മരുഭൂമിയില്‍ ഉരുകുന്ന പെരുന്നാള്‍

മരുഭൂമിയില്‍ ഉരുകുന്ന പെരുന്നാള്‍

ഒരു കാലത്ത് നോമ്പും പെരുന്നാളും ആഗതമായാല്‍ ഗള്‍ഫിലാരെങ്കിലുമുള്ള വീട്ടുകാര്‍ പോസ്റ്റ്മാന്‍ വരുന്നതും കാത്തിരുന്നത് പാര്‍സല്‍ പ്രതീക്ഷിച്ചായിരുന്നു. എയ്റ്റി ട്വന്‍റി, നൂറ്റിക്ക് നൂറ് പോളിസ്റ്റര്‍ കുപ്പായത്തുണിയും പാന്‍റ്സും പുള്ളിത്തുണിയും സ്പ്രേ ബോട്ടിലുമൊക്കെയായിരുന്നു അന്നത്തെ പാര്‍സല്‍ ഉരുപ്പടികള്‍. നാട്ടിലെ ഷോപ്പുകളില്‍ കിട്ടാത്ത, ജപ്പാന്‍ നിര്‍മിത തുണിത്തരങ്ങള്‍ ഗള്‍ഫ് ആഢംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രതീകമായിരുന്നു അന്ന്. സ്വര്‍ണം വിളയുന്ന നാട്ടില്‍ നിന്ന് ഉറ്റവര്‍ക്കായി പറന്നെത്തുന്ന അപൂര്‍വം വസ്തുക്കള്‍ ഗള്‍ഫിനെക്കുറിച്ച് നാട്ടില്‍ കുറെ മിഥ്യാ സങ്കല്‍പങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ കാരണമായി. ഗള്‍ഫ് സ്വര്‍ഗമാണെന്നും ഉറ്റവരും ഉടയവരും ശീതീകരിച്ച കെട്ടിടങ്ങളില്‍, സുഭിക്ഷം ആഹാരം കഴിച്ചു, സുഖ ജീവിതമാണ് നയിക്കുന്നതെന്നുമായിരുന്നു പൊതുവെയുള്ള ധാരണ. ആയുസ്സും വപുസ്സും സൈകതകഭൂവില്‍ ഹോമിക്കാന്‍ വിധിക്കപ്പെട്ടവരാരും തന്നെ ഗള്‍ഫ് പ്രവാസത്തിന്റെ യഥാര്‍ത്ഥ ചിത്രം കെട്ടിയവളുടെ മുന്നില്‍ പോലും തുറന്നുവെക്കാന്‍ സത്യസന്ധത കാട്ടിയിരുന്നില്ല. വല്ലാത്തൊരു നഷ്ടബോധം അവരെ മോഹഭംഗത്തിന്റെ ഉത്തരീയമെടുത്തണിയാനും നൂറുമേനിയില്‍ പൊതിഞ്ഞ കപടമൗനത്തില്‍ അഭയം പ്രാപിക്കാനും പ്രേരിപ്പിച്ചത് അങ്ങനെയാണ്. നെഞ്ചിലെ തീ എന്നും എരിഞ്ഞു കൊണ്ടേയിരുന്നു. അത് ചിലപ്പോള്‍ ആളി കത്താറുണ്ട്. നാട്ടിലെ സന്തോഷ ദിനങ്ങളിലാണ് നെടുവീര്‍പ്പായും കണ്ണീരായും ആധി മുഴുവന്‍ ബഹിര്‍ഗമിക്കാറ്. സ്വന്തം മകളുടെ വിവാഹ ദിവസം ലേബര്‍ ക്യാമ്പിലെ മുറിയില്‍ ഏകനായിരുന്ന് പൊട്ടിക്കരഞ്ഞ് ആഹ്ലാദം സ്വയം ആവാഹിച്ച എത്രയെത്ര പിതാക്കന്മാര്‍! പെരുന്നാളിന്റെ ആഹ്ലാദവേളയില്‍, കെട്ടിയവളോടും മക്കളോടുമൊപ്പം കൊണ്ടാടിയ പെരുന്നാളിന്റെ മധുരോദാരമായ ഓര്‍മകള്‍ ഗൃഹാതുരതയായി തികട്ടി വരുമ്പോള്‍, എല്ലാം മറക്കാന്‍ കിടന്നുറങ്ങിയാണ് ആ ദിവസം തള്ളി നീക്കാറെന്ന് നാട്ടിലുള്ളവര്‍ അറിയുന്നില്ല.
