കത്തിപ്പിടിക്കുന്ന ഒരു കഥ പറയാനുണ്ടോ?

കത്തിപ്പിടിക്കുന്ന ഒരു കഥ പറയാനുണ്ടോ?

കത്തിപ്പിടിക്കുന്ന ഒരു കഥയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് നീണ്ടുപോകുകയാണല്ലോ കൂട്ടുകാരേ. സര്‍ഗവേദി കവികള്‍ക്കു മാത്രമുള്ള അരങ്ങല്ല. കഥാകൃത്തുക്കള്‍ക്ക് കൂടിയുള്ളതാണ്. എന്നാല്‍ ഒരു ശര്‍തുണ്ട്. കവിതപോലെ ചെറുതാവണം കഥ. ചെറുതാണല്ലോ ചേതോഹാരം.

കവിതയേക്കാള്‍ ജനകീയമായ സാഹിത്യമാണ് കഥ. നമ്മുടെ നാടോടി പാരമ്പര്യത്തിലാണ് ഈ സാഹിത്യരൂപത്തിന്റെ വേരുകള്‍. കഥ രസരകരമായി പറയുകയും കൊതിയോടെ കേള്‍ക്കുകയും തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പൂര്‍വിക സ്വത്തെന്നപോലെ കൈമാറുകയും ചെയ്തിരുന്ന ഒരു പാരമ്പര്യം മനുഷ്യനുണ്ട്. ബിസി 320ല്‍ ഉണ്ടായെന്ന് കരുതപ്പെടുന്ന ‘രണ്ടു സഹോദരന്‍മാര്‍’ ആണ് ഇതുവരെ ലഭ്യമായതില്‍ വച്ച് ഏറ്റവും പഴയ കഥ. ഈസോപ്പ് കഥകളും ജാതക കഥകളും പഞ്ചതന്ത്രം കഥകളുമെല്ലാം കഥയുടെ അനുഭൂതിദായകമായ അത്ഭുത രചനകളാണ്. കഥയുടെ രസച്ചരടില്‍ ജീവിതത്തെ ബന്ധിപ്പിക്കുന്ന മാന്ത്രികവിദ്യയാണ് ‘ആയിരത്തൊന്ന് രാവുകളി’ല്‍ നമുക്ക് കാണാനാവുക.

ചെറുതായത് കൊണ്ടുമാത്രമല്ല, നാം ചെറുകഥയെ അങ്ങനെ വിളിക്കുന്നത്. ജീവിതത്തിന്റെ സൂക്ഷ്മ തലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പുതിയൊരു ചിന്തയിലേക്കോ ഉണര്‍വിലേക്കോ നയിക്കാനുള്ള അതിന്റെ അപാരശേഷികൊണ്ടു കൂടിയാണ്. ചെറുത് എന്നതിനര്‍ത്ഥം പേജുകളുടെ എണ്ണം കുറയുക എന്നല്ല കഥയുടെ പരിസരവും പാത്രങ്ങളും പിരിമിതമായിരിക്കുക എന്നാണ്. ഒരു കഥാ പരിസരത്തു വച്ച് ജീവിതത്തിന്റെ സത്തയെ വേര്‍തിരിച്ചെടുക്കുകയാണ് ചെറുകഥ ചെയ്യുന്നത്. വലിയൊരു പാറയില്‍ നിന്ന് മനോഹരമായ ഒരു കൊച്ചു ശില്‍പം കൊത്തിയെടുക്കുന്നതുപോലെ.
അയച്ചുകിട്ടിയ കഥകളില്‍ നിന്ന് ജീവന്റെ മിന്നലാട്ടങ്ങളുള്ള ചില രചനകളാണ് ഈ ലക്കം പ്രസിദ്ധീകരിക്കുന്നത്. ജീവന്‍ പൂര്‍ണമായി തുടിക്കുന്ന രചകള്‍ക്കു വേണ്ടി കാത്തിരിക്കുന്നു.
ചങ്ങാതി.

പുസ്തകചര്‍ച്ച

വായനശാലയുടെ വരാന്തയില്‍വച്ച് പുസ്തക ചര്‍ച്ച നടക്കുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഥാകൃത്തും എത്തിയിട്ടുണ്ട്.
കഥാകാരന്റെ തൂലികയില്‍ നിന്ന് പോസിറ്റീവ് കഥകള്‍ പിറവികൊള്ളുന്നില്ലെന്ന് വായനക്കാരന്‍ കുറ്റപ്പെടുത്തി.
അശാന്ത മനസ്സിലേ കഥ ജനിക്കുകയുള്ളൂ എന്ന് കഥാകാരന്‍ സമര്‍ത്ഥിച്ചു.
കഥാകാരന്റെ മറുപടിയില്‍ വായനക്കാരന്‍ തൃപ്തനായിരുന്നില്ല. ഒടുക്കം കഥാകാരന്‍ കത്തുന്ന വാക്കുകള്‍ അന്വേഷിച്ചും, കറുത്ത അക്ഷരങ്ങളെ ഭയപ്പെട്ട വായനക്കാരന്‍ ശാന്തി തേടിയും രണ്ട് ദിക്കിലേക്ക് യാത്രയായി.
അഷ്റഫ് കുരുവട്ടൂര്‍

