോ അവയവവും കഴുകുമ്പോള്‍ ചൊല്ലാനുള്ള പ്രസിദ്ധമായ പ്രാര്‍ത്ഥനാ വചനങ്ങള്‍, അവയ്ക്കു പരിഗണനീയമായ അടിത്തറയില്ലാത്തതിനാല്‍, ഇമാം നവവി(റ)യുടെ വീക്ഷണം പിന്‍പറ്റികൊണ്ട് ഞാനിവിടെ പരാമര്‍ശിക്കാതെ ഒഴിവാക്കുകയാണ്.” വുളുവില്‍ തന്നെ, പിരടി തടവുക സുന്നത്തല്ലെന്നും അക്കാര്യത്തില്‍ യാതൊരുരേഖയും സ്ഥിരപ്പെട്ടിട്ടില്ലെന്നും പ്രസ്താവിച്ച ശേഷം മഖ്ദൂം വെളിപ്പെടുത്തുന്നു. “എന്നല്ല, അതു ബിദ്അത്തും തല്‍സംബന്ധമായുദ്ധരിക്കപ്പെടുന്ന ഹദീസ് വ്യാജവുമാണെന്ന് ഇമാം നവവി(റ) പ്രസ്താവിച്ചിട്ടുണ്ട്.”
(തുടരും)

You must be logged in to post a comment Login