മരുക്കാട്ടിലെ ദൈനംദിന ജീവിതത്തിന്റെ യാന്ത്രികതയും നിസ്സഹായതയും തുടികൊട്ടി വരുന്ന മഹൂര്‍ത്തമാണ് പെരുന്നാള്‍ പോലുള്ളത്. കുടുംബസമേതം ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് അവരുടേതായ കൊച്ചു ലോകത്തിന്റെ സന്തോഷവും സ്നേഹ പ്രകടനവുമെല്ലാം ആസ്വദിക്കാനുണ്ടാവും. എന്നാല്‍ ഭൂരിഭാഗത്തിന്റെയും പെരുന്നാള്‍ ഒരു അവധി ദിവസം എന്നതില്‍ കവിഞ്ഞ് ഒരു നിലക്കും വര്‍ണാഭമല്ല. ജിദ്ദയിലെ നാലു വര്‍ഷത്തെ ജീവിതത്തിനിടയില്‍ കൗതുകകരമായി തോന്നിയ കുറെ പെരുന്നാള്‍ അനുഭവങ്ങളുണ്ട്. ഒന്നാമതായി, ആ സുദിനത്തെ അറബ് സമൂഹം എത്ര മൃദുലമായും ആര്‍ഭാടരഹിതമായും വരവേല്‍ക്കുന്നു എന്നതാണ്. റമളാനെ വരവേല്‍ക്കാന്‍ മനസ്സ് കൊണ്ടും ശരീരം കൊണ്ടും മുന്നൊരുക്കങ്ങള്‍ നടത്തുകയും റമളാന്‍ ഷോപ്പിങ്ങില്‍ പെട്രോള്‍ധന്യതയുടെ സകല സാധ്യതകളും വിനിയോഗിക്കുകയും ചെയ്യുന്ന അറബികള്‍, പെരുന്നാളിന്റെ പേരില്‍ തെരുവുകളെ ജനനിബിഡമാക്കാറില്ല. എങ്കിലും റിയാദിലെയും ദമാമിലെയും ജിദ്ദയിലെയും മാളുകളും തെരുവുകളും പെരുന്നാളടുത്താല്‍ ഉത്സവഛായയില്‍ നിമഗ്നമായി കഴിയും. അത്തര്‍കടകളും മിലായി തെരുവുകളും സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊണ്ട് നിറയുന്നത് കാണാന്‍ ജിദ്ദ ബലദിലൂടെ രാത്രി പത്തു മണിക്ക് ശേഷം ഒന്ന് കറങ്ങിയാല്‍ മതി. ട്രാഫിക്കുകള്‍ പോലും പലപ്പോഴും സ്തംഭിക്കും.
സൂര്യനുദിച്ചുയരുന്നതിനു മുമ്പ് പെരുന്നാള്‍ നിസ്കാരം കഴിയും എന്നതാണ് സഊദി അറേബ്യയില്‍ കണ്ട പ്രത്യേകത. സുബ്ഹ് നിസ്കാരം കഴിഞ്ഞാല്‍ ഈദ് നിസ്കാരത്തിലേക്ക് ദൂരം വളരെ കുറവാണ്. ചെറിയ ചെറിയ പള്ളികള്‍ ജനനിബിഡമാകുമ്പോള്‍ മുറ്റവും റോഡും സമീപത്തെ ഫ്ളാറ്റുകളുമൊക്കെ വിശ്വാസികളെ ക്കൊണ്ട് നിറയും. മുസല്ലയുമായി മാത്രമേ അറബികളായാലും അനറബികളായാലും പെരുന്നാള്‍ പ്രഭാതത്തില്‍ പുറത്തിറങ്ങൂ; എവിടെ വച്ചും നിസ്കാരത്തില്‍ പങ്കാളിയാവേണ്ടി വരുമെന്ന നിശ്ചയത്തോടെ.
മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ മലയാളികള്‍ പെരുന്നാള്‍ കൊണ്ടാടുന്നതിലും അവരുടേതായ ഒരു മാതൃക രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. ബാച്ച്ലര്‍ ഫ്ളാറ്റുകളില്‍ എല്ലാവരും കൂടി ബിരിയാണിയോ നെയ്ച്ചോറോ തേങ്ങാച്ചോറോ പാകം ചെയ്തു, വട്ടമിട്ടിരുന്ന് തിന്ന്, നാട്ടിന്റെ സുകൃതം കുറച്ചു നേരത്തേക്കെങ്കിലും പറിച്ചു നടുകയാണ്. അതിനിടയില്‍ വീട്ടിലേക്ക് വിളിച്ച് ഉറ്റവരുടെയും ഉടയവരുടെയും ആഹ്ലാദം ആവാഹിച്ചെടുക്കാന്‍ കാട്ടുന്ന തിടുക്കവും ഉല്‍സാഹവുമാണ് മരുക്കാട്ടിലെത്തുമ്പോള്‍ മലയാളിക്ക് മനസ്സ് എന്തുമാത്രം ആര്‍ദ്രമാകുന്നുവെന്ന് ചിന്തിച്ചു പോകുന്നത്.