ഫോറിന്‍ പേന

ക്ളാസിലെ അവസാനത്തെ ബെഞ്ചിലിരുന്ന് ധൃതിയില്‍ എന്തൊക്കെയോ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥിയെ വിളിച്ച് അധ്യാപകന്‍ ചോദിച്ചു:
‘നീയെന്താ എഴുതിക്കൊണ്ടിരിക്കുന്നത്?’
‘ഈ പാഠത്തിലെ പോയിന്റുകള്‍ മുഴുവന്‍ കുറിച്ചിടുകയാ.’
‘ഈ പാഠത്തില്‍ നിന്ന് നിനക്കെന്താ കിട്ടിയത്?’
ഒന്നും കിട്ടിയില്ല സാറേ, എന്റെ നോട്ട് ബുക്കിലെ പേജും പേനയുടെ മഷിയും തീരാറായി.
പെട്ടെന്ന് അധ്യാപകന്‍ പറഞ്ഞു: ‘നിന്റെ കാര്യം കഷ്ടം തന്നെ!’
സാരമില്ല. സാറേ, പോയത് പോട്ടെ. എന്റെ അച്ഛന്‍ ഇന്നലെ ഗള്‍ഫില്‍ നിന്ന് വന്നപ്പോള്‍ പുതിയ പേനയുമുണ്ടായിരുന്നു ലഗ്ഗേജില്‍..
ഫര്‍ഹാനുറഹ്മാന്‍, പടന്ന.

മനുഷ്യന്‍

കളിക്കുന്നതിനിടയില്‍ കുട്ടിയൊരു വേള്‍ഡ്മാപ്പ് കീറി തുണ്ടങ്ങളാക്കി. കണ്ടുവന്ന പിതാവ് കുട്ടിയെ ശകാരിച്ചു. അല്‍പസമയത്തിനു ശേഷം കുട്ടി, മാപ്പ് ശരിയാക്കിവെച്ചു. പിതാവ് അത്ഭുതത്തോടെ ചോദിച്ചു: ‘നീയിതെങ്ങനെ ശരിയാക്കി?’ കുട്ടി പറഞ്ഞു : “അതിന്റെ മറുപുറം ഒരു മനുഷ്യചിത്രമായിരുന്നു. മനുഷ്യചിത്രം യോജിപ്പിച്ച് വച്ചു. അപ്പോള്‍ മാപ്പ് നന്നായി. മനുഷ്യന്‍ നന്നായാല്‍ ലോകം നന്നായി.
സ്വലാഹുദ്ദീന്‍, അല്‍ ഇഹ്സാന്‍,വേങ്ങര.

സഹശയനം

പകലന്തിയോളം വിയര്‍പ്പൊഴുക്കിയതിന്റെ പ്രതിഫലമാണ് കയ്യില്‍. തിരക്കുള്ള ബസില്‍ തൂങ്ങിപ്പിടിച്ചുള്ള യാത്രയിലെവിടെയോ പിടി വിട്ട് നിരത്തില്‍ വീണുടഞ്ഞ മദ്യക്കുപ്പിയുടെ പിറകെ ആര്‍ത്തനാദത്തോടെ അയാളും ചാടി. ചിന്നിചിതറിയ കുപ്പിച്ചില്ലുകള്‍ക്കിടയിലൂടെ ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങുന്ന മദ്യത്തിനടുതേത്ക്ക് അതിശീഘ്രം ഇഴഞ്ഞു നീങ്ങി. മരണവെപ്രാളത്തിനിടയിലും. അവസാനം അയാള്‍ക്കതിനു സാധിച്ചു. ജീവിതത്തിലുടനീളം തന്റെ സുഹൃത്തായിരുന്ന മദ്യത്തോടൊപ്പം ഒരു സഹശയനം.
സുഹൈല്‍ പി എം,
ദാറുല്‍ മആരിഫ്, കാടാമ്പുഴ

ഇന്‍സോംനിയ

ഒടുവില്‍ നിദ്രയെ സെലക്ട് ചെയ്ത് അയാള്‍ ജോലി നിര്‍ത്തി. പക്ഷേ, സുഖസുഷുപ്തി അയാളെ പുണര്‍ന്നില്ല. എന്ത് ചെയ്യും? അയാളുടെ മനസ്സില്‍ ഇന്‍ഫീരിയോരിറ്റികളുടെ വിത്ത് വീണു. ചിന്തകള്‍ ഒരു തരം നിരാലംബത്വം പൂണ്ടു. ആപ്പിളും ടൈക്കൂണും പതിമൂന്ന് പ്രാവശ്യം അയാളെ ഇക്കിളിപ്പെടുത്തി. ഫോബിയകള്‍ അയാളില്‍ നിന്ന് വേറെ അഭയസ്ഥലം നോക്കി കുടിയേറി. മരണത്തിന് കൂട്ടുകാരനെ കിട്ടിയില്ലെങ്കില്‍ മരണം എന്നെ കൂട്ടുകാരനാക്കിയേക്കാം. അയാള്‍ തന്റെ മുമ്പിലുള്ള എന്‍ഡോസള്‍ഫാന്‍ രുചിച്ച് നോക്കി. വൈകിയില്ല മരണം നറുപുഞ്ചിരിയോടെ അയാളെ ഏറ്റെടുത്തു. ഇന്‍സോംനിയക്കൊരു സൊലൂഷന്‍ കണ്ടെത്തി.
ശുക്കൂര്‍ പി, കാരക്കുന്ന്.

You must be logged in to post a comment Login