അറബ് സമൂഹത്തിന്റെ പെരുന്നാള്‍ ചിട്ട വട്ടങ്ങളെ ഒരു നിലക്കും മലയാളികള്‍ പിന്തുടരുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതിന് സാധ്യമല്ലാത്ത ജീവിത ചുറ്റുപാടിലാണവര്‍ കഴിച്ചകൂട്ടുന്നത് എന്നതാണ് കാരണം. ബന്ധുക്കളെയും സ്നേഹിതന്മാരെയും സന്ദര്‍ശിച്ചു മധുരം നല്‍കി, കുടുംബത്തിന്റെ ഇഴകളുറപ്പിക്കുന്ന അറേബ്യന്‍ രീതി, പ്രവാചകന്റെ മാതൃക പിമ്പറ്റിയാണ്. കുടുംബ സമേതം താമസിക്കുന്ന മലയാളികളും ഇതേ രീതി പിന്തുടര്‍ന്ന് ഏതെങ്കിലുമൊരു വീട്ടില്‍ സംഗമിക്കുകയും ഒരുമിച്ചു പെരുന്നാള്‍ കൊണ്ടാടുകയുമാണ് പതിവ്. അഞ്ചു ശതമാനത്തിന് താഴെ വരുന്ന വൈറ്റ് കോളര്‍ ജോലിക്കാര്‍ക്കും ബിസിനസുകാര്‍ക്കും മാത്രം വിധിക്കപ്പെട്ട ഈ സൗഭാഗ്യം ഭൂരിഭാഗത്തിന് എപ്പോഴും ഒരു സ്വപ്നം മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ഇവരുടെ സന്തോഷ നിമിഷങ്ങള്‍ സായാഹ്നങ്ങളിലെ പെരുന്നാള്‍ സംഗമത്തിലാണ്.
ജിദ്ദ ശറഫിയയിലെ, അല്ലെങ്കില്‍ റിയാദിലെ ബത്ഗയിലെ, ഖമീസ് മുശൈത്തിലെ, ബംഗാളി മാര്‍ക്കറ്റിലെ തിരക്കുകളില്‍ ലയിച്ചുചേര്‍ന്ന് ആഹ്ലാദം പങ്കിടുകയും ദുഃഖങ്ങള്‍ക്ക് കുറെ നേരത്തേക്കെങ്കിലും അവധി കൊടുക്കുകയും ചെയ്യുന്ന ശീലം പ്രവാസത്തിന്റെ ഒന്നാം നാള്‍ തുടങ്ങിയതാവണം. ഓരോ നാട്ടുകാരും ഏതെങ്കിലും പ്രത്യേക ഇടത്ത് സന്ധിച്ചു കുശലം പറയുകയും സ്നേഹ ബന്ധങ്ങള്‍ പുതുക്കുകയും പങ്കപ്പാടുകള്‍ പങ്കിടുകയും ചെയ്യുന്ന കാഴ്ച ഗള്‍ഫ് പ്രവാസത്തിന്റെ കണ്ണീരും പുഞ്ചിരിയും ഇടകലര്‍ന്നു നില്‍ക്കുന്ന ഒരു ചിത്രമാണ്. ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ ആള്‍ക്കൂട്ടത്തിനിടയിലൂടെ എത്രയോ തവണ കണ്ണുപായിച്ചും കാതുകൂര്‍പ്പിച്ചും കറങ്ങുന്നതിനിടയില്‍ പലപ്പോഴും ഹൃദയം പിടഞ്ഞിട്ടുണ്ട്. ഇവരുടെ ശരീരം മാത്രമാണ് ഇവിടെയുള്ളതെന്നും മനസ്സും ആത്മാവും കടലിനക്കരെ ഉമ്മപെങ്ങന്മാരുടെയും പ്രിയതമയുടെയും കുഞ്ഞുമക്കളുടെയും ഒപ്പമാണെന്നും ആരും പറയാതെ തന്നെ നമുക്ക് വായിച്ചെടുക്കാം. കടത്തിണ്ണകളിലും മരച്ചുവട്ടിലും പാതവക്കിലും കൂടിയിരുന്ന് ഓരോ നാട്ടുകാരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരും കൈമാറുന്നത്, കേവലം പെരുന്നാള്‍ വൃത്താന്തങ്ങളല്ല; പ്രത്യുത ജീവിത വഴിയിലെ പ്രാരാബ്ധങ്ങളും മരുഭൂമിയില്‍ ഉരുകിത്തീരുന്ന ജീവിത നിമിഷങ്ങളുമാണ് നെടുനിശ്വാസങ്ങളായി പങ്കിട്ടെടുക്കുന്നത്. അതിന്റെ ചൂടും ചൂരും അന്തരീക്ഷത്തിലാകെ പരന്നിട്ടുണ്ടാവും.
പതിറ്റാണ്ടുകളായി പ്രവാസിയുടെ വിധിയാണിത്. റിയാദിലെ പാരഗണിലോ ക്ലാസിക്കിലോ ഹാഫ് മൂന്നിലോ അല്ലെങ്കില്‍ ജിദ്ദയിലെ പാരസൈഡസിലോ ടോപ്പ്ഫോമിലോ പറാസിലോ കയറി കീശയുടെ ശേഷിക്കനുസരിച്ച് വല്ലതും വാരി വലിച്ചു തിന്നു സായൂജ്യമടയുകയാണ് പതിവ്. അതോടെ ഒരു പെരുന്നാളിന് തിരശ്ശീല വീഴും.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login